നാം പരസ്പരം സംസാരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതും കുട്ടികൾക്കും നമുക്കും എത്രമാത്രം പ്രയോജനകരമാണെന്ന് ബോധ്യമുള്ളതുമായ സംഗതിയാണ് ഫാമിലി ടൈം-അഥവാ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് സമയം ചെലവഴിക്കുക എന്നത്. എന്നാൽ തിരക്കേറിയ ജീവിതശൈലിയും ഇന്നത്തെ തലമുറയുടെ താത്പര്യങ്ങളിലുണ്ടായ വ്യത്യാസവും ഇത്തരത്തിലുള്ള ഒത്തുചേരലുകൾ അസാധ്യമാക്കാറുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് നല്ലതാണെന്ന പറച്ചിൽമാത്രം അവശേഷിക്കുകയും ചെയ്യും.

നിങ്ങൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാറുണ്ടോ? എന്റെ പരിശീലനപരിപാടിക്കിടെ ഞാൻ ഈ ചോദ്യം രക്ഷാകർത്താക്കളോട് ചോദിക്കാറുണ്ട്. ഭൂരിഭാഗം പേരും ഉണ്ട് എന്നാണ് ഉത്തരം നൽകാറ്. എന്നാൽ എങ്ങനെയാണ് കുട്ടികൾക്കൊപ്പം നിങ്ങൾ സമയം ചെലവഴിക്കുന്നതെന്ന് ചോദിക്കുമ്പോൾ അവരുടെ ചില ഉത്തരങ്ങൾ ഇങ്ങനെയാണ്- അവരെ സ്കൂളിൽ കൊണ്ടുപോയി വിടുന്നു, അവർക്കൊപ്പം ടിവി കാണുകയും കളിക്കുകയും ചെയ്യുന്നു, പാഠ്യേതര വിഷയങ്ങളിലെ പരിശീലനത്തിന് കൊണ്ടുപോകുന്നു എന്നിങ്ങനെയാണ്. എന്റെ അഭിപ്രായത്തിൽ ഇപ്പറഞ്ഞവയെല്ലാം നിങ്ങളുടെ ചുമതലയാണ്. ഇവയെ കുട്ടികൾക്കൊപ്പം ചെലവഴിച്ച സമയമായി കണക്കാക്കാനാവില്ല. 

ജനനംമുതൽ കൗമാരപ്രായംവരെ കുട്ടികൾക്ക് മാതാപിതാക്കളുടെ പരിചരണവും ശ്രദ്ധയും വളരെ ആവശ്യമാണ്. കുട്ടികളെ മിടുക്കരായി വളർത്തേണ്ടതിനെക്കുറിച്ച് ചിലപ്പോഴൊക്കെ മാതാപിതാക്കൾ ആശങ്കാകുലരാവുകയും കുട്ടികൾക്കൊപ്പം ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചും സംസാരിക്കേണ്ടതിനെക്കുറിച്ചുമൊക്കെ കൂടുതൽ ചിന്തിക്കുകയും ചെയ്യാറുണ്ട്. സ്കൂൾ വിടുന്നതേ പാഠ്യേതര പ്രവർത്തനങ്ങളുടെ പരിശീലന ക്ലാസുകളിലേക്ക് കൊണ്ടുപോകുന്നതും ഗൃഹപാഠം ചെയ്യുമ്പോൾ മേൽനോട്ടം വഹിക്കുന്നതിനെയും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതായി കണക്കാക്കാനാവില്ല. ഒരുകാര്യത്തിൽ അല്ലെങ്കിൽ പ്രവർത്തനത്തിൽ രക്ഷാകർത്താവും കുട്ടിയും ഒരുമിച്ച് പൂർണമായി ഏർപ്പെടുകയാണ് വേണ്ടത്. ഇത്തരത്തിൽ സമയം ചെലവഴിക്കുന്നതുകൊണ്ട് പലവിധ ഗുണങ്ങളുമുണ്ട്.

കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കുന്നതിന്റെ ലക്ഷ്യം കുട്ടികളെ സ്നേഹിക്കാനും മനസ്സിലാക്കാനും അവരെ സന്തോഷമുള്ളവരും പൊരുത്തപ്പെട്ടു പോകുന്നവരുമായി സമൂഹത്തിന് സംഭാവനചെയ്യാനുമാണ്. എന്നാൽ കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ആരോഗ്യകരമല്ലെങ്കിലോ? കുട്ടിയായിരിക്കുമ്പോഴോ കൗമാരകാലത്തോ ശരിയായ ശ്രദ്ധയും സ്നേഹവും മാർഗോപദേശവും രക്ഷിതാക്കളിൽനിന്ന് ലഭിക്കാതിരിക്കുന്നത് കുട്ടികളിൽ നിരവധി പോരായ്മകൾക്ക് വഴിവയ്ക്കുമെന്ന് എണ്ണമറ്റ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 

എന്തുകൊണ്ടാണ് കുടുംബമൊരുമിച്ച് സമയം ചെലവഴിക്കുക എന്നത് പ്രധാന്യമുള്ളതാകുന്നത്?
കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് ഇനിയും സംശയമുള്ളവർക്ക് കാര്യങ്ങൾ കൂടുതൽ വ്യക്തമാകാൻ താഴെപ്പറയുന്ന പോയന്റുകൾ സഹായകമാകും. കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കുന്നത് പ്രാധാന്യമുള്ളതാകുന്നതിന്റെ ചില കാരണങ്ങളിതാ...

കുടുംബവുമായി കരുത്തേറിയ ബന്ധം- കുടുംബവുമായി നിങ്ങൾക്ക് കരുത്തുള്ള ബന്ധം സ്ഥാപിക്കേണ്ടതുണ്ട് എന്നതുതന്നെയാണ് കുടുംബവുമായി ഒരുമിച്ച് സമയം ചെലവഴിക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്. കുട്ടികൾ പലപ്പോഴും മോശം കൂട്ടുകെട്ടുകളിലും സംഘങ്ങളിലും ചേരുന്നത് അവിടം അവരെ സ്വാഗതംചെയ്യുന്നതുകൊണ്ടും ആ കുടുംബത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നതും കൊണ്ടാണ്. കുട്ടികൾക്കുള്ളിൽ സുരക്ഷിതത്വത്തിന്റെ ബോധം വളർത്തേണ്ടതുണ്ട്.

തനിക്ക് ഏത് സാഹചര്യത്തിലും എന്തിനും സമീപിക്കാൻ ആരെങ്കിലും ഉണ്ടെന്ന ബോധം കുട്ടികൾക്കുണ്ടാവണം. കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കുന്നതിലൂടെ ആഴത്തിലുള്ളതും കരുത്തുള്ളതുമായ കുടുംബബന്ധം രൂപപ്പെടും. സംസാരിക്കാനും കേൾക്കാനും സമയംകണ്ടെത്തുക-മറ്റൊരു നല്ല കാരണം കുടുംബത്തിലുള്ളവർക്ക് കാര്യങ്ങൾ തമ്മിൽ പങ്കുവയ്ക്കാനും സംസാരിക്കാനും കേൾക്കാനും അവസരംലഭിക്കുന്നു എന്നതാണ്.

മുതിർന്നവരിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരായതുകൊണ്ട് കുട്ടികളോട് സംസാരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് പല രക്ഷാകർത്താക്കളും പലപ്പോഴും വിചാരിക്കാറ്്. രക്ഷിതാക്കൾ അവരുടെ കുട്ടിക്കാലത്തെക്കുറിച്ചും ആ സമയത്ത് എങ്ങനെ ചിന്തിച്ചിരുന്നുവെന്നതും മറന്നുപോകുന്നതാണ് ഈ സംശയത്തിന് കാരണം.

കുട്ടിക്കാലത്ത് നിങ്ങൾ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നവരെയാകും നിങ്ങൾക്ക് ഏറെ ഇഷ്ടമുണ്ടായിരിന്നിരിക്കുക. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടികൾ സംസാരിക്കുമ്പോൾ അവർക്ക് എന്താണ് പറയാനുള്ളതെന്ന് ശ്രദ്ധയോടെ കേട്ടിരിക്കുക. കേൾക്കുക എന്നതുകൊണ്ട് അവർ പറയുന്ന വാക്കുകൾ വെറുതെ കേൾക്കുക എന്നതല്ല, അവർ കൈമാറാൻ ആഗ്രഹിക്കുന്ന ആശയത്തെയും മനസ്സിലാക്കുക.

ചാടിവീണ് ഉത്തരങ്ങൾ പറയാതെയും വിമർശിക്കാതെയും നിങ്ങളുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കാൻ നിൽക്കാതെയും വേണം കുട്ടികൾ പറയുന്നത് കേൾക്കാൻ. കുട്ടികളുമായുള്ള സംഭാഷണത്തിൽ നിങ്ങൾ പൂർണശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. ചെയ്തുകൊണ്ടിരുന്ന ജോലികൾക്ക് താത്കാലിക വിരാമംനൽകിക്കൊണ്ട് അവർ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുക. മയക്കുമരുന്ന്, മദ്യം തുടങ്ങിയവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് വ്യക്തമായിത്തന്നെ കൗമാരക്കാരായ കുട്ടികളോട് പറയുക. ഒപ്പം നിങ്ങൾ നല്ല മാതൃകകളാവുകയും ചെയ്യുക. 

ജീവിതത്തിലെ പ്രധാനപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുക-നിങ്ങൾ വീട്ടിനുള്ളിൽ കുട്ടികളെ പഠിപ്പിക്കാത്ത കാര്യങ്ങൾ മറ്റെവിടെയുംവെച്ച് ആരും അവർക്ക് പറഞ്ഞുകൊടുക്കുകയില്ല. ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ നിങ്ങളുടെ കുട്ടികൾ ജീവിതത്തിന്റെ പ്രധാനപാഠങ്ങൾ വേദനയിലൂടെയും തെറ്റായ മാർഗങ്ങളിലൂടെയും പോയതിന്റെ ഫലമായി പഠിക്കണമെന്ന്?

ചില കാര്യങ്ങൾ കുട്ടികൾ തനിയെ പഠിക്കേണ്ടവയാണ്. എന്നിരുന്നാലും കുടുംബം ഒരുമിച്ചിരുന്ന് സംസാരിക്കുന്ന അവസരങ്ങളിൽ വിവിധ പ്രശ്നങ്ങളെക്കുറിച്ചും അവയെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചും സംസാരിക്കുക. വിഷയത്തെക്കുറിച്ച് അവരുടെ അഭിപ്രായവും കാഴ്ചപ്പാടുകളും ആരായുകയും ചെയ്യാം. ജീവിതത്തിലെ വിവിധ സാഹചര്യങ്ങളെക്കുറിച്ച് ബോധ്യമുള്ളവരാകാൻ കുട്ടികളെ ഇത് സഹായിക്കും. 

സ്നേഹവും അഭിനന്ദനവും നൽകുക, പ്രോത്സാഹിപ്പിക്കുക-കെട്ടിപ്പിടിച്ചും കൈകൾ ചേർത്തുപിടിച്ചും. അങ്ങനെ ഓരോരുത്തരും ഓരോ വിധത്തിലായിരിക്കും കുടുംബത്തിലെ മറ്റ് അംഗങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത്. അതിനാലും കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. പഠനങ്ങൾ പ്രകാരം, കുട്ടിക്കാലത്ത് ലഭിച്ച അഭിനന്ദനങ്ങൾ ഓർമിക്കുന്ന കൗമാരക്കാർ അങ്ങനെ അല്ലാത്ത സമപ്രായക്കാരെക്കാൾ മികച്ചനിലവാരം സ്കൂളിൽ പുലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

കുടുംബമൂല്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക-കുട്ടികൾക്ക് കുടുംബമൂല്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കേണ്ടത് ഇന്നത്തെ കാലത്തിന്റെ അനിവാര്യതയാണ്. അശ്രദ്ധരായ രക്ഷിതാക്കളാണ് നിങ്ങളെങ്കിൽ നിങ്ങളുടെ കുട്ടികളും ഭാവിയിൽ അങ്ങനെ ആയിത്തീർന്നേക്കാം. അതിനാൽ കുടുംബാംഗങ്ങൾ ഒരുമിച്ച് സമയം ചെലവഴിക്കുന്നതിലൂടെ കുടുംബമൂല്യങ്ങളെക്കുറിച്ച് കുട്ടികളിൽ ധാരണയുണ്ടാകും. 

കുടുംബത്തിന്റെ ആചാരങ്ങളെക്കുറിച്ചും സമ്പ്രദായത്തെക്കുറിച്ചും പറഞ്ഞുകൊടുക്കുക- നിത്യം ചെയ്യുന്നതും പ്രത്യേക അവസരങ്ങളിൽ പാലിക്കുന്നതുമായ ആചാരങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക. പരസ്പരം അഭിവാദ്യംചെയ്യുന്നത്‌, ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാൻകിടക്കുമ്പോഴുമുള്ള ഉപചാരങ്ങൾ എന്നിവയെക്കുറിച്ചും കുടുംബം ഒരുമിച്ചുകൂടുന്ന സമയത്ത് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം. പിറന്നാളുകൾ, വാർഷികങ്ങൾ, ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾക്ക് ഒത്തുചേരുന്നതിലൂടെ ആചാരങ്ങളെക്കുറിച്ച് പഠിക്കാനും അറിയാനും കുട്ടികൾക്ക് സാധിക്കുന്നു. 

അഭിപ്രായവ്യത്യാസങ്ങളെ  മാനിക്കുക- അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും ഒപ്പം കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും വിയോജിപ്പുകളെയും മാനിക്കാനുള്ള വേദികൂടിയാണ് കുടുംബത്തിലെ ഒത്തുചേരലുകൾ. കുടുംബത്തിലെ ഓരോ അംഗങ്ങളെയും അവരുടെ താത്പര്യങ്ങൾ പ്രകടിപ്പിക്കാൻ അനുവദിക്കുക. അവയോട് സഹിഷ്ണുത പുലർത്തുകയും ചെയ്യുക. നിങ്ങളെ പോലെയാകാനോ വികാരങ്ങൾ മറച്ചുവയ്ക്കാനോ അവരെ നിർബന്ധിക്കാതിരിക്കുക. അവർ എങ്ങനെയാണോ അതിൽ അഭിമാനംകൊള്ളാൻ അനുവദിക്കുക.

സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധംപുലർത്തുക-ഒരു സമൂഹത്തിൽ ജീവിക്കുന്നു എന്നതിനാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനൊപ്പം സുഹൃത്തുക്കളും ബന്ധുക്കളുമായും ബന്ധംപുലർത്തേണ്ടതുണ്ട്. പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബത്തിനുപുറത്തും തനിക്ക് തുണയാകാൻ സാധിക്കുന്നവരുണ്ട് എന്ന ബോധം കുട്ടിക്ക് സന്തോഷം നൽകും. പിൽക്കാലത്ത് നല്ല സുഹൃത്തുക്കളെ കണ്ടെത്താനും ഇത് കുട്ടികളെ സഹായിക്കും. 

വീട്ടുജോലികൾ പങ്കുവയ്ക്കുക- മുതിർന്നവരുടെ മേൽനോട്ടത്തിൽ ചെറിയകുട്ടികളെക്കൊണ്ട് അവരുടെ കാര്യങ്ങൾ തനിയെ ചെയ്യാൻ പഠിപ്പിക്കാൻ പറ്റിയസമയമാണ് കുടുംബാംഗങ്ങൾ ഒത്തു ചേരുമ്പോൾ ഉണ്ടാകുന്നത്. ശരിയായ നിർദേശങ്ങൾ തമാശരൂപേണയും പ്രോത്സാഹനമായും നൽകാം. ഭീഷണിയോ ശിക്ഷകളോ നൽകാതിരിക്കാം. ആരോഗ്യകരമായ കുടുംബനിർമിതിക്കുള്ള അവസരമാണ് കുടുംബം ഒത്തുചേരുന്ന അവസരം നൽകുന്നത്. 

കുട്ടികളെ കൂടുതൽ മനസ്സിലാക്കാം- പല രക്ഷിതാക്കളും കുടുംബം ഒരുമിച്ച് സമയം ചെലവഴിക്കേണ്ടതിന്റെയും കുട്ടികളുടെ പഠനകാര്യങ്ങളിൽ ഇടപെടേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കാതെ പോകുന്നുണ്ട്. എല്ലാ രക്ഷിതാക്കളും കുടുംബാംഗങ്ങളും ഇതിനുള്ള സമയം കണ്ടെത്തുകയും മുൻകൈ എടുക്കുകയും വേണം. പഠനങ്ങൾ വ്യക്തമാക്കുന്നത്; മാതാപിതാക്കൾ

കുട്ടികളുടെ പഠനകാര്യങ്ങളിൽ ഇടപെടുമ്പോൾ
1. മെച്ചപ്പെട്ട ഗ്രേഡും പരീക്ഷയിൽ ഉയർന്ന മാർക്കും ലഭിക്കുന്നു
2. ഹൈസ്കൂൾ പാസാകുന്നവരുടെ എണ്ണത്തിൽ വർധന
3. ഉപരിപഠനത്തിന് പോകുന്നവരിൽ വർധന
4. ശുഭാപ്തിവിശ്വസമുള്ളവരും മാന്യമായ പെരുമാറ്റം ഉള്ളവരുമാകുന്നു.

ഉറങ്ങാൻനേരത്ത് കുട്ടികൾക്ക് കഥ വായിച്ചുകൊടുക്കുക, അവരുടെ ഗൃഹപാഠങ്ങൾ പരിശോധിക്കുക, പി.ടി.എയിൽ പങ്കെടുക്കുക, കുട്ടികളുടെ പുരോഗതിയെക്കുറിച്ച് അധ്യാപകരോട് ആരായുക, അവരുടെ പഠനം മെച്ചപ്പെടുത്താനുള്ള സഹായം ചെയ്തുകൊടുക്കുക, അല്ലെങ്കിൽ ഇന്നെങ്ങനെ ഉണ്ടായിരുന്നു സ്കൂൾ എന്ന് കുട്ടികളോട് ചോദിക്കുന്നത് ഇവയൊക്കെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. 

അതുകൊണ്ട് കുടുംബത്തിന്റെ പ്രാധാന്യവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയും ഇനി ഒരു ചോദ്യമാകില്ല. ആശയങ്ങളും മൂല്യങ്ങളും വിശ്വാസങ്ങളും പങ്കുവയ്ക്കാനുള്ള ഒരു വേദി കൂടിയാണത്. കുടുംബത്തിന് ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള അവസരം കണ്ടെത്തുക. ഉദാഹരണത്തിന് ടെലിവിഷന്റെയോ മൊബെലിന്റെയോ ശല്യമില്ലാതെ ഭക്ഷണംകഴിക്കാം. പരസ്പരം സംസാരിക്കാം മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിച്ചെന്ന് അറിയുകയുംചെയ്യാം. നിങ്ങൾക്ക് കാർഡ്സ് അല്ലെങ്കിൽ മറ്റുകളികളിൽ ഏർപ്പെടാം, ഒരുമിച്ച് അവധി ആഘോഷിക്കാം, സിനിമകാണാം അല്ലെങ്കിൽ പരസ്പരം വിനോദം പങ്കിടുകയുമാവാം.

ഒരുമിച്ച് സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബം കൂടുതൽ കരുത്തുള്ളതായി മാറും. തമാശകൾ ഒരുമിച്ച് ആസ്വദിക്കുന്നതുപോലെത്തന്നെ പ്രതിസന്ധിഘട്ടങ്ങളിൽ കുടുംബം ഒരുമിച്ചുനിൽക്കും.

(ഓണ്‍ലൈന്‍ അധ്യയനസ്ഥാപനമായ ലേണിങ് അരീനയുടെ സി ഇ ഒയാണ് ലേഖിക)

content highlights: Benefits of spending time with family parenting column