തിരുവനന്തപുരം,
ഒക്ടോബര്‍ 20, 1977

പ്രിയ മിഹ്‌റിന്‍...
ഞാന്‍ പറയുന്നത് കേട്ടു നീ സന്തോഷം കൊണ്ട് തുള്ളി ചാടും എന്നെനിക്കറിയാം. നിനക്ക് സ്വപ്നത്തില്‍ പോലും ചിന്തിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇനി കുറച്ചു നാള്‍ കഴിയുമ്പോള്‍ ഞാന്‍ നിനക്ക് റഷ്യനില്‍ കത്തുകള്‍ എഴുതും. നിന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ടു വിരിയുന്നത് ഞാന്‍ കാണുന്നു. വിശ്വാസം വരാതെ നീ എന്നെ കള്ളപെണ്ണ് എന്നു വിളിക്കുന്നതും.

അല്ല പെണ്‍കുട്ടീ.. ഇതു കള്ളം അല്ല. ഞാന്‍ റഷ്യന്‍ പഠിക്കാന്‍ തുടങ്ങി. ദാ.. ഇന്ന് വൈകിട്ട് മുതല്‍.
എവിടെ എന്ന ചോദ്യം കേള്‍ക്കുന്നു. എന്റെ സ്‌കൂളില്‍ റഷ്യന്‍ ക്ലാസ് തുടങ്ങി..

കഴിഞ്ഞ ദിവസം രാവിലെ  സ്‌കൂള്‍ അസംബ്ലിയില്‍  ഹെഡ്മിസ്ട്രസ് അനൗന്‍സ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി.. എന്റെ ആഗ്രഹം സാധിക്കാന്‍ വേണ്ടി ക്ലാസ് തുടങ്ങുന്നത് പോലെ.

russia
റഷ്യന്‍ ക്ലാസ് ഉദ്ഘാടനം

അവിടെ നിന്നു മടങ്ങി വന്നത് മുതല്‍ ഞാന്‍ റഷ്യന്‍ പഠിക്കണം എന്നു വിചാരിക്കുകയല്ലേ. നിനക്ക് കത്ത് എഴുതാന്‍ വേണ്ടി ഏതു മലയും ഞാന്‍ കയറുമല്ലോ. അതിനി റഷ്യന്‍ പഠിച്ചിട്ടാണെങ്കില്‍ അങ്ങനെ.

ഞങ്ങടെ കോട്ടന്‍ഹില്‍ സ്‌കൂള്‍ ഏഷ്യയിലെ തന്നെ വലിയ സ്‌കൂളുകളില്‍ ഒന്നാണ് എന്നു ഞാന്‍ എഴുതിയിരുന്നില്ലേ. ഞങ്ങളുടെ സ്‌കൂളില്‍ ബംഗാളി ഭാഷയും പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ഞാന്‍ ബംഗാളി പഠിക്കുന്നുണ്ട്. സ്‌കൂള്‍ സമയം കഴിഞ്ഞാണ് ക്ലാസ്. ആഴ്ചയില്‍ രണ്ടു ദിവസം. ഒരു മണിക്കൂര്‍.. വിജയമ്മ ടീച്ചര്‍ ആണ് ബംഗാളി പഠിപ്പിക്കുന്നത്.. മുണ്ടും പുളിയിലക്കര നേര്യതുമുടുത്ത് വരുന്ന ടീച്ചറെ എനിക്ക് വലിയ ഇഷ്ടമാണ്..

russia
റഷ്യന്‍ ക്ലാസ് ഉദ്ഘാടനം

'ആമാര്‍ നാം ബീന..തോമര്‍ നാം കീ? എന്നു വച്ചാല്‍ ?
കൊച്ചേ കാക് ചിബിയ സൗത്? അതായത് പേരെന്താണ്?

ബംഗാളി ഇന്ത്യയിലെ പശ്ചിമബംഗാള്‍ എന്ന സംസ്ഥാനത്തെ ഭാഷയാണ്. ആ ഭാഷയിലെ സാഹിത്യം ,സിനിമ ഒക്കെ മഹത്തരമാണ്. നീ രവീന്ദ്രനാഥടാഗോറിനെ കേട്ടിട്ടുണ്ടോ. ദസ്തയോവ്‌സ്‌കിയെ പോലെ ടോള്‍സ്റ്റോയിയെ പോലെ വലിയ എഴുത്തുകാരനാണ്. എഴുത്തുകാരന്‍ മാത്രമല്ല. ചിത്രകാരന്‍, സംഗീതജ്ഞന്‍... നോബല്‍ സമ്മാനം എഴുത്തിന് കിട്ടിയിട്ടുണ്ട്. രബീന്ദ്രസംഗീതം എന്നു ഒരു സംഗീതം അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്.

ങാ എന്നിട്ട് റഷ്യന്‍ ക്ലാസില്‍ ടീച്ചര്‍ ആദ്യം പഠിപ്പിച്ചത് കേക്കണോ
'ഹറ ഷ്യോ(good) 'ന്ന് ...
പിന്നെ 'ദോ ബ്‌റേ ഊദ് റേ'(good morning) 'ദോബ്രേ ജെയ്ന്‍' ( good after noon) 'ദോബ് റേ നോയ് ചര്‍' (good night )ഒക്കെ പഠിപ്പിച്ചു.
മീനാക്ഷിയമ്മാള്‍ എന്നാണ് ടീച്ചറുടെ പേര്. മൂക്കുത്തിയൊക്കെ ഇട്ട് (ഓ മൂക്കുത്തി എന്താണെന്ന് നിനക്കറിയില്ല അല്ലേ. ടീച്ചറുടെ ഫോട്ടോ അയച്ചു തരാം കേട്ടോ. )

************

ഒക്ടോബര്‍  25, 1977

കഴിഞ്ഞ ആഴ്ച എഴുതി തുടങ്ങിയ കത്ത് ആണ്. മുഴുമിക്കാന്‍ പറ്റിയില്ല. നന്നായി..ഇന്ന് നിന്നോട് പറയാന്‍ രസമുള്ള ഒരു കാര്യം ഉണ്ട്.

ഞങ്ങളുടെ റഷ്യന്‍ ക്ലാസ്സിന്റെ ഔപചാരികമായ ഉത്ഘാടനം നടന്നു. അലക്‌സി കോസെവ്,  മറിയ സ്വത് ലെവന  എന്നൊക്കെ പേരുള്ള റഷ്യന്‍ ഭാഷാ അധ്യാപകര്‍  സ്‌കൂളില്‍ വന്നു. ഇവിടെ ഒരു ഇന്‍ഡോ സോവിയറ്റ് കള്‍ചറല്‍ സെന്റര്‍ (ഇസ്‌കസ് )ഉണ്ട്. അതിന്റെ ആഭിമുഖ്യത്തിലാണ് റഷ്യന്‍ സംഘം സ്‌കൂളില്‍ വന്നത്.
അസംബ്ലി ഹാളില്‍ ആയിരുന്നു പരിപാടി. അവര്‍ റഷ്യനില്‍ പറഞ്ഞത് ഞങ്ങളുടെ മീനാക്ഷി ടീച്ചര്‍ പരിഭാഷപ്പെടുത്തി തന്നു. റഷ്യന്‍ റിട്ടേണ്‍ഡ് ആയതു കൊണ്ട് ഞാന്‍ ആയിരുന്നു താരം. അവര്‍ എന്നോട് റഷ്യനില്‍ പലതും ചോദിച്ചു..
'കാക് ചിബിയ സൗത്'?(പേരെന്താണ്?)
പോലെ എനിക്കറിയുന്ന കാര്യങ്ങള്‍..

പിന്നെ ഞാന്‍ പാട്ടു പാടി..റഷ്യന്‍ പാട്ട്..നമ്മുടെ പാട്ട്.

' പുസ്ത്വിഗ്ടാ ബുജിത് സോന്‍ സെ

പുസ്ത്വിഗ്ടാ ബൂജിത് നേബ

പുസ്ത്വിഗ്ടാ ബൂജിത് മാമാ

പുസ്ത്വിഗ്ടാ ബൂദൂ യാ '

(എന്നും സൂര്യന്‍ പ്രകാശിക്കട്ടെ

എന്നുമീ നീലാകാശം നിലനില്‍ക്കട്ടെ

എന്നെന്നും അമ്മയുണ്ടായിരിക്കട്ടെ.

എന്നും ഈ ഞാന്‍ ജീവിച്ചിടട്ടെ)

അവര്‍ക്കും ആ പാട്ടു അറിയാമായിരുന്നു..അവരും കൂടെ പാടി..

'മി ലിയു മൊയ് ദ്രൂഗ്  ,ദോബ്രു മൈ ദ്രൂഗ് 

ല്യൂജിം താക് ഹോച്ചത്സ മീറാ

ഈ ത്രിസച് പ്യാച്, ബെര്‍ദ്‌സേ അപ്യാച്

ന്യേ ഉസ്തയോത് പഫ്തര്യാച്..'

(എന്റെ പ്രിയ സുഹൃത്തേ , നല്ല സുഹൃത്തെ

ലോകം സമാധാനത്തെ സ്വപ്നം കാണുന്നു

മുപ്പത്തഞ്ചാം വയസ്സില്‍ പോലും മനുഷ്യര്‍

ഈ വാക്കുകള്‍ ആവര്‍ത്തിക്കും.

നിശബ്ദനായ പട്ടാളക്കാരാ കേള്‍ക്കൂ

ലോകം സ്‌ഫോടനത്തെ ഭയക്കുന്നു.

നീലാകാശത്തിലാണ് ആയിരമായിരം കണ്ണുകള്‍.'

ഞങ്ങളുടെ ഭാഷയിലെ പ്രിയപ്പെട്ട കവി ഒ.എന്‍. വി. കുറുപ്പ് ആയിരുന്നു ഉത്ഘാടന യോഗത്തില്‍ അധ്യക്ഷന്‍. അദ്ദേഹം ഇന്ത്യ റഷ്യ സൗഹൃദത്തെക്കുറിച്ച് മനോഹരമായി പ്രസംഗിച്ചു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് അദ്ദേഹം കവിതകള്‍ എഴുതിയിട്ടുണ്ട്.

russia
ആര്‍ത്തെക് ബാഡ്ജുകള്‍

റഷ്യന്‍ സംഘം ഞങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് വന്നത്. വലിയ ടെഡിബെയറുകള്‍, പുസ്തകങ്ങള്‍, പോസ്റ്റ് കാര്‍ഡുകള്‍, ബാഡ്ജുകള്‍ എല്ലാവര്ക്കും സന്തോഷമായി. ബാഡ്ജുകള്‍ മിക്കവരും ആദ്യമായി കാണുകയായിരുന്നു. ഞാനപ്പോള്‍ എന്റെ കയ്യിലുള്ള ബാഡ്ജുകളുടെ കാര്യം പറഞ്ഞു. നൂറോളം ബാഡ്ജുകളാണ് ആര്‍ത്തെക്കില്‍ നിന്ന് എനിക്ക് കിട്ടിയത്..

എനിക്ക് ഒരു മട്രയോഷ്‌ക പാവയാണ് സമ്മാനമായി കിട്ടിയത്. ഒരു വലിയ പാവയ്ക്കകത്ത്  നിരവധി പാവകള്‍ സൈസ് അനുസരിച്ചു വച്ചിരിക്കുന്ന പാവ. അത്തരം ഒരെണ്ണം ഞാന്‍ മോസ്‌കോയില്‍ നിന്ന് എന്റെ കൊച്ചനിയത്തി ലക്ഷ്മിക്ക് വേണ്ടി വാങ്ങിയിരുന്നു. അവള്‍ അത് താഴെ വയ്ക്കാതെ കൊണ്ട് നടക്കുന്നുണ്ട്.

russia
മട്രയോഷ്‌ക പാവ

ഇന്ന് കുറെ നേരം റഷ്യന്‍ ഭാഷയൊക്കെ കേട്ടപ്പോള്‍ ആര്‍ത്തെക്കും നിന്നെയുമൊക്കെ വല്ലാതെ ഓര്‍മ്മ വന്നു. വീണ്ടും അവിടെ എത്തണമെന്നും നിന്നെ കാണണമെന്നും നിനക്കും നമ്മുടെ കൂട്ടുകാര്‍ക്കുമൊപ്പം കരിങ്കടലില്‍ കുളിച്ചുതകര്‍ത്ത്,  കരടി പര്‍വതം കയറിയിറങ്ങി,  പൂന്തോട്ടങ്ങളില്‍ ഓടിച്ചാടി നടക്കണമെന്നും കൊതി തോന്നി.

മിഹ്രിന്‍, ചിലപ്പോള്‍ കഴിഞ്ഞതൊക്കെ സ്വപ്നമാണോ എന്നും തോന്നും. ഓര്‍ത്തു നോക്ക്, ആയിരമായിരം കിലോമീറ്ററുകള്‍ക്ക് അപ്പുറവും ഇപ്പുറവും നിന്ന് മനസ്സുരുകി സ്‌നേഹിക്കുന്ന നമ്മളെ കുറിച്ച്.. ഒന്നിനുമൊന്നിനുമല്ലാതെ. ഞാനും നീയും. നമ്മള്‍ ഈ ലോകത്ത് ഉള്ളത് കൊണ്ട് ഈ ലോകത്തിനെന്തൊരു ചന്തമാണ്.

എന്റെ കൊച്ചെ, ചിലപ്പോള്‍ തോന്നും നീ ഇത്ര ദൂരെയായതു കൊണ്ടാവും ഈ സ്‌നേഹം ഇങ്ങനെ നിറഞ്ഞു കവിയുന്നതെന്ന്. കിട്ടാന്‍ പ്രയാസമാണെന്നു അറിയുമ്പോള്‍ എന്തിനോടും പ്രത്യേക മമത തോന്നുമായിരിക്കും. അല്ലെങ്കില്‍ എന്ത് കൊണ്ടാണ് സ്‌കൂളിലും നാട്ടിലും വീട്ടിലുമൊക്കെ ഇത്രയേറെ കൂട്ടുകാര്‍ ഉള്ള എനിക്ക് നിന്നോട് ഇത്ര ഇഷ്ടം തോന്നുന്നത്? നീ ചിലപ്പോള്‍ എന്റെ ഉള്ളിലെ അതിരുകളില്ലാത്ത സ്‌നേഹം തന്നെ ആയിരിക്കും .പക്ഷെ നോക്ക്, നീ വന്നതിനു ശേഷം എന്റെ ഉള്ളില്‍ പൂക്കുന്ന പൂവുകള്‍.. ഇതുവരെ കാണാത്ത നിറങ്ങളില്‍, ഒരിക്കലും മുകരാത്ത സൗരഭ്യങ്ങളില്‍ അവ എന്റെ ഉള്ളില്‍ നിറയ്ക്കുന്ന വസന്തം. ഇത് സ്‌നേഹത്തിനു മാത്രം സൃഷ്ടിക്കാനാവുന്ന പ്രപഞ്ചമാണ്. ആ പ്രപഞ്ചത്തിനു കാരണക്കാരിയായ മനോഹാരിതേ നിനക്ക് നന്ദി.

മറുപടിക്ക് കാത്തുകൊണ്ട്,

നിന്റെ ബീന

Content Highlights: writer wrote a letter to her Russian friend for told about she started to study Russian