തിരുവനന്തപുരം
നവംബര്‍ 11977

എന്റെ മിഹ്രിന്‍,

ഇന്ന് നവംബര്‍ ഒന്ന്. ഞങ്ങളുടെ സംസ്ഥാനത്തിന്റെ പിറന്നാള്‍ ദിനം. മനുഷ്യര്‍ക്കെന്നപോലെ നാടുകള്‍ക്കും പിറന്നാള്‍ ദിനം ഉണ്ടാവുന്നത് രസമാണ് അല്ലെ. പക്ഷെ മനുഷ്യന്മാരുടെ പിറന്നാള്‍ ജനിച്ച ദിവസം വച്ച് തീരുമാനിക്കാം. നാടുകളുടേതോ? എന്നാണു ഒരു നാട് ഉണ്ടാവുന്നത്? എങ്ങനെയാണ് ഒരു നാട് ഉണ്ടാകുന്നത്? എന്നാണ് അതിന്റെ പിറന്നാള്‍? ഭൂമി ഉണ്ടായ നാള്‍ മുതല്‍ ആ നാട് അവിടെ തന്നെ ഉണ്ടല്ലോ. ഭൂമി മൊത്തം ഒരു ദിവസമായിരിക്കില്ലേ  ഉണ്ടായത്? പിന്നെങ്ങനെ ഓരോ നാടിനും  ഓരോ പിറന്നാള്‍ വരും? ഈ ഭൂമിയില്‍ ഇത്രയേറെ നാടുകള്‍ എങ്ങനെയാണ് ഉണ്ടായത് എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. ഞങ്ങളുടെ നാട് കേരളം ഉണ്ടായത് ഭാഷ യുടെ അടിസ്ഥാനത്തില്‍ ആണ്. മലയാളം എന്ന ഞങ്ങളുടെ ഭാഷ സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് കേരളം ഉണ്ടാക്കിയത്.

ഇന്ത്യയുടെ ഇങ്ങേ അറ്റത്ത് ഒരു കോണില്‍ ഒരു ചെറിയ സംസ്ഥാനം അതാണ് എന്റെ നാട്.

ആര്‍ത്തെക്കില്‍ വന്നപ്പോഴാണ് ലോകത്ത് പല പല കോണുകളില്‍ പല ഭാഷകള്‍ സംസാരിക്കുന്ന ഒരുപാട് ഒരുപാട് നാട്ടുകാര്‍ ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നത്.സത്യം പറയട്ടെ, താജികിസ്ഥാന്‍ എന്ന നിന്റെ നാടിന്റെ പേര് പോലും ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എന്റെ അച്ഛന്‍ മര്‍ച്ചന്റ് നേവിയില്‍ ആയതു കൊണ്ട് കുറേ സ്ഥലങ്ങളുടെ പേരൊക്കെ കേട്ടിട്ടുണ്ടായിരുന്നു.എന്നാല്‍ ബെനിന്‍,അസര്‍ബൈജാന്‍, ഗിനീബിസാവോ, ഉലാന്‍ബത്തോര്‍ ഒക്കെ ആദ്യമായിട്ടാ കേട്ടത്..അവിടെ നിന്നൊക്കെയുള്ള കുട്ടികളെ കണ്ടപ്പോള്‍ അതിലേറെ കൗതുകം ...ചുരുണ്ട മുടിയുള്ള, മലര്‍ന്ന ചുണ്ടുകളുള്ള,നല്ല കറുത്ത നിറമുള്ള ആഫ്രിക്കന്‍ കുട്ടികള്‍, മഞ്ഞിച്ച തൊലിയും കൊച്ചു കണ്ണുകളും ഉള്ള മംഗോളിയക്കാര്‍, വെളുത്ത നിറമുള്ള അമേരിക്കക്കാര്‍, ബ്രിട്ടീഷുകാര്‍, അങ്ങനെ എന്തെല്ലാം എന്തെല്ലാം തരം കുട്ടികള്‍. പാകിസ്താനിലെയും ബംഗ്ലാദേശിലെയും കുട്ടികളെ കണ്ടാല്‍ എന്റെ നാട്ടിലെ കുട്ടികളെന്നേ തോന്നൂ. ഒരു മാറ്റവും ഇല്ല..

മിഹ്‌റിന്‍ ആര്‍ത്തേക്കില്‍ നിന്നു വന്നതിനു ശേഷം എനിക്കാകെ ഒരു മാറ്റം പോലെ. ഒരുപാട് കാര്യങ്ങള്‍ മനസ്സില്‍ തിക്കി തിക്കി വരും. ഓര്‍മ്മകള്‍ മാത്രമല്ല, ചിന്തകളും. അവിടെ വരും മുന്‍പ് ഞാന്‍ എന്റെ വീടും സ്‌കൂളും പരിസരങ്ങളും മാത്രം കണ്ടു അറിഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഒരു ബ്രഹ്മാണ്ഡം പോലെ കാര്യങ്ങള്‍ അല്ലെ ഇപ്പോള്‍. കൂട്ടുകാരൊക്കെ ചെറിയ കാര്യങ്ങളുടെ പുറത്ത് പിണങ്ങുമ്പോള്‍, ശാഠ്യം പിടിക്കുമ്പോള്‍ എനിക്ക് തോന്നും. ഇതെന്തൊരു വിഡ്ഢിത്തം എന്ന്. 

നമ്മള്‍ എത്ര വലിയ കാര്യങ്ങള്‍ ആണ് അവിടെ ചെയ്തിരുന്നത് എന്നു ഇപ്പോഴാണ് മനസ്സിലാവുന്നത്. ലോകസമാധാനം , സ്‌നേഹം, സന്തോഷം എന്നൊക്കെ പല ഭാഷകളില്‍ അലറി വിളിച്ചത് ഒക്കെ ഞാന്‍ ഓര്‍ക്കും. പിന്നെ കൃഷിയിടങ്ങളിലേക്കും കാട്ടിലേക്കും കടലിലേക്കുമുള്ള യാത്രകള്‍, എല്ലാവര്‍ക്കും വേണ്ടി ഭക്ഷണം ഉണ്ടാക്കല്‍... സത്യം മിഹ്‌റിന്‍ അതൊക്കെ എന്നെ വല്ലാതെ മാറ്റിയിട്ടുണ്ട്. നിനക്കും ഇങ്ങനെയൊക്കെ തോന്നുന്നുണ്ടോ.. 

women
ആര്‍ത്തേക്ക് അംഗങ്ങള്‍

എന്റെ അച്ഛന്‍ പറയാറുണ്ട്, ഓരോ പ്രാവശ്യവും യാത്ര കഴിഞ്ഞു മടങ്ങി വരുന്ന അച്ഛന്‍ അങ്ങോട്ട് പോയ അച്ഛന്‍ അല്ല എന്ന്. എനിക്കും ഇപ്പോള്‍ അങ്ങനെ തോന്നുന്നു. കോട്ടന്‍ഹില്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ ചേര്‍ന്ന ഞാനാണ് ആര്‍ത്തേക്കിന് വന്നത്. മടങ്ങി വന്ന ഞാന്‍ പോയ ഞാന്‍ അല്ലല്ലോ. ലോകം മുഴുവന്‍ എനിക്കിപ്പോള്‍ കൂട്ടുകാരുണ്ട്. ഈ ലോകം നിലനില്‍ക്കാന്‍ യുദ്ധം പാടില്ലെന്നും സമാധാനം വേണമെന്നും എനിക്കറിയാം. ഓരോ രാജ്യത്തും ഓരോ ഭക്ഷണമാണെന്നും എന്റെ ഭക്ഷണമാണ് കേമമെന്നത് തെറ്റായ ധാരണയാണെന്നും എനിക്കറിയാം. എത്ര തരം വേഷങ്ങള്‍, എത്ര എത്ര പാട്ടുകള്‍, എന്റെ ലോകം തിരുവനന്തപുരത്ത് നിന്ന് ഭൂമിയുടെ നാനാ കോണുകളിലേക്ക് വികസിച്ചു പോയിരിക്കുന്നു. എന്റെ പെങ്കൊച്ചേ, നിന്നിലേക്ക് നീളുന്ന സ്‌നേഹം തന്നെ എന്നെ അനുനിമിഷം മാറ്റി മറിക്കുന്നു. നിനക്കെഴുതുന്ന, നീ എഴുതുന്ന സ്‌നേഹമുള്ള വാക്കുകള്‍, ജീവിതം അതിലൂടെ നിറയ്ക്കുന്ന ധന്യത. സ്‌നേഹമുള്ള വാക്ക്, നോക്ക്, നിറഞ്ഞ പുഞ്ചിരി, ഒന്നു കെട്ടിപ്പിടിക്കല്‍, ഒരു ഉമ്മ അതിലൂടെയൊക്കെ നമ്മള്‍ അന്യോന്യം നിറയ്ക്കുകയല്ലേ. നിനക്ക് നീയായിരിക്കാനും എനിക്ക് ഞാന്‍ ആയിരിക്കാനും ഇടമുള്ളത് കൊണ്ടാണ് നമുക്കിത്ര സന്തോഷം. ചവിട്ടുന്ന മണ്ണിനോ ശ്വസിക്കുന്ന വായുവിനോ തലോടുന്ന കാറ്റിനോ കാണുന്ന കാഴ്ച്ചകള്‍ക്കോ ഒക്കെ വ്യത്യസ്ഥത ഉള്ളപ്പോഴും നമുക്കൊന്നായിരിക്കാന്‍ കഴിയുന്നത് എനിക്ക് എന്നെയും നിനക്ക് നിന്നെയും അറിയുന്നത് കൊണ്ടാവും അല്ലെ..

നമുക്ക് നമ്മളെ അറിയുന്നത് പോലെ അന്യോന്യവും അറിയാം..ഏത് കാര്യവും ആദ്യം പറയുന്നത് നിന്നോടാവുമ്പോള്‍ എന്തു സന്തോഷം.

കൊച്ചേ, ഞാന്‍  എന്റെ റഷ്യന്‍ യാത്ര എഴുതാന്‍ തുടങ്ങി.. എവിടെ പോയാലും ആരെ കണ്ടാലും എന്നോട് യാത്രാ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. സ്‌കൂളിലെ കുട്ടികള്‍ക്ക് എത്ര കേട്ടാലും പോരാ പോരാ എന്നാണ്. എല്ലാവര്‍ക്കും വായിക്കാനായി നിനക്കതൊക്കെ ഒന്നു എഴുതി കൂടെ എന്നു 'അമ്മ ചോദിച്ചപ്പോള്‍  എനിക്കും  തോന്നി എഴുതിയാലോ എന്ന്. 

അച്ഛന്‍ ഓരോ രാജ്യത്തും പോയി എഴുതി അയക്കുന്ന കുറിപ്പുകള്‍ വായിച്ചു വളര്‍ന്നത് കൊണ്ട്  യാത്ര എഴുത്തിനെ കുറിച്ചു ഏതാണ്ട് ഒരു ഐഡിയ ഒക്കെ ഉണ്ട്. പിന്നെ ഞങ്ങളുടെ ഭാഷയിലെ വലിയ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങള്‍ വലിയ ഇഷ്ടത്തോടെ ഞാന്‍ വായിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ ഉള്ള ഡയറി  എഴുതിയത് ഉണ്ടല്ലോ. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറിയില്‍ പോയി സോവിയറ്റ് യൂണിയന്റെ വിവരങ്ങള്‍ എഴുതിയെടുത്തു. ആദ്യത്തെ ദിവസം  അപ്പൂപ്പന്‍ കൂടെ വന്നു ഇപ്പോള്‍ ഞാന്‍ തനിയെ പോകുന്നു. കുറെ ദിവസം പോകേണ്ടി വരും. 

പിന്നേ ഞങ്ങളുടെ വീട്ടിനടുത്ത് രണ്ടു വായനശാലകള്‍ ഉണ്ട്. ബാപ്പുജി വായനശാലയും വി പി തമ്പി വായനശാലയും.അവിടെയും പോകുന്നുണ്ട്.കു റെയേറെ വായിക്കേണ്ടി വരും. അച്ഛന്റെ ഒരു കൂട്ടുകാരന്‍ ഉണ്ട്. കല്ലുവിള സുകുമാരന്‍സാര്‍. സ്‌കൂള്‍ മാഷാണ്. സാറിന്റെ വീട്ടില്‍ ഒരുപാട്  പുസ്തകങ്ങള്‍ ഉണ്ട്. അവിടെയും പോകുന്നുണ്ട്. എഴുതാനുള്ള കാര്യങ്ങള്‍ വായിച്ചു നോട്ട് എടുക്കാനുള്ള രീതിയൊക്കെ സര്‍ പറഞ്ഞു തന്നു. നമ്മള്‍ ഒരു കാര്യം എഴുതുന്നുവെങ്കില്‍ അതിനെ കുറിച്ചു ധാരാളം പഠിക്കണം എന്നാണ് സര്‍ പറയുന്നത്. അങ്ങനെ സോവിയറ്റ് യൂണിയനെ കുറിച്ച് പഠിച്ചു തുടങ്ങി. നോട്ട് മുഴുവന്‍ എഴുതിയെടുത്തിട്ടു മാത്രമേ എഴുതാന്‍ തുടങ്ങൂ. ആര്‍ത്തേക്കിനെ കുറിച്ച് വിവരങ്ങള്‍ ഉള്ള ഒരു ബുക്ക് ബിനോയ് ചേട്ടന്‍ തന്നു. നീ ഓര്‍ക്കുന്നില്ലേ ബിനോയ് വിശ്വത്തിനെ, ഇന്ത്യന്‍ സംഘത്തിന്റെ നേതാവിനെ..? എന്റെ സ്വന്തം ചേട്ടന്‍ എന്നു ഞാന്‍ പറയാറുള്ള  ബിനോയ്‌ച്ചേട്ടന്‍ തന്നെ. ഞാന്‍ എന്ത് കുസൃതി കാണിച്ചാലും ചിരിച്ചു കൊണ്ട് 'ബീന, വേണ്ടാ' എന്നു പറയുന്ന എന്റെ പാവം ചേട്ടന്‍.  

women
ബിനോയ് വിശ്വം, പഴയ ചിത്രം

ഞാന്‍ ശരിക്കും എന്തു മാത്രം കുസൃതിയും കുറുമ്പുമാണ് അവിടെ കാട്ടുമായിരുന്നത് അല്ലെ. നിന്റെ കൂടെ കൂടുമ്പോള്‍ ആണെങ്കില്‍ പറയുകയും വേണ്ട. എന്തൊരു സന്തോഷമായിരുന്നു ആ ദിവസങ്ങളില്‍..അതൊക്കെ എഴുതിയാല്‍ ശരിയാവുമോ എന്നൊന്നും എനിക്കറിയില്ല. എങ്കിലും ശ്രമിക്കാം എന്നു ഒരു തോന്നല്‍.കുട്ടികള്‍ക്ക് എന്താണ് ഇഷ്ടം, കുട്ടികളെ എങ്ങനെയാണ് ജീവിക്കാന്‍ അനുവദിക്കേണ്ടത് എന്നൊക്കെ ഇവിടുത്തെ മുതിര്‍ന്നവര്‍ മനസ്സിലാക്കണം എന്നെനിക്കുണ്ട്.

യാത്രാവിവരണം എഴുതുന്നു എന്നു പറഞ്ഞപ്പോള്‍ മുതല്‍ എന്റെ വീട്ടിലെല്ലാവരും ത്രില്ലിലാണ്..അമ്മയും ഹരിമാമനും കൂടി എനിക്ക് ഇരുന്ന് എഴുതാന്‍ ഒരു മുറി ശരിയാക്കി തന്നു.സ്റ്റോര്‍ മുറിയാണ് അവര്‍ വൃത്തിയാക്കി മേശയും കസേരയുമൊക്കെ ഇട്ടു ടേബിള്‍ ലാംപും വച്ചു റെഡി ആക്കിയത്. ശ്രീമാമന്‍ പോയി കുറെ പേപ്പര്‍ വാങ്ങി കൊണ്ടു വന്നു.

സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയാലുടന്‍ കുളി കഴിഞ്ഞു ഞാന്‍ എഴുതാന്‍ ഇരിക്കും.

പാതി രാത്രി ഒക്കെ ആവും ഉറങ്ങാന്‍. ഉഷകുഞ്ഞമ്മ ഉറങ്ങാതെ കൂടെ ഇരിക്കും. ചായ, കട്ടന്‍ കാപ്പി ഒക്കെ ഉണ്ടാക്കി തരും. ഞാനെഴുതുന്ന നോട്ട്‌സ് പകര്‍ത്താനും  ഓരോ കാര്യവും സൂക്ഷിച്ചു ചിട്ടയോടെ അടുക്കി വയ്ക്കാനും ഒക്കെ കുഞ്ഞമ്മ സഹായിക്കും. പുള്ളിക്കാരി ഡിഗ്രിക്ക് പഠിക്കുകയാണ്. അമ്മാവന്മാര്‍ക്കാനെങ്കില്‍ ഞാന്‍ എന്ത് ചെയ്യുന്നതും അഭിമാനമാണ്. ഞാനെന്തോ വലിയ കാര്യം ചെയ്യുന്നു എന്നാണ് വീട്ടുകാര്‍ക്ക്. ഞാനെഴുതുമ്പോള്‍ അനിയത്തിമാരെ 'അമ്മ നിശ്ശബ്ദരാക്കും. കളിയും ചിരിയും ഒക്കെ പതുക്കെ മതി എന്നു പറയും. അപ്പൂപ്പന്‍  ബേക്കറിയില്‍ നിന്നു ബന്നും ബിസ്‌ക്കറ്റുമൊക്കെ വാങ്ങി കൊണ്ട് വരും. അമ്മൂമ്മ എനിക്കിഷ്ടമുള്ള ആഹാരം ഒക്കെ  ഉണ്ടാക്കിത്തരുന്നുണ്ട്. ആകെ കൂടി വീട്ടുകാര്‍ എല്ലാവരും കൂടി പുസ്തകം എഴുതുന്നത് പോലെയാണ്. 

13 വയസ്സുള്ള ഞാന്‍ എന്ത് മഹാകാര്യം ചെയ്യും എന്നാണ് അവര്‍ വിശ്വസിക്കുന്നത് എന്നു എനിക്ക് അറിയില്ല.  എനിക്ക് എഴുതാന്‍ സ്വസ്ഥതയും സമാധാനവും സൗകര്യങ്ങളും ഒക്കെ  വേണം എന്ന് എന്റെ വീട്ടുകാര്‍ അറിയുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണ്..

ഇവിടെ ബാലയുഗം എന്നൊരു കുട്ടികളുടെ മാസിക ഉണ്ട്. നന്നായി എഴുതിയാല്‍ അതില്‍ ചിലപ്പോള്‍ പ്രസിദ്ധീകരിക്കുമായിരിക്കും. പിന്നെ തളിര്. അതും കുട്ടികളുടെ മാസിക ആണ്. അതു ജവഹര്‍ ബാലഭവനില്‍ നിന്നാണ് ഇറങ്ങുന്നത്. സുഗതകുമാരി ടീച്ചര്‍ ആണ് എഡിറ്റര്‍. ടീച്ചര്‍ അതില്‍ കൊടുക്കുമായിരിക്കും.

എന്തായാലും എഴുതി തീര്‍ക്കാം. ഒന്നുമില്ലെങ്കില്‍ കൂട്ടുകാര്‍ക്കെങ്കിലും വായിക്കാന്‍ കൊടുക്കാമല്ലോ. എന്റെ ഒരു സ്വഭാവം നിനക്ക് അറിയാമോ ആവോ. എനിക്ക് ഒരു കാര്യവും പിന്നത്തേക്ക് മാറ്റി വയ്ക്കാന്‍ ആവില്ല. ചെയ്യണമെന്ന് തീരുമാനിച്ചാല്‍ അപ്പോള്‍ ചെയ്യണം. അമ്മയെ വെപ്രാളം പിടിപ്പിച്ചോണ്ടു നടക്കും, അതിപ്പോള്‍ ചെയ്യണം ഇതിപ്പോള്‍ ചെയ്യണം എന്ന് പറഞ്ഞ്. 'സമാധാനം തരില്ല' എന്നൊക്കെ പറഞ്ഞാലും അമ്മയ്ക്ക് ആ സ്വഭാവം ഇഷ്ടമാണ്. 

ഞങ്ങളുടെ ഭാഷയില്‍ ഒരു ചൊല്ലുണ്ട്.'നാളെ നാളെ നീളെ നീളെ'എന്നു... മനസ്സിലായോ.. പിന്നീടേക്ക് മാറ്റി വയ്ക്കുന്നത് പലപ്പോഴും നീണ്ടുപോകും എന്ന്. ഞാന്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ അതു മാത്രം ആയിരിക്കും ശ്രദ്ധ. അമ്മയുടെ ചീത്ത ഞാന്‍ ഒരുപാട് കേള്‍ക്കും. വിളിച്ചാല്‍ കൂടി കേള്‍ക്കില്ല എന്ന്. സത്യം മിഹ്‌റിന്‍ ഞാന്‍ പലപ്പോഴും 'അമ്മ വിളിക്കുന്നത് കേള്‍ക്കാറില്ല. പുസ്തകം വായിക്കുകയാണെങ്കില്‍ പറയുകയും വേണ്ട. ഇപ്പോള്‍ ദാ 'അമ്മ വിളിക്കുന്നു. രാത്രി ഒരുപാട് ആയി ഉറങ്ങാന്‍..

സ്വപ്നത്തില്‍ നീ വന്നാല്‍ സന്തോഷം. കാണാമല്ലോ.

സ്‌നേഹത്തോടെ 

നിന്റെ ബീന

Content highlights: Writer Share her memories about Russian travel and her childhood