തിരുവനന്തപുരം,
നവംബര്‍  4 1977

എന്റെ മിഹ്രിന്‍ കുട്ടീ,

നിന്റെ കത്ത് കിട്ടിയപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല.നിന്റെ നാട്ടിലെ മലകളുടെ ചിത്രങ്ങള്‍ അയച്ചു തന്നത് എത്ര സന്തോഷമായെന്നോ. ഞാനത് അനിയത്തിമാര്‍ ബിന്ദുവിനെയും ലക്ഷ്മിയെയും പിന്നെ ക്ലാസ്സിലെ കൂട്ടുകാരെയും കാണിച്ചു. മഞ്ഞു മൂടിയ മലകള്‍ കണ്ടു എല്ലാവര്‍ക്കും കൊതിയായി അവിടെ വന്നു മഞ്ഞില്‍ കളിക്കാന്‍..

ഇപ്പോഴും അവിടെ മഞ്ഞു പെയ്യുകയാണോ? നല്ല രസമായിരിക്കും അല്ലെ?. മലകള്‍...മലമുടികള്‍,താഴ് വാരങ്ങള്‍ ഒക്കെ മഞ്ഞില്‍ മൂടി... മരങ്ങളും ചെടികളും പൂക്കളും പുല്ലും കൂടി മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുമ്പോള്‍. അങ്ങനെയൊരു മഞ്ഞുകാലത്ത് എന്റെ മുത്തെ  ഞാനവിടെ വരും. നിന്നോടൊപ്പം ആ മലയോരങ്ങളില്‍  മഞ്ഞില്‍ കുത്തി മറിഞ്ഞു കളിക്കും. മലയുടെ മുകളില്‍ നിന്ന് താഴേക്ക് തെന്നി വരും.

മഞ്ഞു മൂടിയ ഭൂമി..ഞങ്ങള്‍ക്ക് അതൊരു സ്വപ്നമാണ്..ഇവിടെ മഞ്ഞ് പോയിട്ട് നേരെ ഒരു ശൈത്യകാലം പോലുമില്ല. 

മഞ്ഞ് എങ്ങനെയാണ്  ഞങ്ങള്‍ക്ക് ഇങ്ങനെ ഭ്രാന്തായി മാറിയതെന്ന് നിനക്കറിയുമോ?  റഷ്യന്‍ പുസ്തകങ്ങളില്‍ നിന്നാണ്.. ഒരുപാട് പുസ്തകങ്ങള്‍.. ഏറ്റവും പ്രധാനം ചുക്കും ഗെക്കും എന്ന അര്‍ക്കാദി ഗൈദര്‍ എഴുതിയ നോവല്‍ തന്നെ. അതില്‍ നിന്നാണ് ഞങ്ങള്‍ മഞ്ഞിനെ അറിഞ്ഞത്. അച്ഛനെ കാണാന്‍ ചുക്കും ഗെക്കും അമ്മയുമൊത്ത് തീവണ്ടിയില്‍ കയറി തൈഗയിലൂടെ സൈബീരിയയില്‍ എത്തുമ്പോള്‍ അവിടം മഞ്ഞ് മൂടി കിടക്കുകയായിരുന്നുവല്ലോ.

മഞ്ഞു മൂടിയ വീടുകള്‍, കുതിരവണ്ടികള്‍, തെന്നു വണ്ടികള്‍  മഞ്ഞു പെയ്ത രാത്രികള്‍..ആ കുസൃതിക്കുട്ടികള്‍ക്കൊത്ത് ഞങ്ങളും അറിഞ്ഞു സൈബീരിയയിലെ മഞ്ഞും തണുപ്പും.

പിന്നെ ഞാന്‍ വരുമ്പോള്‍ നമുക്ക്  മഞ്ഞു മനുഷ്യനെ ഉണ്ടാക്കണം.മഞ്ഞുരുട്ടി ഉണ്ടാക്കുന്ന മഞ്ഞുമനുഷ്യനെ കുട്ടിക്കഥകളും ചിത്രങ്ങളും എന്ന പുസ്തകത്തില്‍ കണ്ടിട്ടുണ്ട്. വി സുത്യേയെവ് എഴുതുകയും വരക്കുകയും ചെയ്ത പുസ്തകം തന്നെ.

നീ കരുതുന്നുണ്ടോ ഇവളെന്താ ഈ റഷ്യന്‍ പുസ്തകങ്ങള്‍ മാത്രമേ വായിക്കാറുള്ളോ എന്നു..കുറച്ചു സത്യം ഉണ്ടതില്‍.. ഞാന്‍ മാത്രമല്ല ഞങ്ങളുടെ നാട്ടിലെ വായിക്കുന്ന കുട്ടികള്‍ക്കൊക്കെ റഷ്യന്‍ പുസ്തകങ്ങള്‍ ഇഷ്ടമാണ്. മലയാളത്തില്‍ പരിഭാഷപ്പെടുത്തി, നല്ല കടലാസില്‍ മനോഹരമായി അച്ചടിച്ചു കിട്ടുന്ന റഷ്യന്‍ സാഹിത്യം ഞങ്ങള്‍ക്ക് മലയാളം പോലെ ഇഷ്ടമാണ്. വാളമീന്‍ കല്പിക്കുന്നു, ഞാന്‍ ഇച്ഛിക്കുന്നു, നീലകപ്പ്, അച്ഛന്റെ ബാല്യം, നിഖിതയുടെ ബാല്യം, കടലോരത്ത് ഒരു ബാലന്‍, രത്‌നമല, അപ്പൂപ്പന്റെ വീട്ടില്‍, കരടിക്കുട്ടി തന്നത്താന്‍, പൊള്ളുന്ന മഞ്ഞ്, തീപ്പക്ഷി, ജീവിതവിദ്യാലയം, ഒരു പ്രകൃതിനിരീക്ഷകന്റെ കഥകള്‍, കടുവയുടെ അനന്തിരവന്‍  ഇങ്ങനെ എത്ര എത്ര പുസ്തകങ്ങള്‍. ഈ പുസ്തകങ്ങള്‍ വായിച്ച് സോവിയറ്റ് യൂണിയന്‍ ഞങ്ങള്‍ക്ക് സ്വപ്നനാടായി മാറി. ഞങ്ങളുടെ സ്വന്തം നാട്.. അവിടേക്ക് വരുമ്പോള്‍ എനിക്ക് അത്രേം സന്തോഷം അതു കൊണ്ടും കൂടിയായിരുന്നു.

ഞങ്ങള്‍ ഇവിടെ വീട്ടില്‍ സോവിയറ്റ് യൂണിയനുണ്ടാക്കാന്‍ ശ്രമിച്ച കഥ നിനക്ക് കേള്‍ക്കണോ..

സോവിയറ്റ് യൂണിയന്‍ എന്നു വച്ചാല്‍ മഞ്ഞുപെയ്യുന്ന നാടാണ് ഞങ്ങള്‍ക്ക്. ഒരു ദിവസം മെത്ത ഉണ്ടാക്കാന്‍ പറിച്ചു വച്ചിരുന്ന ഇലവ് മരത്തിന്റെ കായ്കള്‍ (പഞ്ഞിമരം)എടുത്ത് പഞ്ഞി കടഞ്ഞെടുത്തു മാവിന്‍ ചോട്ടില്‍ മുഴുവന്‍ കുടഞ്ഞിട്ടു. കാണുമ്പോള്‍ മഞ്ഞു വീണു കിടക്കുന്നതു പോലെ തന്നെ.സന്തോഷം സഹിക്കാതെ ആ പഞ്ഞിമഞ്ഞില്‍ വീണുരുണ്ടു കളിയോട് കളി. ഒടുവില്‍ അപ്പൂപ്പന്‍ ചൂരലുമായി വന്നുവെന്ന് കഥയുടെ അവസാനം..

women
റഷ്യന്‍ പുസ്തകങ്ങള്‍:  ചുക്കും ഗെക്കും , കുട്ടിക്കഥകളും ചിത്രങ്ങളും

പ്രിയപ്പെട്ടവളെ, എന്റെ ജീവിതം ഇപ്പോള്‍ എത്ര ധാന്യമാണ്. ജീവന്റെ ആഴങ്ങള്‍ എന്നെ ചൂഴ്ന്നു നില്‍ക്കുന്നത് നീ അവിടെ ഉള്ളത് കൊണ്ടാണ്. ഈ ഭൂമിയില്‍ എനിക്കേറ്റവും ഇഷ്ടമുള്ള വാക്ക് ഏതെന്നു നിനക്ക് പറയാന്‍ പറ്റുമോ?  നിശ്ചയമായും അത് സൗഹൃദം എന്ന വാക്ക് തന്നെയാണ്. ഞങ്ങളുടെ മലയാളത്തില്‍ 'കൂട്ട്' എന്ന് മനോഹരമായ ഒരു വാക്ക് കൂടി ഉണ്ട്. കൂട്ടുകെട്ട് . ഏതു ബന്ധവും മനോഹരമാക്കുന്നത് അതിലെ കൂട്ടാണ് എന്നാണ് എന്റെ തോന്നല്‍. എന്റെ ഇപ്പോഴത്തെ വലിയ ഒരു കൂട്ട് ആരാണെന്നോ..സാഷ. ആഹാ നിന്റെ മുഖം അമ്പരപ്പ് കൊണ്ട് വിടര്‍ന്നല്ലോ..നമ്മുടെ ദ്വിഭാഷി സാഷയാണെന്നു നീ കരുതിക്കാണും. സാഷയെ എനിക്ക് വലിയ ഇഷ്ടമായിരുന്നല്ലോ. പക്ഷെ , കൊച്ചെ ഇത് സാഷയാണ്, എന്റെ പട്ടിക്കുട്ടിയാണ്. നിനക്ക് സാഷയുടെ ഫോട്ടോ ഞാന്‍ അയച്ചു തരാം. വെള്ളയും കറുപ്പും കലര്‍ന്ന ഒരു കുഞ്ഞന്‍. അപ്പൂപ്പന്‍ എന്റെ പിറന്നാളിന് തന്നതാണ് അവനെ. കുസൃതിക്കുട്ടനാണ് കേട്ടോ. എന്റെ അനിയത്തി ലക്ഷ്മിക്ക് അവനെ എപ്പോഴും കുളിപ്പിക്കണം. അങ്ങനെ കുളിപ്പിച്ച് കുളിപ്പിച്ച് അവളുടെ പൂച്ചക്കുട്ടി , ( അതിനു നാണിയമ്മ എന്ന് ആണ്  ഞാനിട്ട പേര് ) ചത്തു പോയി. എന്റമ്മേ ലക്ഷി കുറെ ദിവസം എന്തൊരു കരച്ചിലായിരുന്നുവെന്നോ..

 കഴിഞ്ഞ ഒരാഴ്ചത്തെ കഥ നിന്നോട് പറഞ്ഞില്ലല്ലോ. എനിക്ക് ആദ്യമായി പീരിയഡ്‌സ് വന്നു. നീയിപ്പോള്‍ പൊട്ടിച്ചിരിക്കുന്നത് എനിക്ക് കാണാം.അത്രത്തോളം തമാശ ഇക്കാര്യത്തില്‍ ആര്‍ത്തെക്കില്‍ വച്ച് ഉണ്ടായത് ആണല്ലോ.

പീരിയഡ്‌സിനെ കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഞങ്ങളുടെ ക്ലാസ്സില്‍ ദീപ്തി എന്നൊരു കുട്ടി ഉണ്ടായിരുന്നു. കുറച്ചു ബുദ്ധിമാന്ദ്യം ഉള്ള ദീപ്തി പല ക്ലാസ്സുകളിലും തോറ്റിട്ടാണ് ഞങ്ങളുടെ ക്ലാസ്സില്‍ എത്തിയത്. പല കാര്യങ്ങളും സ്വന്തമായി  ചെയ്യാന്‍ ദീപ്തിക്കു കഴിവ് കുറവ് ഉണ്ടായിരുന്നു. പൊക്കം കൂടുതല്‍ ഉള്ളതിനാല്‍ ഒടുവിലത്തെ ബെഞ്ചിലാണ് ദീപ്തി ഇരിക്കാറ്. എല്ലാ മാസവും ദീപ്തിയുടെ പാവാടയിലും, ദീപ്തി ഇരിക്കുന്ന ബെഞ്ചിലും രക്തം ഒഴുകി പരക്കും. ക്ലാസ്സിലെ കുട്ടികള്‍ ഓടിച്ചെന്നു ടീച്ചറോട് പറയും. ടീച്ചര്‍ അപ്പോള്‍ തന്നെ ദീപ്തിയെ വീട്ടില്‍ അയക്കും. ഇത് എന്താണ് ഏതാണ് എന്നൊന്നും മനസ്സിലാവാതെ ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട  കൂട്ടുകാരി താരാ ശ്രീനിവാസനോട്  കാര്യം തിരക്കി. പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്നു അവള്‍ പറഞ്ഞു. അവളുടെ അമ്മ  ഡോക്ടറാണ്. അത് കൊണ്ട് ഇത്തരം കാര്യങ്ങളില്‍ അവള്‍ പറയുന്നത് എനിക്ക് അവസാന വാക്ക് ആണ്.

ആര്‍ത്തെക്കിനു വരുന്നത് വരെ ഞാനിക്കാര്യം സീരിയസ് ആക്കിയില്ല. വേറെ നൂറു തിരക്കുകള്‍ ഉണ്ടായിരുന്നല്ലോ. യാത്രക്ക് മുമ്പ് അമ്മ ചെറുതായി ഒന്ന് പറഞ്ഞുതന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ട് അവിടെ വച്ച് വരികയാണെങ്കില്‍ മുതിര്‍ന്ന സ്ത്രീകളോട് ആരോടെങ്കിലും പറയണം എന്ന് ..

എന്നിട്ടു അന്ന് ആര്‍ത്തെക്കില്‍ വച്ച് ഒരു ദിവസം ആണ്‍കുട്ടികളുടെ ടോയിലറ്റ് ആണെന്നറിയാതെ  ഞാന്‍ മൂത്രമൊഴിക്കാന്‍ പോയതും, നീ അത് പറഞ്ഞപ്പോള്‍ പേടിച്ചു ഞാനിപ്പോള്‍ പ്രെഗ്‌നന്റ് ആവുമേ എന്ന് പറഞ്ഞു കരഞ്ഞതും, അങ്ങനെ ഒന്നും സംഭവിക്കില്ലെന്നു നീയെത്ര പറഞ്ഞിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്താത്തതും, നീ പോയി നമ്മുടെ ലീഡര്‍ ഹെലനെ വിളിച്ചു കൊണ്ട് വന്നതും, ഹെലന്‍ വിശദമായി പറഞ്ഞു തന്നതും ഒക്കെ നീയും ഓര്‍ക്കുന്നുണ്ടാവും അല്ലെ. അങ്ങനെയാണ് പീരിയഡ്‌സ് എന്താണ് എന്ന് ഞാന്‍ മനസിലാക്കിയത്. ആണ്‍കുട്ടികളുടെ ടോയിലറ്റില്‍ കയറിയാല്‍  പ്രെഗ്‌നന്റ് ആകില്ലെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ഹെലന്‍ എന്തെല്ലാമാണ് വിശദീകരിച്ചത്. ശരിക്കും അതൊക്കെ ഞാന്‍ റഷ്യക്ക് പുറപ്പെടും മുമ്പ് അമ്മയോ ടീച്ചര്‍മാരോ പറഞ്ഞു തരേണ്ടതായിരുന്നുവെന്നു എനിക്കപ്പോള്‍ തോന്നി.

ഇവിടെ ഇത്തരം കാര്യങ്ങള്‍ കുട്ടികളോട് സംസാരിക്കുന്ന പതിവേയില്ല.പീരിയഡ്‌സ് ആവുന്നത് ക്ലാസ്സിലൊക്കെ അടക്കി പിടിച്ചു ആണ് സംസാരിക്കുന്നത്. അന്ന് ഹെലന്‍ പറഞ്ഞില്ലേ കുട്ടിക്കാലത്ത് തന്നെ സെക്‌സ് എഡ്യൂകേഷന്‍ നല്‍കണമെന്ന്. അത് വളരെ ആവശ്യമാണ്.മിഹ്രിന്‍, സത്യമായും ഞാന്‍ കരുതിയിരുന്നു, ആണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ കയറിയാല്‍ പ്രെഗ്‌നന്റ് ആവും എന്ന്. ക്ലാസ്സില്‍ ആരോ പറഞ്ഞത് ഓര്‍മ്മ വന്നതാണ്. ഓ അന്ന് ഞാന്‍ എത്ര പേടിച്ചു. ഓര്‍ക്കാന്‍ വയ്യ.

കുട്ടികളെ കുറിച്ച് വലിയവര്‍ക്ക് ഇനിയും ഒരുപാട് അറിയാനുണ്ട് എന്ന് എനിക്ക് തോന്നുന്നു. കുട്ടികളോട്  തുറന്നു പറയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവര്‍ക്ക് വലിയ പിടിപാടില്ല. അതൊക്കെ പോട്ടെ, ഇവിടെ ഒരാഴ്ചയായി എന്റെ അവസ്ഥ എന്തെന്ന് നിനക്കറിയുമോ? നിന്റെ നാട്ടില്‍ എങ്ങനെയാണ് എന്ന് എനിക്കറിയില്ല, ഇവിടെ പെണ്‍കുട്ടികള്‍ ആദ്യമായി  പീരിയഡ്‌സ് ആവുന്നത് ഒരു കോലാഹലമാണ്.

'വലിയ കുട്ടിയായി ' എന്നാണ് പീരിയഡ്‌സ് ആവുമ്പോള്‍ പറയുന്നത് തന്നെ. പീരിയഡ്‌സ് ദിവസങ്ങളില്‍ ആരോടും ബന്ധമില്ലാതെ ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയണം.എന്റെ വീട്ടിലെ സ്റ്റോര്‍ പോലെയുള്ള ചെറിയ മുറിയിലാണ് ഞാന്‍ ഒരാഴ്ച കഴിഞ്ഞത്. പുറത്തേക്കേ ഇറങ്ങിക്കൂടാ. കിണറില്‍ നിന്ന് വെള്ളം കോരാന്‍ പാടില്ല, കിണറില്‍ തൊടാന്‍ പാടില്ല. ഭക്ഷണം മുറിയില്‍ കൊണ്ട് തരും. ആ പാത്രങ്ങള്‍ മറ്റാരും ഉപയോഗിക്കില്ല. വീട്ടിലെ അലമാര, തുണികള്‍, പാത്രങ്ങള്‍ എന്തിനു എന്റെ പുന്നാര ഗൗരി പശുവിനെ പോലും തൊടാന്‍ പറ്റില്ല..

പിന്നെ കുറെ സാധനങ്ങള്‍ കണ്ണും പൂട്ടി കഴിക്കണം.പച്ച മുട്ട, നല്ലെണ്ണ, അരിമാവും നല്ലെണ്ണയും തേങ്ങയും കൂട്ടിക്കുഴച്ചുണ്ടാക്കിയ ഉരുളകള്‍... എന്തെല്ലാമോ തീറ്റിച്ചു. പിന്നെ ബന്ധുക്കള്‍ ഒക്കെ ഓരോന്നു വാങ്ങിത്തന്നു.. മാല, വള, പുതിയ വേഷങ്ങള്‍. എന്നിട്ട് ഏഴു ദിവസമായപോള്‍ പട്ടു പാവാടയൊക്കെ ഉടുത്ത് വിളക്കിന് മുന്നിലിരുത്തി. ബന്ധുക്കള്‍ എല്ലാവരും വന്നിരുന്നു.സദ്യയൊക്കെ ഉണ്ടായിരുന്നു. വേണ്ടാ എന്നൊക്കെ  ഞാന്‍ പറഞ്ഞു നോക്കിയതാണ്. ആകെ കൂടി നാണക്കേട് ആണ് സംഗതി എന്ന് പറഞ്ഞാല്‍ മതിയല്ലോ..

നമ്മള്‍ വായിക്കുന്നതും അറിയുന്നതും ആയ കാര്യങ്ങള്‍ നമ്മുടെ ജീവിതവുമായി പൊരുത്തപ്പെടുത്തുന്നത് അത്ര എളുപ്പമല്ല എന്നു എനിക്ക് തോന്നുന്നു.ചുറ്റുമുള്ള ലോകത്തിന്റെ നിയമങ്ങളും രീതികളും ഒക്കെ ശരിയല്ല എന്ന് നമുക്ക് മനസ്സിലായാലും പറഞ്ഞിട്ട് കാര്യമില്ല.നമ്മള്‍ പറഞ്ഞാല്‍ കുട്ടികള്‍ എന്തിനു പറയുന്നു എന്നാവും...

വലിയ വലിയ കത്തുകള്‍ അല്ലെ.. നിനക്ക്  സന്തോഷമാവുമല്ലോ..

നിന്റെ ബീന

Content Highlights: writer share her experience about her first periods and social taboos