ക്ടോബര്‍..12,1977

എത്രയും പ്രിയപ്പെട്ട മിഹ്റിന്,

നിന്റെ കത്ത് കിട്ടി.എത്ര ചെറിയ കത്ത്.. നിന്റെ ടീച്ചറിന്  ഇഗ്ലീഷില്‍ വലിയ കത്തുകള്‍ എഴുതാന്‍ പ്രയാസമാണെന്നു എഴുതിയിരിക്കുന്നു.  നല്ല ടീച്ചര്‍. എന്റെ കത്തുകള്‍ വായിച്ച് നിനക്ക് പറഞ്ഞുതരാനും നിനക്ക് വേണ്ടി എനിക്ക് കത്തുകള്‍ എഴുതാനും ടീച്ചര്‍ തയ്യാറാകുന്നുവല്ലോ. ടീച്ചറെ എനിക്ക് വലിയ ഇഷ്ടമാണെന്ന് പറയണേ.. ഓ അല്ലെങ്കില്‍ എന്തിനു പറയുന്നു.
ടീച്ചറല്ലേ ഇതു ആദ്യം വായിക്കുന്നത്..

മിഹ്റിന്‍, നീ ടീച്ചറുടെ അടുത്തു നിന്നു ഇംഗ്ലീഷ് എഴുതാനും വായിക്കാനും പഠിക്കൂ..അപ്പോള്‍ പിന്നെ നമുക്ക് കത്തുകള്‍ എഴുതാനും വായിക്കാനും ആരെയും ബുദ്ധിമുട്ടിക്കേണ്ടി വരില്ലല്ലോ.
നിനക്കെഴുതാന്‍ എന്തു മാത്രം കാര്യങ്ങളാണ്.

ഹൃദയം ഹൃദയത്തോട് പറയുന്ന കാര്യങ്ങള്‍. സ്‌നേഹം  എന്നതിന് പേര്. എന്തു ചെയ്യുമ്പോഴും ഹൃദയം കൊണ്ട് ചെയ്യണം എന്നാണ് എനിക്ക്. നീയും അങ്ങനെ തന്നെ ആണ്. അതു കൊണ്ടല്ലേ നമുക്കിടയില്‍ ഇത്ര തീവ്രമായ സ്‌നേഹം . ഹൃദയം കൊണ്ട് കാര്യങ്ങള്‍ ചെയ്താല്‍ എന്തിനും ചന്തം കൂടും. നമുക്ക് മറ്റുള്ളവരോടും മറ്റുള്ളവര്‍ക്ക് നമ്മളോടും നമുക്ക് നമ്മളോടും ഇഷ്ടം കൂടും. നീയുള്ളതിനാല്‍ എനിക്കിപ്പോള്‍ ലോകത്തോട് മുഴുവന്‍ സ്‌നേഹമാണ്.

പിന്നെ കഴിഞ്ഞ കുറേ ദിവസങ്ങളായി തിരക്കോട് തിരക്ക്. സ്‌കൂളില്‍ പോകണം, പഠിക്കണം പിന്നെ സ്വീകരണങ്ങള്‍ക്കു പോകണം. ആഹാ, എന്താണ് സംഗതി എന്നു മനസ്സിലായില്ല അല്ലേ..സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ചു വന്ന സ്‌കൂള്‍ കുട്ടിയ്ക്കു സ്വീകരണം. തുടക്കം ഞാന്‍ പഠിക്കുന്ന കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ആയിരുന്നു.. സ്‌കൂള്‍ അസംബ്ലിയില്‍  യാത്രാ അനുഭവങ്ങള്‍ പറയാന്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു. സ്റ്റേജില്‍ കയറി നിന്നപ്പോള്‍ ഒരു പരിഭ്രമം. നീണ്ടു പരന്ന് കുട്ടികള്‍ ,ടീച്ചറമ്മാര്‍. ഞങ്ങളുടെ സ്‌കൂള്‍ ഏഷ്യയില്‍  ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണ്. തുടക്കത്തില്‍  ഇത്തിരി പാടായിരുന്നുവെങ്കിലും പിന്നീട് രസത്തോടെ ഞാന്‍ നമ്മുടെ ആര്‍ത്തെക്കിനെക്കുറിച്ചു പറഞ്ഞു. ഒരു മണിക്കൂറോളം സ്‌കൂള്‍ അസംബ്ലിയില്‍ സംസാരിക്കുവാന്‍ കഴിയുമെന്ന് എനിക്ക് സ്വപ്നത്തില്‍ പോലും  വിശ്വസിക്കാന്‍ പറ്റുമായിരുന്നില്ല. പ്രസംഗം കഴിഞ്ഞപ്പോള്‍  കുട്ടികള്‍ മാത്രമല്ല ടീച്ചര്‍മാരും എന്നെ പൊതിഞ്ഞു..'ഇനിയും കേള്‍ക്കണം,അവിടുത്തെ ഭക്ഷണം എന്താണ്, എത്ര തണുപ്പുണ്ട് അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍.

woman
ശ്രീദേവി ടീച്ചര്‍

സ്‌കൂളില്‍ ബഹുരസമാണ് എങ്ങോട്ടു തിരിഞ്ഞാലും ആരെങ്കിലും ഓടി വരും. റഷ്യന്‍ യാത്രക്കാര്യം ചോദിച്ചു കൊണ്ട്.. എനിക്കേറ്റവും സന്തോഷമുള്ള ദിവസങ്ങള്‍ ആണ് കടന്നുപോകുന്നത്.

എന്റെ മിഹ്റിന് ,എനിക്ക് ഒരുപാട് സന്തോഷമുണ്ടായ ഒരു സംഭവം കേള്‍ക്കണോ ?കഴിഞ്ഞ ദിവസം എന്നെ റേഡിയോവില്‍ ഇന്റര്‍വ്യൂ ചെയ്തു . ആകാശവാണി എന്നാണ്  ഞങ്ങളുടെ റേഡിയോയുടെ പേര്. നിന്റെ നാട്ടിലെ റേഡിയോയുടെ പേരെന്താണ്? എനിക്ക് എഴുതി അയക്കാന്‍ മറക്കരുതേ. റേഡിയോ എനിക്ക് ഭ്രാന്താണ്.. രാവിലെ  മുതല്‍ അതിന്റെ ചോട്ടിലിരിക്കാന്‍ എന്ത് ഇഷ്ടമാണെന്നോ..ഏറ്റവും ഇഷ്ടം ഞായറാഴ്ച്ചകളിലെ  'ബാലലോകം' പരിപാടിയാണ്. കുട്ടികളുടെ പരിപാടിയാണ് അത്. അതിലൊരു റേഡിയോ അമ്മാവന്‍ ഉണ്ട്. എന്തു രസമാണെന്നോ കേള്‍ക്കാന്‍. ശബ്ദവും,കാര്യവും കഥയും പറയുന്ന രീതിയും ഒക്കെ നമുക്ക് ഒരുപാട് ഇഷ്ടപ്പെടും. ഞാന്‍ റേഡിയോ അമ്മാവന്റെ വലിയ ആരാധികയാണ്. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നു റേഡിയോ അമ്മാവനെ കാണുക എന്നതായിരുന്നു..എന്നിട്ട്..

woman
ആര്‍ത്തേക്ക് അംഗങ്ങള്‍ കൃഷിപ്പണിക്കിടയില്‍

എന്നിട്ട്  എന്താ ഒരു ദിവസം എന്റെ ഫേവറിറ്റ് ടീച്ചര്‍ ശ്രീദേവി ടീച്ചര്‍ (ടീച്ചര്‍ എന്റെ ടീച്ചര്‍ മാത്രമല്ല,കൂട്ടുകാരിയും അമ്മയും ഒക്കെയാണ് . മനോഹരമായി കവിത ചൊല്ലും. നന്നായി വായിക്കും,  ഇംഗ്ലീഷും മലയാളവും ഒക്കെ. എന്തൊരു സ്‌നേഹമാണെന്നോ എന്നോട്.. വര്‍ത്തമാനം പറയുന്നത് കേള്‍ക്കാന്‍ നല്ല രസമാണ്. എപ്പോഴും സന്തോഷമാണ് ടീച്ചറിന്. ഞങ്ങള്‍ രണ്ടു പേരും കൂടുമ്പോള്‍ ചിരിയോട് ചിരിയാണ്. എനിക്ക് സ്‌കൂളില്‍ ഏറ്റവും ഇഷ്ടം ശ്രീദേവി ടീച്ചറിനെയാണ്.) എന്നെയും കൊണ്ടു റേഡിയോ സ്റ്റേഷനില്‍ പോയി. ഒരു പരിപാടിയില്‍ റഷ്യയില്‍ പോയ കാര്യങ്ങള്‍ പറയണം  എന്നേ പറഞ്ഞുള്ളൂ.. എന്റെ പൊന്നേ അവിടെ ചെന്നപ്പോഴല്ലേ അറിയുന്നത് ബാലലോകം പരിപാടിക്ക് വേണ്ടി റേഡിയോ അമ്മാവന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നെന്ന്. ഞെട്ടിപ്പോയി. ശ്രീദേവിടീച്ചര്‍ 'ഇതു പി.ഗംഗാധരന്‍ നായര്‍, റേഡിയോ അമ്മാവന്‍' എന്നു പറഞ്ഞു പരിചയപ്പെടുത്തിയപ്പോള്‍ നമസ്‌കാരം പറയാന്‍ പോലും മറന്നു ഞാന്‍ നിന്നു പോയി. ആര്‍ക്കും  ഇഷ്ടം തോന്നുന്ന ചിരിയും സ്‌നേഹവും ഉള്ള ഒരാള്‍. നല്ല ഉയരം ഉണ്ട്. ഞങ്ങളുടെ ഇവിടത്തെ ആണുങ്ങളുടെ സ്ഥിരം വേഷമായ മുണ്ടും ജൂബയും ആണ് ഇട്ടിരിക്കുന്നത്.

റേഡിയോ അമ്മാവന്‍ എന്നെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു പോയി. സ്റ്റുഡിയോ  തന്നെ ഒരത്ഭുതം. കുറെ നേരം ഇടനാഴിയിലൂടെ നടക്കണം. രണ്ടു വശത്തും മുറികള്‍. മുറികളില്‍ റെക്കോര്‍ഡിങ് നടക്കുന്നു. ഒരു മുറിയില്‍ ഞങ്ങള്‍ കയറി. മൂന്നു നാല് മൈക്കുകള്‍ സ്റ്റാന്‍ഡില്‍ ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. അമ്മാവന്‍ എന്നെ ഒരു മൈക്കിന് മുന്നില്‍ നിര്‍ത്തി. അമ്മാവന്‍ മുന്നിലുള്ള മൈക്കില്‍ പറഞ്ഞു തുടങ്ങി. 'കൂട്ടുകാരെ, ഇന്ന് നമ്മളോട് സംസാരിക്കാന്‍ എത്തിയിരിക്കുന്ന കെ.എ.  ബീന, സോവിയറ്റ് യൂണിയനില്‍ പോയി  മടങ്ങി വന്ന കൊച്ചു കൂട്ടുകാരിയാണ്. ബീനയുടെ റഷ്യന്‍ യാത്രയെ കുറിച്ചും അവിടത്തെ വിശേഷങ്ങള്‍ കുറിച്ചും നമുക്ക് ചോദിച്ച് അറിയാം.'

അത് കേട്ടപ്പോള്‍ ഉള്ള സന്തോഷം  നിനക്കറിയുമോ? ബാലലോകം പരിപാടിയില്‍ കേള്‍ക്കുന്ന അതെ ശബ്ദം. ആ ശബ്ദത്തില്‍ എന്നെ കുറിച്ച് പറയുമെന്ന് സത്യമായും മിഹ്റിന് കൊച്ചെ ഞാന്‍ സ്വപ്നത്തില്‍ കൂടി കരുതിയിട്ടില്ല. അമ്മാവന്‍ എന്നോട് റഷ്യന്‍ യാത്രയെ കുറിച്ചും ആര്‍ത്തേക്കിനെ കുറിച്ചും  ഒക്കെ ചോദിച്ചു. ഞാന്‍ എല്ലാം പറഞ്ഞു. ശബ്ദത്തില്‍ ആഹ്ലാദം നിറഞ്ഞിരുന്നുവന്നു ഞായറാഴ്ച്ച ആ പ്രോഗ്രാം റേഡിയോവിലൂടെ കേട്ടപ്പോഴാണ് മനസ്സിലായത്. അമ്മയും പറഞ്ഞു. ഞാന്‍ ആകെ excited  ആയിരുന്നുവെന്ന്. ഓ എനിക്കിപ്പോഴും വിശ്വസിക്കാന്‍ വയ്യ, എന്റെ ശബ്ദം റേഡിയോവിലൂടെ കേട്ട ആ നിമിഷങ്ങള്‍. നിന്നോടല്ലാതെ ഞാന്‍ ആരോടാണിതൊക്കെ ഇങ്ങനെ തുറന്നു പറയുക.?

woman
ആര്‍ത്തേക്ക് ക്യാമ്പ്‌

പിന്നെ ഇവിടെ ജവഹര്‍ ബാലഭവന്‍ ഉണ്ട്. ഞാന്‍ മൂന്നാം ക്ലാസ് മുതല്‍ അവിടെ പോകുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം വൈകിട്ട് 5 മണി മുതല്‍ 7.30 വരെ ക്ലാസ്. ഇവിടെ ചിത്രരചന, നാടകം,നൃത്തം,സാഹിത്യ പരിശീലനം,വീണ ,സംഗീതം ഒക്കെയാണ്  ഞങ്ങള്‍ പഠിക്കുന്നത്.

നിനക്കൊരു തമാശ കേള്‍ക്കണോ. ഞാന്‍ ബാലഭവനില്‍ ചേര്‍ന്ന ആദ്യ നാളുകള്‍.. സാഹിത്യപരിചയം ക്ലാസ്സില്‍  മധ്യവയസ്‌കയായ ഒരു സ്ത്രീ ക്ലാസ്സ് എടുക്കാന്‍ വന്നു. മനോഹരമായ ചിരി, പ്രൗഡമായ പെരുമാറ്റം, സ്‌റ്റൈലന്‍ സാരി.. ഓരോരുത്തരെയും പരിചയപ്പെട്ടു..

'ആരാകാനാണ് ആഗ്രഹം?' പേരും പഠിക്കുന്ന ക്ലാസ്സും പറഞ്ഞു കഴിഞ്ഞപ്പോള്‍ എന്നോട് ചോദിച്ചു..
'എഴുത്തുകാരി ആകണം.സുഗതകുമാരിയെ പോലെ ഒരു എഴുത്തുകാരി ആകാനാണ് ആഗ്രഹം'.
'അതെന്താ അങ്ങനെ?സുഗതകുമാരിയെ കണ്ടിട്ടുണ്ടോ?വായിച്ചിട്ടുണ്ടോ?'
'കണ്ടിട്ടില്ല,വായിച്ചിട്ടുണ്ട്. അമ്മ മാതൃഭൂമി വാരിക വായിച്ചു തരും. സുഗതകുമാരിയുടെ കവിതകള്‍  വായിച്ചു തന്നിട്ടുണ്ട്. അമ്മയ്ക്ക് ഒരുപാട് ഇഷ്ടമാണ്  സുഗതകുമാരിയുടെ കവിതകള്‍'.
'കുട്ടി വായിക്കാറുണ്ടോ'
'ഒരുപാട് വായിക്കും,വായിക്കാനാ ഏറ്റവും ഇഷ്ടം.'
അവര്‍ ലൈബ്രറിയിലെ അലമാരയില്‍ നിന്നു ഒരു ബുക്കെടുത്തു തന്നു. രാമായണം ആയിരുന്നു അത്. ഞങ്ങളുടെ മലയാളം ഭാഷയില്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയത്. ഇന്ത്യയിലെ ഇതിഹാസ പുസ്തകമാണത്. എന്നും സന്ധ്യക്ക് നിലവിളക്ക് കൊളുത്തി അമ്മൂമ്മ വായിക്കുന്ന പുസ്തകം. അമ്മൂമ്മ വായിക്കുക മാത്രമല്ല എന്നെ കൊണ്ട് വായിപ്പിക്കുകയും ചെയ്യും.
'ഒരു പേജ് തുറന്നു വായിക്കൂ.കേള്‍ക്കട്ടെ'. അവര്‍ പറഞ്ഞു. എനിക്ക് പേടിയായി. വീട്ടില്‍ വായിക്കുമ്പോള്‍ ഞാന്‍ ഒരുപാട് തെറ്റിയ്ക്കാറുണ്ട്. അമ്മൂമ്മ വീണ്ടും വീണ്ടും വായിപ്പിച്ചു തെറ്റു തിരുത്തും. ഇവിടെ ഇവര്‍ വഴക്കു പറയുമോ? പേടിച്ചു പുസ്തകം തുറന്നു.

'നാളെ പുലര്‍കാലേ പോകുന്നുണ്ട് ഞാന്‍
നാളീകനേത്രനെ കൊണ്ടിങ്ങു പോരുവാന്‍'
കുറേ വരികള്‍ ഞാന്‍ വായിച്ചു.
നിര്‍ത്തിയപ്പോള്‍ അവര്‍ എന്നെ കെട്ടിപ്പിടിച്ചു.

'നന്നായി വായിക്കുന്നു മോളേ.. ഭാഷ ഉള്ളിലുണ്ട്. ഞാനാണ് സുഗതകുമാരി. എന്നെ പോലെ അല്ല മോള് മോളെ പോലെ ആണ് എഴുതേണ്ടത്..ഒരുപാട് വായിക്കണം.'

എന്റെ മിഹ്റിന്‍ , എന്റെ അപ്പോഴത്തെ അവസ്ഥ നീ ആലോചിച്ചു നോക്ക്. പരിഭ്രമം, ഭയം, അത്ഭുതം. പിന്നെ സന്തോഷമായി. അന്ന് മുതല്‍ എനിക്ക് അമ്മയെ പോലെ ഒരാളെ കൂടി കിട്ടി. സുഗതകുമാരി മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിയാണ്. അവരാണ് ജവഹര്‍ ബാലഭവന്‍ ഡയറക്ടര്‍. ഓ ഇതൊക്കെ ഞാന്‍ പറഞ്ഞത് സ്വീകരണക്കാര്യം പറഞ്ഞതിന് ഇടയ്ക്കാണല്ലേ. ജവഹര്‍ ബാലഭവനില്‍ സുഗതകുമാരി ടീച്ചര്‍ ഒരു വൈകിട്ട്  വലിയ ഒരു യോഗത്തില്‍ എനിക്ക്  റഷ്യന്‍ അനുഭവങ്ങള്‍ പറയാന്‍  അവസരം തന്നു.എന്നെ ടീച്ചര്‍ പരിചയപ്പെടുത്തിയ വാക്കുകള്‍ കേട്ട് മനസ്സ് നിറഞ്ഞു.

'തിളങ്ങുന്ന കണ്ണുകളും തിളങ്ങുന്ന ചിരിയും ഉള്ള ഞങ്ങളുടെ ബീന 'എന്ന്. വിനയവും സ്‌നേഹവും നിറഞ്ഞ പെരുമാറ്റവും പ്രസന്നമായ മുഖഭാവവുമുള്ള പെണ്കുട്ടിയാണ് ഞാനെന്നും അവര്‍ പറഞ്ഞു കേട്ടോ. നിനക്ക് ചിരി വരുന്നുണ്ടോ കൊച്ചേ?എനിക്കിതൊക്കെ കേള്‍ക്കുമ്പോള്‍ നാണമാവും. ഏതായാലും എനിക്ക് നല്ലൊരു ഭാവിയുണ്ടെന്നു അവര്‍ പറഞ്ഞിട്ടുണ്ട്..
എന്താണോ എന്തോ എന്റെ ഭാവി? 

woman
ആര്‍ത്തേക്ക് അംഗങ്ങള്‍ കരിങ്കടലില്‍ ബോട്ടിങ്ങിനിടെ

നീ ഭാവിയെ കുറിച്ചു  ചിന്തിക്കാറുണ്ടോ? വലിയ വലിയ സ്വപ്നങ്ങള്‍ കാണാറുണ്ടോ?
ഞാന്‍ ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടാറൊന്നും ഇല്ല. പത്രപ്രവര്‍ത്തകയാകണം, എഴുത്തുകാരിയാകണം എന്നൊക്കെ ആഗ്രഹങ്ങള്‍ ഉണ്ട്. നോക്കാം അല്ലെ.

പിന്നെ എന്റെ നാട്ടിലെ ആര്‍ട്സ് ക്ലബുകള്‍,യൂത്ത് ക്ലബുകള്‍, വായനശാലകള്‍ ഒക്കെ എനിക്ക് സ്വീകരണം തരുന്നുണ്ട്.. വലിയ വലിയ യോഗങ്ങള്‍, കേള്‍ക്കാന്‍ വരുന്നവര്‍ ഒക്കെ മുതിര്‍ന്നവര്‍ . അത്ര എളുപ്പമൊന്നുമല്ല ഓരോ യോഗത്തിലും പ്രസംഗിക്കുന്നത്. ഓരോന്നും കഴിയുമ്പോള്‍ പേടിയാകും എന്തൊരു പ്രതീക്ഷയാണ് എന്റെ നാട്ടുകാര്‍ക്ക് എന്നെ കുറിച്ച് ഉള്ളതെന്ന്..ഞങ്ങളുടെ പേരൂര്‍ക്കട എന്ന പ്രദേശത്തെ കുറിച്ചു എനിക്ക് ഉള്ള സന്തോഷം അതാണ്.ഒരു കൊച്ചു പെണ്കുട്ടിക്ക് എത്ര പ്രോത്സാഹനമാണ് നല്‍കുന്നത്..ഒരോരുത്തര്‍ക്കും ഞാന്‍ അവരുടെ വീട്ടിലെ കുട്ടിയെ പോലെ ആണ്. എന്തു മാത്രം പുസ്തകങ്ങള്‍ ആണെന്നോ എനിക്ക് വായിക്കാന്‍ വാങ്ങി തന്നത്.

നിന്റെ നാട്ടിലും നിനക്ക് ഇത്തരം സ്വീകരണങ്ങള്‍ കിട്ടിയോ?നിനക്കെഴുതാന്‍  ഇരുന്നാല്‍ സമയം പോകുന്നത് അറിയില്ല. എനിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി കോപ്പി എഴുതണം. അക്ഷരം നന്നാവാനാണത്രേ കോപ്പി എഴുതുന്നത്. ദിവസോം എഴുതണം. എനിക്ക് ബോറടിക്കും. മിഹ്റിന്‍ നിന്റെ സ്‌കൂളിലും കോപ്പി എഴുതിക്കുമോ? നിനക്ക് എന്തൊക്കെ വിഷയങ്ങള്‍ ആണ് പഠിക്കാന്‍ ഉള്ളത്?

എല്ലാം എഴുതണം. ഞാന്‍ പോസ്റ്റ്മാനെ കാത്തിരിക്കും. നിന്റെ കത്ത് കിട്ടുമ്പോള്‍ എന്തൊരു സന്തോഷമാണ് പൊന്നേ. നിന്നെ കണ്ടു മുട്ടിയിരുന്നില്ലെങ്കില്‍, പരസ്പരം സ്‌നേഹം പങ്കു വച്ചിരുന്നില്ലെങ്കില്‍ എത്ര നിസ്സാരമായി പോയേനെ ജീവിതം.എത്ര കാലം ഈ മനോഹരമായ അനുഭവം കൂടെയുണ്ടാകും എന്നറിയില്ല.ഞാന്‍ നിന്നെ മറന്നു പോകുമോ?അതോ മറക്കാതെ ഞാന്‍ നിന്നെ തേടിയെത്തുമ്പോള്‍ നീയെന്നെ ഒട്ടും പരിഗണിക്കാതെ,വെറും വാക്കുകള്‍ കൊണ്ട് സ്വീകരിക്കുമോ?

ഓ എന്തിനു അങ്ങനെയൊക്കെ ചിന്തിക്കുന്നു.ഇപ്പോള്‍ നമ്മള്‍ തമ്മില്‍ അപാരമായ സ്‌നേഹം ഉണ്ട്.അതില്‍ മുഴുകി ജീവിക്കാം. പ്രിയമേ, സ്‌നേഹത്തിന്റെ ഒരു പെരുംകടലിലാണ്  നാം.  സ്‌നേഹം നമുക്കേകിയ അതിജീവനത്തിന്റെ ചെകിളപ്പൂക്കള്‍ കൊണ്ടു ശ്വസിച്ചു, അന്യോന്യം താങ്ങായി തണലായി തീരമണയാതെ നമുക്കതില്‍ തന്നെ മുങ്ങി കിടക്കാം.

നിന്റെ ബീന.

Content Highlights: The author shares her childhood memories with a friend in Russia