മോസ്‌കോ, 
ആഗസ്ത് 15 ,1977   
                                           
എത്രയും പ്രിയപ്പെട്ട മിഹ്രിന്‍,

ഇന്നലെ ആര്‍ത്തേക്കില്‍  നിന്ന് വിമാനത്താവളത്തിലേക്കുള്ള ബസ്സില്‍  കയറുമ്പോള്‍ എന്റെ നെഞ്ചു പൊട്ടി. നിന്നെ പിരിയുന്നതിലുള്ള സങ്കടം എത്രയായിരുന്നു എന്ന് പറയാന്‍ വയ്യ. മിഹ്റിന്‍,ആദ്യം കണ്ടപ്പോള്‍ തന്നെ ഒരുപാട് നാളായി കാണാന്‍  കാത്തിരുന്ന ആളെ കണ്ടത് പോലെ നമ്മള്‍ ഓടിയടുത്ത് അന്യോന്യം കെട്ടിപ്പിടിച്ചതു മുതല്‍ ബസ് വിടുമ്പോള്‍ പൊട്ടിക്കരയുന്ന നിന്റെ മുഖം വരെ സിനിമ പോലെ മനസ്സില്‍ തെളിഞ്ഞു വന്നു. നിന്നെ വിട്ടിട്ടു എങ്ങും പോകണ്ട എന്ന് തോന്നി. നീ കൂടെ ഉള്ളപ്പോള്‍ എന്തൊരു സന്തോഷമായിരുന്നു.. എങ്ങനെയാണ് നീയില്ലാതെ ജീവിക്കുക എന്നൊക്കെ തോന്നി.നിനക്കും അതിനു കഴിയില്ല എന്നും. ഏറ്റവും പ്രയാസം നിന്നെ അവസാനമായാണോ കാണുന്നത് എന്ന ചിന്തയായിരുന്നു.

പിന്നെ നമ്മുടെ ആര്‍ത്തേക്ക്- കൂട്ടുകാര്‍, കളികള്‍, പാട്ടുകള്‍, നൃത്തം, കരിങ്കടല്‍, കരടിമല, പൂക്കള്‍, പൂവനങ്ങള്‍, പൂമ്പാറ്റകള്‍, കിളികള്‍ എന്തൊരു സന്തോഷമായിരുന്നു ഒന്നര മാസം..

യുക്രൈയിനിലെ കീവിലെ വിമാനത്താവളം വരെ കാകാബായി അതാബായിയും നാദിയയും ഞങ്ങളോടൊപ്പം വന്നു. *ദസ്വിദാനിയ പറഞ്ഞപ്പോള്‍ അവരും വിമ്മിപ്പൊട്ടി..

ഇന്ന് ഞാന്‍ മോസ്‌കോയിലാണ്. ഇന്ന് ആഗസ്ത് 15. ഞങ്ങളുടെ രാജ്യം മുപ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്... ഓര്‍ത്തു നോക്കൂ. ഇന്ത്യന്‍ സ്വാതന്ത്ര്യദിനം മോസ്‌കോയില്‍ ആഘോഷിക്കുന്ന കുറെ സ്‌കൂള്‍ കുട്ടികളെ കുറിച്ച്. സ്‌കൂളില്‍ ഇന്ന് രാവിലെ കൊടിയുയര്‍ത്തലും മധുര പലഹാരവിതരണവും ഒക്കെ ഉണ്ടാവും. പാട്ട് പാടലും, ബഹളവും ആയി നടക്കുന്ന കൂട്ടുകാരെ ഓര്‍മ്മ വരുന്നുണ്ട്..

ഇവിടെ ഇന്ന് രാവിലെ ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് ഞങ്ങളും പോയി. മോസ്‌കോയിലെ കുറെയേറെ ഇന്ത്യക്കാര്‍ വന്നിരുന്നു. എല്ലാവരും ഇന്ത്യന്‍ വേഷം ഒക്കെ ഇട്ടാണ് വന്നത്.. ഞാനും കുറച്ചില്ല. നീളന്‍ പാവാടയും ബ്ലൗസുമിട്ടു പോയി. കൈ നിറയെ കുപ്പിവളകളും.

ഞങ്ങളുടെ ദേശീയ ഗീതം നിനക്ക് ഞാന്‍ പാടിതന്നിട്ടില്ലേ.'വന്ദേ മാതരം' ഞങ്ങളെല്ലാവരും കൂടി അത് പാടി. സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസഡര്‍ **ഐ.കെ. ഗുജ്‌റാള്‍ എംബസിയില്‍ പതാക ഉയര്‍ത്തി. എല്ലാവരും' ജന ഗണ  മന 'എന്ന ഞങ്ങളുടെ ദേശീയ ഗാനം പാടി. അതും നീ കേട്ടിട്ടുണ്ട്... അന്ന് ആര്‍ത്തേക്കില്‍ ഇന്ത്യന്‍ പതാകയുമായി ഞങ്ങള്‍ മാര്‍ച്ച് പാസ്റ്റ്  നടത്തിയപ്പോള്‍ ലൌഡ്  സ്പീക്കറില്‍ കൂടി ദേശീയ ഗാനം കേട്ടത് നീ ഓര്‍ക്കുന്നില്ലേ.

പിന്നെ ഐ.കെ ഗുജ്‌റാള്‍ ഞങ്ങളെ പരിചയപ്പെട്ടപ്പോള്‍ ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങി കേട്ടോ. ആര്‍ത്തേക്കില് വച്ച് നിങ്ങളുടെയൊക്കെ അഡ്രസ്സും ഒപ്പും വാങ്ങീലേ, അതെ ഓട്ടോഗ്രാഫ് ബുക്കില്‍ തന്നെയാ വാങ്ങിയത്. ആര്‍ത്തേക്കിനെ കുറിച്ചു  അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു. ഞങ്ങള്‍ അവിടെ നിന്ന് പഠിച്ച പാട്ടൊക്കെ പാടി കൊടുത്തു.അദ്ദേഹത്തിനു ഇഷ്ടമായി. ആര്‍ത്തേക് ക്യാമ്പിനെ പറ്റി അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ഉള്ള കുട്ടികള്‍ക്കൊപ്പം ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യം ആണെന്നു അദ്ദേഹം  പറഞ്ഞു.. എനിക്ക് ഗുജ്റാളിനെ ഇഷ്ടമായി. പോരാന്‍ നേരം ഒരു ഷേക്ക് ഹാന്‍ഡ് കൊടുത്തു കേട്ടോ.

ഇന്ത്യന്‍ എംബസിയില്‍ വൈകിട്ടു കലാമേള ഉണ്ടായിരുന്നു.ഇന്ത്യക്കാരായ കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിച്ചു..നാദസ്വരക്കച്ചേരി (ഞങ്ങളുടെ നാട്ടിലെ സംഗീതോപകരണമാണത്, നിങ്ങളുടെ അക്കോര്‍ഡിയന്‍ ഒക്കെ പോലെ.) പാട്ട് , ഡാന്‍സ്.

beena
കെ.എ ബീന റഷ്യന്‍ സന്ദര്‍ശനകാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം

ഡാന്‍സ് എന്ന് കേള്‍ക്കുമ്പോള്‍ നിന്റെ കണ്ണുകള്‍ വിടരുന്നത് ഞാന്‍ കാണുന്നു... ഞാന്‍ കളിച്ചില്ലേ എന്നല്ലേ..യെസ്, ഞാന്‍ അവിടെയും ഡാന്‍സ് കളിച്ചു. 'സര്‍വോദയ വാണീ കല്യാണീ ' എന്ന് തുടങ്ങുന്ന ഭരതനാട്യം. ഇത്തിരി പേടി തോന്നി, ആര്‍ത്തേക്കിലെ പോലെയല്ലല്ലോ. കാണാന്‍ വന്നിരിക്കുന്നവരൊക്കെ   മൊത്തം സീരിയസ്. വേഷം തന്നെ കാണണം. കോട്ടും സൂട്ടും ഒക്കെയിട്ട് വലിയ വലിയ ആളുകള്‍..എംബസി പരിപാടികള്‍ ഒക്കെ അങ്ങനെയായിരിക്കും അല്ലേ ..ആര്‍ത്തേക്കിലാണെങ്കില്‍ ' വിഴുപ്പു ചുമക്കണ  മണ്ണാത്തി പെണ്ണിന്റെ തലയില്‍ എഴുതി വിട്ട ഭഗവാനെ ' യും 'താഴമ്പൂ മുല്ലപ്പൂ താമരപ്പൂ' വുമൊക്കെ എത്ര വട്ടമാണ് ഞാന്‍ പേടിയില്ലാതെ കളിച്ചിട്ടുള്ളത്?  ***സുജാത യും കലാമേള യില്‍ നൃത്തം ചെയ്തു.
  
രാത്രിയായിരുന്നു കേമം. നല്ല ഒരു ഡിന്നര്‍ അവിടെ ഉണ്ടായിരുന്നു. വിശാലമായ മൈതാനത്ത് നിരത്തിയിട്ട മേശകളില്‍ നിറയെ ഇന്ത്യന്‍ഭക്ഷണം .ഇന്ത്യന്‍ രീതിയില്‍ പാചകം ചെയ്ത ഇറച്ചിക്കറി,പലതരം ചിപ്‌സുകള്‍, പപ്പടം..ഹായ്,നിറച്ചു കഴിച്ചു. .. ലഡ്ഡുവും സമോസയുമൊക്കെ ഇഷ്ടം പോലെ... എത്ര നാളായി ഇന്ത്യന്‍ രുചിയുള്ള എന്തെങ്കിലും കഴിചിട്ട്.. വയറു നിറയും വരെ കഴിച്ചോളാന്‍ അവിടെ ഉണ്ടായിരുന്ന മലയാളികള്‍ (അവരാണ് എന്റെ നാട്ടുകാര്‍) പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇതൊന്നുമല്ല വേണ്ടത് ചോറും സാമ്പാറും കിട്ടിയാലാണ് സന്തോഷം എന്ന്. ഓ നിനക്കറിയില്ലല്ലോ ചോറും സാമ്പാറും ആണ് ഞങ്ങള്‍ മലയാളികളുടെ ഇഷ്ട ഭക്ഷണം).

അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരാള്‍ എന്റെ അടുത്ത് വന്നു പറഞ്ഞു..
'വീട്ടില്‍ വന്നാല്‍ ചോറും സാമ്പാറും  തരാം' മോസ്‌കോയില്‍ റഷ്യന്‍ പുസ്തകങ്ങളുടെ മലയാളം പരിഭാഷകനായി ജോലി നോക്കുന്ന എം. എസ് രാജേന്ദ്രന്‍ ആണ് ആ ഓഫര്‍ വച്ചത്. എന്ത് ചെയ്യുമെന്ന് ഓര്‍ത്തു നോക്ക്.. വയര്‍ നിറയെ ഓരോന്ന് തിന്നു കഴിഞ്ഞിട്ടല്ലേ ഓഫര്‍..

വേണ്ട എന്ന് വയ്‌ക്കേണ്ടി വന്നു..കൊതിയായിട്ട് വയ്യായിരുന്നു.. ഇനി വീട്ടില്‍ ചെന്നിട്ടു  കഴിക്കാം..അമ്മ ഉണ്ടാക്കുന്ന സാമ്പാറിന്റെ രുചി എന്താണെന്നോ..ഓ നിന്നോട് പറഞ്ഞിട്ടെന്തു കാര്യം..നിനക്ക് സ്വപ്നത്തില്‍ കൂടി ഈ രുചിയൊന്നും അറിയാന്‍ പറ്റില്ലല്ലോ.. ബ്രെഡും നൂഡില്‍സുമല്ലേ നിന്റെ നാട്ടിലെ ഭക്ഷണം... നിങ്ങളുടെ നാട്ടിലെ ആ നീളന്‍ ബ്രെഡ് എനിക്കിഷ്ടമായി.ആ പാത്രത്തില്‍ പൂക്കള്‍ തുന്നിയ തുണി മൂടി നീ അന്ന് കൊണ്ട് വന്നപ്പോള്‍ ബ്രെഡിന് നല്ല ചന്തം തോന്നി. പല ആകൃതിയിലുള്ള ബ്രെഡുകള്‍ ഞാന്‍ കണ്ടിട്ടില്ല. ഞങ്ങളുടെ നാട്ടില്‍ ബ്രെഡും ബണ്ണും  മാത്രമേ കാണാറുള്ളൂ.

മോസ്‌കോയില്‍ ഞങ്ങള്‍ ഹോട്ടല്‍ യൂണിസ്റ്റിലാണ് താമസിക്കുന്നത്. വലിയൊരു ഹോട്ടല്‍..എനിക്ക് ഏറ്റവും ഇഷ്ടമായത് ടെലിവിഷന്‍ ആണ്. ഞാന്‍ ആദ്യമായാണ് ടെലിവിഷന്‍ കാണുന്നത്. ഞങ്ങടെ നാട്ടില്‍ ടെലിവിഷന്‍ ഇല്ല. ചെറിയ സിനിമാ സ്‌ക്രീന്‍ പോലെ ഒരു പെട്ടി. മോസ്‌കോ  സിറ്റീം വോള്‍ഗ നദിയുമൊക്കെ അതിലൂടെ കണ്ടു. ഇന്നലെ രാത്രി സോവിയറ്റ്  കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ബ്രഷ്‌നേവിനെ അതിലൂടെ കണ്ടു. മുന്‍പ് ഫോട്ടോയില്‍ കണ്ടിട്ടുണ്ട്. ടെലിവിഷനില്‍ കാണുമ്പോള്‍ നേരില്‍ കാണുന്നത് പോലെ തന്നെ ഉണ്ട്. നിന്റെ നാട്ടില്‍ ടെലിവിഷന്‍ ഉണ്ടോ?

നീ എവിടെയാണ് മിഹ്റിൻ?

ആര്‍ത്തേക്കില്‍ നിന്ന് നേരെ നിന്റെ നാട്ടിലേക്കു പോയോ? താജികിസ്താന്‍ വരെ വിമാനം ഉണ്ടോ? നീ താമസിക്കുന്ന ദുഷന്‍ബേ പട്ടണത്തിലേക്ക് തീവണ്ടിയില്‍ പോകണോ?

ഞങ്ങളിന്നലെ മോസ്‌കോ ചുറ്റിക്കണ്ടു. സാഷയാണ് കൊണ്ട് പോയത്.സാഷയെ  എനിക്ക് വലിയ ഇഷ്ടമാണെന്നു നിനക്കറിയാമല്ലോ. മോസ്‌കോ നിറയെ ലെനിന്റെ പടങ്ങള്‍ ഉണ്ട്.. പിന്നെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ നാട്ടിലെ പാട്ടുകാരന്‍ യേശുദാസിന്റെ ഫോട്ടോയും മോസ്‌കോയില്‍ കണ്ടു. യേശുദാസിനെ നിനക്കുമിഷ്ടമാണല്ലോ. നമ്മുടെ ഫേവറിറ്റ് പാട്ടുകള്‍  'ഗോരി തേരാ ഗാവ് ബഡാ പ്യാരേ ' യും 'ജബ്  ദീപ് ജലേ  ആയാ' യും പാടിയ യേശുദാസ് തന്നെ. 'ചിറ്റ് ചോര്‍'  സിനിമയിലെ പാട്ടുകള്‍ മുഴുവന്‍ ഞാന്‍ നിനക്ക് തന്ന കാസറ്റില്‍ ഉണ്ട്.ആ കാസറ്റ് അച്ഛന്‍ എനിക്ക് അമേരിക്കയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്തു കൊണ്ട് വന്നതാണ്.. ഹിന്ദി സിനിമാ പ്രേമിയായ നിനക്ക് തരാന്‍ പറ്റിയ സമ്മാനം. പെണ്‍കുട്ടീ, ഈ ഹിന്ദി സിനിമാ പ്രേമം നിനക്കെങ്ങനെ കിട്ടി? 

പിന്നെ ഞങ്ങള്‍ മോസ്‌കോയില്‍ കുറെ സ്ഥലങ്ങള്‍ കണ്ടു കേട്ടോ.. യങ് കമ്മ്യൂണിസ്‌റ് ലീഗ് ഓഫീസ്, ബോള്‍ഷോയി തീയേറ്റര്‍ ,ക്രെംലിന്‍ കൊട്ടാരം, സെന്റ് ബ്‌ളാസിലി കത്തീഡ്രല്‍, മോസ്‌കോ യൂണിവേഴ്‌സിറ്റി, മോസ്‌കോ നദി ഒക്കെ കാണാന്‍ കഴിഞ്ഞു.
 
സാഷ ഒരു പെട്ടി നിറയെ സമ്മാനങ്ങള്‍ എനിക്ക് തന്നു.. കോമാളിപ്പാവയെ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അതിനെ നമ്മുടെ കയ്യുപയോഗിച്ചു നൃത്തം ചെയ്യിക്കാം. നിനക്ക് അത്തരം പാവ ഉണ്ടോ? ഞങ്ങള്‍ നാളെ ഇന്ത്യക്ക് മടങ്ങും.എല്ലാവരെയും വിട്ടു പിരിയുന്നതില്‍ വല്ലാത്ത സങ്കടമുണ്ട്.. പോകാതെ തരമില്ലല്ലോ.

വീണ്ടും കാണണമെന്ന് ആഗ്രഹിച്ചു പിരിഞ്ഞാല്‍ കാണാന്‍ പറ്റുമെന്ന് നീ പറഞ്ഞില്ലേ..നമുക്ക് ആഗ്രഹിക്കാം. ഇനിയും നിറയെ നിറയെ കാണാന്‍, മിണ്ടാന്‍,കെട്ടിപ്പിടിക്കാന്‍, ഉമ്മ വയ്ക്കാന്‍.. കാണുന്ന നിമിഷങ്ങളെ മുഴുവന്‍ നമുക്ക് സജീവമാക്കണം. ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ..അതൊക്കെയല്ലേ  ഓര്‍ക്കാന്‍ ബാക്കിയുണ്ടാവൂ..

നമുക്കെഴുതാം..അക്ഷരങ്ങളിലൂടെ അന്യോന്യം ചേര്‍ത്തുവയ്ക്കാം..

ഇപ്പോള്‍ നിര്‍ത്തട്ടെ..

നിന്റെ ബീന.

*റഷ്യന്‍ ഭാഷയില്‍ ഗുഡ്ബൈ
 **ഐ കെ ഗുജ്റാള്‍ പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രിയായി.(1997 ഏപ്രില്‍ മുതല്‍ 1998 മാര്‍ച്ച് വരെ)
***ആര്‍ത്തേക്ക് ക്യാമ്പില്‍ ഒപ്പം ഉണ്ടായിരുന്ന ആന്ധ്രപ്രദേശ് സ്വദേശി.

Content Highlights: Memories with a friend