തിരുവനന്തപുരം
മാര്‍ച്ച് 25

എന്റെ എല്ലാമെല്ലാമായ മിഹ്റിന്‍കുട്ടീ,

കഴിഞ്ഞ കുറെ നാളുകളായി നിനക്കെഴുതാന്‍ സമയം കിട്ടിയിട്ടില്ല. സ്‌കൂള്‍ വാര്‍ഷികാഘോഷം, പരീക്ഷ, യാത്രാവിവരണം, എഴുത്ത്, ഇങ്ങനെ ഒരുപാട് തിരക്കുകളായിരുന്നു.  നിനക്ക് പരീക്ഷ കഴിഞ്ഞോ.  സ്‌കൂള്‍ഡേ പരിപാടികള്‍ നിനക്കുമുണ്ടായിരുന്നോ?  എന്റെ സ്‌കൂള്‍ഡേയൊക്കെ കെങ്കേമമായിരുന്നു.  രണ്ടു ദിവസമായിരുന്നു ആഘോഷം.  ആദ്യത്തെ ദിവസം കുട്ടികള്‍ക്ക്.  രണ്ടാമത്തെ ദിവസം രക്ഷാകര്‍ത്താക്കള്‍ക്ക്.  രണ്ടാമത്തെ ദിവസമാണ് മത്സരങ്ങള്‍ക്ക് സമ്മാനം തരുന്നത്.  എനിക്ക് പ്രസംഗം, ഉപന്യാസം, ചെറുകഥ, പദ്യപാരായണം, അക്ഷരശ്ലോകം, കാവകേളി തുടങ്ങിയവയ്ക്ക് സമ്മാനം കിട്ടി.  പിന്നെ നാടകവുമുണ്ടായിരുന്നു. നാടകത്തില്‍ അച്ഛന്റെ വേഷമായിരുന്നു എനിക്ക്.  

സ്‌കൂള്‍ഡേ കഴിഞ്ഞപ്പോഴേക്കും പരീക്ഷകളുടെ തിരക്കായി.  ''ഒന്‍പതാം ക്ലാസ്സാണ്, പഠിക്കൂ, പഠിക്കൂ എന്നാണ് ചുറ്റുപാടും നിന്ന് എല്ലാവരും പറയുന്നത്.  എന്റെ വീട്ടില്‍ അത്തരം നിര്‍ബ്ബന്ധങ്ങള്‍ ഒക്കെ കുറവാണ്.  അമ്മ പഠിക്കാന്‍ പറയും, അത്രേയുളളൂ.മിഹ്റിന്‍, പുറത്തെന്തോ വലിയ ബഹളം നടക്കുന്നു.  ഞാന്‍ പോയി നോക്കിയിട്ട് വന്നിട്ട് ബാക്കി എഴുതാമേ. 

women
കൊയ്ത്ത് നടക്കുന്ന വയലും വരമ്പും

 അവിടെ വരമ്പ് വഴക്ക്  നടക്കുന്നു.  രണ്ട് വയലുകള്‍ക്കിടയിലൂടെ ഒരു വരമ്പ് കാണും.  അതിലൂടെയാണ് ആളുകള്‍ നടന്നുപോകുന്നത്.  അതിന്റെ വീതി കൂട്ടലും കുറയ്ക്കലുമാണ് വരമ്പ് വഴക്കിന് കാരണമാകുന്നത്.  ഇതിപ്പോള്‍ മുന്നിലുള്ള വയലിന്റെ വരമ്പ് വീതികൂട്ടി സൈക്കിള്‍ പോകുന്നതിന് സൗകര്യമുണ്ടാക്കാന്‍ പഞ്ചായത്തുകാര്‍ വന്നതാണ് ബഹളകാരണം.  
വയലിന്റെ ഉടമസ്ഥന്‍ അപ്പൂപ്പന്‍ എന്തുവന്നാലും ഒരിഞ്ച് ഭൂമി പോലും വിട്ടു കൊടുക്കില്ലെന്ന് വാശിപിടിച്ചു നില്‍ക്കുന്നു.  പഞ്ചായത്തുകാര്‍ വീതികൂട്ടാനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്ന് പണിക്കാര്‍. ഉച്ചത്തില്‍ വഴക്ക് കൂടുകയാണ് വയലുടമസ്ഥന്‍.  ആകെ രസമാണ്.  നിനക്കറിയ്യോ, ഈ വരമ്പ് വഴക്ക്, അതിര് വഴക്ക് ഒക്കെ അവസാനം കത്തിക്കുത്തിലും ചിലപ്പോള്‍ കൊലപാതകത്തിലും വരെ അവസാനിക്കാറുണ്ടെന്ന്.  ഇപ്പോള്‍ വഴക്കുകൂടുന്ന അപ്പൂപ്പന്‍ ഇത്തരം വഴക്കുകള്‍ക്ക് വിദഗ്ധനാണ്. പുള്ളിക്ക് എവിടെയൊക്കെ വയലും പറമ്പും ഉണ്ടോ അവിടെയൊക്കെ വഴക്കുമുണ്ടാകും.  

ഇപ്പോള്‍ത്തന്നെ ഈ വരമ്പ് തീരെ ചെറിയ ഒന്നാണ്.  ഒരാള്‍ക്ക് കഷ്ടി നടന്ന് പോകാം.  ഇപ്പുറത്ത് ഒരു തോടാണ്.  രണ്ടുപേര്‍ ഒരുമിച്ച് വന്നാല്‍ ഒരാള്‍ തോട്ടിലോ വയലിലോ വീഴും. അപ്പൂപ്പന്റെ ഡിമാന്റ് എന്തെന്നോ. തോടു നികത്തി വരമ്പ് വലുതാക്കി സൈക്കിളോടിച്ചോളാന്‍. ഞങ്ങളുടെ നാട്ടില്‍ ഇപ്പോള്‍ ഒരുപാട് പേര്‍ സൈക്കിള്‍ വാങ്ങുന്നുണ്ട്. പഞ്ചായത്തുകള്‍ വഴികളൊക്കെ സൈക്കിള്‍ പോകാന്‍ പാകത്തിനാക്കിക്കൊണ്ടിരിക്കുകയാണ്. നിന്റെ നാട്ടിലും വയലും വരമ്പുമൊക്കെ ഉണ്ടോ? ഇവിടത്തെ വയല്‍വരമ്പുകളില്‍ കൂടി നടക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒന്നു തെറ്റിയാല്‍ അപ്പുറത്തോ ഇപ്പുറത്തോ വീഴും. പിന്നെ ചെളിയില്‍ മുങ്ങി ആകെ അലങ്കോലമാവും. ചില വരമ്പുകളില്‍ നിന്ന് നീര്‍ക്കോലി എന്ന് വിളിക്കുന്ന ചെറിയ പാമ്പുകള്‍ ഇഴഞ്ഞുവരും. പേടിച്ച് വരമ്പുതൊടാതെ ഓടും ഞങ്ങള്‍. പിന്നെ വരമ്പുകളില്‍ നിന്ന് പേടിപ്പിക്കാന്‍ വരുന്നത് ഞണ്ടുകളാണ്. ഞണ്ടുകളുടെ സൂത്രം കാലില്‍ ഞെറുക്കലാണ്. 

എത്ര ജാതി തവളകളാണെന്നോ ഓരോ വരമ്പിലും താമസിക്കുന്നത്. മഴക്കാലമായാല്‍ ക്രോം ക്രോം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കിക്കൊണ്ടേയിരിക്കും. തോടിനോട് ചേര്‍ന്നുള്ള വരമ്പാണെങ്കില്‍ പരല്‍ മീനുകള്‍ തുള്ളിച്ചാടി വരുന്നത് കാണാം.  ചിലനേരത്ത് എത്രയായിരം മീനുകളാണെന്നോ തോട്ടില്‍.  ഇവരൊക്കെ ഉണ്ടെങ്കിലും വയല്‍ വരമ്പുകളില്‍കൂടി നടക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്.  കാറ്റത്ത് നെല്‍ച്ചെടികള്‍ ഉലഞ്ഞാടുമ്പോള്‍ അതിനിടയില്‍ കൂടി നടക്കുന്നത് സ്വര്‍ഗ്ഗത്തില്‍ നടക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്.  നീണ്ട് നീണ്ട് വയലുകളാണ്.  

കടലുപോലെ വയലുകള്‍. ഓരോ കാലത്തും ഓരോ നിറമാണ്. ഞാറ് നടുന്ന കാലത്ത് ഇളംപച്ച, കുറച്ച് പകരുമ്പോള്‍ കടുംപച്ച, പിന്നെ കതിരിടുമ്പോള്‍ മറ്റൊരു പച്ച, നെന്മണികള്‍ മൂത്തു പഴുക്കുമ്പോള്‍ മഞ്ഞ.  കൊയ്യാറാകുമ്പോള്‍ സ്വര്‍ണ്ണ നിറമാകും. ഓരോ കാലത്ത് വീട്ടിന് ചുറ്റും ഓരോ നിറത്തിന്റെ കടലാണെന്ന് എനിക്ക് തോന്നും. കാറ്റടിക്കുമ്പോള്‍ തിരകള്‍ പോലെ നെല്‍ച്ചെടികള്‍ ആടിയുലയും.  വെയില്‍ തട്ടി നെല്‍ച്ചെടികള്‍ സ്വര്‍ണ്ണതിരമാലകള്‍ പോലെ ഉലയുമ്പോള്‍ എന്റെ നെഞ്ചില്‍ സന്തോഷം പതഞ്ഞുപൊങ്ങും. കൊയ്ത്തു കഴിഞ്ഞാല്‍ ചന്തമെല്ലാം പോകും. നെല്‍ച്ചെടികളുടെ കുറ്റികള്‍ നിരന്ന് മൈതാനം പോലെ. അപ്പോഴാണ് പന്തുകളിക്കൂട്ടങ്ങള്‍ എത്തുക.  അവര്‍ കളിച്ച് കളിച്ച് വയല്‍ മൈതാനമാകും.  അപ്പോള്‍ ഞങ്ങളും അവിടെപ്പോയി ഓടിക്കളിക്കും. ചിലപ്പോള്‍ ഒറ്റക്കാലില്‍ കൊന്നിക്കളിക്കും. 

women
 ഫോട്ടോ: മധുരാജ്

ഗോലി കളിക്കാനും എനിക്കിഷ്ടമാണ്. കണ്ണാടി കൊണ്ടുള്ള ഗോലികള്‍, സോഡാക്കുപ്പികളുടെ മുകള്‍ഭാഗത്ത് നിന്ന് കിട്ടും.  പല നിറത്തിലുണ്ട്.  ഇളം പച്ച, നീല, കടുംപച്ച, അങ്ങനെ ഓരോ നിറങ്ങളില്‍.  നിന്റെ നാട്ടില്‍ ഗോലി കളിയുണ്ടോ?  ഇവിടെ കളിക്കുന്നത് പറഞ്ഞുതരാം. അതുപോലെയാണോ അവിടെ എന്ന് എഴുതണേ. നിലത്തുണ്ടാക്കുന്ന ചെറിയ കുഴികളിലേക്ക് വലത്തേ കയ്യുടെ പെരുവിരലും ചൂണ്ടുവിരലും കൊണ്ട് ഗോലി പിടിച്ച് ഇടത്തേ കൈയ്യുടെ നടുവിരല്‍ പിറകിലേക്ക് വലിച്ച് ശക്തിയായി ഗോലി തെറിപ്പിക്കണം.  എതിരെ കളിക്കുന്ന ആളുടെ ഗോലി എറിഞ്ഞ് തെറിപ്പിക്കുകയും ചെയ്യും.  കുഴിയില്‍ വീഴ്ത്താന്‍ പറ്റിയില്ലേല്‍ തോറ്റുപോവും. തോറ്റാല്‍ കഷ്ടമാണ്.  തോറ്റയാളുടെ കൈ നിലത്തു മടക്കിവയ്പ്പിച്ച് ജയിച്ച ആള്‍ തോറ്റ ആളുടെ വിരലുകളുടെ മുട്ടുകളിലേക്ക് ഗോലി അടിച്ചുതെറിപ്പിക്കും.  പ്രാണന്‍ പോകുന്ന വേദനയായിരിക്കും.  അമ്മാവന്മാരുടെ കൂടെ കളിക്കുമ്പോള്‍ ഞാനെപ്പോഴും തോല്‍ക്കും.  കൈമുട്ടുകള്‍ക്ക് ഗോലികൊണ്ട് വേദനയോട് വേദനയായിരിക്കും.  

പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ പൂട്ടുന്നതു പോലെ സന്തോഷമുള്ള ഒരു കാര്യം അല്ലേ.  ഇന്നലെ സ്‌കൂള്‍ പൂട്ടിവന്ന് ബുക്കെല്ലാം പെട്ടിയിലാക്കി വച്ച് സ്വസ്ഥമായി ഇരിക്കുമ്പോള്‍ ശ്രീമാമന്‍ വന്നു.  ''വേഗം ഇറങ്ങിയാല്‍ സൈക്കിള്‍ യജ്ഞം കാണാന്‍ കൊണ്ടുപോകാം'' എന്ന് പറഞ്ഞു.  ഞാനും ബിന്ദൂം കൂടി ഛടപടാന്ന് പാവാടയും ബ്ലൗസുമൊക്കെ ഇട്ട് ഇറങ്ങി.  അപ്പോള്‍ കൊച്ചനിയത്തി ലക്ഷ്മി കരയാന്‍ തുടങ്ങി.  അവളെയും കൊണ്ടുപോകാന്‍ അമ്മ പറഞ്ഞു.  ഉടുപ്പൊക്കെ ഇട്ട് അവളും കൂടെയിറങ്ങി.  

എന്റെ മിഹ്റിന്‍, സൈക്കിള്‍ യജ്ഞം നീ കണ്ടിട്ടുണ്ടോ?  കാണേണ്ടതുതന്നെയാണ്.  നീ ഇവിടെ വരുന്നത് സൈക്കിള്‍ യജ്ഞം നടക്കുന്ന കാലത്താണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ കൊണ്ടുപോവും. രസകരമാണത്. ചന്തയുടെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്താണ് സൈക്കിള്‍ യജ്ഞം നടക്കുന്നത്.  ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ നടക്കാറുള്ളൂ.  സര്‍ക്കസ്, പാട്ട്, മാജിക്ക് ഒക്കെ സൈക്കിള്‍ യജ്ഞം നടക്കുന്നിടത്ത് ഉണ്ടാവുമെന്നുള്ളതുകൊണ്ട് ഞങ്ങള്‍ കാത്തിരിക്കും. യജ്ഞം നടക്കുന്ന പത്തു ദിവസവും സൈക്കിള്‍ ഓടിക്കുന്ന ആള്‍ ഉണ്ണുന്നതും ഉറങ്ങുന്നതും ഒക്കെ സൈക്കിളിലാണ് എന്നത് എന്തൊരത്ഭുതമാണല്ലേ.  ഞങ്ങളവിടെ ചെന്നപ്പോള്‍ മൈക്ക് ഘടിപ്പിച്ച ഒരു കൊടിമരത്തിന് ചുറ്റും ഒരാള്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടേയിരിക്കുകയാണ്.  അയാള്‍ സൈക്കിളിലിരുന്ന് ഏത്തപ്പഴം തിന്നുന്നത് ഞങ്ങള്‍ കണ്ടു. അതുകഴിഞ്ഞപ്പോള്‍ സൈക്കിള്‍ ഓടിച്ചുകൊണ്ടുതന്നെ അയാള്‍ ഷര്‍ട്ടുമാറി.  പിന്നെ സ്പീഡില്‍ സൈക്കിള്‍ ഓടിക്കാന്‍ തുടങ്ങി.  കാലുകള്‍ ഉയര്‍ത്തിയും കൈവിട്ടുമൊക്കെ സൈക്കിള്‍ ഓടിച്ചപ്പോള്‍ കൊച്ചനിയത്തി ലക്ഷ്മിക്കിഷ്ടമായി. അവള്‍ കൈയ്യടിച്ച് തുള്ളിച്ചാടി. 

ഇയാള്‍ രാത്രി സൈക്കിളില്‍ കിടന്നാണോ ഉറങ്ങുന്നത് എന്ന് പരിശോധിക്കാന്‍ അമ്മാവന്മാരും കൂട്ടുകാരും രാത്രി പമ്മിപമ്മി പോകാറുണ്ട്.  അതുപോലെ തന്നെ സൈക്കിള്‍ യജ്ഞക്കാരന്‍ കുളിക്കുന്ന കാഴ്ചയും കാണാന്‍ ഒരുപാടുപേര്‍ പോകും.  ശ്രീമാമന്‍ അത് കാണാന്‍ പോയിട്ടുണ്ട് എന്ന് പറഞ്ഞു. കുടംകണക്കിന് വെള്ളമെഴിച്ചാണത്രെ കുളി. സൈക്കിളിലിരുന്ന് പത്തും ഇരുപതും കുടം വെള്ളത്തിലൊക്കെ കുളിക്കുമെന്ന്. കുടവുമായി സൈക്കിള്‍ ചവിട്ടുന്നതും അമ്മാവന്‍ കണ്ടിട്ടുണ്ടെന്ന് കുളി കാണാന്‍ വരുന്നവര്‍ പൈസ കൊടുക്കുമെന്ന് അമ്മാവന്‍ പറഞ്ഞു. പഴം, മുട്ട, പാല്‍ ഒക്കെ വാങ്ങിക്കൊടുക്കുന്നവരും ഉണ്ടെന്ന്.  ഞങ്ങള്‍ പോകുമ്പോള്‍ കുളിയൊക്കെ കഴിഞ്ഞ് കിട്ടിയ സാധനങ്ങള്‍ ലേലം ചെയ്യുകയായിരുന്നു.  

women
സ്ട്രീറ്റ് സര്‍ക്കസിലെ പെണ്‍കുട്ടി, ഫോട്ടോ: ഇന്ദ്രാണി മുഖര്‍ജി

ഇന്നലെ അവിടെ പോയപ്പോള്‍ കണ്ട ഒരു പരിപാടി പേടിപ്പിക്കുന്നതായിരുന്നു.  ഒരു വലിയ കുഴി കുഴിച്ച് പലക നിരത്തി അതിലൊരാളെ കിടത്തി മണ്ണിട്ടു മൂടി.  പേടിച്ച് നെഞ്ചു കിടുങ്ങിപ്പോയി.  കുറെ കഴിഞ്ഞപ്പോള്‍ അതാ അയാള്‍ എഴുന്നേറ്റ് വരുന്നു.  അയാള്‍ക്ക് കുറെ കാശ് സംഭാവനയായി കിട്ടി കേട്ടോ.  ഇതുപോലെ വേറെ കുറെ പരിപാടികള്‍ ഉണ്ടായിരുന്നു കേട്ടോ.  ഒരാളുടെ നെഞ്ചില്‍ വലിയ കല്ല് കയറ്റിവച്ച് വലിയൊരു ചുറ്റിക കൊണ്ട് ഇടിച്ചുപൊട്ടിക്കുന്നത് കണ്ടു.  അതുപോലെ ട്യൂബ്ലൈറ്റും കുപ്പിയുമൊക്കെ വയറ്റില്‍ വച്ച് അടിച്ചുപൊട്ടിക്കുന്നതും കണ്ടു.  എനിക്കതൊന്നും ഇഷ്ടമായില്ല.  ഏറ്റവും ഇഷ്ടമാകാത്തത് ഒരു കൊച്ചുകുട്ടിയെ കമ്പിന്റെ അറ്റത്തിരുത്തി താഴേക്കിട്ട് പിടിക്കുന്നതാണ്. അതു തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അമ്മാവനോട് മടങ്ങിപ്പോകാമെന്ന് പറഞ്ഞു.  അത് കണ്ട് ലക്ഷ്മി കുറേ കരയുകയും ചെയ്തു. കൊച്ചുകുഞ്ഞുങ്ങളെ ഇങ്ങനെ അപകടം പിടിച്ച കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യണം അല്ലേ.  ഇവിടാരോ വന്നു, അമ്മ വിളിക്കുന്നു. വിശദമായി  അടുത്ത കത്തിലെഴുതാം.

ഇപ്പോള്‍ നിര്‍ത്തുന്നു.

നിന്റെ ബീന

Content Highlights: KA Beena Shared about Childhood memories of Street circus