തിരുവനന്തപുരം
മേയ് 13, 1978

പ്രിയ മിഹ്റിന്‍,

സന്തോഷത്തിന്റെ കൊടുമുടിയിലാണ് ഞാന്‍.  രണ്ട് കത്തുകള്‍ - ഒന്ന് നിന്റേത് - മറ്റേത്?  അതെ ഒടുവില്‍ ആ മറുപടി വന്നു.  'മാതൃഭൂമി വാരിക' യുടെ പത്രാധിപര്‍ യാത്രാവിവരണം പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞ് മറുപടി അയച്ചിരിക്കുന്നു.  ആരാണ് ആ പത്രാധിപര്‍ എന്നാണ് നിന്റെ വിചാരം?  ഓ, നീയൊരു മലയാളി അല്ലാത്തതില്‍ ഇത്രയേറെ സങ്കടം തോന്നുന്ന നിമിഷമില്ല.  മിഹ്റിന്‍, സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായര്‍ എനിക്ക് കത്തയച്ചിരിക്കുന്നു.
മാതൃഭൂമിയുടെ ലെറ്റര്‍പാഡിലാണ് കത്ത്.

ദാ നോക്ക് കത്തിലെ വരികള്‍
10.5.78
പ്രിയപ്പെട്ട ബീനയ്ക്ക്,
കത്തും യാത്രാവിവരണവും കിട്ടി.  യാത്രാവിവരണം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കാം.  അതില്‍ ചേര്‍ക്കാന്‍ പറ്റുന്ന എല്ലാ ഫോട്ടോഗ്രാഫുകളും അയയ്ക്കുക.  അവയെല്ലാം പിന്നീട് തിരിച്ച് അയച്ചു തരുന്നതാണ്.  ധാരാളം ഫോട്ടോഗ്രാഫുകളുണ്ടെങ്കിലല്ലേ ലേഖനങ്ങള്‍ അച്ചടിച്ച് വരുമ്പോള്‍ കാണാന്‍ ഭംഗിയുണ്ടാവൂ.  അപ്പോള്‍ കൂടുതലാളുകള്‍ വായിക്കുകയും ചെയ്യും.
സ്വന്തം.
ഒപ്പ്
എം.ടി.വാസുദേവന്‍നായര്‍

ഇങ്ങനൊരു കത്ത്. സത്യം കൊച്ചേ സ്വപ്നത്തില്‍ പോലും എനിക്ക് കാണാന്‍ പറ്റില്ല.  ''പത്രാധിപര്‍'' എന്ന് എഴുതി യാത്രാവിവരണം അയക്കുമ്പോള്‍ എം.ടി. വാസുദേവന്‍നായര്‍  മറുപടി അയയ്ക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്?  എം.ടി മലയാളത്തിലെ വലിയ വലിയ എഴുത്തുകാരനാണ്. വലിയതെന്ന് വച്ചാല്‍ ഒരുപാട് വലിയ എഴുത്തുകാരന്‍.

സ്‌കൂള്‍ വിട്ടു വന്നിരുന്ന് ഞാന്‍ എഴുതി ഉണ്ടാക്കിയതൊക്കെ അദ്ദേഹത്തെ പോലെയൊരാള്‍ വായിക്കുക - എന്നിട്ട് 'മാതൃഭൂമി' യില്‍ പ്രസിദ്ധീകരിക്കാമെന്ന് പറയുക.  ഈ നിമിഷത്തെ ഞാന്‍ നിന്നോട് പങ്കുവയ്ക്കുമ്പോള്‍ എന്തൊരു ചന്തമാണ്. ചിലപ്പോള്‍ തോന്നില്ലേ, ഈ നിമിഷത്തിനപ്പുറം എന്തിന് എന്ന്.  അതുപോലെ ഹൃദയത്തില്‍ നിറയുന്ന കൃതജ്ഞത.  ആരോടാണ് എന്തിനോടാണ് എന്നറിയാതെ കവിഞ്ഞ് നിറഞ്ഞ് സ്നേഹം.  മനുഷ്യഹൃദയത്തില്‍ എത്ര ആഴത്തിലായിരിക്കും ജീവിതമുദ്ര പതിയുക? ഹൃദയത്തില്‍ എം.ടി.യുടെ വരികള്‍ കുറിച്ചിടുന്നത് മുന്നോട്ടുള്ള എന്റെ ജീവിതമാണെന്ന് എനിക്ക് ഉറപ്പാകുന്നു. എന്റെ വഴി തെളിയുന്നു. പതിനാലു വയസ്സില്‍, ഞാന്‍ തിരിച്ചറിയുന്നു വാക്കിന്റെ വില്ലുമായി ജീവിതത്തിന്റെ തേര് തെളിക്കണമെന്ന്. ഇത് നന്ദിയുടെ മുഹൂര്‍ത്തം കൂടിയാണ് മിഹ്റിന്‍.

ഓര്‍മ്മ വച്ച നാളുമുതല്‍ എന്നെ വിശ്വസിച്ച വീട്ടുകാരോട്, അദ്ധ്യാപകരോട്, വാക്കിന്റെ കൈപിടിച്ച് നടത്തിയ അച്ഛനമ്മമാരോട്, വായനയുടെ ചക്രവാളങ്ങളിലേക്ക് പാറിപ്പറത്തിയ ലോകമെങ്ങുമുള്ള പ്രിയ എഴുത്തുകാരോട് - ഇല്ല കുട്ടീ, ഇതിലും മനോജ്ഞമായ ഒരു നന്ദി പറയലിന് ഇനി ഒരവസരം ഉണ്ടാവില്ല.

അധികം ഒരു വാക്ക് എഴുതിയാല്‍ ഞാന്‍ കരഞ്ഞുപോകും.നീ മനസ്സിലാക്കുക.  അതുകൊണ്ട് ഇതു ചെറിയ കത്താണ്.  നിന്റെ കത്ത് നിറയെ സ്നേഹമായിരുന്നുവല്ലോ.  നമുക്ക് നമ്മളില്‍ തന്നെ സ്നേഹത്താല്‍ സ്വാസ്ഥ്യം കണ്ടെത്താം.
നിന്നോടും നന്ദി പൊന്നേ.

നിന്റെ ബീന.

Content Highlights: KA Beena Share her childhood memory about get a letter from M.T Vasudevan Nair