തിരുവനന്തപുരം,
ഡിസംബര്‍-2, 1977

പ്രിയ മിഹ്രിന്‍,

നിന്റെ കത്ത് ഇന്ന് കിട്ടി. നിന്റെ ടീച്ചറിന് എന്റെ കത്തുകള്‍ ഇഷ്ടമായി എന്ന് എഴുതിയിരിക്കുന്നു. ടീച്ചറിന് സ്‌നേഹം. നിനക്കും സ്‌നേഹം. നിന്റെ അമ്മയോടും സ്‌നേഹം പറയണം.ആര്‍ത്തെക്കില്‍ വച്ച് നിനക്ക് വരുന്ന കത്തുകളില്‍ അമ്മ എന്നെ തിരക്കുമായിരുന്നല്ലോ. അമ്മ സുഖമായിരിക്കുന്നോ? നിന്റെ വലിയമ്മയെയും സ്‌നേഹം അറിയിക്കുക.വലിയമ്മ അല്ലെ നിന്നെ ആര്‍തെക്കിലെക്ക് അയച്ചത്. ഡാന്‍സ്പഠിപ്പിക്കാനൊക്കെ വലിയമ്മയ്ക്ക് താല്പര്യമാണെന്നൊക്കെ നീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ഞാന്‍ വലിയ തിരക്കിലാണ്. ക്രിസ്തുമസ് പ്പരീക്ഷ തുടങ്ങാറായി.ഒരുപാട് പഠിക്കാനുണ്ട്.യാത്ര കാരണം കുറെ ക്ലാസ് നഷ്ടപ്പെട്ടു.പിന്നെ സ്‌കൂളില്‍ നിന്ന് ഓരോ മത്സരങ്ങള്‍ക്കും മറ്റും പോകുന്നതിനാല്‍ അങ്ങനെയും കുറെ ക്ലാസ് പോകും. കൂട്ടുകാരികള്‍ നോട്ട് ഒക്കെ എഴുതി വച്ചേക്കും.റഷ്യയില്‍ വന്നപ്പോഴും അങ്ങനെ ആയിരുന്നു.

സ്‌കൂളിലെ മത്സരങ്ങള്‍ക്ക് ശ്രീദേവി ടീച്ചര്‍ ആണ് മിക്കപ്പോഴും കൊണ്ട് പോകാറുള്ളത്. പ്രസംഗം, ഡിബേറ്റ്, ഉപന്യാസം , ക്വിസ് ഒക്കെയാണ് എന്റെ മത്സര ഇനങ്ങള്‍. മിക്കപ്പോഴും സമ്മാനം കിട്ടും. സമ്മാനം കിട്ടിയാല്‍ സ്‌കൂള്‍ അസംബ്ലിയിലനുമോദനം ഉണ്ട്. എന്റെ കൂട്ടുകാര്‍ക്ക് ആണ് അപ്പോള്‍ കൂടുതല്‍ സന്തോഷം.

സ്‌കൂളില്‍ നിന്ന് വന്നു പഠിച്ചു കഴിഞ്ഞാല്‍ യാത്രാവിവരണം എഴുതുന്ന ജോലി തുടങ്ങും. വായനശാലയില്‍ പോയി ചില ബുക്കു കള്‍ ഒക്കെ എടുത്തു.സോവിയറ്റ് യൂണിയനിലെ വിദ്യാഭ്യാസം ആണ് ഇപ്പോള്‍ വായിക്കുന്നത്. നോട്ട് ഒക്കെ കുറിക്കുന്നുണ്ട്.ഏറ്റവും നല്ലത് കുട്ടികള്‍ക്ക് എന്ന് ലെനിന്‍ പറഞ്ഞതും കുട്ടികളാണ് നമ്മുടെ ഭാവി വിധി കര്‍ത്താക്കള്‍ എന്ന് മാക്സിം ഗോര്‍ക്കി പറഞ്ഞതും ഒക്കെ എഴുതി വച്ചു. ഏഴു വയസ്സ് വരെ നിങ്ങള്ക്ക് കിന്റെര്‍ ഗര്‍ട്ടനില്‍ പഠിക്കണം അല്ലെ, ഇവിടെ 5 വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേരാം. പുസ്തകം എഴുതാന്‍ ഞാന്‍ കഠിനമായി പണിയെടുക്കുന്നുണ്ട്.ചില ദിവസം രാത്രി ഒരു മണി വരെ ഒക്കെ ഇരിക്കും. പിറ്റേന്ന് സ്‌കൂളില്‍ പോകേണ്ടത് കൊണ്ട് അധികം ഉറക്കം ഒഴിക്കാനും പറ്റില്ല.

k a beena
കെ.എ ബീന

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉറങ്ങാന്‍ പ്രയാസമായിരുന്നു.ഞങ്ങളുടെ നാട്ടില്‍ ചുഴലിക്കാറ്റു കാരണം ഒരുപാട് പേര്‍ മരിച്ചു പോയി. 50,000 ത്തോളം പേര്‍ മരിച്ചുവെന്നാണ് ന്യൂസ് പേപ്പറില്‍ കണ്ടത്. ആന്ധ്രാ പ്രദേശിലാണ് കാറ്റ് വീശിയത്. എന്റെ മിഹ്രിന്‍ , പേപ്പറിലെ ഫോട്ടോകള്‍ കണ്ടാല്‍ കരഞ്ഞു പോകും. മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു...അതും നൂറു കണക്കിന്. തെങ്ങിന്റെ പൊക്കത്തിനു വെള്ളം പോങ്ങിയെന്നാണ് വാര്‍ത്ത. ചിലരൊക്കെ രക്ഷപ്പെടാന്‍ തെങ്ങിന് മുകളില്‍ കയറിയിരുന്നു. ദിവിസീമ എന്ന ഗ്രാമത്തില്‍ അങ്ങനെ തെങ്ങില്‍ കയറി ഇരുന്നവര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഒരു പള്ളിയില്‍ നൂറോളം പേര്‍ രക്ഷ തേടി എത്തി.അവരെല്ലാവരും മരിച്ചു പോയെന്നു വായിച്ചു. മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ വേണ്ടി ശവസേന എന്നൊരു സംഘത്തെ ഉണ്ടാക്കിയെന്നും നൂറു കണക്കിന് മൃതദേഹങ്ങള്‍ ഒരു കുഴിയില്‍ തന്നെ സംസ്‌കരിച്ചെന്നും  കേട്ട്  കരഞ്ഞു പോയി മിഹ്രിന്‍. ഞാന്‍ ആര്‍ത്തെക്കിനു വരുമ്പോള്‍ ഡല്‍ഹി വരെ തീവണ്ടിയിലാണ് വന്നത്.. ആന്ധ്ര വഴിയായിരുന്നു  തീവണ്ടി. വിജയവാഡ സ്റ്റേഷനടുത്ത് കൃഷ്ണാ നദി കണ്ടു.  എന്തൊരു കാഴ്ചയാണ്. ഗംഗ, ഗോദാവരി, ബ്രഹ്‌മപുത്ര  ഇവ കഴിഞ്ഞാല്‍ വലിപ്പം കൊണ്ട്  ഇന്ത്യയിലെ നാലാമത്തെ നദിയാണ് കൃഷ്ണ. വിജയനഗരതിന്റെയും ഭാമിനി സുല്ത്താന്മാരുടെയും യുദ്ധഭൂമി എന്ന് ചരിത്രപുസ്തകത്തില്‍ പഠിച്ച സ്ഥലം. ചുഴലിക്കാറ്റ് കൃഷ്‌നാനദിയിലും ഓരങ്ങളിലും താണ്ഡവം ആടിയെന്നു പത്രവാര്‍ത്ത വായിച്ചപ്പോള്‍  ഞാന്‍ കണ്ട കൃഷ്ണാ നദി ഓര്‍മ്മയില്‍ വന്നു. വിജയവാഡ സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയപ്പോള്‍ ഒരുപാട് പേര്‍ ഓടിവന്നു ഭിക്ഷ ചോദിച്ചതും ഓര്‍മ്മ വന്നു. അവരൊക്കെ വെള്ളപ്പൊക്കത്തില്‍ പെട്ട് കാണുമോ ആവോ?

പ്രകൃതി എത്ര വലിയ ഒരു പ്രതിഭാസമാണ് അല്ലെ. ചിലപ്പോള്‍ നന്മ കൊണ്ട് മാറോടണക്കും. മറ്റു ചിലപ്പോള്‍ സംഹാരരുദ്ര. മിഹ്രിന്‍ നിനക്ക് തോന്നാറുണ്ടോ ഈ വലിയ പ്രപഞ്ചത്തില്‍ നാം എത്ര ചെറുതാണ് എന്ന്. ചെറുതിലും ചെറുത് എന്ന് എനിക്ക് തോന്നും. യാത്രകള്‍ ചെയ്യുമ്പോഴാണ് അത് കൂടുതല്‍ ഉറപ്പാകുന്നത്. കുറച്ചു മാസങ്ങള്‍ക്ക് മുന്പ് ഞാന്‍ വഴയില എന്ന എന്റെ ഗ്രാമത്തില്‍  , വഴുതക്കാട് എന്ന എന്റെ സ്‌കൂള്‍ ചെയ്യുന്ന നഗരപ്രദേശത്തില്‍ മാത്രം ജീവിതം കണ്ടിരുന്ന ഒരു പെണ്‍കുട്ടിയായിരുന്നു. ഇപ്പോള്‍ എനിക്ക് എവിടെയെല്ലാമാണ് സ്വന്തമായിരിക്കുന്നത്..

ജീവിതത്തെ കുറിച്ച് മനസ്സിലാക്കിക്കാന്‍ യാത്രകള്‍ക്കും പുസ്തകങ്ങള്‍ക്കും ഒരു പോലെ  കഴിവുണ്ട്. നമ്മള്‍ കാണാത്ത നാടുകളിലെ കാര്യങ്ങള്‍ പോലും പുസ്തകങ്ങള്‍ നമ്മളെ ആഴത്തില്‍ അനുഭവിപ്പിക്കും.

ഇന്നലെ വായിച്ചു തീര്‍ത്ത ' കാട്ടുകടന്നല്‍'' എന്ന പുസ്തകത്തെ കുറിച്ച് നിന്നോട് പറയാതെ വയ്യ. ഞാനത് മൂന്നാം വട്ടമാണ് വായിക്കുന്നത്. ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പ്രസംഗ മത്സരത്തിന് സമ്മാനം കിട്ടിയതാണ്. ഒരു പുസ്തകം തൊടുമ്പോള്‍ ഒരു ഹൃദയത്തെ തൊടുന്നു എന്നൊരു കവിതയില്‍ വായിച്ചിട്ടുണ്ട്. ''കാട്ടുകടന്നല്‍'' വായിക്കുമ്പോള്‍ ഒന്നല്ല കുറച്ചു പേരുടെ ഹൃദയത്തെ തൊടുന്നത് പോലെ ആണ് എനിക്ക് തോന്നാറുള്ളത്. ഇതിലെ ഗെമ്മ, ആര്‍തര്‍, കര്‍ദിനാള്‍  മോണ്ടിനെല്ലി തുടങ്ങിയവരുടെയൊക്കെ ഹൃദയം നമ്മള്‍ തൊട്ടു പോകും. അയര്‍ലണ്ട് കാരിയായ  എതല്‍ ലിലിയന്‍ വോയ്‌നിച് എഴുതിയ ഈ നോവല്‍ നമ്മളെ അതിശയിപ്പിക്കും.എന്തൊരു ഭാവനയാണ്. 'The Gadfly' എന്നാണ് ഈ നോവലിന്റെ ഇംഗ്ലീഷ് പേര്

k a beena

പത്തൊന്‍പതാം യൂറോപ്പിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പശ്ചാത്തലമാക്കിയുള്ള ഈ നോവല്‍ സംഭവബഹുലമാണ്. റഷ്യന്‍ ഭാഷയില്‍ വിവര്‍ത്തനം വന്നിട്ടുണ്ടാവും. നീ വായിക്കണേ.. 

മനോഹരമായ ഒരു പ്രണയം, സങ്കീര്‍ണമായ കുറെ മനുഷ്യബന്ധങ്ങള്‍, അവയുടെ ഊരാക്കുടുക്കുകള്‍ തുടങ്ങിയാല്‍ താഴെ വയ്ക്കാന്‍ തോന്നാത്തവിധമാണ് നോവല്‍ എഴുതിയിരിക്കുന്നത്. ഞാനത് വായിച്ചു കരയുകേം ചിരിക്കുകേം ഒക്കെ ചെയ്തു.

കാട്ടുകടന്നല്‍ അവസാനിക്കുമ്പോള്‍  ഒരു കൊച്ചു കവിതയുണ്ട്..

ഞാനൊരു പൂമ്പാറ്റ
ആനന്ദിക്കും പൂമ്പാറ്റ
മരിച്ചാലും, ജീവിച്ചാലും
ആനന്ദിക്കും പൂമ്പാറ്റ..''.

എന്റെ പൂമ്പാറ്റക്കുഞ്ഞേ,ആനന്ദമായിരിക്കൂ..

നിന്റെ ബീന

Content Highlights: K.A Beena Writes About Russian travel Memories with a friend