തിരുവനന്തപുരം,

സെപ്തംബര്‍. 22,1977

എന്റെ മിഹ്രിന്‍ കൊച്ചെ,

ഈ ഭാഷ എന്തൊരത്ഭുതമാണ് അല്ലെ. ഇതെങ്ങനെയാണ് ഉണ്ടായതെന്ന് ആലോചിച്ചു എനിക്ക് തല പുകയാറുണ്ട്. ഓരോരോ ഭാഷകള്‍, അക്ഷരങ്ങള്‍, വാക്കുകള്‍, വാചകങ്ങള്‍, വ്യാകരണം. അമ്പമ്പോ എന്തൊരത്ഭുതം. എന്റെ ഭാഷയായ മലയാളത്തിലെ ആദ്യത്തെ വാക്ക് ഏതായിരിക്കും എന്ന് ഒരുപാട് ആലോചിട്ടുണ്ട്. ആരായിരിക്കും അതുണ്ടാക്കിയത്? എങ്ങനെയായിരിക്കും മലയാളത്തില്‍ ലിപി ഉണ്ടായത് അങ്ങനെയൊക്കെ ചിന്തിച്ചു പ്രാന്താകും.

നിന്റെ താജികി ഭാഷ കേള്‍ക്കാന്‍ നല്ല രസമുണ്ട്. നീ റഷ്യന്‍ ഭാഷ സംസാരിക്കുന്നത് കേള്‍ക്കാനും എനിക്ക് ഇഷ്ടമാണ്. താജികിസ്ഥാന്‍കാര്‍ക്കെല്ലാവര്‍ക്കും റഷ്യന്‍ അറിയാമോ? ഞങ്ങളുടെ നാട്ടില്‍ ഹിന്ദി ആണ് ഒരുപാട് സംസ്ഥാനങ്ങളിലെ ആളുകള്‍ സംസാരിക്കുന്നത്. പക്ഷെ കേരളത്തിലെ ആളുകള്‍ക്ക് ഹിന്ദി വളരെ വിഷമമാണ്. സ്‌കൂളില്‍ ഞങ്ങള്‍ മൂന്നു ഭാഷ പഠിക്കും.
മലയാളം , ഹിന്ദി, ഇംഗ്ലീഷ്.

ഇപ്പോള്‍ ഒരു കാര്യം ഉറപ്പായി. സ്‌നേഹിക്കാന്‍ ഭാഷയൊന്നും വേണ്ട. എന്റെ ഭാഷ നിനക്കോ നിന്റെ ഭാഷ എനിക്കോ അറിയില്ല. എന്നിട്ടെന്താ, എനിക്ക്  നിന്നോടും നിനക്ക് എന്നോടും എന്തൊരു സ്‌നേഹമാണ്. ഇഷ്ടം കൂടാന്‍ ഭാഷയൊന്നും വേണ്ട, ഇഷ്ടം മാത്രം മതി.

നിനക്ക് ഞാന്‍ എഴുതുന്ന കത്തുകള്‍  നിന്റെ സ്‌കൂളിലെ ഇംഗ്ലീഷ് അറിയുന്ന ടീച്ചര്‍ വായിച്ചു തരുന്നുണ്ടോ? നീ ഏതു ഭാഷയില്‍ മറുപടി എഴുതും? ആ ടീച്ചര്‍ എഴുതി തരുമോ?

women
നവറുസ് ഭക്ഷണം

ഞാന്‍ നാട്ടിലെത്തി ഇത്ര ദിവസം കഴിഞ്ഞിട്ടും നിനക്ക് എഴുതാന്‍ പറ്റിയില്ല. നിന്റെ ഒരു കത്ത് കിട്ടിയതും ഇല്ല. നിനക്ക് കത്തയക്കുക പ്രയാസമാണോ? എന്നാലും ഞാന്‍ എഴുതാം. നിനക്ക് കത്തെഴുതാന്‍ എനിക്കിഷ്ടമാണ്. ഡയറി എഴുതും  പോലെ , മനസ് നിറഞ്ഞു സ്‌നേഹമുള്ളപ്പോള്‍  അത് പുറത്തേക്ക് ഒഴുകുന്നത് കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. നീ മറുപടി എഴുതുന്നോ എന്നത് പോലും ഓര്‍ക്കാതെ. ഞാന്‍ എനിക്ക് വേണ്ടി തന്നെ നിന്നോട് മിണ്ടുന്നത് പോലെ തോന്നും. അപ്പോഴെനിക്ക് നിന്നോടും എന്നോടും എല്ലാവരോടും സ്‌നേഹം തോന്നും.

ഞാന്‍ മടങ്ങി എത്തിയ ദിവസങ്ങളില്‍ ഇവിടെ ഓണമായിരുന്നു. ഓണം ഞങ്ങളുടെ ദേശീയ ഉത്സവം ആണ്.

നിന്റെ നാട്ടിലെ പ്രധാനപ്പെട്ട ഉത്സവമായ നവറുസ് (NOWRUZ) നെ കുറിച്ച് നീ പറഞ്ഞതൊക്കെ ഞാന്‍ നോട്ടില്‍ കുറിച്ച് വച്ചിട്ടുണ്ട്. നവറുസ് എന്നാല്‍ new day. വസന്ത കാലത്തിന്റെ തുടക്കം, പേര്‍ഷ്യന്‍ കലണ്ടറിലെ ആദ്യദിവസം, മിക്ക വര്‍ഷങ്ങളിലും മാര്‍ച്ച് 21 മുതല്‍ 24 വരെ  ആയിരിക്കും ഇതൊക്കെ നോട്ടിലുണ്ട്. നിന്റെ നവറുസ് ഉത്സവത്തെ കുറിച്ച് കേട്ടപ്പോള്‍ എനിക്ക് ഞങ്ങളുടെ ഓണവുമായി കുറെ സാമ്യങ്ങള്‍ തോന്നി..ഒന്നാമത് നവറുസ്   മതേതര( secular) ഉത്സവമാണ് എന്ന് കേട്ടപ്പോള്‍...പിന്നെ  രണ്ടു ഉത്സവങ്ങളും ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്നു. വീടും പരിസരോം വൃത്തിയാക്കല്‍, പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കല്‍, പാട്ടും നൃത്തവും ഒക്കെ ഓണത്തിനും ഉണ്ട്. നിങ്ങള്‍ നവറുസ് കാലത്ത് പുതിയ ഉടുപ്പുകള്‍ വാങ്ങില്ലേ, ഞങ്ങളും ഓണത്തിനു പുത്തന്‍ വേഷങ്ങള്‍ വാങ്ങും.

women
താജിക്കിസ്ഥാനിലെ മലനിരകള്‍

 'സമാനക്ക് ദാര്‍  ജുഷ്  മോ  കഫ്ച്ച സാനേം  ( Sumanak dar jush mo kafcha zanem. )' എന്ന പാട്ടു നവറുസ്  കാലത്ത് നിന്റെ നാട് മുഴുവന്‍ കേള്‍ക്കും എന്ന് നീ പറഞ്ഞില്ലേ..അത് പോലെയാണ് ഓണക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ' മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ' എന്ന പാട്ട്.

ഒരു നവറുസ് കാലത്ത് ഞാന്‍  നിന്റെ നാട്ടില്‍ വരും. അവിടെ മുഴുവന്‍ മലകള്‍ ആണെന്ന് നീ പറഞ്ഞില്ലേ. എന്തായിരുന്നു അവയുടെ പേര്? ഫാന്‍ (Fann )എന്നല്ലേ? ആ  മലകയറാന്‍  നമുക്ക് പോകണം. അതി രാവിലെ ഭക്ഷണമൊക്കെ എടുത്ത് മലകള്‍ കയറി കയറി  മുകളില്‍ എത്തണം. അവിടെ നിന്ന് നോക്കിയാല്‍  ഇന്ത്യ കാണുമോ? അത്ര വലിയ ദൂരമൊന്നുമില്ല നമ്മുടെ നാടുകള്‍ തമ്മില്‍. ഞാന്‍ അറ്റ്‌ലസില്‍  നോക്കി. 1337 കിലോമീറ്ററുകള്‍ മാത്രം. ഞാന്‍ താമസിക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് 2862 കിലോമീറ്ററുകള്‍. നമുക്ക് ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും പോയിക്കൊണ്ടേയിരിക്കണം.

രാജ്യം, അതിര്‍ത്തി,പാസ്‌പോര്‍ട്ട്,വിസ എന്തെല്ലാമാണ് മനുഷ്യനെ വേര്‍പിരിക്കുന്നത്. എന്തിനാണ് ഇവയൊക്കെ. എനിക്കും നിനക്കും ഇടയില്‍ മനസ്സുകള്‍ക്കു അതിരുകളേയില്ലല്ലോ.

ഒരു ഓണക്കാലത്ത്  നീ ഇങ്ങോട്ടു വരണം. ആകാശം മുട്ടുന്ന മാവിന്റെ ഏറ്റവും പൊക്കമുള്ള കൊമ്പില്‍ അപ്പൂപ്പന്‍ കെട്ടിത്തരുന്ന വലിയൊരൂഞ്ഞാല്‍. പിന്നെ  മുറ്റത്ത് പൂക്കളം.ഓണസദ്യ,പന്തു കളി. നമുക്ക് നവറുസും ഓണവും ആഘോഷിക്കണം. നിനക്ക് ഇതിനൊപ്പം ഇക്കൊല്ലത്തെ  ഓണത്തിന്റെ ചില ഫോട്ടോസ് അയച്ചു തരാം കേട്ടോ. നീ അവിടുത്തെ ഫോട്ടോസ് അയക്കുമോ?

women
താജിക്കിസ്ഥാനിലെ ഭക്ഷണം

നിന്റെ നവറുസും എന്റെ ഓണവും കൂട്ടുകൂടാനും ആനന്ദിക്കാനും പഴയ കാലത്തെ  ആളുകള്‍ക്ക്  പ്രകൃതിയുമായുണ്ടായിരുന്ന ബന്ധം ഓര്‍ക്കാനും ഒപ്പം ഒരു സമൂഹജീവിയാണെന്ന ഓര്‍മ്മ അടിവരയിട്ടു ഉറപ്പിക്കാനും ഒക്കെ ഉള്ളതാണ്. ജാതി മതം, സ്ത്രീ പുരുഷന്‍ ഭാഷ, പ്രായം തുടങ്ങിയ ദേദങ്ങളില്ലാതെ മനുഷ്യര്‍ ഒന്നാകുന്ന ആഘോഷ കാലങ്ങള്‍.

ഇപ്പോള്‍ കത്ത് നിര്‍ത്തുന്നു.അനിയത്തിമാര്‍  ബിന്ദുവും  ലക്ഷ്മിയും  കളിക്കാന്‍ വിളിക്കുന്നു. ചെന്നില്ലെങ്കില്‍ അവര്‍  പിണങ്ങും. ഞാന്‍ ഏതാണ്ട് രണ്ടു മാസമായി ഡല്‍ഹിയിലും മോസ്‌കോയിലും ആര്‍ ത്തെക്കിലും ഒക്കെ ആയി യാത്രയില്‍ ആയിരുന്നതിനാല്‍ അവര്‍ക്കു  കളിക്കാന്‍ കൂട്ടില്ലായിരുന്നല്ലോ.  ആര്‍ത്തേക്ക് കഥകള്‍ കേള്‍ക്കണം എന്നും ബിന്ദു ഇടയ്ക്കിടെ  വാശി പിടിക്കും.  നമ്മുടെ കളികളെ കുറിച്ചൊക്കെ ഞാന്‍ പറഞ്ഞു കൊടുത്തു. നിന്റെ ഫോട്ടോ ഞാന്‍ കാണിച്ചു കൊടുത്തു.അവള്‍ക്കു നല്ല ഇഷ്ടമായി. നിന്നെ അല്ലെങ്കില്‍ തന്നെ ആര്‍ക്കാ ഇഷ്ടമാവാത്തത് ?

നീ പഠിപ്പിച്ച  താജികി നൃത്ത ചുവടുകള്‍ ഞാന്‍ അവള്‍ക്കു കാണിച്ചു കൊടുത്തു. നീ ആ വെള്ളയും ചുമപ്പും  ഉടുപ്പിട്ടു അലുക്കുകളുള്ള ചുമന്ന തൊപ്പിയും വച്ച് നൃത്തം ചെയ്യുമ്പോള്‍ എന്തൊരു ഭംഗിയാണ്. നിനക്കോ  നൃത്തത്തിനോ ഭംഗി കൂടുതല്‍ എന്ന് എനിക്കറിയില്ല. എനിക്കപ്പോള്‍ നീ നിറയെ സ്‌നേഹമാണെന്നു തോന്നും. സ്‌നേഹം നൃത്തമായി മാറുമോ? നിന്റെ  മനസ്സ്  നൃത്തച്ചുവടുകള്‍ ആയി മാറുന്നതാണോ..? നിന്നെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നിന്റെ നൃത്തത്തെ മാറ്റി നിര്‍ത്തി ഓര്‍ക്കാന്‍ എന്തോ എനിക്ക് കഴിയാറില്ല. പ്രിയപ്പെട്ട കൂട്ടുകാരീ, നീ നൃത്തം ചെയ്യൂ, ജീവിതമാകെ നൃത്തമാക്കി മാറ്റൂ..നീയും നൃത്തവും ഒന്നായി മാറട്ടെ. നിനക്ക് വേണ്ടി ഇതിനേക്കാള്‍ വലിയ പ്രാര്‍ത്ഥന എനിക്കില്ല. 

ഇനിയുമെഴുതാം.

നിന്റെ ബീന 

Content Highlights: K.A Beena Writes About Memories with a friend