തിരുവനന്തപുരം,
ഫെബ്രുവരി 22. 1978

എന്റെ മിഹ്രിന്‍,

നിന്റെ നീണ്ട കത്ത് കിട്ടി. എത്ര പ്രാവശ്യം ഞാനത് വായിച്ചുവെന്ന് നിനക്കറിയുമോ?നിന്റെ സ്‌കൂളിലെ വര്‍ത്തമാനങ്ങള്‍ വായിച്ച് ഞാന്‍ അതൊക്കെ മനസ്സില്‍ കണ്ട് സന്തോഷിച്ചു. ഓ അപ്പോള്‍ നീയൊരു മലകയറ്റ എക്സ്പര്‍ട്ട് ആണല്ലേ.. മലകയറാന്‍ പോകുമ്പോള്‍ ഉരുട്ടിയിടുന്ന കളി. നിന്നെ ഉരുട്ടി ഇട്ട തമാറായെ എനിക്കത്ര ഇഷ്ടമായില്ല കേട്ടോ. ഞാനുണ്ടായിരുന്നെങ്കില്‍ അവളെ ആ വലിയ മലയുടെ മുകളില്‍ നിന്ന് താഴേക്ക് ഉരുട്ടിഉരുട്ടി ഇട്ടേനെ. വേണമെങ്കില്‍ രണ്ടു ഇടിയും കൊടുക്കും. നിന്നെ ആരും വേദനിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കില്ല, തമാശയ്ക്ക് ആണെങ്കില്‍ പോലും.

ഈ വീരവാദം ഒക്കെ വെറുതെ ആണെന്ന് നീ പറയും അല്ലേ.. നിനക്ക് എന്നെ അറിയാമല്ലോ. അടിക്കാനും ഇടിക്കാനും പോയിട്ട് ഒന്ന് നുള്ളി നോവിക്കാന്‍ പോലും കഴിയാത്ത ഞാന്‍. അല്ലെങ്കില്‍ തന്നെ എന്തിനാണ് മനുഷ്യര്‍ അന്യോന്യം വിഷമിപ്പിക്കുന്നത് അല്ലേ.. സന്തോഷമാണ് ജീവിതത്തിന്റെ സുകൃതം എന്ന് ഇന്ന് ഹിന്ദി ടീച്ചര്‍ കബീര്‍ ദോഹകള്‍ പഠിപ്പിക്കുമ്പോള്‍ പറഞ്ഞു. കബീര്‍ ആരാണെന്നു നീയിപ്പോള്‍ ചോദിക്കുന്നുണ്ട് അല്ലേ.. ഇന്ത്യയില്‍ ജീവിച്ച ഒരു മിസ്റ്റിക് കവി ആണ് കബീര്‍. ജീവിതത്തെ കുറിച്ച് കബീര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍കേള്‍ക്കുമ്പോള്‍ നമ്മള്‍ ഒരുപാട് ചിന്തിച്ചു പോകും. ഇന്ന് ടീച്ചര്‍ പറഞ്ഞ ഒരു വാചകം കേള്‍ക്കണോ.. കബീറിന്റെതാണ്. ജീവിതം ഒരിക്കലെയുള്ളൂ.. പല വട്ടം വരുന്ന അതിഥിയല്ല ജീവിതം. ഓരോ നിമിഷവും പൂര്‍ണമായി ജീവിക്കണം. ഉള്ളില്‍ നന്മ നിറയുമ്പൊഴെ അത് സംഭവിക്കൂ. നന്മ കൊണ്ട് തിളങ്ങുമ്പോള്‍ജീവിതത്തിനും തിളക്കം ഉണ്ടാവും. വല്ലതും പിടി കിട്ടിയോ പെണ്‍കുട്ടി? എനിക്കത്ര പിടി കിട്ടിയിട്ടില്ല..എങ്കിലും നോട്ട്ബുക്കില്‍ എഴുതി വച്ചു.. നിനക്ക് എഴുതി അയക്കാം എന്നോര്‍ത്ത്.

സ്‌ക്കൂളില്‍ പാഠങ്ങള്‍ ഒക്കെ പഠിപ്പിച്ചുകഴിഞ്ഞു. ഇനി പരീക്ഷക്കാലം ആണ്. ഇതിനിടയില്‍ യാത്ര എഴുത്തിന്റെ ജോലികള്‍ മുടക്കുന്നില്ല. ലൈബ്രറിയില്‍ പോക്ക്.. വായന, നോട്ട് എഴുതി എടുക്കല്‍ ഒക്കെ നടക്കുന്നു. പത്ത് അദ്ധ്യായങ്ങള്‍ ആക്കി എഴുതുകയാണ്.സുകുമാരന്‍ സാര്‍ കുറെ സോവിയറ്റ് ലാന്‍ഡ് മാസികകള്‍ തന്നു. റഷ്യന്‍ കുട്ടികളെ കുറിച്ച് അതില്‍ ഒരു ലേഖനം ഉണ്ട്. കുറെ പോയിന്റ്‌സ് അതില്‍ നിന്ന് എഴുതി എടുത്തു. നിന്റെ നാട്ടില്‍ കുട്ടികള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കുന്നതിന് മടിയില്ലെന്നാണ് എനിക്ക് തോന്നിയത്. ഇവിടേം കുട്ടികള്‍ക്ക് വിലയുണ്ടായെങ്കില്‍ .

women
അനിയത്തി ബിന്ദു

അര്‍ധരാത്രി ആയിരിക്കുന്നു. ചുറ്റും രാത്രിയുടെ ശബ്ദങ്ങള്‍. നിനക്ക് രാത്രിയെ പേടിയുണ്ടോ? എന്റെ അനിയത്തി ബിന്ദുവിന് വലിയ പേടിയാണ്. യക്ഷികള്‍, മരുതകള്‍, ജിന്നുകള്‍, പാഞ്ഞു പോകുന്ന വാല്‍നക്ഷത്രം... അവള്‍ക്ക് പേടി തോന്നാന്‍ ഒരു കരിയില അനക്കം മതി. ജനലിനു പിന്നില്‍ വാതിലിനു മുന്നില്‍ ഒക്കെ ഒരോന്നുണ്ടെന്ന് പറഞ്ഞു അവള് പേടിക്കും. അവളു പേടിപ്പിക്കുമ്പോള്‍ ചില നേരത്ത് എനിക്കും പേടി തോന്നും. രാത്രി നിശ്ശബ്ദതയില്‍ ചില പക്ഷികള്‍ പാടുന്നത് കേട്ടിട്ടില്ലേ നീ. മൂങ്ങ മൂളും, നത്ത് ചിലയ്ക്കും. മിഹ്‌റിന്‍ നിന്റെ നാട്ടില്‍ ഇവരൊക്കെ ഉണ്ടോ?

രാത്രി പേടിപ്പിക്കുന്നവര്‍ പിന്നെയും ഉണ്ട് ഇവിടെ. കുറുക്കന്മാര്‍ നീട്ടി ഓരിയിടും. പട്ടികള്‍ മോങ്ങും. ചീവീടുകള്‍ ചിലച്ച് കൊണ്ടേയിരിക്കും. പിന്നെ തവളകളുടെ ക്രോം ക്രോം. നിന്നോട് ഞാന്‍ പറഞ്ഞില്ലേ നാട്ടിന്‍പുറത്തെ എന്റെ ജീവിതത്തെ കുറിച്ച്. ഇവിടെ എന്തൊരു ഇരുട്ടാണെന്നോ.

കുട്ടികളെ പേടിപ്പിക്കുന്ന ഒരുപാട് കഥകള്‍ അമ്മൂമ്മമാര്‍ പറഞ്ഞു തരും. നത്ത് മൂളിയാല്‍, കാലൻ‌കോഴി കൂവിയാല്‍, പട്ടി ഓരിയിട്ടാല്‍ ഒക്കെ മരണം വരുമെന്നാണ് ഇവിടെ വിശ്വാസം. ഇതിന്റെയൊക്കെ ശബ്ദം കേട്ടാല്‍ അന്ന് പിന്നെ ഉറക്കമില്ല. യക്ഷീടെ കഥകള്‍ കേട്ടാണ് ഞങ്ങളൊക്കെ വളരുന്നത്. വെള്ള സാരിയുടുത്ത് മുടിയഴിച്ചിട്ട് നീണ്ട പല്ലുകള്‍ കാട്ടി ചോര കുടിച്ച് നടക്കുന്ന യക്ഷിയെ കുറിച്ച് എത്ര കഥകളാണ് പണിക്ക് വരുന്ന കമലമ്മ പറയുന്നത് എന്നോ. സ്‌കൂളില്‍ പോകുന്ന വഴിയില്‍ ആരും താമസിക്കാതെ കിടക്കുന്ന ഒരു വീടുണ്ട്. അവിടെ യക്ഷി ഉണ്ടെന്ന് പറഞ്ഞ് പേടിച്ച് സ്‌കൂള്‍ കുട്ടികള്‍ അതിനു മുന്നിലെത്തുമ്പോള്‍ കണ്ണും പൂട്ടി ഓടും.

പിന്നെ ഒടിയന്മാര്‍ പല രൂപത്തില്‍ വരുമെന്നാണ് സ്‌കൂളിലെ കൂട്ടുകാര്‍ പറഞ്ഞു പേടിപ്പിക്കുന്നത്. പശുവായും ആടായും കോഴിയായുമൊക്കെ വരുന്ന ഒടിയന്‍മാര്‍. ഒടിയന്മാരുടെ കാല് നിലത്ത് തൊടില്ലെന്നൊക്കെ പറഞ്ഞു പേടിപ്പിക്കും. ഇവിടെ കുട്ടികളെ പേടിപ്പിക്കാന്‍ ആര്‍ക്കും മടിയില്ല. പലര്‍ക്കും രസമാണ്. എന്റെ അനിയത്തിയെ പോലെ അത് വിശ്വസിച്ച് എത്ര കുട്ടികള്‍ രാപകല്‍ പേടിയില്‍ ജീവിക്കുന്നുണ്ടെന്നോ.

women
താര ശ്രീനിവാസന്‍

ഇന്ന് താരയുടെ കത്തുണ്ടായിരുന്നൂ. അവളെ നിനക്കറിയാമല്ലോ. താര ശ്രീനിവാസന്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. ആറാം ക്ലാസ്സ് വരെ ഞങ്ങള്‍ ഒരുമിച്ചു പഠിച്ചു.ഒരു ദിവസംഎന്തോ കാര്യത്തിന് ഞങ്ങള്‍ പിണങ്ങി. സ്‌കൂള്‍ പൂട്ടുന്ന ദിവസമായിരുന്നു അന്ന്. പുതിയ സ്‌കൂള്‍ വര്‍ഷത്തില്‍ അവളില്ല സ്‌കൂളില്‍. എനിക്ക് സങ്കടം കൊണ്ട് ഉറങ്ങാന്‍ പോലും വയ്യാതായി. എന്നോട് പിണങ്ങിയാണ് അവള് സ്‌കൂള്‍ മാറിയത് എന്നൊക്കെ ഞാന്‍ സ്വയം പഴിച്ചു. ഒടുവില്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ്സ് മറിയാമ്മ ടീച്ചര്‍ അവളുടെ അഡ്രസ്സ് സംഘടിപ്പിച്ചു തന്നു. അവള്‍ക്ക് ഞാന്‍ കത്ത് എഴുതി. അവളുടെ മറുപടി കിട്ടിയപ്പോള്‍ ലോകം കിട്ടിയ സന്തോഷമായിരുന്നു. സ്‌കൂള്‍ മാറിയത് അച്ഛന് സ്ഥലംമാറ്റം കിട്ടിയത് കൊണ്ടാണെന്ന് അവള്‍ എഴുതി. അത് വായിച്ചപ്പോള്‍ എന്തൊരു ആഹ്ലാദം ആയിരുന്നുവെന്ന് പറഞ്ഞാല്‍ നിനക്ക് മനസ്സിലാകുമല്ലോ. അതിനുശേഷം ഞങ്ങള്‍ മുടങ്ങാതെ കത്തെഴുതുന്നുണ്ട്. അവളുടെ കത്തുകള്‍ വായിക്കാന്‍ എന്ത് രസമാണെന്നോ. പൂക്കള്‍ ഒക്കെയുള്ള നല്ല ചന്തമുള്ള ലെറ്റര്‍ പാഡില്‍ കുനെ കുനെ എഴുതും. എല്ലാ വിശേഷങ്ങളും നീട്ടി പരത്തി.. അവളെ കണ്ടിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞു.ഇനി എന്നാണ് കാണുക. അറിയില്ല. ഓര്‍ത്ത് നോക്ക്. ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രിയമുള്ളോരാള്‍ മുന്നില്‍ വരുമ്പോള്‍.. 

നീയിനി എന്നാണ് എനിക്ക് മുന്നില്‍? ആ നിമിഷം നീ നോക്കിക്കോ... ആനന്ദം കൊണ്ട് നക്ഷത്രങ്ങള്‍ ഒക്കെ കണ്ണ് ചിമ്മും. പൂക്കളായ പൂക്കള്‍ ഒക്കെ പൂത്തുലയും. ആകാശവും ഭൂമിയും സ്‌നേഹം കൊണ്ട് നിറയും. ഒന്നിനുമൊന്നിനുമല്ലാതെ  സ്‌നേഹിക്കാന്‍ കഴിയുന്നത് എന്തൊരു ഭാഗ്യമാണ്. സ്‌നേഹിക്കപ്പെടുന്നയാളിനേക്കാള്‍ സ്‌നേഹിക്കുന്ന ആളിനാണ് അതില്‍ നിന്ന് സന്തോഷം കിട്ടുന്നത് എന്ന് എനിക്കിപ്പോള്‍ മനസ്സിലാവുന്നു. ആ സന്തോഷത്തിനു കാരണക്കാരിയാകുന്നവളെ നന്ദി.

നിന്റെ ബീന

Content Highlights: K A Beena writes about her childhood memories of ghost stories