തിരുവനന്തപുരം
മേയ് 30, 1978
പ്രിയമുള്ളവളേ,
തിരക്കിന്റെയും കഠിനാദ്ധ്വാനത്തിന്റെയും രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ഈ കത്ത്. നമ്മള്‍ നിലനില്‍ക്കുന്നുവോ എന്ന് പോലും തിട്ടമില്ലാത്ത രീതിയില്‍ ഓടുകയായിരുന്നു. വിശദമായി തന്നെ എഴുതാം.
ബാലവേദിയെക്കുറിച്ച് നിനക്കറിയാമല്ലോ. ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ സംഘടന. അതിന്റെ പ്രതിനിധിയായിട്ടാണ് ഞാന്‍ റഷ്യയില്‍ വന്നത്. ബാലവേദി ഞങ്ങളുടെ കേരളത്തില്‍ ആകമാനം ഘടകങ്ങളുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ്. ബാലവേദി സംസ്ഥാന മീറ്റിംഗിനായി കഴിഞ്ഞയാഴ്ച എറണാകുളത്ത് പോയിരുന്നു. എറണാകുളം ഇവിടെ നിന്ന് അഞ്ചാറ് മണിക്കൂര്‍ ദൂരമുള്ള ഒരു സ്ഥലമാണ്. എന്റെ ശ്രീമാമന്‍ കൂടെ വന്നു. സംസ്ഥാന സെക്രട്ടറി മോഹന്‍കുമാറും ഉണ്ടായിരുന്നു. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്ന് ബാലവേദി ഭാരവാഹികള്‍ മീറ്റിംഗില്‍ ഉണ്ടായിരുന്നു. എന്റെ റഷ്യന്‍ അനുഭവങ്ങള്‍ ഒക്കെ അവിടെ പറഞ്ഞു. ബാലവേദിയെ ശക്തമാക്കണം എന്നൊക്കെ തീരുമാനിച്ചാണ് പിരിഞ്ഞത്. ഞങ്ങള്‍ രാത്രി തന്നെ ബസില്‍ കയറി മടങ്ങി വന്നു. ഞങ്ങളെത്തുന്നതുവരെ അമ്മ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു.
പിന്നെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ഇതിനിടെ നടന്നു. ജില്ലയില്‍ പുതിയ പുതിയ യൂണിറ്റുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ഞാന്‍. ഞങ്ങളുടെ ജില്ലാ കമ്മറ്റി കൂടുന്നത് യങ് ഇന്ത്യ എന്നൊരു കെട്ടിടത്തില്‍ വച്ചാണ്. പഴയ രീതിയിലുള്ള മനോഹരമായ കെട്ടിടം. അവിടെയൊരു മാവുണ്ട്. നല്ല രുചിയുള്ള മാങ്ങകളാണ്. മാങ്ങ പച്ചയ്ക്കും ഞാന്‍ ധാരാളം തിന്നാറുണ്ട്. യങ് ഇന്ത്യയില്‍ പോകാനെനിക്കൊരുപാടിഷ്ടമാണ്. അവിടെ ചില ദിവസങ്ങളില്‍ ഗീത ചേച്ചിയെ കാണാന്‍ പറ്റും. ഒരു മിടുക്കി ചേച്ചിയാ. എന്തു ഭംഗിയായി പ്രസംഗിക്കുമെന്നോ. നീണ്ട മൂക്കും നിറഞ്ഞ ചിരിയുമൊയൊയി എനിക്ക് കാണാനൊത്തിരി ഇഷ്ടമാണ്. ഗീത എന്‍. ഈ എന്നാണ് മുഴുവന്‍ പേര്. ഞങ്ങളൊക്കെ ഗീതേച്ചി എന്ന് വിളിക്കും. എനിക്ക് വലുതാവുമ്പോള്‍ ഗീതേച്ചിയെ പോലെ ആകാനാണിഷ്ടം. തലയെടുപ്പോടെ, അഭിമാനത്തോടെ, ഉറപ്പോടെയാണ് അവര്‍ ഓരോ കാര്യവും പറയാറും ചെയ്യാറും. എന്റെ മനസ്സില്‍ തോന്നുന്ന ഒരു കാര്യം പറയട്ടെ. അവര്‍ വലിയ രാഷ്ട്രീയ നേതാവാകും, ചിലപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിവരെ. അത്ര മിടുക്കിയാണ്. നീ ഒരിക്കല്‍ വരുമ്പോള്‍ ഇവരെയാക്കെ കാണിച്ചുതരാം കേട്ടോ. എനിക്ക് ചുറ്റുമുള്ള സ്നേഹത്തിന്റെ കൊടുമുടികള്‍. ഈ പ്രായത്തില്‍ എനിക്കെത്രമാത്രം സ്നേഹമാണ് കിട്ടുന്നത് എന്ന് ഞാന്‍ ഓര്‍ക്കാറുണ്ട്.
പിന്നെ, ഞങ്ങള്‍ ഈ അവധിക്കാലത്ത് എന്റെ നാട്ടില്‍ (പേരൂര്‍ക്കട) ഒരു ബാലവേദി ഉണ്ടാക്കി. വയലാര്‍ ബാലവേദി എന്നാണ് പേര്. വയലാര്‍ ഞങ്ങളുടെ നാട്ടിലെ വലിയ കവിയാണ്. നല്ല സിനിമാപാട്ടുകളും എഴുതും. 3 വര്‍ഷം മുമ്പ് മരിച്ചുപോയി. വയലാര്‍ ബാലവേദിയില്‍ ഈ പരിസരത്തുള്ള മുപ്പതോളം കുട്ടികളുണ്ട്. ഞങ്ങള്‍ എല്ലാ ഞായറാഴ്ചയും മൂന്ന് മണിക്ക് സുകുമാരന്‍ സാറിന്റെ വീട്ടില്‍ കൂടും. പാട്ടു പാടുക, പ്രസംഗിക്കുക, കവിതയെഴുതുക, കഥ പറയുക, ക്വിസ് മത്സരം നടത്തുക, അങ്ങനെ വൈകിട്ട് അഞ്ച് അഞ്ചരവരെ നല്ല രസമാണ്.
വയലാര്‍ ബാലവേദിയുടെ പേരില്‍ ഞങ്ങള്‍ ഈ നാട്ടില്‍ നടക്കുന്ന കലാകായിക മത്സരങ്ങള്‍ക്ക് ഒക്കെ പങ്കെടുക്കും. നാടകം, നൃത്തം, മോണോ ആക്ട്, പ്രസംഗം, പാട്ട്, കവിതാലാപനം, ചിത്രരചന, ഫാന്‍സി ഡ്രസ് എന്ന് വേണ്ട എന്തൊക്കെ മത്സരങ്ങള്‍ ഉണ്ടോ എല്ലാത്തിനും പങ്കെടുക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ജയിച്ച ക്ലബ്ബിനുള്ള ട്രോഫി മിക്കവാറും ഞങ്ങള്‍ക്ക് കിട്ടും. എന്തൊരഭിമാനമാണെന്നോ ആ ട്രോഫിയും പൊക്കി കൂകി വിളിച്ച് മടങ്ങുന്നത്. ഞങ്ങളുടെ ബാലവേദിയിലെ കുട്ടികള്‍ എല്ലാം മിടുക്കരാ. രാത്രി ഉറക്കമിളച്ചായാലും എല്ലാ മത്സരങ്ങള്‍ക്കും ചേരാനും, സമ്മാനം വാങ്ങാനും ഒക്കെ വലിയ താല്‍പ്പര്യമാണ്. മിഹ്റിന്‍, ചിലപ്പോള്‍ അര്‍ദ്ധരാത്രിയൊക്കെ ആവും മത്സരങ്ങള്‍ തീരാന്‍. കുട്ടികളൊക്കെ ഉറങ്ങിപ്പോവും എന്നാലും അവര്‍ മത്സരിച്ചിട്ടേ പോകൂ. എന്റെ അനിയത്തി ബിന്ദുവിന്റെ ഇഷ്ടമത്സരം ഫാന്‍സിഡ്രസ് ആണ് മുക്കുവത്തി, പുല്ലുകച്ചവടക്കാരി ഒക്കെ ആണ് അവളുടെ ഫാന്‍സി ഡ്രസ് വേഷങ്ങള്‍. മുക്കുവത്തിയായി പച്ച മീനൊക്കെ കയ്യില്‍ തൂകി അവള്‍ വരുന്നതു കണ്ടാല്‍ ശരിക്കും മീന്‍ വാങ്ങാന്‍ തോന്നും, അത്ര തന്മയത്വമാണ്. ഇങ്ങനെ ഓരോ ഇടങ്ങളില്‍ മത്സരങ്ങള്‍ക്കൊക്കെ നടന്ന് നടന്ന് ഞങ്ങള്‍ക്കൊരുപാട് കൂട്ടുകാരെ കിട്ടിയിട്ടുണ്ട്. നാടു മുഴുവന്‍ കൂട്ടുകാര്‍ - എന്തു രസമാണെന്നോ. ഞങ്ങള്‍ മത്സരിക്കാന്‍ പോകുക മാത്രമല്ല, മത്സരങ്ങള്‍ നടത്തുകയും ചെയ്യും കേട്ടോ.

കഴിഞ്ഞയാഴ്ച വയലാര്‍ ബാലവേദിയുടെ വാര്‍ഷികം ആഘോഷിച്ചു. മൂന്ന് ദിവസമായിരുന്നു പരിപാടി. മത്സരങ്ങള്‍, മീറ്റിംഗുകള്‍, കലാപരിപാടികള്‍ അങ്ങനെയൊരു മഹാമഹം. ഇവിടടുത്തുള്ള പേരൂര്‍ക്കട ഹൈസ്‌കൂളിലായിരുന്നു പരിപാടി. കഴിഞ്ഞ മാസം തന്നെ ഞങ്ങള്‍ പരിപാടിക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ആദ്യം വിശിഷ്ടാതിഥികളെയൊക്കെ പോയി ക്ഷണിച്ചു. അശ്വതി തിരുനാള്‍ തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. അവര്‍ എഴുത്തുകാരിയും കൂടിയാണ്. ഞങ്ങള്‍ ഏഴ് കുട്ടികള്‍ കവടിയാര്‍ കൊട്ടാരത്തില്‍ പോയി അവരെ ക്ഷണിച്ചു. കുട്ടികളെ കണ്ട് അവര്‍ക്ക് സന്തോഷമായി. സ്നേഹത്തോടെയാണ് സംസാരിച്ചത്. ആ കൊട്ടാരം എത്ര വലുതാണെന്നോ. നല്ല ഭംഗിയുള്ള കെട്ടിടം. നിറയെ കാടുണ്ട് ചുറ്റിലും. ഓടിക്കളിക്കാനൊക്കെ പറ്റിയ സ്ഥലം. അശ്വതിതിരുനാളിനെക്കൂടാതെ ഹരി എന്നൊരു സിനിമാ നടനെയും ഞങ്ങള്‍ ക്ഷണിച്ചിരുന്നു. അവരുടെയൊക്കെ പേരുകള്‍വച്ച് നോട്ടീസച്ചടിപ്പിച്ചു.

ഏറ്റവും പ്രധാനം പൈസയല്ലേ. നോട്ടീസും കൊണ്ട് ഞങ്ങള്‍ കുട്ടികള്‍ ചുറ്റുപാടുമുള്ള ഓരോ വീടും കയറിയിറങ്ങി പിരിവു നടത്തി. കുട്ടികള്‍ ചെല്ലുമ്പോള്‍ എല്ലാവര്‍ക്കും കൗതുകമാണ്. ഒരു രൂപാ രണ്ട് രൂപാ ഒക്കെ തരും. പോരാഞ്ഞ് ഉപ്പിലിട്ട നെല്ലിക്ക, കാരക്ക ഒക്കെ തരും. ചൂടു കഞ്ഞിവെള്ളത്തില്‍ ഉപ്പിട്ട് കുടിക്കാന്‍ തരും. അധികം വെയില്‍ കൊള്ളണ്ട എന്ന് ഉപദേശിക്കും. ചില കടകളില്‍ പിരിവിന് ചെല്ലുമ്പോള്‍ കപ്പലണ്ടി മിഠായി, ശര്‍ക്കര മിഠായി, തേങ്ങാ മിഠായി ഒക്കെ തിന്നാന്‍ തരും. രാപകല്‍ ഇങ്ങനെ അലഞ്ഞ് തിരിഞ്ഞ് നടന്ന് ഈ പ്രദേശത്തെ വഴികളെയും ആളുകളെയുമാക്കെ ഞങ്ങള്‍ക്ക് നല്ല തിട്ടമായിട്ടുണ്ട്. ഞങ്ങളുടെ സംഘത്തില്‍ 5 പെണ്‍പിള്ളേരും രണ്ട് ആണ്‍പിള്ളേരുമാണ് സാധാരണ കാണാറ്. ഞാന്‍, അനിയത്തി ബിന്ദു, മിനി, ശ്രീകല, ലത പിന്നെ ഗിരീഷ് എന്ന അപ്പിയും ബിജുവും. ഇടക്കൊക്കെ ഞങ്ങള്‍ തമ്മില്‍ അടി കൂടും. എന്നാലും പിരിവ് ചോദിക്കാനുള്ള വീട്ടിന് മുന്നിലെത്തുമ്പോള്‍ പിണക്കമൊക്കെ മാറ്റി മര്യാദക്കാരാവും. പിരിവിന് പോകുമ്പോള്‍ അത്യാവശ്യ കുസൃതികളും കാട്ടുമെന്ന് നിന്നോട് മറച്ചുവയ്ക്കുന്നില്ല. വഴിയരികില്‍ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലെ മാവുകളിലും പറങ്കി മാവുകളിലുമാക്കെ കയറി മാങ്ങയും പറങ്കി മാങ്ങയും പറിച്ച് തിന്നുന്നത് ഞങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. ചിലപ്പോള്‍ നല്ല വലിയ മാവിന്റെ ചുവടില്‍ കിടന്ന് വിശ്രമിക്കുകയും ചെയ്യും. മാവിലകള്‍ക്കിടയിലൂടെ വെളിച്ചം അരിച്ചരിച്ച് വരുന്നതും കണ്ട് കിടക്കാന്‍ എന്തു രസമാണെന്നോ. പിരിവൊക്കെ കഴിഞ്ഞ് നടന്ന് തളര്‍ന്ന് വീടെത്തുമ്പോള്‍ കാലുകളൊക്കെ വേദനിക്കും. എന്നാലും പിറ്റേന്ന് രാവിലെയാകുമ്പോള്‍ എന്തൊരു ഉഷാറാണ്. അവധിക്കാലം എനിക്ക് ഇഷ്ടമാവുന്നത് ഇതൊക്കെ കൊണ്ടാണ്. പിന്നെ ക്ലാസ്സുകളും. ഞാന്‍ ഇവിടെ ഉള്ളൂര്‍ സ്മാരകത്തില്‍ കവിതാകഥന ക്ലാസ്സിന് പോയിരുന്നു. രണ്ട് മാസത്തെ അവധിക്കാലത്ത് കവിത ഇഷ്ടമുള്ള കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ക്ലാസ്സാണത്. വലിയ വലിയ കവികള്‍ ഒക്കെ വന്ന് കവിത ചൊല്ലും. നല്ല രസമാണ്. അതുപോലെ ശിശുക്ഷേമ സമിതിയില്‍ അവധിക്കാലത്ത് നടത്തിയിരുന്ന പൊതുവിജ്ഞാന കോഴ്സിനും ഞാന്‍ ചേര്‍ന്നിരുന്നു. അവിടെ ബഹുരസമാണ്. പ്രസംഗ പരിശീലനം, ഉപന്യാസമെഴുത്ത്, ക്വിസ് ഇതൊക്കെയാണ് പഠിപ്പിക്കുന്നത്. ഓരോ രംഗത്തെയും പ്രഗത്ഭര്‍ ആണ് ക്ലാസ്സുകള്‍ എടുത്തത്. ആഴ്ചയില്‍ രണ്ട്, മൂന്ന് ദിവസമൊക്കെയേ ക്ലാസുകളുണ്ടാവൂ. തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറിയിലുള്ള വ്യക്തിത്വ പരിശീലന ക്ലാസ്സിനും ഞാന്‍ പോകുന്നുണ്ട്. രാവിലെ മുതല്‍ ഓരോയിടത്ത് പോകാനുള്ളത് രസമാണ്. ഓരോയിടത്തും ഒരുപാട് കൂട്ടുകാരെ കിട്ടും. പിന്നെ നമ്മള്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, അവരുടെ സംസാരങ്ങള്‍ - കുട്ടിക്കാലത്ത് അല്ലേ ഇതിനൊക്കെ അവസരം കിട്ടൂ.

ങാ എന്നിട്ട് വയലാര്‍ ബാലവേദി വാര്‍ഷികം കെങ്കേമമായി നടന്നു. മൂന്നു ദിവസം മത്സരങ്ങള്‍, പതാക ഉയര്‍ത്തല്‍, റാലി, യോഗങ്ങള്‍ അങ്ങനെ. കുട്ടികള്‍ നടത്തിയ പരിപാടി കണ്ട് മുതിര്‍ന്നവര്‍ അന്തംവിട്ടു പോയി. അത്ര കൃത്യതയോടെ, അച്ചടക്കത്തോടെയായിരുന്നു പരിപാടികള്‍ ആവിഷ്‌ക്കരിച്ചത്. ആദ്യം പേടിയായിരുന്നു, പൈസ തികയുമോയെന്ന്. പരിപാടി തുടങ്ങി കഴിഞ്ഞപ്പോള്‍ ചുറ്റുപാടും ഉള്ളവര്‍ വന്ന് പൈസ തന്ന് സഹായിച്ചു. എന്റെ നാട്ടുകാര്‍ എപ്പോഴും അങ്ങനെയാണ്, മനസ് വിശാലമായവരാണ്, പ്രത്യേകിച്ച് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍. നമ്മള്‍ എന്തു ചെയ്യുമ്പോഴും വിശ്വാസത്തിലെടുക്കുന്ന വീട്ടുകാരും, നാട്ടുകാരും വേണം, എങ്കിലേ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാവൂ. ങാ, പിന്നെ ഒരു കാര്യം പറഞ്ഞില്ലല്ലോ. ഞങ്ങള്‍ ഒരു നാടകം കളിച്ചു. അതില്‍ എന്റെ ഭര്‍ത്താവായി വന്നതാരാണെന്നോ - എന്റെ അനിയത്തി ബിന്ദു. ചിരി വരാതെ എങ്ങനെ നാടകം കളിച്ചവസാനിപ്പിച്ചത് സുകൃതം. അവളെ കാണുമ്പോള്‍ എനിക്ക് ചിരിവരും. സ്റ്റേജില്‍ എന്തായാലും കുളമായില്ല കേട്ടോ. എല്ലാവരും വന്ന് അഭിനന്ദിച്ചു. അങ്ങനെ സംഭവ ബഹുലമായ ഒരവധിക്കാലം കഴിഞ്ഞു. സ്‌കൂള്‍ തുറക്കാറായി. പുസ്തകങ്ങള്‍ ഒക്കെ വാങ്ങി. പുസ്തകം കിട്ടിയാല്‍ ആദ്യം പുതിയ മണം ആസ്വദിക്കുക, പൊതിഞ്ഞ് ഭംഗിയാക്കുക, പിന്നെ മലയാളം പാഠാവലിയിലെ കവിതകള്‍ കാണാപാഠം പഠിക്കുക, ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു. നിനക്ക് സ്‌കൂള്‍ പൂട്ടിയോ, സ്‌കൂള്‍ തുറന്നോ? അവിടെ ടെക്സ്റ്റ് ബുക്കുകള്‍ക്ക് പുതുമണമുണ്ടോ? കവിതകള്‍ പഠിക്കാനുണ്ടോ - എല്ലാമെഴുതൂ പൊന്നേ -
നിന്റെ ബീന
Content Highlights: K.A Beena Writes about her childhood memories and Balavedi