തിരുവനന്തപുരം
ജനുവരി 1- 1978

ഏറ്റവും പ്രിയപ്പെട്ടവളെ,

ഒരു പുതിയ വര്‍ഷത്തിലേക്ക്. കഴിഞ്ഞ പുതു വര്‍ഷത്തില്‍ നിന്ന് ഈ പുതുവര്‍ഷത്തിലേക്ക് നീളുമ്പോള്‍ നമുക്ക് ഞാനും നീയും എന്ന യാഥാര്‍ത്ഥ്യമുണ്ട്. എന്തെല്ലാം ഉണ്ടായാലും നിറയാത്ത ജീവിതത്തിനു എത്ര പെട്ടെന്നാണ് സമ്പന്നത കൈവരുന്നത്. സ്‌നേഹം നിറക്കുന്ന സമ്പന്നത. നീയാല്‍ നിറയുന്ന ജീവിതം. ഒരു പുഞ്ചിരി  വിടര്‍ത്തുന്ന ഓര്‍മ്മ.

 ഞാനീ പുതു വര്‍ഷപ്പുലരിയില്‍ സന്തോഷത്തിന്റെ സമുദ്രത്തിലാണ്.അച്ഛന്‍ വന്നു. ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ അച്ഛന്‍ വരുമ്പോഴാണ് ഞങ്ങള്‍ക്ക് ഓണവും വിഷുവും ക്രിസ്തുമസും ഒക്കെ എന്ന്. വര്‍ഷത്തില്‍ ഒന്‍പത് മാസം കടലിലും, മൂന്നു മാസം കരയിലും എന്നതാണ് അച്ഛന്റെ രീതി. നാല് വയസ്സാവുമ്പോഴേ ഞാനക്ഷരം പഠിച്ചത് അച്ഛന് കത്തെഴുതാനായിരുന്നു. മര്‍ച്ചന്റ്  നേവിയില്‍ ജോലി ചെയ്യുന്ന  അച്ഛന്‍ ലോകം മുഴുവന്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നു.അച്ഛന്റെ കത്തുകളിലൂടെ ഞാനും ഈ ഭൂലോകം ചുറ്റുകയാണ്.

women
അച്ഛനും അമ്മയും

വര്‍ഷത്തില്‍ ഒരിക്കല്‍ അച്ഛന്‍ വരും. ആ വരവൊരു വരവ്  തന്നെയാണ്. അച്ഛനോടുള്ള ആരാധന മൂത്ത് അച്ഛനെ കാണാന്‍ സിനിമാനടന്‍ സത്യനെപ്പോലെയാണെന്ന് വരെ എനിക്ക് തോന്നാറുണ്ട്.. അമ്മയെക്കാണാന്‍ സിനിമാനടി അംബികയുടെ ഛായയാണോ മിസ്. കുമാരിയുടെ ഛായയാണോ എന്ന് തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. അംബിക, മിസ് കുമാരി തുടങ്ങിയവര്‍ ഞങ്ങളുടെ നാട്ടിലെ സിനിമാ താരങ്ങളാണ് കേട്ടോ.

വരുന്ന വിവരത്തിന് അച്ഛന്റെ ടെലഗ്രാം കിട്ടുമ്പോള്‍  വീട്ടില്‍ വെപ്രാളം തുടങ്ങും .  അപ്പൂപ്പന്‍, അമ്മൂമ്മ, കുഞ്ഞമ്മമാര്‍, അമ്മാവന്മാര്‍ തുടങ്ങി ഒരുപാടംഗങ്ങളുള്ള ഞങ്ങളുടെ വീട് ഒരുങ്ങിത്തുടങ്ങും . മുറ്റത്തെ പുല്ലു ചെത്തുന്നത് മുതല്‍ അടുക്കളയിലെ ഉറിയുടെ കയറ് മാറ്റുന്നതുവരെയുള്ള പണികള്‍ക്ക് എന്തൊരു ത്രില്‍ ആണ്!.

ടാക്സികാര്‍ ഇടവഴിയ്ക്കപ്പുറത്തെത്തുമ്പോഴേ എല്ലാവരും ഓടി വേലിക്കടുത്തെത്തും . വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാരും കാണാന്‍ ഓടും. അച്ഛന് പെര്‍ഫ്യൂമിന്റെ സാന്നിദ്ധ്യമാണ്. ദൂരെനിന്ന് അച്ഛനെ കണ്ട് മനസ്സ് കുളിര്‍ക്കും, പിന്നെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കലാണ്.

ഇരുമ്പ് പെട്ടികള്‍ പണിക്കാര്‍ മുറിയ്ക്കകത്ത് കൊണ്ടു വയ്ക്കുമ്പോഴേ അച്ഛന്റെ പോക്കറ്റ് പരതിത്തുടങ്ങും - താക്കോലിന്. അച്ഛന്റെ പെട്ടിയില്‍ നിറച്ചു  അത്ഭുതങ്ങള്‍  കാണും.  ക്വാളിറ്റി സ്ട്രീറ്റ് മിഠായിപ്പെട്ടികള്‍, വാസനസോപ്പ്, കുപ്പിയില്‍ നിറച്ച ടുമാറ്റോ സോസ്, ചീസ്, ബിസ്‌ക്കറ്റുകള്‍, കളിപ്പാട്ടങ്ങള്‍. എന്തിനും ഏതിനും പെര്‍ഫ്യൂമിന്റെ മണം. എനിക്കത് എന്തിഷ്ടമാണെന്നോ. വിദേശ പെന്‍സില്‍, നിറങ്ങള്‍ കൊണ്ടുള്ള റബ്ബര്‍, പെന്‍സില്‍ ബോക്സ്...

അച്ഛന്‍ വരുന്നത്  ഉത്സവം തന്നെയാണ് ഞങ്ങള്‍ക്ക്. നാട്ടുകാരും വീട്ടുകാരുമൊക്കെകൂടി ആ ഉത്സവം കൊഴുപ്പിക്കും. .ആ ഉത്സവത്തിന്റെ മേളത്തിലാണ് പെണ്ണെ ഞാനിപ്പോള്‍. എന്നിട്ടും എനിക്ക് നിനക്കെഴുതാതെ വയ്യ. എന്റെ എല്ലാ വിശേഷവും ആദ്യം അറിയേണ്ടത് നീ അല്ലെ. അല്ലെങ്കില്‍ തന്നെ നിന്നോട് പങ്കു വയ്ക്കുംപോഴല്ലേ എന്തും വിശേഷമാകൂ.

women
ബീന അച്ഛനൊപ്പം

പറയൂ നീയെന്തു ചെയ്യുന്നു. മഞ്ഞില്‍ പുതഞ്ഞ നിന്റെ മലനിരകളില്‍ സൂര്യ വെട്ടം വീണു തിളങ്ങുന്നുണ്ടോ? ആ തിളക്കം നിന്റെ മുഖത്ത് വീഴുന്നുണ്ടോ? തിളങ്ങുന്ന നിന്റെ മുഖം ..എന്തൊരു കാഴ്ചയാണത്? സ്‌നേഹമുള്ളവര്‍ക്ക് എന്തൊരു ചന്തമാണല്ലേ. ഇന്നലെ മുഴുവന്‍ ഞങ്ങള്‍ ആല്‍ബങ്ങളില്‍ പടങ്ങള്‍ ഒട്ടിക്കുന്ന തിരക്കില്‍ ആയിരുന്നു. ഞാന്‍ പറഞ്ഞിട്ടില്ലേ ഞങ്ങളുടെ വീട്ടിലെ ആല്‍ബങ്ങളെ കുറിച്ച്...

ഇളം മഞ്ഞയും, പിങ്കും നീലയും നിറങ്ങളിലുള്ള, ഒരുപാട് നീളവും വീതിയും വലിപ്പവുമുള്ള ഒരുപാട്  ആല്‍ബങ്ങള്‍ ഇവിടെയുണ്ട്.  ഹാര്‍ഡ് ബൗണ്‍ഡ് ചെയ്ത പുറം ചട്ടകളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍.  ഓരോ ആല്‍ബത്തിനും ഓരോ പേരുണ്ട്.. 'കാര്‍ ആല്‍ബം', 'സൈക്കിള്‍ ആല്‍ബം', 'വീട് ആല്‍ബം' അങ്ങനെ പേരിനനുസരിച്ചാണ് കവറിലെ പടങ്ങളും.  

അച്ഛന്‍ ഇതു രാജ്യത്ത് പോയാലും അവിടെ നിന്ന് വാരികകളും മാസികളും വാങ്ങി കൊണ്ട് വരും. അവയില്‍ നിന്നൊക്കെ  ചിത്രങ്ങള്‍ വെട്ടിയെടുത്ത്  അമ്മ ആല്‍ബത്തില്‍ ഒട്ടിക്കും. നല്ല രസമാണ് ആല്‍ബം കാണാന്‍. പല പല കാര്യങ്ങള്‍ കാണാനുണ്ട്.മൂന്നു ചക്രമുള്ള സൈക്കിളിന്റെ പടം വരെ ഉണ്ട്. ഒരു ചക്രം ചെറുതും ഒരു ചക്രം വളരെ വലുതുമായ സൈക്കിളുകള്‍, നാലു വീലുള്ള കാറുപോലത്തെ സൈക്കിളുകള്‍ -  എനിക്ക് ഏറ്റവും ഇഷ്ടം  സൈക്കിള്‍ ആല്‍ബം ആണ്.

കുട്ടികളുടെ ചിത്രങ്ങളുള്ള ആല്‍ബമാന്  അനിയത്തി ബിന്ദുവിനിഷ്ടം.  ആഫ്രിക്കന്‍ കുട്ടികള്‍ക്ക് കറുത്തു ചുരുണ്ട നീളം കുറഞ്ഞ മുടിയാണെന്നും, അവരുടെ തൊലി നന്നേ കറുത്തതാണെന്നും ഞാന്‍ ആദ്യം അറിഞ്ഞത് അമ്മയുടെ ആല്‍ബത്തില്‍ നിന്നായിരുന്നു. നീല നിറമുള്ള കണ്ണുകളും സ്വര്‍ണ്ണതലമുടിയുള്ള ഫ്രഞ്ചുകാരി പെണ്‍കുട്ടിക്ക് ഞങ്ങള്‍ 'സിന്‍ഡ്രല' എന്നാണു പേരിട്ടിരിക്കുന്നത്..  മംഗോളിയക്കാരായ ചെറിയ കണ്ണുകളും മഞ്ഞിച്ച തൊലിയും ചപ്പിയ മൂക്കുമുള്ള എന്ത് പേരിടണം എന്ന് ഇത്ര നാലും അറിയില്ലായിരുന്നു.മംഗോളിയന്‍ പേരുകള്‍ അറിയില്ലല്ലോ.അമാറാ, ഓനോന്‍,അറോണ   എന്നൊക്കെയുള്ള നമ്മുടെ മംഗോളിയന്‍ കൂട്ടുകാരുടെ പേരുകള്‍ ഇപ്പോള്‍ ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്.

അച്ഛന്‍ എവിടെ പോയാലും ആ നാടിന്റെയും നാട്ടുകാരുടെയും ഫോട്ടോകള്‍ എടുത്തു കൊണ്ട് വരും. അച്ഛനു ഒരു  കൊഡാക്ക് ക്യാമറ ഉണ്ട്. അച്ഛന് പല രാജ്യങ്ങളിലും  കൂട്ടുകാരുണ്ട്.  ക്രിസ്തുമസ്സും ന്യൂ ഇയറുമൊക്കെ പല പല രാജ്യങ്ങളില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഫോട്ടോകള്‍ അച്ഛന്‍ അയച്ചുതരും ..

എവിടെ പോയാലും അവിടുത്തെ പിക്ചര്‍ പോസ്റ്റ് കാര്‍ഡുകള്‍ അച്ഛന്‍ അയക്കും. എല്ലായിടത്തും നിന്നുള്ള .  സ്റ്റാമ്പുകളും , നാണയങ്ങളും  ഞങ്ങളുടെ വീട്ടിലുണ്ട്. നല്ല ഒരു സ്ടാമ്പ് ആല്‍ബം എനിക്കുണ്ടെന്നും അതിനു സ്‌കൂളില്‍  പ്രവൃത്തി പരിചയ മേളയില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞിട്ടില്ലേ.  പിന്നെ ഇത്തവണ അച്ഛന്‍ വ്യൂമാസ്ടര്‍ കൊണ്ട് വന്നു. കണ്ടാല്‍ ക്യാമറ പോലെ ഇരിക്കും. ഉള്ളില്‍ ഒരു സ്ലൈഡ് ഇട്ടാല്‍ സിനിമ പോലെ

കാണാന്‍ പറ്റും. ത്രിമാന ഇഫക്ടുള്ള ഏതു ദൃശ്യങ്ങളിലൂടെ  ഏതു നാട്ടിലെ  കാഴ്ചകളും കാണാം. വീട്ടിലെ അപൂര്‍വസന്പാദ്യങ്ങളില്‍ ഇനി വ്യൂ മാസ്റ്ററും കൂടി. റഷ്യയില്‍ നിന്നു കൊണ്ടു വന്ന കളിപ്പാട്ടങ്ങള്‍,പോസ്റ്റ് കാര്‍ഡുകള്‍,ഫോട്ടോകള്‍ ഒക്കെ  ആ സന്പാദ്യങ്ങളില്‍ പടുത്തിയിട്ടുണ്ട് ഞാന്‍.നമ്മുടെ ആര്‍ത്തെക് ഉടുപ്പാണ് മുഖ്യം. പല രാജ്യങ്ങളിലെ കുട്ടികളുടെ മുഖമുള്ള ടീ ഷര്‍ട്ട്..!  അതു ഇടുമ്പോള്‍ നിനക്ക് എന്തു ഭംഗിയാണ്. നീ ആ ഉടുപ്പിട്ടു എടുത്ത ഫോട്ടോ ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്..വയസ്സാവുമ്പോള്‍ ഇതൊക്കെ നിധി പോലെ തോന്നുമായിരിക്കും.

വയസ്സാവുമ്പോഴും ഞാനും നീയും ഇങ്ങനെ തന്നെ ആയിരിക്കുമോ?അന്യോന്യം ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍..അപ്പോഴും അവരവര്‍ ആയിരിക്കുന്നവര്‍..അതാണ് ജീവിതത്തിന്റെ സൗന്ദര്യം.നിന്നെ ഞാനാക്കാനോ എന്നെ നീയാക്കാനോ ശ്രമിക്കാതെ സ്‌നേഹിക്കുമ്പോഴാണ് ഭംഗി. ഭ്രാന്തമായി  സ്‌നേഹിക്കുമ്പോള്‍  തന്നെ രണ്ടു പേര്‍ക്കും സ്വാതന്ത്ര്യം ഉള്ളത് എത്ര മനോഹരമാണ്..ജീവിതം തുടിച്ചു നില്‍ക്കുന്ന സ്‌നേഹം..സ്‌നേഹിച്ചു കൊണ്ടേയിരിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകുന്ന സ്‌നേഹം..അതില്‍ നിറഞ്ഞു ജീവിക്കുമ്പോള്‍ പരാതികള്‍ ഇല്ല ,പരിഭവങ്ങള്‍ ഇല്ല.. ഓരോ കോശവും നീ നീ എന്നു മന്ത്രിച്ചു കൊണ്ടേയിരിക്കും..

നീയത് കേള്‍ക്കുന്നില്ലേ, പൊന്നേ.. എന്റെ ജീവനാദമാണത്...

നിന്റെ ബീന

Content Highlights: K A Beena writes about her childhood memories