തിരുവനന്തപുരം, 
1978 നവംബര്‍ 11,

സ്‌നേഹം നിറഞ്ഞ മിഹ്റിന്‍,

ഇന്ന് എന്റെ പിറന്നാള്‍ ..ഇവിടെ ഞങ്ങള്‍ക്കൊക്കെ രണ്ടു പിറന്നാള്‍ ഉണ്ട്. ഒന്നു ജനിച്ച ദിവസം.അതു date of birth പിറന്നാള്‍ ആണ്. പിന്നെയുള്ളത് ജന്മനക്ഷത്രപിറന്നാള്‍. ഓരോരുത്തരും ജനിക്കുന്ന ദിവസത്തെ നക്ഷത്രം നോക്കുന്നതാണ് നാള്‍പിറന്നാള്‍ എന്നു വിളിക്കുന്ന നക്ഷത്ര പിറന്നാള്‍. മലയാളം മാസത്തിലെ നാള്‍ ആണ് നക്ഷത്രപിറന്നാളിന് നോക്കുന്നത്. എന്റെ വീട്ടില്‍ നാള്‍ പിറന്നാള്‍ വലിയ ആഘോഷമാണ്. രാവിലെ കുളിച്ച് അമ്പലത്തില്‍ പോകും.'അമ്മ പ്രത്യേകപൂജയ്‌ക്കൊക്കെ കൊടുക്കും. പിന്നെ പായസം വച്ച് സദ്യ ഉണ്ടാക്കിയാണ് ഉച്ചക്ക് ഊണ്. അന്ന് ബിന്ദുവിനോട് വഴക്കിടാന്‍ പാടില്ല എന്നു 'അമ്മ തലേന്ന് തന്നെ പറയും. ബിന്ദൂനോടെന്നല്ല പിറന്നാള്‍ ദിവസം ആരോടും വഴക്കും പിണക്കവും പാടില്ല. ചില കുട്ടികള്‍ക്ക് പിറന്നാളിന് പുതിയ ഉടുപ്പൊക്കെ കിട്ടും. എനിക്കാരും ഇതു വരെ പിറന്നാള്‍ കോടി വാങ്ങി തന്നിട്ടില്ല..അച്ഛന്‍ വരുമ്പോഴാണ് പുത്തന്‍ ഉടുപ്പുകള്‍ കിട്ടുന്നത്.

എനിക്ക് ഈ പിറന്നാള്‍ കാലത്ത് വലിയ സന്തോഷം കൈനിറയെ പൈസ ഉണ്ട് എന്നതാണ്..എവിടുന്നാണ് എന്നറിയുമോ? പെണ്‍കുട്ടീ, എന്റെ സ്വന്തം പൈസയാണ്. ഞാന്‍ അധ്വാനിച്ച പൈസ. അതേ,മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നു സ്‌കൂളില്‍ മണി ഓര്‍ഡര്‍ വഴി പൈസ വരുന്നുണ്ട്. ഒരു ലക്കത്തിനു 50 രൂപയാണ് അയച്ചു തരുന്നത്. പോസ്റ്റ്മാന്‍ മുറിയില്‍ വരുമ്പോള്‍  ഹെഡ്മിസ്ട്രസ് എന്നെ വിളിപ്പിക്കും. പൈസ സൂക്ഷിക്കണം എന്ന ഉപദേശം കൃത്യമായി തരും. ഞാന്‍ രൂപയൊക്കെ അമ്മയെ ഏല്പിക്കും. ആഴ്ച തോറും മണി ഓര്‍ഡര്‍ കിട്ടുന്നത് കൊണ്ടു സ്‌കൂളില്‍ ഇപ്പോള്‍ വലിയ പേരാണ് എനിക്ക്. പിന്നെ ഇപ്പോള്‍ യാത്രാവിവരണം പ്രസിദ്ധീകരിച്ചു തീര്‍ന്നു കേട്ടോ.മണി ഓര്‍ഡര്‍ വഴി പൈസ കിട്ടുന്നത് മാത്രമല്ല ധാരാളം പേരുടെ കത്തുകളും സ്‌നേഹവും കിട്ടുന്നുണ്ട് കേട്ടോ. കുട്ടികളും വലിയവരും ഒക്കെ കത്തുകള്‍ എഴുതുന്നുണ്ട്.

'ചേച്ചി എഴുതിയത് വായിച്ചപ്പോള്‍ ആര്‍തെക് ക്യാമ്പില്‍ പങ്കെടുത്തത് പോലെ തോന്നുന്നു.ചേച്ചിയും കൂട്ടുകാരും ക്യാംപില്‍ നിന്ന് വിടവാങ്ങുന്ന ഭാഗം വായിച്ചു കരഞ്ഞു പോയി'എന്നാണ് പാണ്ടിതിട്ടയില്‍ നിന്നു മുരളി മോഹനും കൂട്ടുകാരും എഴുതിയിരിക്കുന്നത്.വയനാട് നിന്നു സൂര്യകുമാര്‍ എഴുതിയിരിക്കുന്നത് ഞാന്‍ ഗുരുവാകണം എന്നാണ്.. ആള്‍ക്ക് എഴുത്തുകാരന്‍ ആകണം, അതിനു വേണ്ട ഉപദേശം നല്‍കുമോ എന്നാണ് ചോദ്യം. കത്ത് വായിച്ചു ബിന്ദു എന്നെ കളിയാക്കി കൊണ്ടേയിരുന്നു. എന്നെക്കാള്‍ മുതിര്‍ന്ന ആളാണ്,പ്രീഡിഗ്രിക്ക് പഠിക്കുന്നു.'മാതൃഭൂമിയില്‍ ബീനമോളുടെ യാത്രാവിവരണം വായിക്കാന്‍ ഞാന്‍ ദിവസങ്ങള്‍ എണ്ണി  നീക്കാറുണ്ട് 'എന്നാണ്  തൃശൂര്‍ ജില്ലയിലെ തളിക്കുളത്ത് നിന്ന് ഗീതബാലകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. ആ ചേച്ചിയും കോളേജില്‍ പഠിക്കുകയാണ്. ഉണ്ണികൃഷ്ണന്‍,ചെറായി എന്നൊരു ചേട്ടന്‍ എഴുതിയിരിക്കുന്നത് 'ബീനയുടെ തൂലികയുടെ ഉതിര്‍ന്നു വീണ റഷ്യയ്ക്ക് ശൈശവകാലത്തിന്റെ ഭംഗി. ലളിതസുന്ദരമായ വാക്കുകളില്‍ കോര്‍ത്തിണക്കിയ എഴുത്തു മനോഹരം'. എന്നാണ്. പുള്ളി കഥയെഴുതുന്ന ആളാണ്. ആലുവയിലെ അബ്ദുല്‍ ഹമീദ്  വലിയൊരു കത്ത് ആണ് എഴുതിയിരിക്കുന്നത്. 'സൂക്ഷ്മതയുള്ള ബീനയുടെ കണ്ണുകളിലൂടെ ആര്‍ത്തേക്കിന്റെ വിരിമാറിലേക്ക് എനിക്കും ഊളിയിട്ട് ഇറങ്ങാന്‍ കഴിഞ്ഞു. 'മലപ്പുറത്തുനിന്നു ഡോ.ഗേര്‍ലി മാത്യു എന്ന ഒരു ആന്റിക്ക് മക്കളെ ബാലവേദിയില്‍ ചേര്‍ക്കാന്‍ പറ്റുമോ എന്നാണ് അറിയേണ്ടത്.

കത്തുകള്‍ വന്നോണ്ടിരിക്കുകയാണ്. മാതൃഭൂമിയില്‍ വരുന്നത് പത്രാധിപര്‍ ഇങ്ങോട്ട് അയച്ചു തരും. എഴുത്തുകാരിയാവുന്നത് നല്ല കാര്യം ആണ് എന്ന് മനസ്സിലായോ പെങ്കൊച്ചേ..? എവിടെ എവിടെ ഒക്കെയോ ഉള്ള ആളുകള്‍ നമ്മുടെ ആളുകള്‍ ആവുന്ന അത്ഭുതം. പിന്നെ നമ്മുടെ ചുറ്റുമുള്ള ആളുകളും നമ്മളെ മറ്റൊരു കണ്ണിലൂടെ നോക്കാന്‍ തുടങ്ങും. എനിക്ക് സ്‌കൂളിലെ  ടീച്ചര്‍മാരില്‍ നിന്നാണ് അതു മനസ്സിലായത്..എന്തിഷ്ടമാണെന്നോ പല ടീച്ചര്‍മാര്‍ക്കും. എന്നെ സ്‌കൂളില്‍ ചിരിക്കുട്ടി എന്നാണ് വിളിക്കാറ്. ഞാന്‍ നടന്നു വരും മുന്‍പ് എന്റെ ചിരി നടന്നു വരും എന്നാണ് മറിയാമ്മ ടീച്ചര്‍ പറയാറുള്ളത്.  എന്റെ മോണോആക്ട് കാണാനായി അന്നമ്മ ടീച്ചര്‍ ഉച്ചയ്ക്ക് ടീച്ചേഴ്‌സ് റൂമില്‍ വിളിപ്പിക്കും. ഓ,അതു നിനക്കറിയില്ല അല്ലെ.. സ്‌കൂളിലെ ആസ്ഥാന മോണോആക്ട് താരം ആണ് ഞാന്‍. സ്വന്തമായി മോണോആക്ട് ഉണ്ടാക്കാനാണ് എനിക്കിഷ്ടം. പുതിയ  മോണോആക്ട് പരസ്യങ്ങളാണ്. ഇതൊക്കെ കേട്ട് ചിരിക്കാന്‍ ടീച്ചര്‍മാര്‍ക്ക് വരെ ഇഷ്ടമാണ്. ചിരിക്കാനും ചിരിപ്പിക്കാനും എനിക്ക് വലിയ ഇഷ്ടമാണ്. ചിരിക്കാത്ത ജീവിതം എന്തിനു കൊള്ളാം അല്ലെ. പിന്നെ ഒരു വലിയ കാര്യം എഴുതിയില്ല..

ഞാന്‍ നമ്മുടെ ദ്വിഭാഷി ഈറയെ കണ്ടു. സ്വപ്നത്തില്‍ അല്ല.. തിരുവനന്തപുരത്ത് വച്ച്..കഴിഞ്ഞ ദിവസം ലെനിന്‍ ക്ലിനിക്കില്‍ ലെനിന്‍ വാര്‍ഷികത്തിന് കോറസ് പാടാന്‍ പോയതാണ് ഞാന്‍. അപ്പോള്‍ അതാ അവിടെ നില്‍ക്കുന്നു ഈറ.. രണ്ടുപേര്‍ക്കും സന്തോഷം കൊണ്ട് ശ്വാസം മുട്ടിപ്പോയി.കെട്ടിപ്പിടിച്ച് കുറെ നേരം ഉമ്മ വച്ചു. ഒരുപാട് സംസാരിച്ചു. എനിക്ക് ആര്‍ത്തേക്കില്‍ എത്തിയ പോലെ തോന്നി.ഞാന്‍ റഷ്യന്‍ പഠിക്കുന്നു എന്നറിഞ്ഞപ്പോള്‍ ഈറയ്ക്ക് വലിയ സന്തോഷം. കുറച്ച് റഷ്യന്‍ ഒക്കെ ഈറയോട് ഞാന്‍ പറഞ്ഞു നോക്കി. ഈറ ഇന്ത്യ കാണാന്‍ വന്നതാണ്. ഞങ്ങളുടെ സ്‌കൂളിലെ  റഷ്യന്‍ കോറസ് സംഘത്തിന്റെ പാട്ടുകള്‍ ഈറക്കിഷ്ടമായി.  ഈറ ഞങ്ങളുടെ കൂടെ ചേര്‍ന്നു പാടി. നമ്മുടെ 'പുസ്തവിഗ്ധാ 'യും ഞങ്ങള്‍ പാടി കേട്ടോ. ഈറ ഡല്‍ഹിക്കാണ് മടങ്ങിയത്.അവിടുന്ന് മോസ്‌കോക്ക് പോകും.റഷ്യന്‍ ക്ലാസ്സിലെ വിശേഷങ്ങള്‍ ഒരുപാടുണ്ട്.

ഞാനിപ്പോള്‍ കുറച്ചൊക്കെ എഴുതാന്‍ പഠിച്ചു. എന്നു വച്ച് നിനക്ക് കത്ത് എഴുതാന്‍ ഒന്നും ആയിട്ടില്ല കേട്ടോ. നോക്കിക്കോ നിനക്ക് റഷ്യനില്‍ കത്തെഴുതി കത്തെഴുതി ഞാന്‍ റഷ്യന്‍ എഴുത്തുകാരിയാവും.. ദൈവമേ,എന്തൊരഹങ്കാരം. ദോസ്റ്റോയെവ്‌സ്‌കിയും, ടോള്‍സ്റ്റോയിയും, മാക്‌സിം ഗോര്‍ക്കിയും, ഗോഗോളും, തര്‍ജനീവും ഒക്കെ എഴുതിയ ഭാഷയില്‍.. നീ ക്ഷമിക്കുക, ഒരു ആവേശത്തിനു പറഞ്ഞു പോയതാ.. ഇനി പിന്നീട് എഴുതാം.എത്രയും പെട്ടെന്ന് മറുപടി എഴുതണം.
നിന്റെ ബീന

Content Highlights: K A Beena Shares her memories about her childhood