തിരുവനന്തപുരം,
ജൂണ് 30,1978

എന്റെ മിഹ്റിന്‍ കുട്ടീ,
കഴിഞ്ഞ കുറെ ദിവസങ്ങള്‍..എന്റെ കൊച്ചേ എങ്ങനെയാണ് ഞാനതു മുഴുവന്‍ നിന്നോട് പറഞ്ഞു മനസ്സിലാക്കിക്കുക? ഒന്നു മാത്രം ആദ്യമേ പറയാം.. ഈ ലോകത്ത്, ഈ ജീവിതത്തില്‍  ഇതു പോലെ ഒരു കാലം എനിക്കിനി ഉണ്ടാകും എന്ന് തോന്നുന്നില്ല.. ആനന്ദത്തിന്റെ, ആത്മാഭിമാനത്തിന്റെ തിരകളില്‍ ഞാന്‍ മുങ്ങിയും പൊങ്ങിയും കഴിയുന്ന ഈ നാളുകളില്‍ നിശ്ചയമായും പ്രിയപ്പെട്ടവളെ നീ മനസ്സിലുണ്ടായിരുന്നു. എഴുതണം എന്ന്, നിന്നെ കാണണമെന്ന്, കേള്‍ക്കണമെന്ന്, കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കണം എന്ന് ഒക്കെ തോന്നിയിരുന്നു.. നിന്നെ മാത്രമല്ല, ഈ ലോകത്തെ മുഴുവന്‍ പുണരണമെന്നും ഉമ്മ വയ്ക്കണം എന്നും തോന്നിയ നാളുകള്‍.. ഉന്മത്തമായ വികാരാവേശ ത്തില്‍ ആത്മാവ് സ്വയം പുണര്‍ന്ന നാളുകള്‍..

ആ നിമിഷം എനിക്ക് സമ്മാനിച്ചത് സംഗീതയായിരുന്നു. രണ്ടാഴ്ച മുന്‍പാണ്. രാവിലെ ക്ലാസ്സിലേക്ക് കടന്നു ചെല്ലുമ്പോള്‍ സംഗീത ഓടിവന്നു.. സന്തോഷം കൊണ്ട് അവള്‍ക്ക് വീര്‍പ്പു മുട്ടുന്നുണ്ടായിരുന്നു.  'ബീനാ, നോക്ക്, നോക്ക് മാതൃഭൂമി വാരികയില്‍ നിന്റെ യാത്രാവിവരണം വന്നിട്ടുണ്ട്.. നിന്റെ ഫോട്ടോയും.' അവള്‍ വാരിക നീട്ടി. ഞാന്‍ പിടയ്ക്കുന്ന മനസോടെ, വിറയ്ക്കുന്ന കൈകളോടെ അതു വാങ്ങി. അപ്പോഴേക്കും ക്ലാസ്സിലെ മറ്റുള്ളവര്‍ ഓടി വന്ന് ഞങ്ങളെ പൊതിഞ്ഞു. ആ മാതൃഭൂമി വാരികയുടെ കവര്‍ ചിത്രം ഞങ്ങളുടെ പ്രിയ കവി പി.കുഞ്ഞിരാമന്‍ നായരുടേതായിരുന്നു. കഴിഞ്ഞ മാസം 27 ന് അദ്ദേഹം മരിച്ചു പോയി. അതുകൊണ്ട് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ആണെന്ന് കവര്‍ കണ്ടപ്പോഴേ മനസ്സിലായി..

മിഹ്റിന്‍..വാരിക തുറന്നപ്പോള്‍ ഒന്നാം പേജില്‍ അതാ കിടക്കുന്നു എന്റെ പേര്.. ഉള്ളടക്കം പേജില്‍.. തിരുവനന്തപുരം-നിസാമുദീന്‍ (പ്രകാശരേഖ) കെ.എ. ബീന എന്ന് അച്ചടിച്ചത് വായിച്ചപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി. 1978 ജൂണ്‍ 25, ലക്കം 15, പുസ്തകം 25 ..അതേ ആ ലക്കം മാതൃഭൂമി വാരികയില്‍ ഞാന്‍ എന്ന സ്‌കൂള്‍ കുട്ടി എഴുതിയ യാത്രാവിവരണ പരമ്പര  പ്രസിദ്ധീകരിച്ചു തുടങ്ങി. അതും വലിയ ആളുകള്‍ എഴുതുന്ന പേജുകളില്‍.. 'ബാലപംക്തി' യില്‍ ആവും പ്രസിദ്ധീകരിക്കുന്നത്  എന്ന്  ആണ് ഞാന്‍ കരുതിയിരുന്നത്.. അമ്മയും അങ്ങനെയാണ് പറഞ്ഞിരുന്നത്. പത്രാധിപര്‍, ഞാന്‍ മുന്‍പ്  എഴുതിയിരുന്നില്ലേ എം.ടി. എന്ന ആ വലിയ പത്രാധിപര്‍ കത്ത് എഴുതിയിരുന്നതിനെ കുറിച്ച്.. അദ്ദേഹം എനിക്ക് എഴുത്തിന്റെ ലോകത്ത് അഭിമാനത്തോടെ തന്നെ കയറി ചെല്ലാന്‍ വഴി തെളിച്ചു തന്നിരിക്കുന്നു.. 

women
ബീന എഴുതിയ ആര്‍ത്തേക്ക് അനുഭവങ്ങള്‍ മാതൃഭൂമി വാരികയില്‍

മനസ്സ് നിറയെ അമ്പരപ്പോടെ ഞാന്‍ ഉള്‍പേജുകള്‍ തുറന്നു. പരിഭ്രമത്തിനിടയില്‍ വാരിക താഴെ വീണു. കൂട്ടുകാരിലൊരാള്‍ വിളിച്ചു കൂവി. 'സംഗീതേ, നീയതൊന്നു തുറക്ക്..ഇവള്‍ക്ക് സന്തോഷം കൊണ്ട് ഭ്രാന്തായിരിക്കുകയാണ്.'
സംഗീത വേഗം വേഗം പേജുകള്‍ മറിച്ച് ലേഖനം കണ്ടു പിടിച്ചു. അവള്‍ മുഖത്തു നിറയെ ചിരിയോടെ വാരിക എന്റെ മുഖത്തിനു നേരെ പിടിച്ച് പറഞ്ഞു..
''എന്തൊരു ഭംഗിയാടാ നിന്നെ ഈ ഫോട്ടോയില്‍'.
അതില്‍ എന്റെ ഫോട്ടോ, ബിനോയ് ചേട്ടന്റെ (ബിനോയ് വിശ്വം) ഫോട്ടോ, പിന്നെ നമ്മുടെ ആര്‍ത്തേക് ക്യാമ്പിന്റെ ലോഗോ ഇത്രയും ഉണ്ട്.. പിന്നെ രണ്ടു പേജില്‍ നിറഞ്ഞു ലേഖനം.. ഒരു ബോക്‌സില്‍ ''സോവിയറ്റ് യൂണിയനിലെ ഒരു അന്താരാഷ്ട്ര പയനിയര്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ഒരു വിദ്യാര്‍ത്ഥിനിയുടെ യാത്രാസ്മരണ'' എന്ന് രണ്ടു വരി ആമുഖം കൊടുത്തിട്ടുണ്ട്.. ക്ലാസ്സിലെ എന്റെ കൂട്ടുകാര്‍ ആഹ്ലാദം കൊണ്ടു  കൂവി വിളിച്ചു.. ഏറ്റവും അടുത്ത കൂട്ടുകാര്‍ (സംഗീത, ശാന്തി, വൃന്ദ, രശ്മി, മഞ്ജുഷ, ശ്രീരഞ്ജിനി) എന്നെ കെട്ടിപ്പിടിച്ചുമ്മ തന്നു. അതൊരു തുടക്കമായിരുന്നു മിഹ്റിന്‍..

കൂട്ടുകാര്‍, ടീച്ചര്‍മാര്‍, നാട്ടുകാര്‍, വീട്ടുകാര്‍.. എല്ലാവരും എന്നെ ആവശ്യത്തിലേറെ അഭിനന്ദിക്കുന്നുണ്ട്.. സ്‌കൂളില്‍ ഒരു താരമായി മാറി ഞാന്‍. ഈ സ്‌കൂളില്‍ ഇതു വരെ ഒരു കുട്ടിയും മാതൃഭൂമി വാരികയില്‍ എഴുതീട്ടില്ല. ബാലരമ, ബാലയുഗം എന്നിവയില്‍ ചിലര്‍ എഴുതീട്ടുണ്ട്. ചില ടീച്ചര്‍മാര്‍ കെട്ടിപ്പിടിച്ച്  ഉമ്മ തന്നു. എന്റെ ശ്രീദേവി ടീച്ചറിനാണ് ഏറ്റവും സന്തോഷമായത്. നല്ല എഴുത്താണെന്നും ഞാന്‍ വലിയ എഴുത്തുകാരിയാവും എന്നുമൊക്കെ കുറേ പേര്‍ പറഞ്ഞു.

women
ക്ലാസ്സിലെ കൂട്ടുകാർ..ശാന്തി,മഞ്ജുഷ.ശ്രീരഞ്ജിനി,വൃന്ദ,രശ്മി,സംഗീത..
സ്‌കൂൾ സോഷ്യലിന് എടുത്തത്..

വീട്ടില്‍ അമ്മയ്ക്ക് വലിയ സന്തോഷമായി. അമ്മയുടെ വലിയ ആഗ്രഹമാണല്ലോ ഞാന്‍ എഴുതണം എന്നത്.. അച്ഛന്‍ കപ്പലിലാണ്.. ഫ്രാന്‍സില്‍.. ഒരു മാതൃഭൂമി വാരിക പോസ്റ്റില്‍ അയക്കാം എന്നു 'അമ്മ പറഞ്ഞു. അച്ഛനത് കാണുമ്പോഴുള്ള മുഖഭാവം ഞാന്‍ സങ്കല്പിച്ച് നോക്കി.. എനിക്ക് അച്ഛനെ കാണാനും കെട്ടിപ്പിടിക്കാനും ഉമ്മ കൊടുക്കാനും ഒക്കെ തോന്നുന്നു മിഹ്റിന്‍. അച്ഛന്‍ അടുത്തില്ലാത്തത് കൊണ്ടു പലപ്പോഴും സന്തോഷങ്ങളും സങ്കടങ്ങളും ഇങ്ങനെ പങ്കു വയ്ക്കപ്പെടാതെ പോകും..

അച്ഛനെ പോലെ നിന്നെയും കാണാന്‍ തോന്നുന്നുണ്ട്.. നിന്നെ കേള്‍ക്കാന്‍ തോന്നുന്നുണ്ട്.. നീ എന്നോര്‍ക്കുമ്പോള്‍ ഞാന്‍ എത്രമാത്രം സ്‌നേഹമാണ് എന്നെ വന്നു മൂടുന്നത് എന്നു നിനക്കറിയാമോ? എന്തു മാത്രം ആഴത്തിലാണ് നിന്നോടുള്ള അടുപ്പം എന്നു ഓരോ നിമിഷവും മനസ്സിലാവുന്നു.ഓരോ ആഘോഷവും നിന്റെ സാന്നിധ്യത്തില്‍ ആവണം എന്നു കൊതിച്ചു പോകുന്നു. 
പ്രിയമേ, സ്‌നേഹമായി എന്നും നിലനില്‍ക്കുക,എനിക്ക് വേണ്ടി.

നിന്റെ ബീന

Content Highlights: K A Beena Shares her memories about camp artek memories publidhed in Mathrubhumi Weekly