ബോംബെ,
മെയ് 5 ,1979
എന്റെ പ്രിയ മിഹ്‌റിന്‍,
നാളെ ബോംബെയില്‍നിന്ന് മടങ്ങുന്നു .എനിക്ക് വല്ലാത്ത സങ്കടം. അച്ഛന്‍ ഞങ്ങളുടെ ഒപ്പം വരുന്നില്ല . അച്ഛന്‍ ഇവിടുന്നു ഫ്രാന്‍സിലേക്ക് പോകും. അവിടെ നിന്ന് കപ്പലില്‍ ആഫ്രിക്കയിലേക്ക് ആണത്രേ പോക്ക്. അച്ഛന്റെ യാത്രകള്‍ എന്നെ എത്രമാത്രം അരക്ഷിതമാക്കുന്നു എന്ന് നിനക്കറിയുമോ? ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഈ അരക്ഷിതാവസ്ഥ എന്നോടൊപ്പമുണ്ട്. അച്ഛനൊപ്പം ഇല്ലാത്ത ദിവസങ്ങളാണ് ഞങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍. അച്ഛന്‍ കപ്പലില്‍ ആയിരിക്കുമ്പോള്‍ കടല്‍ കാണുന്നത് എനിക്ക് പേടിയാണ്. കടല്‍ തീരത്ത് നില്‍ക്കുമ്പോള്‍ വല്ലാത്ത ഒരു ആധി പടര്‍ന്നുകയറും. കടലിന്റെ ഏതോ ഭാഗത്ത് തിരമാലകളോടുംകാറ്റിനോടും മല്ലടിക്കുന്ന ഒരു കപ്പലില്‍ സ്‌നേഹം കൊണ്ട് ഉണ്ടാക്കിയ എന്റെ അച്ഛന്‍ ഉണ്ടാവുമല്ലോ എന്നോര്‍ത്തു കണ്ണുനിറയും. അച്ഛനെ കാണാന്‍ തോന്നും. നിനക്കറിയുമോ ഇരുപത്, മുപ്പതു പേജുകളുള്ള കത്തുകളാണ് ഞാന്‍ അച്ഛന് എഴുതാറ്. തിരിച്ച് അച്ഛനും അതുപോലെ നീണ്ട കത്തുകളെഴുതും. അച്ഛന്‍ കണ്ട രാജ്യങ്ങളെ കുറിച്ചും അവിടുത്തെ കാഴ്ചകളെ കുറിച്ചും വിശദമായി എഴുതും. ആ കത്തുകള്‍ വായിക്കുമ്പോള്‍ നമ്മള്‍ അവിടെ പോയത് പോലെ തോന്നും. അത്ര മനോഹരമായാണ് എഴുതാറുള്ളത് .
അച്ഛന്‍ കപ്പലിലായിരിക്കുംപോള്‍ ന്യൂസ് പേപ്പര്‍ വായിക്കാന്‍ റേഡിയോ ന്യൂസ് കേള്‍ക്കാന്‍ എനിക്ക് പേടിയാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഭൂകമ്പം ഉണ്ടായാല്‍, കപ്പലപകടം ഉണ്ടായെന്നു വായിച്ചാ , കൊടുങ്കാറ്റ് അടിച്ചാല്‍, പ്രളയം ഉണ്ടായാല്‍ പിന്നെ ഉറക്കമില്ല. അച്ഛന്‍ എവിടെയാണെന്ന് കത്ത് വരുമ്പോഴേ അറിയാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് ലോകത്തുണ്ടാകുന്ന ദുരന്തങ്ങളില്‍ മുഴുവന്‍ ഞാന്‍ പേടിക്കും പ്രാര്‍ത്ഥിക്കും. അച്ഛന്റെ ശബ്ദം കേള്‍ക്കണം എന്ന് കൊതിച്ചാണ് ഓരോ നിമിഷവും ജീവിക്കുന്നത്. ഞങ്ങളുടെ നാട്ടില്‍ എങ്ങും ടെലിഫോണ്‍ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ വല്ലപ്പോഴും അച്ഛന്റെ ശബ്ദം കേള്‍ക്കാമായിരുന്നേനെ. അതും ബുദ്ധിമുട്ടായിരിക്കും. അച്ഛന്‍ ഇങ്ങോട്ട് വിളിക്കാന്‍ പറ്റില്ലല്ലോ മറ്റു രാജ്യങ്ങളില്‍ നിന്നും
കപ്പലില്‍ നിന്നും ഒക്കെ എങ്ങനെ ഫോണ്‍ ചെയ്യും അല്ലേ ? നിനക്ക് അറിയുമോ ഞങ്ങളുടെ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ആള്‍ പോസ്റ്റുമാന്‍ ആണ്. അച്ഛന്റെ കത്തുകൊണ്ട് വരുന്ന ആളായതുകൊണ്ട് അമ്മ അയാള്‍ക്ക് എന്തെല്ലാമാണ് കൊടുക്കാറുള്ളതെന്നോ . അച്ഛന്റെ മണിയോഡര്‍ വരുമ്പോള്‍ മാത്രമല്ല ഓണത്തിനും വിഷുവിനും ഒക്കെ കാശ് കൊടുക്കും. പിന്നെ തേങ്ങാ ഇടുമ്പോള്‍ തേങ്ങ, നെല്ല് കൊയ്യുമ്പോള്‍ നെല്ല്, പച്ചക്കറി പാകമാകുമ്പോള്‍ അതൊക്കെ കൊടുക്കും. വയല്‍ വരമ്പത്ത് പോസ്റ്റ്മാനെ കാണുമ്പോഴുള്ള സന്തോഷം അത് പറഞ്ഞാല്‍ നിനക്ക് മനസ്സിലാകുമോ കുട്ടി ? ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് ഞങ്ങള്‍ ഓരോ കത്തും വാങ്ങാറ്. ചിലപ്പോള്‍ അച്ഛന്‍ ഫോട്ടോകളും പോസ്റ്റുകളും ഒക്കെ അയക്കും. അങ്ങനെ ഓരോ രാജ്യവും കാണാന്‍ പറ്റും. ഭംഗിയുള്ള ലെറ്റര്‍പാഡില്‍ പെര്‍ഫ്യൂം അടിച്ചാണ് അച്ഛന്‍ കത്തുകള്‍ അയക്കാരുള്ളത്. ചിത്രങ്ങളൊക്കെ ഉള്ള നല്ല ലെറ്റര്‍ പാഡുകള്‍ ഞങ്ങള്‍ക്ക് അച്ഛന്‍ എഴുതുവാന്‍ കൊണ്ടു വരികയും ചെയ്യും .
എന്റെ ഏറ്റവും വലിയ പേടിയാണ് ടെലിഗ്രാം. അത് മാത്രമല്ല അതുകൊണ്ട് വരുന്ന ആളുടെ കാക്കിവേഷത്തെയും എനിക്ക് പേടിയാണ്. ഒരു ടെലിഗ്രാമിന് തകര്‍ത്തെറിയാന്‍ ഉള്ളതെയുള്ളൂ ഉള്ളൂ ഞങ്ങളുടെ ജീവിതമെന്ന് കുട്ടിക്കാലം മുതല്‍ എനിക്കറിയാം. സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കാക്കി വേഷക്കാരനെ കണ്ടാല്‍ സൂക്ഷിച്ചുനോക്കും ടെലഗ്രാംകാരന്‍ ആണോ, എന്റെ വീട്ടില്‍ പോയിട്ട് വരികയാണോ എന്നൊക്കെ ചിന്തിക്കും. വീട്ടിന് അടുത്തെത്താറാകുമ്പോള്‍ ചെവി കൂര്‍പ്പിക്കും. വീട്ടില്‍ നിന്ന് കരച്ചില്‍ ഉയരുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. വീട്ടിനു മുന്നില്‍ ആരെങ്കിലും നില്‍ക്കുന്നത് കണ്ടാല്‍ ഉള്ളൂ കിടുങ്ങും, ടെലഗ്രാം വന്നോ ? എന്റെ മിഹ്രിന്‍, എത്രമാത്രം അരക്ഷിതത്വബോധം എന്റെ ഉള്ളില്‍ ഉണ്ടെന്ന് നിനക്ക് മനസ്സിലാകുന്നില്ലേ?
ചില നേരത്ത് ടെലഗ്രാം വരുന്നത് സന്തോഷവും കൊണ്ടാണ് അച്ഛന്‍ വരുന്ന വിവരത്തിന് ടെലഗ്രാം വരുമ്പോള്‍ പറയാന്‍ വയ്യാത്ത സന്തോഷമാണ്. പിന്നെ ഓരോ ശബ്ദത്തിനും കാതോര്‍ക്കും കാറിന്റെ ശബ്ദമാണോ എന്ന്.
അച്ഛന്‍ വന്നാല്‍ ഉത്സവമാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ സഞ്ചരിച്ച് മടങ്ങിവരുന്ന അച്ഛന്‍ ഞങ്ങള്‍ക്കായി സമ്മാനങ്ങള്‍ കരുതി വച്ചിട്ടുണ്ടാകും. സ്റ്റാമ്പുകള്‍, നാണയങ്ങള്‍, കളിപ്പാട്ടങ്ങള്‍, മനോഹരമായ കമ്മലുകള്‍, മാലകള്‍... ഒരു ലോകം തന്നെ അച്ഛന്‍ വരുമ്പോള്‍ വീട്ടിലെത്തും പിന്നെ അച്ഛന്‍ മറക്കാതെ കൊണ്ടുവരുന്നത് പുസ്തകങ്ങളാണ്. നോവലുകള്‍ ചെറുകഥകള്‍ ബാല പുസ്തകങ്ങളൊക്കെ കൊണ്ടുവരും.
എന്തും തുറന്നു പറയാവുന്ന എല്ലാം ഉള്‍ക്കൊള്ളുന്ന ഒരു അച്ഛന്‍ ഉള്ളത് എന്തൊരു രസമാണ്. ചിലപ്പോള്‍ തോന്നും ലോകം മുഴുവന്‍ ഇങ്ങനെ ചുറ്റിക്കറങ്ങി നടക്കുന്നതുകൊണ്ടാവും അച്ഛന്‍ ഇത്ര വിശാലമായ മനസ്സ് ഉള്ളതെന്ന്. പെണ്‍കുട്ടികള്‍ ആണെന്ന് കരുതി യാതൊരു തരത്തിലുള്ള ഉള്ള നിയന്ത്രണവും അച്ഛന്‍ ഞങ്ങള്‍ക്ക് ഏര്‍പ്പെടുത്താറില്ല. തെറ്റും ശരിയും തിരിച്ചറിയണം സ്വയം മതിപ്പ് വേണം നിര്‍ഭയരായി ഇരിക്കണം എന്നൊക്കെ ആണ് അച്ഛന്‍ പലവട്ടം കത്തുകളില്‍ എഴുതാറുള്ളത്. ചിലപ്പോള്‍ തോന്നും ഇങ്ങനെയൊരു അച്ഛന്‍ ഉള്ളത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന്. നിനക്ക് എന്റെ അച്ഛന്‍ പുരാണം കേട്ട് ബോറടിച്ചുവോ?
ഞങ്ങളിവിടെ ബോംബെയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ക്വാര്‍ട്ടേഴ്‌സിലാണ് താമസം ഒരുപാട് വീടുകള്‍ ഉണ്ടിവിടെ. കളിക്കാന്‍ പാര്‍ക്കുകള്‍ നടക്കാന്‍ വീഥികള്‍. ഇവിടെ ജീവിതം സുഖമാണ്. ബോംബെയിലെ ഭ്രാന്ത് പിടിപ്പിക്കുന്ന തിരക്കുകളില്‍നിന്നു ഇവിടെ എത്തുമ്പോള്‍ ശാന്തം. കുറെ കൂട്ടുകാരെ ഇവിടെ കിട്ടിയിട്ടുണ്ട്. കുറച്ചുനാളായി മാറ്റമുള്ള ഒരു ജീവിതമായിരുന്നു. ഇത് നല്ലതാണ്. നാട്ടിലേക്ക് മടങ്ങുവാന്‍ എനിക്ക് വലിയ സന്തോഷം ഒന്നുമില്ല. ഇങ്ങനെ അലഞ്ഞുതിരിഞ്ഞു കാഴ്ചകള്‍ കണ്ടു നടക്കുന്നത് സുഖമല്ലേ. ബിന്ദുവിനെ കാണാം എന്നതുമാത്രമാണ് മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്നത്. ഓരോ യാത്രയും സ്‌നേഹത്തിലേക്ക് ആകുമ്പോഴാണ് സന്തോഷം അല്ലേ കേരളത്തില്‍ എത്തിയിട്ട് നിനക്ക് വിശദമായി എഴുതാം. നിന്റെ കത്തുകള്‍ എന്നെ കാത്തു കിടപ്പുണ്ടാകും എന്ന ചിന്തയും മടക്കയാത്രയ്ക്ക് പ്രേരണയാകുന്നു. പ്രിയപ്പെട്ടവളെ സ്‌നേഹമായി നിലനില്‍ക്കുക.
നിന്റെ ബീന
Content Highlights: K.A Beena Shares her childhood memories about her Father