ബോംബെ,
ഏപ്രിൽ 30,1979

ഏറ്റവും പ്രിയപ്പെട്ട മിഹ്റിൻ,
നിനക്ക് എഴുതിയില്ല എന്ന ചിന്ത പലവട്ടം മനസ്സിൽ കടന്നു വന്നു. എഴുതാൻ ഒരു സാഹചര്യവും ഇല്ലല്ലോ എന്ന് ഞാൻ സ്വയം ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഒരുമാസമായി ഞാൻ നാട്ടിലില്ല. ഈ മാസം നാലാം തീയതി ഞാനും അമ്മയും അനിയത്തി ലക്ഷ്മിയും ബോംബെയ്ക്ക് വന്നു. തീവണ്ടിയിൽ ആണ് വന്നത്. വിശദമായി നിനക്കെഴുതാമെന്ന് കരുതിയാണ് വൈകിയത്.

യാത്ര ഒക്കെ നന്നായിരുന്നു. ബിന്ദു കൂടെ ഇല്ലാത്തത് കൊണ്ട് എനിക്കൊരു മൗഢ്യം ഉണ്ടായിരുന്നു.ലക്ഷ്മിയുടെ കുസൃതികൾ കാരണം ബോ റടിച്ചില്ല. മോളി,ജോളി എന്ന് പേരുകളുള്ള ഇരട്ട പിള്ളേർ ഉണ്ടായിരുന്നു ട്രെയിനിൽ. ലക്ഷ്മിയും ആ പിള്ളേരും കൂടി ഉണ്ടാക്കിയ ബഹളത്തിൽ രാത്രിയും പകലും എങ്ങനെ കടന്നു പോയി എന്നറിയില്ല. ആന്ധ്രയിൽ കൂടി കടന്ന് പോയപ്പോൾ എന്ത് ചൂടായിരുന്നുവെന്നോ. ടവൽ നനച്ച് മൂടിയിരുന്നു ഞാൻ. ഈ പിള്ളേർക്ക് അതൊന്നും പ്രശ്നം ഇല്ല. ചാടുക, മറിയുക , വഴക്കിടുക.ആ പിള്ളേരും അച്ഛനും അമ്മയും പൂനയിൽ ഇറങ്ങി. പിന്നെ ഞങ്ങളുടെ കൂടെ ബോംബെ വരെ ഒരു സുകുമാരൻ നായർ ആണ് ഉണ്ടായിരുന്നത്. പുള്ളിക്കാരൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എന്റെ യാത്രാവിവരണം വായിച്ചിട്ടുണ്ട്. നല്ല ഇഷ്ടമായി എന്ന് പറഞ്ഞു. അമ്മയ്ക്ക് അത് കേട്ട് ഉണ്ടായ അഭിമാനം പറയാൻ പറ്റില്ല. ആ അങ്കിളിനോട് എന്നെ പറ്റി കുറേ പൊങ്ങച്ചം പറഞ്ഞ് കേൾപ്പിച്ചു. നമ്മുടെ അച്ഛനമ്മമാർക്ക് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ അഭിമാനം തോന്നുന്നു എന്നത് തന്നെ വലിയ കാര്യം .അവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന വലിയ കാര്യവും അത് തന്നെ.

ഞങ്ങൾ ദാദർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുമ്പോൾ അച്ഛൻ കാത്തു നിന്നിരുന്നു. എന്റെ പൊന്നേ,എന്തൊരു തിരക്ക്..ഈ ലോകത്ത് ഉള്ള മനുഷ്യർ മുഴുവനും സ്റ്റേഷനിൽ ഉണ്ടെന്ന് തോന്നും. ഞെങ്ങി ഞെരുങ്ങി പൂഴി വീണാൽ നിലത്ത് എത്താത്ത അത്ര തിരക്ക്..ഞാൻ പേടിച്ചു പോയി. ലക്ഷ്മി തിരക്കിൽ പെട്ട് കരയാൻ തുടങ്ങി.അച്ഛൻ ഞങ്ങളെ ചേർത്ത് പിടിച്ച് പുറത്തെത്തിക്കുകയായിരുന്നൂ. പുറത്തേ ക്കുള്ള പടികളിലൂടെ ഒഴുകിയാണ് മനുഷ്യർ സഞ്ചരിക്കുന്നത്..മനുഷ്യമഹാപ്രവാഹം തന്നെ.. റോഡിലും അതേ തിരക്ക്.

ബോംബെ ഒരു അത്ഭുത നഗരമായി തോന്നി. ഒരു വശത്ത് സമ്പന്നതയുടെ അതിപ്രസരം.. മറുവശത്ത് കൊടിയ ദാരിദ്ര്യം.. ശപിക്ക പ്പെട്ടവരുടെയും അനുഗ്രഹിക്കപ്പെട്ടവരുടെയും നഗരം..

അച്ഛന്റെ കൂട്ടുകാരൻ സദാശിവൻ അങ്കിളിന്റെ വീട്ടിൽ ആണ് ഞങ്ങൾ താമസിച്ചത്.. അവിടെ ആന്റിയും അങ്കിളും മക്കൾ ശ്രീനിധിയും ബാബുവും ആണ് ഉള്ളത്. ചെറിയ കുട്ടികൾ ആണ്. സ്കൂളിൽ പഠിക്കുന്നു. ശ്രീനിധിയുമായി ഞാൻ പെട്ടെന്ന് കൂട്ടായി. വൈകിട്ട് ഞങ്ങൾ പാർക്കിൽ പോയി കളിക്കും. ഇവിടെ വന്നിട്ടാണ് ഞാൻ ചപ്പാത്തി പ്രിയയാകുന്നത്. രാത്രി ആന്റി ചപ്പാത്തി ഉണ്ടാക്കും.സാമ്പാർ ആണ് മിക്കപ്പോഴും കൂടെ. എനിക്കത് ഇഷ്ടമായി.

അച്ഛനും ഇവിടുത്തെ അങ്കിളും സ്കൂൾ കാലം മുതലുള്ള കൂട്ട് ആണ്.വലിയ സ്നേഹമാണ്. എനിക്കേറ്റവും ഇഷ്ടമായത് അവരുടെ പരസ്പര ബഹുമാനമാണ്.സൗഹൃദങ്ങളിൽ അത്യാവശ്യം വേണ്ടത് മറ്റെയാൾ ക്ക് വേണ്ട ബഹുമാനവും സ്വാതന്ത്ര്യവും നൽകാനുള്ള മനസ്സാണ്. ഞെരുക്കുന്ന, സ്വാർത്ഥത നിറഞ്ഞ ബന്ധങ്ങൾ അധികനാൾ നീണ്ടു നിൽക്കില്ല അല്ലേ. പിന്നെ ബോംബെയിൽ ഒരുപാട് കാഴ്ചകൾ കണ്ട് നടക്കുകയാണ് ഞങ്ങൾ. ഇന്ത്യാ ഗേറ്റ് ആണ് ആദ്യം കാണാൻ പോയത്. അതിരാവിലെ സൂര്യന്റെ മൃദു വെളിച്ചത്തിൽ കടലിന്റെ പശ്ചാത്തലത്തിൽ കാണുമ്പോൾ ഇന്ത്യാ ഗേറ്റ് , അപൂർവമായ ഒരു അനുഭവം പോലെ മനസ്സിൽ ... ജോർജ് വില്ലെട് എന്ന ആർകിടെക്ട് 1924 ലാണ് ഇന്ത്യാ ഗേറ്റ് ഉണ്ടാക്കിയത്. ബോട്ടിൽ കയറി കടലിൽ നിന്നു കാണുമ്പോൾ എന്തൊരു ചന്തം ആണെന്നോ. ഇന്ത്യാ ഗേറ്റിനടുത്ത് ടാജ് മഹൽ പാലസ് എന്ന വലിയൊരു ഹോട്ടൽ ഉണ്ട്. നല്ല ഭംഗിയാണ്. അവിടെ മനോഹരമായ മറ്റൊരു കാഴ്ചയും കണ്ടൂ.നൂറുകണക്കിന് പ്രാവുകൾ ചിക്കി പെറുക്കി നടക്കുന്നു.വരുന്ന ആളുകൾ കടലയും മറ്റും വാങ്ങി കൊടുക്കുന്നുണ്ട്..ഇടയ്ക്ക് എല്ലാം കൂടി പറന്നുയർന്നു കളിക്കും.. കണ്ട് നിൽക്കാൻ നല്ല രസമാണ്.

മറൈൻ ഡ്രൈവിൽ സന്ധ്യയ്ക്കാണ് പോയത്. അറബിക്കടലിൽ സൂര്യൻ അസ്തമിക്കുന്ന മനോഹരമായ കാഴ്ച കണ്ടൂ.മറ്റൊരു ദിവസം ജൂഹു ബീച്ചിൽ പോയി. അവിടെയും സൂര്യാസ്തമയം കണ്ട് നടന്നു.കടൽ തീരങ്ങൾ എന്തൊരു അനുഭവമാണ്.. അയ്യോ മറന്നു, നിന്റെ നാട്ടിൽ കടൽ ഇല്ലല്ലോ...മലകൾ,മലകൾ,മലകൾ അല്ലേ.. ജൂഹു ബീച്ചിൽ നിന്ന് അച്ഛൻ വടാപാവ് വാങ്ങി തന്നു.എന്ത് രുചിയായിരു ന്നുവെന്നോ..
ഒരു ദിവസം ഹോട്ടൽ ഒബ്രോയ് കാണാൻ പോയി.അവിടെ ഞാൻ ആദ്യമായി എസ്കലേറ്റർ കണ്ടൂ.ഞാനും ലക്ഷ്മിയും അച്ഛനും അതിൽ കയറി.അമ്മയ്ക്ക് പേടിയായത് കൊണ്ട് താഴെ തന്നെ നിന്നു. കയറിയപ്പോൾ എനിക്കും കുറച്ച് പേടി തോന്നി കേട്ടോ. ലക്ഷ്മിക്ക് ഒട്ടും പേടി ഇല്ലായിരുന്നു.

ബോംബെയിൽ കണ്ട കാഴ്ചകളിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് എലിഫന്റാ ഗുഹകൾ ആണ്. ബോംബെ തുറമുഖത്ത്
നിന്ന് പത്ത് കിലോമീറ്റർ അകലെ ഖരപുരി ദ്വീപിലാണ് ഈ ഗുഹകൾ. ഞങ്ങളുടെ ഒപ്പം സദാശിവൻ അങ്കിളിന്റെ കുടുംബവും വന്നു. ഒരുപാട് നൂറ്റാണ്ടുകൾ പഴക്കം ഉള്ള ബുദ്ധ സ്തൂപങ്ങൾ, നിരവധി ഗുഹാക്ഷേത്രങ്ങൾ ഒക്കെ കണ്ടൂ. രാവിലെ പോയി വൈകുന്നേരം വരെ കാഴ്ചകൾ കാണുകയായിരുന്നു. മറ്റൊരു കാലത്ത് ജീവിച്ചത് പോലെ കുറേസമയം. നിന്റെ നാട്ടിലെ മലകളിൽ ഗുഹാക്ഷേത്രവും മറ്റും ഉണ്ടോ? എഴുതാൻ മറക്കരുതേ..

ഇനിയും എഴുതാൻ ഒരുപാടുണ്ട്...പിന്നീട് ആകട്ടെ. നിന്റെ കത്ത് കേരളത്തിൽ വന്നു കാണുമോ എന്ന് ഇടയ്ക്കിടെ ഓർക്കുന്നുണ്ട്..
സ്നേഹം നിറഞ്ഞവളെ, ഇവിടെയും നിന്നെ ഓർക്കാതെ ഒരു ദിവസം കടന്നു പോകുന്നില്ല എന്ന് നീയറിയുന്നുവോ?

നിന്റെ ബീന

Content Highlights: K A beena shares childhood memories about her family trip to Mumbai