തിരുവനന്തപുരം..
ജൂണ് 15,1978

പ്രിയം നിറഞ്ഞ മിഹ്റിന്‍,
വെറുതെ സന്ധ്യയ്ക്ക് നിന്റെ കത്തും വായിച്ച് ഇങ്ങനെ ഇരിക്കുമ്പോള്‍ എന്തൊരു സന്തോഷം..
ഇവിടെ മഴക്കാലമാണ്..
എന്തൊരു മഴയാണെന്നോ.എന്റെ വീട് നാട്ടിന്പുറത്താണെന്നു ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ..സത്യം പറഞ്ഞാല്‍ ഭൂമി ഇവിടെ അവസാനിക്കുകയാണ് എന്നു എനിക്ക് തോന്നും.  നോക്കെത്താ ദൂരത്തോളമുള്ള നെല്‍വയലുകളെ കുറിച്ച് ഞാനെഴുതിയിട്ടുണ്ടല്ലോ... ആ വയലുകള്‍ എല്ലാം വെള്ളം നിറഞ്ഞു കായല് പോലെ കിടക്കുകയാണ്. വീട്ടിനാകെ കൂട്ട് മതിലിനപ്പുറത്ത് ഉള്ള അയ്യപ്പന്റെ അമ്പലമാണ്. മുന്നിലും പിന്നിലും വശങ്ങളിലുമൊന്നും ആരുമില്ല, വീടുകളുമില്ല.. അയ്യപ്പന്റെ അമ്പലത്തിനോട് ചേര്‍ന്നു ഒരു കുളമുണ്ട്.. അതിപ്പോള്‍ നിറഞ്ഞു കവിഞ്ഞു ഒഴുകുകയാണ്.. എവിടെയും വെള്ളം മാത്രം.. ചെളിയുടെ നിറമുള്ള വെള്ളം. വീടും പറമ്പും ഭൂമിയും ഒക്കെ വെള്ളത്തില്‍ ഒളിച്ചു പോകുമെന്ന് തോന്നും.

അപ്പൂപ്പന്‍ പറയും പ്രളയം വരുകയാവുമെന്ന്..പ്രളയം എല്ലാം അവസാനിപ്പിക്കുമെന്ന്.. പണ്ടത്തെ പ്രളയത്തെ കുറിച്ചൊക്കെ പറഞ്ഞു കേള്‍ക്കുമ്പോള്‍ പേടിയാകും. ഒരു മലയാളകഥയുണ്ട്..'വെള്ളപ്പൊക്കത്തില്‍.' തകഴി ശിവശങ്കരപിള്ള എഴുതിയതാണ്.. ഒരു പട്ടി പ്രളയത്തില്‍ ഒരു വീടിനു മുകളില്‍ ഒറ്റപ്പെട്ടു പോകുന്നതാണ് കഥ.. മഴ വരുമ്പോഴൊക്കെ ഞാന്‍ ആ പട്ടിയെ ഓര്‍ക്കും.
ഇവിടെ ഒരുപാട് വീടുകള്‍ ഓല മേഞ്ഞവയാണ്.. പെരുമഴ വന്നാല്‍ ചോര്‍ന്നൊലിക്കുന്നവ.. സമയത്തു ഓല മേഞ്ഞിട്ടില്ലെങ്കില്‍ ഓട്ടകള്‍ക്കിടയിലൂടെ മഴ വീട്ടിനുള്ളില്‍ വരും. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ വീട് ഓല മേഞ്ഞതായിരുന്നു. അന്ന് ഞങ്ങള്‍ക്ക് വീട്ടിനുള്ളില്‍ എത്തുന്ന മഴ വലിയ ഇഷ്ടമായിരുന്നു. മഴവെള്ളം വീട്ടിനുള്ളില്‍ വീഴാതെ പിടിച്ചെടുത്ത്  പുറത്തെടുത്ത് കളയാന്‍ അമ്മൂമ്മ ഞങ്ങളെ ഏല്‍പ്പിക്കും.മഴയില്‍ കളിക്കാന്‍ കിട്ടുന്ന അവസരം മുതലാക്കി ഞങ്ങള്‍ പരമാവധി തകര്‍ക്കും. വീട് ഓട് മേഞ്ഞതോടെ മഴക്കളി നിന്നു പോയി.

മഴയുടെ മായാജാലങ്ങള്‍ പിന്നെയുമുണ്ട്.. മണ്ണില്‍ നിന്നും പുറത്തേക്ക് വരുന്ന ഉറവകള്‍.. ഊറ്റുകള്‍ എന്നും ഇവിടെ പറയും.. മണ്ണിനടിയില്‍ നിന്നും പൊക്കമുള്ള മണ്‍തിട്ടകളില്‍ നിന്നും ഒക്കെ കണ്ണീരു പോലെ തെളിഞ്ഞ വെള്ളവുമായി ഉറവകള്‍ പൊട്ടിയൊഴുകും. കിണറിന്റെ വശങ്ങളില്‍ നിന്നും വെള്ളം പൊട്ടിയൊഴുകും. മണ്ണിന്റെ ഉന്മാദം എന്നൊക്കെ കഥകളില്‍ എഴുതാം.. അത്രക്കുമുണ്ട് ഉറവകളുടെ വെള്ളത്തിന്റെ തുള്ളിക്കളി.. ഉറവുകളില്‍ നിന്ന് പ്ലാവിലക്കുമ്പിളുകളില്‍ വെള്ളം പിടിച്ചെടുത്തു കുപ്പികളിലാക്കി വയ്ക്കും ഞങ്ങള്‍. കുടിക്കാന്‍ നല്ല രുചിയാണ്..ശുദ്ധവെള്ളം എന്നാണ് അമ്മൂമ്മ പറയുന്നത്.

മഴയത്ത് കടലാസുവഞ്ചികള്‍ ഉണ്ടാക്കി കളിക്കാന്‍ നിനക്കിഷ്ടമാണോ? ഞാനിപ്പോഴും അനിയത്തി ലക്ഷ്മിയുടെ കൂടെ ചേര്‍ന്നു ബോട്ട് ഉണ്ടാക്കി മഴവെള്ളത്തില്‍ ഒഴുക്കി കളിക്കും. അപ്പോള്‍ എന്തൊരു സന്തോഷമാണ്. എന്തു കളിക്കാനും എനിക്ക് ഇഷ്ടമാണ്..നമ്മള്‍ എന്തെല്ലാം കളികള്‍ ആണ് ആര്‍ത്തേക്കില്‍ കളിച്ചത് അല്ലെ..ഞാനതൊക്കെ എഴുതിയിട്ടുണ്ട് യാത്രാവിവരണത്തില്‍..

''ആര്‍ത്തേക്ക് റ്റു ഹവാന' എന്ന കളി നീയോര്‍ക്കുന്നില്ലേ..അതിനെ കുറിച്ച് ഞാന്‍ എഴുതിയത് വായിച്ചു നോക്കൂ..
''ക്യൂബന്‍ ഡേയോടനുബന്ധിച്ച് ഒരു ആര്‍ത്തേക്ക് ഗെയിം ഞങ്ങള്‍ കളിച്ചു. ആര്‍ത്തേക്ക് പ്രതിനിധികള്‍ ഒരു കപ്പലില്‍ കയറി ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലേക്ക് പോകുന്നതും അവിടെ കാണുന്ന കാഴ്ച്ചകളും ഒക്കെ  ഉള്‍പ്പെടുത്തി ഒരു സങ്കല്‍പ്പ കളി.. 
ഓരോ ക്യാമ്പിലെയും കുട്ടികളെ പല വിഭാഗങ്ങളായി തിരിച്ചു.. ഓരോ വിഭാഗവും ഓരോ കപ്പല്‍ യാത്രക്കാരാണ്. ഞങ്ങളുടെ സംഘത്തില്‍ റഷ്യക്കാരും ഉണ്ടായിരുന്നു. ഓരോ കപ്പല്‍ യാത്രാ സംഘത്തിനും ഓരോ ക്യാപ്റ്റന്‍ കാണും. ക്യാപ്റ്റന്‍ ഇല്ലാതെ എങ്ങനെയാ കപ്പല്‍ യാത്രയ്ക്ക് പോകുക? ഈഗര്‍ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റന്‍.. ക്യാപ്റ്റന്റെ വേഷമൊക്കെ അണിഞ്ഞാണ് അവന്‍ വന്നത്. ക്യാപ്റ്റന്‍ ഞങ്ങളെ ഓരോരുത്തരെയും പരിചയപ്പെട്ടു (കളിയിലെ ഔപചാരികതയ്ക്ക് വേണ്ടി). ഈ യാത്രയില്‍ ഞങ്ങള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതെ ഇരിക്കാന്‍ വേണ്ട നടപടികള്‍ ഒക്കെ കൈക്കൊള്ളാമെന്നു ഉറപ്പു തന്നു. നല്ല ഹവാന യാത്ര ആശംസിച്ചു. ഞങ്ങള്‍ ബഹുമാനപ്പെട്ട ക്യാപ്റ്റന് നന്ദി പറഞ്ഞു.

ക്യാപ്റ്റന്‍ സിഗ്നല്‍ തന്നു. കപ്പല്‍ ചലിച്ചു. ഇടയ്ക്കത് വേഗം കൂട്ടി (ഞങ്ങള്‍ ഓടി). ആയാസരഹിതമായ ഞങ്ങളുടെ സാങ്കല്‍പിക കപ്പല്‍ വായുവിലൂടെ മുന്നോട്ട് നീങ്ങി. പടിക്കെട്ടുകളെ ഞങ്ങള്‍ കടല്‍ചുഴികളായി കരുതി.. ചാടിയോടി, പാട്ടു പാടി ഞങ്ങള്‍ ഹവാനായിലേക്ക് പുറപ്പെട്ടു. ആ യാത്ര വളരെ രസകരമായിരുന്നു. ആര്‍ത്തെക്കിലെ വീഥികളിലൂടെ ഞങ്ങള്‍ ഓടി.. ക്യാപ്റ്റന്‍ ഇടയ്ക്ക് സുഖവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.

women
ആര്‍ത്തേക്ക് ക്യാമ്പ്

ഞങ്ങളുടെ കപ്പല്‍ ഒരു തീരത്ത് അണഞ്ഞു. വിശ്രമിച്ചു. ഇനി അല്‍പ ദൂരമേയുള്ളൂ സങ്കല്പഹവാനായിലെത്താന്‍.. പക്ഷേ അതിനു ചിലരുടെ സഹായം വേണം. കാട്ടുജാതിക്കാരായ ചിലര്‍  അവിടെയെത്തി. ക്യാപ്റ്റന്‍ അവരോട് അക്കരെയെത്തിക്കാന്‍ അപേക്ഷിച്ചു. ഓ, ഞങ്ങള്‍ കാട്ടു ജാതിക്കാരുടെ ദ്വീപില്‍ എത്തിയിരിക്കുകയാണ്. ഇനി അങ്ങോട്ട് കപ്പല്‍ പോവില്ല. രണ്ട് കാട്ടുപെണ്‍കൊടിമാര്‍ (കാട്ടു ജാതിക്കാരുടെ വേഷം കെട്ടിയ മിഹ്റിനും ലിയാനയും) ഞങ്ങളെ ചങ്ങാടത്തില്‍ ഹവാനയില്‍  എത്തിക്കാം എന്ന് ഏറ്റു. പക്ഷേ പ്രതിഫലമായി അവര്‍ക്ക് ഒരു പാട്ട് കേള്‍ക്കണം. അതും 'മലയാലം''പാട്ട്.. എന്നെ നോക്കി കള്ളച്ചിരി യോടെ മിഹ്റിന്‍ പറഞ്ഞു.(അന്നുച്ചയ്ക്ക് ഹെലന്റെ സഹായത്തോടെ എന്റെ മാതൃഭാഷയെപ്പറ്റിയും മറ്റും മിഹ്റിന്‍ ചോദിച്ച് മനസ്സിലാക്കിയത് എനിക്ക് ഓര്‍മ്മ വന്നു.) ഞാനും ഷീലയും രാമചന്ദ്രനും രാജീവും കൂടി 'സര്‍വ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിന്‍''എന്ന പാട്ടു പാടി.

അവര്‍ ഞങ്ങളെ രണ്ടു സംഘങ്ങളായി തിരിച്ചു(രണ്ട് ചങ്ങാടക്കാര്‍). അങ്ങകലെയുള്ള വലിയ വൃത്തമാണ് ഹവാന തുറമുഖം.
ചങ്ങാടമെത്തി(ഒരു വലിയ വളയം). ഞാന്‍ മിഹ്റിന്റെ ചങ്ങാടത്തില്‍ ആയിരുന്നു.ആദ്യം രണ്ടു കുട്ടികളെ സങ്കല്പ ചങ്ങാടത്തില്‍ കയറ്റി മിഹ്റിന്‍ ഹവാനയ്ക്ക് പോകുന്നു. അവരിലൊരാളുമായി മടങ്ങി വന്നു വീണ്ടും ഹവാനയ്ക്ക് പോകുന്നു. ഇങ്ങനെ ഇതു തുടരുന്നു. എല്ലാ അംഗങ്ങളും ആദ്യം ഹവാനായില്‍ എത്തിയ സംഘം വിജയിക്കുന്നു. കളിയില്‍ ഞങ്ങളുടെ സംഘമാണ് വിജയിച്ചത്.
മിഹ്റിനും ലിയാനയ്ക്കും നന്ദി പറഞ്ഞ് ഹവാനായിലേക്ക് ഞങ്ങള്‍ നടന്നു, കാഴ്ചകള്‍ കാണാന്‍'. ഇങ്ങനെ എന്തെല്ലാം കളികള്‍ അല്ലെ? ഓരോന്നും എത്ര ആസ്വദിച്ചാണ്  നമ്മള്‍ കളിച്ചത് അല്ലെ? ആ കളികള്‍ ,ആ ജീവിതം, നമ്മളൊക്കെ പങ്കു വച്ച സ്‌നേഹം..

പൊന്നേ... മുന്നോട്ടുള്ള ജീവിതത്തില്‍ നമ്മെ ഇതൊക്കെ എങ്ങനെ ആവും സ്വാധീനിക്കുക എന്നു നീ ചിന്തിച്ചിട്ടുണ്ടോ?കൊച്ചു കൊച്ചു കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തി ജീവിതത്തെ മനോഹരമാക്കാന്‍ നമ്മള്‍ പഠിച്ചു കഴിഞ്ഞു. കൊച്ചു കൊച്ചു നിമിഷ
ങ്ങളെ നമ്മളെത്രമാത്രം ഉത്സാഹഭരിതമാക്കുന്നു..ഇതാ ഇപ്പോള്‍ കൊച്ചു കൊച്ചു സ്‌നേഹങ്ങളെ പ്രപഞ്ചത്തോളം വളരാന്‍ വിട്ടു കൊണ്ട് ആനന്ദത്തിന്റെ നിമിഷങ്ങള്‍ സ്വയം സമ്മാനിക്കുന്നു.

പുലര്‍കാലത്ത് കിളികള്‍ ചിലക്കുമ്പോള്‍ മനസ്സ് നിറയുന്നത്, സൂര്യവെളിച്ചത്തില്‍ ഭൂമിയില്‍ ജീവിതം ചലനാത്മകമാവുമ്പോള്‍, രാവ് നിലാവില്‍ മുങ്ങുമ്പോള്‍ ഉള്ളില്‍ പടരുന്ന ആനന്ദം.. അത് നിന്റെ സാന്നിധ്യത്തില്‍ എന്റെ ജീവനില്‍ നിറയുന്ന സത്യമാണ്. നീയുള്ളപ്പോള്‍ മനസ്സിന് ഇരുള് മൂടുക വയ്യ. എന്റെ സ്‌നേഹമേ സുഖമായിരിക്കുക..

നിന്റെ ബീന...

Content Highlights: K.A Beena Share memories about Monsoon days in her childhood