തിരുവനന്തപുരം, 
മേയ് 15 ,1979

എത്രയും പ്രിയപ്പെട്ട മിഹ്‌റിന്‍ കുട്ടീ,

ഞാന്‍ ബോംബെയില്‍ നിന്ന് തിരുവനന്തപുരത്തെത്തി. അച്ഛനെ വിട്ടുപിരിഞ്ഞ വിഷമം ഒക്കെ ഇപ്പോള്‍ മാറി. എപ്പോഴും അങ്ങനെയാണല്ലോ ഒരു കാര്യം നടക്കും മുമ്പ് നമ്മള്‍  അതിനെ എങ്ങനെ സ്വീകരിക്കണമെന്ന് ഓര്‍ത്ത് വ്യാകുലപ്പെട്ടു കൊണ്ടേയിരിക്കും. സംഭവം നടന്നു കഴിയുമ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പഠിക്കും. ബോംബെയില്‍  നിന്ന് യാത്ര തുടങ്ങുമ്പോള്‍  സങ്കടം ഒക്കെ ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ അച്ഛനോട് യാത്ര പറഞ്ഞപ്പോള്‍  കണ്ണുനിറഞ്ഞു. ട്രെയിനില്‍ വലിയ വിഷമമായിരുന്നു. പിന്നെ പതുക്കെ പതുക്കെ ഇവിടെ എത്തി ഇവിടുത്തെ തിരക്കുകളില്‍ ചേര്‍ന്നപ്പോള്‍  കുറഞ്ഞു. ഇപ്പോള്‍ അച്ഛന്റെ കത്ത് കാത്തിരിക്കുകയാണ്.

തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളില്‍  ബാലവേദി യൂണിറ്റുകള്‍ ഉണ്ടാക്കുന്ന ജോലിയാണ് ആണ് ഞാന്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വഴുതക്കാട് ടാഗോര്‍ മെമ്മോറിയല്‍ ബാലവേദി എന്നൊരു ഒരു യൂണിറ്റ് ഉണ്ടാക്കി. ഇവിടുത്തെ കുട്ടികള്‍ മിടുക്കരാണ് .

ആദ്യത്തെ മീറ്റിങ്ങിന്  തന്നെ അവര്‍ പ്രസിഡന്റിനെയും  സെക്രട്ടറിയും ഒക്കെ തെരഞ്ഞെടുത്തു. ഈ അവധിക്കാലത്ത് തന്നെ  ഒരു കലോത്സവം നടത്താനൊക്കെ അവര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. സെക്രട്ടറി വി. എസ് ശ്രീലേഖ മിടുക്കിയാണ്. നന്നായി പ്രസംഗിക്കും അക്ഷരശ്ലോകം ചൊല്ലും. കവിത ചൊല്ലും. മിടുക്കി കുട്ടി. യൂണിറ്റ് ഉണ്ടാക്കി കൊടുക്കുക എന്ന് ജോലി മാത്രം ഞാന്‍ ചെയ്താല്‍ മതി.  ബാക്കിയെല്ലാം അവര്‍ ചെയ്‌തോളും. ആഴ്ചതോറും മീറ്റിംഗ് കൂടുക, കലാപരിപാടികളും സാഹിത്യ പരിപാടികളും അവതരിപ്പിക്കുക, ക്വിസ്മത്സരം സംഘടിപ്പിക്കുക, യോഗ തീരുമാനങ്ങള്‍ പരിപാടികളും തീരുമാനങ്ങളും എഴുതി സൂക്ഷിക്കുക തുടങ്ങിയ ജോലിയൊക്കെ കുട്ടികള്‍ ചെയ്‌തോളും.

ഇനി നെടുമങ്ങാട്, ആറ്റിങ്ങല്‍  തുടങ്ങിയ സ്ഥലങ്ങളിലും ഒരു ബാലവേദി യൂണിറ്റുകള്‍ ഉണ്ടാക്കാനുള്ള ഉള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട് . അവിടെയൊക്കെ പോയി കാര്യങ്ങള്‍ ശരിയാക്കണം. ചിലപ്പോള്‍ ഒറ്റയ്ക്ക് പോകേണ്ടിവരും. സമയമുണ്ടെങ്കില്‍ അമ്മാവന്‍ കൂടെ വരും. ചിലപ്പോള്‍ ഞാന്‍  അനിയത്തിയെ കൂട്ടിയും പോകും.

ഈ വര്‍ഷം അന്താരാഷ്ട്ര ശിശു വര്‍ഷം ആണെന്ന് നിനക്കറിയാമല്ലോ. ഞങ്ങള്‍ പേരൂര്‍ക്കടയിലുള്ള വയലാര്‍ ബാലവേദി ശിശു വര്‍ഷത്തോട് അനുബ സംഘടിപ്പിച്ചു . കുട്ടികളെ കുറിച്ചായിരുന്നു ചര്‍ച്ച. ഞാനായിരുന്നു അധ്യക്ഷ.  കുട്ടികള്‍ക്ക് സമൂഹത്തില്‍ പ്രാധാന്യം കൊടുക്കേണ്ടതിനെ കുറിച്ചാണ് എല്ലാവരും സംസാരിച്ചത്. ഞാന്‍ റഷ്യയിലെ അനുഭവങ്ങള്‍ വച്ചാണ് കേട്ടോ സംസാരിച്ചത് ഇവിടെ മുതിര്‍ന്നവര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള യന്ത്രങ്ങള്‍ പോലെയാണ് പലരും കുട്ടികളെ കരുതുന്നത്. അവരുടെ തീരുമാനങ്ങളെയോ സ്വപ്നങ്ങളെയോ വകവയ്ക്കാറില്ല. 

കഴിഞ്ഞദിവസം ഇസ്‌കസിന്റെ  ആഭിമുഖ്യത്തില്‍ ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ് ചൈല്‍ഡ് അധികരിച്ച് ഒരു സമ്മേളനം നടന്നിരുന്നു. നിന്റെ നാട്ടില്‍ നിന്ന് വന്ന  മാഡം കൃഗ്ലോവ  പരിപാടിയില്‍ പങ്കെടുത്തു. ഞങ്ങളുടെ പ്രിയപ്പെട്ട കവി ഒ.എന്‍.വി കുറുപ്പ് ചടങ്ങില്‍ സംസാരിക്കാനെത്തി. അദ്ദേഹവും കുട്ടികളുടെ പ്രാധാന്യമാണ് എടുത്തു പറഞ്ഞത്. റഷ്യന്‍ കലാപരിപാടികളും ഉണ്ടായിരുന്നു. നല്ല രസമായിരുന്നു. മാഡം കൃഗ്ലോവ  എനിക്കൊരു ഒളിമ്പിക് കരടി  കുട്ടനെ സമ്മാനിച്ചു

നല്ല വെളുത്ത പാവ. കറുത്ത കുത്തുകളുമുണ്ട്. നല്ല കരടി കുട്ടന്‍. ലക്ഷ്മി അതിനെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നത്. ഞാന്‍ 'മാ ച്ച്' എന്നൊരു റഷ്യന്‍ കവിത അത് പഠിച്ച് അവിടെ അവതരിപ്പിച്ചു. 'മാച്ച് 'എന്നാല്‍ അമ്മ എന്നല്ലേ അര്‍ഥം. അമ്മയെക്കുറിച്ച് ഒരു കവിത.

മാച്ച്
'അനാ വ്‌ലാ ഇസ്‌പോല്‍നെനാ പെച്ചലീ
ഇ മേഷ്ദൂം തെം കാക്, ശുംനെയ് ഈ റസ്വെ..
ത്രീ ഒത്രോക വോകട് നേ ഇഗ്രാ ലീ
യെ ഉസ്താ സദൂം ചിവോ ശേപ്താലി '

നിനക്ക് ഈ കവിത അറിയുമോ? എന്റെ  പത്താം ക്ലാസ് റിസള്‍ട്ട് അറിയാറായി. ഇത്തിരി പേടിയുണ്ട്. റിസള്‍ട്ട് അറിഞ്ഞാല്‍; ഉടന്‍ 
നിനക്കെഴുതാം.

ഒരുപാട് സ്‌നേഹം.

നിന്റെ ബീന

Content Highlights: K A Beena share her childhood memories to her Russian friend Mihirin