തിരുവനന്തപുരം,
ഒക്ടോബര്‍ 30,1978

എന്റെ പ്രിയമേ, സ്‌നേഹമേ,മിഹ്റിന്‍,
ഇവിടെ മഴ പെയ്യുന്നൊരു സന്ധ്യയില്‍ നിന്നെ ഓര്‍ത്തിരിക്കാന്‍ ഞാനുണ്ട് എന്ന് നീയറിയുന്നുവോ...ആകാശം ഇരുണ്ട് മൂടിക്കെട്ടിയിട്ടുണ്ട്. മനസ്സ് നിറയെ സ്‌നേഹമാണ്... ചിലപ്പോള്‍ കരകവിഞ്ഞൊഴുകുന്ന നദി പോലെ സ്‌നേഹം.
എന്തൊക്കെയോ പറയാനും എഴുതാനും ഉള്ളത് എത്ര നല്ലതാണ് അല്ലെ.. എഴുതുന്നത് നിനക്ക് ആകുമ്പോള്‍ ജീവിതം തന്നെ സ്ഫുടം ചെയ്ത് എടുക്കപ്പെടുന്നത് പോലെ. മിഹ്റിന്‍, നിന്നോടാണോ എന്നോട് തന്നെയാണോ ഞാന്‍ മിണ്ടുന്നത് എന്നെനിക്ക് സംശയം തോന്നാറുണ്ട്. ആത്മാവ്  ആത്മാവിനോട് മിണ്ടുന്നത് പോലെ. നീ എന്റെ ഉള്ളിലെ ശൂന്യതയില്‍ നിറയുന്നത്, അതിന്റെ ആഴം നിനക്ക് ഊഹിക്കാന്‍ പോലും കഴിയില്ല പൊന്നേ... നിന്നെ കേള്‍ക്കാന്‍ തോന്നുമ്പോള്‍ ഒക്കെ ഞാന്‍ നിനക്ക് എഴുതുന്നു.. നീ കേള്‍ക്കുന്നുണ്ടോ എന്നത് പോലും ചിന്തിക്കാതെ.. എനിക്ക് എന്റെ മനസ്സ്, ജീവിതം ഒക്കെ തുറന്നു വച്ചേ തീരൂ.. അതു മിഹ്റിന്‍ നിന്റെ മുന്നിലാ
വുമ്പോള്‍ കണ്ണാടി കാണും പോലെ..

സ്‌കൂളില്‍ പഠിത്തം, കലാസാഹിത്യമേളകള്‍, സേവനവാരം അങ്ങനെ തിരക്കോട് തിരക്ക്. സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പും ഇതിനിടെ കഴിഞ്ഞു. നല്ല രസമായിരുന്നു തെരഞ്ഞെടുപ്പ്. സ്‌കൂള്‍ ലീഡര്‍, സ്പീക്കര്‍ ഈ സ്ഥാനങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഞാന്‍ സ്‌കൂള്‍ ലീഡര്‍ ആയിട്ടാണ് മത്സരിച്ചത്. ഓരോ ക്ലാസ്സിലും ഓരോ മെമ്പര്‍ ഓഫ് പാര്‍ലമെന്റ് കാണും.അവരില്‍ നിന്നാണ് സ്‌കൂള്‍ ലീഡറേയും സ്പീക്കറെയും തെരഞ്ഞെടുക്കുന്നത്. സ്‌കൂളിലെ കുട്ടികളോട് മുഴുവന്‍ വോട്ട് ചോദിക്കണം. ക്ലാസ്സുകള്‍ തോറും കയറിയിറങ്ങി വോട്ടു ചോദിക്കുന്നത് രസമുള്ള കാര്യമായിരുന്നു. പിന്നെ വോട്ട് അഭ്യര്‍ഥിച്ചു കൊണ്ട് ചുവരില്‍ പോസ്റ്റര്‍ എഴുതി ഒട്ടിയ്ക്കുക, കാണുന്ന കുട്ടികളോടൊക്കെ വോട്ട് ചോദിയ്ക്കുക സ്‌കൂള്‍ അസംബ്ലിയില്‍ പ്രസംഗിക്കുക അങ്ങനെ തെരഞ്ഞെടുപ്പ് രസമായിരുന്നു. ഞാന്‍ ഡെപ്യൂട്ടി സ്‌കൂള്‍ ലീഡര്‍ ആയി. എന്റെ കൂട്ടുകാരി താരാ എസ് നായരാണ് സ്‌കൂള്‍ ലീഡര്‍. സ്‌കൂള്‍ അസംബ്ലിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്കെ  ഉണ്ടായിരുന്നു കേട്ടോ.

ഒക്ടോബര്‍ മാസമായാല്‍ സ്‌കൂളില്‍ സേവനവാരം ആണ്.ഒക്ടോബര്‍ രണ്ടിന് ഞങ്ങളുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആണ്. അന്ന് മുതല്‍ ഒരാഴ്ചയാണ് സേവനവാരം. സ്‌കൂളില്‍ പഠിപ്പിക്കല്‍ ഒന്നും ഇല്ല ഒരാഴ്ച.സ്‌കൂളും പരിസരവും വൃത്തിയാക്കുക ആണ് മുഖ്യ പരിപാടി. സ്‌കൂള്‍ പരിസരത്തുള്ള കാടും പടര്‍പ്പുമൊക്കെ പറിച്ചെടുത്ത് മനോഹരമാക്കുക.പുതിയ ചെടികള്‍ നട്ടു പിടിപ്പിക്കുക, ക്ലാസ്സ്മുറികള്‍ കഴുകി തുടക്കുക തുടങ്ങി എന്തു മാത്രം പണികള്‍ ആണെന്നോ. ബെഞ്ചുകളും ഡെസ്‌കുകളും വറെ ഞങ്ങള്‍ കഴുകി. സ്‌കൂളിലേക്ക് വരുന്ന റോഡിന്റെ വശങ്ങളില്‍ ഉള്ള പുല്ലു ചെത്തുക, വഴിയിലെ കുഴികളൊക്കെ മണ്ണിട്ട് മൂടുക... എന്തൊരു സന്തോഷമാണ് കൂട്ടുകാരോടൊത്ത് ഇതൊക്കെ ചെയ്യാന്‍. ജോലി ചെയ്ത് ക്ഷീണിക്കുമ്പോള്‍ ടീച്ചര്‍മാര്‍ കരിപ്പട്ടികാപ്പി, നാരങ്ങാ വെള്ളം,അവല്‍ നനച്ചത്, പഴം ഒക്കെ തരും. അതൊക്കെ കഴിച്ച് പിന്നേം ജോലി ചെയ്യും. ഉച്ചയാകുമ്പോള്‍ കയ്യും കാലുമൊക്കെ കഴുകി  ചെല്ലുമ്പോള്‍ ഭക്ഷണമുണ്ടാക്കി ടീച്ചര്‍മാര്‍ കാത്തു നില്‍ക്കും. കപ്പപുഴുക്ക്, കാന്താരി മുളക് അരച്ചത്,ഗോതമ്പ് ദോശക്കകത്ത് പഴവും തേങ്ങയും ശര്‍ക്കരയും വച്ചത്, പയര്‍ ശര്‍ക്കരയും തേങ്ങയും ഇട്ട് പുഴുങ്ങിയത്, ഏത്തപ്പഴം പുഴുങ്ങിയത് അങ്ങനെ ഓരോ ദിവസവും ഓരോന്ന് കാണും. അവസാനദിവസം സങ്കടമാണ്, ഇനി ഒരു വര്‍ഷം കഴിയണമല്ലോ വീണ്ടും  സേവനവാരം വരാന്‍.

ഞങ്ങളുടെ നാട്ടിലും ഒക്ടോബര്‍ രണ്ടിന് ശുചീകരണപരിപാടികള്‍ നടത്തും. എന്റെ അമ്മാവന്മാരും കൂട്ടുകാരും നാട്ടിലെ വഴികളും തോടുകളും ഒക്കെ വൃത്തിയാക്കും.പുല്ലും പടര്‍പ്പും ചെത്തി കളഞ്ഞു വഴിയൊക്കെ നിരപ്പാക്കും.തോടുകളുടെ വശങ്ങളില്‍ നിന്ന് ചെടിയൊക്കെ ചെത്തി മാറ്റി തോടുകളില്‍ നിന്നു പായല്‍ മാറ്റി നാട് മുഴുവന്‍ ചന്തം വരുത്തും.പുല്ലും ചെടികളും പറന്പില്‍ കൊണ്ടു പോയി ഇടാന്‍ ഞങ്ങളെയും കൂടെ കൂട്ടും.എന്തു ഭംഗിയാണെന്നോ അപ്പോള്‍ നാട്ടുവഴികളും തോടും ഒക്കെ കാണാന്‍..

ഏതു ജോലിയും ചെയ്യുന്നത് മഹത്തരമാണെന്നു പറഞ്ഞിരുന്ന ഞങ്ങളുടെ രാഷ്ട്രപിതാവിന്റെ പിറന്നാള്‍ എന്റെ വീട്ടില്‍ പായസം വച്ച് ആണ് ആഘോഷിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ആളാണ് എന്റെ അപ്പൂപ്പന്‍. അപ്പൂപ്പന്റെ വകയാണ് പായസം. ഗോതമ്പ് പായസമോ മാങ്ങാണ്ടി ഉണക്കി പൊടിച്ച പായസമോ ഒക്കെ ആണ് അപ്പൂപ്പന്‍ ഉണ്ടാക്കി തരാറ്. ഒക്ടോബര്‍ വരുന്നത് രസകരമാണ്. ഒരാഴ്ച കടന്നു പോകുന്നത് അറിയില്ല.

മിഹ്റിന്‍, നമ്മുടെ ആര്‍ത്തേക്കിലും ജോലി ചെയ്യുന്നത് എന്തൊരു ആഘോഷമായിരുന്നു അല്ലെ..അന്ന് 'ലേബര്‍ ദിന'ത്തില്‍ നമ്മള്‍ കൂട്ടുകൃഷിക്കളത്തില്‍ പോയി ജോലി ചെയ്തത് നീ ഓര്‍ക്കുന്നില്ലേ. നീണ്ടു നീണ്ടു കിടക്കുന്ന മുന്തിരി തോട്ടങ്ങളില്‍ എത്ര നേരമാണ് നമ്മള്‍ പണിയെടുത്തത്. മുന്തിരി വള്ളികള്‍ ചരടുപയോഗിച്ചു കെട്ടി ഒതുക്കി നിര്‍ത്തിയപ്പോള്‍ ഉള്ള തൃപ്തി പറഞ്ഞാല്‍ തീരില്ല അല്ലെ. നിനക്കറിയുമോ ഞാന്‍ അന്ന് ആദ്യമായാണ് മുന്തിരി ചെടികള്‍ കാണുന്നത്.പച്ച മുന്തിരിങ്ങ തിന്ന് എന്റെ നാവ് പുളിച്ചപ്പോള്‍ നീ കളിയാക്കി ചിരിച്ചതും ഞാന്‍ മറന്നിട്ടില്ല കേട്ടോ. 

പ്രിയപ്പെട്ടവളെ, ഓര്‍ക്കാനും മറക്കാതിരിക്കാനും ജീവിതം കാത്തുവയ്ക്കുന്ന മുന്തിരിവള്ളികള്‍..അവയില്‍ ഏറ്റവും ശക്തിയുള്ള വള്ളിയാണ് നീ.. അതു എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ.. നിനക്ക് നല്ലത് മാത്രം വരാന്‍ ആശിക്കുന്നു..

നിന്റെ ബീന.

Content Highlights: K.A Beena share her childhood memories about Gandhijayanthi celebrations in school