തിരുവനന്തപുരം,
ആഗസ്റ്റ് 14,1978

എന്റെ മിഹ്റിന്‍,

നിന്നെ പിരിഞ്ഞിട്ട് ഒരു വര്‍ഷം.ഇന്നലെ രാത്രി അതൊക്കെ ഓര്‍ത്തു കിടന്നിട്ടാവും നിന്നെ സ്വപ്നം കണ്ടാണ് ഉണര്‍ന്നത്.മാലാഖമാരുടെ നാട്ടില്‍ നമ്മള്‍ പോയതും അവരോട് സംസാരിച്ചതും പാട്ടു പാടിയതും നൃത്തം ചെയ്തതും ഒക്കെ ഓര്‍മ്മയുണ്ട്. മേഘങ്ങള്‍ക്ക് ഇടയിലൂടെ തെന്നു വണ്ടി ഓടിച്ചാണ് നമ്മള്‍ പോയത്. എനിക്കും നിനക്കും വെവ്വേറെ തെന്നു വണ്ടികള്‍ ഉണ്ടായിരുന്നു.ആ തെന്നു വണ്ടികള്‍ മേഘങ്ങളില്‍ കാത്തു കിടക്കുകയായിരുന്നു. വെള്ളമേഘങ്ങള്‍ കയറുപോലെ ചുരുട്ടി താഴേക്ക് നമുക്ക് കയറി ചെല്ലാന്‍ ഇട്ടിരുന്നു.അതില്‍ പിടിച്ചു തൂങ്ങി നമ്മള്‍ മേഘങ്ങളില്‍ എത്തി തെന്നു വണ്ടികളില്‍ കയറി.
മേഘങ്ങളെ തൊട്ടും തൊടാതെയും ചിലപ്പോള്‍ മേഘങ്ങള്‍ക്കുള്ളിലൂടെയും ആ വണ്ടികള്‍ പാഞ്ഞു. വെളുവെളുത്ത മേഘങ്ങള്‍ ആയിരുന്നു.

പഞ്ഞി പോലത്തെ മേഘക്കൂട്ടങ്ങള്‍... പോയി പോയി നമ്മള്‍ മാലാഖമാരുടെ കൊട്ടാരത്തില്‍ എത്തി..വെള്ള ലില്ലിപ്പൂക്കള്‍ കൊണ്ടുള്ള ഗേറ്റ് കണ്ടു നീ തുള്ളിച്ചാടി. നമ്മളെ കണ്ടപ്പോഴേ ഗേറ്റ് തനിയെ തുറന്നു.തെന്നുവണ്ടികള്‍ ഒതുക്കി വച്ചു നമ്മള്‍ അകത്തേക്ക് കടന്നു.മാലാഖമാരുടെ കൊട്ടാരത്തിന്റെ മുന്നിലെ പൂന്തോട്ടം കണ്ട് നമ്മള്‍ അന്തം വിട്ടു നോക്കി നിന്നു.അത്ര മനോഹരമായ പൂന്തോട്ടം ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് നീ പറഞ്ഞു. ഞാനും അങ്ങനെയൊരു കാഴ്ച ആദ്യമായി കാണുകയായിരുന്നു.മണ്ണിലല്ലാതെ വായുവില്‍ വേരു പിടിച്ചു നില്‍ക്കുന്ന ചെടികള്‍.വായുവിലാണെങ്കിലും അവയൊന്നും ഒഴുകി നടക്കുന്നില്ലായിരുന്നു. ഓരോ സ്ഥലത്ത് ഉറച്ചു തന്നെ നില്‍ക്കുന്നു. അവയിലെ ഇലകളും പൂക്കളുമൊക്കെ പല നിറങ്ങളില്‍ തിളങ്ങുന്നവ ആയിരുന്നു..ചില പൂക്കള്‍  നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ലാത്തത്ര വലുതായിരുന്നു.ചിലവ കുഞ്ഞിപ്പൂക്കളും. ആയിരക്കണക്കിന് പൂമ്പാറ്റകളാണ് അവിടെ പറന്നു നടന്നത്.പൂമ്പാറ്റകള്‍ മധുരമായ സംഗീതം പൊഴിച്ചിരുന്നു .എന്തൊരു മണമായിരുന്നു പൂന്തോട്ടത്തില്‍.അപ്പോഴേക്കും മാലാഖമാര്‍ നമ്മളെ സ്വീകരിക്കാന്‍ വന്നു.

അവര്‍ നമ്മള്‍ ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതിനെക്കാള്‍ അഴകുള്ളവര്‍ ആയിരുന്നു..ലാവണ്ടര്‍ നിറമുള്ള പൂക്കള്‍ കൊണ്ടുണ്ടാക്കിയ ഉടുപ്പുകളും ചിറകുകളും.. ഷൂസുകള്‍ പോലും പൂക്കള്‍ കൊണ്ടുണ്ടാക്കിയത്.. അവര്‍ നമ്മളെ കെട്ടിപ്പിടിച്ചപ്പോള്‍ ലാവണ്ടറിന്റെ സുഗന്ധം നമ്മളെ പൊതിഞ്ഞു.ഞാന്‍ കണ്ണടച്ച് ആ മണവും സ്‌നേഹവും ഉള്ളിലേക്ക് എടുത്തു.. അവരുടെ കൊട്ടാരം  പൂക്കള്‍ കൊണ്ടുണ്ടാക്കിയത് ആയിരുന്നു.വെള്ള,പിങ്ക്,ലാവണ്ടര്‍..അത്രയും നിറങ്ങള്‍ ഒക്കെയെ ഉള്ളൂ. ഇരിപ്പിടങ്ങള്‍ ,കട്ടിലുകള്‍ ഒന്നും ഇല്ല. അവര്‍ എപ്പോഴും വായുവില്‍ പറന്നു നടക്കുന്നവര്‍ ആയതിനാല്‍ അത്തരം സാധനങ്ങള്‍ ആവശ്യം വരാറില്ലത്രേ.നമ്മള്‍ക്ക് കുറെ നേരം ഇരിക്കാതെ ക്ഷീണം വരാതിരിക്കാന്‍ അവര്‍ ഒരു വഴി പറഞ്ഞു.കുറച്ചു നേരത്തേക്ക് നമ്മളെയും അവരെ പോലെ ആക്കാം..ചിറകുകളും മത്സ്യങ്ങളെ പോലെ ശരീരവും ഉള്ളവര്‍.. നമ്മള്‍ വേഗം സമ്മതിച്ചു.

ഓ മിഹ്റിന്‍ ,എന്തൊരു അനുഭവം ആയിരുന്നു അത്..ആകാശത്തില്‍ ഒഴുകി നടക്കുക...ചിറകുകള്‍ വീശി  വാലിട്ട് ആട്ടി ആകാശത്ത് പാറിപ്പറന്ന്..നമ്മള്‍ ആ മാലാഖനാട്ടില്‍ എത്ര നേരമാണ് പറന്നു നടന്നത്..അവര്‍ നമുക്ക് പാട്ടുകള്‍ പാടി  തന്നു. ഹൃദയം  സന്തോഷം  കൊണ്ട് നിറയുന്ന പാട്ടുകള്‍.. നമ്മള്‍ നൃത്തം ചെയ്യുന്നത് കാലുകള്‍ നിലത്ത് കുത്തി ആയിരുന്നില്ല, പറന്നു നടന്നായിരുന്നു.
നൃത്തത്തില്‍ മുഴുകിയിരിക്കുമ്പോള്‍ പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു പോയി.. അപ്പോഴെനിക്ക് നിന്നെ കാണാന്‍ തോന്നി. നിന്നെ കാണാന്‍ കഴിയുന്നില്ല എന്ന ചിന്ത എന്റെ ഉള്ളില്‍ തീ പോലെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങുമ്പോഴാണ്  നിനക്ക് എഴുതാം എന്നു വച്ചത്.
സ്‌നേഹം നിറഞ്ഞ കവിയുമ്പോള്‍ മനസ്സ് മറ്റേതോ തലത്തില്‍ ആകും എന്നു തോന്നുന്നു. നീ നിറഞ്ഞ മനസ്സില്‍ ദേഷ്യം എത്രയോ കുറവ്.  ഞാന്‍ അറിയാതെ ഒരു സംയമനം പതിവ് ആകുന്നു.

ഈയിടെ ഉണ്ടായ ഒരു തമാശ കേള്‍ക്ക്.. എന്റെ വീട്ടില്‍ നിന്ന്  അര മണിക്കൂറോളം നടക്കണം ബസ് കിട്ടാന്‍. ടാര്‍ ഒന്നും ഇടാത്ത ഒരു വഴിയാണ്. രണ്ടു വശത്തും തെങ്ങിന്‍ തോപ്പുകള്‍. ഒറ്റയ്ക്ക് വരാന്‍ പേടിയാകും.എന്നിട്ട് കുറെ ദിവസമായി സ്‌കൂള്‍ വിട്ടു വരുമ്പോള്‍ എനിക്ക് പേടിക്കാതെ വരാന്‍ പറ്റുന്നുണ്ട്.. കാരണം അറിയണോ.. എന്നോട് പ്രേമം  കൂടി ഒരു പയ്യന്‍ ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ എന്റെ പിന്നാലെ നടന്നു വരുന്നുണ്ട്.. ആദ്യം ഒന്നും എനിക്ക് മനസ്സിലായില്ല. പിന്നീട് ദിവസവും വൈകിട്ട് എന്റെ വീട്ടിനു തൊട്ടടുത്തുള്ള അമ്പലക്കുളത്തിലെ കല്‍ക്കെട്ടില്‍ ഇയാള്‍ ഇരിക്കുന്നത് കണ്ടാണ് ഞാന്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നോക്കുമ്പോള്‍ എന്നും എന്റെ പിന്നാലെയുണ്ട്. സന്ധ്യ വരെ അമ്പലക്കുളത്തില്‍ നോക്കി ഒരേ ഇരിപ്പ്. സ്‌കൂള്‍ വിട്ടു വരുന്നതും വൈകിട്ട് അമ്പലത്തില്‍ പോകുന്നതും ഒക്കെ ആ പയ്യന്റെ വരവ് കാരണം ബുദ്ധിമുട്ടായി തുടങ്ങിയപ്പോള്‍ ഞാന്‍ അമ്മയോട് കാര്യം പറഞ്ഞു. ഏതായാലും പിന്നീട് കക്ഷിയുടെ പൊടി പോലും കാണാനില്ല..'അമ്മ കുളക്കടവില്‍ ചെന്നു അവനെ ഉപദേശിച്ചോ അമ്മാവന്മാരോട് പറഞ്ഞു പയ്യനെ വിരട്ടിയോ എന്നൊന്നും അറിയില്ല. എന്റെ അമ്മ സാധാരണ അമ്മയല്ല എന്നു ഞാന്‍ പറയാറില്ലേ.

ഈയിടെ  എന്നെയും ബാലവേദിയുടെ  ഭാരവാഹിയായ ഒരു ചേട്ടനെയും കുറിച്ച് കുറേപ്പേര്‍ പ്രേമമാണെന്നു  പറഞ്ഞു പരത്തി. ബാലവേദിയെ തകര്‍ക്കുക ആയിരുന്നു ഉദ്ദേശം. ഞാന്‍ അതു കേട്ടു വല്ലാതായി..ഇനി ബാലവേദി പ്രവര്‍ത്തനത്തിന് പോകുന്നില്ലെന്ന് അമ്മയോട് പറഞ്ഞു. അപ്പോഴമ്മ പറഞ്ഞത് കേള്‍ക്കണോ. 'നീ ഇനിയും പോകണം. ബാലവേദിയെ തകര്‍ക്കാനാണ് അവര്‍ ഇതൊക്കെ പറഞ്ഞുണ്ടാക്കുന്നത്. അതു കേട്ടു പേടിച്ച് നീ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ അവര്‍ ജയിച്ചത് പോലെ ആവില്ലേ.. അങ്ങനെ തോറ്റു കൊടുക്കാന്‍ പാടില്ല.' പിറ്റേന്നും 'അമ്മ എന്നെ ബാലവേദി പരിപാടിക്ക് പറഞ്ഞു വിട്ടു. എന്റെ കൂട്ടുകാര്‍ ഒക്കെ പറയുന്നത് ഇങ്ങനെ ഒരു 'അമ്മ അപൂര്‍വ്വമാണെന്നാണ്. എന്റെ അമ്മയെ നീ എന്നാണ് കാണുക,? നീ ഇവിടെ വരുന്നത് അമ്മയ്ക്ക് എന്ത് മാത്രം സന്തോഷം നല്കുമെന്നോ. നീ വരണം.എന്റെ വീടും നാടും ഒക്കെ കാണണം..

ഞാന്‍ കാത്തിരിക്കും.
നിന്റെ ബീന

Content Highlights: K A Beena Share her childhood memories