തിരുവനന്തപുരം
ജൂലൈ 30 , 1978

പ്രിയപ്പെട്ട കൂട്ടുകാരീ,

ഒരുപാട് വിശേഷങ്ങള്‍ നിറഞ്ഞ നിന്റെ കത്ത് എത്തി. എത്ര വട്ടം ഞാനത് വായിച്ചുവെന്നോ. ബന്ധങ്ങള്‍ ജീവിതത്തെ എത്ര പ്രകാശമാനമാക്കുന്നു അല്ലെ. എനിക്ക് ചിലപ്പോള്‍ തോന്നും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും വേണ്ടിയാണ് നമ്മള്‍ ജനിച്ചതും ജീവിക്കുന്നതും എന്നൊക്കെ, ഓര്‍ത്തു നോക്ക് നീയുള്ളത് കൊണ്ടല്ലേ എന്റെ ജീവിതം ഇത്ര മനോഹരമാവുന്നത്. നിനക്ക് സ്‌നേഹം നല്കിക്കൊണ്ടേയിരിക്കുന്‌പോള്‍  മറ്റെല്ലാം നിസ്സാരങ്ങള്‍ ആകുന്നു. കടുത്ത വെയിലും കൊടുങ്കാറ്റും പെരുമഴയും ഒക്കെ ആസ്വാദ്യകരങ്ങള്‍.. ജീവിതത്തെ സ്‌നേഹിച്ചു തുടങ്ങിയത് നിന്നെ കണ്ടു മുട്ടിയതിനു ശേഷമാണ്...പ്രിയപ്പെട്ടവളെ..നീയവിടെ ഉണ്ട് എന്ന അറിവ് തന്നെ ജീവിച്ചിരിക്കാന്‍ ധാരാളം.

പിന്നെ ഇവിടെ മഴക്കാലമൊക്കെ കഴിഞ്ഞുവെന്നു തോന്നുന്നു..നല്ല ചൂട് .

women
ലക്ഷ്മി ഒരു ഓണക്കാലത്ത് അമ്മയോടൊപ്പം

ഇനി ഞാന്‍ ഒരു കഥ എഴുതാം. നീ വായിച്ചു നോക്ക്.

***

' സന്ധ്യ കടന്നു വരുന്നതേയുള്ളൂ. സ്‌കൂള്‍ വിട്ടു വന്നാല്‍ വീട് തൂത്ത് വൃത്തിയാക്കുന്ന ജോലി എന്റേതായിരുന്നു. രണ്ട് നേരം വീട് തൂത്തിട്ടില്ലെങ്കില്‍ വലിയ അപകടം പോലെയാണ് അമ്മ കരുതിയിരുന്നത്. ബിന്ദു കിണറ്റിന്‍കരയില്‍ തുണികള്‍ കഴുകുകയാണ്.

''ധ്രും...''

എന്തോ ഒരു ശബ്ദം. ഒപ്പം ബിന്ദുവിന്റെ നിലവിളിയും.

''അയ്യോ, ഓടി വരണേ.''

ഞാന്‍ കിണറ്റിന്‍കരയിലേക്കോടി.

മതിലിനടുത്ത് ചെന്ന് നിന്ന് ബിന്ദു കൈകള്‍ ഉയര്‍ത്തി അലറി വിളിക്കുകയാണ്. 

''ഓടി വരണേ, ഓടി വരണേ, ഞങ്ങളുടെ കൊച്ചിനെ രക്ഷിക്കണേ.''

ഞാന്‍ പേടിച്ച് ചോദിച്ചു.

''എന്തു പറ്റി, എന്താന്ന് പറയ് നീ.''

''കൊച്ച് കിണറ്റില്‍ വീണേയ്, രക്ഷിക്കണേ, രക്ഷിക്കണേ.''

 എന്റെ ചോദ്യം കേട്ട് ബിന്ദു കരഞ്ഞ് നിലവിളിച്ച് പറഞ്ഞു.

ഞെട്ടി വിറച്ച് കൊണ്ട് ഞാന്‍ കിണറ്റിനടുത്തേക്കോടി. കിണറ്റിനുള്ളില്‍ നിന്ന് ഒരു കുഞ്ഞ് ശബ്ദം ഉയരുന്നുണ്ട്.

''രച്ചിക്കണേ, രച്ചിക്കണേ.''

കിണറ്റിനുള്ളിലേക്ക് നോക്കിയ ഞാന്‍ പേടിച്ച് ബിന്ദൂനൊപ്പം നിലവിളിക്കാന്‍ കൂടി.

''രക്ഷിക്കണേ, ഓടി വരണേ.''

കൊച്ചനിയത്തി ലക്ഷ്മി... കിണറ്റിനുള്ളിലെ വെള്ളത്തില്‍. മുങ്ങിയും പൊങ്ങിയും വെപ്രാളപ്പെടുകയാണവള്‍.

പെട്ടന്ന് ഞാന്‍ ഉണര്‍ന്നു.

തൊട്ടിയും കയറും കപ്പി വഴി കിണറ്റിലേക്ക് കിടക്കുന്നുണ്ട്. തൊട്ടിയുടെ അറ്റം ലക്ഷ്മിക്ക് നേരെ ഇട്ട് ഞാനവളോട് പറഞ്ഞു.

''ഇതില്‍ പിടിക്ക്.  ബലമായി പിടിക്ക്.''

women
ലക്ഷ്മി അമ്മയോടൊപ്പം

അവള്‍ അതുപോലെ ചെയ്തു.  കയറില്‍ ബലമായി തൂങ്ങിപ്പിടിച്ച് നിന്നു. ഞാന്‍ കയര്‍ വലിച്ച് എടുക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ല. എനിക്ക് ഒറ്റയ്ക്ക് വലിച്ചെടുക്കാനാവുന്നില്ല. കപ്പിയിലൂടെ അവളെ വലിച്ചെടുക്കാനുള്ള ശക്തി തരാന്‍ ഞാന്‍ ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.  ബിന്ദു വീടിന്റെ നാലു ഭാഗത്തും ഓടി നടന്ന് രക്ഷയ്ക്കായി വിളിച്ചു കൊണ്ടേയിരിക്കുകയാണ്. അച്ഛനുമമ്മയും വീട്ടിലില്ല, അച്ഛന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിരിക്കുന്നു.

ഞാന്‍ ലക്ഷ്മിയോട് പതുക്കെ കയറില്‍ പിടിച്ച് തൂങ്ങി കിണറ്റിനുള്ളിലെ ഉറയുടെ വക്കത്തേക്ക് വരാന്‍ പറഞ്ഞു. അല്ലാത്ത സമയങ്ങളില്‍ എന്തു പറഞ്ഞാലും അനുസരിക്കാത്തവളാണ്, ഇപ്പോള്‍ പറയുന്നത് അപ്പടി കേള്‍ക്കുന്നുണ്ട്. അവള്‍ പതുക്കെ വന്ന് ഉറയില്‍ കാലുറപ്പിച്ച് കയറില്‍ തൂങ്ങിനിന്നു.  തലേന്ന് കിണര്‍ വൃത്തിയാക്കിയതേയുള്ളൂ.  വെള്ളം മുഴുവന്‍ കോരിക്കളഞ്ഞ് ചെളി മാറ്റിയപ്പോള്‍ കിണറ്റിനുള്ളില്‍ നിന്ന് സ്പൂണുകള്‍, കപ്പുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി ഒരുപാട് സാധനങ്ങള്‍ പുറത്തുവന്നു.  ലക്ഷ്മിയുടെ കുസൃതിയുടെ ബാക്കിപത്രങ്ങളാണതൊക്കെ. കണ്ണുതെറ്റിയാല്‍ എന്തെങ്കിലുമൊക്കെയെടുത്ത് കിണറ്റിലോ വീടിന്റെ രണ്ട് വശത്ത് കൂടിയും ഒഴുകുന്ന തോടുകളിലോ ഒക്കെ ഇടുന്നത് അവള്‍ക്ക് ഇഷ്ടപ്പെട്ട കളികളിലൊന്നായിരുന്നു. എത്ര പറഞ്ഞാലും, ശിക്ഷിച്ചാലും ഒരു കുലുക്കവുമില്ല, കുസൃതി അവളുടെ രക്തത്തിലൂടെ ഒഴുകിക്കൊണ്ടേയിരിക്കുന്ന ഒന്നായിരുന്നു.

കിണറ്റിനുള്ളിലും ആ കുസൃതിഭാവം കുറഞ്ഞിട്ടില്ല. കയറില്‍ തൂങ്ങി കിണറ്റിനുള്ളില്‍ കഴിയുന്നത് ആസ്വദിക്കുകയാണ് അവള്‍.

ഞങ്ങളുടെ വീട് ഭൂമിയുടെ അവസാനമാണ് എന്നാണു എന്റെ തോന്നല്‍. കരയും, റോഡും അവസാനിച്ച് പാടം തുടങ്ങുന്നിടത്ത് ഒരേയൊരു വീട്.  ഇടതുവശത്തും പിന്‍ഭാഗത്തും വലിയ വലിയ പറമ്പുകള്‍. മുന്നില്‍ അന്തമില്ലാതെ കിടക്കുന്ന പാടങ്ങള്‍. പച്ചകടലു പോലെ നെല്ല് വിളഞ്ഞു നില്‍ക്കുന്നു. വലതു വശത്തേക്ക് മതിലിന്നപ്പുറം അയ്യപ്പ ക്ഷേത്രം. പണ്ട് മതിലുണ്ടായിരുന്നില്ല, അമ്മയുടെ കുടുംബം വക ക്ഷേത്രമാണ്. വീട് വച്ചപ്പോള്‍ അച്ഛന്‍ മതില്‍ കെട്ടി അമ്പലം ദേവസ്വം ബോര്‍ഡിന് എഴുതിക്കൊടുത്തു. ചെറിയ അമ്പലമാണ്..  ഞങ്ങളുടെ കൊച്ചിനെ രക്ഷിക്കാന്‍ ആ ഏകാന്തതീരത്ത് ആരും തന്നെയില്ല, എന്നിട്ടും ബിന്ദു നിലവിളിച്ചുകൊണ്ടേയിരുന്നു.

women
കെ.എ ബീന അമ്മയ്ക്കും സഹോദരിമാരായ ബിന്ദുവിനും ലക്ഷ്മിക്കുമൊപ്പം

പെട്ടന്ന് മുന്നിലുള്ള  വരമ്പില്‍ ഒരത്ഭുതം ഞാന്‍ കണ്ടു.  അപ്പൂപ്പന്‍. ഖദര്‍ മുണ്ടുടുത്ത്, വെളുത്ത ഖദര്‍ ജൂബയിട്ട് കാലന്‍ കുടയും കുത്തി അപ്പൂപ്പന്‍ നടന്നു പോകുന്നു. അപ്പൂപ്പന്‍ അല്ലത് - ദൈവം തന്നെയാണ് എന്നെനിക്ക് തോന്നി. കിണറ്റിനുള്ളില്‍ ലക്ഷ്മി തൂങ്ങിക്കിടക്കുന്ന കയര്‍ പിടിച്ച് ഞാന്‍ ക്ഷീണിക്കുകയാണ്.  സര്‍വ്വശക്തിയുമെടുത്ത് ഞാന്‍ അലറി വിളിച്ചു.

  ''അപ്പൂപ്പാ.''

ബിന്ദു കൂടെ വിളിച്ചു.

''അപ്പൂപ്പാ, ഓടിവായോ.''

കിണറ്റിനുള്ളില്‍ കിടന്ന് ലക്ഷ്മിയും വിളിച്ചു.

''അപ്പൂപ്പാ എന്നെ രച്ചിച്ചാന്‍ ഓടി വാ.''

അപ്പൂപ്പന്‍ വിളികേട്ടു.  അമ്പലം ചുറ്റി അപ്പൂപ്പന്‍ പാഞ്ഞെത്തി.  എന്റെ കൈകള്‍ ഏതു നിമിഷമാണ് ലക്ഷ്മിയെ തൂക്കിയിട്ടിരിക്കുന്ന കയര്‍ വിട്ടു കളയുക എന്ന് എനിക്ക് കൂടി നിശ്ചയമില്ലാതിരുന്ന നേരത്താണ് അപ്പൂപ്പന്‍ വന്നത്.  കിണറ്റിനുള്ളിലെ ലക്ഷ്മിയും പുറത്തെ ബിന്ദുവും ഞാനും അപ്പൂപ്പനെ കണ്ട് പൊട്ടിക്കരയാന്‍ തുടങ്ങി.  നിലവിളിയോട് നിലവിളി.  

അപ്പൂപ്പന്‍ എന്റെ ഒപ്പം ചേര്‍ന്ന് കയറിന്റെ ഇങ്ങേയറ്റം പിടിച്ചു.

''കയറിലെ പിടി വിടരുത്.''

ശക്തി മുഴുവനെടുത്ത് ഞാന്‍ പിടിമുറുക്കി.

അപ്പൂപ്പന്‍ ലക്ഷ്മിയോടും കയറിനറ്റത്തുള്ള പിടിമുറുക്കാന്‍ ആവശ്യപ്പെട്ടു.

പതുക്കെ പതുക്കെ കപ്പിയിലൂടെ കയര്‍ മുകളിലേക്ക് വലിക്കാന്‍ തുടങ്ങി, ഞാനും കൂടി.  ബിന്ദു കരഞ്ഞു കൊണ്ട് കൈകൂപ്പി പ്രാര്‍ത്ഥിക്കുകയാണ്.

ലക്ഷ്മി പതുക്കെ പതുക്കെ മുകളിലേക്ക് പൊങ്ങി വന്നു തുടങ്ങി.  പരമാവധി ശക്തിയും കൊടുത്ത് ഞാന്‍ കയറില്‍ പിടിച്ച് കൊണ്ടേയിരുന്നു.  അപ്പൂപ്പന്‍ ശ്രദ്ധയോടെ കയര്‍ വലിച്ച് കൊണ്ടേയിരുന്നു  അപ്പൂപ്പനൊപ്പം ചേര്‍ന്ന് ഞാന്‍ അവളെ വലിച്ചെടുത്തു. 

അവള്‍ മുകളിലെത്തി.  പെണ്ണ് ഉച്ചത്തില്‍ കരയുകയാണ്.  അപ്പൂപ്പന്‍ അവളെ എടുത്ത് കിണറ്റിന്‍കരയില്‍ നിര്‍ത്തി.  ഞാന്‍ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കാന്‍ തുടങ്ങി.  ബിന്ദു ഓടി വന്നു അവളെ എടുത്തു പൊക്കി ഉറക്കെ   കരയാന്‍ തുടങ്ങി.  അപ്പൂപ്പന്‍ ഞങ്ങളെ മൂന്നും പേരെയും ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു.

പെട്ടന്ന് നാട്ടുകാര്‍ മുഴുവന്‍ എത്തി. അമ്മൂമ്മയും കുഞ്ഞമ്മമാരുമൊക്കെ കരഞ്ഞ് നിലവിളിച്ച് ഓടിവന്നു. വീട് ബഹളമയമായി. ആരോ ടാക്സി വിളിച്ചു കൊണ്ടു വന്നു.  ലക്ഷ്മിയെ അപ്പൂപ്പനും, അമ്മാവന്മാരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടു പോയി.  ഞാനും ബിന്ദുവും കരഞ്ഞു കൊണ്ടേയിരുന്നു  . ലക്ഷ്മിയെ ആശുപത്രിയില്‍ നിന്ന് മടക്കിക്കൊണ്ട് വന്നു.

''കുഴപ്പമൊന്നുമില്ല, കൊച്ച് പേടിച്ചുപോയി. അതൊന്നു മാറ്റണം.''

അപ്പൂപ്പന്‍ പറഞ്ഞു.

കുറെ കഴിഞ്ഞപ്പോള്‍ അച്ഛനും അമ്മയും വന്നു .അമ്മ പൊട്ടിക്കരഞ്ഞു കൊണ്ട് ലക്ഷ്മിയെ എടുത്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അച്ഛന്‍ കാര്യവിചാരണ തുടങ്ങി.

''എങ്ങനെയാണവള്‍ കിണറ്റില്‍ വീണത്? എന്തിന് കിണറ്റിനടുത്ത് പോയി?''

അപ്പോഴാണ് ഞങ്ങളും ആ ചോദ്യം ചോദിച്ചത്.

മറുപടി അവള്‍ തന്നെ പറഞ്ഞു.

''വെള്ളം കോരിയതാ.''

പൊടി ഡപ്പി പോലെയുള്ള ഇവള്‍ (ലക്ഷ്മിയെ ഞങ്ങള്‍ ഡപ്പി എന്നാണ് വിളിക്കുന്നത്) എന്തിന് വെള്ളം കോരി?

''സന്ധ്യയ്ക്ക് വിളക്ക് കത്തിക്കാന്‍ കിണ്ടിയില്‍ വെള്ളം വയ്ക്കാനാ.''

അവളുടെ മറുപടി കേട്ട് അച്ഛന്‍ കലിതുള്ളി.

''അതിന് ഇവിടെ ചേച്ചിമാരില്ലേ?  അവര്‍ വെള്ളം കോരിത്തരില്ലേ?''

''അവരെ സഹായിക്കാമെന്ന് വച്ചതാ.''

***

മിഹ്രിന്‍, നിനക്ക്  കാര്യങ്ങള്‍ ഒക്കെ മനസ്സിലായില്ലേ, ഇത് കഥയല്ലെന്നും മനസ്സിലായില്ലേ? എന്റെ ലക്ഷ്മിയെ കുറിച്ച് അവളുടെ കുസൃതികളെ കുറിച്ച് ഞാന്‍  പറഞ്ഞു തന്നിട്ടില്ലേ.  ഇത് വായിച്ചപ്പോള്‍ നിനക്ക് വ്യക്തമായി കാണുമല്ലോ. ലക്ഷ്മി കിണറ്റില്‍ വീണ അനുഭവം ഇവിടെ നിന്നിറങ്ങുന്ന 'തരംഗം' എന്ന മാസികയ്ക്ക് വേണ്ടി കഥ പോലെ ആക്കി എഴുതി നോക്കിയതാണ്.

women
കെ.എ ബീനയും സഹോദരിമാരും അമ്മയ്ക്കും അച്ഛുമൊപ്പമുള്ള ചിത്രങ്ങള്‍

കുറെ ദിവസം എനിക്ക് രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലായിരുന്നു. കണ്ണടച്ചാല്‍ കിണറിനുള്ളിലെ ലക്ഷ്മി. ഇപ്പോള്‍ ആ പേടി മാറി. എന്നാലും വല്ലാത്ത ഒരു അനുഭവം തന്നെയായിരുന്നു മിഹ്രിന്‍.

ഞാന്‍ സ്‌കൂളും പഠിത്തവും തിരക്കും ഒക്കെ ആയി നടക്കുന്നു. മാതൃഭുമി ആഴ്ചപ്പതിപ്പില്‍  യാത്രാവിവരണം പ്രസിദ്ധീകരിക്കുന്നുണ്ട്.. അഞ്ചു ലക്കം കഴിഞ്ഞു. ഒരുപാട് പേര്‍ വായിച്ച് ഇഷ്ടപ്പെട്ടു എന്ന് പറയുന്നുണ്ട്. ചിലര്‍ കത്തുകള്‍ അയച്ചു. അതൊക്കെ വിശദമായി എഴുതാം കേട്ടോ. നീ മറുപടി ഉടനെ എഴുതണേ.

നിന്റെ ബീന 

Content Highlights: K A Beena remembers the Childhood experience of her sister