തിരുവനന്തപുരം 
മാര്‍ച്ച് 30,1979

ഏറ്റവും പ്രിയപ്പെട്ട മിഹ്റിന്‍,

ഈ വര്‍ഷം നിനക്കെഴുതുന്ന ആദ്യത്തെ കത്ത്.

മൂന്ന് മാസങ്ങള്‍ ആകുന്നു നിനക്കെഴുതിയിട്ടും  മിണ്ടിയിട്ടും... ഇതിനിടെ നിന്റെ ഒരു കത്ത് കിട്ടിയിരുന്നു. അതെടുത്ത് പലവട്ടം വായിച്ചു മറുപടി ഇന്ന് എഴുതാം നാളെ എഴുതാം എന്നൊക്കെ പലവട്ടം കരുതി. 

ജീവിതത്തിലെ വലിയൊരു പരീക്ഷയില്‍ കൂടി കടന്നു പോകുകയായിരുന്നു. അതേ പരീക്ഷ തന്നെ. ഇവിടെ എസ്.എസ്.എല്‍.സി  അഥവാ സെക്കണ്ടറി സ്‌കൂള്‍ ലീവിങ് പരീക്ഷ എന്നൊക്കെ പറയും. ഓര്‍മ്മ വയ്ക്കുന്ന നാള്‍ മുതല്‍ നാട്ടുകാരും വീട്ടുകാരും പറഞ്ഞു പേടിപ്പിക്കുന്നൊരു കാലമാണ് എസ്.എസ്.എല്‍.സി പരീക്ഷാകാലം. പത്താം ക്ലാസ്സ് പാസ്സാവുക എന്നത് ഏതാണ്ട് എവറസ്റ്റ് കയറും പോലെ ആണ് പറഞ്ഞു പറഞ്ഞു പേടിപ്പിക്കുന്നത്.

പൊന്നേ, ഞാന്‍ പേടിച്ചിട്ടൊന്നും ഇല്ല. പക്ഷെ നന്നായി പഠിച്ചു. നിനക്കറിയാമല്ലോ മത്സരങ്ങളും പരിപാടികളുമായി നടന്ന് എനിക്ക് ക്ലാസ് കുറെ പോയി എന്ന്. അതെല്ലാം കുത്തിയിരുന്ന് പഠിച്ച പാട് എനിക്കെ അറിയൂ. പിന്നെ ആ മൈഗ്രെയ്ന്‍ തലവേദന കുറെ ശല്യം ചെയ്തു. ഒന്നും വായിക്കാന്‍ വയ്യായിരുന്നു. ഉഷകുഞ്ഞമ്മ വായിച്ചു തരികയായിരുന്നു. വലിയ കുഴപ്പമില്ലാതെ എഴുതിയിട്ടുണ്ട് എന്നു തോന്നുന്നു. റിസള്‍ട്ട് വരുമ്പോഴറിയാം. പ്രീ ഡിഗ്രിക്ക് സയന്‍സ് പഠിക്കാനാണ് എനിക്കിഷ്ടം. ബോട്ടണിയും സുവോളജിയും ആണ് എന്റെ ഇപ്പോഴത്തെ പ്രിയ വിഷയങ്ങള്‍. കാരണം കേള്‍ക്കണോ? ബയോളജി ടീച്ചറോടുള്ള ഇഷ്ടം മൂത്ത്. ലളിതടീച്ചര്‍ ആണ് ബയോളജി പഠിപ്പിച്ചത്. ടീച്ചറിന് എന്നെയും എനിക്ക് ടീച്ചറിനേയും ഒരുപാട് ഇഷ്ടം. എന്ത് രസമാണെന്നോ ക്ലാസ്. നല്ല തമാശക്കാരിയാണ്. ബയോളജി മുഴുവന്‍  തമാശ കഥ പോലെയാണ് പഠിപ്പിക്കുന്നത്. ഒരിക്കല്‍ കേട്ടാല്‍ മറക്കില്ല. ടീച്ചര്‍  ഒരുപാട് വായിക്കും. വായിച്ച കാര്യങ്ങളും ക്ലാസ്സില്‍ പറയും. ഞങ്ങളോടൊക്കെ കൂട്ടുകാരെ പോലെയാണ് പെരുമാറുന്നത്.  മലയാളത്തിലെ എഴുത്തുകാരന്‍ ജി. വിവേകാനന്ദന്‍ ആണ് ടീച്ചറിന്റെ ഭര്‍ത്താവ്. ടീച്ചറിന്റെ ക്ലാസ്സിലിരുന്നു ഞാന്‍ സയന്‍സ് പ്രേമിയായി.   ഇംഗ്ലീഷ് പഠിക്കണം പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും ആകണം എന്നൊക്കെ ആണ് ആഗ്രഹങ്ങള്‍ എങ്കിലും കുറച്ചു കൂടി സയന്‍സ് പഠിക്കാന്‍ കൊതിയാവുന്നു, ടീച്ചര്‍ കാരണം.

women
കെ.എ ബീന പത്താംക്ലാസിലെ തന്റെ സഹപാഠികള്‍ക്കൊപ്പം

എന്റെ പത്താം ക്ലാസ്സിലെ ടീച്ചര്‍മാരെല്ലാം എന്ത് നല്ലവര്‍ ആയിരുന്നുവെന്നോ. ക്ലാസ് ടീച്ചര്‍ ആനന്ദമായി ടീച്ചര്‍ വലിയ ശാഠ്യക്കാരിയാണ് എന്നാണു വയ്പ്. പക്ഷെ എന്തൊരു ആത്മാര്‍ത്ഥതയാ ണെന്നോ. സാമൂഹ്യപാഠം ആണ് ടീച്ചര്‍ പഠിപ്പിച്ചത്. ചരിത്രം , ഭൂമിശാസ്ത്രം ഒക്കെ അതിലുണ്ട്. ടീച്ചര്‍ വളരെ ശ്രദ്ധയോടെ  ഈ വിഷയങ്ങള്‍ പഠിക്കാനുള്ള വഴികള്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. എന്നും ഉച്ചയ്ക്ക് ഓരോ  ചോദ്യം തരും. അതിനുത്തരം ഉപന്യാസം ആയി എഴുതണം.  അങ്ങനെ എഴുതി എഴുതി ചരിത്രം പേടിയില്ലാതെ എഴുതാന്‍ ഞങ്ങള്‍ പഠിച്ചു. ഓരോ കുട്ടിയേയും ടീച്ചര്‍ ശ്രദ്ധിക്കും.ഒരു ചെറിയ തെറ്റ് പോലും ടീച്ചര്‍ സഹിക്കില്ല. നന്നായി ചീത്ത പറയും.എന്നാലും  എനിക്ക് ടീച്ചറിനെ ഇഷ്ടമാണ്. ടീച്ചറിന്റെ ആത്മാര്‍ഥത അത്രയ്ക്കുണ്ട്.

പിന്നെ എനിക്ക് ഇഷ്ടമുള്ള ടീച്ചര്‍ രത്‌നമയി ടീച്ചര്‍ ആണ്. ഇംഗ്ലീഷ് എത്ര മനോഹരമായി പഠിപ്പിക്കും എന്നോ. വേറെ ഒരു വിഷയവും പഠിക്കണ്ടാ എന്ന് തോന്നിപ്പോകും. കവിതയൊക്കെ പഠിപ്പിക്കുമ്പോള്‍ കേട്ടിരുന്നു പോകും. ഇംഗ്ലീഷ് പുസ്തകങ്ങള്‍  വായിക്കണം എന്ന് ടീച്ചര്‍ എപ്പോഴും പറയും. പരീക്ഷ കഴിഞ്ഞ് വായിക്കാം എന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ലൈബ്രറിയില്‍ പോയി  നല്ല കുറെ പുസ്തകങ്ങള്‍ എടുത്തു വായിക്കണം.

പത്താം ക്ലാസ്സുകാര്‍ക്ക് സ്‌കൂള്‍ സോഷ്യല്‍ ഉണ്ടായിരുന്നു. അതിലും ടീച്ചര്‍മാരെല്ലാം അവധിക്കാലത്ത് വായിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. സ്‌കൂള്‍ സോഷ്യല്‍ നല്ല രസമായിരുന്നു. എല്ലാവരും സാരിയൊക്കെ ഉടുത്ത് വന്നു. ഞാന്‍  ലീഡര്‍ ആയതു കൊണ്ട് യോഗത്തില്‍ പ്രസംഗിക്കണമല്ലോ.അങ്ങനെ സാരിയുടുക്കല്‍ നടന്നില്ല.

സ്‌കൂള്‍ ജീവിതം അവസാനിച്ചുവെന്നോര്‍ക്കുമ്പോള്‍ സങ്കടം വരുന്നു. ഇനി കോളേജില്‍ അല്ലെ പഠിക്കാന്‍ പറ്റൂ. സ്‌കൂള്‍ എന്ത് രസമായിരുന്നു.. കൂട്ടുകാരും ടീച്ചര്‍മാരും.. എല്ലാവരെയും ഇനി കാണുന്നത് തന്നെ ചുരുക്കമാവും. ആര്‍ത്തെക്കില്‍ നിന്ന് വന്നപ്പോള്‍ തോന്നിയ നഷ്ടബോധം സ്‌കൂള്‍ വിട്ടപ്പോഴും തോന്നി.

എന്റെ ബാല്യവും കൗമാരവും ഒക്കെ എത്ര മനോഹരം ആയിരുന്നുവെന്ന് ഞാന്‍ നന്ദിയോടെ ഓര്‍ക്കാറുണ്ട്. എവിടെയും സ്‌നേഹവും സന്തോഷവും അംഗീകാരവും കിട്ടിയിട്ടുണ്ട്.വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും ഒക്കെ എന്തു നല്ലവര്‍. ഇനിയുള്ള ജീവിതവും ഇങ്ങനെ ഒക്കെ പോയാല്‍ മതിയായിരുന്നു. സ്‌കൂള്‍ വിടുമ്പോള്‍ പല സങ്കടങ്ങളും ഓര്‍മ്മകളും ആണ്. വലിയൊരു സങ്കടം റഷ്യന്‍ ക്ലാസ് ഇനി ഇല്ലല്ലോ എന്നോര്‍ക്കുമ്പോള്‍ കൂടി ആണ്. വൈകുന്നേരം ഉള്ള ക്ലാസ്സുകള്‍ എത്ര സന്തോഷകരമായിരുന്നുവെന്നോ. മീനാക്ഷിയമ്മാള്‍ ടീച്ചര്‍ അമ്മയെ പോലെയാണ് ഞങ്ങള്‍ക്ക്. എന്തൊരു സ്‌നേഹവും കരുതലും ആണെന്നോ. സ്‌കൂളില്‍ റഷ്യന്‍ കോറസ് ഗ്രൂപ്പ് ഉണ്ടാക്കി ഞങ്ങളെ റഷ്യന്‍ പാട്ടുകള്‍ പഠിപ്പിക്കുക മാത്രം അല്ല  പുറത്ത് പരിപാടികള്‍ക്ക് കൊണ്ട് പോകുകയും ചെയ്യുമായിരുന്നു.

women
കെ.എ ബീന റഷ്യയില്‍ നിന്നെത്തിയ അലീന, അമുസോവ, തമാര്‍ എന്നിവര്‍ക്കും റഷ്യന്‍ ക്ലാസിലെ കുട്ടികള്‍ക്കുമൊപ്പം

കഴിഞ്ഞ മാസം റഷ്യയില്‍ നിന്ന് കുറെ പേര്‍ സ്‌കൂളില്‍ റഷ്യന്‍ ക്ലാസ്സിലെ കുട്ടികളെ കാണാന്‍ വന്നിരുന്നു.അലീന, അമുസോവ, തമാര്‍ തുടങ്ങിയവര്‍ ആണ് വന്നത്. ഞങ്ങള്‍ അവരെ റഷ്യന്‍ പാട്ടുകള്‍ പാടി കേള്‍പ്പിച്ചു.
''റാസ്വിതാലി യാബ്ലാനി യി ഗ്രൂഷി പോപ്ലിളീ തുമാന് നാദു രികോയ് '
എന്നൊരു പാട്ട് അവര്‍ പഠിപ്പിച്ചു തന്നു. കുറെ റഷ്യന്‍ പുസ്തകങ്ങളും പോസ്റ്റ് കാര്‍ഡുകളും ഒക്കെ അവര്‍ സമ്മാനമായി തന്നു. അവരോടൊപ്പം എടുത്ത ഫോട്ടോ ഇതിനൊപ്പം അയക്കാം കേട്ടോ.

 സ്‌കൂള്‍ വിട്ടു എന്ന് വച്ച് റഷ്യന്‍ പഠനം നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല കേട്ടോ. ഇവിടെ റഷ്യന്‍ കള്‍ച്ചര്‍ സെന്റര്‍ ഉണ്ട്. അവിടെ റഷ്യന്‍ പഠിപ്പിക്കുന്നുണ്ട്.അവിടെ ചേര്‍ന്ന് കൂടുതല്‍ പഠിക്കാം എന്ന് വിചാരിക്കുന്നു..നന്നായി റഷ്യന്‍ പഠിച്ചു നിനക്ക് റഷ്യനില്‍ കത്ത് എഴുതണം എന്നത് ജീവിതത്തിലെ വലിയൊരു സ്വപ്നമാണ്. നീ നോക്കിക്കോ, അങ്ങനെ ഒരു കത്ത് നീ വായിക്കും.

റഷ്യന്‍ പഠിക്കാനുള്ള പ്രചോദനം തന്നെ നീയാണ്. ഈ ലോകത്ത് ഒരിടത്തു നീയുണ്ടെന്നും ഒരുനാള്‍ വീണ്ടും കാണുമെന്നും അന്ന് വാതോരാതെ വര്‍ത്തമാനം പറയാന്‍ നിന്റെ ഭാഷ എനിക്ക് സ്വന്തം ആക്കണമെന്നും ഒക്കെ  മനസ്സില്‍ കുറിച്ചിട്ടിരിക്കുകയല്ലേ. 
വീണ്ടും കാണുന്ന ദിവസം..അന്ന് ഈ ലോകം മുഴുവന്‍ സന്തോഷത്തിന്റെ പൂക്കാലം ആയിരിക്കും. സ്‌നേഹത്തിന്റെ സാന്നിധ്യത്തില്‍ മാത്രം പൂക്കുന്ന പൂവുകള്‍, സ്‌നേഹം പാടുന്ന കിളികള്‍, എല്ലാമെല്ലാം കാത്തിരിക്കുന്നുണ്ട്..

പ്രിയമേ,നമുക്കും കാത്തിരിക്കാം.

നിന്റെ ബീന

Content Highlights: K A Beena remember about her SSLC examination and School social