തിരുവനന്തപുരം,
ഒക്ടോബര്‍-15 , 1978

പ്രിയപ്പെട്ട മിഹ്രിന്‍,

നിന്റെ നീണ്ട കത്ത് കിട്ടി. സ്‌കൂളിലെ വിശേഷങ്ങള്‍ കേട്ട് ചിരിച്ചു പോയി. നിന്റെ കൂട്ടുകാര്‍ ഒക്കെ കൊള്ളാം.തമാശക്കാര്‍. എന്റെ മിഹ്രിന്‍, നിന്റെ കൂട്ടുകാര്‍ നിന്നെ പോലെ അല്ലെ ആകൂ.. നിന്നെപ്പോലെ ഒരു കുസൃതിയെ, തമാശക്കാരിയെ ഞാന്‍ കണ്ടിട്ടേ ഇല്ല. എന്തിനെയും തമാശയോടെ കാണാന്‍ നിനക്ക് കഴിയും.. എനിക്കത് എന്തുമാത്രം സന്തോഷം തരുന്നുവെന്നോ.

എന്റെ വര്‍ത്തമാനങ്ങള്‍.. പരീക്ഷ കഴിഞ്ഞതിന്റെ മാര്‍ക്കുകള്‍ കിട്ടി. ഇംഗ്ലീഷിന് അത്ര പോരാ. അതു കൊണ്ടു ഇംഗ്ലീഷ് പഠിപ്പിക്കുന്ന രത്‌നമയി ടീച്ചര്‍ എന്നെ ഏറ്റവും മുന്നിലത്തെ ബെഞ്ചില്‍ ഇരുത്തിയിട്ടുണ്ട്. ടീച്ചറിന് പ്രത്യേകം ശ്രദ്ധിക്കാന്‍ ആണത്രേ. ക്ലാസ്സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികള്‍ ആയ സംഗീത, രശ്മി, വൃന്ദ, മഞ്ജുഷ, ശാന്തി, ശ്രീരഞ്ജിനി എന്നിവര്‍ ഒത്തു പുറകിലത്തെ ബെഞ്ചില്‍ സന്തോഷമായി ബഹളം വച്ച് ഇരിക്കുകയായിരുന്നു ഞാന്‍.പഠിത്തത്തില്‍ ശ്രദ്ധ ഉണ്ടാകാന്‍ ടീച്ചര്‍ കണ്ടു പിടിച്ച വഴിയാണ് മുന്‍ ബെഞ്ച് മാറ്റം. ങാ , അവിടെ ഇരുത്തിയത് കൊണ്ട് എനിക്ക് ഒരു നല്ല കൂട്ടുകാരിയെ കിട്ടീട്ടുണ്ട് കേട്ടോ.ആലീസ്. ആലീസിനു  കാഴ്ചയില്ല മിഹ്രിന്‍. നമ്മളെക്കാള്‍ പ്രായം ഉണ്ട്. ഞാനൊക്കെ ഹാഫ് സ്‌കര്‍ട്ട് ഇടുമ്പോള്‍ ആലീസ് പച്ചപ്പാവാടയും, വെള്ള ബ്ലൗസും, വെള്ള ഹാഫ് സാരിയുമുടുത്ത് ആണ് സ്‌കൂളില്‍ വരുന്നത്. ഒരു കട്ടി കറുത്ത കണ്ണടയുണ്ട്. നല്ല ചിരിയാണ്.

മുന്നിലെ ബെഞ്ചില്‍ ചെന്ന് ഇരിക്കുമ്പോള്‍  ആലീസ് ആദ്യം ചെയ്തത്  എന്റെ പേര് പറഞ്ഞു കൈകളില്‍ തലോടുകയാണ്..  മുഖത്ത് വിരലുകള്‍ കൊണ്ട് പരതി.  എന്നിട്ട് മനോഹരമായി ചിരിച്ചു.  ഞാനും ചിരിച്ചു. 

''സുന്ദരിക്കുട്ടി .. മിടുക്കിയുമാണ്  കേട്ടോ.''

ആലീസ് പറഞ്ഞു.

ഞാനൊന്നു ഞെട്ടി.

''എന്നെ കാണാമോ?  എങ്ങനെ?''

ആലീസ് ചിരിച്ചതെയുള്ളൂ..ഒന്നും പറഞ്ഞില്ല. മിഹ്രിന്‍, ആ ചിരിയില്‍ ഞാന്‍ വീണു പോയി.. ഞാനവളെ സ്‌നേഹിക്കാന്‍ തുടങ്ങി. അവള്‍ക്കെന്നെയും വലിയ ഇഷ്ടമാണ്. ജീവിതത്തെ കുറിച്ച് പുതിയ പാഠങ്ങള്‍ പഠിക്കുകയാണ് ഞാന്‍.

ആലീസ് അന്ധയാണ്. പക്ഷെ അവളുടെ ഉള്ളില്‍ നിറങ്ങള്‍ പെയ്തു നിറഞ്ഞുകൊണ്ടേയിരിക്കുകയാണ്.. അവള്‍ കാണാത്ത കാഴ്ചകള്‍ക്കപ്പുറത്ത് ഉള്‍ക്കാഴ്ചകളുടെ മഹാലോകം അവള്‍ക്ക് സ്വന്തമാണ്. അവള്‍ക്ക് ജീവിതത്തെ അടുത്തറിയാം.. ഇലകളുടെ സംഗീതം കേള്‍ക്കാന്‍, പൂക്കളുടെ പ്രണയസദിരുകളില്‍ ആറാടാന്‍, പൂമ്പാറ്റകളുടെ സ്വപ്നങ്ങളില്‍ കയറിച്ചെല്ലാന്‍.  തുമ്പികളോട് കിന്നാരം പറയാന്‍ ഒക്കെ  അവള്‍ക്ക് വല്ലാത്ത കഴിവാണ്. ഒഴിവുവേളകളില്‍ ഞങ്ങള്‍ കൈപിടിച്ച് സ്‌കൂള്‍ വളപ്പില്‍ അലഞ്ഞു നടക്കും.. തെക്ക് വശത്തെ കുന്തിരിക്കമരത്തില്‍ കുന്തിരിക്കത്തിന്റെ നീര് വീണ് ഉണ്ടായ ഗണപതിരൂപം കാണാന്‍ ഞാന്‍ അവളെ കൊണ്ട് പോയി. മാമ്പൂക്കളുടെ  മണം ഒക്കെ അവള്‍ക്ക് നന്നായി അറിയാം. താഴെ വീണ മാമ്പൂക്കളെയും, മാവിലകളെയും മണത്ത് അവള്‍ പറയും  - ''ഇത് കോട്ടൂക്കോണം മാവാണ്'' പടിഞ്ഞാറേ അറ്റത്തുള്ള കശുവണ്ടി മരത്തിലെ ചാഞ്ഞ കൊമ്പത്ത് അവളെ ഇരുത്തി ഞാന്‍ ആട്ടി. മതിവരുവോളം കശുമാങ്ങ കടിച്ച് തിന്ന് നീര് കുടിച്ചു. മതിലിനപ്പുറത്തെ ഫ്രീമേസണ്‍സ് ക്ലബ്ബിലെ പ്രേതങ്ങളെയും യക്ഷികളെയും കുറിച്ച് ഞാന്‍ കേട്ടറിഞ്ഞ കഥകളൊക്കെ പറഞ്ഞ് അവളെ പേടിപ്പിക്കാന്‍ നോക്കി. പക്ഷെ  ആലീസിന് ഒന്നിനെയും പേടിയില്ല മിഹ്രിന്‍.

ആലീസ് മനോഹരമായി പാടും. അവള്‍ മധുരമധുരമായി പാട്ടുകള്‍ പാടിത്തരും.. ക്ലാസിലെ ഇ സി എ പീരിഡില്‍ അവള്‍ പാടും. എനിക്ക് കേള്‍ക്കാന്‍ ഏതു പാട്ടും പാടിത്തരും. ഞങ്ങളുടെ സ്‌കൂളില്‍ നന്നായി  പാടുന്ന വേറെ ഒരു കുട്ടിയുണ്ട്. പത്താം ക്ലാസ്സില്‍ തന്നെയാണ്. വേറെ ഡിവിഷനില്‍ ആണ്, എന്നാലും ഞങ്ങള്‍ വലിയ കൂട്ടാണ്. കെ. എസ്. ചിത്ര എന്നാണു ആ കുട്ടീടെ പേര്. എപ്പോള്‍ പാടാന്‍ പറഞ്ഞാലും ചിത്രയും പാടും. ആലീസ് പറയുന്നത് ചിത്ര വലിയ പാട്ടുകാരിയാവും എന്നാണ്. ഞങ്ങളുടെ സ്‌കൂളിലെ സി. കെ ലില്ലി ടീച്ചറും ശ്രീദേവി ടീച്ചറും പൊന്നമ്മ ടീച്ചറും ഒക്കെ പറയുന്നത്  ചിത്ര പാട്ടിലെ അസാധാരണ പ്രതിഭ ആണെന്നാണ്. ചിത്രയുടെ  പാട്ട് പോലെ  മനോഹരമാണ് സ്വഭാവവും. എല്ലാരോടും സ്‌നേഹമാണ്. നീ എന്നെങ്കിലും കേരളത്തില്‍ വരുമ്പോള്‍ ചിത്രയുടെയും ആലീസിന്റെയും ഒക്കെ പാട്ട് കേല്പ്പിച്ചു തരാം കേട്ടോ. എന്റെ റഷ്യന്‍യാത്ര കേള്‍ക്കാന്‍ ചിത്രയ്ക്കും ആലീസിനും ഒക്കെ  വലിയ ഇഷ്ടമാണ്. നിന്നെയും ഇഷ്ടമാകും.

women
പഴയ ക്ലാസ് ഫോട്ടോ

പിന്നെ മിഹ്രിന്‍, ആലീസ് നമ്മളെ പോലെ  നോട്ട് ബുക്കില്‍ പേന കൊണ്ടല്ല   എഴുതുന്നത്. കണ്ണ് കാണാത്തവര്‍ക്ക് പ്രത്യേകം ലിപിയുണ്ട്. ബ്രെയിലി ലിപി എന്നാണ് അതിന്റെ പേര്. പ്രത്യേകതരം പേപ്പറില്‍ അച്ചുപോലെയുള്ള ഒരു ഫ്രെയിമിനുള്ളില്‍ കട്ടിയുള്ള ഇരുമ്പുസൂചികൊണ്ട് കുത്തുകള്‍ ഉണ്ടാക്കിയാണ് ബ്രെയിലി ലിപി എഴുതുന്നത്. ആറു കുത്തുകള്‍ ആണ് ആകെ ഉള്ളത്. കട്ടിയുള്ള  പേപ്പറില്‍ കുത്തുകള്‍ ഉയര്‍ന്നു നില്‍ക്കും .ആ കുത്തുകള്‍ ഓരോ അക്ഷരം, അക്കം ഒക്കെ ആയിട്ടാണ് ബ്രെയിലില്‍ കണക്കാക്കുന്നത്. കുത്തുകള്‍ തൊട്ടു നോക്കിയാണ് വായിക്കുന്നത്. ആലീസില്‍നിന്ന് ബ്രെയിലി  ഞാനും പഠിച്ചു. അവള്‍ ക്ലാസില്‍ വരാത്ത ദിവസങ്ങളിലെ നോട്ടുകളും അവള്‍ക്കിഷ്ടമുള്ള പാട്ടുകളുടെയും കവിതകളുടെയും വരികളുമെല്ലാം ഞാന്‍ ബ്രെയിലിയില്‍ കുത്തിയെഴുതിക്കൊടുക്കും. വലിയ തെറ്റുകളൊന്നും ഇല്ലാതെ ഞാന്‍ എഴുതുന്നുവെന്നാണ് അവള്‍ പറയുന്നത്. ആലീസിന് വലിയ സന്തോഷമാണ് അവളുടെ ഭാഷ ഞാന്‍ പഠിച്ചല്ലോ എന്ന്. അവളെക്കാള്‍ സന്തോഷം  എനിക്കാണ് അത്രയെങ്കിലും അവളെ സഹായിക്കാന്‍ കഴിയുന്നുണ്ടല്ലോ.

എന്നെപ്പോലെ പരീക്ഷ അടുക്കുമ്പോള്‍ നോട്ടും ടെക്സ്റ്റും തേടി നടക്കുന്ന സ്വഭാവക്കാരിയല്ല ആലീസ്. ചിട്ടയോടെ പഠിക്കും.. ബ്രെയിലി ലിപിയില്‍ നോട്ടുകള്‍ എഴുതിയെടുത്ത് അവ അന്നന്ന് പഠിച്ചു തീര്‍ക്കും. പഠിച്ചു നല്ല ജോലി വാങ്ങണം എന്നാണു ആലീസിന്റെ സ്വപ്നം.

പിന്നെ സ്‌കൂളില്‍  കലാമത്സരങ്ങളുടെ സമയമാണ്. കുറെ മത്സരങ്ങള്‍ക്ക് എനിക്ക് സമാനം കിട്ടി. പ്രസംഗം, ഉപന്യാസം, കവിതാപാരായണം, അക്ഷര ശ്ലോകം, കാവ്യകേളി, കഥാപ്രസംഗം, മോണോ ആക്റ്റ്, ഒക്കെയാണ് ഞാന്‍ മത്സരിച്ച  ഇനങ്ങള്‍. സ്‌കൂളില്‍ മാത്രമല്ല പുറത്തും  മത്സരങ്ങള്‍ക്ക് ടീച്ചര്‍മാര്‍ കൊണ്ട് പോകുന്നുണ്ട്. കുറെ സമ്മാനങ്ങളും കിട്ടുന്നുണ്ട്. സമ്മാനം കിട്ടുമ്പോള്‍ ടീച്ചര്‍മാര്‍ക്ക് എന്ത് സന്തോഷം ആണെന്നോ. സ്‌കൂളിന്റെ പേര് പറയുന്നത് അഭിമാനമാണ് ...പിന്നെ പിറ്റേന്ന് സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ്സ് അഭിനന്ദിക്കുകയും ചെയ്യും. മത്സരങ്ങള്‍ക്ക് പോകുമ്പോള്‍  ക്ലാസ്സില്‍ കയറാന്‍ പറ്റില്ല. ചില ടീച്ചര്‍മാര്‍ക്ക് അത് അത്ര പിടിക്കാറില്ല. അവര്‍ പറയുന്നത് ക്ലാസ്സില്‍ ഇരുന്നു പഠിക്കാതെ മത്സരമെന്ന് പറഞ്ഞു നടന്നാല്‍ പരീക്ഷയില്‍ തോറ്റ് പോകും എന്നാണ്. എന്റെ ശ്രീദേവി ടീച്ചര്‍ അത് സമ്മതിച്ചു കൊടുക്കുകയേ ഇല്ല. ടീച്ചര്‍ പറയും പാഠപുസ്തകത്തില്‍ നിന്നും ക്ലാസ് മുറിയില്‍ നിന്നും പഠിക്കുന്നതിനെക്കാള്‍ പുറത്ത് നിന്നും ജീവിതത്തില്‍ നിന്നും പഠിക്കാന്‍ ഉണ്ടെന്നു. ടീച്ചര്‍ ആണ് മിക്കപ്പോഴും മത്സരങ്ങള്‍ക്ക് കൂട്ട് വരുന്നത്. നിന്റെ പരീക്ഷ കഴിഞ്ഞോ?വിശദമായി വലിയ കത്ത് എഴുതാന്‍ മടിക്കരുത്.

സ്‌നേഹത്തോടെ
നിന്റെ ബീന

Content Highlights: K. a Beena open up about her childhood friends singer K.S Chithra and Alice