ര്‍ഷങ്ങളോളം ഞങ്ങളുടെ നല്ല അയല്‍ക്കാരിയായിരുന്നു മണിയമ്മ. ക്ഷേത്രജീവനക്കാരന്‍ രാമകൃഷ്ണന്‍നായരുടെ ഭാര്യ. പത്തുമക്കളുടെ അമ്മ. അവരോട് അസൂയ കലര്‍ന്ന ആരാധനയായിരുന്നു എനിക്കെന്നും. തങ്കച്ചേച്ചിയും കുഞ്ചേച്ചിയും കല്യാണം കഴിഞ്ഞുപോയതിനും ഏട്ടന്‍ ജോലികിട്ടിപോയതിനും ശേഷമുണ്ടായ ഏകാന്തതയുടെ മടുപ്പില്‍ അവരുടെ കൊച്ചു വാടകവീട് എന്നെ ആകര്‍ഷിച്ചുകൊണ്ടിരുന്നു.

അവിടെ താമസമാക്കിയതിന് ശേഷമാണ് അവരുടെ പത്തുമക്കളില്‍ മൂന്നുപേരും ജനിച്ചത്. അതും എനിക്കൊരു അതിശയമായിരുന്നു. ആശുപത്രിവാസമില്ലാതെ നേരം വെളുക്കുമ്പോഴേക്കും കൈയില്‍ പുതിയ ഒരു കുഞ്ഞുമായാണ് മൂന്നുതവണയും മണിയമ്മ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ആ മൂന്നു മക്കളായ ചിത്രയെയും രാമചന്ദ്രനെയും രഘുവിനെയും ഇവരുടെയെല്ലാം സ്രഷ്ടാക്കളായ മണിയമ്മയെയും രാമകൃഷ്ണന്‍ നായരെയും വിസ്മയത്തോടെ നോക്കിനിന്നിട്ടുണ്ട് ഞാന്‍. അപ്പോഴൊക്കെ ഒരു വീരജേതാവിനെപ്പോലെ 'ഇതിലൊക്കെ എന്തിരിക്കുന്നൂ കുട്ടീ' എന്ന ഭാവവുമായി മണിയമ്മയുടെ അമ്മ കളത്തിലമ്മ അതിലേയൊക്കെ നടക്കും. ഞാന്‍ പുതിയകുട്ടിയെ കാണാന്‍ചെല്ലുമ്പോള്‍ രാമകൃഷ്ണന്‍നായരുടെ അമ്മയും മുറുക്കാന്‍ കറപിടിച്ച പല്ലുകള്‍ കാട്ടി മലര്‍ക്കെ ചിരിക്കും. അവര്‍ക്കും ഉണ്ടായിരുന്നില്ല അതിലൊന്നും പുതുമ.

എന്തായാലും എനിക്ക് നല്ലൊരു താവളമായി മണിയമ്മയുടെ വീട്. പല പ്രായത്തിലുള്ള കുട്ടികളായതുകൊണ്ട് ഏത് തരം ആവശ്യങ്ങള്‍ക്കും അവിടുന്ന് സഹായികള്‍ ഉണ്ടാവും. മൂത്തയാള്‍ നാരായണന്‍കുട്ടിയും ഞാനും ഒരേ പ്രായമായിരുന്നു. ഒരേ ക്ലാസില്‍. സ്‌കൂളില്‍വെച്ചു കണ്ടാല്‍ പരിചയംപോലും കാട്ടില്ല. വീട്ടിലെത്തിയാല്‍ കളിക്കാനൊക്കെ കൂടുമെങ്കിലും ആള്‍ അത്യാവശ്യം നല്ലൊരു നാണക്കാരനായിരുന്നു.

Maniyamma
മണിയമ്മ

മറ്റുള്ളവരുടെ കൂടെ എന്റെ വീട്ടില്‍ കളിക്കാന്‍ വന്നാലും മൂപ്പര്‍ പുറത്ത് നില്‍ക്കുകയേ ഉള്ളൂ. പുറത്തുനിന്നുതന്നെ ഞങ്ങളുടെ വീടിന്റെ അകത്തെ ഘടന ചോദിച്ചുമനസ്സിലാക്കും എന്നല്ലാതെ ഒരിക്കല്‍ പോലും അകത്തുകയറിയതായി എനിക്ക് ഓര്‍മയില്ല. എന്റെ അമ്മയ്ക്കും അച്ഛനും നാരായണന്‍കുട്ടിയോട് പ്രത്യേക മമതയായിരുന്നു. പത്തുപേരില്‍ മൂത്തവനായതുകൊണ്ടാവും എപ്പോഴും ഒരു കാരണവരുടെ മട്ടായിരുന്നു മൂപ്പര്‍ക്ക്.

വസന്തയും രമയും ആയിരുന്നു അതിനു നേരെ താഴെ. എന്റെ അതേ പ്രായമൊന്നും അല്ലെങ്കിലും കൂടെ കളിക്കാനും കുളിക്കാനും തല്ലുകൂടാനും അവര്‍  തന്നെയായിരുന്നു കൂട്ട്. അമ്പലത്തിലേക്കുള്ള യാത്രകളിലും ആരെങ്കിലുമൊരാള്‍ എപ്പോഴും കൂടെയുണ്ടാവും. മറ്റേയാള്‍ക്ക് താഴെയുള്ള അനിയന്മാരെയും അനിയത്തിമാരെയും നോക്കുന്ന ചുമതലയാവും.അതിനിടയ്ക്കാണ് ഒരു ദിവസം മണിയമ്മ പറഞ്ഞത്- ''ചുമ്മാ കളിച്ചു നടക്കുന്നതിനിടയ്ക്ക് വസന്തയ്ക്കും രമയ്ക്കും കണക്കോ മറ്റ് വിഷയങ്ങളോ പഠിപ്പിച്ചുകൊടുത്തോളൂ'' എന്ന്. ആദ്യം ഒരു രസമൊക്കെ തോന്നിയെങ്കിലും ആ പണി എനിക്ക് പറ്റുന്നതല്ലെന്ന് രണ്ടുദിവസംകൊണ്ട് മനസ്സിലായി. അതിനുള്ള ക്ഷമ എനിക്കും എന്റെ നുള്ളുകൊള്ളാനുള്ള ത്രാണി അവര്‍ക്കും ഇല്ലാത്തതായിരുന്നു പ്രശ്‌നം. ഞാന്‍ നുള്ളിയ കാര്യം വീട്ടില്‍ പറഞ്ഞതിന്റെ ദേഷ്യംതീര്‍ക്കാന്‍ വസന്തയെ കുളത്തിലെ വെള്ളത്തിലേക്ക് ഉന്തിയിട്ടതും നല്ല ഓര്‍മയുണ്ട്. പക്ഷേ, മണിയമ്മയും കുട്ടികളും അതൊക്കെ കുട്ടിക്കളി ആയേ എടുത്തുള്ളൂ. 

വസന്തയും രമയും തമ്മില്‍ വലിയ പ്രായവ്യത്യാസം ഒന്നും ഇല്ലാത്തതുകൊണ്ടാവും ഇരട്ടകളാണെന്നു തോന്നും കണ്ടാല്‍. ഒരാള്‍ ഇരുനിറവും മറ്റേയാള്‍ വെളുപ്പും ആണെന്നേ ഉള്ളൂ. അല്പം ഉയരക്കൂടുതല്‍ അനിയത്തിയായ രമയ്ക്കായിരുന്നു. കുളത്തില്‍ നീന്താന്‍ പോവലും അമ്പലങ്ങളിലേക്കുള്ള യാത്രയുമൊക്കെ വസന്തയുടെയോ രമയുടെയോ കൂടെയാവും. കൂടെവരാന്‍ പറ്റാത്ത മറ്റേയാള്‍ക്ക് താഴെയുള്ള കുട്ടികളെ നോക്കുന്ന ഡ്യൂട്ടിയാവും.

എന്റെ കൂടെ വരുന്നവര്‍ക്ക് അമ്മ സ്പെഷ്യല്‍ ആയി എന്തെങ്കിലും സമ്മാനിച്ചാലും അവര്‍ ആരുമത് സ്വന്തമായി കഴിക്കാറേയില്ല. പാവാടത്തലപ്പിലോ കടലാസിലോ പൊതിഞ്ഞ് അപ്പോള്‍ത്തന്നെ അത് വീട്ടിലെത്തിച്ചിരിക്കും.വസന്തയുടെയും രമയുടെയും താഴെയായിരുന്നു പരോപകാരിയെന്നു ഞങ്ങള്‍ വിളിക്കുന്ന കൃഷ്ണന്‍കുട്ടി. അവരുടെ അച്ഛന്റെ തനിപ്പകര്‍പ്പ്. എന്ത് ആവശ്യത്തിനും കൃഷ്ണന്‍കുട്ടി ഓടിയെത്തും. എന്റെ സ്ഥിരം സന്ദേശവാഹകനായിരുന്നു മൂപ്പര്‍. സ്‌കൂളും കോളേജും ഒന്നും ഇല്ലാത്തപ്പോള്‍ നിര്‍മല, പത്മം, ശ്രീദേവി എന്നീ കൂട്ടുകാരികള്‍ക്കുള്ള സന്ദേശങ്ങള്‍ തുണ്ടുകടലാസുകളായി കൃഷ്ണന്‍ കുട്ടിയുടെ കൈയിലൂടെ പറന്നെത്തും, തിരിച്ചിങ്ങോട്ടും. അമ്പലങ്ങളിലേക്കും വായനശാലയിലേക്കും ഒക്കെയുള്ള ഞങ്ങളുടെ യാത്രകള്‍ അങ്ങനെയാണ് രൂപപ്പെടുക. നീല വള്ളിട്രൗസര്‍ ആണ് മൂപ്പരുടെ സ്ഥിരം വേഷം. നാടു മുഴുവന്‍ കറങ്ങിവരാന്‍ കൃഷ്ണന്‍കുട്ടിക്ക് ആ വേഷംതന്നെ ധാരാളം. സ്‌കൂളിലൊക്കെ പോകുമ്പോഴത്തെ വിശിഷ്ടവസ്ത്രം മാത്രമാണ് മൂപ്പര്‍ക്ക് ഷര്‍ട്ട്.

കൃഷ്ണന്‍കുട്ടിയുടെ ചുവടെയുള്ള അനിയത്തിമാര്‍ സുമതിയും ഓമനയും. രണ്ടുപേരെയും ചേര്‍ത്ത് 'ഉന്ത്യോമനാ'ന്നോ അല്ലെങ്കില്‍ 'ഓമന ഉന്തി' എന്നോ ഒക്കെ ഞങ്ങള്‍ കളിയാക്കി വിളിക്കും. രണ്ടുപേരും കാണാന്‍ ഒരുപോലെ. ഒരാള്‍ക്ക് അല്പം നിറം കുറവാണെന്നേ ഉള്ളൂ. അവരായിരുന്നു എന്റെ അമ്മയുടെ സന്തതസഹചാരികള്‍. മിക്കവാറും ഞങ്ങളുടെ വീട്ടില്‍ത്തന്നെയാണ് രണ്ടുപേരും. ഊണും ഉറക്കവും വരെ. അമ്മ അമ്പലത്തിലേക്കുപോകാന്‍വേണ്ടി കുളിക്കാനിറങ്ങിയാല്‍ രണ്ടുപേരുംകൂടി സ്വന്തം വീട്ടിലേക്ക് ഒരു ഓട്ടമാണ്. ഓടിപ്പോയി കുളിച്ചെന്നു വരുത്തി ഒരേപോലുള്ള ഉടുപ്പുകളും ഇട്ട് അമ്മയുടെ കുളി കഴിയുന്നതിനു മുന്‍പ് ഉമ്മറത്ത് ഹാജരുണ്ടാവും. കൂടെ കൊണ്ടുപോയില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാവും. അമ്മയുടെ കാല്‍ച്ചുവട്ടില്‍ രണ്ടുപേരും ഉരുണ്ടുരുണ്ട് അങ്ങനെ നടക്കുന്നത് കാണാന്‍ നല്ല ചന്തമായിരുന്നു.

ഇടിയും മഴയും ഒക്കെ വന്നാല്‍ പിന്നെ അമ്മയുടെ കട്ടിലിന്റെ അടിയില്‍ തപ്പിയാല്‍ മതി രണ്ടാളെയും. രാത്രി ചിലപ്പോള്‍ രണ്ടാളും ഉറങ്ങിത്തുടങ്ങുമ്പോഴാവും മണിയമ്മ കമ്പിറാന്തലുമായി അവരെ വിളിക്കാനെത്തുക. അവര്‍ക്കെന്തോ ഞങ്ങളുടെ വീട് സ്വര്‍ഗം പോലെയായിരുന്നു. ഒരാളെ ഒക്കത്തും മറ്റേയാളെ നടത്തിയും അങ്ങനെ പിടിച്ചുവലിച്ചുകൊണ്ടുപോകും മണിയമ്മ. കൃഷ്ണന്‍കുട്ടി കമ്പിറാന്തലുമായി പിന്നാലെയുണ്ടാവും. ഇവര്‍ക്കൊക്കെ താഴെയാണ് ലീലയും രാമചന്ദ്രനും രഘുവും ചിത്രയുമൊക്കെ. എല്ലാവര്‍ക്കുംകൂടി കളിക്കാന്‍ ഞങ്ങളുടെ സിമന്റ് ഇട്ട മുറ്റം ഒരു കളംതന്നെ ആയിരുന്നു. നടക്കാനും ഓടാനും ഒക്കെ തുടങ്ങിയ പല പ്രായക്കാര്‍ വൈകുന്നേരങ്ങളില്‍ അവിടെ അരങ്ങുവാഴും.

കളിക്കാനും തല്ലുകൂടാനും ഒക്കെ കൂടെ ഉണ്ടാവാറുണ്ടെങ്കിലും ഇവരൊക്കെ എപ്പോഴാണ് സ്‌കൂളിലേക്ക് പോകുന്നതും വരുന്നതും എന്നൊന്നും ഞാന്‍ അന്വേഷിച്ചിട്ടേ ഇല്ല. അത് ഇപ്പോഴും ഓര്‍ത്തെടുക്കാനും എനിക്കാവുന്നില്ല. നാരായണന്‍കുട്ടിയെ മാത്രം ക്ലാസില്‍വെച്ചു കാണും, അപരിചിതനെപ്പോലെ.

എന്റെ അമ്മയ്ക്ക് താങ്ങും തണലും തന്നെയായിരുന്നു മണിയമ്മ അന്നൊക്കെ. മണിയമ്മയ്ക്ക് തിരിച്ചിങ്ങോട്ടും. കലപിലാന്ന് ബഹളംവെച്ചുകൊണ്ട് കുട്ടികള്‍ എപ്പോഴും വീടുമുഴുവന്‍ ഓടിനടക്കുന്നതില്‍ അച്ഛന് ചെറിയ അലോസരം ഉണ്ടായിരുന്നുവെങ്കിലും ഓരോരുത്തരെക്കൊണ്ടും ചില്ലറ ആവശ്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ എല്ലാവരും ഞങ്ങളുടെ വീട്ടിലെ സ്ഥിരാംഗങ്ങളായി. 
മണിയമ്മയ്ക്ക് ഒരാവശ്യം വരുമ്പോള്‍ ഓടിവരുന്നതുകാണാം ഞങ്ങളുടെ അടുക്കളപ്പുറത്തേക്ക്. മിക്കവാറും സാമ്പത്തികമാവും പ്രശ്നം. അപ്പോഴൊക്കെ അമ്മയുടെ സ്വകാര്യ സമ്പാദ്യങ്ങളില്‍ ഒരു പങ്ക് അങ്ങോട്ടൊഴുകും. ക്ഷേത്രജോലിയില്‍നിന്നുള്ള ഭര്‍ത്താവിന്റെ ചെറിയവരുമാനംകൊണ്ട് പത്തുമക്കളെയും ഒപ്പിച്ചുകൊണ്ടുപോകാന്‍ പറ്റുന്നത് മണിയമ്മയുടെ മാത്രം ഭരണനിപുണതകൊണ്ടാണെന്ന് അമ്മ എപ്പോഴും പറയും.

ആ കുട്ടിപ്പട്ടാളങ്ങള്‍ക്കിടയിലും മണിയമ്മയുടെ അടുക്കളയില്‍ എന്തെങ്കിലും വിശിഷ്ടവിഭവം ഉണ്ടായാല്‍ എന്നെത്തേടി ആളെത്തും. കരിപിടിച്ച അടുക്കളയുടെ മൂലയില്‍ ഒരു ചെറിയസ്റ്റൂള്‍ എനിക്ക് വേണ്ടി ഒരുക്കും മണിയമ്മയും കുട്ട്യോളും. നല്ലൊരു വായനക്കാരിയായിരുന്നു അവര്‍. വായനശാലയില്‍നിന്ന് എടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങള്‍ ഞാനും മണിയമ്മയുംകൂടി ഊഴമിട്ടാണ് വായിക്കുക. അതും വായിച്ചുതീര്‍ന്നാല്‍ ഉച്ചനേരങ്ങളില്‍ 'ഉന്ത്യോമനയുടെ' വരവുണ്ടാവും. ''മാതൃഭൂമി ആഴ്ചപ്പതിപ്പുണ്ടെങ്കില്‍ തരാന്‍ പറഞ്ഞു അമ്മ. പഴേതാണെങ്കിലും മതീന്നു പറഞ്ഞു.''- പ്രത്യേക ഈണത്തിലാണ് അവര്‍ അത് പറയുക. കേട്ടാല്‍ത്തന്നെ ചിരിവരും.അകാലത്തില്‍ എന്റെ അമ്മ മരിച്ചപ്പോള്‍ ആ ദുഃഖത്തിനിടയിലും മണിയമ്മയുടെ കൈയുടെ സാന്ത്വനസ്പര്‍ശം ഞാന്‍ വേറിട്ടറിഞ്ഞിരുന്നു.

മണിയമ്മ ഒരു യാത്രപോകുന്നത് ഞാന്‍ കണ്ടിട്ടേയില്ല, അമ്പലത്തിലേക്കുപോലും. ഞങ്ങളുടെ വീടിനുമുന്നിലെ കിണറ്റില്‍ നിന്ന് വെള്ളം കോരാന്‍ മാത്രമാണ് അവര്‍ മിക്കവാറും പുറത്തിറങ്ങുന്നത്. പക്ഷേ, വാര്‍ധക്യം ഇപ്പോഴവര്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പേരിലെ പെന്‍ഷന്‍തുക കൈയില്‍ കിട്ടിയാല്‍ ചുങ്കത്തേക്കൊരു യാത്ര. അത്യാവശ്യം വേണ്ട ഷോപ്പിങ്. ഹോട്ടലില്‍നിന്ന് അന്ന് വീട്ടിലുള്ളവര്‍ക്കൊക്കെ സ്പെഷ്യല്‍ ബിരിയാണി. ചുമടൊഴിഞ്ഞ ചുമലുകള്‍ അങ്ങനെയവര്‍ തളര്‍ത്തിയിടുന്നു.

പത്തുമക്കളെയും പത്തുകരയ്ക്ക് എത്തിച്ച ചാരിതാര്‍ഥ്യത്തോടെ മണിയമ്മ ഇപ്പോഴും ആരോഗ്യത്തോടെയിരിക്കുന്നു. ആ തായ്വേരില്‍നിന്ന് ഉടലെടുത്ത പത്തുശാഖകളും ചൊരിഞ്ഞ സൗഹൃദത്തിന്റെ തണല്‍ ഞാനിന്നും അറിയുന്നു. രാമകൃഷ്ണന്‍നായര്‍ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയി. നാരായണന്‍കുട്ടി വലിയ ഉദ്യോഗസ്ഥനായി വടക്കേയിന്ത്യയില്‍. പാവം കൃഷ്ണന്‍കുട്ടി ഈയിടെ മരിച്ചുപോയി.

'ഉന്ത്യോമനയില്‍' ഓമന എനിക്ക് ഏറ്റവും അത്യാവശ്യമായ സന്ദര്‍ഭങ്ങളില്‍ കൂട്ടായിനിന്നത് ഒരിക്കലും മറക്കാനാവില്ല. ബാക്കി എല്ലാവരും പലയിടങ്ങളിലും എത്തിപ്പെട്ടെങ്കിലും പറക്കോട്ടുകാവിലെ താലപ്പൊലിയടക്കം എല്ലാ വിശേഷങ്ങള്‍ക്കും തറവാട്ടില്‍, മണിയമ്മയോടൊപ്പം ഒത്തുകൂടുന്നു.ആ സ്നേഹം ഇന്നും എല്ലാവരും എന്നോടും തുടരുന്നു. തിരുവില്വാമലയില്‍ ചെല്ലുമ്പോള്‍ മണിയമ്മയുടെ വക സ്നേഹത്തില്‍ കുഴച്ച ഒരുരുളചോറ്, അത് എനിക്കിന്നും സാന്ത്വനമാകുന്നു.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights:  Girija Warrier writes about her childhood memories and neighbourhood friends