ധനുമാസം എപ്പോഴും അങ്ങനെയാണ്. ഒരു കുഞ്ഞിക്കുളിരും ഇടയ്ക്കിടെ വീശുന്ന വരണ്ട കാറ്റും. ആ വരണ്ട കാറ്റില്‍ നേര്‍ത്തൊഴുകുന്ന ഭാരതപ്പുഴയിലെ നീര്‍ച്ചാലുകള്‍. ഇപ്പോഴിപ്പോഴായി കാലവും നേരവും ഒന്നും നോക്കാതെ പെയ്യുന്ന ഭ്രാന്തന്‍ മഴകള്‍ ധനുമാസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഇടയ്ക്ക് തോന്നാറുണ്ട്. ഇല പൊഴിച്ചുതുടങ്ങുന്ന അരയാലുകള്‍ വരള്‍ച്ചയുടെ മുഖച്ഛായ അണിയും. അടിച്ചുമിനുക്കിയ മുറ്റങ്ങള്‍,ചാണകം മെഴുകി ഇളം പച്ച മേലങ്കി അണിയും. അതിരിലെ മുള്ളുവേലികളും  മുള്‍തലപ്പുകള്‍വെച്ച് പണിക്കാരന്‍ വെള്ളയും സഹായികളും പുതുക്കും. മുള്‍ത്തലപ്പുകള്‍ ഒതുക്കി മാടിക്കെട്ടി, നടുകീറിയ പച്ചമുളകള്‍ മലര്‍ത്തിവെച്ച് നനഞ്ഞ പൊളിരുകള്‍ ഉപയോഗിച്ച് വരിഞ്ഞുകെട്ടും. ഒരോ വര്‍ഷവും പുതിയ പുതിയ ഡിസൈനിലാവും വെള്ള പച്ചമുളയില്‍ അലങ്കാരപ്പണികള്‍ ചെയ്യുക. വെള്ളയ്ക്ക് അതിന് പ്രത്യേക കഴിവാണെന്ന് അമ്മയും അച്ഛനും എപ്പോഴും പറയാറുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആഘോഷമായ തിരുവാതിരയും പിന്നെ സ്വന്തം ജന്മദിനവും ഈ മാസത്തില്‍ത്തന്നെ ആയതുകൊണ്ടാവും ധനുമാസത്തിനോട് ഏറെ ഇഷ്ടം.

പിറന്നാളിന് ആഘോഷമൊന്നും ഉണ്ടാവാറില്ലെങ്കിലും മനസ്സിന് അടുപ്പമുള്ള കൂട്ടുകാരെ ക്ഷണിക്കാന്‍ അമ്മ പ്രത്യേകം പ്രോത്സാഹിപ്പിക്കാറുണ്ട്. വല്യ സദ്യവട്ടമൊന്നും ഉണ്ടാവില്ല. ഇക്കാലത്ത് സമൃദ്ധമായി ഉണ്ടാവുന്ന ഇടിച്ചക്കകൊണ്ടൊരു ഉപ്പേരി. അത് ഇലത്തലയ്ക്കല്‍ സ്ഥിരം വിഭവമായിരിക്കും. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കൂട്ടാന്‍. പിന്നെ എനിക്കിഷ്ടമുള്ള പായസം... അതൊക്കെ വേണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു അമ്മയ്ക്ക്. ഇതിനെക്കാളൊക്കെ എനിക്കേറെ ഇഷ്ടം രാവിലെത്തൊട്ട് വൈകുന്നേരം വരെ കൂട്ടുകാരോടൊത്തുള്ള നിമിഷങ്ങളാണ്.

തിരുവാതിരക്കാലത്ത്, അശ്വതിനാള്‍ മുതല്‍ നന്നേ വെളുപ്പിനുതന്നെ വീടിന് താഴെയുള്ള കാവില്‍കുളത്തിലേക്ക് യാത്രയാവും ഞങ്ങള്‍. അമ്മയുടെയും എന്റെയും കൂട്ടുകാരായ കുറേ സ്ത്രീകള്‍. കമ്പിറാന്തല്‍ വെളിച്ചത്തിലാവും യാത്ര. കിഴക്കന്‍ ആകാശത്തില്‍ സൂര്യഭഗവാന്‍ ഉദിച്ചുപൊങ്ങുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും തുടങ്ങിയിട്ടുണ്ടാവില്ല. അപ്പോഴാണ് പാട്ടും ബഹളവുമായി ഒരുകൂട്ടം പെണ്ണുങ്ങളുടെ സാഹസികയാത്ര. അന്തരീക്ഷത്തിലെ കുളിരും വിറയലുമൊക്കെ ആ ചടുലതയില്‍ ആവിയായിപ്പോകും.

നേര്‍ത്ത കാറ്റിലും നനുക്കെ പെയ്യുന്ന മഞ്ഞിലും വിറങ്ങലിച്ചുകിടക്കുകയാവും കുളത്തിലെ വെള്ളം. വെള്ളത്തില്‍ ഇറങ്ങാന്‍ മടിച്ചുനില്‍ക്കുന്നവരുടെ മേല്‍ തണുത്ത വെള്ളം തെറിപ്പിക്കലായിരുന്നു അന്നത്തെ പ്രധാന വിനോദം. പിന്നെ തുടിച്ചുകുളിയായി, മഞ്ഞള്‍ തേയ്ക്കലായി, കുളക്കരയില്‍നിന്നുതന്നെ ഈറന്‍ മാറ്റലും അലക്കിയതുടുക്കലും മൂന്നുവിരല്‍ വീതിയില്‍ വരച്ചുകുറിയിടലും.

മായന്നൂരമ്പലത്തില്‍ ആടിയ കറുത്തചാന്ത് വരക്കുറിയുടെ നടുക്ക്. പുത്തന്‍ കലത്തില്‍ ആവണക്കെണ്ണയില്‍ നനച്ച തിരികത്തിച്ച്, പുത്തന്‍ കലത്തില്‍ കരിപിടിപ്പിച്ച്, പച്ചക്കര്‍പ്പൂരവും ചേര്‍ത്തുണ്ടാക്കുന്ന നല്ല കുളിര്‍മയുള്ള കണ്മഷികൊണ്ട് കണ്ണെഴുതി, അഷ്ടമംഗല്യത്തില്‍ തയ്യാറാക്കിവെച്ച ദശപുഷ്പങ്ങള്‍  തലയിലും ചൂടിക്കഴിഞ്ഞാല്‍ തിരിച്ചുള്ള യാത്രയാവും. വല്യമ്പലത്തിലും പറക്കോട്ടുകാവിലും തൊഴുത് വീട്ടില്‍ തിരിച്ചെത്തുമ്പൊഴേ കമ്പിറാന്തലിന്റെ തിരി താഴ്ത്താറാവൂ.

തിരുവാതിരയുടെ തലേന്ന് രാത്രിയാവും മിക്കവാറും ഉറക്കമൊഴിക്കല്‍. അമ്മമാര്‍ക്കൊക്കെ മകയിരം നോമ്പാവുമെങ്കിലും കൈകൊട്ടിക്കളി പൊടിപൊടിക്കും. ചാണകം മെഴുകിയ മുറ്റത്ത് വട്ടം കൂടിയിരുന്ന് നൂറ്റിയെട്ട് വെറ്റില എണ്ണിത്തിന്നും. നെടുമംഗല്യമുള്ളവരും കല്യാണം കഴിയാത്ത പെണ്‍കിടാങ്ങളും അതൊക്കെ ചെയ്യണമെന്നാണ് അമ്മ പറയുക.

ആരുടെയെങ്കിലും കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ തിരുവാതിര ആണെങ്കില്‍ ഭേഷായി. പൂത്തിരുവാതിരക്കാര്‍ക്കുവേണ്ടി കിഴങ്ങുവര്‍ഗങ്ങളൊക്കെ ചുട്ടെടുത്ത് അമ്മ എട്ടങ്ങാടി തയ്യാറാക്കും. ഉദിച്ചുയരുന്ന പൂര്‍ണചന്ദ്രന്, അത് നിവേദ്യമായി നല്‍കും. ആ നിവേദ്യവും കൂവപ്പായസവും ഒക്കെയായിട്ടാണ് തിരുവാതിര നോമ്പ് തുടങ്ങുക.

ആതിരനിലാവ് മുറ്റത്ത് നിഴല്‍ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍, പെണ്ണുങ്ങളെ ഭയപ്പെടുത്താനും തമാശകള്‍ കാണിക്കാനുമായി ചോഴികള്‍ വരവാകും. തകരപ്പാട്ടകളില്‍ കൊട്ടി ശബ്ദമുണ്ടാക്കി, ഉണങ്ങിയ വാഴയിലകള്‍കൊണ്ട് ദേഹമാസകലം പൊതിഞ്ഞാണ് അവരെത്തുക. വയര്‍ നിറച്ച് പപ്പടവും പഴവും ആണ് അവര്‍ക്ക് വേണ്ടത്. വേണ്ടുവോളം കിട്ടിയില്ലെങ്കില്‍, തമാശയ്ക്കാണെങ്കിലും, കൂട്ടത്തിലെ ഏതെങ്കിലും പെണ്ണുങ്ങളെ പിടിച്ചോണ്ടുപോകും എന്നൊക്കെ വീമ്പിളക്കും. ഉണക്കിലകള്‍ക്കുള്ളില്‍ നിന്നാണെങ്കിലും അമ്മയ്ക്ക് ആ സ്വരം തിരിച്ചറിയാം. 'നീ സുകുമാരന്‍ അല്ലേ', എന്നൊക്കെ അമ്മ ചോദിക്കുന്നത് കേള്‍ക്കാം.

തിരുവാതിര എത്തുന്നതിന് ഒരാഴ്ച മുന്‍പേ തന്നെ അച്ഛനും അമ്മയും കൂടി വാര്യത്തെ തൊടിയില്‍നിന്ന് മൂന്നോ നാലോ പാകമായ പാളയങ്കോടന്‍ കുലകള്‍ വെട്ടി പഴുക്കാന്‍ വെച്ചിട്ടുണ്ടാവും. എലി കടിക്കാതിരിക്കാന്‍ തട്ടിട്ട മുറിയില്‍ കെട്ടിത്തൂക്കി മുണ്ടുകൊണ്ട് മൂടിയിടും. വിരുന്നുവരുന്ന ചോഴിമാര്‍ ക്ക് കൊടുക്കാനാണിത്. 

അവരുടെ ബഹളമൊക്കെ കഴിയുമ്പോഴേക്ക് പാതിരാപ്പൂ ചൂടാറാവും. എവിടെയെങ്കിലും ഒളിപ്പിച്ചുവെച്ച പാതിരാപ്പൂ തപ്പിയെടുത്ത്, അഷ്ടമംഗല്യവും നിലവിളക്കുമായി പോയി എതിരേറ്റ് കൊണ്ടുവരും. അതിനുള്ള പ്രത്യേകം പാട്ടുകള്‍ അമ്മയും കൂട്ടുകാരും ഈണത്തില്‍ പാടുന്നുണ്ടാവും.പിന്നെ ഭക്തിപൂര്‍വം ഒരു മംഗലയാതിര. അപ്പോഴേക്ക് തുടിച്ചുകുളിക്കാനും അത് കഴിഞ്ഞ് ആര്‍ദ്രാദര്‍ശനത്തിനും ഒക്കെയുള്ള സമയമായിട്ടുണ്ടാവും.

സോമേശ്വരം അമ്പലത്തിലാണ് ആര്‍ദ്രാദര്‍ശനം പതിവ്. പാറകളും, കുണ്ടനിടവഴികളും ഒക്കെ താണ്ടി, നിലാവത്ത്, കൂട്ടുകാരുമൊത്ത്, കോടിയുടുത്ത്, അങ്ങനെ ഒരു യാത്ര. അത് മധുരിക്കുന്ന ഓര്‍മ തന്നെയാണി
പ്പോഴും.

കല്യാണം കഴിഞ്ഞ് ഇവിടെ വന്നപ്പോഴും ആചാരങ്ങള്‍ക്കൊന്നും വ്യത്യാസമില്ല. എല്ലാം പഴയപടി തന്നെ. പെരുവനത്തെ,ഇരട്ടയപ്പനു ഇളനീരഭിഷേകവും,ശ്രീപാര്‍വതിക്ക് ഇണപ്പുടവ സമര്‍പ്പണവും എന്ന ചടങ്ങുകള്‍ കൂടി എന്റെ ഇഷ്ടങ്ങളില്‍ പുതിയതായി ഇടം പിടിച്ചു എന്ന് മാത്രം. ചോഴിമാരും ഇവിടെ വരാറില്ല. പകരം ഓണത്തിന് കുമ്മാട്ടികളായി അവരെത്തും.

തിരുവാതിര നോമ്പ് വിശേഷമാണ്. വെളുപ്പിനെയുള്ള ആര്‍ദ്രാദര്‍ശനം കഴിഞ്ഞെത്തിയാല്‍ തന്നെ തുടങ്ങുകയായി വിഭവങ്ങള്‍ ഒരുക്കല്‍. കരിക്കിന്‍ വെള്ളം, കൂവ വെരകിയത്, പപ്പടം ഒക്കെ പ്രാതലിനുതന്നെ വേണം. ഉച്ചയ്ക്കാണെങ്കില്‍, മോരൊഴിച്ച കൂട്ടാനും എല്ലാ കിഴങ്ങുവര്‍ഗങ്ങളും ഇടിച്ചക്കയും മത്തനുമൊക്കെയിട്ട മുതിരപ്പുഴുക്കും നിര്‍ബന്ധം. പപ്പടം കഴിക്കാവുന്ന നോമ്പുകള്‍ വേറെ കണ്ടിട്ടില്ല...

'ഭഗവതിക്ക് തിരുനോമ്പാണേ, ഉണ്ണരുതേ, ഉറങ്ങരുതേ എന്നൊക്കെ വെളുപ്പിനെ കുളത്തില്‍ തുടിച്ചുകുളിക്കുമ്പോള്‍ പാടണ കേട്ടൂലോ...അരിഭക്ഷണം മാത്രേ വേണ്ടാന്നുള്ളൂ?' എന്ന് പറഞ്ഞ് അച്ഛന്‍ അമ്മയെ കളിയാക്കും.'നിങ്ങളുടെയൊക്കെ ദീര്‍ഘായുസ്സിനുവേണ്ടീട്ടാണ്, അധികം കളിയാക്കണ്ട' എന്നുപറഞ്ഞ് അമ്മയും ഒട്ടും വിട്ടുതരില്ല.  മുടങ്ങാതെ തിരുവാതിര വ്രതം നോറ്റ അമ്മ ഒടുവില്‍, സുമംഗലിയായിത്തന്നെ ഞങ്ങളെ വിട്ടുപോയി.

പക്ഷേ, ഈ വ്രതമൊക്കെ നോറ്റിട്ടും സീമന്തരേഖയിലെ സിന്ദൂരം നിനച്ചിരിക്കാതെ മായ്ച്ചുകളയേണ്ടി വന്നു, എനിക്ക്. എന്നാല്‍ അതിലും നിരാശ തോന്നുന്നില്ല. ജീവിച്ചിരുന്നപ്പോള്‍ അന്യോന്യം സ്‌നേഹിച്ച്, സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുനിന്ന്, എല്ലാവരും പറയുന്ന പോലെ എന്നെ ഉള്ളം കയ്യില്‍ തന്നെ കൊണ്ടുനടന്നിരുന്ന, ആ സ്‌നേഹം... അത് അടുത്തജന്മത്തിലും കിട്ടാന്‍ വേണ്ടി ഞാനിപ്പോഴും തിരുവാതിര വ്രതം മുടക്കാറില്ല.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Girija Warrier shares about memories of Thiruvathirakkaalam