വീതികൂടിയ റോഡിലൂടെ, കാറിന്റെ പിന്‍സീറ്റിലിരുന്ന് ഇങ്ങനെ യാത്രചെയ്യാന്‍ എന്തു സുഖമാണെന്നോ... പ്രത്യേകിച്ച് അതിന്റെ ലക്ഷ്യസ്ഥാനം നമുക്ക് ഏറ്റവും പ്രിയങ്കരമാണെങ്കില്‍.സാധാരണ, എല്ലാ യാത്രകളിലും ഒരു പൂച്ചയുറക്കമെങ്കിലും തരാക്കി, ഇടയ്ക്കിടയ്ക്ക് ഞെട്ടിയുണര്‍ന്ന്, എവിടെയെത്തിയെന്ന് ഡ്രൈവറോട് ചോദിക്കേണ്ടിവരാറുണ്ടെനിക്ക്. പക്ഷേ, ഈ യാത്രയില്‍ മാത്രം അങ്ങനെയൊരു പതിവുണ്ടാകാറില്ല. പകരം ഓരോ സ്ഥലവും എന്നെ നോക്കി ചിരിക്കുന്നു, പരിചയം പുതുക്കുന്നു, എന്തേ ഈവഴി വരാന്‍ ഇത്ര വൈകി എന്നു ചോദിക്കുന്നു... എനിക്ക് അവര്‍ക്കൊക്കെ മനസ്സുകൊണ്ട് മറുപടി നല്‍കണം. പാതയോരത്ത് കാണുന്ന ഓരോ വഴിപോക്കനെയും എന്നോ പരിചയപ്പെട്ട ഒരു വ്യക്തിയായി തോന്നും, എനിക്ക്.ഈവഴിക്കുള്ള യാത്ര, അത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. കാരണം, ഈ യാത്രയുടെ അവസാനം എനിക്കിഷ്ടപ്പെട്ടവരെ എനിക്ക് നേരിട്ടു കാണാനാവും എന്നതുതന്നെ.

യാത്രയ്ക്കിടയില്‍ മിക്കവാറും ചിലയിടങ്ങളില്‍ വലതുവശത്തായി ദൃശ്യമാകുന്ന കടല്‍ക്കഷണങ്ങളും എനിക്ക് ഏറെ ഇഷ്ടമാണ്. ഒരിക്കല്‍ ആ കടല്‍ക്കഷണങ്ങളുടെ ഭംഗിയാസ്വദിക്കാന്‍ വഴിയരികില്‍ വണ്ടി നിര്‍ത്തി ഇറങ്ങിച്ചെല്ലുകയുമുണ്ടായി, മാധേട്ടനോടൊപ്പം. റോഡില്‍നിന്നിറങ്ങി കടല്‍ക്കരവരെ കുഞ്ഞുകുഞ്ഞു വീടുകള്‍, അവയില്‍നിന്ന് പുറത്തേക്കെത്തിനോക്കുന്ന തലകള്‍... വേലിമേല്‍ ഉണങ്ങാനിട്ടിരിക്കുന്ന മീന്‍വലകളുടെ മണം കടല്‍ക്കാറ്റിനുമുണ്ടായിരുന്നുവെന്നു തോന്നി. അന്ന്, കുറച്ചുനേരം ആ കൊച്ചു കടല്‍ത്തീരത്തുകൂടി നടന്നിട്ടാണ് വീണ്ടും യാത്രതുടര്‍ന്നത്.ഈ യാത്ര വര്‍ഷങ്ങളായി തുടരുന്നു. വര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും, പിന്നെ തോന്നുമ്പോഴൊക്കെയും.

നാഗര്‍കോവില്‍... ഈ റോഡിന്റെ അങ്ങേയറ്റം അവിടെയാണവസാനിക്കുക. വര്‍ഷങ്ങളോളം ഞങ്ങള്‍ക്ക് ജീവനും ശ്വാസവും പകര്‍ന്ന പ്രിയപ്പെട്ട നാട്. അവിടെ, ഞങ്ങളുടെ ജീവിതവൃക്ഷത്തിലെ ഒരുപാടു ശാഖകളും അവയില്‍ കുരുത്ത ഒരുപാട് സൗഹൃദപുഷ്പങ്ങളും ഉണ്ടായിരുന്നു... അതങ്ങനെ പടര്‍ന്നുപന്തലിച്ച് വിലസുമ്പോഴാണ്, പെട്ടെന്നൊരു ദിവസം, അവിടത്തെ വേരറുത്ത് നാട്ടിലേക്കു പോരേണ്ടിവന്നത്.

കല്യാണത്തിനുശേഷം, തീരെ പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് അറച്ചറച്ചാണ് പ്രവേശിച്ചത്, വര്‍ഷങ്ങള്‍ക്കുമുന്‍പ്... പരിചിതമല്ലാത്ത ഒരുപാടു മുഖങ്ങളും അധികം കൈകാര്യംചെയ്തു പരിചയമില്ലാത്ത ഭാഷയും... തമിഴില്‍ ആകെ പരിചയമുള്ളത്, നാട്ടിലെ അയ്യര്‍മാരുടെ മലയാളം കലര്‍ന്ന ഭാഷയാണ്. നാഗര്‍കോവിലിലെ തമിഴ്, കടുകട്ടിയല്ലെങ്കിലും, വ്യത്യസ്തമായിരുന്നു. പക്ഷേ, അതും പിന്നീട് എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെ വശമാക്കി.

മാധേട്ടന്റെ ഓഫീസിലെ സ്റ്റാഫ് ഹസീന വഴി ആദ്യം പരിചയപ്പെടുന്ന മലയാളി ശാന്തച്ചേച്ചിയായിരുന്നു. ത്രിമൂര്‍ത്തികളെപ്പോലെ, സുന്ദരിമാരായ മൂന്നു സഹോദരിമാരില്‍ ഇളയയാളായിരുന്നു ശാന്തച്ചേച്ചി. ശാന്തച്ചേച്ചിയും സഹോദരിമാര്‍ വസന്തച്ചേച്ചിയും ശാരദച്ചേച്ചിയും സാമൂഹികപ്രവര്‍ത്തനങ്ങളും കലാസാസ്‌കാരികപ്രവര്‍ത്തനങ്ങളുമായി തിരക്കായി നടക്കുന്ന കാലം. അവിടത്തെ മഹിളാസമാജമായിരുന്നു മാതര്‍സംഘം. പരിചയപ്പെട്ട അന്നുതന്നെ എന്നെ മാതര്‍സംഘത്തിലെ അംഗമാക്കുകയായിരുന്നു, ശാന്തച്ചേച്ചി. അവിടെനിന്നാണ്, നാഗര്‍കോവില്‍ സൗഹൃദങ്ങളുടെ തുടക്കം. 

'ടോപ്സ്' ബേക്കറി ഉടമ തലശ്ശേരിക്കാരന്‍ രാവുണ്ണിയങ്കിളും കുടുംബവും...മരിക്കാര്‍ മോട്ടോഴ്‌സില്‍ ജോലിചെയ്തിരുന്ന ഹസീനയുടെ ബാപ്പയെ ഞങ്ങള്‍ 'മരിക്കാര്‍ അങ്കിള്‍' എന്നുതന്നെയാണു വിളിച്ചിരുന്നത്. ചുങ്കാന്‍ കടയില്‍ റബ്ബര്‍ഫാക്ടറി നടത്തിയിരുന്ന ആബ്ദീന്‍ അങ്കിളും ഭാര്യ, നര്‍ത്തകിയായ പത്മജ ആന്റിയും മകള്‍ സുലൈഖയും... ആബ്ദീന്‍ അങ്കിളിന്റെ ഉമ്മ ഒരു സല്‍ക്കാരപ്രിയയായിരുന്നു. വീട്ടില്‍ ആരുചെന്നാലും, മൂപ്പരുടെ വക മുട്ടസുര്‍ക്കയും നല്ല മധുരമുള്ള പാല്‍ച്ചായയും ഉറപ്പാണ്. മുട്ടകഴിക്കാത്ത എനിക്കുവേണ്ടി ഉമ്മ മുട്ടചേര്‍ക്കാത്ത സ്‌പെഷ്യല്‍ മുട്ടസുര്‍ക്കയും ഉണ്ടാക്കിത്തരും. 

നാഗര്‍കോവിലിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ ആദ്യം പറയേണ്ടത്, മഞ്ജുവിനെ മഞ്ജുവാരിയരാക്കിയ നൃത്താധ്യാപിക സെലിന്‍ കുമാരിയെപ്പറ്റിത്തന്നെയാണ്. ബ്യൂട്ടി പാര്‍ലര്‍കൂടി നടത്തിയിരുന്ന ടീച്ചറോട് മഞ്ജുവിനും വലിയ ആരാധനയായിരുന്നു. ഞാനും മാധേട്ടനുംകൂടി എവിടെയെങ്കിലും പോകുമ്പോള്‍ ടീച്ചര്‍ അവളെ വിളിച്ചുകൊണ്ടുപോയി കൂടെനിര്‍ത്തും. രണ്ടുദിവസം കഴിഞ്ഞ് ഞങ്ങളുടെയടുത്ത് കൊണ്ടുവിടുമ്പോള്‍, ഏതോ ഒരു പരിഷ്‌കാരിപ്പെണ്‍കുട്ടിയെപ്പോലെ മുടിയൊക്കെ മുറിച്ച്, പുത്തനുടുപ്പൊക്കെ ഇടീച്ചിട്ടുണ്ടാവും. ഭംഗിയായി ഒരു നൃത്തയിനവും പഠിപ്പിച്ചിട്ടുണ്ടാവും അവളെ. ടീച്ചര്‍ക്ക്, ഒരു മുജ്ജന്മബന്ധം പോലെ, അവള്‍ സ്വന്തം മകളെപ്പോലെതന്നെയായിരുന്നു. ഇപ്പോഴും ആ അടുപ്പം അങ്ങനെതന്നെ. 

ഫിഷറീസില്‍ ഓഫീസറായിരുന്ന പെരിങ്ങോട്ടുകരക്കാരന്‍ വാസുദേവന്‍ അങ്കിളും കുടുംബവും, പാര്‍വതീപുരത്ത് കൊട്ടാരംപോലെയുള്ള വീട്ടിലെ പണ്ടാല അങ്കിളും കുടുംബവും... ഇവര്‍ക്കൊക്കെ ഇടയില്‍നിന്നു കിട്ടുന്ന നിര്‍ലോഭമായ സ്‌നേഹവാത്സല്യങ്ങള്‍, പലപ്പോഴും, നാട്ടിലുള്ള അച്ഛന്റെയും അമ്മയുടെയുമൊക്കെ അഭാവം മറക്കാന്‍ സഹായിച്ചിരുന്നു. ഇരിങ്ങാലക്കുടക്കാരിയായ, ഞാന്‍ ഇന്ദിരേച്ചി എന്നുവിളിച്ചിരുന്ന, ഡോക്ടര്‍ ഇന്ദിരാ സുരേന്ദ്രനും ഡോക്ടര്‍ സുരേന്ദ്രനും... ഇവരൊക്കെ നാഗര്‍കോവിലിലെ ഞങ്ങളുടെ ജീവിതത്തിന്റെ നിത്യസ്പന്ദനങ്ങള്‍തന്നെയായിരുന്നു. പിന്നീട്, ജീവിതത്തിന്റെ അര്‍ഥതലങ്ങള്‍ മാറിത്തുടങ്ങിയപ്പോള്‍, ജീവിതത്തില്‍ കുട്ടികളുടെ സാന്നിധ്യംകൂടിയായപ്പോള്‍, മേച്ചില്‍പ്പുറങ്ങള്‍ക്കു വിസ്താരം കൂടുകയും സുഹൃദ്വലയങ്ങളുടെ വ്യാപ്തി വര്‍ധിക്കുകയുമായിരുന്നു. മാറിമാറി താമസിക്കുന്ന ഓരോ വാടകവീട്ടിലെയും അയല്‍ക്കാര്‍, കുട്ടികളുടെ സുഹൃത്തുക്കള്‍, അവരുടെ വീട്ടുകാര്‍... അങ്ങനെ. 
ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും നിന്ന് സൗഹൃദം പങ്കിട്ട എന്റെ പ്രിയസുഹൃത്ത് റോസ്ലിനും ഭര്‍ത്താവ് അലക്‌സും എല്ലാവരും ഒത്തുചേരുന്ന ചടങ്ങുകളില്‍ തമാശകള്‍ കാണിച്ച് സ്ഥാനം നേടിയെടുക്കുന്ന റോയിയും നാടന്‍ ക്രിസ്ത്യന്‍ പാചകത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുതന്ന മോളിയും മറ്റുള്ളവര്‍ എന്തുകാര്യം ചെയ്താലും അത് ആരാധനയോടെ അംഗീകരിക്കുന്ന രമയും ഭര്‍ത്താവ് ജോര്‍ജുകുട്ടിയുമൊക്കെ അന്നും ഇന്നും ആ ചങ്ങാതിച്ചങ്ങലയിലെ തിളങ്ങുന്ന കണ്ണികള്‍തന്നെ. 

തയ്യല്‍ക്കട നടത്തിയിരുന്ന, കടയ്ക്കാവൂരുള്ള, ചന്ദ്രനായിരുന്നു മറ്റൊരു സുഹൃത്ത്. ഭാര്യ ജയശ്രീയും നല്ലൊരു തയ്യല്‍ക്കാരിയായിരുന്നു. തയ്ച്ചു ബാക്കിവരുന്ന വലിയ തുണിക്കഷണങ്ങള്‍ മാറ്റിവെച്ച്, മഞ്ജുവിനും മധുവിനും നല്ല ഭംഗിയുള്ള ഉടുപ്പുകള്‍ തുന്നിത്തരും, ചന്ദ്രന്‍. അത്യാവശ്യഘട്ടങ്ങളിലെല്ലാം സഹായഹസ്തവുമായെത്തുന്ന ഷാജിയെയും കുടുംബത്തിനെയും എങ്ങനെ മറക്കാനാണ്... ആബ്ദീന്‍ അങ്കിളിന്റെ അനുജന്‍ സുലൈമാനാണ് മറ്റൊരു ഗായകസുഹൃത്ത്. പഴയ പാട്ടുകളെല്ലാം അസ്സലായി പാടും. സായാഹ്നസദസ്സുകളില്‍ ഗായകന്‍ സുലൈമാന്‍ കേറി വിലസും. സുലൈമാന്റെ വീട്ടിലെ അത്താഴവിരുന്നുകളില്‍ നൂര്‍ജഹാന്റെ കൈപ്പുണ്യത്തിലുള്ള മുസ്ലിം വിഭവങ്ങളുടെ കൂടെ ആ ഗാനങ്ങളും സുലൈമാന്‍ വിളമ്പും. പാവം ഈയിടെ മരിച്ചുപോയി, നൂര്‍ജഹാന്‍. 

അയ്യപ്പാ കോളേജില്‍ പ്രൊഫസറായിരുന്ന രമ എന്റെ നല്ല ഒരു സുഹൃത്താണ്. രമയുടെ മകള്‍ ധന്യയും മഞ്ജുവിന്റെ ചങ്ങാതിയായിരുന്നു. ധന്യയുടെ കൂടെയുള്ള മഞ്ജുവിന്റെ ഡാന്‍സ് ക്ലാസുകളിലൂടെയും ഡാന്‍സ് പ്രോഗ്രാമുകളിലൂടെയും ആ അടുപ്പത്തിന് ഇഴയടുപ്പം കൂടി. ഇപ്പോഴും തുടരുന്നു, അത്. തമാശകള്‍ പറഞ്ഞ് സ്വയം ഇളകിച്ചിരിക്കുന്ന ശ്രീകുമാര്‍ മാധേട്ടന്റെ സുഹൃത്തായിരുന്നു. ശ്രീകുമാറിന്റെ ഭാര്യ ഉഷയും അങ്ങനെ എന്റെ സുഹൃത്തായി. തനി തിരന്തോരം ഭാഷ സംസാരിക്കുന്ന തക്കലൈ സ്വദേശികള്‍. പാവം, രണ്ടുപേരും അകാലത്തില്‍ എല്ലാവരെയുംവിട്ടുപോയി. 

കൃഷ്ണന്‍ നായര്‍ & സണ്‍സിന്റെ വാച്ചുകട നടത്തിയിരുന്ന മോഹനും ശോഭയും വളരെ അടുപ്പമുള്ള കുടുംബ സുഹൃത്തുക്കള്‍ തന്നെയായിരുന്നു. അവരുടെ മക്കള്‍ ബിന്ദുവും ചിക്കുവും നാഗരത്‌നം ടീച്ചറുടെയടുത്ത് ഭരതനാട്യം പഠിച്ചുതുടങ്ങിയപ്പോഴാണ് ആദ്യം മധുവിനെയും പിന്നെ മധുവിനെ മാറ്റിനിര്‍ത്തി മഞ്ജുവിനെയും ഭരതനാട്യം പഠിപ്പിക്കാന്‍ തുടങ്ങിയത്. അതിനുശേഷം സെലിന്‍ കുമാരി ടീച്ചറെ പരിചയപ്പെടുകയായിരുന്നു. അങ്ങനെ, സെലിന്‍ കുമാരി ടീച്ചറുടെ കീഴില്‍ ഒരു ഏപ്രില്‍ ഇരുപത്തിയേഴാം തീയതി, മണലിക്കര ശ്രീകൃഷ്ണക്ഷേത്രത്തിലെ വേദിയില്‍ ഒരു കൊച്ചു മഞ്ജുവാരിയര്‍ അങ്ങേറ്റംകുറിച്ചുവെന്നുവേണം പറയാന്‍. 

ഇന്ദിരേച്ചിയുടെ ആശുപത്രിയുടെ നേരേമുന്നില്‍ താമസിച്ചിരുന്ന പ്രഭച്ചേച്ചിയും ബാലകൃഷ്ണന്‍ ചേട്ടനും ഞങ്ങളുടെ നാട്ടുകാരുംകൂടിയായിരുന്നു. പിന്നെ, ആശുപത്രിയില്‍ ചെല്ലുന്നവര്‍ക്കൊക്കെ ഒരു ഇടത്താവളംപോലെയായിരുന്നു അവരുടെ വീട്. മധുവിനെ വയറ്റിലുണ്ടായിരുന്നപ്പോള്‍ കഴിക്കാന്‍ ആഗ്രഹം തോന്നിയിരുന്ന ഉണ്ണിയപ്പവും ഇലയടയുമൊക്കെ ഞാന്‍ പ്രതീക്ഷിച്ച അതേ നാടന്‍ രുചിയില്‍ ഉണ്ടാക്കിത്തന്നിരുന്നു, പ്രഭച്ചേച്ചി. ഇപ്പോള്‍ പക്ഷേ, ശാന്തച്ചേച്ചിയും രമയും രമാ ജോര്‍ജും സെലിന്‍ കുമാരി ടീച്ചറും സരളയുമൊഴികെ എല്ലാവരും അവരവരുടെ നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നു. 

നിലാവെട്ടം, മുന്‍ഭാഗങ്ങള്‍ വായിക്കാം

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier Shared memories about Nagarcoil life