മാട്ട്യേട്ത്തി...അങ്ങനെയാണ്,ഞങ്ങള്‍ അവരെ വിളിക്കാറ്. എന്റെ അമ്മയുടെ പ്രായമുണ്ടായിരുന്നു അവര്‍ക്ക്. അമ്മ അവരെ മാട്ട്യേട്ത്തീ എന്നാണു വിളിക്കാറ്. അതുകൊണ്ടാവും  എനിക്കും ബാക്കി എല്ലാവര്‍ക്കും അവര്‍ മാട്ട്യേട്ത്തി തന്നെ ആയത്. തറവാട്ടില്‍ മരിച്ച പുലയോ അതുപോലെ എന്തെങ്കിലും അശുദ്ധങ്ങള്‍ വരുമ്പോഴാണു മാട്ട്യേട്ത്തിയെ അന്വേഷിച്ച് കുഞ്ഞീഷ്ണന്‍ നായരെ വിടുക.

വല്യമ്പലത്തിന്റെ വടക്കേ ചെരുവില്‍ ഭഗവതിച്ചിറയുടെ വക്കത്താണു മാട്ട്യേട്ത്തിയുടെ വാരിയം. അമ്മയുടെ ദൂതുമായി കുഞ്ഞീഷ്ണന്‍ നായര്‍ ചെല്ലേണ്ട താമസം മക്കള്‍ രുഗ്മിണിയെയും കമലത്തിനെയും രാമചന്ദ്രനെയുമൊക്കെ അനുജത്തി അമ്മൂട്ട്യേടത്തിയെ ഏല്‍പിച്ച് മാട്ട്യേട്ത്തി കുഞ്ഞീഷ്ണന്‍ നായരുടെ കൂടെതന്നെ  ഞങ്ങളുടെ വീട്ടില്‍ എത്തീട്ടുണ്ടാവും. ഒരു തുണി സഞ്ചിയില്‍ അത്യാവശ്യം വേണ്ട വസ്ത്രങ്ങളുമായി.

ഇടവഴിയില്‍ നിന്ന് ഞങ്ങളുടെ മുറ്റത്തേക്കുള്ള കല്‍പ്പടവുകളിറങ്ങി വരുന്ന വെളുത്തു തുടുത്ത മാട്ട്യേട്ത്തിയെ കാണുമ്പോള്‍ത്തന്നെ ഞങ്ങള്‍, കുട്ടികള്‍ക്ക് സന്തോഷമാണ്. ഇനി കുറച്ചുദിവസം പുല കഴിയുന്നതുവരെയെങ്കിലും മൂപ്പത്തി ഇവിടെ ഉണ്ടാവുമല്ലോ. ആരാണു,മരിച്ചതെന്നോ എങ്ങനെയാണു മരിച്ചതെന്നോ ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. നാലുകെട്ടിന്റെ വിശാലമായ മുറ്റത്ത് നിറച്ചു കുട്ടികളും അവരുടേതായ ബഹളങ്ങളും ഒക്കെ ഉണ്ടാവും. ഇടയ്ക്ക് അകത്തുനിന്ന് ആരെങ്കിലും വന്ന് ശാസിക്കുന്നതുവരെ അത് തുടരും.
ഞങ്ങളെ കണ്ടാല്‍ മാട്ട്യേട്ത്തിക്കും സന്തോഷമാണു. കാരണം, രാത്രിയായാല്‍ മാട്ട്യേട്ത്തിയുടെ കൂട്ട് ഞങ്ങളൊക്കെയാണ് എന്നതു തന്നെ.

നാലുപുരയില്‍ എത്തിയാല്‍ ഉടനെ മാട്ട്യേട്ത്തിക്ക് മലര്‍ക്കുളത്തില്‍ ഒരു കുളിയുണ്ട്. അതുകഴിഞ്ഞ് ഈറന്‍ മാറ്റി വന്ന് അടുക്കളയിലേക്ക് വലതുകാല്‍ വെച്ച് കയറിയാല്‍ പിന്നെ ഇരുട്ടും വരെ മാട്ട്യേട്ത്തി അടുക്കളയില്‍ തന്നെ. പുല ആയതുകൊണ്ട് പത്തായപ്പുരയിലെയും പടിപ്പുരയിലേയും അടുക്കളകളൊക്കെ നിശ്ചലമായിരിക്കും. മൂന്നു വീടുകളിലേയും അന്തേവാസികള്‍ ഒന്നിച്ചാവുമ്പോള്‍ ഒരു ചെറിയ സദ്യയ്ക്കുള്ള ആള്‍ക്കാര്‍ ഉണ്ടാവും. മരണം അന്വേഷിച്ചുവന്ന ബന്ധുക്കളും ഉണ്ടാവും മിക്കവാറും ദിവസങ്ങളില്‍. അവരില്‍ പലരും രാവിലെ വന്നാല്‍  വൈകുന്നേരത്തെ ചായകുടിയും കഴിഞ്ഞേ പോകാറുള്ളൂ. ഓരോരുത്തരുടെയും കഴിവനുസരിച്ച്,'കണ്ണോക്കും' കൊണ്ടുവന്നിട്ടുണ്ടാവുംഎല്ലാവരും. 

പുല സമയത്ത് കുഞ്ഞൂട്ടമാനും എത്തിച്ചേരാന്‍  പറ്റുന്ന മറ്റ് എല്ലാ അമ്മാമന്മാരും  എത്തീട്ടുണ്ടാവും. അടുക്കളയില്‍ മാട്ട്യേട്ത്തിയെ സഹായിക്കാന്‍ വേണ്ടി അമ്മായിമാര്‍ക്കൊന്നും എത്താന്‍ പറ്റാറില്ല. എത്തണമെങ്കില്‍  ദൂരം കൊണ്ട് അല്‍പമെങ്കിലും അടുപ്പം മലേശമംഗലത്തെ കുഞ്ഞൂട്ടമാന്റെ  അമ്മായിക്കാണ്. പക്ഷേ, അവിടത്തെ കൃഷിയിടങ്ങളിലെ പണിക്കാരും,തൊഴുത്തുനിറഞ്ഞുനി ല്‍ക്കുന്ന കന്നുകാലികളുടെ പ്രാരബ്ധങ്ങളും, കൂട്ടില്‍ക്കിടക്കുന്ന ആടുകളും ഒക്കെ അമ്മായിക്ക് കാലില്‍ കിടക്കുന്ന ചങ്ങലകളാവും. പ്രത്യേകിച്ച് കുഞ്ഞൂട്ടമാന്‍ പുല ആചരിച്ച് തറവാട്ടില്‍ വന്ന് താമസിക്കുമ്പോള്‍.

എന്തായാലും ആ വക കാര്യങ്ങളൊന്നും മാട്ട്യേട്ത്തിക്ക് ഒരു പ്രശ്‌നമേ ആവാറില്ല. മാട്ട്യേട്ത്തിക്ക് ചെവി തീരെ കേള്‍ക്കില്ല. വെടി പൊട്ടിയാലും 'എന്താ പുക പോണത്'എന്ന് ചോദിക്കത്തക്കവിധം നിശ്ശബ്ദമായ കാതുകള്‍. പക്ഷേ, മൂപ്പത്തിയുടെ വിചാരം ബാക്കി ആര്‍ക്കും ചെവി കേള്‍ക്കില്ല എന്നാണ്. വളരെ മെല്ലെ ആംഗ്യം കാണിച്ചാണു എല്ലാവരോടും സംസാരിക്കുക. എന്തായാലും വിവരങ്ങളെല്ലാം വിസ്തരിച്ച് മനസ്സിലാക്കിയ ശേഷമേ എന്തു കാര്യവും ചെയ്യൂ.

പുലയുള്ള കൊച്ചുകുട്ടികള്‍ക്ക് ഇലക്കോണകം തയ്യാറാക്കുന്നതു മുതലുള്ള കാര്യങ്ങള്‍ മാട്ട്യേട്ത്തിയുടെ തലയിലാണ്, ആ ദിവസങ്ങളില്‍. ഇലക്കോണകം മാത്രം ഉടുത്തുനടക്കുന്ന പുലയുള്ള കൊച്ചുകുട്ടികള്‍ക്ക് എല്ലാവരെയും അങ്ങോട്ടും ഇങ്ങോട്ടും തൊടാം. അതുകൊണ്ട് മാട്ട്യേട്ത്തിയുടെ ഇലക്കോണകത്തിനും നല്ല ഡിമാന്റ്ആയിരുന്നു. അടുക്കളയില്‍ മാട്ട്യേട്ത്തിയെ സഹായിക്കാന്‍ തങ്കം തന്റെ അനുജത്തിയെയും കൊണ്ടുവരും ആ ദിവസങ്ങളില്‍. തങ്കത്തിന്റെ അനുജത്തി മാതു ഒരു മിണ്ടാപ്രാണിയായിരുന്നു. പാവം, സുന്ദരിയായ മാതുവിന് സംസാരശേഷി തീരെ ഇല്ലായിരുന്നു. അതുകൊണ്ടാവണം മാട്ട്യേട്ത്തിക്കും മാതുവിനും അങ്ങോട്ടും ഇങ്ങോട്ടും ഒരു പ്രത്യേക സ്‌നേഹമായിരുന്നു. രണ്ടുപേരും പരസ്പരം ആശയവിനിമയം  ചെയ്യുന്നതുകാണാന്‍ ഞങ്ങള്‍ക്കൊക്കെ ഒരു രസമായിരുന്നു.
മാതു, തങ്കത്തിനേക്കാള്‍ സുന്ദരിയായിരുന്നു. നീണ്ട തലമുടി നെറ്റിയുടെ വശത്തുകൂടെ വകഞ്ഞിടും. തങ്കത്തിനെപ്പോലെത്തന്നെ മുണ്ടും, നീളമുള്ള പുള്ളി ജാക്കറ്റുകളുമാണ്,മാതു  എപ്പോഴും ധരിക്കുക. കാതില്‍ ചുവന്നകല്ലുള്ള നക്ഷത്രക്കമ്മല്‍. ഏറ്റവും ഭംഗി മാതുവിന്റെ മൂക്കുത്തിക്കാണ്. ഒരു സ്വര്‍ണ്ണപ്പൊട്ടുപോലെ അത് അങ്ങനെ കിടന്ന് മിന്നും.

മാട്ട്യേട്ത്തിക്ക്, മാതുവിനേക്കാള്‍ കുറച്ചുകൂടി  പ്രായമുണ്ടെങ്കിലും, സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാ. വെളുത്തു തടിച്ച മാട്ട്യേട്ത്തിയും മുണ്ടും ജാക്ക്റ്റും തന്നെയാണു എപ്പോഴും ധരിക്കുക . മാട്ട്യേട്ത്തിയുടെ കഴുത്തില്‍ കെട്ടിയ കറുത്തചരടിലെ 'മാത്ര'യും സൂര്യനെ ഓര്‍മ്മിപ്പിക്കുന്ന കമ്മലും.., അത് മാട്ട്യേട്ത്തിയെ  കൂടുതല്‍ പ്രൗഢയാക്കിയിരുന്നു.

എന്തായാലും കുഞ്ഞീഷ്ണന്‍ നായര്‍ പാളയില്‍ നുറുക്കിക്കൊടുക്കുന്ന പലതരം പച്ചക്കറിക്കഷ്ണങ്ങള്‍ക്കനുസരിച്ച്, മാട്ട്യേട്ത്തിയുടെ കൈപ്പുണ്ണ്യങ്ങള്‍ ഞങ്ങളുടെ മുന്നില്‍ പ്രാതലും , ഉച്ചഭക്ഷണവും, അത്താഴവും മുത്താഴവും ഒക്കെയായി നാക്കിലകളില്‍ പ്രത്യക്ഷപ്പെടും. പുലയുള്ള സമയത്ത്, ഉഴുന്നുപോലെയുള്ള പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ 

പാടില്ലാത്തതുകൊണ്ട്,'കണ്ണോക്ക് ' കൊണ്ടുവരുന്ന സാധനങ്ങള്‍ വെച്ചാണു, മാട്ട്യേട്ത്തി വിഭവങ്ങള്‍ തയ്യാറാക്കുക. പലതരം ഉപ്പുമാവുകള്‍, പിടി, കൊഴുക്കട്ട  തുടങ്ങിയവയൊക്കെത്തന്നെയായിരിക്കും, സ്ഥിരം. മലേശമംഗലത്തുനിന്ന്, കുഞ്ഞൂട്ടമാന്റെ അമ്മായി  സമൃദ്ധമായി കൊടുത്തയക്കുന്ന പച്ചക്കറികള്‍ പലരൂപത്തിലും ഭാവത്തിലുമാക്കി  മാട്ട്യേട്ത്തി വിളമ്പും.

വൈക്കോല്‍, നീളത്തില്‍ കെട്ടി, അതിനു നടുവിലാണു പച്ചക്കറികള്‍ കെട്ടിവെച്ച്  അമ്മായി കൊടുത്തു വിടുക. വൈക്കോല്‍ കെട്ടഴിക്കുമ്പോള്‍ ഞങ്ങള്‍ കുട്ടികളൊക്കെ ചുറ്റും കൂടും.മിക്കവാറും, അതിനുള്ളില്‍ കക്കിരിക്ക, പിഞ്ചു കോവയ്ക്ക, പോലെയുള്ള സാധനങ്ങള്‍ കാണും. പിന്നെ,അതിനുവേണ്ടി ഒരു അടിയും പിടിയും ഒക്കെ ഉണ്ടാവും. അടികൂടാന്‍ സാമര്‍ത്ഥ്യം കുറവായതുകൊണ്ട്,മിക്കവാറും ഞാന്‍ മാറി നിന്നു കാണുകയേ ഉള്ളൂ. എല്ലാം കഴിയുമ്പോള്‍ എനിക്കറിയാം ആരെങ്കിലും എനിക്ക് ഒരു പങ്ക് കരുതിവെയ്ക്കുമെന്ന്. മിക്കവാറും അത് കുഞ്ചേച്ചി തന്നെ ആയിരിക്കും. അതും അല്ലെങ്കില്‍ തങ്കം അല്ലെങ്കില്‍ മാട്ട്യേട്ത്തി. മുണ്ടിന്റെ മടിത്തലപ്പില്‍ നിന്ന് അത് പുറത്തെടുത്ത് എനിക്കു നേരെ നീട്ടുമ്പോള്‍ മാട്ട്യേട്ത്തിക്ക് ഒരു ചിരിയുണ്ട്, ശബ്ദമില്ലാതെ കണ്ണിറുക്കിയുള്ള ഒരു ചിരി. മാതുവും പണിത്തിരക്കിനിടയില്‍ മാറിനിന്ന് ചിരിക്കുന്നുണ്ടാവും.സന്ധ്യ മയങ്ങിക്കഴിയുമ്പോഴാണ് മാട്ട്യേട്ത്തിയുടെ കൈകള്‍ക്ക് അല്‍പം വിശ്രമം കിട്ടുക. അതുവരെ ഒരു വലിയ കുടുംബത്തിന്റെ രുചിഭേദങ്ങള്‍ക്കനുസരിച്ച് പൊരിഞ്ഞ പണി തന്നെ. വടക്കിനിയില്‍ ഇരുന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കാന്‍ അമ്മയുണ്ടെകിലും കൈ സഹായത്തിനു തങ്കവും മാതുവും കുഞ്ഞീഷ്ണന്‍  നായരും ഒക്കെ ഉണ്ടെങ്കിലും മാട്ട്യേട്ത്തിയുടെ പണികള്‍ തീരാന്‍ സന്ധ്യയാവും. പിന്നെ മലര്‍ക്കുളത്തില്‍ പോയി വിസ്തരിച്ചൊരു കുളി. മാട്ട്യേട്ത്തിക്ക് കൂട്ടിന് അമ്മയും കൂടെ ചെല്ലും. തിരിച്ചെത്തുമ്പോഴേക്ക് ഞങ്ങള്‍ കുട്ടിപ്പട്ടാളം മാട്ട്യേട്ത്തിയുടെ ചുറ്റും കൂടും. മാട്ട്യേട്ത്തിയുടെ കഥകള്‍ കേള്‍ക്കാന്‍. മാട്ട്യേട്ത്തിക്ക് ഒരുപാട് കഥകള്‍ അറിയാം. കുതിരപ്പുറത്തുവന്ന് രാജകുമാരിയെ തട്ടിക്കൊണ്ടുപോകുന്ന മായാവിയുടെ കഥ, കഥകഥപ്പൈങ്കിളിയുടെയും കണ്ണുനീര്‍പ്പൈങ്കിളിയുടെയും കഥ, മുറ്റത്ത് പുല്ലുപറിക്കുന്ന ശ്രീപാര്‍വ്വതിയെ സഹായിക്കാന്‍ ചെന്ന സുന്ദരിയുടെ കഥ. അങ്ങനെ മാട്ട്യേട്ത്തിയുടെ കഥാശേഖരം, മാട്ട്യേട്ത്തിയുടെ സ്വതസിദ്ധമായ ശൈലിയില്‍ അടക്കിയ ശബ്ദത്തില്‍ ഞങ്ങളൊക്കെ കാതുകൂര്‍പ്പിച്ച് കേട്ടുകൊണ്ടിരിക്കും. അത്താഴം വിളമ്പാറാവുന്നതുവരെ ഞങ്ങള്‍ക്കൊന്നും ചെവികേള്‍ക്കാത്ത പോലെ ശബ്ദം കുറച്ച് ആംഗ്യവിക്ഷേപങ്ങളോടെയാണു മാട്ട്യേട്ത്തി കഥ പറയുക.

പുല സമയത്ത് കിടക്കയില്‍ കിടക്കാന്‍ പാടില്ലാത്രെ. അതുകൊണ്ട് എല്ലാവരും ഒരുമിച്ച് തെക്കിനിയില്‍ പായവിരിച്ചാണു കിടക്കുക. മാട്ട്യേട്ത്തിയും തെക്കിനിയുടെ ഒരു അറ്റത്ത് കിടക്കുന്നുണ്ടാവുമെങ്കിലും ഇരുട്ടത്ത് ശബ്ദമടക്കി ആംഗ്യം കാണിച്ചുപറയുന്ന കഥ ആര്‍ക്കും കേള്‍ക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട്,അത്താഴത്തിനു മുന്‍പുതന്നെ കഥകളൊക്കെ പറഞ്ഞുതീര്‍പ്പിക്കും ഞങ്ങള്‍. ഒടുവില്‍, പുലവീടലുംഅടിയന്തിരവും ഒക്കെ കഴിയുന്നതിന്റെ അന്ന് മാട്ട്യേട്ത്തി തിരിച്ചു യാത്രയാവും. കുഞ്ഞീഷ്ണന്‍ നായര്‍ അവരെ അവരുടെ വാരിയത്തു കൊണ്ടുചെന്നാക്കും. 

പോകുമ്പോള്‍ ഞങ്ങളുടെയൊക്കെ തലയില്‍ തടവി യാത്രപറഞ്ഞിട്ടാണു മാട്ട്യേട്ത്തി ഇറങ്ങുക. അമ്മ അവര്‍ക്ക് പ്രതിഫലമായി എന്തൊക്കെയാണു കൊടുത്തുവിടുന്നത് എന്നറിയില്ല.കുഞ്ഞീഷ്ണന്‍ നായരുടെ തലയില്‍ വലിയൊരു ചാക്കുകെട്ടുണ്ടാവും മാട്ട്യേട്ത്തിയെ അനുഗമിക്കുമ്പോള്‍.മാട്ട്യേട്ത്തിയും വളരെ സന്തോഷത്തോടെത്തന്നെയാണ് തിരിച്ചു പോവാറ്. ഞങ്ങളുടെ എന്താവശ്യത്തിനും എപ്പോഴായാലും ഓടിയെത്തുകയും ചെയ്യും, മാട്ട്യേട്ത്തി. സാധാരണ ദിവസങ്ങളില്‍ മാട്ട്യേട്ത്തി അമ്പലത്തിലെ  കഴകവും അടിച്ചുതളിയും സ്വന്തം വാരിയവും കുട്ടികളും ഒക്കെയായി കഴിഞ്ഞുകൂടും. അമ്പലത്തില്‍ തൊഴാന്‍ ചെല്ലുമ്പോള്‍ അവിടെ മാട്ട്യേട്ത്തിയുണ്ടെങ്കില്‍ എങ്ങനെയെങ്കിലും ഗണപതിക്കു നിവേദിച്ച ഒറ്റയപ്പമോ, ഹനുമാനു നിവേദിച്ച വടമാലയിലെ വടയോ ഒക്കെ കടലാസില്‍പൊതിഞ്ഞു കയ്യില്‍ വെച്ചുതരും.

ഇപ്പോള്‍  കുട്ടികള്‍ എല്ലാവരും വീട്ടില്‍ ഉള്ളതുകൊണ്ട്, എനിക്ക് പണി കൂടുന്നില്ലേ എന്ന് മകള്‍ക്ക് ഒരു സംശയം. അപ്പോഴാണു 'അമ്മയ്‌ക്കൊരു സഹായി'യെ  അന്വേഷിച്ചാലോ എന്നുള്ള ആശയം ഉദിച്ചത്. പക്ഷേ,എനിക്ക് ഒരേയൊരു അഭിപ്രായമേ ഉണ്ടായിരുന്നുള്ളൂ. 'മാട്ട്യേട്ത്തിയെ  കിട്ടിയാല്‍ നോക്കാം..' എന്ന്. കാരണം എനിക്ക് അത്രയും ഉറപ്പാണ്. സ്‌നേഹനിധിയായ മാട്ട്യേട്ത്തി എന്നോ ഈ ലോകം വിട്ടു പോയിരിക്കുന്നു. മാട്ട്യേട്ത്തിക്ക് പകരമെങ്കിലും കിടപിടിച്ചു നില്‍ക്കാന്‍ തക്കവണ്ണം ഒരാള്‍ ഈ ഭൂമിയില്‍ ഇനി ഉണ്ടാകുമോ എന്നും അറിയില്ല. മാട്ട്യേട്ത്തിയില്‍നിന്നുള്ള  വാത്സല്യപൂര്‍വ്വമുള്ള അനുഭവങ്ങള്‍ അങ്ങനെത്തന്നെ ഇരിക്കട്ടെ. അവിടെ വേറെ ആരെയും സങ്കല്‍പിക്കാന്‍ എനിക്ക് കഴിയില്ല. മാട്ട്യേട്ത്തി ,എന്നും മാട്ട്യേട്ത്തി തന്നെ..!!!

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

നിലാവെട്ടം, മുന്‍ഭാഗങ്ങള്‍ വായിക്കാം

Content Highlights: Girija Warrier Shared memories about Mattiyedathi