മാമ്പഴം മാത്രമല്ല... ചക്കയും സപ്പോട്ടയും കൈതച്ചക്കയും ഒക്കെ ധാരാളം പഴുത്തുകിട്ടുന്ന കാലം...വീടിനു ചുറ്റും മരങ്ങളാണ്... മുന്‍വശത്തെ മുറ്റത്ത് പടര്‍ന്നുപന്തലിച്ച മൂവാണ്ടന്‍ മാവ്. രണ്ടു മാവിന്‍തൈകള്‍ പരസ്പരം കൈ കൊടുത്തു നില്‍ക്കുന്നതുപോലെ, ഇംഗ്ലീഷില്‍ 'ഒ' എന്ന് എഴുതിയതുപോലെയാണ് അതിന്റെ നില്‍പ്പ്... അതില്‍നിന്ന് വര്‍ഷം മുഴുവനും മാങ്ങ കിട്ടുമെന്നുതന്നെ പറയാം. എല്ലാ പ്രായത്തിലുമുള്ള മാങ്ങകള്‍ അതില്‍ എന്നും ഉണ്ടാവും. മുറ്റത്താണെങ്കില്‍ പന്തലിട്ടതുപോലെ എന്നും തണുപ്പും... ഇങ്ങനെയൊക്കെ ആണെങ്കിലും മാവിന്, ഒരു ദാക്ഷിണ്യവും ഇല്ല്യാട്ടോ... ഒരു കാറ്റടിച്ചാല്‍മതി, മൂത്തു പഴുത്ത മൂവാണ്ടന്‍ മാങ്ങകള്‍, കാര്‍ പോര്‍ച്ചിന്റെ ഷീറ്റിനു മുകളില്‍ 'പട,പടേന്നു' വീണു തുടങ്ങും. വിഷുവിനു പൊട്ടിക്കുന്ന പടക്കങ്ങളെക്കാള്‍ അമരത്തോടെ...

ഷീറ്റിനുമുകളില്‍നിന്ന് തെറിച്ച് അവ അമ്പലമുറ്റത്ത് വീഴുമ്പോള്‍ പെറുക്കാന്‍ ആള്‍ക്കാര്‍ വേറെ വരും. അതും നല്ലൊരു കാര്യം തന്നെ.. 

മുറ്റത്തെ ഈ മാവിന് ഒരു ശോകകഥയുണ്ട് പറയാന്‍,ട്ടോ. ഞങ്ങളുടെ പ്രിയപ്പെട്ട പഴയ കാര്യസ്ഥന്‍, ജോസ്മണി, അതിന്റെ മുകളില്‍നിന്ന് വീണ കഥ. ഇവിടെ, മോള്‍ക്ക് ചെനച്ച മൂവാണ്ടന്‍ മാങ്ങ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍, മാവില്‍ വലിഞ്ഞു കേറിയതാണ്; പൊട്ടിക്കാന്‍. പല മരങ്ങളിലും പലപ്പോഴും കേറുന്നയാള്‍ക്ക് അന്ന് എന്തുപറ്റി എന്നറിഞ്ഞുകൂടാ... അത്യാവശ്യം കുറേ മാങ്ങകള്‍ പൊട്ടിച്ച് കൊട്ടയില്‍ താഴെയിറക്കി, താഴെ ഇറങ്ങുന്നതിനിടയില്‍ കാല്‍ തെന്നിയതാവാം. ജോസ്മണി മാവില്‍നിന്ന് താഴെ വീണു. ഞങ്ങളെയെല്ലാം സങ്കടത്തില്‍ ആഴ്ത്തിക്കൊണ്ട്, രണ്ടുദിവസത്തിനുശേഷം, ഈ ലോകത്തുനിന്ന് യാത്രയായി. അതിനുശേഷം, ആ മാവ് കാണുന്നതുതന്നെ ഞങ്ങള്‍ക്കൊക്കെ ഒരു നൊമ്പരമായിരുന്നു.

അതിനോടടുത്ത് പടിഞ്ഞാറുഭാഗത്ത് നല്ലൊരു പ്ലാവായിരുന്നു. കൊച്ചുകൊച്ചു താമരച്ചക്കകളായിരുന്നു, അതില്‍. തൊഴുത്തിനു മുന്നില്‍ തണല്‍ പാകി സ്വാദിഷ്ഠമായ ചക്കകള്‍ തന്നിരുന്ന ആ പ്ലാവ്, പക്ഷേ... മുറ്റത്ത് പുല്ലു വെച്ചുപിടിപ്പിക്കാന്‍ വേണ്ടി വെട്ടിക്കളഞ്ഞു. തൊഴുത്തിനു പിന്നിലുണ്ടായിരുന്ന ചന്ദ്രക്കാരന്‍ മാവും, തൊഴുത്ത് അപ്രത്യക്ഷമായതോടെ ഇല്ലാതായി. എന്നാലും തൊട്ടടുത്തുതന്നെ മാമ്പഴപ്പുളിശ്ശേരി വെക്കാവുന്ന നാട്ടുമാങ്ങകളുമായി പുളിമാവ്. അതിന്റപ്പുറത്ത്, നാലോ അഞ്ചോ മൂവാണ്ടന്‍ മാവുകള്‍.
ഇതിനെല്ലാം പുറമേ, നാലുഭാഗവും മണമൂറുന്ന, മധുരം കിനിയുന്ന, നാടന്‍ചക്കകളുമായി, പലതരം പ്ലാവുകള്‍... ഇവിടെ പഴച്ചക്കയ്ക്ക് മാത്രം ആരാധകര്‍ കുറവാണ്. എന്നാലും അമ്പാടിയെയും സരസ്വതിയേച്ചിയെയും ശാന്തമ്മയെയും പോലെയുള്ളവരൊക്കെ പഴച്ചക്ക തേടിയെത്താറുണ്ട്. ആ പഴച്ചക്കകള്‍ക്ക് തേനിന്റെ മധുരമാണെന്നാണ് അവരെല്ലാവരും പറയാറ്..

എന്തായാലും, എനിക്ക് അതത്ര ഇഷ്ടമല്ല. നന്നേ പഴുത്ത ചുളകള്‍ ഒരു നൂല്‍ക്കെട്ട് പോലെ തൊണ്ടയിലൂടെ ഇഴുകി ഇറങ്ങുമ്പോള്‍ എന്തൊക്കെയൊ അസ്വസ്ഥത തോന്നും.

നാലുഭാഗവും നില്‍ക്കുന്ന, നിറയെ കായ്ഫലം തരുന്ന മാവുകള്‍ക്കും പ്ലാവുകള്‍ക്കും നടുക്ക് വടക്കേമുറ്റത്തുതന്നെയാണ് സപ്പോട്ടമരവും. മൂത്തുപഴുക്കാറായി നില്‍ക്കുന്ന സപ്പോട്ടകള്‍ മരത്തില്‍, ഇലകള്‍ക്കിടയില്‍ നില്‍ക്കുന്നത് കാണാന്‍ നല്ല ചന്തമാണ്. നല്ല ഭംഗിയുള്ള, ചെവിയില്‍ പറ്റിക്കിടക്കുന്ന, നടുക്ക് മുത്തുവെച്ച ഒരു കമ്മല്‍ പോലെ.....

സ്‌കൂളില്‍ പഠിക്കുമ്പോള്‍, സ്‌കൂളിന്റെ അടുത്തുള്ള കൂട്ടുകാരി പത്മജയുടെ വീട്ടിലാണ്, ആദ്യമായി ഒരു സപ്പോട്ടമരം കാണുന്നത്. നല്ലപോലെ വിരിഞ്ഞ ഒരു പൂ പോലെ, ചന്തത്തില്‍ അടുക്കിയ ഇലകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന സപ്പോട്ട കണ്ട് മോഹിച്ച്, അതിന്റെ കുരു കൊണ്ടുവന്ന് നട്ടതും, വര്‍ഷങ്ങളോളം അത് മുളയ്ക്കും എന്നു വിശ്വസിച്ച്, ദിവസവും പോയി അതിന് വെള്ളമൊഴിച്ചിരുന്നതും ബാല്യകാലവിഡ്ഢിത്തസ്മരണകളില്‍ ഒന്നുമാത്രം. അതിനുശേഷം സപ്പോട്ടമരം കാണുമ്പോഴൊക്കെ എനിക്ക് പത്മജയെ ഓര്‍മ വരും.

ഈയിടെ പത്മജയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, വര്‍ഷങ്ങളോളം നനച്ചു ശുശ്രൂഷിച്ച ആ സപ്പോട്ടക്കുരുവിന്റെ ഉള്ളില്‍, എന്നോടു തോന്നിയിരിക്കാമായിരുന്ന പുച്ഛത്തെക്കുറിച്ചായിരുന്നു ഞങ്ങളുടെ ചര്‍ച്ച.

പക്ഷേ, ഈയിടെയായി ഈ പറമ്പില്‍ ഉണ്ടാകുന്ന പഴവര്‍ഗങ്ങള്‍ക്കൊന്നും പഴയ വലുപ്പമോ ഗുണമോ ഇല്ല എന്നാണ് ഇവിടത്തെ കാര്യസ്ഥന്‍ പറയുന്നത്. കാരണം വേറൊന്നുമല്ല... ഈ നാട്ടില്‍ 'കരിങ്കണ്ണു'ള്ള കുറച്ചുപേര്‍ ഉണ്ടത്രെ. അവരുടെ ദൃഷ്ടി ഏറ്റാല്‍ അങ്ങനെ വരും എന്നാണ് പറയുന്നത്. പക്ഷേ, ഒരു കാര്യം ശരിയാണ്. ഇപ്പോള്‍ ഈ പറമ്പില്‍ ഉണ്ടാകുന്ന ചക്കയ്‌ക്കോ മാങ്ങയ്‌ക്കോ സപ്പോട്ടയ്‌ക്കോ എന്തിന്, ചെറുപഴത്തിനും നേന്ത്രപ്പഴത്തിനുംവരെ പഴയ മുഴുപ്പ് കാണാറില്ല.

പക്ഷേ, ഇത്രയൊക്കെ ആയിട്ടും എനിക്ക് ഏറ്റവും ഇഷ്ടമുള്ള കശുമാങ്ങയുടെ ഒരു മരംപോലും ഈ പറമ്പില്‍ വളരാത്തത് ഒരു അതിശയമായി തുടരുന്നു. എല്ലാവര്‍ഷവും ഓരോ കശുമാവിന്‍ തൈ കൊണ്ടുവെച്ചാലും പിടിച്ചുകിട്ടാറില്ല. കശുമാങ്ങ പഴുത്തുതുടങ്ങുമ്പോള്‍, എന്റെ കശുമാങ്ങക്കൊതി അറിയാവുന്ന ആരെങ്കിലുമൊക്കെ അത് എത്തിച്ചുതരുകയാണ് പതിവ്.കുട്ടിക്കാലത്ത്, തറവാട്ടിലായിരുന്നപ്പോള്‍, നാലുപുരയില്‍ ധാരാളം ഗോമാങ്ങയും പത്തായപ്പുരയില്‍ പ്രത്യേകസ്വാദുള്ള വലിയ മാമ്പഴവും ഒരുപാടുണ്ടായിരുന്നു.

ഞങ്ങളുടെ മലര്‍ക്കുളത്തിന്റെ നാലുഭാഗവും വീടുകളാണ്. പടിഞ്ഞാറുഭാഗത്ത് ഞങ്ങളുടെ നാലുപുരയും പടിപ്പുരയും പത്തായപ്പുരയും. വടക്കുഭാഗത്ത് മേലേ വാരിയം, കിഴക്കുഭാഗത്ത് പള്ളിക്കരക്കാരുടെ വീടുകള്‍. തെക്കുഭാഗത്ത് അമ്പലപ്പാട്ടെ പുഷ്പകം. അമ്പലപ്പാട്ടെ മാവില്‍നിന്ന് പഴുത്തമാങ്ങകള്‍ കുളത്തിലേക്കാണ് വീഴുക. ഞങ്ങള്‍, കുട്ടികള്‍ അതെല്ലാം പെറുക്കി അമ്പലപ്പാട്ടെ കടവില്‍, ബ്രാഹ്മണിയമ്മയ്ക്ക് കൊണ്ടുക്കൊടുക്കും. അത് എടുത്ത് നേരെ ഇങ്ങോട്ട് കൊണ്ടുവന്നാലും ആരും ഒന്നും പറയില്ല. പക്ഷേ, ഞങ്ങള്‍ക്കതിഷ്ടമല്ല. ബ്രാഹ്മണിയമ്മയുടെ വിശ്വാസം നേടാനും അവരുടെ ഐശ്വര്യമുള്ള മുഖം വീണ്ടും വീണ്ടും കാണാനുമായി, ഞങ്ങള്‍ ആ മാമ്പഴങ്ങള്‍ തള്ളിത്തള്ളി അമ്പലപ്പാട്ടുകടവ് വരെ നീന്തിയെത്തുകതന്നെ ചെയ്യും.

പണ്ടുതന്നെ, എന്തു സാധനമായാലും പങ്കുവയ്ക്കുന്ന കാര്യത്തില്‍ വളരെ ഉല്‍സാഹവും, എന്നാല്‍ സ്വന്തം കാര്യം മറക്കുകയും ചെയ്യുന്ന സ്വഭാവമായിരുന്നു, എനിക്ക്. എന്റെ ആ പരിഭ്രമം കാണാന്‍വേണ്ടി, ബ്രാഹ്മണിയമ്മ എന്നെക്കൊണ്ടുതന്നെ മാമ്പഴങ്ങള്‍ പങ്കുവെപ്പിക്കും. അവസാനം, എനിക്കുമാത്രം ഒന്നുമില്ലാതെ, ഞാന്‍ വായും പൊളിച്ചുനില്‍ക്കുമ്പോള്‍ ബ്രാഹ്മണിയമ്മ അടുത്തുവിളിച്ച്, അവരുടെ പങ്കെടുത്ത് എനിക്ക് തരും. തലയിലും മുഖത്തുമൊക്കെ വാല്‍സല്യത്തോടെ തലോടി രണ്ടെണ്ണം കൂടുതലും തരും.

ഞങ്ങളുടെ വടക്ക്വോറത്ത് തൊഴുത്തിനു പിന്നില്‍ ഒരു മുത്തന്‍മാവുണ്ടായിരുന്നു. അതു മുറിക്കാന്‍ വേണ്ടി മാവില്‍ കയറിയ കണ്ടായി, താഴെ വീണതും, കുഞ്ഞീഷ്ണന്‍ നായര്‍ കണ്ടായിയെ താങ്ങിയിരുത്തിയപ്പോള്‍ അമ്മ സംഭാരം കൊണ്ടുക്കൊടുത്തതും, കണ്ടായിയുടെ അവശതയും ഒക്കെ ഒരു നേരിയ ഓര്‍മയായി മനസ്സിലുണ്ട്...മാമ്പഴക്കാലം എന്നു പറയുമ്പോള്‍, അച്ഛന്റെ വാരിയംതന്നെയാണ്, ഓര്‍മ വരുക. വളരെ കൃത്യമായി വേനലവധി തുടങ്ങുമ്പോള്‍ത്തന്നെ മാമ്പഴക്കാലം തുടങ്ങിയിരിക്കും, അവിടെ.

അവധി തുടങ്ങുന്നതിന്റെ പിറ്റേന്നുതന്നെ അവിടേക്കെത്താന്‍വേണ്ടി വാശിപിടിക്കും ഞാന്‍, അച്ഛനോട്. അവിടെ എത്തുന്നതുമുതല്‍ അവിടത്തെ പലതരം മാവുകളുടെ ചുവട്ടില്‍ത്തന്നെ കളി. നാടന്‍ മാവുകള്‍ ധാരാളം. പുളി മാങ്ങ, ഗോമാങ്ങ, പിന്നെ പേരറിയാത്ത, നല്ല സ്വാദുള്ള ഒരുതരം മാമ്പഴം. മനക്കലെ തൊടിയില്‍ മുത്തശ്ശന്‍ മാവിലെ വെണ്ണൂറാന്‍ മാമ്പഴം, എച്ച്വല്ലീമയുടെ വീട്ടിനു പിന്നിലെ ചകിര്യേന്‍ മാമ്പഴം. അങ്ങനെ മാമ്പഴത്തിന്റെ വൈവിധ്യങ്ങള്‍ എനിക്ക് എന്നും അതിശയമായിരുന്നു. ആദ്യത്തെ ദിവസംതന്നെ കിട്ടുന്ന മാമ്പഴങ്ങള്‍ ഒരു കടലാസില്‍ പൊതിഞ്ഞെടുത്ത് സൂക്ഷിച്ചുവയ്ക്കും, തിരിച്ചുചെല്ലുമ്പോള്‍ അമ്മയ്ക്കു കൊടുക്കാന്‍. അത് കാണുമ്പോള്‍ ഇന്ദിരേട്ത്തിയും ശാരേട്ത്തിയും ഒക്കെ കളിയാക്കും.. 'ഇപ്പോ കുട്ടി അതങ്ക്ട് കഴിച്ചോളൂ... പിന്നെ, രണ്ടുമാസം കഴിഞ്ഞു പോകുമ്പഴല്ലേ... അപ്പഌ്ക്കും വേറെ എത്രണ്ണം വീഴുംന്നോ...'

മറ്റുള്ളവര്‍, വീണുകിട്ടുന്ന മാമ്പഴങ്ങള്‍ കടിച്ച്, മാങ്ങയുടെ തലയ്ക്കല്‍ ഒരു ഓട്ടയുണ്ടാക്കി, ചാറു മുഴുവന്‍ വലിച്ചുകുടിച്ച്, ആസ്വദിക്കുന്നതുകാണുമ്പോള്‍ ആദ്യമൊക്കെ ഒരു അറപ്പുതോന്നിയിരുന്നെങ്കിലും, പിന്നീട് അക്കാര്യത്തില്‍ നാണവും മാനവും അറപ്പും ഒന്നും ഇല്ലാതായി. പിന്നീട്, സ്‌കൂള്‍ തുറക്കാറാവുമ്പോഴേ, അമ്മയ്ക്കുവേണ്ടി മാങ്ങ കരുതിവയ്ക്കുന്ന കാര്യം ഓര്‍ക്കാറുള്ളൂ. അതുവരെയും ഇന്ദിരേട്ത്തിയുടെയും മറ്റു കുട്ടികളുടെയും കൂടെ കളിച്ചു തിമിര്‍ക്കല്‍ തന്നെ. മാങ്ങാച്ചുനപറ്റി, നിറം തിരിച്ചറിയാന്‍ പറ്റാത്ത പെറ്റിക്കോട്ടും, ആണ്‍കുട്ടികള്‍ക്കാണെങ്കില്‍, മിക്കവാറും വലിയ കീശകളുള്ള കാക്കിട്രൗസറും ആവും പൊതുവെ വേഷം. കാരണം എത്ര മാങ്ങാച്ചുന ആയാലും മറ്റുള്ളവര്‍ അറിയില്ലല്ലോ... (എന്നാണ് ഞങ്ങള്‍ സ്വയം വിശ്വസിക്കുക).

എന്തായാലും, അച്ഛന്റെ വാര്യേത്ത് ഉള്ള മിക്കവാറും എല്ലാവര്‍ക്കും മാമ്പഴത്തിന്റെ മണംതന്നെ ആയിരുന്നു എന്നാണ്, എനിക്ക് തോന്നാറ്. കാരണം, ആ മാമ്പഴക്കാലം മുഴുവന്‍ അവിടത്തെ എല്ലാ വല്യമ്മമാരുടെയും, ചെറിയമ്മമാരുടെയും അടുക്കളകളില്‍ ചോറൊഴികെ, മറ്റെല്ലാ വിഭവങ്ങളും മാമ്പഴം കൊണ്ടായിരിക്കും..

നാഗര്‍കോവിലില്‍ ആയിരുന്നപ്പോള്‍ അവിടുത്തെ നല്ല അടുപ്പമുള്ള മലയാളി സുഹൃത്തുക്കള്‍ക്കൊക്കെ നല്ലൊരു താവളമായിരുന്നു, ഞങ്ങളുടെ, മൈതാനത്തിനടുത്തുണ്ടായിരുന്ന വാടകവീട്. അവിടെയുണ്ടാവുന്ന ചക്കയും മാങ്ങയുമൊക്കെ സ്വന്തം വീട്ടിലെ വിളവുകളെപ്പോലെ, അവര്‍ക്കൊക്കെ ഞാന്‍ പങ്കുവെച്ചു കൊടുക്കുമായിരുന്നു. മുന്നില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന മാവിലെ കിളിച്ചുണ്ടന്‍ മാമ്പഴത്തിന്റെ സ്വാദ് വേറെ എവിടെയും ഞാന്‍ അനുഭവിച്ചിട്ടില്ല. ആ മാവിന്റെ താഴത്തെ കൊമ്പില്‍ സ്ഥിരം ഒരു ഊഞ്ഞാലുണ്ടാവും, കുട്ടികള്‍ക്കായി. പടിഞ്ഞാറുവശത്തെ വലിയ ക്രിസ്ത്യന്‍ പള്ളിയും വിസ്തൃതമായ മൈതാനവും കടന്നെത്തുന്ന കാറ്റേറ്റ്, ഊഞ്ഞാലാടാന്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. മാവിന്മേല്‍ മൂത്തുനില്‍ക്കുന്ന മാങ്ങകള്‍ അവരുടെ ഊഞ്ഞാലാട്ടത്തിന്റെ ശക്തിയില്‍ താഴെ വീഴും.

കണ്ണൂരില്‍ താമസിക്കുമ്പോഴാണ്, ശരിക്കും, ചക്കയ്ക്കും മാങ്ങയ്ക്കും ഒക്കെ കൊതി തോന്നിയിട്ടുള്ളത്. അവിടെ താമസിച്ചിരുന്ന വാടകവീടുകളില്‍ അവയുടെയൊന്നും സമൃദ്ധി ഉണ്ടായിരുന്നില്ല. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടെനിന്നാണ്, ചക്കയുടെയും മാമ്പഴത്തിന്റെയും ഒക്കെ കാലം അനുഭവിക്കാറുതന്നെ. പുതിയതെരുവിലെ അങ്ങാടിയില്‍നിന്ന് തിരഞ്ഞെടുക്കുന്ന ചക്കയ്ക്കും മാമ്പഴത്തിനുമൊന്നും ഞാന്‍ ഉദ്ദേശിച്ച നാടന്‍ സ്വാദ് ഒരിക്കലും കിട്ടിയിരുന്നുമില്ല.. അന്നൊക്കെ, മാധേട്ടന്റെ കമ്പനിവക ജീപ്പിലായിരുന്നു, സഞ്ചാരം. മഴക്കാലത്ത്, രാത്രിയില്‍, പുറത്തുപോയി വരുമ്പോള്‍, ജീപ്പിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍, റോഡിലേക്ക് അടര്‍ന്നുവീണ്, മഴനനഞ്ഞ്, അലുത്തില്ലാതാകുന്ന, ചക്കയുടെ അവശിഷ്ടങ്ങള്‍ നോക്കി സങ്കടപ്പെടാറുണ്ട്...

പുറത്ത്, ഒരു വേനല്‍മഴയുടെ കോലാഹലം തുടങ്ങിയിരിക്കുന്നു. മിന്നല്‍പ്പിണരുകള്‍ക്കു പിന്നാലെ ഇടി കുടുങ്ങിത്തുടങ്ങിയിരിക്കുന്നു. കാറ്റിനും ശക്തി കൂടിത്തുടങ്ങിയിരിക്കുന്നു. കാര്‍പോര്‍ച്ചിനുമുകളില്‍, തൃശ്ശൂര്‍പ്പൂരത്തിന്റെ വെടിക്കെട്ടുപോലെ മാമ്പഴമഴയും പെയ്തുതുടങ്ങിയിരിക്കുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തുകൂടെ ആര്‍ത്തിരമ്പിയെത്തുന്ന മഴ, ഇതാ... ആദ്യം അമ്പലത്തിന്റെ മേല്‍ക്കൂരയും പിന്നെ ഞങ്ങളുടെ കൂടാരവും നനച്ചുതുടങ്ങിയിരിക്കുന്നു...

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier Shared memories about her childhood days and summer vacation