മേടമാസത്തില്‍ അവസാനത്തെ ഞായറാഴ്ച, അന്നാണ് പറക്കോട്ടുകാവിലെ താലപ്പൊലി. അതിനുമുന്‍പത്തെ ഞായറാഴ്ച കൊടി കൂറയിട്ടിട്ടുണ്ടാകും. അതിനും വളരെ മുന്‍പുതന്നെ, ഞങ്ങള്‍ മലവട്ടത്തുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങും. വീടും പരിസരവും ചുറ്റുപറമ്പും ഒക്കെ ഒരു കരിയിലപോലും ഇല്ലാതെ അടിച്ചുവൃത്തിയാക്കും. കാരണം നാടിനെ നടുക്കുന്ന വെടിക്കെട്ടിന്റെ എന്തെങ്കിലും ഒരംശം ഈ കരിയിലകളില്‍ വീണാല്‍ കത്തിപ്പിടിക്കുകയായി. പിന്നെ ചുറ്റുവട്ടത്ത് വീടുകളില്‍ ഉള്ള തെങ്ങുകള്‍ എല്ലാം വൃത്തിയാക്കും. അല്ലെങ്കില്‍ വെടി പൊട്ടുമ്പോള്‍, അതിന്റെ ശക്തിയില്‍ തേങ്ങ, ഓല തുടങ്ങിയവയൊക്കെ ആരുടെയെങ്കിലും തലയില്‍ വീഴും.
പണ്ട്, മകരമാസത്തില്‍ അവസാനത്തെ ഞായറാഴ്ചയായിരുന്നു താലപ്പൊലി നടത്താറ്. മരം കോച്ചുന്ന മഞ്ഞായിരിക്കും, രാത്രിയൊക്കെ. എന്നാലും വെളുപ്പാന്‍കാലത്തെ എഴുന്നള്ളിപ്പിനും വെടിക്കെട്ടിനും ഒക്കെ അന്യനാട്ടില്‍നിന്നുപോലും ആളുകള്‍ ഒഴുകിയെത്തും.
പിന്നീട്, എന്തോ കാരണവശാല്‍ അത് മേടമാസത്തിലേക്ക് മാറ്റുകയായിരുന്നു.

വില്വാദ്രിനാഥക്ഷേത്രത്തിലെ ഏകാദശിയും സോമേശ്വരത്തെ ശിവരാത്രിയും പഴയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവവും ഒക്കെ കഴിഞ്ഞാലാണ് പറക്കോട്ടുകാവിലെ താലപ്പൊലി വരുക. ആ സമയത്തേക്ക് പുറംനാടുകളില്‍ ജോലിചെയ്യുന്ന മിക്കവാറും എല്ലാ തിരുവില്വാമലക്കാരും ലീവില്‍ എത്തിയിരിക്കും. ഓണത്തിനെക്കാളും വിഷുവിനെക്കാളും ഒക്കെ അവര്‍ ആസ്വദിക്കുന്നതും പ്രാധാന്യം കല്പിക്കുന്നതും താലപ്പൊലിക്ക് തന്നെയാണെന്നുതോന്നും.അലസമായി ധരിച്ചിരിക്കുന്ന കാവിമുണ്ടിനും ഷര്‍ട്ടിനുംമേലെ ഒന്നുകില്‍ ഒരു പുതിയ വെള്ളത്തോര്‍ത്ത്, അതുമല്ലെങ്കില്‍ കരയില്‍ 'നാരായണാ...നാരായണാ' എന്നെഴുതിയ, മഞ്ഞ നേരിയത്, ഏതെങ്കിലും കണ്ടാല്‍ ഉറപ്പിക്കാം അത് താലപ്പൊലിക്ക് മറുനാട്ടില്‍നിന്ന് ലീവില്‍ വന്ന ഏതോ ചെറുപ്പക്കാരനാണെന്ന്.

താലപ്പൊലിക്ക് ഒരാഴ്ചമുന്‍പേ കൊടി കൂറയിടും. അന്നുമുതല്‍ ദിവസവും സന്ധ്യകളില്‍ വെളിച്ചപ്പാടോടുകൂടിയ ചുറ്റുവിളക്ക് ഉണ്ടാവും. വെളിച്ചപ്പാടിന്റെ കാര്യം നല്ല തമാശയാണ്. ചുറ്റുവിളക്കിനുമുന്‍പ് ശിങ്കിടിയുമായി കുളത്തില്‍ കുളിക്കാന്‍ പോകുന്നതുവരെ കുട്ടികളുമായി തമാശയൊക്കെ പറഞ്ഞിരിക്കലാണ് മൂപ്പരുടെ പണി. തമാശകളിലൂടെയുംനുണക്കഥകളിലൂടെയും ഒക്കെ മൂപ്പര്‍ കുട്ടികളെയെല്ലാം കയ്യിലെടുക്കും.

അങ്ങനെ ഒരു ദിവസം നാട്ടിലേക്ക് ലീവില്‍ വന്ന കുഞ്ചേച്ചിയുടെ മക്കള്‍ രാജുവിനോടും രവിയോടും കഥയൊക്കെ പറഞ്ഞിരിക്കുന്നതിനിടയിലാണ് ചുറ്റുവിളക്കിനായി വെളിച്ചപ്പാട് കുളിക്കാന്‍ പോകുന്നത്. കുളികഴിഞ്ഞ് വന്ന ഉടനെ രവി പിന്നാലെ കൂടി. ''ന്ന്ട്ട്...ബാക്കി പറയൂ വെളിച്ചപ്പാടെ..'' എന്നും പറഞ്ഞ് വെളിച്ചപ്പാടിനെ തൊഴാനും പ്രാര്‍ഥിക്കാനും തുള്ളാനും ഒന്നും സമ്മതിക്കുന്നില്ല. ഓരോ തവണ തുള്ളല്‍ നിര്‍ത്തുമ്പോഴും ''കഴിഞ്ഞ്വോ വെളിച്ചപ്പാടേ''എന്നും പറഞ്ഞ് അവന്‍ പിന്നാലെ ഉണ്ടാവും. അവസാനം അച്ഛന് ശാസിക്കേണ്ടി വന്നു അവന്‍ വെളിച്ചപ്പാടിന്റെ കാല്‍ച്ചുവട്ടില്‍നിന്ന് മാറിനില്‍ക്കാന്‍. പിന്നീട്, ആ വെളിച്ചപ്പാട് കുട്ടികളുമായുള്ള കൂട്ടുകെട്ട് നിര്‍ത്തീന്നു തോന്നുന്നു.

കൊടി കയറിക്കഴിഞ്ഞാല്‍ പിന്നെ താലപ്പൊലി കഴിയുന്നതുവരെ നാട്ടിലുള്ള ആരും വേറെ എവിടെയും പോയി അന്തിയുറങ്ങില്ല. എവിടെപ്പോയാലും ഇരുട്ടാവുമ്പോഴേക്കും വീടുകളില്‍ തിരിച്ചെത്തും. ആ ഒരാഴ്ചക്കാലം താലപ്പൊലിക്കുവേണ്ടിയുള്ള ഉത്സാഹത്തിലും അടുത്തുള്ള ബന്ധുവീടുകളിലെ സന്ദര്‍ശനവുമായി തിരക്കിലാവും മിക്കവരും.

വളരെ ജനകീയമായി കൊണ്ടുനടത്തപ്പെട്ടിരുന്ന ഒരു അമ്പലമായിരുന്നു പറക്കോട്ടുകാവ് പണ്ട്. ഉഗ്രമൂര്‍ത്തിയായിരുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠയായതുകൊണ്ട് നായന്മാരായിരുന്നു പൂജാരികള്‍. ആര്‍ക്ക് വേണമെങ്കിലും സ്വന്തം കൈകൊണ്ട് നിവേദ്യമുണ്ടാക്കി ദേവിക്ക് സമര്‍പ്പിക്കാം. ഇപ്പോള്‍ അതൊക്കെ മാറിയിരിക്ക്ണൂ.

താലപ്പൊലിക്കാലമാവുമ്പോള്‍ ആ ഒരാഴ്ച മുഴുവന്‍ ദേവിക്ക് ചന്ദനം ചാര്‍ത്തണം. അതിന് വടക്കേ അമ്പലപ്പാട്ടെ വാസുണ്ണി നമ്പീശന്‍ തന്നെ വേണം. എന്നാലേ ദേവിക്ക് തൃപ്തിയാവൂ എന്നാണ് ദേവപ്രശ്‌നംവയ്ക്കുമ്പോള്‍ പറയുക. ദേവിക്ക് ചന്ദനം ചാര്‍ത്തിച്ചാര്‍ത്തി ദേവിയുടെ മുഖം പോലെത്തന്നെ ഐശ്വര്യപൂര്‍ണമായിരുന്നു വാസുണ്ണിനമ്പീശന്റെ മുഖവും. അമ്മയ്‌ക്കൊക്കെ വാസുണ്ണിനമ്പീശനെ അങ്ങേയറ്റം ആരാധനയായിരുന്നു. വാസുണ്ണിനമ്പീശന്‍ ചന്ദനം ചാര്‍ത്താന്‍ വരുന്നദിവസങ്ങളില്‍ അമ്മയുടെ വക, പ്രത്യേക ചായസത്കാരമുണ്ടാവും. മധുരം കൂടിയ,നല്ല കടുപ്പമുള്ള പാല്‍ച്ചായയും അമ്മയുടെ മാസ്റ്റര്‍ പീസ് ആയ നെയ്യപ്പവും സത്കാരത്തിന് ഉണ്ടാവും എന്നത് മൂന്നരത്തരം. തറവാട്ടില്‍ ഉണ്ടായിരുന്ന കാലത്തെക്കാള്‍ താലപ്പൊലിയോര്‍മകള്‍ക്ക് നിറം കൂടുതല്‍ ഇവിടെ പറക്കോട്ട് കാവിനടുത്തുള്ള കൊച്ചുവീട്ടിലെ താമസക്കാലത്തെയാണ്.

തറവാട്ടിനും പറക്കോട്ടുകാവിനും ഇടയില്‍ മേനോന്‍ പെറ്റ പാറയും താലപ്പൊലിപ്പാറയും ഒക്കെ അന്നത്തെ പ്രായത്തിന് വലിയ 'മഹാമേരു' ആയിരുന്നു. വെറും കുറേ ശബ്ദഘോഷങ്ങളും പിന്നെ കുഞ്ചേച്ചി വാങ്ങിച്ചുകൊണ്ടുവരുന്ന ഞെക്കിയാല്‍ കരയുന്ന ഒന്നോ രണ്ടോ റബ്ബര്‍പ്പാവകളും, താലപ്പൊലി കാണാനെത്തുന്ന കുറേ വിരുന്നുകാരും ഒക്കെ ആയിരുന്നു അന്നത്തെ താലപ്പൊലിയോര്‍മകള്‍. തിരക്കില്‍ കുഞ്ചേച്ചിയുടെയും ഭായിച്ചേച്ചിയുടെയും കൂടെയൊന്നും പറഞ്ഞയയ്ക്കാന്‍ അമ്മയ്ക്ക് ധൈര്യം പോരാ. അമ്മയ്ക്കും വലിയമ്മയ്ക്കും ഒക്കെയാണെങ്കില്‍ അടുക്കളയില്‍നിന്ന് ഒഴിയാനും സമയം കിട്ടില്ല.

എങ്ങാനും സമയം കിട്ടുമ്പോള്‍, അമ്മയുടെ കൈപിടിച്ച് താലപ്പൊലിക്കാഴ്ചകള്‍ കാണാന്‍ പോകാറുണ്ട്. താലപ്പൊലിപ്പാറയുടെ ഇരുവശത്തും കുഞ്ഞുകടകള്‍ തുറന്നുവെച്ചിരിക്കും. വള, മാല, തുടങ്ങിയ സാധനങ്ങളുടെയും വര്‍ണാഭമായ തീറ്റസാധനങ്ങളുടെയും കടകള്‍ നിരന്നുകാണാം. പിങ്കും വെള്ളയും നിറത്തിലെ പെന്‍സില്‍ മിഠായികളും പഞ്ചസാരപുരണ്ട പെട്ടിയപ്പവും ചെട്ടിച്ചിമുറുക്കുകളും ഒക്കെയുണ്ടാവും. പക്ഷേ, കാണാന്‍ എനിക്ക് ഏറ്റവും ഇഷ്ടം ഓറഞ്ചും മഞ്ഞയും വെള്ളയും ഒക്കെ നിറമുള്ള ഹല്‍വകളാണ്. പലഹാരക്കടയിലെ മേശയുടെ മുകളില്‍ പാറക്കഷ്ണങ്ങള്‍പോലെ അവ അടുക്കിവെച്ചിട്ടുണ്ടാവും. അതിന്റെ സ്വാദ് അറിയില്ലെങ്കിലും നല്ല രുചിയായിരിക്കും എന്ന് മനസ്സില്‍ കണക്കുകൂട്ടും. ആ കടകളുടെ മുന്നില്‍ക്കൂടി പോകുമ്പോള്‍ അമ്മ എന്റെ ശ്രദ്ധ തിരിക്കാന്‍ വേറെ എന്തൊക്കെയോ വിഷയങ്ങള്‍ എടുത്തിടും. പക്ഷേ, എന്റെ ശ്രദ്ധ അതില്‍ത്തന്നെ ആയിരിക്കും. ഒരിക്കല്‍ അത് കണ്ട് കൊണ്ടുവന്ന അമ്മയുടെ കൂട്ടുകാരി കുളപ്പുറത്തെ തങ്കമ്മുവമ്മയാണ് ആ ആഗ്രഹം തീര്‍ത്തുതന്നത്. പഴയ ഒരു കടലാസില്‍ പൊതിഞ്ഞ് ഒരു കഷ്ണം ഓറഞ്ച് നിറത്തിലുള്ള ഹല്‍വ. സാമ്പാറിലൊക്കെയുള്ള മത്തങ്ങാക്കഷ്ണത്തോളം വലുപ്പമുള്ള ഒരു കഷ്ണം ഹല്‍വ. അതിന്റെ മേലുള്ള എണ്ണമയം മുഴുവന്‍ ആ പൊതിഞ്ഞ കടലാസ് വലിച്ചെടുത്ത് അല്‍പ്പം വിളറിയതാണെങ്കിലും എന്തൊരു സ്വാദായിരുന്നൂന്നോ, ആ ഹല്‍വക്കഷ്ണത്തിന്. അത് കണ്ട് കൊണ്ടുവന്ന അമ്മ,തങ്കമ്മുവമ്മയെ അടിച്ചില്ലെന്നുമാത്രം. എല്ലാം കേട്ട് പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുകമാത്രേ ചെയ്തുള്ളൂ പാവം.'' ചെറിയ്യേ കുട്ട്യല്ലേ, അമ്മൂട്ടിവാരസ്സ്യാരേ...അത് തിന്നോട്ടെ...'' എന്നായിരുന്നു അവരുടെ മറുപടി. പിങ്ക് നിറത്തിലൊക്കെയുള്ള മിഠായികള്‍ തുപ്പലുമിഠായിയാണത്രെ. അങ്ങനെയാണ് അമ്മ പറയുക. അത് വേണമെന്നുപറഞ്ഞ് ഞാന്‍ വാശിപിടിക്കാതിരിക്കാനുള്ള അമ്മയുടെ സൂത്രമാവും എന്നെനിക്കറിയാം. എന്നാലും ഞാന്‍ അതിനുവേണ്ടി വാശി പിടിക്കാറില്ല. പക്ഷേ,ഹല്‍വയുടെ കാര്യം അങ്ങനെയല്ല.
പറക്കോട്ടുകാവിന് മുന്നിലെ വീട്ടിലേക്ക് താമസം മാറിയപ്പോള്‍ പിന്നെ എല്ലാം കണ്മുന്നില്‍ത്തന്നെ എന്ന പോലെ ആയിരുന്നു. ശരിക്കും താലപ്പൊലിമുഴുവന്‍ ഒരേ സ്ഥലത്ത് ഇരുന്നുകാണാം. ഇരുന്നിടത്തുനിന്ന് അനങ്ങാതെ. കണ്ണൊന്ന് നല്ലപോലെ തുറന്നാല്‍, കിഴക്ക് താലപ്പൊലിപ്പാറയില്‍ പടിഞ്ഞാറ്റുമുറിയുടെ കുടമാറ്റവും, കുടമാറ്റം കഴിഞ്ഞ് കാവിലേക്കിറങ്ങുന്ന പാമ്പാടി ദേശത്തിന്റെ പൂരവും, കുടമാറ്റം കഴിഞ്ഞ് കാവിലേക്കിറങ്ങി, ദേവിയെ പ്രദക്ഷിണം വെക്കുന്ന കിഴക്കുമുറി ദേശത്തിന്റെ പൂരവും ഒരേ സമയം കാണാം.

വെടിക്കെട്ടാണെങ്കിലും അങ്ങനെത്തന്നെ. വരാന്തയിലിരുന്ന് നോക്കിയാല്‍ മൂന്ന് ദേശക്കാരുടെയും വെടിക്കെട്ട് നിരന്ന് കാണാം. വൈകുന്നേരത്ത് കുടമാറ്റവും താഴോട്ടുള്ള ഇറക്കവും കഴിഞ്ഞ് മൂന്ന് ദേശക്കാരുടെയും വക ഓരോ വെടിക്കെട്ട്. രാത്രി എഴുന്നള്ളിപ്പ് കഴിഞ്ഞ് വീണ്ടും മൂന്ന് ദേശക്കാരുടെയും വക ഓരോ വെടിക്കെട്ട്. നേരം വെളുക്കുമ്പോള്‍ അടുത്ത വര്‍ഷം വരെ ചെവിയില്‍ അലയടിക്കത്തക്ക വണ്ണം ഈട് എന്ന വെടിക്കെട്ട് വീണ്ടും ഓരോന്ന്. എല്ലാം കഴിയുമ്പോള്‍ സമീപത്തുള്ള വീടുകള്‍ എല്ലാം ഒരു കുലുക്കിസര്‍ബത്തുപോലെ ഇളകി ഉലയും. എന്നാലും എല്ലാവരും അതെല്ലാം ആസ്വദിക്കുമായിരുന്നു.
പിന്നീട്, കല്യാണം കഴിഞ്ഞ് അവിടന്ന് പോന്നിട്ടും, അമ്മയും അച്ഛനുമൊക്കെ മരിച്ച് ആ വീട് വിറ്റതിനുശേഷവും താലപ്പൊലിക്ക് ഞങ്ങള്‍ എത്തുമായിരുന്നു, മുറ തെറ്റാതെ. പകലൊക്കെ ബന്ധുവീടുകളില്‍ സന്ദര്‍ശനം കഴിഞ്ഞാല്‍ താമസിക്കുന്ന ഹോട്ടലിന്റെ ടെറസ്സില്‍നിന്ന് കാണുന്ന താലപ്പൊലിക്കാഴ്ചകള്‍ കാണാന്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ കൂടെ കൂട്ടും. അപ്പോഴേ ഒരു ഉത്സവച്ഛായ വരൂ. എന്നാലും അതിനൊന്നും സ്വന്തം വീടിന്റെ മുറ്റത്ത് ഇറങ്ങിയിരുന്നുകണ്ട പഴയ ആ താലപ്പൊലികളുടെ ആസ്വാദ്യത ഉണ്ടായിരുന്നില്ല.

കൊടി കൂറയിട്ട് കഴിഞ്ഞാല്‍പിന്നെ താലപ്പൊലി വരെ സന്ധ്യ കഴിഞ്ഞാല്‍ പറക്കോട്ടുകാവില്‍ എന്നും ഉത്സവം പോലെയാണ്. കലാപരിപാടികളും തായമ്പകപോലെയുള്ള വാദ്യവിശേഷങ്ങളുമായി എന്നും തിരക്കായിരിക്കും. അവധിക്കാലമാവുന്നതുകൊണ്ട് ഒന്നും പഠിക്കാനും ഉണ്ടാവില്ല. അമ്പലം അടയ്ക്കുന്നതുവരെ കൂട്ടുകാരുടെ കൂടെ കലാപരിപാടികളും ഒക്കെ കണ്ട് രസിച്ച് അങ്ങനെ നടക്കാം.
താലപ്പൊലി ദിവസം രാവിലെ കൂട്ടവെടിയോടെയാണ് നട തുറക്കുക പണ്ട്. പിന്നെ ,തൊഴാന്‍ വരുന്നവരുടെ വഴിപാട് അനുസരിച്ച് വെടിക്കാരന്‍ എല്ലാവരെയും ഇടയ്ക്കിടയ്ക്ക് ഞെട്ടിച്ചുകൊണ്ടേ ഇരിക്കും. നേരം വെളുക്കുമ്പോഴേക്കും പല ദേശങ്ങളില്‍നിന്നുമുള്ള പൂതനും തിറകളും പ്രത്യേകതരം വാദ്യഘോഷങ്ങളോടെ എത്തിത്തുടങ്ങും. പറക്കോട്ടുകാവില്‍ വന്ന് ഓരോ പ്രകടനം കാഴ്ചവെച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങളുടെ തറവാട്ടിലേക്കാണ് അവര്‍ വെച്ചുപിടിക്കുക. അവിടത്തെ മച്ചില്‍ പറക്കോട്ട് ഭഗവതിയുടെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം. ആദ്യമെത്തുന്ന പൂതനും തിറയ്ക്കും അവിടന്ന് പ്രത്യേക അവകാശങ്ങളുണ്ട്. പിന്നീട് വരുന്നവര്‍ക്കും ഒട്ടും നിരാശപ്പെടേണ്ടി വരാറില്ല. അതിന്റെ പിന്നാലെ തന്നെ നായാടിമാരും എത്തും. ''ആരിന്റെ ആരിന്റെ ശങ്കര നായാടി?പറക്കോട്ടു നല്ലമ്മേടെ ശങ്കരനായാടി''എന്ന് തുടങ്ങുന്ന പാട്ടും, ഒരു വലിയ വടിയില്‍ ചെറിയ വടികൊണ്ട് അടിച്ച് പ്രത്യേക ശബ്ദത്തിലും താളത്തിലും ഉള്ള അവരുടെ കളികളും ഒന്ന് കാണേണ്ടതുതന്നെയാണ്. ദേവിയുടെ മുന്നില്‍ കളിച്ചുകഴിഞ്ഞാല്‍ എല്ലാവരും ആദ്യം തറവാട്ടിലേക്കാണ് വരുക. പിന്നീടേ മറ്റ് വീടുകളിലേക്ക് പോകൂ.ഏകദേശം ആ സമയത്തുതന്നെയാണ്, വെളിച്ചപ്പാടും പരിവാരങ്ങളും പറയെടുപ്പിനായി ഇറങ്ങുക. പറക്കാരും ആദ്യം ഞങ്ങളുടെ തറവാട്ടില്‍തന്നെയാണ് എത്തുക. ഒറ്റദിവസംകൊണ്ട്, നാട് മുഴുവന്‍ പറയെടുത്ത് തീരുമായിരുന്നു പണ്ട്. ഇപ്പോള്‍ ആ പതിവൊക്കെ മാറിയിരിക്കുന്നു. 

കുറച്ചുകൂടി കഴിയുമ്പോള്‍ കരിവേഷങ്ങള്‍ ഇറങ്ങുകയായി. പറക്കോട്ട് ഭഗവതിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വഴിപാടാണത്രെ അത്. ദേഹം മുഴുവന്‍ കരി വാരിത്തേച്ച് വലിയൊരു വടിയുമായി ആര്‍ത്തലച്ച് പലതരം കരിവേഷങ്ങള്‍ (ദേവിയുടെ ഭൂതഗണങ്ങളാണത്രെ) പല ദിശകളില്‍നിന്ന് ഇറങ്ങിവരും. ദേവിയെ വലംവെച്ച്, കയ്യിലുള്ള വടി, അമ്പലക്കുളത്തിലേക്ക് ചുഴറ്റിയെറിയും. വേനലില്‍, വറ്റാന്‍തുടങ്ങിയ, ചുവപ്പുരാശിയണിഞ്ഞ, അമ്പലക്കുളത്തിലെ അല്പം വെള്ളത്തില്‍ അടുത്ത മഴക്കാലംവരെ ആ വടികള്‍ അങ്ങനെ പൊങ്ങിക്കിടക്കും. 
 
ഉച്ചകഴിയുമ്പോഴേക്ക് മൂന്ന് ദേശക്കാരുടെയും പൂരങ്ങള്‍ വന്നുതുടങ്ങും. വേനലിന്റെ വരണ്ട മുഖത്ത് വര്‍ണങ്ങള്‍ മിന്നിത്തിളങ്ങും. മത്സരബുദ്ധിയോടെയാണെങ്കിലും  ഉരസലുകളൊന്നുമില്ലാതെ താലപ്പൊലിപ്പാറ  കുടമാറ്റത്തിന്റെ മാസ്മരികതയിലേക്ക് നമ്മളെ ഉയര്‍ത്തും. അസ്തമയസൂര്യന്റെ പൊന്‍പ്രഭയില്‍ തിളങ്ങുന്ന ഗജവീരന്മാരുടെ നെറ്റിപ്പട്ടവും ഭഗവതിയുടെ കോലവും ഭക്തിപൂര്‍ണതയിലേക്ക് നമ്മളെ നയിക്കും. സന്ധ്യയ്ക്ക്, എണ്ണവിളക്കുകളുടെയും  വൈദ്യുതദീപങ്ങളുടെയും കണ്ണഞ്ചിക്കുന്ന ശോഭയില്‍ മുങ്ങിനി ല്‍ക്കുന്ന പറക്കോട്ടുകാവിന് നൂറ് അഴകാണ്. വിദ്വാന്മാരുടെ നാദസ്വരക്കച്ചേരിയില്‍ പരിസരങ്ങള്‍ മയങ്ങിനില്‍ക്കും. മിന്നുന്ന സാരിയും സെറ്റ്മുണ്ടും ഒക്കെ ഉടുത്ത് സ്ത്രീകള്‍ താലപ്പൊലിയേന്താന്‍ കാത്തുനില്‍ക്കുന്നുണ്ടാവും. രാത്രി എഴുന്നള്ളിപ്പിന്റെ കൂടെ ഗജവീരന്മാര്‍ക്ക് മുന്നില്‍ സ്ത്രീകള്‍ ഏന്തിയ താലങ്ങളുടെ നിര താലപ്പൊലിപ്പാറയില്‍നിന്ന് ഇറങ്ങിവരുന്നത് കാണാന്‍ നല്ല ചന്തമാണ്. 

രാത്രിയിലെ എഴുന്നള്ളിപ്പ് കഴിഞ്ഞാല്‍ വീണ്ടും വെടിക്കെട്ടാണ്. ഉറങ്ങിക്കിടക്കുന്ന, ഞങ്ങളെയൊക്കെ വിളിച്ചുണര്‍ത്തി മുറ്റത്ത് പായില്‍ കൊണ്ടിരുത്തും. പായയില്‍ മലര്‍ന്നുകിടന്ന് വെടിക്കെട്ട് കാണാനും ഒരു യോഗമൊക്കെ വേണം. പിറ്റേന്ന് കാലത്ത് 'ഈട്' എന്ന വെടിക്കെട്ടിനുശേഷം പറക്കോട്ടുകാവിന്റെ നട അടച്ചിടും, ഒരാഴ്ചക്കാലം. ഉഗ്രമൂര്‍ത്തിയായ ദേവിക്ക് അത് വിശ്രമകാലമാണ്. ആരും ആ പരിസരത്തുകൂടെ പോവില്ല. പോയാല്‍തന്നെ നിശ്ശബ്ദമായേ കടന്നുപോകൂ. ഞങ്ങളുടെ വീട് കാവിന്റെ നേരേ മുന്‍പിലായതുകൊണ്ട് ഞങ്ങള്‍ക്ക് ആ ഒരാഴ്ച പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ലല്ലോ. വലിയ ബഹളങ്ങളൊന്നും ഇല്ലാതെ നോക്കും എന്ന് മാത്രം. പക്ഷേ, ഞങ്ങള്‍ കുട്ടികള്‍ക്ക് അത് വേറൊരുതരത്തില്‍ ഉത്സവക്കാലമാകും. മൂന്നുദേശക്കാരുടെയും വെടിക്കെട്ട് നടന്ന പറമ്പും, പൂരപ്പറമ്പ് മുഴുവനും ഞങ്ങള്‍ അരിച്ചുപെറുക്കും. ചെറിയ കരിങ്കല്‍കഷണങ്ങള്‍ പോലെയുള്ള വെടിമരുന്നിന്റെ ഉണ്ടകള്‍ ശേഖരിക്കലാണ് പണി. അത് ആ ചുറ്റുവട്ടം മുഴുവന്‍ ചിതറിക്കിടക്കുന്നുണ്ടാവും. സന്ധ്യയാകുമ്പോള്‍ എല്ലാവരും വട്ടംകൂടിയിരുന്ന് ഓരോന്നായി കത്തിക്കും. പലതരം നിറങ്ങളില്‍, ശീല്‍ക്കാരത്തോടെ, അവ ആളിക്കത്തും. ആ വെടിമരുന്നുണ്ടകള്‍ ദിവസങ്ങളോളം പെറുക്കി കത്തിച്ചുതീരുമ്പോഴാണ്, ഞങ്ങള്‍ കുട്ടികളുടെ താലപ്പൊലിക്കും വെടിക്കെട്ടുപരിപാടികള്‍ക്കും ഒക്കെ ഒരു അവസാനം ഉണ്ടാകുക. 

Read More... അന്നുമുതല്‍, സമൃദ്ധമായ വെള്ളമുള്ള കിണറുമായി ഒരു കുഞ്ഞുവീട് ഞാന്‍ സ്വപ്നംകണ്ടുതുടങ്ങി

താലപ്പൊലി കഴിഞ്ഞുള്ള ഒരാഴ്ച, രാത്രികാലങ്ങളില്‍, പറക്കോട്ടുകാവിനടുത്തുകൂടെ പോകുമ്പോള്‍, പലര്‍ക്കും പലതരം വിഭ്രാന്തികളും അനുഭവപ്പെടാറുണ്ടത്രെ. ചുറ്റുവിളക്കുപോലെ, കാവിന് ചുറ്റും എരിയുന്ന ചിരാത് വിളക്കുകള്‍, ചുവന്ന പട്ടുടുത്ത് പാലച്ചുവട്ടില്‍ ഇരുന്ന് കാറ്റുകൊള്ളുന്ന ഒരു സുന്ദരി. അങ്ങനെ പലതും. ആ ദിവസങ്ങളില്‍ രാത്രിയില്‍ ആ പരിസരത്ത്, എന്ത് കണ്ടാലും തിരിഞ്ഞുനോക്കരുത് എന്നൊക്കെയാണ് പറയുക. ഇതൊക്കെ കണ്ട്, പണ്ട് പേടിച്ചോടിയ ആരോ പേടിപ്പനി പിടിച്ച് മരിച്ചുപോയ അനുഭവം ആരൊക്കെയോ പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ, ഞങ്ങള്‍ വര്‍ഷങ്ങളോളം, പറക്കോട്ടുകാവിന്റെ മുന്നില്‍ താമസിച്ചിട്ടും അങ്ങനെയൊരു അനുഭവം അനുഭവപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്തോ ദൃഷ്ടിദോഷം വന്നതുപോലെ നടക്കാതെപോയ താലപ്പൊലിയാഘോഷങ്ങള്‍ തിരുവില്വാമലക്കാരുടെ മനസ്സില്‍ ഒരു നീറ്റലായി പടരുന്നു. മൂരിക്കുന്നിന്റെയും  രാക്ഷസപ്പാറയുടെയും ഒക്കെ കറുപ്പുനിറം അല്പംപോലും 
പുറത്ത് കാണാത്തവിധം താലപ്പൊലി കാണാന്‍ തിങ്ങിനിറഞ്ഞിരിക്കുന്ന വെടിക്കെട്ടുപ്രേമികളുടെ ആരവങ്ങളില്ലാതെ, പൂരപ്പകലില്‍, അരമണി കെട്ടി, കുലുങ്ങിനടക്കുന്ന തമിഴന്റെ ചാട്ടവാറടിയുടെ ശബ്ദത്തിന്റെ അലോസരങ്ങളില്ലാതെ, ചാട്ടവാറിനുമുന്‍പില്‍ ചൂളിനി ല്‍ക്കുന്ന പിഞ്ചുകുട്ടികളുടെ ദൈന്യം നിറഞ്ഞ മുഖങ്ങള്‍ കാണാതെ വര്‍ഷങ്ങള്‍ രണ്ടോ മൂന്നോ കടന്നുപോയിരിക്കുന്നു. ഈ വര്‍ഷമെങ്കിലും അതിനെല്ലാം ഒരു അവസാനമുണ്ടാവുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ആറ്റുനോറ്റിരിക്കുന്നു, ഞങ്ങള്‍,  തിരുവില്വാമലക്കാര്‍.

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier Share memories about Thiruvilwamala temple festival