ങ്ങനെ വിലപ്പെട്ട ജലത്തെ ഓര്‍ക്കാനും ഒരു ദിവസം. ഇതാ ഒരു വേനല്‍മഴയുടെ പരാക്രമത്തിനൊടുവില്‍ ഓട്ടിന്‍പുറത്തുനിന്ന് ക്ഷീണിച്ച് വീഴുന്ന വെള്ളത്തിന്റെ ഒറ്റത്തുള്ളികള്‍. ഇനി എന്നാണാവോ ഒരു മഴനനവുണ്ടാവുക എന്ന വേവലാതിയോടെ, നേരത്തേ പെയ്ത മഴയിലെ അവസാന മഴത്തുള്ളിയെയും യാത്രയാക്കുന്ന ഓടിന്‍തുമ്പുകള്‍. ഒരു തുള്ളി വെള്ളത്തിന്റെ വലുപ്പവും വിലയും ഇവിടെ നിന്നൊക്കെയാണ്, മനസ്സിലാവുന്നത്.

പണ്ട്, നാലുപുരയുടെ നടുമുറ്റത്തുനിന്നായിരിക്കണം ഞാന്‍ ആ വെള്ളത്തുള്ളിയുടെ, മഴത്തുള്ളിയുടെ കിലുക്കം ആദ്യമായി കേട്ടുതുടങ്ങിയത്. നാലുപുരയില്‍ പിറന്നുവീണ ഓരോ ജീവനും അങ്ങനെത്തന്നെയായിരിക്കും. ആ നടുമുറ്റത്തിന് ചുറ്റും നിന്നാണല്ലോ, കുടുംബത്തിലെ ഓരോ ജീവന്റെയും ചിറകുകള്‍ രൂപപ്പെടുന്നത്. നടുമുറ്റത്ത് പതിക്കുന്ന ഓരോ മഴനൂലിഴകളും, ആദ്യം മലര്‍ന്നുകിടന്നും പിന്നെ കമിഴ്ന്നും പിന്നീട് അവിടെ കെട്ടിനിര്‍ത്തിയ വെള്ളത്തില്‍ കാലിട്ടിളക്കിക്കളിച്ചും ഒക്കെയുള്ള എന്റെ ബാല്യം. 

Nilavettamപിന്നീട് മലര്‍ക്കുളത്തില്‍ ഞാന്‍ കണ്ടുമുട്ടിയത് വെള്ളത്തിന്റെ മറ്റൊരു ഭീകരമുഖത്തെയാണ്. അത് വായിലും മൂക്കിലും ചെവിയിലും ഒക്കെ കേറിത്തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന കുഞ്ചേച്ചി മുടിയില്‍ പിടിച്ച് പൊക്കിയെടുക്കുകയായിരുന്നു. നീന്താന്‍ പഠിക്കുന്നകാലത്ത് ഒരു മൂച്ചില്‍ വെള്ളത്തിലേക്ക് എടുത്ത് കുതിച്ചതാണ്. കരയില്‍നിന്ന് കുതിക്കുമ്പോള്‍ ഒരുപാട് ദൂരം മുന്നോട്ടുപോകാന്‍പറ്റും. തിരിച്ചും അങ്ങനെത്തന്നെയാവും എന്നാണ് കരുതിയത്. പക്ഷേ, പണി പാളി. തുണി അലക്കിക്കൊണ്ടിരുന്ന കുഞ്ചേച്ചി ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയില്ലായിരുന്നെങ്കില്‍, മരണത്തിലേക്കായിരുന്നേനേ ആ കൂപ്പുകുത്തല്‍. 

പിന്നീട് പുറംലോകം കണ്ടുതുടങ്ങിയപ്പോള്‍, നാലുപുരയുടെ ഗേറ്റിന് മുന്നിലുള്ള ഇട്‌ളിലായി (ഇടവഴി) കളി. നല്ല മഴക്കാലത്ത് ഇട്ള്‍ നിറഞ്ഞൊഴുകും, ഒരു തോടുപോലെ. പൊട്ടവെള്ളം ഒന്നുരണ്ടുദിവസം ഒഴുകിക്കഴിയുമ്പോള്‍ പിന്നെ അതില്‍ നീന്തലായി. കുട്ടികള്‍ എല്ലാവരും ഉണ്ടാവും. വടിയുംകൊണ്ട് ആരെങ്കിലും വരുന്നതുവരെ ആ വെള്ളത്തില്‍ അര്‍മാദം തുടരും. ആ വെള്ളത്തില്‍നിന്ന് പൊക്കിയെടുത്ത്, അമ്മ മലര്‍ക്കുളത്തില്‍ കൊണ്ടിടും. പിന്നെ ഉരച്ചുതേപ്പിച്ച് കുളിപ്പിക്കും. ചൊറിയും ചിരങ്ങും വരാതിരിക്കാനാണത്രെ. എന്നാലും എല്ലാ വര്‍ഷവും ഒരു ചടങ്ങുപോലെ, ചൊറിയും ചിരങ്ങുമൊക്കെ മിക്കവാറും ഉണ്ടാവും. സോപ്പിന് പകരം കൊട്ടമരത്തിന്റെ ഇല തേച്ചാണ്, അപ്പോഴൊക്കെ അമ്മ കുളിപ്പിക്കുക. നല്ല വേദനയാണ്. അപ്പോള്‍. അലറിക്കരഞ്ഞാലും, അമ്മ ദയവില്ലാതെ ഉരച്ച് വൃത്തിയാക്കും. പറഞ്ഞിട്ടും കേള്‍ക്കാതെ ഇട്‌ളിലെ വെള്ളത്തില്‍ നീന്തിമദിക്കാന്‍ പോയതിന്റെ ദേഷ്യമൊക്കെ അമ്മ അതില്‍ തീര്‍ക്കും. കുഞ്ചേച്ചിയൊക്കെ നിസ്സഹായയായി നോക്കിനില്‍ക്കുകയേയുള്ളൂ. 

Read More... മണിയമ്മയുടെ വക സ്‌നേഹത്തില്‍ കുഴച്ച ഒരുരുളചോറ്, അത് എനിക്കിന്നും സാന്ത്വനമാകുന്നു...

വര്‍ഷകാലത്ത്, തിരുവില്വാമലയ്ക്ക് കുളിര്‍മയുടെ ഒരു ഭാവമാണ്. തലങ്ങും വിലങ്ങും ഉള്ള പാറകളിലൂടെയൊക്കെ കുഞ്ഞുറവകള്‍ ഒഴുകിക്കൊണ്ടേയിരിക്കും. സൂക്ഷിച്ച് നടന്നില്ലെങ്കില്‍ വീഴ്ച ഉറപ്പ്. അത്രയും വഴുക്കലായിരിക്കും. വേനല്‍ക്കാലമായാല്‍ മറ്റൊരു രൂപത്തിലേക്ക് മാറും, എന്റെ നാട്. തനി ഉഷ്ണഭൂമിപോലെ. ചുറ്റുമുള്ള പാറകളില്‍നിന്നൊക്കെ വമിക്കുന്ന ചൂട്, ഇരുട്ടുന്നതുവരെ അനുഭവപ്പെടും. കരിഞ്ഞുതുടങ്ങുന്ന റബ്ബര്‍മരങ്ങള്‍ മനസ്സിലും ഉഷ്ണമുണര്‍ത്തും. കുളങ്ങള്‍ വറ്റിവരണ്ടുതുടങ്ങും. വഴിവക്കിലെ പൊതുപൈപ്പുകള്‍ മിക്കവാറും ശീല്‍ക്കാരം മാത്രം പുറപ്പെടുവിച്ചുകൊണ്ട്, നമ്മളെ നിരാശരാക്കും. മലര്‍ക്കുളവും പറക്കോട്ടുകാവിലെ കുളവും ഒക്കെ വേനലിന്റെ പിടിയില്‍ മുറുകും. അടിയില്‍ അവശേഷിക്കുന്ന അല്പം വെള്ളത്തിന് ചുവപ്പ്, കടുംപച്ച, ഇളംപച്ച തുടങ്ങിയ നിറഭേദങ്ങളുണ്ടാകും. അപ്പോള്‍ ഞങ്ങളുടെയൊക്കെ നീരാട്ട്, അടുത്തുതന്നെയുള്ള തേലക്കാട്ടെ കുളത്തിലേക്കോ ഭഗവതിച്ചിറയിലേക്കോ ഒക്കെ മാറ്റേണ്ടിവരും. 

തേലക്കാട്ടെ കുളത്തില്‍ കുളിക്കാന്‍പോകാന്‍ നല്ല രസമാണ്. വലിയ ബംഗ്ലാവിന്റെ മുറ്റത്തുകൂടി കുളത്തിലേക്കുള്ള വഴിയിലേക്ക് ഇറങ്ങുമ്പോള്‍ രണ്ടുവശവും നിറയെ സുഗന്ധരാജന്‍ ചെടികളാണ്. അവ എപ്പോഴും പൂത്തുലഞ്ഞ് അങ്ങനെ കിടക്കും. ഞങ്ങള്‍ കുട്ടികള്‍, അതിലെ പൂക്കള്‍ പൊട്ടിച്ച്, അതിന്റെ വലിയ ഇതളുകളില്‍നിന്ന് ഗോപിക്കുറിയുടെ ആകൃതിയില്‍ കഷണങ്ങള്‍ വെട്ടിയെടുത്ത് പരസ്പരം നെറ്റിയിലൊട്ടിക്കും. ആ മണം പരത്തുന്ന, വെളുത്ത ഗോപിക്കുറികള്‍ക്ക് പ്രത്യേക ചന്തമായിരുന്നു. 

ഭഗവതിച്ചിറ, നല്ല വലുപ്പമുള്ളതാണെങ്കിലും മിക്കവാറും, മലവട്ടത്തുള്ളവരെല്ലാം, വേനലില്‍ അവിടെ കുളിക്കാനെത്തുന്നതുകൊണ്ട്, നല്ല തിരക്കായിരിക്കും എപ്പോഴും. എന്നാലും പോകുന്ന ദിവസങ്ങളിലെല്ലാം, അക്കരെ-ഇക്കരെ നീന്തിയെത്തല്‍ ഒഴിവാക്കാനാവാത്ത ഒരു പതിവായിരുന്നു ഞങ്ങള്‍ക്ക്. വാര്യേത്തെത്തുമ്പോള്‍ അതിനുള്ള പ്രതിഫലമായി അമ്മയുടെ വക ശകാരം വയറുനിറച്ച് കിട്ടും, എന്നാലും. 

ഭാരതപ്പുഴയാകട്ടെ, വര്‍ഷകാലത്ത് ഇളകിച്ചുവന്ന് കരകവിഞ്ഞ്, തിമിര്‍ത്താടും. ഓണക്കാലമാവുമ്പോഴേക്കും കളകളം പൊഴിക്കുന്ന ശാന്തയായിമാറും. വേനലില്‍ കണ്ണീര്‍ച്ചാലുപോലെ നേര്‍ത്ത് ഓരത്തുകൂടെ ഒതുങ്ങിയൊഴുകും. അതൊക്കെ പണ്ട്. ഇപ്പോള്‍ പുഴയുടെ മാറത്ത് അടിച്ചിറക്കിയ മുള്ളാണികള്‍പോലെ മുള്‍ച്ചെടികള്‍, വെള്ളപ്പൂക്കളുമായി സിനിമാചിത്രീകരണത്തിനുവേണ്ടി തയ്യാറായി തലയാട്ടിനില്‍ക്കുന്ന പുല്‍ച്ചെടികള്‍. പക്ഷേ, ഇപ്പോള്‍ സിനിമാക്കാര്‍പോലും ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു.

ഒരുകാലത്ത്, മലര്‍ക്കുളം നിറയെ താമരയായിരുന്നു. വെള്ളയും റോസും നിറത്തിലുള്ള താമരകള്‍ നിറയെ വിരിഞ്ഞുനില്‍ക്കും. ഇടയ്‌ക്കൊക്കെ അമ്പലപ്പാട്ടെ വാസുണ്ണി നമ്പീശനും ദാമോദരന്‍ നമ്പീശനും വലിയ ചരക്കുകളില്‍ കുളത്തിലിറങ്ങി തുഴഞ്ഞുതുഴഞ്ഞുപോയി താമരപ്പൂക്കള്‍ പൊട്ടിക്കും. അത് കാണാന്‍ കുളക്കരയില്‍ ധാരാളം നാട്ടുകാരുണ്ടാവും. ആയിടയ്ക്കാണ്, നാഗയ്യന്റെ ഭാര്യ രാജിയമ്മ്യാര്‍ മലര്‍ക്കുളത്തില്‍ മുങ്ങിമരിക്കുന്നത്. പാവം, എന്നും ഞങ്ങളുടെ കടവിലാണ് കുളിക്കാന്‍ വരാറ്. കൂടെ എപ്പോഴും മക്കള്‍ കോന്തയും അനിയത്തി പ്രേമയും ഉണ്ടാവും. കോന്തയുടെ ശരിയായ പേര്, ബാലസുബ്രഹ്മണ്യന്‍ എന്നാണത്രെ. കുട്ടികളെ കുളിപ്പിച്ച്, കോന്തയുടെ ദേഹം മുഴുവന്‍ ഭസ്മം തേപ്പിച്ച് വാര്യേത്ത് ഞങ്ങളുടെ കൂടെ കളിക്കാന്‍ വിടും. അപ്പോള്‍ കോന്തയ്ക്ക് ശരിക്കും പഴനിമുരുകന്റെ ഛായയായിരുന്നു. ഒരുദിവസം ഞങ്ങളുടെ കടവില്‍നിന്ന് മാറി, മേലേവാര്യത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ്, രാജിയമ്മ്യാര്‍ മുങ്ങിമരിച്ചത്. അന്ന്, പക്ഷേ, മരണവിവരം അറിഞ്ഞതിനുശേഷം ഞങ്ങളെയൊന്നും പുറത്തിറങ്ങാന്‍ അമ്മയും വല്യമ്മമാരും ഒന്നും സമ്മതിച്ചില്ല. ആകപ്പാടെ ശോകമൂകമായ ഒരു അന്തരീക്ഷമായിരുന്നു. 

Nilavettamപിന്നീട്, കുറേ ദിവസത്തിനുശേഷമാണ് കോന്തയും പ്രേമയും കൂടി ഞങ്ങളുടെ കൂടെ കളിക്കാന്‍ വാര്യത്തേക്ക് വന്നുതുടങ്ങിയത്. പഴയ കളിചിരികളൊന്നും ഇല്ലാത്ത അവരെ, അമ്മ കുറേ നേരം ചേര്‍ത്തുനിര്‍ത്തി തലയില്‍ തലോടിക്കൊണ്ടിരുന്നു. കൈനിറയെ മിട്ടായിയും ബിസ്‌കറ്റും ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു. എന്തായാലും നാഗയ്യനും കുട്ടികളും അധികം വൈകാതെ വീടെല്ലാം വിറ്റ് നാട്ടില്‍നിന്ന് പോയി. അവരുടെ വീടിനോട് ചേര്‍ന്നായിരുന്നു ഞങ്ങളുടെ ഒരു സര്‍പ്പക്കാവ്. ഇപ്പോഴും ആ സര്‍പ്പക്കാവില്‍ പോകുമ്പോള്‍, നാഗയ്യനെയും രാജിയമ്മ്യാരെയും ഞങ്ങളുടെ കൂടെ കളിച്ചുനടന്ന കോന്തയെയും പ്രേമയെയും ഒക്കെ ഓര്‍ത്തുപോകും. കോന്തയും പ്രേമയും ഒക്കെ ഇപ്പോ എവിടെയാണാവോ. 

കല്യാണം കഴിഞ്ഞ്, ഇവിടെ പുള്ളില്‍ വന്നപ്പോള്‍, വെള്ളത്തിന്റെ നടുക്ക്, ഒരു ദ്വീപായിരുന്നു പുള്ള്. പുള്ളിന്റെ മുഖം ഋതുഭേദങ്ങള്‍ക്കനുസരിച്ച് മാറുന്നത് ഒരു അദ്ഭുതമായിരുന്നു. വര്‍ഷകാലത്ത് ഒരു വെള്ളിക്കഷണംപോലെയുള്ള ജലപ്പരപ്പായിരിക്കും. അത് കഴിയുമ്പോള്‍ നെല്‍ച്ചെടികളുടെ പച്ചപ്പട്ട് വാരിയണിയും പുള്ള്. പിന്നെ നെല്ല് വിളഞ്ഞുതുടങ്ങുമ്പോള്‍ പട്ടിന്റെ നിറം മഞ്ഞയാവും. പിന്നെ കൊയ്ത്ത് കഴിയുമ്പോഴേക്ക് അത് ഇളം തവിട്ടുനിറത്തിലുള്ള വേറൊരു പട്ടുകുപ്പായമാവും. എന്നും നിറഞ്ഞുകിടക്കുന്ന കിണറുകളും കൃഷിയാവശ്യത്തിന് വെള്ളം ശേഖരിച്ച തോടുകളും പുള്ളിന്റെ കുളിര്‍മയുടെ രഹസ്യമാണ്. 

നാഗര്‍കോവിലിലായിരുന്നപ്പോഴാണ് ശരിക്കും വെള്ളത്തിന്റെ വില മനസ്സിലാക്കുന്നത്. ചില പ്രദേശങ്ങളില്‍ 15 ദിവസത്തിലൊരിക്കലും ചില സ്ഥലത്ത് ആഴ്ചയിലൊരിക്കലും ചിലയിടങ്ങളില്‍ ഒന്നരാടവും ഒക്കെയായിരുന്നു വീടുകളില്‍ വെള്ളം വരുന്നത്. വലിയ ടാങ്കുകള്‍ കെട്ടി വെള്ളം ശേഖരിച്ചുവയ്ക്കും. സ്വന്തം വീടുള്ളവര്‍ ഭൂമിക്കടിയിലേക്ക് കുളംപോലെ കെട്ടിയുണ്ടാക്കി വെള്ളം ശേഖരിച്ചുവയ്ക്കും. വെള്ളത്തിന്റെ ലഭ്യതയനുസരിച്ചാണ് വീടുകള്‍ക്ക് വാടക കൂടുന്നത്. 

ഒന്നരാടം ദിവസങ്ങളില്‍ വെള്ളം വരുന്ന വീടുകളില്‍ താമസിക്കുന്നവര്‍, അവിടത്തെ ഭാഷയില്‍ പറഞ്ഞാല്‍ 'പണ്ണൈയാര്‍മാര്‍' ആയിരുന്നു. മിക്കവാറും ഞങ്ങള്‍ വാടകയ്ക്ക് താമസിച്ച വീടുകളില്‍ വെള്ളം ധാരാളമുണ്ടായിരുന്നു. അങ്ങനെ, കൊച്ചു പണ്ണൈയാര്‍മാര്‍ ആയിരുന്നതുകൊണ്ട്, ഞങ്ങളുടെ വീട്ടില്‍ എന്നും കൂട്ടുകാരായ വിരുന്നുകാര്‍ പതിവാണ്. കൂട്ടുകാര്‍ എല്ലാവരും കുളിയും തേവാരവും ഒക്കെ കഴിഞ്ഞേ മടങ്ങൂ. പതിനഞ്ചുദിവസത്തിലൊരിക്കല്‍ വെള്ളം വരുന്ന വീടുകളില്‍, വെള്ളം വരുമ്പോള്‍, ഒഴിഞ്ഞ ടീസ്പൂണുകളില്‍പോലും വെള്ളം ശേഖരിച്ചുവയ്ക്കുന്നത്ര ദാരിദ്ര്യമായിരുന്നു അന്നൊക്കെ അവിടെ. 

കണ്ണൂരില്‍, പുതിയതെരുവിലായിരുന്നപ്പോഴും വെള്ളം ഒരു വിശിഷ്ടവസ്തുതന്നെയായിരുന്നു. രണ്ടേക്കറോളം വരുന്ന പറമ്പിന്റെ ഒരറ്റത്തായിരുന്നു, അന്നത്തെ ഒരു വാടകവീടിന്റെ കിണര്‍. രണ്ട് നിലകളിലായി നാല് വീടുകളിലേക്ക് അതില്‍നിന്ന് വെള്ളം വേണം. പമ്പ്ചെയ്യുന്ന വെള്ളത്തിന്റെ മുക്കാല്‍ ഭാഗവും താഴേ നിലകളിലുള്ളവര്‍ക്കേ കിട്ടൂ. അവര്‍ പൈപ്പുകള്‍ അടയ്ക്കുമ്പോള്‍ മാത്രം ഒരു അപൂര്‍വവസ്തുപോലെ ഒരല്പം വെള്ളം മേലേനിലയില്‍ താമസിക്കുന്ന ഞങ്ങള്‍ക്ക് കിട്ടിയാലായി. അതില്‍നിന്ന് രക്ഷനേടാന്‍, ദൂരേ കിണറ്റില്‍നിന്ന് വെള്ളം കോരി മുകളില്‍ പാത്രങ്ങളില്‍ നിറയ്ക്കാന്‍ വീടിന്റെ അടുത്തുള്ള ചന്ദ്രനെ നിയമിക്കുകയായിരുന്നു. ചന്ദ്രന്റെ കഷ്ടപ്പാടോര്‍ത്ത് ഞങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കും. ചന്ദ്രനാണെങ്കില്‍, അതുവഴി കിട്ടുന്ന പൈസകൊണ്ട് പുതിയ ബാങ്ക് അക്കൗണ്ട്വരെ തുടങ്ങീത്രെ. എന്തായാലും വെള്ളപ്രശ്‌നമില്ലാത്ത വേറെ വീട് കിട്ടിയപ്പോള്‍ അങ്ങോട്ട് മാറുകയായിരുന്നു ഞങ്ങള്‍. അവിടെനിന്നാണ് വെള്ളത്തിന്റെ സമൃദ്ധി അനുഭവിച്ചുതുടങ്ങിയത്. 

അന്നുമുതല്‍, സമൃദ്ധമായ വെള്ളമുള്ള കിണറുമായി ഒരു കുഞ്ഞുവീട്. അത് ഞാന്‍ സ്വപ്‌നംകണ്ടുതുടങ്ങി. മുറ്റം നിറയെ വെള്ളത്തില്‍ നനഞ്ഞ്, പൂത്തുലഞ്ഞുനില്‍ക്കുന്ന ചെടികള്‍. തുറക്കുമ്പോള്‍ മൃദുവായ സ്പര്‍ശനംപോലെ പതഞ്ഞൊഴുകുന്ന ടാപ്പുകള്‍. വര്‍ഷക്കാലത്തും വേനല്‍ക്കാലത്തും സുഭിക്ഷമായി വെള്ളം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു സ്വന്തം കിണര്‍. അതില്‍ തുടിച്ചുകോരാന്‍പാകത്തിന് ഒരു തുടിയും കയറും ബക്കറ്റും. അങ്ങനെ എന്റെ സ്വപ്‌നങ്ങള്‍ക്ക് ഒരു വ്യക്തത ഉണ്ടായിത്തുടങ്ങി. 

ആയിടയ്ക്കാണ് പുള്ളിലെ വീട് ഭാഗപ്രകാരം ഞങ്ങളുടെ കൈവശം വന്നുചേരുന്നത്. ഈ ഓണംകേറാമൂലയിലെ കൊച്ചുവീട് മാധേട്ടന്റെ സഹോദരങ്ങള്‍ മറ്റാര്‍ക്കും വേണ്ടായിരുന്നു. ഞാനും മാധേട്ടനും കുട്ടികളും കൂടി പക്ഷേ, അത് രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. എനിക്ക് അക്കാര്യത്തില്‍ പ്രത്യേക താത്പര്യം ഇവിടത്തെ പ്രകൃതിഭംഗിയോടും എന്റെ സ്വപ്‌നങ്ങളിലുള്ളതുപോലത്തെ ഈ കൊച്ചുവീടിനോടും ഒരിക്കലും വറ്റാത്ത ഇവിടത്തെ കിണറിനോടുംതന്നെയായിരുന്നു. 

പക്ഷേ, ഒരിക്കല്‍ ഇവിടത്തെ ജലദേവതയും ഒന്ന് ഉഗ്രതാണ്ഡവമാടി. രണ്ടുവര്‍ഷംമുന്‍പ്. തീരേ പ്രതീക്ഷിക്കാതെ. തിമര്‍ത്തുപെയ്യുന്ന മഴയും പുല്‍നാമ്പുകളും പച്ചപ്പടര്‍പ്പുമെല്ലാം വെള്ളത്തിനടിയിലാവുന്നതും ഒക്കെ കാണാന്‍ ഓരോ വര്‍ഷകാലത്തും ഉത്സാഹമായിരുന്നു. കോളിന് നടുവിലൂടെയുള്ള റോഡിന്റെ ഇരുവശത്തുമുള്ള കരിങ്കല്‍ക്കെട്ടില്‍ കേറിക്കേറിവരുന്ന ജലവിതാനം നോക്കി സന്തോഷിക്കാറുണ്ട്, എല്ലാത്തവണയും. പക്ഷേ, അത്തവണ പുള്ള് ദ്വീപിനെ മൊത്തം കായലാക്കിമാറ്റാനുള്ള പ്രകൃതിയുടെ ഗൂഢോദ്ദേശ്യം മനസ്സിലാക്കിവന്നപ്പോഴേക്കും എല്ലാവരും മൊത്തം പരിഭ്രാന്തരായി നെട്ടോട്ടമോടിത്തുടങ്ങി. നാലുഭാഗവുമുള്ള റോഡുകളെയൊക്കെ മുക്കിക്കൊണ്ട്, വെള്ളമങ്ങനെ തള്ളിക്കയറിവരുകയായിരുന്നു. കഞ്ഞിവെള്ളം വീണ് പൊള്ളി, ഉണക്കംപിടിക്കാത്ത കാലുമായി, പെട്ടെന്ന് ഒരാവശ്യം വന്നാല്‍ ഒരു ആശുപത്രിയിലേക്കുപോലും പോകാന്‍വഴിയില്ലല്ലോ എന്ന ചിന്തയുമായി ഇരിക്കുമ്പോഴാണ് രമച്ചേച്ചിയുടെയും രവിയേട്ടന്റെയും രൂപത്തില്‍ ഗുരുജിയുടെ സഹായം എത്തുന്നത്. പുള്ളിലെ ദേവിയെ പ്രാര്‍ഥിച്ച്, ദേവിയുടെ കാല്‍ക്കല്‍ വീട് സമര്‍പ്പിച്ചുകൊണ്ട് വാതിലും പൂട്ടി ഇറങ്ങുകയായിരുന്നു. നാലുഭാഗവും ഇരമ്പിയെത്തുന്ന വെള്ളത്തെ തള്ളിമാറ്റി ഒല്ലൂരില്‍ രമച്ചേച്ചിയുടെ വീട്ടിലേക്ക് വെച്ചുപിടിക്കുകയായിരുന്നു. പിന്നെ ദിവസങ്ങളോളം നീണ്ട വെള്ളത്തിന്റെ സംഹാരതാണ്ഡവം നേരിട്ടറിയാതെ, ടെലിവിഷനിലൂടെ നോക്കിക്കണ്ടറിഞ്ഞു. പുള്ളിലെ മിക്കവാറും വീടുകളില്‍ വെള്ളം കയറിയതും മിക്കവാറും എല്ലാ പുള്ളുകാരും ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറിയതും വെള്ളത്തിന്റെ നിരപ്പ്, അമ്പലത്തില്‍നിന്ന് ഞങ്ങളുടെ വീട്ടിലേക്കുള്ള ചവിട്ടുപടിവരെ വന്ന് തിരിച്ച് ഇറങ്ങാന്‍തുടങ്ങിയതുമായ വാര്‍ത്തകള്‍ തത്സമയം അവിടെയിരുന്ന് അറിഞ്ഞുകൊണ്ടിരുന്നു. ആ ദിവസങ്ങളിലെ രമച്ചേച്ചിയുടെയും രവിയേട്ടന്റെയും സ്‌നേഹോഷ്മളമായ കരുതലുകള്‍ തീര്‍ച്ചയായും മനസ്സിലെ വിഭ്രാന്തികള്‍ക്ക് ഒരു ആശ്വാസംതന്നെയായിരുന്നു. 

Read More... 'ഇനി കുട്ടി വരുമ്പോള്‍ അമ്മായിക്ക് ഒന്നും കൊണ്ടുവരണ്ടാട്ടോ, അമ്മായിയെ വെറുതേ കാണാന്‍ വന്നാല്‍ മതി'

പിന്നീട്, പുള്ള് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതുവരെ രമച്ചേച്ചിയുടെയും രവിയേട്ടന്റെയും കൂടെ ഒരു സുഖവാസം. അതുകൊണ്ട്, അപ്പോഴും പുള്ള് തന്റെ ഭീതിദമായ മുഖം എന്നെ കാണിക്കുകയുണ്ടായില്ല എന്ന് ധ്വനി. ഇപ്പോള്‍ ഇവിടെയും വേനല്‍ കടുത്തുതുടങ്ങിയിരിക്കുന്നു. പുറത്ത് വേനല്‍ച്ചൂടിന്റെ തീക്ഷ്ണതയുണ്ടെങ്കിലും അകത്തളങ്ങളില്‍ കുളിര്‍മതന്നെ. കൃഷിക്കുവേണ്ടി കെട്ടിനിര്‍ത്തിയ തോട്ടിലെ വെള്ളത്തില്‍ കൊട്ടവഞ്ചിയും സാധാരണ വഞ്ചിയും ഒക്കെ ഇറക്കി പുറംനാടുകളില്‍നിന്ന് വരുന്നവരെ പുള്ളിന്റെ ജലസമൃദ്ധി അറിയിക്കുന്നു പുള്ളുകാര്‍. താമരക്കുളത്തിലെ വിരിഞ്ഞതും വിരിയാത്തതുമായ താമരകള്‍ നവവധൂവരന്മാരുടെ ആല്‍ബങ്ങളില്‍ ഒഴിവാക്കാന്‍പറ്റാത്ത ഒരു ഘടകമായിമാറിയിരിക്കുന്നു ഈയിടെയായി. എപ്പോഴെങ്കിലും കടന്നുവരുന്ന ഒന്നോ രണ്ടോ വാഹനങ്ങള്‍ക്ക് പകരം, ഇപ്പോള്‍ നിരനിരയായി വാഹനങ്ങളും വൈകുന്നേരങ്ങളില്‍ ജനനിബിഡമാകുന്ന റോഡുകളും സജീവമാകുന്ന തട്ടുകടകളും ഒക്കെ ഞങ്ങള്‍ക്ക് ഇവിടത്തെ സ്വകാര്യത കുറേശ്ശയായി നഷ്ടമാക്കുന്നുണ്ടെങ്കിലും പുള്ളുകാര്‍ ആ അന്തരീക്ഷത്തിലും ജീവിക്കാന്‍ പഠിച്ചിരിക്കുന്നു. നേരിടേണ്ടിവരുന്ന പരിതസ്ഥിതിയെയും ആളുകളെയും അതേപടി നേരിടാന്‍ പഠിച്ച് പ്രബുദ്ധരായിരിക്കുന്നു. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija warrier share memories about Monsoon season on her childhood days