ബാംഗ്ലൂരിലെ ഈ തണുത്തകാറ്റിന് എന്റെ അമ്മായിയുടെ ഗന്ധമുണ്ട്. വല്ലപ്പോഴുമേ ഇവിടെ വരാറുള്ളൂ എങ്കിലും വരുമ്പോഴൊക്കെ അമ്മായിയെ കണ്ടിട്ടേ പോകാറുള്ളൂ. അതിനുവേണ്ടിത്തന്നെ ഒരുദിവസം മാറ്റിവെച്ചാലേ അമ്മായിക്കും എനിക്കും സമാധാനമാവാറുള്ളൂ.
പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട് അമ്മായിയുടെ എന്നോടുള്ള പെരുമാറ്റത്തില്‍. പ്രത്യേകിച്ചും അമ്മായിയുടെ അവസാന നാളുകളില്‍. ഞാന്‍ നാട്ടിലും അമ്മായി ബാംഗ്‌ളൂരും ആണെങ്കിലും മിക്കവാറും എന്നും ഫോണ്‍ ചെയ്യണം. അല്ലെങ്കില്‍ ഇങ്ങോട്ട് വിളിയാകും. പ്രത്യേകിച്ച് വിശേഷമൊന്നും പങ്കുവയ്ക്കാനില്ലെങ്കിലും അമ്മായിക്ക് അത് ഒരു ആശ്വാസമാണത്രെ. എല്ലാം തമാശമട്ടില്‍ പോസിറ്റീവ് ആയിക്കാണുന്ന ആരോടെങ്കിലും കുറച്ചുനേരം സംസാരിക്കുന്നത് അമ്മായിക്ക് ആത്മവിശ്വാസം കൊടുക്കാറുണ്ടത്രെ. ഞാന്‍ അത്തരത്തിലുള്ള ഒരാളാണെന്നാണ് അമ്മായി പറയുക. എനിക്ക് എന്തെങ്കിലും തിരക്കാണെങ്കില്‍, മാധേട്ടനോടാവും അമ്മായിയുടെ വാചകമടി. മാധേട്ടന്റെ കുസൃതികളും തമാശകളും ഒക്കെ അമ്മായിക്ക് വല്യ ഇഷ്ടമായിരുന്നു...

ഞങ്ങളൊക്കെ കുട്ടിമാന്‍ എന്നുവിളിക്കുന്ന ഞങ്ങളുടെ അമ്മയുടെ സഹോദരന്റെ ഭാര്യയാണ് ഭാഗ്യലക്ഷ്മി എന്ന അമ്മായി. ഞങ്ങള്‍ സ്‌നേഹപൂര്‍വം 'കുട്ടിമായി' എന്ന് വിളിക്കും. മലേശമംഗലത്തെ അമ്മായി, മൂര്യേത്തെ അമ്മായി തുടങ്ങി വേറെയും അമ്മായിമാര്‍ ഉണ്ടായിരുന്നെങ്കിലും വെറും 'അമ്മായി' എന്നുപറഞ്ഞാല്‍ കുട്ടിമായി ആണെന്ന് എല്ലാവരും മനസ്സിലാക്കുമായിരുന്നു.

അമ്മായിക്ക്, ഒരു താരപരിവേഷമായിരുന്നു ഞങ്ങളുടെ ഇടയില്‍. എനിക്ക് ഓര്‍മവച്ചകാലത്ത് കുട്ടിമാനും അമ്മായിയും അങ്ങ് കല്‍ക്കത്തയിലായിരുന്നു. അവരെ കാണുമ്പോഴൊക്കെ കല്‍ക്കത്ത ഏതോ വലിയൊരു സ്വര്‍ഗമാണെന്നും അവര്‍ രണ്ടുപേരും അവിടത്തെ രാജാവും രാജ്ഞിയും ഒക്കെ ആണെന്നും എനിക്ക് തോന്നും. വര്‍ഷത്തില്‍ ഒരിക്കലോ, അല്ലെങ്കില്‍ തറവാട്ടില്‍ എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കിലോ ഒക്കെ കുട്ടിമാനും അമ്മായിയും പറന്നെത്തും. പിന്നെ തറവാട്ടില്‍ ഒരു ഉത്സവാന്തരീക്ഷമാണ്. അമ്മയ്ക്കും വല്യമ്മയ്ക്കും ഒക്കെ അടുക്കളയില്‍ വറുക്കലും പൊരിക്കലുമൊക്കെയായി തിരക്കോടുതിരക്കായിരിക്കും. കുട്ടിമാനും കുടുംബവും എത്തുമ്പോഴാണ് തറവാട്ടിലെ തെക്കിന്റെ മുകള്‍ സജീവമാവുക. പണിക്കാര്‍ മിക്കവാറും ദിവസങ്ങളില്‍ അവിടെ വൃത്തിയാക്കാറുണ്ടെങ്കിലും കുട്ടിമാന്‍ വരുന്നെന്നറിഞ്ഞാല്‍ ഒരു സ്പെഷല്‍ വൃത്തിയാക്കലാണ് പിന്നെ, മുത്തശ്ശിയുടെ മേല്‍നോട്ടത്തില്‍.

വല്യമ്മമാരുടെ മക്കളും മറ്റ് അമ്മാമന്മാരും എല്ലാവരും എത്തും. എല്ലാവര്‍ക്കും അവരുടെതായ വിശേഷങ്ങളും പരാതികളും ഒക്കെ പങ്കുവയ്ക്കാനുണ്ടാവും കുട്ടിമാനോട്. കൃഷിസ്ഥലങ്ങള്‍ നോക്കിനടത്തുന്നതുതൊട്ട് മക്കളുടെ കല്യാണാലോചനകള്‍, തറവാട് ഭാഗംവയ്ക്കല്‍വരെയുള്ള വിഷയങ്ങള്‍ തെക്കിന്റെ മുകളിലെ മുറിയില്‍ ചര്‍ച്ചാവിഷയമാവും. കുട്ടിമാന്‍ എപ്പോള്‍ നാട്ടില്‍ വരുമ്പോഴും അമ്മായിയെയുംകൊണ്ടേ വരൂ. തെക്കിന്റെ മുകളില്‍ സദസ്സ് വല്ലാണ്ട് സജീവമാകുമ്പോള്‍ അമ്മായി മകന്‍ പ്രകാശേട്ടന്റെ കൈയുംപിടിച്ച് ചെറിയ കുട്ടി ആനന്ദിനെ ഒക്കത്തേന്തി താഴേക്ക് ഇറങ്ങിപ്പോരും. എപ്പോഴും ഒരു രാജകുമാരിയെപ്പോലെ നനുനനുത്ത സില്‍ക്ക് സാരികളാണ് അമ്മായി ഉപയോഗിക്കുക. അമ്മായി അടുത്തുവരുമ്പോഴേ എന്തിന്റെയെന്നറിയാത്ത ഒരു പരിമളം അന്തരീക്ഷത്തില്‍ ഉയരും. 

അടുക്കളയില്‍ പാചകത്തില്‍ സഹായിക്കാനൊന്നും മുത്തശ്ശി അമ്മായിയെ ഒരിക്കലും സമ്മതിക്കാറില്ല. അമ്മായി, വാരസ്യാര്‍ അല്ലാത്തതുകൊണ്ടുള്ള, മുത്തശ്ശിയുടെ ഒരു 'ഇത്'... ആണെന്ന് ഒരു സംസാരം ഉയര്‍ന്നുവരാറുണ്ടെങ്കിലും മുത്തശ്ശി സമ്മതിക്കില്ല. 'ഇവിടെ പണ്യെട്ക്കാന്‍ ഇഷ്ടംപോലെ ആള്‍ക്കാരുണ്ടല്ലോ... ഭാഗ്യം അവടെങ്ങാനും ഇരുന്നോട്ടെ'എന്നാണ് മുത്തശ്ശി പറയുക. എന്തായാലും അടുക്കളയില്‍ ചുമരുംചാരിനിന്ന്, അമ്മയോടും വല്യമ്മയോടും ഒക്കെ കുറെനേരം വര്‍ത്തമാനംപറഞ്ഞുനില്‍ക്കും അമ്മായി. പിന്നെ, ഞങ്ങള്‍ കുട്ടികളുടെ കൂടെ കൂടും. പ്രകാശേട്ടന്റെ ഇംഗ്ലീഷ് കലര്‍ന്ന സംസാരം ഞങ്ങള്‍ക്കാര്‍ക്കും അധികം ദഹിക്കാത്തതുകൊണ്ട് ഞങ്ങളോട് പ്രകാശേട്ടന്‍ അധികം കൂട്ടില്ലായിരുന്നു. എന്നാലും രാത്രികാലങ്ങളില്‍, തെക്കിനിയില്‍ എല്ലാവരുംകൂടി ഒത്തുചേരുമ്പോള്‍ പ്രകാശേട്ടന്റെ വക പലതരം കലാപരിപാടികള്‍ ഉണ്ടാവും ആസ്വദിക്കാന്‍. പ്രകാശേട്ടന്റെ 'വെള്ളം വെള്ളം' പോലെയുള്ള ഇംഗ്ലീഷ്, ഒന്നും മനസ്സിലാവില്ലെങ്കിലും, കേള്‍ക്കാന്‍ നല്ല രസമായിരുന്നു. പ്രകാശേട്ടന്റെ അനുജന്‍ ആനന്ദ് അന്ന് തീരെ ചെറിയ കുട്ടിയായിരുന്നു.

കല്‍ക്കത്തയില്‍നിന്ന് ഞങ്ങള്‍ക്കുവേണ്ടി കൊണ്ടുവന്ന സാധങ്ങള്‍ നിറച്ച പെട്ടി എല്ലാവരുടെയും മുന്നില്‍, തെക്കിനിയില്‍വെച്ചാണ് അമ്മായി തുറക്കുക. എല്ലാവര്‍ക്കും എന്തെങ്കിലും കൊച്ചുകൊച്ച് സാധനങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടാവും, അമ്മായി. പൗഡര്‍, വളകള്‍, നല്ല മണമുള്ള സോപ്പുകള്‍, മാലകള്‍, മുതിര്‍ന്നവര്‍ക്ക് സാരികള്‍, ഒരു പരിചയവുമില്ലാത്ത ചില മധുരപലഹാരങ്ങള്‍... അങ്ങനെ പലതും ഉണ്ടാവും പെട്ടിയില്‍. വല്യമ്മമാര്‍ക്കൊക്കെ കുട്ടിമാന്‍ പൈസയാണ് കൊടുക്കുക. പുതുമ മാറാത്ത നോട്ടുകളുടെ ഓരോ കെട്ട് കുട്ടിമാന്‍ അവരുടെ കൈകളില്‍ വെച്ചുകൊടുക്കും. എന്റെ അമ്മയ്ക്കുമാത്രം ഒന്നും കൊടുക്കില്ല. അതെനിക്ക് ഭയങ്കര സങ്കടമാവും. ഒരിക്കല്‍ എനിക്ക് അമ്മായി സമ്മാനിച്ച 'സിന്തോള്‍'പൗഡറിന്റെ ടിന്‍ ആരുംകാണാതെ ഞാന്‍ അമ്മയ്ക്ക് കൊടുത്തു.
'ഇത് അമ്മ എടുത്തോളൂ... എനിക്ക് പൗഡര്‍ ഇഷ്ടല്ല്യാ'
അപ്പോഴാണ് അമ്മയുടെ കണ്ണുകള്‍ നിറയുന്നത് ആദ്യമായി ഞാന്‍ കണ്ടത്.
'ഇത് കുട്ട്യന്നെ വെച്ചോളൂ, പുറത്തേക്കുപോവുമ്പൊഴൊക്കെ ഇടാല്ലോ'എന്നുപറഞ്ഞ് അമ്മ തലയില്‍ തലോടുമ്പോള്‍ എന്റെയും കണ്ണുകള്‍ നിറയും.

രാത്രി അമ്മയുടെ ചൂടുപറ്റി ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും എന്റെയുള്ളില്‍ ആ ചിന്ത ഉണര്‍ന്നുവന്നു. മടിച്ചുമടിച്ചാണെങ്കിലും അന്ന് അമ്മയോട് ചോദിച്ചു, 'എന്താമ്മേ, അമ്മയ്ക്കുമാത്രം കുട്ടിമാന്‍ പൈസയൊന്നും തരാത്തേ'ന്ന് 
'അത് നല്ലതല്ലേ. വല്ല്യച്ഛന്മാര്‍ രണ്ടുപേരും മരിച്ചുപോയില്ലേ. അവര്‍ക്കല്ലേ പൈസയുടെ ആവശ്യം. നമുക്ക് നമ്മുടെ അച്ഛനുണ്ട്, അച്ഛന് ജോലീംണ്ടല്ലോ... പിന്നെന്തിനാ, നമുക്ക് വേറെ പൈസ. ഈ കുട്ടീടെ ഒരു കാര്യം...' എന്നുപറഞ്ഞ് അമ്മ വിഷയം മാറ്റും.
കുറച്ചുദൂരെ ഞങ്ങള്‍ പഠിച്ചിരുന്ന സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ അടുത്തായിരുന്നു അമ്മായിയുടെ വീട്. ഗ്രൗണ്ടിന്റെ വശത്തുകൂടെ ഇറങ്ങി പാടത്തിന്റെ വക്കത്തുള്ള വലിയൊരു ബംഗ്ലാവ്. അതായിരുന്നു അമ്മായിയുടെ വീട്. അങ്ങോട്ടുപോകുമ്പോള്‍ അമ്മായി എന്നെയും കൂടെ കൂട്ടും. ഇടയ്ക്ക് ഇതുപോലെ കുട്ടിമാനും അമ്മായിയും ഒക്കെ വരുമ്പോഴാണ് കാറില്‍ കേറാനുള്ള അവസരം കിട്ടുക. 'കുട്ടി കൂടെ പോരുണ്വോ,' എന്ന് അമ്മായി ചോദിക്കേണ്ട താമസം, ഉള്ളതില്‍ ഏറ്റവും നല്ല ഉടുപ്പൊക്കെയിട്ട് ഞാന്‍ റെഡിയാവും. താലപ്പൊലിപ്പാറയുടെ അറ്റംവരെയേ അന്നൊക്കെ വാഹനങ്ങള്‍ വരൂ. അമ്മായിയുടെ അനുജന്‍ ദാമുവമ്മാവന്‍, സ്വന്തം കാറുംകൊണ്ട്, കുട്ടിമാനെയും അമ്മായിയെയും വിളിക്കാന്‍ വന്നിട്ടുണ്ടാവും. പാതവക്കത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ കേറി, ഗമയില്‍ അങ്ങനെ ഇരിക്കുമ്പോള്‍, ഞാനും അമ്മായിയെപ്പോലെ ഒരു രാജകുമാരിയാണെന്നൊക്കെ സ്വയം തോന്നും.

ഉച്ചയൂണുകഴിഞ്ഞ്, അങ്ങോട്ട് പുറപ്പെട്ടാല്‍ വിഭവസമൃദ്ധമായ ചായകുടിക്കുശേഷം സന്ധ്യയോടെയാണ് തിരിച്ചുപോരുക. കുട്ടിമാന്‍ അവിടെ താമസിക്കാന്‍ കൂട്ടാക്കാത്തതുകൊണ്ട്, അമ്മായിയും കൂടെത്തന്നെ തിരിച്ചുപോരും. തിരിച്ചുപോരുന്നതുവരെ അമ്മായിയുടെ അമ്മയും ദാമുവമ്മാവനും അനുജത്തി നളിനിച്ചേച്ചിയുംകൂടി കുട്ടിമാനെ സല്‍ക്കരിച്ചുകൊണ്ടേയിരിക്കും. ആ സമയം മുഴുവന്‍ ഒരു മ്യൂസിയംപോലെയുള്ള ആ ബംഗ്ലാവിലെ അദ്ഭുതങ്ങള്‍ കണ്ടുനടക്കാനായിരുന്നു എനിക്കിഷ്ടം. നളിനിച്ചേച്ചി കൂട്ടിലിട്ടുവളര്‍ത്തുന്ന പലനിറത്തിലുള്ള കുഞ്ഞിക്കിളികളെയും ഫിഷ് ടാങ്കിലുള്ള അഴകുള്ള മീനുകളെയും ഒക്കെ കാണിച്ചുതരും. എനിക്ക് അതൊക്കെ ഒരു പുത്തന്‍ അനുഭവമായിരുന്നു. കുട്ടിമാനെ എങ്ങനെയൊക്കെയാണ് സല്‍ക്കരിക്കേണ്ടത് എന്ന് അറിയാത്തപോലെയാണ്, അവര്‍ക്ക്. അത് അവര്‍ കുട്ടിമാന്റെ മരുമക്കളായ ഞങ്ങളോടും കാണിക്കാറുണ്ട് ട്ടോ...

അമ്മായി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുക കട്ടിച്ചില്ലുള്ള കണ്ണടയും എപ്പോഴും ചുമലിലൂടെ ഒഴുകുന്നപോലെ ധരിക്കുന്ന നനുനനുത്ത സില്‍ക്ക് സാരികളും ചുറ്റും തങ്ങിനില്‍ക്കുന്ന സുഗന്ധവും ഒക്കെയാണ്. ആ കണ്ണടയുടെ അടിയിലെ കണ്ണുകളില്‍, ഒന്ന് നിര്‍ജീവമാണെന്നും അത് അറിയാതിരിക്കാനാണ്, കട്ടിക്കണ്ണട വെക്കുന്നതെന്നും ഒക്കെ ഒരുപാട് വൈകിയാണ് ഞാന്‍ അറിഞ്ഞത്. അതും മുത്തശ്ശി പറഞ്ഞ്. പക്ഷേ, അപ്പോഴും അമ്മായിയുടെ സൗന്ദര്യത്തിന് ഒരു കുറവും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടേയില്ല. കാരണം അമ്മായി സ്വന്തം സൗന്ദര്യത്തിന്റെ കാര്യത്തില്‍ അത്രയും ബോധവതിയായിരുന്നു..

ഒരിക്കല്‍ എനിക്ക് അസുഖം വന്നപ്പോള്‍ അമ്മായി എന്നോട് അക്കാര്യം നേരിട്ട് ഫോണില്‍ സംസാരിക്കുകയും ചെയ്തു. 'കുട്ടി പേടിക്ക്യൊന്നും വേണ്ട. എനിക്ക് അസുഖം വന്നപ്പോള്‍ പോയതാണ്, എന്റെ ഒരു കണ്ണ്. എന്നിട്ട് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ജീവിച്ചിരിക്ക്യല്ലേ. അതിലൊന്നും ഒരു കാര്യവും ഇല്ല. നമ്മുടെ മനസ്സിലെ ധൈര്യവും ആത്മവിശ്വാസവുമാണ്, അതിജീവനത്തിന്റെ പിന്‍ബലം. അത് കുട്ടിക്ക് വേണ്ടുവോളം ഉണ്ടെന്നാണ് എന്റെ വിശ്വാസം.'ആ വാക്കുകള്‍ എനിക്ക് ശരിക്കും അമൃതുപോലെത്തന്നെയായിരുന്നു. ധൈര്യംതന്ന പലരില്‍ പ്രമുഖ എന്റെ അമ്മായിതന്നെയായിരുന്നു. ഒരുപക്ഷേ, അതിനുശേഷമായിരിക്കും എനിക്ക് അമ്മായിയോടും അമ്മായിക്ക് എന്നോടും അത്രയും അടുപ്പം തോന്നിത്തുടങ്ങിയത്. ഒരേ തൂവല്‍പ്പക്ഷികളുടെ ഒരു കൂട്ടായ്മപോലെ...

വര്‍ഷങ്ങള്‍ക്കുശേഷം കുട്ടിമാനും അമ്മായിയും കല്‍ക്കത്തയില്‍നിന്ന് ചെന്നൈയിലേക്ക് മാറി. അവര്‍ അവിടെ താമസം തുടങ്ങുമ്പോഴേക്കും ഞങ്ങളും കല്യാണം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് ചേക്കേറിയിരുന്നു. അതുകൊണ്ട് ഇടയ്‌ക്കെല്ലാം അങ്ങോട്ടൊരു സന്ദര്‍ശനം പതിവുണ്ടായിരുന്നു ഞങ്ങള്‍ക്ക്. അങ്ങോട്ട് ചെല്ലുമ്പോള്‍ ഞങ്ങളെ സല്‍ക്കരിക്കാനും ഞങ്ങളുടെ കൂടെ പുറത്തൊക്കെ ചുറ്റിക്കറങ്ങാനും ഒക്കെ അമ്മായിക്ക് നല്ല താല്‍പര്യമായിരുന്നു. അവരുടെ തൊട്ട് അയല്‍പക്കമായിരുന്ന സിനിമാനടന്‍ പ്രേംനസീറിന്റെ വീടൊക്കെ കാണിച്ചുതരാനും ഒക്കെ വല്യ ഉത്സാഹമായിരുന്നു അമ്മായിക്ക്. പക്ഷേ, അപ്പോഴേക്ക് കുട്ടിമാന്റെ ആരോഗ്യം കുറേശ്ശ ക്ഷയിച്ചുതുടങ്ങിയിരുന്നു. അമ്മായിയുടെ പുറത്തേക്കുള്ള യാത്രകള്‍ വളരെ ചുരുക്കമായിത്തുടങ്ങി.

ഓരോ തവണയും കുട്ടിമാനെയും അമ്മായിയെയും കാണാന്‍ ചെല്ലുമ്പോള്‍ അമ്മായിക്ക് എന്റെ വക ഒരു സമ്മാനം, അത് പതിവായിരുന്നു. മിക്കവാറും കസവുള്ള കേരളസാരികള്‍തന്നെയാണ് പതിവ്. അത് സ്വീകരിക്കുമ്പോള്‍ അമ്മായിയുടെ മുഖം തിളങ്ങും.
'കുട്ടി, മുണ്ടും വേഷ്ടീം മാത്രം കൊണ്ടുവരാതിരുന്നാല്‍ മതി. അതുടുക്കാന്‍ എനിക്കറിയൂംല്യ. സാരി ഏതായാലും അമ്മായിക്ക് ഇഷ്ടാണേനീം'- അങ്ങനെയാണ്, അമ്മായി പറയുക.

അതൊക്കെ കഴിഞ്ഞ് പിന്നീട്, അമ്മായിയെ നേരിട്ട് കാണുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. കുട്ടിമാന്‍ മരിച്ചതിനുശേഷം. അപ്പോഴേക്ക് അമ്മായി ചെന്നൈയില്‍നിന്ന്, ബാംഗ്‌ളൂരില്‍ വന്ന് താമസമാക്കിയിരുന്നു. പണ്ടേ സായ്ഭക്തരായിരുന്നു കുട്ടിമാനും അമ്മായിയും. കുട്ടിമാന്റെ മരണശേഷം അമ്മായി, ബാംഗ്‌ളൂരില്‍ വൈറ്റ്ഫീല്‍ഡില്‍ താമസമാക്കുകയായിരുന്നു. ഗുരുജി ശ്രീ ശ്രീ രവിശങ്കറിനെ ദര്‍ശിക്കാന്‍ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ ഞങ്ങള്‍ ഇടയ്ക്കിടെ പോകാറുള്ളതുകൊണ്ട്, കൂട്ടത്തില്‍ അമ്മായിയെയും കൂടി കണ്ടിട്ടേ തിരിച്ചുപോരാറുള്ളൂ.
ആദ്യമായി അമ്മായിയെ ബാംഗ്‌ളൂരില്‍വെച്ച് കണ്ടപ്പോള്‍ ഭയങ്കര സങ്കടമായി. കോപ്പുകളെല്ലാം അഴിച്ചുവെച്ച ഒരു പടയാളിയെപ്പോലെ. അമ്മായിയുടെ പ്രൗഢിയെല്ലാം എങ്ങോ നഷ്ടപ്പെട്ടപോലെ. നനുനനുത്ത സില്‍ക്ക് സാരിയും അമ്മായി നടന്നുനീങ്ങുമ്പോള്‍ അന്തരീക്ഷത്തില്‍ പരക്കുന്ന പരിമളവും എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ കട്ടിക്കണ്ണടയും ആ മനസ്സില്‍ നിറഞ്ഞുതുളുമ്പുന്ന സ്‌നേഹവും മാത്രം ബാക്കിനിന്നു. 'ഇനി കുട്ടി വരുമ്പോള്‍ അമ്മായിക്ക് ഒന്നും കൊണ്ടുവരണ്ടാ,ട്ടോ. അമ്മായിയെ വെറുതേ കാണാന്‍ വന്നാല്‍ മാത്രം മതി' എന്ന് പറയുകയും ചെയ്തു അന്ന്.

ഒരുദിവസമെങ്കിലും കൂടെ താമസിക്കാന്‍ അമ്മായി ഓരോ തവണയും നിര്‍ബന്ധിക്കും. തിരിച്ചുപോരുമ്പോള്‍ അമ്മായി ഉണ്ടാക്കിയ ഏതെങ്കിലും ഒരു വിശിഷ്ടവിഭവം കൊച്ചുപാത്രത്തിലാക്കി എന്റെ ഹാന്‍ഡ്ബാഗില്‍ തിരുകിവയ്ക്കും. ഞങ്ങള്‍ കണ്ണില്‍നിന്ന് മറയുവോളം ഫ്‌ളാറ്റിന്റെ വരാന്തയില്‍ കൈവീശി അങ്ങനെ നില്‍ക്കും. പിന്നീട് ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. ഇവിടത്തെ ഓരോ പ്രാരബ്ധങ്ങള്‍ക്കിടയില്‍ അത് നടക്കാറില്ല. പക്ഷേ, അമ്മായിയുമായുള്ള ആശയവിനിമയം അവസാനംവരെയും ഉണ്ടായിരുന്നു. അമ്മായിയെ അങ്ങോട്ട് വിളിച്ചില്ലെങ്കില്‍ അമ്മായി ഇങ്ങോട്ട് വിളിക്കും. അത് ഒരു പതിവായിമാറിയിരുന്നു.
ഒടുവില്‍ ഒരുദിവസം അമ്മായിയുടെ ആഗ്രഹപ്രകാരം വൈറ്റ്ഫീല്‍ഡ്സില്‍വെച്ചുതന്നെ അമ്മായി ഞങ്ങളെയൊക്കെ വിട്ട് പോയി. ഒരുപാട് മധുരവും സുഗന്ധവുമുള്ള ഓര്‍മകള്‍ ഞങ്ങള്‍ക്കൊക്കെയായി ബാക്കിവെച്ചുകൊണ്ട്.

ബാംഗ്‌ളൂരിലെ റോഡുകളിലൂടെ, വാഹനത്തിരക്കില്‍ റെയില്‍വേസ്റ്റേഷന്‍ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ മടിയില്‍ വിശ്രമിക്കുന്ന ഹാന്‍ഡ്ബാഗിലെ ഉള്ളറകളില്‍ വെറുതേ പരതി. അമ്മായിയുടെ ഒരു കൊച്ചു പാത്രം അതിലുണ്ടോ? ഇതിനുള്ളില്‍ എനിക്കുള്ള ഒരല്പം പാഥേയം...

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier share memories about her close relative Kuttimayi