റോഡിലെ വളവ് കഴിഞ്ഞ് അല്‍പം പോയപ്പോഴേക്കും കാറിന്റെ വേഗം കുറഞ്ഞു. മുന്നില്‍ പാലത്തിനു മുകളില്‍ ഇടതുവശം ചേര്‍ന്ന് നിരനിരയായി വണ്ടികള്‍. പാലത്തിന്റെ അറ്റത്ത് റെയില്‍വേ ഗേറ്റ് അടഞ്ഞുകിടക്കുകയാണെന്ന് തോന്നുന്നു.വണ്ടിയിലിരുന്നുള്ള മുഷിപ്പ് ഒഴിവാക്കാന്‍ മെല്ലെ പുറത്തിറങ്ങി. എന്റെ സ്വന്തം നാടിന്റെ ശുദ്ധവായു അല്‍പം ശ്വസിക്കാമല്ലോ. പാലത്തിലേക്ക് കയറിയപ്പോള്‍ അടിയില്‍ ഇടവറ്റിയ ഭാരതപ്പുഴ. ഇടവറ്റിയ പുഴയിലെ അല്‍പം നീരൊഴുക്ക് കണ്ടെത്താന്‍ നന്നേ പാടുപെടേണ്ടി വന്നു. ഇപ്പോള്‍ അതിനെ ഭാരതപ്പുഴ എന്നു പറയാന്‍ പറ്റില്ല. ഭാരതമണല്‍ എന്നും പറയാന്‍ പറ്റുമെന്നു തോന്നുന്നില്ല. വെള്ളവും മണലും ഒക്കെ അന്വേഷിച്ചു കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന് പകരം പടര്‍ന്നു പന്തലിച്ച മുള്‍ച്ചെടികള്‍. അതിനിടയിലെവിടെയോ ഒഴുകാന്‍ മറന്നു കിടക്കുന്നതുപോലെ അല്‍പം വെള്ളക്കെട്ടുകള്‍. 

പടിഞ്ഞാറ് അസ്തമയസൂര്യന് പണ്ടത്തെ അതേ ചന്തം. ഈ അസ്തമയസൂര്യനെ കാണാന്‍ മുന്‍പ് ഒരുപാടു തവണ ഇറങ്ങിയിട്ടുണ്ട് മാധേട്ടന്റെ കൂടെ. നാഗര്‍കോവിലില്‍ നിന്ന് അവധിക്കെത്തുമ്പോള്‍ സമയം കിട്ടുമ്പോഴൊക്കെ പുഴയോരത്തെ പാടവരമ്പിലൂടെ ഒരു സായാഹ്നസവാരി. അത് പതിവാണ്. 

കല്യാണത്തിനുമുന്‍പ്, ഭാരതപ്പുഴയോരത്തുനിന്നൊരു അസ്തമനം കാണാന്‍ ഒരിക്കലേ പറ്റീട്ടുളളൂ. അന്ന് അത് ആസ്വദിക്കാനുള്ള മനസ്സും ഉണ്ടായിരുന്നില്ല. കോളേജില്‍ നിന്ന് നേരം വൈകി വീട്ടില്‍ എത്താനുള്ള ധൃതിയിലായിരുന്നു. കോളേജില്‍ എന്‍.സി.സിക്ക് വേണ്ടി സാര്‍ പിടിച്ചു നിര്‍ത്തിയതായിരുന്നു. വീട്ടില്‍ നേരത്തേ പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ വിവരം വിളിച്ചറിയിക്കാനുള്ള സൗകര്യവും അന്ന് ഉണ്ടായിരുന്നില്ലല്ലോ. 

ലക്കിടി വഴി വല്ലപ്പോഴുമുള്ള ഒന്നുരണ്ടു ബസ്സുകള്‍ കിട്ടാതെ കോളേജില്‍ നിന്നു തന്നെ നടന്നെത്തേണ്ടി വന്നു. വീട്ടിലെത്തിയാല്‍ അച്ഛന്റെ വക വഴക്ക് കേള്‍ക്കേണ്ടിവരുമല്ലോ എന്നുള്ള വെപ്രാളത്തിലായിരുന്നു. കൂട്ടിന് പത്മം ഉണ്ടായിരുന്നതുകൊണ്ട് അച്ഛന്‍ ഒരുപാട് വഴക്കൊന്നും പറഞ്ഞില്ല. പക്ഷേ എന്‍.സി.സി. പരിപാടി എനിക്കു പറ്റിയതല്ലെന്ന് ഞാന്‍ തന്നെ സ്വയം തീരുമാനിക്കുകയായിരുന്നു അന്ന്. 
അതിനും വളരെ മുന്‍പ് കുട്ടിക്കാലത്ത് വല്യമ്മയുടെ മകന്‍ ഉണ്ണ്യേട്ടന്റെ കൂടെ വൈകുന്നേരങ്ങളില്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഐവര്‍ മഠത്തില്‍ തൊഴാന്‍ വരുമ്പോഴാണ് പുഴയോരത്തെ അസ്തമനം കാണാറ്. പക്ഷേ, അതിന് അന്നൊക്കെയൊരു ഭീകരതയായിരുന്നു. പടിഞ്ഞാറന്‍ ചക്രവാളത്തിലെ ആ അന്തിച്ചുവപ്പില്‍ കരിമ്പനകളുടെ നിഴലുകള്‍ അതിനു നേരെ താഴെയുള്ള ശ്മശാനത്തില്‍ നൃത്തമാടുന്ന പ്രേതരൂപങ്ങളെ ഓര്‍മിപ്പിക്കും. തൊഴുതുകഴിയേണ്ട താമസം ഉണ്ണ്യേട്ടന്‍ ഒറ്റ ഓട്ടമാണ്. എനിക്ക് കൂട്ടു വന്നതാണെന്ന കാര്യമൊക്കെ ഉണ്ണ്യേട്ടന്‍ മറക്കും. വല്യ ധൈര്യമൊക്കെയുണ്ടെന്ന് ഭാവിക്കുമെങ്കിലും ഞാനും പിന്നാലെ മെല്ലെ ഓടിത്തുടങ്ങും. പിന്നെ അതിനു വേഗത കൂടി ഉണ്ണ്യേട്ടനേക്കാള്‍ മുന്നിലെത്തും ഞാന്‍. ഐവര്‍ മഠത്തിലെ മാധേട്ടന്‍ അവിടെ വാര്യേത്തിന്റെ ഉമ്മറത്ത് ഞങ്ങളുടെ ഓട്ടം കണ്ട് ഊറിച്ചിരിച്ചു നില്‍ക്കുന്നുണ്ടാവും. അതിന്റെയൊക്കെ പകരം വീട്ടാനാണ് കല്യാണത്തിനുശേഷം പലവട്ടം മതിവരുവോളം ഭാരതപ്പുഴയോരത്തെ സായാഹ്നങ്ങള്‍ ആസ്വദിക്കാന്‍ എത്തിയിരുന്നത് എന്നു വേണമെങ്കില്‍ പറയാം. 

ഈ പുഴക്കടവില്‍ പണ്ടൊക്കെ വേനല്‍ തുടങ്ങുമ്പോള്‍ 'കുടില്‍ വരിക' എന്നൊരു പതിവുണ്ടായിരുന്നു. കുടില്‍ വ്യവസായത്തിനെയാവും ഉദ്ദേശിച്ചിരുന്നത് എന്നു തോന്നുന്നു. ചട്ടി, കലം, ഇരുമ്പ്ചീനച്ചട്ടി, ഇരുമ്പിന്റെ ദോശക്കല്ല്, കല്‍ച്ചട്ടി, മെത്തപ്പായ, പുല്ലുചൂല്‍... അങ്ങനെ ഒരുപാട് സാധനങ്ങള്‍ അവിടെ വില്‍പനയ്ക്ക് എത്തും. എന്റെ അമ്മയ്ക്കും കൂട്ടുകാര്‍ക്കും അതൊരു ഉത്സവം പോലെയാണ്. ഉച്ചയ്ക്ക് ഊണു കഴിയുമ്പോള്‍ നട്ടപ്പൊരി വെയിലത്താണ് അവര്‍ ഇറങ്ങുക. ഞാനും ഉണ്ണ്യേട്ടനും പിന്നാലെ കൂടും. അമ്മ, കാര്യസ്ഥന്‍ കുഞ്ഞീഷ്ണന്‍ നായരെയും, വീട്ടില്‍ നില്‍ക്കുന്ന തങ്കത്തിനെയും കൂടെ കൂട്ടും. അമ്മയും കൂട്ടരും വിലപേശി സാധങ്ങള്‍ വാങ്ങുമ്പോള്‍ ഞാനും ഉണ്ണ്യേട്ടനും പുഴയിലെ തെളിഞ്ഞ വെള്ളത്തില്‍ കളിക്കാന്‍ ഇറങ്ങുമെന്ന് അമ്മയ്ക്കറിയാം. ഞങ്ങളുടെ കൂടെ നില്‍ക്കാനാണ് തങ്കത്തിനെ കൂടെകൊണ്ടുപോകുന്നത്. വിലപേശി അമ്മയ്ക്കിഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങിയത് വാര്യേത്ത് എത്തിക്കാന്‍ കുഞ്ഞീഷ്ണന്‍ നായരും . 

അന്നൊന്നും പുഴ ഇങ്ങനെയേ അല്ലായിരുന്നു. നല്ല വൃത്തിയുള്ള തെളിഞ്ഞ വെള്ളം കാല്‍ച്ചുവട്ടിലൂടെ അങ്ങനെ ഒഴുകും. തലക്കുമുകളിലെ വെയില്‍ച്ചൂടും കാല്‍ച്ചുവട്ടിലെ കുളിരൊഴുക്കും. അതൊരു രസം തന്നെ ആയിരുന്നു. ആ തെളിഞ്ഞ വെള്ളത്തില്‍ നിന്ന് ഞങ്ങള്‍ നല്ല മിനുസമുള്ള വെള്ളാരംകല്ലുകളും ആകൃതിയൊത്ത ചതുരക്കല്ലുകളും ചെറിയ ശംഖുകളും ചിപ്പികളും ഒക്കെ പെറുക്കിക്കൂട്ടും. തങ്കം അതൊക്കെ തുടച്ച് വൃത്തിയാക്കി കരുതി കൊണ്ടുവന്നിരിക്കുന്ന മടിശ്ശീലയില്‍ സൂക്ഷിക്കും. അമ്മയുടെ 'കുടില്‍ വേട്ട' കഴിയുന്നതുവരെ. 
വേനല്‍ തുടങ്ങുന്ന കാലമായതുകൊണ്ട് പുഴയില്‍ വെള്ളം വളരെ കുറവായിരിക്കും. തോണിയും ഉണ്ടാവില്ല. തിരിച്ചുപോരുന്നതിനു മുന്‍പ് എല്ലാവര്‍ക്കും അമ്മയുടെ വക നാരങ്ങാവെള്ളം വാങ്ങിക്കൊടുക്കും. പിന്നെ പൊരിയും പൊട്ടുകടലയും. അത് ഞങ്ങളുടെ നാട്ടിലെ മാത്രം പ്രത്യേകതയാണെന്ന് എനിക്ക് തോന്നീട്ടുണ്ട്. പൊരിയും പൊട്ടുകടലയും ഒരേ പാത്രത്തില്‍, ഒന്നിച്ച്. പൊട്ടുകടല അടിയിലേക്ക് അങ്ങനെ താണു പോകും. ഒരിക്കലും പൊരിയുടെ കൂടെ അത് കയ്യില്‍ കിട്ടില്ല. പിന്നെ എന്തിനാണാവോ ഒരേ പാത്രത്തില്‍ ഇടുന്നത്! എനിക്ക് ഇന്നും അത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. 

വാര്യേത്ത് ചെല്ലുമ്പോള്‍ വല്യമ്മമാരൊക്കെ അമ്മയുടെ ചുറ്റും കൂടും. അമ്മ വാങ്ങിച്ചുകൊണ്ടു ചെന്ന സാധനങ്ങള്‍ കാണാന്‍. എനിക്കും അതിശയം തോന്നാറുണ്ട്, എങ്ങനെയാ അമ്മ ഇത്രയും ഭംഗിയുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്ന്. ഉള്ളിച്ചമ്മന്തിയും ചട്ണിയുമൊക്കെ അരച്ചുസൂക്ഷിക്കാന്‍ പാകത്തിനുള്ള കൗതുകമുള്ള കുഞ്ഞുകല്‍ച്ചട്ടികള്‍ മുതല്‍ കടുമാങ്ങ തയ്യാറാക്കാനുള്ള ഭരണികള്‍ വരെ അമ്മ ആ കുറച്ചു സമയത്തിനുള്ളില്‍ ശേഖരിച്ചിട്ടുണ്ടാവും. ''അമ്മൂട്ടിക്ക് ഇതൊക്കെ തെരഞ്ഞെടുക്കാനും വെല പേശി വാങ്ങന്വൊക്കെ നല്ല സാമര്‍ത്ഥ്യം ണ്ടേയ്, ഇതിനൊക്കെ അമ്മൂട്ട്യന്ന്യാ നല്ലത്''- എന്ന വല്ല്യമ്മമാരുടെ സര്‍ട്ടിഫിക്കറ്റും കിട്ടും അമ്മയ്ക്ക്. 

പണ്ട് അമ്മയുടെയും അമ്മയുടെ കൂട്ടുകാരുടെയും കൂടെ ചില വിശേഷ ദിവസങ്ങളില്‍ പുലര്‍ച്ചെ ഭാരതപ്പുഴയിലേക്ക് കുളിക്കാന്‍ പോക്കുണ്ട്. കമ്പിറാന്തലിന്റെയോ ടോര്‍ച്ചിന്റെയോ അല്‍പം വെട്ടത്തിലാവും യാത്ര. അന്നൊന്നും ആര്‍ക്കും കള്ളന്മാരെയൊന്നും ഭയമുണ്ടായിരുന്നില്ല. ആരുടെയെങ്കിലും വീട്ടില്‍ കള്ളന്‍ കേറിയതായിപ്പോലും പറഞ്ഞുകേട്ടിട്ടില്ല. 

തുലാമാസത്തിലെ വാവുകുളിക്കാന്‍ എല്ലാവര്‍ഷവും അച്ഛന്റെ വാര്യേത്തുനിന്ന് അച്ഛന്റെ മരുമക്കള്‍ ആരെങ്കിലും എത്തും. തലേ ദിവസം വൈകുന്നേരമേ എല്ലാവരും എത്തും. മിക്കവാറും ഇന്ദിരേടത്തിയും ഉണ്ടാവും. അച്ഛന്റെ മരുമക്കള്‍ വരുന്നത് അമ്മ എന്നും വലിയ ആഘോഷമാക്കും. പൂഴ്ത്തി വെച്ച പല വിഭവങ്ങളും അപ്പോഴാണ് പുറത്തിറങ്ങുക. ചക്ക വരട്ടിയത്, മാമ്പഴത്തെര, അരിപ്പപ്പടം, അരിക്കൊണ്ടാട്ടം, ചക്കപപ്പടം തുടങ്ങി പലതും . 'മനോഹരം' എന്ന പാലക്കാടന്‍ മധുരം അമ്മ ആ സമയങ്ങളില്‍ ഇറക്കുന്ന ഒരു പ്രത്യേക ഇനമാണ്. നാക്കിലയില്‍ അത് അങ്ങനെ പരത്തിവെച്ചിരിക്കുന്നത് കാണാന്‍ തന്നെ നല്ല രസം. വിരുന്നുവന്ന ഇട്ടിച്ചിരിചെറിയമ്മയും, കുഞ്ഞിമാളുചെറ്യേമ്മയും, പാപ്പില്ലീമയും ഒക്കെ കാലുനീട്ടി ഇരുന്ന് അമ്മായിയുടെ കൈപ്പുണ്യത്തെ വാനോളം പുകഴ്ത്തും. തങ്കച്ചേച്ചിയും കുഞ്ചേച്ചിയുമൊക്കെ ബോംബേയില്‍നിന്നും കല്‍ക്കത്തയില്‍ നിന്നും ഒക്കെ കൊണ്ടുവന്ന വിശിഷ്ടവസ്തുക്കള്‍ ഇന്ദിരേട്ത്തിയുമായി പങ്കുവെക്കുകയാവും ഞാന്‍. 

പിറ്റേന്ന് വാവിന്റെ അന്ന് പുലര്‍ച്ചെത്തന്നെ അമ്മയും അച്ഛന്റെ മരുമക്കളും ഞാനും ഇന്ദിരേടത്തിയും ഒക്കെക്കൂടെ പുഴയിലേക്ക് കുളിക്കാനിറങ്ങും. തിരക്കാവുന്നതിനുമുന്‍പെ കുളിച്ചുകേറാനാണ് അത്രയും നേരത്തെ ഇറങ്ങുന്നത്. അച്ഛന്‍ കളിയാക്കും 'വാവിന്റന്ന്, ഭാരതപ്പുഴയില്‍ കുളിക്കുന്നത് പുണ്യമാണെന്നതൊക്കെ ശരി. ആരൊക്കെയാ പുഴയില്‍ മുങ്ങിക്കുളിക്കുന്നതെന്ന് പുഴയെങ്കിലും അറിയണ്ടേ. അറിയണമെങ്കില്‍ അതിനു കുളിക്കുന്നവരുടെ മുഖമെങ്കിലും ഒന്നു നേരില്‍ കാണണ്ടേ? ഇരുട്ടത്ത് എങ്ങന്യാ മുഖം കാണ്വാ'എന്നൊക്കെ പറഞ്ഞ് അച്ഛന്‍ കളിയാക്കും. അമ്മ അതൊന്നും വലിയ കാര്യമാക്കില്ല. അമ്മയുടെ ചിട്ടകള്‍ അങ്ങനെയാണ്. നേരത്തെ തുടങ്ങിയാലേ കാര്യങ്ങള്‍ അടുക്കോടും ചിട്ടയോടും കൂടെ മുന്നോട്ടുപോകൂ എന്ന് അമ്മയ്ക്കറിയാം. ധൃതി പിടിച്ച് ഒന്നും ചെയ്തു തീര്‍ക്കുന്ന ശീലം പണ്ടേ അമ്മയ്ക്കില്ല. 

സൂര്യന്‍ കിഴക്കേ മാനത്ത് വര്‍ണവിതാനങ്ങള്‍ വാരി വിതറിത്തുടങ്ങുമ്പോഴേക്ക് ഞങ്ങളുടെ നീരാട്ട് കഴിയും. മെലിയാന്‍ തുടങ്ങിയ പുഴയില്‍ ചിലപ്പോള്‍ വെള്ളക്കുറവുകാരണം മണല്‍ മാന്തി കുഴിയുണ്ടാക്കി മുങ്ങേണ്ടിവരും. പുണ്യം കിട്ടാനല്ലേ, എല്ലാവരും മുങ്ങിക്കുളിക്കുകതന്നെ ചെയ്യും. കുളികഴിഞ്ഞാല്‍പിന്നെ ഉപചാരം ചൊല്ലി പിരിയുകയായി. അച്ഛന്റെ വാര്യേത്തേക്കുള്ള ജാഥ വടക്കോട്ടും ഞാനും അമ്മയും തിരിച്ച് വാര്യേത്തേക്കും. ഇനി അടുത്ത വര്‍ഷമാവും മിക്കവാറും ഇങ്ങനെയൊരു കൂടിച്ചേരല്‍. അല്ലെങ്കില്‍ പിന്നെ ഇവിടെയോ അച്ഛന്റെ വാര്യേത്തോ എന്തെങ്കിലും വിശേഷങ്ങള്‍ വരണം. 

അരണ്ട വെളിച്ചം വീണുതുടങ്ങിയ പുഴയില്‍ വെള്ളം താണ്ടി ഇന്ദിരേടത്തിയും കൂട്ടരും വടക്കേ കമാനത്തിന്റെ അടുത്തെത്തുമ്പോള്‍ കൈ വീശിക്കാണിക്കും. മറുപടിയായി കയ്യിലുള്ള ടോര്‍ച്ച് തെളിയിച്ച് അന്തരീക്ഷത്തില്‍ വട്ടം വരക്കും ഞാന്‍. പിന്നെ വീട്ടിലേക്ക് നടക്കുമ്പോള്‍ നിശ്ശബ്ദത ആയിരിക്കും അമ്മയ്ക്കും. ഇന്ദിരേടത്തി യാത്ര പറഞ്ഞുപോകുമ്പോള്‍ ഇപ്പോഴും അങ്ങനെയാണെനിക്ക്. ഒരു നഷ്ടബോധം സൃഷ്ടിച്ചിട്ടേ ഇന്ദിരേടത്തിക്ക് പോകാനാകൂ. എന്റെ വിരലില്‍ തിരുപ്പിടിച്ചുകൊണ്ടുള്ള ഇന്ദിരേടത്തിയുടെ വര്‍ത്തമാനം, ആ സാമീപ്യം, ഒക്കെ കുറച്ചുകാലത്തേക്ക് ഓര്‍മ തന്നെയാവും. 

കോളേജില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഭാരതപ്പുഴ എന്റെ നിത്യജീവിതത്തിന്റെ ഭാഗമായി. പുഴയില്‍ വെള്ളം കൂടുതലുള്ളപ്പോള്‍ തോണിയിലേ അക്കരയ്ക്കും ഇക്കരയ്ക്കും പോകാനും വരാനും പറ്റൂ. നേരാംവണ്ണം കേറാനും ഇറങ്ങാനും അറിയാതെ പലതവണ വെള്ളത്തില്‍ വീണിട്ടുണ്ട്. നനഞ്ഞ പാവാടയും ദാവണിയുമായി വൈകുന്നേരം വരെ ക്ലാസില്‍ ഇരുന്നിട്ടുണ്ട്. പുഴയില്‍ വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ തോണി ഉണ്ടാവില്ല. പാവാടയും ദാവണിയുമൊക്കെ മുട്ടറ്റം തെറുത്തുകേറ്റി ചെരിപ്പൂരി കയ്യില്‍ പിടിച്ച്, കൂട്ടുകാരോടൊത്ത് അക്കരയും ഇക്കരയും കടക്കാന്‍ നല്ല ഉത്സാഹമാണ്. കാരണം തോണിയില്‍നിന്ന് വീഴുമെന്ന ഭയം ഇല്ലെന്നതു തന്നെ. രുഗ്മിണിയും വല്‍സലേടത്തിയും രത്നവും അംബികാദേവിയും. അങ്ങനെ എല്ലാവരും ഒരുമിച്ചാണ് പുഴകടക്കല്‍. പാവാടയും സാരിയും ഒന്നും നനയാതെ, ചുളിയാതെ എങ്ങനെ അക്കരെ കടക്കാം എന്നായിരിക്കും അപ്പോഴൊക്കെ ഞങ്ങളുടെ ചര്‍ച്ചാവിഷയം. പക്ഷേ, എങ്ങനെ എന്തൊക്കെ പ്ലാന്‍ ചെയ്താലും പുഴ കടക്കുമ്പോള്‍ പാവാടയും ദാവണിയും സാരിയും ഒക്കെ അറിയാതെ കുറച്ചെങ്കിലും നനയുകയും ചുളിയുകയും ചെയ്യുന്നത് സ്ഥിരം പതിവാണ്. ഞങ്ങള്‍ക്ക് പിന്നീട് അതൊക്കെ ശീലമായി. 

ഈ പുഴമണലിലൂടെ വാണം വിട്ടപോലെ ജീവനും കൊണ്ടോടിയ രഹസ്യകഥ വേറെയും ഉണ്ട്,ട്ടോ. അന്ന് കോളേജില്‍ പോകാനായി പുഴ കടക്കുമ്പോള്‍ തനിച്ചായിരുന്നു. മറ്റുള്ളവരൊക്കെ എന്തുകൊണ്ടാണ് അന്ന് കൂടെ ഇല്ലാതിരുന്നത് എന്ന് ഓര്‍മയില്ല. ചുവന്ന പാവാടയും ദാവണിയും നനയാതെ സൂക്ഷിച്ച് വെള്ളത്തില്‍ നിന്ന് കേറുമ്പോള്‍ എവിടെനിന്നെന്നറിയില്ല ഒരു പോത്ത്. ഞാന്‍ പോത്തിനെക്കണ്ടുപേടിച്ചിട്ടാണോ പോത്ത് എന്നെക്കണ്ടുപേടിച്ചിട്ടാണോ എന്നറിയില്ല. എന്തായാലും ഞാനും പോത്തും ഓടി. കമാനം വരെ. പുഴയില്‍ ആകെയുണ്ടായിരുന്ന രണ്ടുമൂന്നുപേര്‍ക്കും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. റെയില്‍പ്പാലത്തിനടിയിലെ കമാനത്തിന്റെ അടുത്തെത്തിയപ്പോള്‍ ഭാഗ്യത്തിന് പോത്ത് തിരിഞ്ഞോടി. 

കോളേജില്‍ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ എന്നും നേരത്തേ ആയിരിക്കും. ആ സമയത്ത് ലക്കിടിയില്‍ നിന്ന് ബസ്സുകള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് കയറമ്പാറ വഴി നേരെ നടക്കും. നിര്‍മ്മലയ്ക്കും എനിക്കുമാണ് നേരത്തേ എത്തേണ്ടതെങ്കിലും പത്മവും ഞങ്ങളുടെ കൂടെ പോരും. വിജനമായ വഴിയിലൂടെ ഞങ്ങള്‍ സ്വയം സൃഷ്ടിച്ച നുണക്കഥകള്‍ പങ്കുവെച്ച് വീട്ടില്‍നിന്ന് അമ്മമാര്‍ തന്നുവിടുന്ന പലഹാരങ്ങള്‍ കൊറിച്ച് ഒരു യാത്ര. അവിടെയും ഭാരതപ്പുഴ രണ്ടുകയ്യും നീട്ടി ഞങ്ങളെ എതിരേല്‍ക്കും. ഒഴുകിവന്ന തീരങ്ങളിലെ വിശേഷങ്ങള്‍ ഞങ്ങളുടെ കാതുകളിലോതും. 

ചിലസമയത്ത് ഈ പുഴയ്ക്ക് ഒരു ഭീകരസ്വഭാവമുണ്ടെന്നു തോന്നും. മഴക്കാലത്ത്, രണ്ടുകരയും തുളുമ്പി, കൂലംകുത്തി ഒഴുകും. അപ്പോള്‍ വളരെ കുറച്ചുപേരെ വീതമേ തോണിയില്‍ അക്കരെ കടത്തൂ. എല്ലാവരെയും നിര്‍ബന്ധമായും തോണിയില്‍ താഴെ ഇരുത്തും. ഏകദേശം നമ്മുടെ കണ്ണിന്റെ നിരപ്പില്‍ത്തന്നെയായിരിക്കും, കലങ്ങിമറിഞ്ഞൊഴുകുന്ന വെള്ളം. അക്കരെ എത്തിയാലേ ശ്വാസം നേരേ വീഴൂ. 

വര്‍ഷങ്ങള്‍ക്കുമുന്‍പ് പൈങ്കുളത്ത് മുത്തശ്ശന്റെ വാര്യേത്തുനിന്നുള്ള ഭാരതപ്പുഴയുടെ കടവില്‍ എന്റെയും ഇന്ദിരേടത്തിയുടെയും ഒക്കെ പ്രായമുള്ള ഭവാനി കുട്ടിക്കാലത്ത് മുങ്ങി മരിച്ചിട്ടുണ്ടത്രെ. വെള്ളത്തില്‍ കളിക്കാനിറങ്ങിയ ഭവാനിക്ക് നീന്തല്‍ അറിയില്ലായിരുന്നു. അച്ഛന്റെ വാര്യേത്തെ ശാരേടത്തി പറഞ്ഞിട്ടുള്ള അറിവാണ്. ഭവാനിയെ കണ്ട ഓര്‍മ ഇല്ലാത്തതു ഭാഗ്യം. പരിചയമുള്ളവര്‍ മരിക്കുന്നത് ഇന്നും വല്ലാത്ത മനഃപ്രയാസമാണ്. 

കോളേജ് ജീവിതം കഴിയുന്നതിനുമുന്‍പുതന്നെ ഭാരതപ്പുഴയ്ക്കു കുറുകെ പാലം പണി തുടങ്ങിയിരുന്നു. പകുതി പണിയാവുമ്പോഴേക്കും ഞങ്ങള്‍ ഉറയ്ക്കാത്ത സ്ലാബുകള്‍ക്ക് മുകളിലൂടെയാണെങ്കിലും പാലത്തിലൂടെ യാത്ര തുടങ്ങി. മേലേ പാലത്തില്‍നിന്നു നോക്കുമ്പോള്‍ താഴെ യാത്രക്കാരെ കിട്ടാതെ അനാഥമായിക്കിടക്കുന്ന പഴയ തോണി കാണാം. പലതവണ അതില്‍ നിന്നു താഴെ വീഴുമ്പോള്‍ തോണിയോടും തോണിക്കാരനോടും ദേഷ്യം തോന്നിയിട്ടുണ്ടെങ്കിലും അതങ്ങനെ വെറുതെ പണിയില്ലാതെ കിടക്കുന്നതുകാണുമ്പോള്‍ വിഷമം തോന്നും. അങ്ങനെ ഒരു പാട് ഓര്‍മകള്‍ ഈ പുഴയില്‍ അലിഞ്ഞുകിടക്കുന്നു. 

ഇന്നിപ്പോള്‍ പുഴയുടെ മുഖച്ഛായതന്നെ മാറി. റെയില്‍പ്പാലത്തിന്റെ അടിയിലുള്ള കമാനം മാത്രം ഒരു സ്മാരകശില പോലെ നില്‍ക്കുന്നു. അങ്ങ് ദൂരെ, ഐവര്‍ മഠത്തില്‍ എന്റെ അമ്മയും മുത്തശ്ശിയും പിന്നെയൊരുപാട് പിതൃക്കളും ഇന്നും ശാന്തമായി ഉറങ്ങുന്നു... താഴെ പുഴയിലെ അസ്ഥിയൊഴുക്കുന്ന കടവില്‍ അസ്ഥി രൂപത്തില്‍ മാധേട്ടനും...

പടിഞ്ഞാറ് സൂര്യന്‍ മറഞ്ഞുതുടങ്ങിയിരിക്കുന്നു. റെയില്‍വേ ഗേറ്റ് തുറന്നതിന്റെ അനക്കം പാലത്തിനുമുകളില്‍. തിരിഞ്ഞ് കാറില്‍ കേറുമ്പോള്‍ അകലെ ഐവര്‍ മഠത്തിലെ ശ്മശാനത്തില്‍ നിന്നോ ഭാരതപ്പുഴയിലെ അസ്ഥിയൊഴുക്കുന്ന കടവില്‍ നിന്നോ ആരോ ടോര്‍ച്ച് കൊണ്ട് കത്തിച്ചുപിടിച്ച ചൂട്ടുപോലെ വട്ടത്തില്‍ വീശുന്നുണ്ടോ? പണ്ട് ഞാനും ഇന്ദിരേടത്തിയും പുഴയുടെ അക്കരെയും ഇക്കരെയും നിന്നു യാത്ര പറയാറുള്ളതുപോലെ... കണ്ണുകളിലേക്ക് അടിച്ച കുളിര്‍ക്കാറ്റില്‍ എന്തേ ഒരു നനവ് ?

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier Share memories about Bharatha puzha During her childhood