ച്ചപ്പാടത്തിന് മേല്‍ മൂടല്‍മഞ്ഞിന്റെ ചാരനിറത്തിലുള്ള കമ്പിളിപ്പുതപ്പ് വിരിച്ചുതുടങ്ങി മാനം. തൊട്ടപ്പുറത്തെ ക്ഷേത്രത്തിലെ ചുറ്റുവിളക്കിന്റെ തിരിനാളങ്ങള്‍ക്ക് ശോഭയേറി. അമ്പലത്തിലെ സുധീര്‍ അങ്ങനെയാണ്, ചുറ്റുവിളക്കിനു കത്തിച്ച തിരികള്‍ നല്ലപോലെ കത്തിനിന്നതിനു ശേഷമേ വൈദ്യുതി ലൈറ്റുകള്‍ ഇടൂ. ആ ചെരാതുകളുടെ ദീപപ്രഭയില്‍ ക്ഷേത്രത്തിനൊരു പ്രത്യേക ഐശ്വര്യം. 
ഇന്നിപ്പോള്‍ കറന്റ് ഇല്ലാത്തതുകൊണ്ട് പുള്ള് ഗ്രാമം മുഴുവന്‍ ഇരുട്ട് അരിച്ചെത്തിയിരിക്കുന്നു. അത്യാവശ്യം ചില വീടുകളില്‍ മാത്രം ഇന്‍വെര്‍ട്ടറില്‍നിന്നുള്ള വെള്ളിവെളിച്ചം കണ്‍മിഴിക്കുന്നു.

ടെറസ്സിലേക്ക് ഞാന്‍ നേരത്തേ പോന്നതുകൊണ്ട് താഴെ വീടിനുള്ളിലും ഇരുട്ടുതന്നെ. ആകപ്പാടെ പഴയ ആ പുള്ളിന്റെ അന്തരീക്ഷം...
പുള്ളിനുമേലെ ഇരുട്ട് പരന്നുതുടങ്ങിയപ്പോള്‍ മെല്ലെ താഴേക്കിറങ്ങി. വരാന്തയ്ക്കരികെ സെക്യൂരിറ്റിയുടെ കാല്‍പ്പെരുമാറ്റം- ''കറന്റ് വന്നില്ലല്ലോ, മാഡം.'' ''കൊഴപ്പല്ല്യാ, മെല്ലെ വരട്ടേന്ന്. വരും, വരാണ്ടിരിക്കില്ല്യ'' എന്ന് മറുപടി നല്‍കി. ഇനിയിപ്പോള്‍ കറന്റ് വന്നില്ലെങ്കിലും വിരോധമില്ല, ഇത്തിരി നേരം ഇരുട്ടത്തോ മെഴുകുതിരി വെളിച്ചത്തിലോ ഇരിക്കാനാണ് എനിക്കിപ്പോ ഇഷ്ടംതോന്നുന്നത് എന്ന് മൂപ്പരോട് പറയാന്‍ പറ്റില്ലല്ലോ. വാതില്‍ തുറന്നപ്പോള്‍ വീട്ടിനകത്ത് പൂജാമുറിയില്‍ നിന്നുള്ള വിളക്കിന്റെ പ്രകാശംമാത്രം. അവിടെയുമിവിടെയും മെഴുകുതിരികള്‍ കത്തിച്ചുവെച്ചപ്പോള്‍ വീടിന് പഴയ രൂപം കൈവന്നപോലെ.

വര്‍ഷങ്ങള്‍ക്കുമുന്‍പ് വൈദ്യുതി എത്തിപ്പെടാത്ത, സന്ധ്യ മയങ്ങിയാല്‍ മണ്ണെണ്ണവിളക്കുകള്‍ മാത്രം കണ്‍തുറക്കുന്ന കാലത്താണ് ഞാനിവിടത്തെ മരുമകളായി വന്നുകയറിയത്. രാത്രിയാകുമ്പോള്‍ എന്നും പേടിയായിരുന്നു. കാല്‍ച്ചുവട്ടില്‍ ഉമ്മറപ്പടിപോലും തപ്പിനോക്കി നടക്കേണ്ടി വന്നപ്പോഴൊക്കെ എല്ലാവരുടെയും പരിഹാസച്ചിരിയില്‍ ഞാനും പങ്കുചേരും. ഇല്ലെങ്കില്‍ കളിയാക്കലുകളുടെ മൂര്‍ച്ച കൂടും എന്നെനിക്കറിയാമായിരുന്നു. അന്നൊക്കെ വീട് നിറച്ചും ആള്‍ക്കാരാണ്. അച്ഛനും അമ്മയും, അച്ഛന്റെ ചേട്ടന്‍ വല്ല്യച്ഛനും അച്ഛന്റെ ചേച്ചി അഞ്ഞയും, മാധവേട്ടന്റെ ചേട്ടനും ചേട്ടത്തിയമ്മയും, അനിയത്തി സുജാതയും, കല്യാണം പ്രമാണിച്ച് നാട്ടില്‍വന്ന മറ്റൊരു അനിയത്തിയും കുടുംബവും, അനുജന്‍ ഹരിയും, ഹരിയുടെ നിഴലായി എപ്പോഴും കൂടെയുണ്ടാവുന്ന തിരുവുള്ളക്കാവിലെ രാധാകൃഷ്ണനും ഞങ്ങളും കൂടിയാവുമ്പോള്‍ ഒരു കല്യാണവീടിന്റെ ബഹളം എന്നുമുണ്ടാവുമായിരുന്നു ഇവിടെ.

ഇതിനിടയില്‍ ഏതുകാര്യത്തിനും പരിഹസിക്കപ്പെടുന്നത് നവവധു ആയിരിക്കുമല്ലോ. ഇരുട്ടത്ത് ഞാന്‍ തപ്പിനടക്കുന്നത് സഹിക്കാന്‍ വയ്യാതെ അച്ഛന്‍ സന്ധ്യയാകുമ്പോള്‍ സ്വന്തമായി ഒരു ചിമ്മിനിവിളക്ക് തുടച്ചുമിനുക്കി കത്തിച്ചുതരുമെനിക്ക്. അതോടുകൂടി ''സ്വന്തമായി ചിമ്മിനിവിളക്കൊക്കെയുള്ള ചേട്ടത്തിയമ്മ'' എന്നായി എന്റെ വിശേഷണം... എന്തായാലും ആ കളിയാക്കലുകളില്‍നിന്നൊക്കെ ഒഴിവായത് ദിവസവും ഓരോ പാട്ടുകള്‍ പാടിക്കേള്‍പ്പിക്കാം എന്നുള്ള എന്റെ പ്രതിജ്ഞയോടെയായിരുന്നു. രണ്ടുമൂന്നുദിവസം കഴിഞ്ഞപ്പോഴേക്കും എല്ലാം ശീലമായി. എപ്പോഴും തുറന്നുകിടക്കുന്ന മുന്‍വാതിലുകള്‍. വലിയതളത്തില്‍, അരികിലായി അടുക്കിവെച്ച നെല്ലിന്‍ചാക്കുകള്‍. കഴുക്കോലുകളില്‍ തൂക്കിയിട്ട വിളഞ്ഞ കുമ്പളങ്ങ, മത്തന്‍, വെള്ളരിക്ക തുടങ്ങിയവ. അറയില്‍ തൂങ്ങിയാടുന്ന പഴക്കുലകള്‍. വീടിനുള്ളില്‍ തലങ്ങും വിലങ്ങും നടക്കുന്ന പലപ്രായത്തിലുള്ള പൂച്ചകള്‍. ചാണകം മണക്കുന്ന തൊഴുത്തിലെ ലക്ഷണമൊത്ത കറവപ്പശുക്കള്‍..

മുന്നറിയിപ്പൊന്നുമില്ലാതെ എപ്പോള്‍വേണമെങ്കിലും കേറിവരുന്ന അതിഥികള്‍. ഉച്ചയൂണുകഴിയുമ്പോള്‍ വേലിപ്പഴുതിലൂടെ കേറിവന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ വിളമ്പി അച്ഛന്റെ മുറുക്കാന്‍ചെല്ലം പങ്കുവെയ്ക്കുന്ന സരോമ, വെറുതേ കേറിവന്ന് ''ഞാന്‍ പോട്ടേ,ട്ടോ...'' എന്നുപറഞ്ഞ് വെറുതെ തന്നെ ഇറങ്ങിപ്പോകുന്ന വിശാല്‍മ... തൊണ്ടയില്‍ വലിയ മുഴയുള്ള, സംസാരിക്കാന്‍ വിഷമമാണെങ്കിലും പാലുംമോരും വാങ്ങാനെത്തുന്ന ത്രേസ്യ. വര്‍ഷങ്ങളായി മുടങ്ങാതെ വീട്ടിലെ ജോലിക്കെത്തുന്ന കല്യാണിയും മീനാക്ഷിയും. വടി കുത്തിപ്പിടിച്ച് കട്ടിച്ചില്ലുള്ള കണ്ണടവെച്ച് മുറ്റത്തെ മൂവാണ്ടന്‍ മാവിന്റെ ചോട്ടിലിരുന്ന് നാട്ടുവര്‍ത്തമാനങ്ങള്‍ പങ്കുവെയ്ക്കുന്ന ഉണ്ണ്യാരും നാരായണന്‍ നായരും... അങ്ങനെ ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമായി.

women

നാലഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും വീട്ടിനകത്തെ ഇരുട്ടും ഉമ്മറപ്പടികളുടെ സ്ഥാനവും ഒക്കെ ഹൃദിസ്ഥമായി. സ്വന്തമായി ഉപയോഗിക്കാന്‍തന്ന ചിമ്മിനിവിളക്ക് ഞാന്‍ അച്ഛനുതന്നെ തിരിച്ചുകൊടുത്തു. അച്ഛനും സന്തോഷമായി. വായില്‍ ആകെയുള്ള നാലഞ്ചു പല്ലുകള്‍ കാട്ടി മാധവേട്ടനെ നോക്കി നിറഞ്ഞുചിരിച്ചുകൊണ്ട് അച്ഛന്‍ അന്ന് പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്- ''കണ്ട്വോ അങ്ങന്യാ പെങ്കുട്ട്യോള്, എവിടെപ്പോയാലും ജീവിക്കാന്‍ പഠിക്കണം.''

അച്ഛന് എന്നോടൊരു പ്രത്യേക മമതയായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് അധികം കഴിയുന്നതിനുമുന്‍പ് എന്റെ അച്ഛനും അമ്മയും മരിച്ചുപോയതുകൊണ്ടാവാം. എല്ലാ കാര്യത്തിലും ഒരു പ്രത്യേക കരുതലുണ്ടായിരുന്നു എന്നോട്. വിഷുവിന് എനിക്ക് കൈനീട്ടം തന്നതിനുശേഷമേ സ്വന്തം മക്കള്‍ക്കും അമ്മയ്ക്കും കൊടുക്കൂ. ''ആ കുട്ടിക്കേയ് അമ്മേം അച്ഛനും ഇല്യാത്തതാ, അതിന്റെ മനസ്സ് വിഷമിപ്പിക്കാന്‍ പാടില്ലാ'' എന്ന് പറയുകയും ചെയ്യും.

കല്യാണം കഴിയുമ്പോള്‍ കുറേക്കാലം നാഗര്‍കോവിലില്‍ ആയിരുന്നു മാധവേട്ടന് ജോലി. അവിടുന്ന് ഞങ്ങള്‍ ആദ്യത്തെ അവധിക്കു വരുമ്പോഴേക്ക് പുള്ളില്‍ വൈദ്യുതിയുടെ നറുവെളിച്ചം മിഴിതുറന്നുതുടങ്ങിയിരുന്നു. അവിടെയും അച്ഛന്‍ എന്നെ അദ്ഭുതപ്പെടുത്തി. അച്ഛന്റെ മുറിയിലെ ബള്‍ബിന്റെ സ്വിച്ച് മാത്രം ആരെയും തൊടാന്‍ സമ്മതിച്ചിരുന്നില്ല. അത് ഞങ്ങള്‍ അവധിക്ക് വരുന്നതുവരെ ഉപയോഗിക്കാതെ സൂക്ഷിച്ചു. ഞങ്ങള്‍ പുള്ളില്‍ എത്തിയ ഉടന്‍ അച്ഛന്‍തന്നെ കടയില്‍ പോയി ഒരു ബള്‍ബ് വാങ്ങിക്കൊണ്ടുവന്ന് ഇടുകയായിരുന്നു. എന്നിട്ട് എന്നോട് സ്വിച്ച് ഓണ്‍ചെയ്യാന്‍ പറഞ്ഞു. അച്ഛന് എന്നോട് അത്രയും സ്നേഹവും കരുതലുമുണ്ടെന്ന് അന്നാണെനിക്ക് മനസ്സിലായത്. ബള്‍ബിന്റെ വെളിച്ചം അങ്ങനെ പരന്നൊഴുകിയപ്പോള്‍ അച്ഛന്‍ അതിലുംവെളുക്കെ ചിരിച്ചു. ''കല്യാണം കഴിഞ്ഞു വന്നപ്പോള്‍, ഒരു ചിമ്മിനി വിളക്ക് സ്വന്തമാക്കി നടന്നില്ലേ. അന്നേ ഞാന്‍ തീരുമാനിച്ചതാ ഇങ്ങനെയൊരു അവസരം ആ കുട്ടിക്ക് കൊടുക്കണമെന്ന്.'' അച്ഛനതു പറയുമ്പോള്‍, 'താന്‍ കൊള്ളാലോ' എന്ന മട്ടില്‍ മാറിനിന്ന് കണ്ണിറുക്കുന്നുണ്ടായിരുന്നു മാധവേട്ടന്‍. ആ ഹോള്‍ഡറില്‍ ഒരു ബള്‍ബുപോലുമിടാതെ എനിക്കുവേണ്ടി മാറ്റിവെച്ച സ്നേഹത്തെപ്പറ്റിയാണ് ഞാനപ്പോള്‍ ചിന്തിച്ചത്. 

വാര്യത്തുനിന്ന് നൂറുമീറ്ററോളം അകലെയാണ് പുള്ളിലെ എല്‍.പി. സ്‌കൂള്‍. അവിടത്തെ ടീച്ചറായിരുന്നു കുഞ്ഞൂട്ടേട്ടന്റെ ഭാര്യ സാവിത്രേ്യട്ത്ത്യമ്മ. സ്‌കൂളിന്റെ നേരെ മുന്‍പിലാണ് കോല്വോപറമ്പ്. കൂടെക്കൂടെയുള്ള കോല്വോപറമ്പിലേക്കുള്ള യാത്രകള്‍ എപ്പോഴും അനിയത്തി സുജാതയുടെ കൂടെയാവും. 

കോല്വോപറമ്പിന്റെ പടിഞ്ഞാറേ വേലിയോടുചേര്‍ന്നാണ് കുഞ്ഞുണ്ണിയുടെ ചായക്കട. ഉച്ചമുതലേ, അവിടുന്ന് പഴം പൊരിയുടെയും വടയുടെയും ബോണ്ടയുടെയും കൊതിപ്പിക്കുന്ന മണം ഉയര്‍ന്നുതുടങ്ങും. ചെന്നു കുറച്ചു കഴിയുമ്പോള്‍ ചൂടോടെയുള്ള പഴംപൊരിയും പരിപ്പുവടയുമൊക്കെ ഇലച്ചീന്തില്‍ വേലിപ്പഴുതിലൂടെ ഞങ്ങളുടെ മുന്നിലെത്തും. ചിലപ്പോള്‍ കപ്പയും മുളകുചമ്മന്തിയുമാവും വിഭവം. അത് കുഞ്ഞുണ്ണിയോട് കുഞ്ഞൂട്ടേട്ടനോ അച്ഛനോ ഒക്കെ നേരത്തെ പറഞ്ഞുവെച്ചിരിക്കും. എന്റെ കുട്ടികള്‍ക്കും അത് വല്യ ഇഷ്ടമാണ്. അത് കഴിക്കാനും, മോട്ടോറിടുമ്പോള്‍ ചാലിലെ വെള്ളത്തില്‍ ചാടാനും കളിക്കാനും ഒക്കെയാണ് അവര്‍ കൂടെ വരുന്നത്. ചാലിലെ ഒഴുകുന്ന വെള്ളത്തില്‍ കാലിട്ടിരുന്ന് കഴിച്ച കുഞ്ഞുണ്ണിപ്പലഹാരങ്ങള്‍ക്ക് കണക്കില്ല.

കോല്വോപറമ്പില്‍ പടര്‍ന്നുകിടക്കുന്ന മത്തന്റെയും വെള്ളരിയുടെയും കുമ്പളത്തിന്റെയും വള്ളികള്‍ കായ്ച്ചുകിടക്കുന്ന കാഴ്ച തികച്ചും പുതുമയായിരുന്നു ആദ്യകാലങ്ങളില്‍. ചീര, കയ്പക്ക, വെണ്ട, വഴുതന, പച്ചമുളക്, ഇഞ്ചി തുടങ്ങി എല്ലാത്തരം പച്ചക്കറികളും അവിടെ കൃഷി ചെയ്തിരുന്നു. ഭക്ഷണംകഴിക്കാനുള്ള വാഴയിലകളും പിറ്റേന്നത്തേക്കുള്ള പച്ചക്കറികളുമായി അച്ഛനും വല്ല്യച്ഛനും കോല്വോപറമ്പില്‍നിന്നു വരുമ്പോഴാണ് വാര്യേത്ത് പിറ്റേന്നത്തെ മെനു തീരുമാനിക്കപ്പെടുക. അച്ഛനും വല്ല്യച്ഛനും വാഴയിലയിലല്ലാതെ ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടേയില്ല. രാവിലെ നേരത്തെയും ഉച്ചയുറക്കം കഴിഞ്ഞും ആദ്യം അടുക്കളയില്‍ കേറുന്നത് എന്നും അച്ഛനായിരുന്നു. കിണറ്റില്‍നിന്ന് വെള്ളംകോരി വലിയ അലൂമിനിയക്കലം നിറയെ പാലൊഴിച്ച ശര്‍ക്കരച്ചായ, അത് അച്ഛന്റെ മാത്രം കൈപ്പുണ്യമായിരുന്നു. വേറെ ആര് ചായ ഉണ്ടാക്കിയാലും അച്ഛന് ഇഷ്ടപ്പെടില്ല. അത് തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ എപ്പോഴും ചൂട് നില്‍ക്കുന്ന കനലടുപ്പിലേക്ക് നീക്കിവെക്കും. ഒരു ഫ്‌ളാസ്‌കിനുള്ളിലെ ചായപോലെ അത് തിളച്ചുതിളച്ചങ്ങനെ കിടക്കും അടുപ്പത്ത്. വീട്ടിലുള്ളവര്‍ക്കും വിരുന്നു വരുന്നവര്‍ക്കും പണിക്കാര്‍ക്കും ഒക്കെ അതേ ശര്‍ക്കരച്ചായ തന്നെ. വേറെ സ്പെഷ്യല്‍ ചായ ഇവിടെ ആര്‍ക്കും പതിവില്ല.

ഓണക്കാലത്ത് അവധിക്ക് വരുമ്പോള്‍ ഉത്സവംതന്നെയാണ്. വെള്ളംനിറഞ്ഞുകിടക്കുന്ന കോള്‍പ്പാടത്ത് പണിക്കാരെക്കൊണ്ട് വഞ്ചി ഇറക്കിപ്പിച്ചാല്‍ മാധവേട്ടന്‍ തന്നെ തുഴഞ്ഞോളും വഞ്ചി. സുജാതയും കൂട്ടുകാരും, മധു, മഞ്ജു... എല്ലാവരുമുണ്ടാവും വഞ്ചിയില്‍. മഴയൊക്കെ ഒന്ന് അടങ്ങി ശാന്തമായ പുള്ളിന് അപ്പോഴാണ് കൂടുതല്‍ സൗന്ദര്യം എന്ന് തോന്നിയിട്ടുണ്ട്. സൂര്യന്‍ പടിഞ്ഞാട്ട് ചായുംവരെ പുള്ളുദ്വീപിനെ ചുറ്റി ഒരു തോണിയാത്ര, അതും പ്രിയപ്പെട്ടവരുമൊത്ത്.

അമ്പലത്തിനു തൊട്ടുതാഴെ മതിലിനോട് ചേര്‍ന്നാണ് കുളം. അമ്പലത്തില്‍നിന്ന് കുളത്തിലേക്കിറങ്ങാന്‍ പ്രത്യേകം കടവുണ്ടായിരുന്നു. എല്ലാവരുംകൂടി അതിലൊരു നീരാട്ട്, അതും പ്രത്യേക അനുഭവമായിരുന്നു. ഒരിക്കല്‍ മക്കളെ രണ്ടുപേരെയും കുളിപ്പിച്ചതിനുശേഷം കേറിപ്പോരുമ്പോള്‍ മഞ്ജു വീണ്ടും തിരിഞ്ഞൊരോട്ടം വെള്ളത്തിലേക്ക്. കുളത്തിന്റെ കരയും കഴിഞ്ഞ് തറയിലൂടെ ഓടുന്ന ലാഘവത്തോടെ രണ്ടു വയസ്സുള്ള അവള്‍ വെള്ളപ്പരപ്പിലൂടെ ഓടി. പിന്നാലെ ചെല്ലാന്‍പോലുമാവാതെ മരവിച്ചുനിന്നു ഞാന്‍. അവള്‍ വെള്ളത്തില്‍ മുങ്ങിത്തുടങ്ങുമ്പോഴേക്ക് സുജാത ഓടിച്ചെന്ന് രക്ഷപ്പെടുത്തി. എന്തായാലും അന്നത്തോടെ നിന്നു അമ്പലക്കുളത്തിലെ നീരാട്ട്. 
കല്യാണംകഴിഞ്ഞ് ഇവിടെ വന്നുകയറിയ ദിവസം നല്ല ഓര്‍മയുണ്ട്. അന്നൊക്കെ കല്യാണബസ്സുകള്‍ മാത്രമാണ് സാധാരണ കല്യാണത്തിനുണ്ടാവുക. ഒന്നോ രണ്ടോ കാറുകള്‍ മാത്രമേ ആര്‍ഭാടക്കല്യാണങ്ങള്‍ക്കുപോലുമുണ്ടാവൂ.

തിരുവമ്പാടി ക്ഷേത്രത്തില്‍ കല്യാണവും സദ്യയും ഒക്കെ കഴിഞ്ഞ് കല്യാണത്തിന്റെ സ്പെഷ്യല്‍ ബസില്‍ ഈ പാടപ്പരപ്പിന്റെ അറ്റത്ത് വന്നിറങ്ങുമ്പോള്‍ ഇക്കരെ തികച്ചും അപരിചിതമായ ഒരു തുരുത്ത് എന്നെ കാത്തുകിടന്നു. പുള്ള് മനോഹരമായ തുരുത്താണെന്നും തുരുത്തില്‍ സുന്ദരമായ കൊച്ചു ദേവീക്ഷേത്രമുണ്ടെന്നും മാധവേട്ടന്‍ പറഞ്ഞത് മനസ്സിലുണ്ടായിരുന്നു.  മുന്നില്‍ പരന്നുകിടക്കുന്ന പച്ചപ്പാടം. അതിനരികില്‍ എവിടെയായിരിക്കും മാധവേട്ടന്റെ വീട് എന്ന് അദ്ഭുതപ്പെടുകയായിരുന്നു ഞാന്‍. കല്യാണത്തിനുമുന്‍പുള്ള എഴുത്തുകുത്തുകളില്‍ മാധവേട്ടന്‍ വരച്ചുകാട്ടിയ പുള്ളിന്റെ ഏകദേശരൂപം എന്റെ മനസ്സിലുണ്ടായിരുന്നു.

നാട്ടുകാരുടെയും ബന്ധുക്കളുടെയും ആര്‍പ്പുവിളികളുടെയും വായ്ക്കുരവയുടെയും ഒക്കെ അകമ്പടിയോടെ അടച്ചിട്ട മുന്‍ വാതില്‍ ഇടതുകാല്‍കൊണ്ട് ചവിട്ടിത്തുറന്ന് വലതുകാല്‍ ആദ്യം അകത്തേക്കുവെച്ച് അവിടെ വിരിച്ച അരിമണിയില്‍ ചവിട്ടി കടന്നുവന്ന ഈ വാതിലിലൂടെ പിന്നീട് എത്രവട്ടം അങ്ങോട്ടും ഇങ്ങോട്ടും ഇറങ്ങിക്കേറിയിരിക്കുന്നു...പുറത്ത് സെക്യൂരിറ്റി വീണ്ടും പരിഭ്രമിക്കാന്‍ തുടങ്ങിയിരിക്കുന്നു- ''മാഡം, എല്ലായിടത്തും കറന്റ് വന്നല്ലോ, നമുക്ക് മാത്രം വന്നിട്ടില്ല. കെ.എസ്.ഇ.ബിയിലേക്ക് വിളിക്കണോ?''

''നോക്കട്ടെ, ട്ടോ'' എന്ന് പറഞ്ഞ് സ്വിച്ചുകള്‍ ഒന്നൊന്നായി ഇടുമ്പോള്‍ ഒരു പഴയകാലസ്വപ്‌നത്തിന്റെ രസച്ചരട് മുറിഞ്ഞുപോയതിന്റെ നീരസം ശരിക്കും തോന്നി. യാഥാര്‍ഥ്യത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വീണ്ടും. ഇവിടെ ആളൊഴിഞ്ഞ അരങ്ങുപോലെ വീടിന്റെ അകത്തളം മുന്നില്‍. ട്യൂബ് ലൈറ്റുകളുടെ വെളിച്ചത്തില്‍ വിളറിനില്‍ക്കുന്ന മെഴുകുതിരിപ്രകാശം. അവ ഓരോന്നായി അണച്ച് വീണ്ടും ഞാന്‍ എന്റെ ലോകത്തിലേക്ക്...

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier Share her Memories about old home in Nilaavettam