റോസ്‌ലിന്‍ മരിച്ചുവെന്ന്... കേട്ടിട്ട് വിശ്വസിക്കാന്‍ തോന്നിയില്ല. രണ്ടുദിവസംമുന്‍പുവരെ റോസ്‌ലിന്‍ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നപോലെ ഒരു തോന്നല്‍. അടുക്കളയില്‍ പാചകംചെയ്യുമ്പോള്‍ റോസ്‌ലിന്‍ കൂടെനിന്ന് ഓരോ അഭിപ്രായം പറയുകയും തമാശകള്‍ പറയുകയും ചെയ്തിരുന്നപോലെ. ഞാന്‍ പാചകംചെയ്ത കറികള്‍ക്കൊക്കെ റോസ്‌ലിന്റെ കറികളുടെ സ്വാദ്. വെളിച്ചം മടിച്ചുനില്‍ക്കുന്ന അകത്തളത്തില്‍ റോസ്‌ലിന്റെ ചലനം. പുറത്ത് ആരെങ്കിലും തമ്മില്‍ സംസാരിക്കുമ്പോള്‍ അതിലൊന്നിന് റോസ്‌ലിന്റെ ശബ്ദസാദൃശ്യം. ആരെയെങ്കിലുമൊക്കെ കാണണമെന്നാഗ്രഹിക്കുമ്പോള്‍ എനിക്ക് അങ്ങനെ തോന്നാറുണ്ട്, പണ്ടും. 

ഒരു പക്ഷേ, റോസ്‌ലിന്റെതന്നെ ഉള്‍വിളിക്കഥകളില്‍ നിന്നും ഉടലെടുത്തതാവാം ആ തോന്നലെല്ലാം. എന്തായാലും അടുത്തദിവസംതന്നെ റോസ്‌ലിനെ വിളിച്ചു സംസാരിക്കാനിരിക്കുകയായിരുന്നു ഞാന്‍. ഇന്നലെ മോളി വന്നിരുന്നു. എന്റെയും റോസ്‌ലിന്റെയും സുഹൃത്തായ മോളി. അപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന റോസ്‌ലിന്റെ മരണം ഞാന്‍ അറിഞ്ഞതുതന്നെ. തമ്മിലൊരു സമ്പര്‍ക്കവുമില്ലാതെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് മോളിയും ഞാനും കണ്ടുമുട്ടിയതെങ്കിലും ആ ആവേശം ഞങ്ങളുടെ പുനഃസംഗമത്തില്‍ ഉണ്ടായില്ലെന്നുവേണം പറയാന്‍. ഞങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഏറെ പ്രിയപ്പെട്ടവളായതുകൊണ്ടാവും കണ്ടയുടന്‍ റോസ്‌ലിന്റെ അഭാവം സംസാരവിഷയമായത്. അത് പിന്നെ മൗനമായി ഘനീഭവിക്കുകയായിരുന്നു. മൂത്ത സഹോദരിയും ഉറ്റ കൂട്ടുകാരിയും ഒക്കെയായിരുന്നു എനിക്ക് റോസ്‌ലിന്‍. 

ജന്മംകൊണ്ട് തമിഴ്നാട്ടുകാരിയാണെങ്കിലും മലയാളിയായ അലക്സിന്റെ ഭാര്യയായതിനുശേഷമാവും, റോസ്‌ലിന്‍ മലയാളം പഠിക്കാന്‍ തുടങ്ങിയത്. റോസ്‌ലിന്റെ തമിഴ് കലര്‍ന്ന മലയാളം, പക്ഷേ, ഒട്ടും അരോചകമായിരുന്നില്ല. റോസ്‌ലിനും ഞാനും വര്‍ഷങ്ങളോളം നാഗര്‍കോവിലില്‍ അയല്‍വീടുകളിലെ വാടകക്കാരായിരുന്നു. ഒരു ചെമ്മണ്‍ മതിലുകൊണ്ട് അതിര്‍ത്തി നിശ്ചയിച്ച രണ്ടു കൊച്ചുവീടുകളായിരുന്നു അവ. ആ ചെമ്മണ്‍ മതില്‍ ഞങ്ങള്‍ക്കൊരു തടസ്സമേ ആയിരുന്നില്ല. ഞങ്ങളുടെയും ഭര്‍ത്താക്കന്മാരുടെയും കുട്ടികളുടെയും പോക്കുവരവുകളും കൊടുക്കല്‍ വാങ്ങലുകളും ആ മതിലിനുമുകളിലൂടെ അനുസ്യൂതം തുടരുമ്പോള്‍ ഒരു ദിവസം പെട്ടെന്നാണ് ആ മതില്‍ പൊളിച്ച് കരിങ്കല്‍ മതിലിന്റെ പണി തുടങ്ങിയത്. കരിങ്കല്‍ മതിലിനു മുകളില്‍ സിമന്റ് തേച്ച് മുകള്‍ഭാഗത്ത് കുപ്പിച്ചില്ലുകള്‍ തറച്ചുവെക്കാനും റോസ്ലിന്റെ വീട്ടുടമസ്ഥന്‍ മറന്നില്ല. മതിലിനു മുകളിലൂടെയുള്ള ഞങ്ങളുടെ സൗഹൃദം കാണുമ്പോഴൊക്കെ റോസ്‌ലിന്റെ വീടിന്റെ മറ്റേ പകുതിയില്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെ മുക്കലും മൂളലും ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ പ്രതികരണം ആ കുപ്പിച്ചില്ലുപോലെ അത്രയും മൂര്‍ച്ചയുള്ളതാവുമെന്ന് വിചാരിച്ചിരുന്നില്ല. പക്ഷേ, അതൊന്നും ഞങ്ങള്‍ക്കൊരു വെല്ലുവിളിയായി തോന്നിയില്ല. രണ്ടുമൂന്നു വീടുകള്‍ ചുറ്റിക്കറങ്ങി, റോഡ് വഴിയുള്ള ഗതാഗതമാണ് സുരക്ഷിതം എന്നു ഞങ്ങള്‍ സ്വയം കണ്ടെത്തി. 

റോസ്‌ലിന്റെ മൂത്ത മകള്‍ ബീന. അതിനുതാഴെ രഞ്ജിത്. രഞ്ജിത്തും എന്റെ മകന്‍ മധുവും ഒരേ പ്രായക്കാരായിരുന്നതുകൊണ്ട് ഞങ്ങളുടെ അടുപ്പത്തിന് ആക്കം കൂടുതലായിരുന്നു. മധു പൊതുവെ നല്ല കുറുമ്പനായിരുന്നത് ബീനയുടെ ചുമതലഭാരം കൂട്ടിയിട്ടുണ്ടാവും. ബീന പഠിക്കുന്ന സ്‌കൂളില്‍തന്നെയായിരുന്നു രഞ്ജിത്തിനെയും മധുവിനെയും ഒരേ ക്ലാസില്‍ ചേര്‍ത്തതും.

മധു കുട്ടിക്കാലത്ത് നന്നേമെലിഞ്ഞകുട്ടിയായിരുന്നു. രഞ്ജിത്തും ബീനയും ഒക്കെ അത്യാവശ്യം കൊഴുത്തുരുണ്ടവരും. അവരെപ്പോലെ മധുവിനും ആരോഗ്യം ഉണ്ടാവാന്‍വേണ്ടി ആരോ പറഞ്ഞതനുസരിച്ച് ദിവസം രണ്ടു കോഴിമുട്ട വീതം പാലില്‍ അടിച്ചുകൊടുത്തുതുടങ്ങി. അത് രണ്ടുദിവസമേ വേണ്ടിവന്നുള്ളൂ. മൂന്നാംദിവസം ആസ്പത്രിയില്‍ പോകേണ്ടിവന്നു. പോകുക മാത്രമല്ല, രണ്ടാഴ്ച അവിടത്തെ സുഖവാസവും! അതൊരു വല്ലാത്ത പ്രതിസന്ധിയായി. അവന്റെ ജീവനുവേണ്ടി പ്രാര്‍ഥനയോടെ ഐ.സി.യുവിനു മുന്നില്‍ മൗനമായി നിന്ന അനേകം സുഹൃത്തുക്കളില്‍ ഒരാള്‍ എന്റെ റോസ്‌ലിനായിരുന്നു.

ആ കൈകളുടെ സാന്ത്വനസ്പര്‍ശം കണ്ണീരിനിടയിലും എനിക്ക് അഭയമായി. ആബ്ദീന്‍ അങ്കിളിന്റെയും രാമുണ്ണിയങ്കിളിന്റെയും കുടുംബം, ചന്ദ്രന്‍, അലക്സ്, ഷാജി, റോയി, മോളി... അങ്ങനെ പലരുടെയും പ്രാര്‍ഥനാനിര്‍ഭരമായ മുഖങ്ങളില്‍ ഞാന്‍ എല്ലാ ദൈവങ്ങളെയും നേരിട്ടുകണ്ടു. 

അന്ന് മധുവിനെ നോക്കിയിരുന്ന യൂറോപ്യന്‍ ഡോക്ടര്‍ കൈമലര്‍ത്തിയതും അത് പറഞ്ഞുതന്നെയായിരുന്നു. പ്രാര്‍ഥനകള്‍ക്കു മാത്രമേ ഇനി അവനെ രക്ഷിക്കാനാകൂ എന്ന്. അതിശയംപോലെ അവന്‍ രക്ഷപ്പെട്ടു. ഞങ്ങളുടെയെല്ലാം കൂട്ടപ്രാര്‍ഥനയ്ക്ക് ഫലമുണ്ടായി. 
ഒരിക്കല്‍ കണ്ട ഏതോ സ്വപ്‌നത്തിന്റെ കഥ വിസ്തരിച്ചുകൊണ്ട് ഞാനും റോസ്‌ലിനും മതിലിന്റെ അപ്പുറവും ഇപ്പുറവും നില്‍ക്കുമ്പോഴാണ് മാധവേട്ടന്റെ മോട്ടോര്‍ബൈക്കിന്റെ ശബ്ദം. സ്വപ്‌നക്കഥ പാതിയില്‍ നിര്‍ത്തി ചെല്ലുമ്പോള്‍ മാധവേട്ടന്റെ പരിഭ്രമംനിറഞ്ഞ മുഖം. എന്റെ അമ്മയ്ക്ക് സുഖമില്ലത്രെ. ഉടന്‍ നാട്ടിലെത്തണം. അന്നൊക്കെ ഓഫീസിലേ ഫോണ്‍ ഉള്ളൂ. അവിടന്ന് വിവരംകിട്ടി വന്നതാണ്. ചടപടാന്ന്, കിട്ടിയ ട്രെയിനിലും ബസ്സിലും ഒക്കെ കേറി നാട്ടിലെത്തുമ്പോഴേക്ക് അമ്മ അച്ഛനെയും ഞങ്ങള്‍ മക്കളെയും ഒക്കെ വിട്ട് യാത്രയായിക്കഴിഞ്ഞിരുന്നു... 

അതിന്റെ ചടങ്ങുകളൊക്കെ പൂര്‍ത്തിയാക്കി തിരിച്ച് നാഗര്‍കോവിലില്‍ എത്തിയപ്പോഴാണ് റോസ്‌ലിന്‍, അന്ന് ബാക്കിവെച്ച ആ സ്വപ്‌നകഥ പൂര്‍ത്തിയാക്കിയത്. റോസ്‌ലിന്റെ അന്നത്തെ പാതി പറഞ്ഞുനിര്‍ത്തിയ സ്വപ്‌നകഥനത്തില്‍ കോടിയുടുത്ത് സ്വര്‍ഗത്തിലേക്ക് യാത്രയായത് റോസ്‌ലിന്റെ അമ്മയായിരുന്നു. പക്ഷേ, അത് സംഭവിച്ചത് എന്റെ ജീവിതത്തിലായിരുന്നു എന്ന് മാത്രം. അങ്ങനെ പലപ്പോഴും പല ഉള്‍വിളികളിലൂടെ അതിശയിപ്പിച്ചിട്ടുണ്ട് റോസ്‌ലിന്‍. 

മാധവേട്ടന് ധാരാളം ഔദ്യോഗിക യാത്രകള്‍ വേണ്ടിവരുന്നതുകൊണ്ട് മിക്കവാറും സ്ഥലത്തുണ്ടാവില്ല. എല്ലാ അത്യാവശ്യങ്ങള്‍ക്കും ഓടിയെത്തുന്നത് റോസ്‌ലിനും ഭര്‍ത്താവ് അലക്സുമായിരുന്നു. ആയിടയ്ക്കാണ് റോസ്‌ലിന്‍ പ്രീമിയര്‍ പദ്മിനി കാര്‍ വാങ്ങുന്നത്. കുട്ടികള്‍ക്കെല്ലാം അതൊരു ആഘോഷം തന്നെയായി. ഞങ്ങളുടെ രണ്ടുകുടുംബങ്ങളുടെയും പിന്നീടുള്ള യാത്രകള്‍ അതിലായി. കന്യാകുമാരിയും തിരുവനന്തപുരവുമൊക്കെ വാരാന്ത്യങ്ങളില്‍ ഞങ്ങളുടെ പതിവുസന്ദര്‍ശനസ്ഥലങ്ങളായി. 

ആ കാലത്താണ് മഞ്ജുവിന്റെ ജനനം. മധുവും രഞ്ജിത്തും ബീനയുംകൂടെ അവളെ കണ്ണിലുണ്ണിപോലെയാണ് കൊണ്ടുനടന്നിരുന്നത്. ആര് എടുക്കണം ആര് കൊഞ്ചിക്കണം എന്നതിനൊക്കെ അവിടെ മല്‍സരമായിരുന്നു. മിക്കവാറും ഞങ്ങള്‍ മുതിര്‍ന്നവര്‍ ഇടപെടേണ്ടി വരുന്ന വിഷയമായി അത് മാറും.

മാധവേട്ടന്‍ ഓഫീസിലേക്കും മധു സ്‌കൂളിലേക്കും ഇറങ്ങുന്നതുവരെ അവള്‍  അവരുടെ പിന്നാലെ ആയിരിക്കും. അതു കഴിഞ്ഞാല്‍ പിന്നെ മുട്ടുകുത്തിയും പിടിച്ചുനടന്നും ഒക്കെ വീടുമുഴുവന്‍ കറങ്ങിനടക്കും. ഇടയ്ക്കൊക്കെ റോസ്‌ലിന്റെ ശബ്ദം മതിലിനരികെ കേള്‍ക്കുമ്പോള്‍ വാതിലിനരികില്‍ ഓടിപ്പാഞ്ഞെത്തും. 

ആ പ്രായത്തിലാണ് ഒരു ദിവസം അവള്‍ പെയിന്റ് എടുത്ത് തലയില്‍ക്കൂടെ ഒഴിച്ചത്. വീട്ടില്‍ ഉപയോഗിച്ചുകഴിഞ്ഞ് ബാക്കിവന്ന പെയിന്റ് ആയിരുന്നു. എങ്ങനെയോ അത് അവളുടെ കയ്യില്‍ കിട്ടി. അടപ്പ് എങ്ങനെ തുറന്നുവെന്ന് അറിഞ്ഞുകൂടാ. പണിത്തിരക്കിനിടയില്‍ കുറേ സമയമായിട്ടും അവളുടെ അനക്കം കാണാതായപ്പോള്‍ വിളിച്ചുനോക്കിയതാണ്. അന്വേഷിച്ച് ചെല്ലുമ്പോള്‍ പെയിന്റ് സൂക്ഷിച്ചിരുന്ന മുറിയില്‍ ഒരു അനക്കം. പച്ചനിറത്തിലുള്ള ഒരു കുഞ്ഞു രൂപം അങ്ങനെ ഇരിക്കുന്നുണ്ട്. പാവം, അനങ്ങാന്‍ പറ്റുന്നില്ല. പച്ചപ്പെയിന്റ് എടുത്ത് തലയിലൂടെ ഒഴിച്ചിരിക്കുകയാണ്. എണീക്കാന്‍ നോക്കുമ്പോള്‍ പെയ്ന്റില്‍ വഴുക്കിപ്പോകുന്നു. ശബ്ദം ഉണ്ടാക്കാനും പറ്റുന്നില്ല. പെയ്ന്റ് പുരണ്ട് ചുണ്ടുകള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. ശരിക്കും കഥകളിയിലെ പച്ചവേഷം പോലെ. കണ്ണുകള്‍ മാത്രം ദയനീയമായി ചിമ്മിത്തുറക്കുന്നു. 

പെട്ടെന്ന് എന്താണു ചെയ്യേണ്ടതെന്ന് ഒരു പിടിയും കിട്ടിയില്ല. മണ്ണെണ്ണയില്‍ പെയ്ന്റ് അലിഞ്ഞുപോകുമെന്ന് പണ്ടെന്നോ പഠിച്ചിട്ടുണ്ട്. പിന്നെ വേറെ ഒന്നും ഓര്‍ത്തില്ല. തുണിയില്‍ മണ്ണെണ്ണ മുക്കി പെയ്ന്റ് തുടച്ചു കഴിയുന്നതിനു മുന്‍പ് അവള്‍ വാടിത്തളര്‍ന്നു തുടങ്ങി. ശ്വാസം കഴിക്കാന്‍ ബുദ്ധിമുട്ടുന്നതുപോലെ. പിന്നെ നിലവിളിയായി. ബഹളമായി. 

റോസ്‌ലിന്‍ ബഹളംകേട്ട് ഓടിവന്നു. അലക്സും വീട്ടിലുണ്ടായിരുന്നു. പെട്ടെന്ന് വണ്ടിയിറക്കി ആസ്പത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി.  മണ്ണെണ്ണകൊണ്ട് കൊച്ചുകുഞ്ഞിന്റെ ദേഹത്തിലെ പെയ്ന്റ് ഇളക്കാന്‍ നോക്കിയ എന്റെ ബുദ്ധിമോശത്തെപ്പറ്റി ഡോക്ടര്‍ കുറേ കുറ്റപ്പെടുത്തിയെങ്കിലും അവളെ രക്ഷപ്പെടുത്തിയതിന് ഞാന്‍ ഡോക്ടറോട് നന്ദി പറഞ്ഞു. ദൈവദൂതന്മാരെപ്പോലെ രക്ഷിക്കാനെത്തിയ അലക്സിനോടും റോസ്‌ലിനോടും ഉള്ള നന്ദി എനിക്ക് മനസ്സില്‍ കുറിച്ചിടാനേ പറ്റിയുള്ളൂ. 

ദൈവം എന്റെ കൂടെത്തന്നെ ഉണ്ടെന്ന് മനസ്സിലാക്കിയ അതുപോലുള്ള എത്രയെത്ര അനുഭവങ്ങള്‍. ഞങ്ങളുടെ കുടുംബസുഹൃത്തുക്കളില്‍ മറ്റൊരു കണ്ണിയായിരുന്നു റോയിയും മോളിയും. കുറച്ചുദൂരെയാണ് താമസമെങ്കിലും ആഴ്ചയില്‍ ഒരിക്കലെങ്കിലും എല്ലാവരുംകൂടി ആരുടെയെങ്കിലും വീട്ടില്‍ ഒത്തുകൂടാറുണ്ട്. കുട്ടികള്‍ എല്ലാവരും ഏകദേശം ഒരേ പ്രായക്കാരായതുകൊണ്ട് അവര്‍ക്കും അതൊക്കെ ഹരമായിരുന്നു. 
 പലതരം സൗകര്യങ്ങളും അസൗകര്യങ്ങളും ഒക്കെ ചര്‍ച്ചാവിഷയങ്ങളാകുമെങ്കിലും ഞങ്ങള്‍ക്ക് തീരെ മടുപ്പില്ലായിരുന്നു.  വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍, കേരളത്തിലേക്ക് മാറിയപ്പോഴാണ്, ആ ബന്ധങ്ങള്‍ക്ക് അല്പം അകല്‍ച്ച വന്നത്. 

പിന്നീടൊരിക്കല്‍ നാഗര്‍കോവിലില്‍ ഒരു കല്യാണത്തിനു പോയപ്പോഴാണ്, റോസ്‌ലിനെയും അലക്സിനെയും വീണ്ടും കണ്ടുമുട്ടുന്നത്. ഒളിച്ചുകളിക്കുമ്പോള്‍, ആരും കാണാത്ത ഒരിടത്ത് ഒളിച്ചിരുന്ന ഒരു കൂട്ടാളിയെ കണ്ടെത്തുന്ന അത്രയും വീരസ്യത്തോടെയാണ് അന്ന് തിരക്കിനിടയില്‍ റോസ്ലിന്‍ വന്ന് എന്റെ പുറത്തുതട്ടിയത്. ആ കല്യാണത്തിന് റോസ്‌ലിന്‍ ഉണ്ടാവുമെന്ന് എനിക്ക് തീരെ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, കല്യാണത്തിന് ഞാന്‍ എത്തുന്നുണ്ടെന്ന് റോസ്‌ലിന്‍ അന്വേഷിച്ചറിഞ്ഞിരുന്നു. 

റോസ്‌ലിന്‍ പണ്ടത്തെപ്പോലെത്തന്നെ സുന്ദരിയും പ്രസന്നയുമായിരുന്നു അന്നും. നീളന്‍മുടിമാത്രം വെട്ടി ഭംഗിയില്‍ ബോബ് ചെയ്തിരിക്കുന്നു. ആ ഹെയര്‍സ്റ്റൈല്‍ നന്നായി ചേരുന്നുണ്ടായിരുന്നു റോസ്‌ലിന്. അന്നത്തെ സായാഹ്നം മുഴുവന്‍ ഞങ്ങള്‍ ഒന്നിച്ചായിരുന്നു ചെലവഴിച്ചത്. റോസ്ലിന്റെ പുതിയ കാറില്‍ ഒരു കന്യാകുമാരി യാത്ര. പിന്നെ ഒന്നിച്ചൊരു അത്താഴം. അത് റോസ്‌ലിനോടൊത്തുള്ള അവസാനത്തെ അത്താഴമാണെന്ന് ഞങ്ങളാരും അറിഞ്ഞില്ല. വിവാഹിതരായ മക്കളുടെയും പേരക്കുട്ടികളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്ത തവണ വരുമ്പോള്‍ റോസ്‌ലിന്റെ കൂടെയേ താമസിക്കൂഎന്ന് വാക്കുംകൊടുത്തിട്ടാണ് അന്ന് ഞങ്ങള്‍ പോന്നത്. അത് അവസാന കൂടിക്കാഴ്ചയാണെന്ന് അറിഞ്ഞില്ല. 

മോളി പോയിക്കഴിഞ്ഞ് രണ്ടുദിവസത്തിനുശേഷമേ എനിക്ക് അലക്സിനെ വിളിക്കാനും സംസാരിക്കാനുമുള്ള ധൈര്യം തോന്നിയുള്ളൂ. ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍ ഞാനാണെന്ന് അറിഞ്ഞപ്പോള്‍ അലക്സിന്റെ വാക്കുകള്‍ മുറിഞ്ഞുതുടങ്ങി. സമാധാനിപ്പിക്കാന്‍ ചെന്ന ഞാനും ത്രിശങ്കുസ്വര്‍ഗത്തിലായി. ഭാഗ്യത്തിന്, റോസ്‌ലിന്റെ മകള്‍ ബീന ഫോണ്‍ കയ്യില്‍ വാങ്ങിയപ്പോഴാണ് എനിക്ക് ശ്വാസം നേരെവീണത്. 

പക്ഷേ, എനിക്ക് സംസാരിക്കാനുള്ളത് റോസ്‌ലിനോടാണല്ലോ. അത് റോസ്‌ലിനു കേള്‍ക്കാന്‍ പറ്റില്ലല്ലോ. 
അതുമല്ലെങ്കില്‍ എനിക്കു പറയാനുള്ളതെല്ലാം ഞാന്‍ പറയാതെതന്നെ അങ്ങു സ്വര്‍ഗത്തിലിരുന്ന് റോസ്‌ലിന്‍ കേള്‍ക്കുന്നുണ്ടാവുമല്ലോ.  

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija Warrier share a memory about her friend Roslin