ഞാന്‍ ആദ്യമായി ഒരു റെക്കോഡിംഗ് കാണുകയാണ്. മദ്രാസിലെ ഭരണി സ്റ്റുഡിയോയില്‍. (അന്ന് ചെന്നൈ ആയിട്ടില്ല) ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ടീമിന്റെ 'മനോഹരീ നിന് മനോരഥത്തില്‍' എന്ന ഗാനം. ഗാനരചയിതാവ്, സംഗീത സംവിധായകന് എല്ലാം ഒരു സ്ഥലത്ത് (കണ്‍സോള്‍)- ഗായകര്‍ക്ക് ഒരു വോയിസ് റൂം- ഒരു വലിയ ഹാളില്‍ ഓര്‍ക്കസ്ട്ര വായിക്കുന്നവര്‍. ഇങ്ങനെയായിരുന്നു അന്നത്തെ രീതി. കണ്സോളിലിരിക്കുന്നവര്ക്ക് ഗ്ലാസ് ജനാലകളിലൂടെ (വീതിയും നീളവുമുള്ളവ) മറ്റുള്ളവരെ കാണാം. നിശബ്ദരായിരുന്ന് പാട്ട് കേള്‍ക്കാം.
എല്ലാം റെഡിയായി. യേശുദാസ് മൈക്കിനുമുന്നിലെത്തി. സംഗീതസംവിധായകനും സൗണ്ട് എഞ്ചിനീയറും ഓകെ പറഞ്ഞതോടെ പാട്ട് മെല്ലെ തുടങ്ങുകയായി. അന്നോളം സിനിമയിലെ ഏതെങ്കിലും ഒരു കഥാപാത്രം ചുണ്ടനക്കുമ്പോള്‍ മാത്രം നമ്മള് കേട്ടിരുന്ന ഒരു ഗാനം യഥാര്‍ത്ഥത്തില്‍ എങ്ങനെ ജനിക്കുന്നു എന്ന അത്ഭുതം കാണുന്നതിന്റെ എല്ലാ കൗതുകവും ആകാംക്ഷയും എനിക്കുണ്ടായിരുന്നു. 'മനോഹരി നിന് മനോരഥത്തില്‍...' അദ്ദേഹത്തിന്റെ ശബ്ദം അങ്ങനെ ഒഴുകുകയാണ്. എല്ലാവരും അതില്‍ ലയിച്ചിരിക്കുന്നു. അപ്പോഴാണ് അത് സംഭവിച്ചത്. 'എന്നടാ പണ്ണ്റേന്- എത്തനവാട്ടി ശൊല്ലി ക്കൊടുത്തത് താനേ' ഒരട്ടഹാസം ഓര്ക്കസ്ട്രഹാളില് നിന്ന്. പാട്ട് പെട്ടെന്ന് നിന്നു. ആകെ നിശബ്ദത. ഞാന്‍ ശരിക്കും പേടിച്ചുപോയി. നോക്കുമ്പോള്‍ തലേദിവസം വീട്ടില്‍ വന്ന് ഭക്ഷണവും കഴിച്ച് കുശലം പറഞ്ഞിരുന്ന ശേഖറണ്ണനാണ് കോപം കൊണ്ട് വിറച്ചുനില്‍ക്കുന്നത്. ഏതോ ഒരു ഉപകരണം വായിക്കുന്ന ആള് അത് തെറ്റിച്ചു. ശേഖറണ്ണന് അത് ഒട്ടും സഹിക്കാന്‍ പറ്റാത്ത അപരാധമാണ്.
ഒരുപാട് പേര് എഴുതിയും പറഞ്ഞും ഇപ്പോള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യം. ആര് തെറ്റിച്ചാലും ഗായകര്‍ ആദ്യം മുതല്‍ പാടണം. അതിനാല്‍ റിഹേഴ്സല്‍ ചെയ്ത് മുഴുവന്‍ ശരിയായ ശേഷമേ പാട്ട് തുടങ്ങുകയുള്ളൂ. ഇന്നത്തെപ്പോലെ യന്ത്രങ്ങളല്ല മനുഷ്യരായിരുന്നു എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്തിരുന്നത്. അന്നത്തെ എല്ലാ സംഗീതസംവിധായകര്‍ക്കും സഹായിയായി ശേഖറണ്ണനെ വേണമായിരുന്നു. ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍, രാഘവന് മാസ്റ്റര്‍ അങ്ങനെ ആരായാലും 'സഹായി' ശേഖറണ്ണന് തന്നെ. അവരൊക്കെ പാട്ടുകളുടെ സംഗീതം നിര്‍വഹിച്ചുകഴിഞ്ഞാല്‍ ഓര്‍ക്കസ്ട്രയുടെ മുഴുവന്‍ ചുമതലയും അദ്ദേഹത്തിനാണ്. ഓരോ പാട്ടിനും അനുയോജ്യമായി ഓരോ ഉപകരണങ്ങള്‍ സന്നിവേശിപ്പിക്കാനുള്ള ആ കഴിവ് അപാരമായിരുന്നു. ഒന്നാന്തരം സംഗീതസംവിധായകനുമായിരുന്നു. എങ്കിലും ഇവരുടെയൊക്കെ നിഴലില്‍ കൂടി നടക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമില്ലായിരുന്നു. അര്ജുനന് മാസ്റ്ററോടായിരുന്നു അണ്ണന് ഏറ്റവും ആത്മബന്ധം ഉണ്ടായിരുന്നത്. ആരാണീ ശേഖറണ്ണന് എന്നല്ലേ. അന്നത്തെക്കാലത്ത് ഒരു നിമിഷം വിശ്രമമില്ലാതെ നേരത്തെ പറഞ്ഞ സംഗീത സംവിധായകര്‍ക്കു വേണ്ടി ജീവിച്ച ആര്.കെ. ശേഖര്‍.
ഞാന്‍ വിവാഹിതയായി ചേട്ടനൊടൊപ്പം മദിരാശിയില്‍ എത്തിയപ്പോള്‍ മുതല്‍ ശേഖറണ്ണന് ഞങ്ങളുടെ ജീവിതത്തിന്റെ - വീടിന്റെ ഒരു ഭാഗമാണ്. ഭാര്യ കസ്തൂരിയും അങ്ങനെ തന്നെ. ഞാന്‍ വരും മുമ്പ് തന്നെ ചേട്ടനും ശേഖറണ്ണനും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്. ജയചന്ദ്രന്, ഇടയ്ക്ക് കുറച്ചുകാലം ബാലു സാര്‍ (എസ്.പി. ബാലസുബ്രഹ്മണ്യം) ഇവരൊക്കെ ഈ കൂട്ടായ്മയില്‍ ഉണ്ടായിരുന്നു.

അക്കാലത്ത് ശേഖറണ്ണന് ഒരു കൊച്ചു മോറീസ് കാറുണ്ടായിരുന്നു. ഞങ്ങള്‍ക്ക് രണ്ടു മക്കളായശേഷം മിക്കവാറും സമയം കിട്ടുമ്പോള്‍ (അത്യപൂർവമായി മാത്രം) വീട്ടില്‍ വരും. എനിക്ക് നന്നായി അറിയാം റെക്കോഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് നേരെയുള്ള വരവായിരിക്കുമെന്ന്. നിര്‍ബന്ധിച്ച് എന്തെങ്കിലും കഴിപ്പിച്ചിട്ടേ വിടുകുള്ളൂ ഞാന്‍. 'വേണ്ട തങ്കച്ചീ, ഇപ്പോ കഴിച്ചതേയുള്ളൂ' എന്നൊക്കെ പറയും. പിന്നെയങ്ങ് കഴിക്കും. സ്റ്റുഡിയോയില്‍ നിന്ന് സ്റ്റുഡിയോയിലേക്ക് പായുന്ന തിരക്കില്‍ ചായ കൊണ്ട് മാത്രമാണ് ആ മനുഷ്യന് ജീവിച്ചിരുന്നത്. അങ്ങനെയാണൊടുവില് അള്‍സറിന്റെ പിടിയില്‍ അകപ്പെടുന്നത്.
ഞങ്ങളുടെ മക്കള്‍ തമ്മില്‍ പ്രായവ്യത്യാസം തീരെയില്ല. ചേട്ടനും ശേഖറണ്ണനും കൂടി രണ്ടുപേരെയും എടുത്തുകൊണ്ട് കാപാലീശ്വരന് കോവിലില്‍ പോകും. അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്ന് നടന്നുപോകാനുള്ള ദൂരമേയുള്ളൂ. കുഞ്ഞുങ്ങള്‍ ഒരുപാട് ആസ്വദിച്ചിരുന്ന ഒരു 'ഈവനിംഗ് വാക്ക്' ആണത്. മദിരാശിയില്‍ അന്ന് വിദേശ സാധനങ്ങള്‍ കിട്ടുന്ന (അനധികൃതമായി) ഒരു മാര്‍ക്കറ്റ് ഉണ്ട്. ബര്‍മ്മാ ബസാര്‍ എന്നോ മറ്റോ ആയിരുന്നു പേര്. അണ്ണന് അവിടെ പോയി സംഗീത ഉപകരണങ്ങള്‍ വില കുറച്ച് വാങ്ങും. അനധികൃതമാണെങ്കിലും ഗവണ്മെന്റിന്റെ ഒരു മൗനസമ്മതമുണ്ടായിരുന്നു. പാശ്ചാത്യ ഉപകരണങ്ങളാവും വാങ്ങുക.
ഇപ്പോള്‍ 'കീബോര്‍ഡ്' ഉണ്ടെങ്കില്‍ ആര്‍ക്കും സംഗീതം ചെയ്യാം. എന്നാല്‍ പശ്ചാത്തല സംഗീതത്തിന് കോംബോ ഓര്‍ഗണ്‍ എന്ന ഇലക്ട്രോണിക്സ് ഉപകരണം ആദ്യം ഉപയോഗിച്ചത് ശേഖറണ്ണനാണ്. തനിയെ സിംഗപ്പൂരില്‍ ചെന്ന് വാങ്ങിയിട്ട് വന്നു. പിന്നെ മറ്റ് ചിലരും അത് പരീക്ഷിച്ചതോടെയാണ് മലയാള സിനിമയില്‍ ആധുനികമായ ഒരു യുഗം പിറക്കുന്നത്. ഇലക്ട്രോണിക് യുഗം.
എന്റെ മകന് (വളരെ കുട്ടിയാണന്ന്) ഏറ്റവും പ്രിയം കാറുകളോടായിരുന്നു. അന്നുള്ള എല്ലാ ബ്രാന്‍ഡ് കാറുകളും കണ്ടുകഴിഞ്ഞാല്‍ അവന് പറയുമായിരുന്നു. ഇതറിയാവുന്ന ശേഖറണ്ണന് എവിടെ പോയിട്ട് വന്നാലും ഈ ബ്രാന്‍ഡുകളുടെയൊക്കെ ചെറിയ കാറുകള്‍ കൊണ്ടുവന്ന് കൊടുക്കും അവന്. മോള്‍ക്ക് മറ്റ് കളിപ്പാട്ടങ്ങളും, ഏറ്റവുമൊടുവില്‍ അണ്ണന് സിംഗപ്പൂര്‍ പോയിട്ട് വന്നപ്പോള്‍ ഒരു ചെറിയ 'പാറ്റണ് ടാങ്ക്' ആണ് കൊണ്ടുവന്നത്. ഒരു പാട് കളിച്ചതാണ് അവനതുമായി.
ഒരിക്കല്‍ ചേട്ടനും ശേഖറണ്ണനും കൂടി ഒരു വേളാങ്കണ്ണി യാത്ര പോയി. ആ വഴി നാഗൂര് ദര്‍ഗ്ഗയിലും പോയി. ഇടയ്ക്കെപ്പോഴോ അണ്ണന് പറഞ്ഞു: 'നമ്മള് ഇങ്ങനെയൊക്കെ പോയിട്ട് ചെല്ലുമ്പോള്‍ വീട്ടുകാരിക്ക് എന്തെങ്കിലും വാങ്ങിച്ചുകൊണ്ട് പോകണം തമ്പീ'
'ഒരു സാരി വാങ്ങാം' എന്നായി ചേട്ടന്.
'അതൊന്നുമല്ല. കുടുംബത്തിലുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള എന്തെങ്കിലും മതി'
അന്ന് മദ്രാസ് വെള്ള ക്ഷാമം അനുഭവിക്കുന്ന സമയം, വെള്ളം ശേഖരിച്ചുവെയ്ക്കണം. മനോഹരമായ ഒരു പിച്ചള കുടം ശേഖറണ്ണന് തന്നെ വാങ്ങിക്കൊണ്ടുവന്നു. എനിക്ക് ശരിക്കും ഇഷ്ടമായി. അതിന്റെ ദുഃഖവശം എന്തെന്നാല്‍ 1974 ല്‍ ഞങ്ങളുടെ വീട്ടില്‍ ഒരു മോഷണം നടന്നു. ഞങ്ങള്‍ നാട്ടില്‍! ഒന്നില്ലാതെ സർവസാധനങ്ങളും മോഷ്ടാക്കള്‍ കൊണ്ടുപോയി. അക്കൂട്ടത്തില്‍ ശേഖറണ്ണന്റെ ഈ സ്നേഹ സമ്മാനവും.
കസ്തൂരിക്കും എനിക്കും ചെറിയ കുട്ടികളായിരുന്നതിനാല്‍ കുടുംബങ്ങള്‍ തമ്മിലുള്ള സന്ദര്‍ശനങ്ങള്‍ വളരെ കുറവായിരുന്നു. മുടങ്ങാതെ ഒരു പ്രാവശ്യം പോകും. ദിലീപിന്റെ (ഇന്നത്തെ ഏ.ആര്. റഹ്മാന്) പുറന്നാളിന്. ദേവരാജന്‍ മാസ്റ്ററും ചേച്ചിയും ദക്ഷിണാമൂര്‍ത്തി സ്വാമിയും അമ്മയും പിന്നെ ഞങ്ങളും. വേറാരുമുണ്ടാവില്ല. ചിലപ്പോള്‍ ജയചന്ദ്രനുമുണ്ടാവും.

ഇന്ന് ജീവിതത്തിലെ ഏത് മുഹൂര്‍ത്തവും വിരലൊന്നു തൊട്ടാല്‍ നമുക്ക് പതിഞ്ഞു കിട്ടും. അന്ന് ക്യാമറ പോലും ഒരു അമൂല്യ വസ്തുവായിരുന്നു. അതിന്റെ പ്രാധാന്യവും ആരും ചിന്തിച്ചിരുന്നില്ല. എന്നാലിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ മനോഹരമായ ആ സ്നേഹസൗഹൃദങ്ങളെല്ലാം ഓര്‍മകളുടെ 'ആല്‍ബത്തില്‍' മാത്രം!
ശേഖറണ്ണന് പാട്ടുകളുടെ ടേപ്പുകള്‍ വീട്ടില്‍ കൊണ്ടുപോയി രാത്രിയിലിരുന്ന് ഓര്‍ക്കസ്ട്ര നോട്ട്സ് തയ്യാറാക്കും ചിലപ്പോള്‍. പല സംഗീത സംവിധായകരുടെയും പാട്ടുകള്‍ അതിലുണ്ടാവും. ഒരാള്‍ ഉപയോഗിച്ച രാഗം തന്നെ മറ്റൊരാള്‍ തന്റെ പാട്ടിനുവേണ്ടി ഇട്ടെന്നിരിക്കും. ഇതിന്റെ ഒന്നും വിശദാംശങ്ങള്‍ അറിയാത്ത കുഞ്ഞു ദിലീപിന്റെ കമന്റ് ഇങ്ങനെയാവും- 'എന്നാ അപ്പാ, കാലൈയിലെ പോട്ടത് താനേ ഇപ്പോവും പോട്ടിട്ടിരുക്കിങ്ക' - എന്ന്. (രാവിലെ കേട്ട പാട്ട് തന്നെയാണത്രെ രാത്രിയും അപ്പാ ശ്രദ്ധിക്കുന്നതെന്ന്) ക്രമേണ ദിലീപിന്റെ ശ്രദ്ധ വെസ്റ്റേണ്‍ മ്യൂസിക്കിലേക്ക് തിരിഞ്ഞു എന്നത് വേറൊരു സത്യം! പിന്നീട് സംഗീതസംവിധായകനായപ്പോള്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയടുത്ത് സംഗീതം പഠിക്കുകയുണ്ടായി. ശേഖറണ്ണന് സ്വതന്ത്ര സംവിധായകനായത് ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രം! എങ്കിലും ഹിറ്റ് ഗാനങ്ങള്‍ അനവധി. 'ചൊട്ട മുതല്‍ ചുടല വരെ', 'ഉഷസ്സോ സന്ധ്യയോ', 'താമരപ്പൂ നാണിച്ചൂ', 'മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം', 'മനസ്സ് മനസ്സിന്റെ കാതില്‍', ബാലു സാര്‍ പാടിയ 'നീലസാഗര തീരം', ജയചന്ദ്രന്റെ 'അച്ചന്‍കോവിലാറ്റിലെ' അങ്ങനെ എത്രയോ മനോഹരമായ ഗാനങ്ങള്‍! എന്റെ ഒരു പ്രിയപ്പെട്ട പാട്ട് - 'പാതിരാപ്പൂവുകള്‍ വാര്‍മുടി കെട്ടില്‍ ചൂടാറില്ലല്ലോ', 'സുഖമെവിടെ ദുഃഖമെവിടെ', 'കുയിലിന്റെ മണിനാദം കേട്ടൂ', 'ഇലഞ്ഞിപ്പൂമണം ഒഴുകി വരുന്നു' ഇവയൊക്കെ ശേഖറണ്ണന് പശ്ചാത്തല സംഗീതം നിര്‍വഹിച്ചതില്‍ എനിക്ക് പ്രിയപ്പെട്ട 'ചില' പാട്ടുകള്‍ മാത്രം.
1976 ല്‍ യാത്രയാകുമ്പോള്‍ ശേഖറണ്ണന്റെ വയസ്സ് വെറും 43. ആ കൊച്ചു മനുഷ്യന്റെ ശരീരത്തിലൂടെ ഒഴുകിയിരുന്നത് സംഗീതം മാത്രമാണ്. എത്രയോ സംഗീത സംവിധായകരുടെ പാട്ടുകളുടെ പൂര്‍ണ്ണതയാണ് അവിടെ അന്ന് അവസാനിച്ചത്. ആ പാട്ടുകള്‍ക്ക് ഭാവം പകരാന്‍, ഹാര്‍മോണിയത്തിലൂടെ മാന്ത്രികമായി നൊട്ടേഷന്‍ വായിച്ചുകൊടുത്തിരുന്ന വിരലുകള്‍ എന്നേക്കുമായി നിശ്ചലമായി.
ഇന്നും മറക്കാന്‍ വയ്യാത്ത രംഗം! അണ്ണനെ വീട്ടില്‍ കൊണ്ടുവന്ന് പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കസ്തൂരിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഞങ്ങളും സ്വയം ആശ്വസിക്കാന്‍ പാടുപെടുന്നു. ദിലീപിനും ചേച്ചി കാഞ്ചനയ്ക്കുമേ കുറച്ച് അറിവുള്ളൂ. ഇളയ കുഞ്ഞുങ്ങള്‍ മറ്റ് കുട്ടികളുമായി മുറ്റത്തിരുന്ന് മണ്ണ് വാരിക്കളിക്കുന്നു. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഹൃദയം നുറുങ്ങിപ്പോയ കാഴ്ച.
ഇന്ന് ആര്. കുലശേഖരന് എന്ന ആര്.കെ. ശേഖര്‍ അറിയപ്പെടുന്നത് എ.ആര്. റഹ്മാന്റെ പിതാവായി മാത്രം. ഇന്നും നിത്യഹരിതമായി ജീവിക്കുന്ന നൂറു കണക്കിന് പാട്ടുകള്‍ക്ക് പിന്നില്‍ ആ മനുഷ്യന്റെ അധ്വാനവും ആരോഗ്യവും എത്രമാത്രം ചിലവഴിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്നത്തെ തലമുറ എങ്ങനെയറിയാന്‍! വരാന്‍ പോകുന്ന ഇലക്ട്രോണിക് യുഗത്തെ ദീര്‍ഘവീക്ഷണത്തോടെ കണ്ടിരുന്ന ശേഖറണ്ണന് മകനുവേണ്ടി അതിനുപകരിക്കുന്ന സംഗീതോപകരണങ്ങള്‍ എത്രയോ ശേഖരിച്ചിരുന്നു. കുടുംബത്തിനൊന്നും സമ്പാദിച്ചില്ല, കാശുണ്ടാക്കിയില്ല എന്നെല്ലാമുള്ള ആരോപണങ്ങള്‍ മരണത്തിനുമുന്‍പും പിന്‍പും അദ്ദേഹത്തോടൊപ്പമുണ്ട്. എന്നെ തങ്കച്ചി എന്ന് വിളിച്ചിരുന്ന ഒരേയൊരാള്‍. കുടുംബത്തിന് പുറത്ത് ഞാന്‍ അണ്ണന് എന്ന് വിളിച്ചിരുന്ന ഒരേയൊരാള്‍. പ്രിയപ്പെട്ട ശേഖറണ്ണന് കുടുംബത്തിന് മാത്രമല്ല സംഗീത ലോകത്തിന് തന്നെ സമ്മാനിച്ചിട്ടുപോയ അമൂല്യ സ്വത്താണ് രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ വരെ നേടിയ ഇന്ത്യയുടെ അഭിമാനമായ എ.ആര്. റഹ്മാന്!
Content Highlights: RK Shekhar Srekumaran Thampi ARRahman Malayalam Melody