മ്മുടെ എല്ലാവരുടെ ഉള്ളിലും ഒരു 'കുട്ടി' ഉണ്ടാവും. ഏതു പ്രായത്തിലും വാത്സല്യവും കരുതലും ആഗ്രഹിക്കുന്നൊരു കുട്ടി. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ വിസ്മൃതിയില്‍ ആണ്ട് കിടക്കുന്നൊരു കുട്ടി. ചില പ്രത്യേക നിമിഷങ്ങളില്‍ 'എന്നെ മറന്നോ' എന്നു ചോദിക്കുന്ന കുട്ടി. ഒന്നു ലാളിച്ചിട്ട്, വീണ്ടും കിടത്തിയുറക്കിയിട്ട് യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങുന്ന നമ്മള്‍.

സ്വന്തം മുത്തശ്ശനെ വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു. ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കിടയിലൂടെ 'ആഹാ എനിക്കിനി തളത്തിലിരുന്ന് ഊണ് കഴിക്കാലോ' എന്നു പറഞ്ഞുകൊണ്ട് തുള്ളിച്ചാടുന്ന ഒരു നിഷ്‌കളങ്ക ബാലിക- ഈ അടുത്ത ദിവസങ്ങളില്‍ ഇഹലോക ജീവിതം പൂര്‍ത്തിയാക്കി ഭഗവല്‍സന്നിധിയിലേക്ക് യാത്രയാകുമ്പോഴും വിരല്‍തുമ്പില്‍ ആ കുട്ടിയെ വിടാതെ പിടിച്ചിരുന്ന ഒരമ്മ. അതും തന്റെ എണ്‍പത്തിനാലാം വയസ്സില്‍. പാട്ടുകളെ സ്നേഹിക്കുന്ന എല്ലാവര്‍ക്കും സുപരിചിതനായ രവിമേനോന്റെ അമ്മ! ചിലര്‍ക്കെങ്കിലും 'പൂര്‍ണ്ണേന്ദുമുഖി'യായി മാറിയ അമ്മ-  മകന്റെ എഴുത്തിലൂടെ.

സ്വന്തം വീട്ടില്‍ ചേച്ചിമാരുടെ ചെല്ലക്കുട്ടിയായി ശൈശവ-ബാല്യ-കൗമാരങ്ങള്‍ ആഘോഷമാക്കിയ കുട്ടി. പ്രേംനസീറിന്റെ സിനിമ ആദ്യദിവസം ആദ്യ ഷോ കാണാന്‍ ചേച്ചിമാര്‍ക്കൊപ്പം ചിരിച്ച് രസിച്ച് പോയിരുന്നു ആ കുട്ടി. യൗവ്വനാരംഭത്തില്‍ തന്നെ വിവാഹം വഴി ഒരു പറിച്ചുനടീല്‍ ആവശ്യമായി വന്നു ആ കുട്ടിയ്ക്ക്. അതും വയനാട്ടിലെ ഒരു എസ്റ്റേറ്റിന്റെ നിശ്ശബ്ദതയിലേക്ക്.

ഇഷ്ടം പോലെയുണ്ടായിരുന്ന ജോലിക്കാരുടെ സംസാരവും പാത്രങ്ങള്‍ വഴക്കുപിടിക്കുന്ന ശബ്ദവും കിളികളുടെ പാട്ടും പ്രകൃതിയുടെ താളവും ഒക്കെയായിരുന്നു ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാലുള്ള കൂട്ടുകാര്‍. ഭാഗ്യത്തിന് ആരുമറിയാതെ ചിലരെ കൂടി കൊണ്ടുവന്നിരുന്നു കുട്ടി. അവരാരും അത്ര ചില്ലറക്കാരൊന്നുമായിരുന്നുമില്ല. യേശുദാസ്, ജയചന്ദ്രന്‍, എസ്. ജാനകി... പോരേ? രാപകല്‍ വിശ്രമം കൊടുക്കാതെ അവരെക്കൊണ്ട് പാടിക്കുക തന്നെയായി പണി. ദിവസങ്ങളും വര്‍ഷങ്ങളും പാട്ടുകള്‍ക്കൊപ്പം ഓടിക്കൊണ്ടിരുന്നു. 'കുട്ടി'ക്ക് കുട്ടികള്‍ മൂന്നായി. രണ്ട് ആണ്‍കുട്ടികള്‍, ഒരു പെണ്‍കുട്ടി. സന്തോഷമായി ആ കുട്ടിക്ക്. കളിക്കാനും കളിപ്പിക്കാനും എല്ലാം ആളുകളായല്ലോ. വീണ്ടും ഒന്നു കൂടി ശൈശവവും ബാല്യവുമെല്ലാം പങ്കിട്ടു. അപ്പോഴേക്കും ഒരു കൂട്ടുകാരി കൂടി അവിടെ താമസിക്കാന്‍ വന്നിരുന്നു. ഭര്‍ത്താവിന്റെ സഹോദരി. തകര്‍ന്ന ഒരു ദാമ്പത്യവും അനപത്യ ദുഃഖവും നേരിട്ടിരുന്ന ഒരാള്‍.

ദോശയോ ഇഡ്ഡലിയോ ചോറോ എന്തുമാവട്ടെ അതിന്റെ വിഭവങ്ങള്‍ക്കൊപ്പം കുറേശ്ശെ പാട്ടും ഒഴിച്ചുകൊടുത്തിരുന്നു ആ കുട്ടി.  കൂട്ടിനു കൂടെ കൂട്ടിയിരുന്നവരുടെ പാട്ടുകള്‍! മക്കളിലൊരാള്‍ എല്ലാത്തിനേക്കാളും സ്വാദോടെ അതാസ്വദിച്ചുകഴിച്ചിരുന്നു. ഉള്ളില്‍ അമ്മയുടെ അതേ സംഗീതഭ്രാന്ത് ഉണ്ടായിരുന്നതാവാം കാരണം. ഇപ്പോഴിതാ പാട്ടിനെക്കുറിച്ചെഴുതി ഉപജീവനം കഴിക്കുന്നു അന്നത്തെ രവി എന്ന ബാലന്‍- രവിമേനോന്‍.
 
ഒരിക്കല്‍ അടുപ്പിന്റെ തൊട്ടടുത്ത് ട്രാന്‍സിസ്റ്റര്‍ കൊണ്ടുവന്ന് പാട്ടുകേള്‍ക്കുകയായിരുന്നു നമ്മുടെ കഥാനായിക. കരിഞ്ഞ മണം കേട്ട് ഓടിവന്ന ചേച്ചിയോട് 'അയ്യോ മാണിക്യവീണ മുഴോനും കേള്‍ക്കാന്‍ പറ്റീല' എന്ന് നിരാശപ്പെട്ട് പറയണമെങ്കില്‍ അതൊരു 'കുട്ടി' തന്നെയല്ലേ. രവിയും തമ്പിച്ചേട്ടനും വര്‍ഷങ്ങളായി നല്ല അടുപ്പമാണ്. തമാശ എന്തെന്നാല്‍ ഞാന്‍ രവിയെയോ ആ വീട്ടിലുള്ളവരെയോ ഒന്നും നേരില്‍ കണ്ടിട്ടില്ല. ലത (ഭാര്യ) യോടും മകള്‍ മായയോടും നല്ല അടുപ്പമാണെങ്കിലും. ലതയും ഞാനും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഫോണില്‍ സംസാരിക്കും. സകലവിശേഷങ്ങളും പരസ്പരം പങ്കുവെക്കും. മായയുടെ വിവാഹാലോചനകളുടെ സമയത്ത് ഞാനും അതില്‍ സജീവപങ്കാളിയായിരുന്നു. പച്ചക്കറിയുടെ വില, അന്നുണ്ടാക്കിയ ആഹാരം, അസുഖങ്ങള്‍ അങ്ങനെ.... പോകും വര്‍ത്തമാനം.

അമ്മയെക്കുറിച്ച് ലതയുടെ വാക്കകള്‍- 'ഒരു പാവം അമ്മ. നല്ല നര്‍മ്മബോധം. മറ്റുള്ളവരെ കളിയാക്കാനും സ്വയം കളിയാക്കപ്പെടാനും സന്തോഷം. മരുമക്കളെയും മക്കളെപ്പോലെ സ്നേഹിച്ചിരുന്നു. മക്കള്‍ക്ക് എന്തെങ്കിലും ഒക്കെ ഉണ്ടാക്കിക്കൊടുക്കുന്നതായിരുന്നു ഏറ്റവുമിഷ്ടം. വയ്യാതെ ആയപ്പോള്‍ പണിക്കാരെ കൊണ്ട് പറഞ്ഞ് ചെയ്യിച്ച് കൊടുക്കും. മക്കള്‍- അതായിരുന്നു അമ്മയുടെ ലോകം. നല്ലൊരു മരണവും കിട്ടി അമ്മയ്ക്ക്'.

വരാന്തയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന മകന്‍ രവിയോട് 'നീ ചരമക്കോളം നോക്കിയോ, അമ്മേടെ പേരും ഫോട്ടോയും ഉണ്ടോ- അല്ല, ഞാന്‍ മരിച്ചൂന്ന് ഇന്നലെ ഒരു സ്വപ്നം കണ്ടേ അതോണ്ടാ. പേപ്പറില്‍ വന്നാലല്ലേ തെളിവുള്ളൂ.' എന്നു പറയുന്ന ആളിന്റെ നര്‍മ്മബോധത്തിന് മറ്റൊരു തെളിവെന്തിന്!

ഇടയ്ക്കെപ്പോഴോ ബോധാബോധങ്ങളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കേണ്ടിവന്നു ആ കുട്ടിക്ക്. അപ്പോഴും ഒരു കൈകൊണ്ട് മക്കളേയും മറു കൈകൊണ്ട് ട്രാന്‍സിസ്റ്ററും ചേര്‍ത്തുപിടിക്കാന്‍ മറന്നിരുന്നില്ല. കുടുംബമായി ഓരോ ദിക്കില്‍ കഴിയുന്ന മക്കള്‍ക്ക് ഉരുളയുരുട്ടി വച്ചിട്ടാണ് സ്വയം ആഹാരം കഴിക്കുക.

എസ്റ്റേറ്റ് ബംഗ്ലാവിന്റെ ചുറ്റുവട്ടത്തെങ്ങും മറ്റു വീടുകളില്ല. രാത്രിയില്‍ കറന്റ് പോയാല്‍ കുറ്റാക്കുറ്റിരുട്ടും സൂചി വീണാല്‍ പോലും കേള്‍ക്കുന്ന നിശ്ശബ്ദതയും മാത്രം. ദൂരെയുള്ള മലയില്‍ കാട്ടുതീ എരിയുന്നത് കാണുമ്പോള്‍ കുട്ടികള്‍ പേടിക്കുമായിരുന്നു. അന്ന് അവര്‍ക്ക് തുണയായിരുന്നത് കുട്ടിയായ ഈ അമ്മയുടെ നര്‍മ്മവും കഥകളും പാട്ടുകളുമാണ്. ഒരു പക്ഷേ ഇങ്ങനെയൊരമ്മയല്ലായിരുന്നു അവര്‍ക്കെങ്കില്‍ അവരൊക്കെ വേറൊരു മാനസികാവസ്ഥയിലായിരുന്നിരിക്കില്ലേ വളരുക. ആവാന്‍ സാധ്യതയുണ്ട്. ആ അമ്മയുടെ എല്ലാ സ്വഭാവ വിശേഷവും അവര്‍ക്കൊരു കവചമായി മാറിയിരുന്നു എന്നതാണ് സത്യം. പ്രകൃതിയില്‍ നിന്ന് മാത്രമല്ല ഒരുപക്ഷേ കര്‍ക്കശക്കാരനായിരുന്ന അച്ഛന്റെ ശിക്ഷാവിധികളില്‍ നിന്നുപോലും!

മക്കളെ ബുദ്ധിമുട്ടിക്കാതെ കടന്നുപോകണമെന്നായിരുന്നു ആ കുട്ടിയുടെ എന്നുമുള്ള പ്രാര്‍ത്ഥന! അതേതായാലും ഈശ്വരന്‍ കേട്ടു. കിടപ്പിലായിരുന്നെങ്കിലും ആശുപത്രി വാസം രണ്ടു മൂന്നു ദിവസങ്ങള്‍ മാത്രം! ശരിയായ ബോധത്തിലായിരുന്നില്ല. കണ്ണ് തുറന്നിരുന്നുമില്ല. എങ്കിലും ഇഷ്ടഗാനമായ 'പൂര്‍ണ്ണേന്ദുമുഖിയോടമ്പലത്തില്‍ വെച്ച്' എന്ന പാട്ട് മകന്‍ രവി അടുത്തിരുന്ന് പാടിക്കൊടുത്തപ്പോള്‍ അടുത്ത വാക്ക് ശബ്ദമില്ലാതെ മന്ത്രിച്ചു. മറ്റൊരു മകന്റെ ഭാര്യയായ സീമ മൊബൈലിലുണ്ടായിരുന്ന ചിത്ര ആലപിച്ച രാമായണം കാതിനടുത്തേക്ക് വെച്ച് കേള്‍പ്പിച്ചുകൊടുത്തു. ചലനമൊന്നുമുണ്ടായില്ല. 'നാരായണ നാരായണ' എന്ന് മെല്ലെ പറഞ്ഞു. ഒരു യഥാര്‍ത്ഥ ഹിന്ദു കൊതിക്കുന്ന രീതിയില്‍ തന്നെ യാത്രയായി. എല്ലാ നിഷ്‌കളങ്കതയോടും കൂടി! ഈശ്വരനാമത്തിന്റെയും ഇഷ്ടഗാനത്തിന്റെയും അകമ്പടിയോടെ.

Content Highlights: Raji Thampi share memories about Ravi Menon's Mother Narayanikuttiyamma