''ജ്ഞാനപ്പഴത്തെ പിഴിന്ത് രസമന്‍പിനൊട്...'' മൈക്കിലൂടെ ആ ശബ്ദം കേട്ടത് പെട്ടെന്നാണ്. ''അയ്യോ, ടിക്കറ്റ് കൊടുത്തു തുടങ്ങി അമ്മേ... നമുക്ക് വേഗം നടക്കാം'' ഞാന്‍ അമ്മയെ പിടിച്ചുകൊണ്ട് പറഞ്ഞു. ''ഇനി അഞ്ച് മിനിട്ടുപോലുമില്ല എത്താന്‍. ധൃതിപിടിക്കണ്ട...'' അമ്മ പറഞ്ഞു.

എനിക്ക് ഒരു 11 വയസ്സ് കാണും. ഞാന്‍, അമ്മ, അനിയന്മാര്‍, വല്യമ്മമാരുടെ മക്കള്‍, ചേട്ടന്മാര്‍, അല്ലാതെ സംഘത്തിലുണ്ടാകാറുള്ള സ്ഥിരം ചില ആള്‍ക്കാര്‍ എല്ലാവരുമായി ഒരു ചെറുജാഥ പോലെ പത്തനംതിട്ട രാധാ ടാക്കീസിലേക്ക് മാറ്റിനി കാണാനുള്ള പോക്കാണ്. ഞാന്‍ ജനിച്ചു വളര്‍ന്ന 'കൈപ്പട്ടൂര്‍' എന്ന ഗ്രാമത്തില്‍ നിന്ന് ഏറ്റവും അടുത്തുള്ള സ്ഥലമാണ് പത്തനംതിട്ട. അവിടെയുള്ള 'രാധാ തീയേറ്ററും 'വേണുഗോപാല്‍' തീയേറ്ററുമാണ് ഞങ്ങളുടെ രണ്ടു വിനോദകേന്ദ്രങ്ങള്‍. വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന ബസ്സ് നോക്കിയിരുന്നിട്ട് കാര്യമില്ല. പിന്നെ 'നടരാജ' സര്‍വ്വീസാണ് ശരണം. അങ്ങോട്ടുപോകുന്നത് നല്ല ഉഷാറിലാണ്. തിരിച്ചുള്ള നടപ്പൊക്കെ 'സാ' മട്ടിലാവും. രാധാ തീയേറ്ററില്‍ മാറ്റിനിയ്ക്ക് ടിക്കറ്റ് കൊടുത്തുതുടങ്ങുമ്പോഴും മാറ്റിനി കഴിയുമ്പോഴും കേള്‍ക്കുന്ന പാട്ടാണിത്. ശക്തമായ ഒരു സ്ത്രീ ശബ്ദം. പാടുന്ന സ്ഥായി ആകാശത്തെത്തുമെന്ന് തോന്നും. സത്യത്തില്‍ എന്റെ മനസ്സില്‍ ആദ്യം കയറിക്കൂടിയ സ്വരം ഇതായിരുന്നു. കെ.ബി. സുന്ദരാംബാള്‍ എന്ന അതുല്യ ഗായികയുടെ ശബ്ദം!

women
അന്നത്തെ റെക്കോാഡിങ് സംവിധാനത്തിന് മുന്നിൽ നിന്ന് യുവതിയായ സുന്ദരാംബാൾ പാട്ട് റെക്കോഡ് ചെയ്യുന്നു

സിറ്റികളിലൊക്കെ പ്രദര്‍ശിപ്പിച്ച് പത്തനംതിട്ടയിലെത്തുമ്പോഴേക്കും റീലുകളുടെ നീളം നന്നേ കുറഞ്ഞിരിക്കും. ചിലപ്പോള്‍ കഥ തന്നെ മനസ്സിലാവില്ല. എന്നാലും ഏതു സിനിമയായാലും ആദ്യ ദിവസം തന്നെ കാണാന്‍ ശ്രമിക്കും. അപ്പോഴൊക്കെ ആവര്‍ത്തിച്ച് കേള്‍ക്കുന്ന പാട്ട്. ഇന്നും ഓര്‍ത്തു നോക്കിയാല്‍ മനസ്സില്‍ അത് കേള്‍ക്കാന്‍ പറ്റും. കാണുന്ന സിനിമകളില്‍ പാട്ടുകള്‍ കേട്ടാലും അത് വീണ്ടും കേള്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. റേഡിയോ ഒന്നും അത്ര പ്രചാരത്തിലായിട്ടില്ല. 'പാട്ടുപുസ്തകം' തീയേറ്ററില്‍ പയ്യന്മാര്‍ കൊണ്ടുനടന്നു വില്‍ക്കും. അങ്ങനെ സാഹിത്യം കിട്ടും. പക്ഷേ അതുകൊണ്ടെന്തു കാര്യം. പൊട്ടിയ റീലുകള്‍ മാറ്റിയിടുമ്പോഴൊക്കെ 'ഇന്റര്‍വെല്‍' കാണും. 'പാട്ടുപുസ്തകം.. പാട്ടുപുസ്തകം, കപ്പലണ്ടി, ശര്‍ക്കര മിഠായി.... ' പാട്ടുപോലെ കേള്‍ക്കാം ഇത്. വീട്ടില്‍ നിന്നേ ഉള്ള എഗ്രിമെന്റായിരിക്കും അതൊക്കെ വാങ്ങിത്തരണമെന്ന്. ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍! ഇന്നത്തെ തലമുറയ്ക്ക് നഷ്ടപ്പെട്ടുപോയ സമ്പാദ്യം!

മദ്രാസില്‍ താമസമായതിനുശേഷമാണ് സുന്ദരാംബാളിന്റെ നിരവധി ഗാനങ്ങള്‍ വേറെ കേള്‍ക്കുന്നത്. അധികവും ഭക്തി ഗാനങ്ങള്‍. തികഞ്ഞ മുരുകഭക്തയായിരുന്നു അവര്‍. ഒരു ദിവസം നാട്ടില്‍ പോയി വന്നയുടനെ ഒരു സംഭവം പറഞ്ഞു ചേട്ടന്‍- ട്രെയിനിലെ 'കൂപ്പെ'യില്‍ കൂടെയുണ്ടായിരുന്നത് സുന്ദരാംബാളായിരുന്നത്രെ. കിടക്ക വിരിച്ചുകൊടുക്കാനും ആഹാരം എടുത്തുകൊടുക്കാനുമൊക്കെ ചേട്ടന്‍ സഹായിച്ചു. 'എന്ന ഉന്‍ പേര്' പേരു പറഞ്ഞു. 'മുരുകാ, ഉന്‍ പേരിലേയേ എനക്ക് ഉതവിക്ക് ആളൈ കിടച്ചിരുക്കതേ' എന്ന് ഭക്തിയോടെ പറഞ്ഞു അവര്‍. അവര്‍ അതിനുശേഷം 'ശ്രീകുമരാ' എന്നേ വിളിച്ചിട്ടുള്ളൂ. ഞങ്ങളെ ഒരു ദിവസം വീട്ടില്‍ കൊണ്ടുചെല്ലണം എന്ന് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ പോയി. മക്കള്‍ കൊച്ചുകുട്ടികളായിരുന്നു. വലിയ സന്തോഷമായി അമ്മയ്ക്ക്. എന്റെ മനസ്സിലൂടെ രാധാ തീയേറ്ററും ആ പാട്ടു എല്ലാം വന്നുപൊയ്ക്കൊണ്ടേയിരുന്നു.

പിന്നെ എത്രയോ പ്രാവശ്യം പോയിരിക്കുന്നു. കുഞ്ഞുങ്ങളെ മാറി മാറി മടിയില്‍ വെച്ചുകൊണ്ടിരിക്കും അവര്‍. എന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കിയിരിക്കും. വലിയ വാത്സല്യമായിരുന്നു. ''ശ്രീകുമരാ എന്തെങ്കിലും വിഷമം ഉള്ളപ്പോള്‍ ഇവളുടെ മുഖത്ത് നോക്കിയിരുന്നാല്‍ മതി' എന്ന് തമാശ പറയും. കുഞ്ഞുങ്ങള്‍ക്ക് ചോക്ലേറ്റും കളിപ്പാട്ടവും ഒക്കെ വാങ്ങി വെച്ചിട്ടുണ്ടാവും. ആ ഫില്‍ട്ടര്‍ കോഫിയുടെ സ്വാദ് ദാ ഇന്നും നാവില്‍! ഹരിപ്പാട്ട് അമ്പലത്തിലെ ഉത്സവത്തിന് ഞങ്ങള്‍ക്കുവേണ്ടി ആറാട്ട് ദിവസം കച്ചേരി നടത്തുകയുണ്ടായി. അവിടെ പാടാനായി ചേട്ടനെക്കൊണ്ട് ഒരു പാട്ടെഴുതിച്ച് അമ്മ തന്നെ ട്യൂണ്‍ ചെയ്ത് പാടി. ശരിക്കും ഞങ്ങള്‍ മക്കളെപ്പോലെയായിരുന്നു.

ഇനി ഞാനൊരു കഥ പറയാം. കോയമ്പത്തൂരിനടുത്ത് കൊടുമുടി എന്നൊരു ഗ്രാമം! അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങിയ ഒരു കുടുംബം പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞുവന്നു. പെട്ടെന്നൊരു ദിവസം ഗൃഹനാഥന്‍ മരണമടയുന്നു. 1900 ന്റെ മധ്യത്തിലാണെന്നു തോന്നുന്നു. ആ അമ്മ മൂന്നു മക്കളേയും കൂട്ടി കാവേരി നദിയുടെ നേര്‍ക്ക് നടന്നു. അമ്മയുടെ ഉദ്ദേശം മനസ്സിലാക്കിയ മൂത്ത മകള്‍ അമ്മയെ തടഞ്ഞുനിര്‍ത്തി. ''അമ്മയുടെ തീരുമാനം ഒരു പരിഹാരമല്ല. നമുക്ക് ഈ ഘട്ടം നേരിട്ട് ജീവിച്ചേ മതിയാവൂ'' എന്ന് പറഞ്ഞ് അമ്മയെ പിന്തിരിപ്പിക്കുന്നു. തിരിച്ച് വീട്ടിലേക്ക് പോരുന്നു. അന്ന് ആ നദിയില്‍ അവസാനിക്കുമായിരുന്ന ആ പെണ്‍കുട്ടിയുടെ ജീവിത യാത്ര ചെന്നെത്തിയത് സ്റ്റേജ്, സിനിമ, സംഗീതം ഇവ എല്ലാത്തിന്റെയും കൊടുമുടിയേിലേക്ക്, സ്ഥലപ്പേര് സൂചിപ്പിക്കുംപോലെ!

ആ പെണ്‍കൊടിയ്ക്ക് സ്വന്തം ശബ്ദത്തില്‍ സംഗീതത്തില്‍ അതിര് കടന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ തീയേറ്റര്‍ ഗ്രൂപ്പുകളില്‍ നിന്നും വന്നിരുന്ന അവസരങ്ങള്‍ എല്ലാം അമ്മ ബാലാംബാള്‍ നിരസിച്ചുകൊണ്ടിരുന്നു. തന്റെ കഴിവില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ആ പെണ്‍കുട്ടി ആരുമറിയാതെ വീട് വിട്ട് പോകുന്നു. ഗോവിന്ദരാജുലു എന്ന പ്രസിദ്ധ ഹാര്‍മോണിസ്റ്റിന്റെ നാടകഗ്രൂപ്പില്‍ ചേരുന്നു. എങ്ങോട്ടുവേണമെങ്കിലും അനായാസമായി ഒഴുകുന്ന തന്റെ ശബ്ദമായിരുന്നു അവളുടെ കൈമുതല്‍, അനുഗ്രഹം. സ്റ്റേജില്‍ ഹീറോ ആയും ഹീറോയിനായും അവള്‍ തന്നെ അഭിനയിച്ചു. അവള്‍ പുരുഷനാകുമ്പോള്‍ മറ്റ് ആണ്‍കുട്ടികളാണ് പെണ്ണായി മാറി ജോഡിയായിരുന്നത്. ആ ഗ്രൂപ്പിന് ഒരു സിലോണ്‍ ടൂര്‍ തരപ്പെടുന്നു. അപ്പോഴേക്കും ആ പെണ്‍കുട്ടി കൊടുമുടി ബാലാംബാള്‍ സുന്ദരാംബാള്‍ എന്ന കെ.ബി.എസ്. ആയിക്കഴിഞ്ഞിരുന്നു.

ജീവിതം വഴിമാറിയത് ആ യാത്രയിലാണ്. അന്നത്തെ പ്രസിദ്ധ ഗായകനും സ്റ്റേജ് വ്യക്തിത്വവുമായിരുന്ന എസ്.ജി. കിട്ടപ്പ എന്നയാളിനെ കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. ആദ്യത്തെ കാഴ്ചയില്‍ തന്നെ അദ്ദേഹം വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. കെ.ബി.എസ്സിന് എതിര്‍പ്പുണ്ടായിരുന്നില്ല. അക്കാലത്തെ വിപ്ലവകരമായ ഒരു മിശ്രവിവാഹം. തമിഴ്നാട് മുഴുവന്‍ അവര്‍ സ്റ്റേജ് പരിപാടികളുമായി സഞ്ചരിച്ചു. ഇതിനിടെ ഒരു കുട്ടി ജനിച്ചെങ്കിലും അധികനാള്‍ ജീവിച്ചിരുന്നില്ല ആ കുഞ്ഞ്.

എസ്. ജി. കിട്ടപ്പ വലിയ കലാകാരനായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്നു. അന്നത്തെ പേരെടുത്ത പല കലാകാരന്മാരെപ്പോലെ തന്നെ. സ്റ്റേജില്‍ ഒരുമിച്ച് പാടേണ്ട പാട്ടുകള്‍, അവതരിപ്പിക്കേണ്ട ഭാഗങ്ങള്‍ എല്ലാം കെ.ബി.എസ്. അമ്മ ഒറ്റയ്ക്ക് ചെയ്യേണ്ട അവസ്ഥയിലെത്തി കാര്യങ്ങള്‍. ഗത്യന്തരമില്ലാതെ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടി വന്നു അവര്‍ക്ക്. എങ്കിലും മരണം അറിഞ്ഞയുടനെ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്ത് (ചെങ്കോട്ട) എത്തി എല്ലാ കാര്യങ്ങളും നോക്കി നടത്തി. വരുത്തിവച്ച കടബാധ്യത തീര്‍ത്തു. കാശിയില്‍ പോയി എല്ലാ കര്‍മ്മങ്ങളും ചെയ്തു. പിന്നീട് മരണം വരെ അവര്‍ വെള്ള വസ്ത്രമേ ധരിച്ചിട്ടുള്ളൂ. 'നന്ദനാര്‍' എന്ന പടത്തിലൂടെ ആദ്യമായി ഏറ്റവും വലിയ പ്രതിഫലമായ ഒരു ലക്ഷം രൂപ അവര്‍ വാങ്ങുകയുണ്ടായി. എസ്.എസ്. വാസന്‍ നിര്‍മ്മിച്ച അവ്വയാര്‍ ആയിരുന്നു അവരുടെ എക്കാലത്തെയും ഹിറ്റ് ചിത്രം. അവര്‍ അവ്വയാര്‍ എന്ന കവയിത്രിയുടെ പുനര്‍ജന്മമാണെന്ന് ഇന്നും തമിഴ്നാട്ടുകാര്‍ വിശ്വസിക്കുന്നു. അവ്വയാര്‍ സ്ത്രീ സ്വാതന്ത്ര്യമില്ലാതിരുന്ന കാലഘട്ടത്തിലെ കവയിത്രിയായിരുന്നു.

മദ്രാസിലായിരുന്നു സ്ഥിരതാമസം. വളരെ കൂര്‍മ്മബുദ്ധിയുള്ള വ്യക്തിയായിരുന്നു. ഭക്തിഗാനങ്ങളുടെ വില്പനയില്‍ നിന്ന് വളരെ വലിയ തുക അവര്‍ക്ക് ലാഭം കിട്ടി. ഒന്നും പാഴാക്കാതെ ചിലവഴിച്ചു. ജന്മസ്ഥലത്ത് ഒരു തീയേറ്റര്‍ വരെ കെട്ടി അക്കാലത്ത്. പകരം വയ്ക്കാനില്ലാത്ത സംഗീതപ്രതിഭയായിരുന്നു. പക്കമേളമൊന്നുമില്ലെങ്കിലും സ്വന്തം ശബ്ദം കൊണ്ടു മാത്രം ആളുകളെ മണിക്കൂറുകളോളം നിശ്ശബ്ദരാക്കിയിരിപ്പിക്കുമായിരുന്നു. ആറ് മണിക്കൂറൊക്കെ തുടര്‍ച്ചയായി കച്ചേരി നടത്തിയിട്ടുണ്ട്. അക്കാലത്ത് മൈക്കൊന്നുമില്ലല്ലോ. വളരെ ദൂരത്തേക്ക് കേള്‍ക്കേണ്ടതുകൊണ്ട് അമ്മ പാട്ട് തുടങ്ങുന്നത് തന്നെ 'ഹൈ നോട്ട്സി'ലാണ്. ഒരു മൈല്‍ ദൂരത്തില്‍ കേള്‍ക്കുമായിരുന്നു എന്നാണ് അന്നത്തെ പ്രഗത്ഭരായ പലരും രേഖപ്പെടുത്തിയിരിക്കുന്നത്. 800 ലധികം പാട്ടുകള്‍ സ്വന്തമായി എഴുതിയിട്ടുമുണ്ട്. നല്ലൊരു ശതമാനം റെക്കോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഒറ്റ യുഗ്മഗാനം പോലും പാടിയിട്ടില്ല. 'വാഴ്കൈ എന്നും ഓടം' എന്ന അവരുടെ പ്രസിദ്ധ ഗാനം രചിച്ചിരിക്കുന്നത് കെ. കരുണാനിധിയാണ്.

ഇനി മറ്റൊരു മുഖം- കോണ്‍ഗ്രസ് മീറ്റിംഗുകളിലും സ്വാതന്ത്ര്യസമരത്തിലുമെല്ലാം സജീവസാന്നിധ്യമായിരുന്നു. മഹാത്മാഗാന്ധി വ്യക്തിപരമായി അവരോട് ആവശ്യപ്പെട്ടിട്ടുണ്ട് മീറ്റിംഗുകളില്‍ പാടാനായി. കാമരാജ്, സത്യമൂര്‍ത്തി ഇവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സിനിമാ താരം ആണവര്‍. 1970ല്‍ പത്മശ്രീ നല്‍കി രാഷ്ട്രം ആദരിച്ചു. ഏറ്റവും നല്ല പിന്നണി ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അവസാന കാലത്തൊക്കെ വില്‍പ്പത്രങ്ങള്‍ എഴുതുകയും മാറ്റിയെഴുതുകയും ചെയ്തുകൊണ്ടേയിരുന്നു. മരിച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ എല്ലാ സ്വത്തുക്കളും പഴനി മുരുകസന്നിധിയിലേക്ക് എഴുതിവെച്ചിരിക്കയായിരുന്നു.

women
കെ.കരുണാനിധി, എം.ജി.ആര്‍., ജയലളിത തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ കെ.ബി സുന്ദരാംബാള്‍ പാടുന്നു

കഴിഞ്ഞ ഒരു തലമുറയ്ക്കും ഇന്നത്തെ കുട്ടികള്‍ക്കും ഈ അമ്മ അത്ര പരിചിതയാകാനിടയില്ല. 'സ്ത്രീ സ്വാതന്ത്ര്യം' എന്നത് ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാല്‍ ജീവിതം കൊണ്ട് അത് അക്ഷരാര്‍ത്ഥത്തില്‍ തെളിയിച്ച മഹതിയായിരുന്നു കെ.ബി.എസ്. ചെറിയ പ്രായത്തില്‍ തന്നെ ജീവിതം പൊരുതി ജയിക്കാനുള്ളതാണെന്ന് മനസ്സിലാക്കിയിരുന്നു. ആത്മവിശ്വാസവും ആത്മധൈര്യവും കൈമുതലായി മുന്നോട്ട് പോയി നേടിയെടുത്തത് അവിശ്വസനീയമായ നേട്ടങ്ങള്‍. അതുല്യ ഗായിക! സ്റ്റേജിലെ രാജ്ഞി എന്ന് പേരെടുത്ത, മറ്റ് കലാകാരന്മാരും കലാകാരികളും കൂടെ അഭിനയിക്കാന്‍ ഭയപ്പെട്ടിരുന്ന നടി, ആദ്യമായി ഒരു ലക്ഷം രൂപ (ആ കാലത്ത്) പ്രതിഫലം വാങ്ങിയ സിനിമാ താരം, ഭര്‍ത്താവിനെ മദ്യപാനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സാധ്യമല്ലെന്ന് മനസ്സിലായപ്പോള്‍ ദാമ്പത്യം അവസാനിപ്പിക്കാന്‍ ധൈര്യം കാണിച്ച വ്യക്തി, എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം കടബാധ്യതകള്‍ തീര്‍ക്കുകയും കാശി എന്ന പുണ്യസ്ഥലത്ത് പോയി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുകയും പിന്നീട് അന്നത്തെ രീതി അനുസരിച്ച് വെള്ള വസ്ത്രം മാത്രം ധരിക്കുകയും ചെയ്ത ധീരയായ സ്ത്രീ. മഹാത്മജിയോടൊപ്പം പോലും സ്വാതന്ത്ര്യസമരത്തിലും മറ്റും പങ്കെടുത്തിരുന്ന ശക്തയായ പോരാളി. എത്രയെത്ര തൂവലുകളാണ് ആ അമ്മയുടെ വിജയത്തിന്റെ കീരീടത്തില്‍. ഇതിലധികം ഒരു സ്ത്രീയ്ക്ക് എങ്ങനെ സ്വതന്ത്രയാകാന്‍ പറ്റും. ധീരയാകാന്‍ പറ്റും. അന്നത്തെ തലമുറ അമ്മ അര്‍ഹിക്കുന്ന എല്ലാ അംഗീകാരവും കൊടുത്തു എന്നത് അഭിനന്ദനാര്‍ഹമാണ്. ഇപ്പോഴത്തെ റിയാലിറ്റി ഷോസിലെ കൊച്ചുകുഞ്ഞുങ്ങളുടെ വിവരങ്ങള്‍ വരെ വിശദമായി അറിയുന്ന തലമുറ ഈ മഹതിയെ അറിയാതെ പോയാല്‍ അക്ഷന്തവ്യമായ അപരാധം ആണ് അതെന്നേ ഞാന്‍ പറയൂ. ആ ജീവിതത്തില്‍, മനസ്സില്‍ ഞങ്ങള്‍ക്കും ഒരു സ്ഥാനമുണ്ടായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ അഭിമാനവും സന്തോഷവും ഉണ്ട്. ചരിത്രത്തിന്റെ ഒരു കാലഘട്ടത്തിന്റെ താളുകളില്‍ തങ്കലിപികളില്‍ തന്നെ എഴുതപ്പെട്ടിട്ടുണ്ടാവും ആ പേര്! കൊടുമുടി ബാലാംബാള്‍ സുന്ദരാംബാള്‍.

Content Highlights: Raji Thampi share memories about K.B Sundarambal