അമ്മ.. പറയാന്‍, എഴുതാന്‍ എന്തെളുപ്പം അല്ലേ-പക്ഷേ അതിന്റെ വ്യാപ്തി അളക്കാന്‍ ശ്രമിച്ചിട്ടുള്ള സാഹിത്യകാരന്മാരായാലും ചിത്രകാരന്മാരായാലും പുതിയ വാക്കുകള്‍, വര്‍ണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പിറന്നുവീണിട്ട് ദിവസങ്ങള്‍ മാത്രമായ പിഞ്ചുകുഞ്ഞായാലും അത് ഒന്ന് കരഞ്ഞാല്‍ അതിന് വിശക്കുന്നു, ഉറക്കം വരുന്നു, എന്തോ വേദനയുണ്ട്, കയ്യിലെടുക്കാനാണ് എന്നെല്ലാമുള്ള കൃത്യമായ കാരണങ്ങള്‍ ഒരു സ്റ്റെതസ്‌കോപ്പിന്റെയും സഹായമില്ലാതെ അമ്മ കണ്ടുപിടിക്കും. അവിടെ തുടങ്ങുന്നു ഒരമ്മയുടെ ശ്രദ്ധ! കരുതല്‍! മനസ്സില്‍ ഇടംപിടിച്ച കുറച്ച് അമ്മമാരെ ക്യാപ്സൂള്‍ രൂപത്തില്‍ ഒന്നവതരിപ്പിക്കാന്‍ ശ്രമിക്കയാണ് ഞാന്‍- സ്ഥലപരിമിതി കൊണ്ട് മാത്രം.
വിധിയുടെ, ജീവിതപരീക്ഷണങ്ങളുടെ, പകിടകളിയില്‍ പടവെട്ടി പന്ത്രണ്ട് വാങ്ങാന്‍ എപ്പോഴും ശ്രദ്ധ വെച്ചിരുന്ന ഒരു സാധ്വിയെക്കുറിച്ചാണ് എഴുതാനുള്ളത്. കൂടപ്പിറപ്പുകള്‍ക്കും കൂടി അമ്മയാകേണ്ടിവന്ന ഒരു സ്ത്രീരത്നം. സംഭവബഹുലം എന്നൊക്കെ പറയില്ലേ, അത് എന്താണെന്ന് അക്ഷരാര്‍ത്ഥത്തില്‍ ചേച്ചിയുടെ ജീവിതമറിഞ്ഞാല്‍ മനസ്സിലാവും നമുക്ക്. എവിടെ തുടങ്ങണമെന്നുപോലുമറിയില്ല. ആയുസ്സ് കുറവായിരുന്നെങ്കിലും അതിസുന്ദരമായ ഒരു ദാമ്പത്യമാണ് ചേച്ചി അനുഭവിച്ചത്. പണ്ടൊക്കെ ഹിന്ദുക്കളുടെ തറവാടുകളില്‍ സഹോദര ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയാല്‍ സഹോദരിയുടെ ഒരു സ്ഥിരം വാചകമുണ്ടാവും- 'ദേ, ചേട്ടത്തീ, ഇവളെന്റെ ചെറുക്കനുള്ളതാണേ, ഇപ്പോഴേ പറഞ്ഞേക്കാം'. 'അതിനെന്താ നാത്തൂനേ, എടുത്തോളൂ' എന്ന് മറുപടി. അവിടെ കഴിയും ഒരു കല്യാണ നിശ്ചയം! അതുപോലെ നിശ്ചയിക്കപ്പെട്ട ഒരു വിവാഹമായിരുന്നു ഈ ചേച്ചിയുടെ. അച്ഛന്റെ പെങ്ങളും അമ്മയും കൂടി തീരുമാനിച്ചുറപ്പിച്ച ബന്ധം. വളര്‍ന്നു തുടങ്ങുമ്പോള്‍ തന്നെ ഈ ചിന്ത അവരുടെ മനസ്സിലും ഉണ്ടായിരുന്നതുകൊണ്ട് പ്രണയമാകാന്‍ താമസമൊന്നുമുണ്ടായില്ല. വിവാഹവും നടന്നു. ആര്‍ക്കും അസൂയ തോന്നുന്ന ദമ്പതികള്‍. ചേച്ചി അതിസുന്ദരിയായിരുന്നു. (ഇപ്പോഴും 80 വയസ്സിലും അതെ- കേട്ടോ) വിവാഹിതയായി ആലപ്പുഴയില്‍ നിന്നും കൊല്ലത്തെത്തി.
ചേട്ടന് കൊല്ലം കലക്ടറേറ്റില്‍ നാഷണല്‍ സേവിംഗ്സ് ഓഫീസര്‍ ആയി ജോലിയായിരുന്നു. രണ്ട് കുട്ടികളായി. ചേച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ടീച്ചര്‍. സ്വച്ഛന്ദമായി ഒഴുകിയിരുന്ന അനുരാഗ നദി. ചേട്ടന് ഇടുക്കിയിലേക്ക് ഒരു സ്ഥലംമാറ്റം. കുറച്ചു നാളേക്ക്. പ്രൊമോഷനോടു കൂടി തിരികെ കൊല്ലത്തേക്ക് തിരിച്ചുവരവ് എന്നറിഞ്ഞ ആഹ്ലാദത്തില്‍ രണ്ടുപേരും. ലോറിയില്‍ അവിടെ ഉപയോഗിച്ചിരുന്ന സാധനങ്ങളെല്ലാം ആദ്യം വന്നു. വരാമെന്ന് പറഞ്ഞ തീയതിയില്‍ ചേട്ടനുമെത്തി- ആംബുലന്‍സില്‍ വെള്ള പുതച്ച്- ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍. ക്ഷണിക്കാതെ വന്ന മരണം ഇടുക്കിയില്‍ വെച്ച് തന്നെ അദ്ദേഹത്തെ കൊണ്ടുപോയി.
ഇനി കുറച്ച് പിന്നാമ്പുറ കഥകള്‍ പറയേണ്ട സമയമായി. ആലപ്പുഴയിലെ ഒരു സമ്പന്നമായ ഗൗഡ സാരസ്വത ബ്രാഹ്‌മണ കുടുംബത്തിലായിരുന്നു ചേച്ചിയുടെ ജനനം. കൊങ്കിണി മാതൃഭാഷ. അച്ഛന്‍ പ്രൈവറ്റ് ബാങ്കില്‍ ഏജന്റ് ആയിരുന്നു. ചേച്ചിയുള്‍പ്പെടെ അഞ്ച് മക്കള്‍. പറഞ്ഞുറപ്പിച്ചിരിക്കുന്ന കല്യാണ ചെക്കന്‍ കൊല്ലത്ത്.
ആ കാലത്ത് പ്രൈവറ്റ് ബാങ്കുകള്‍ 'പൊട്ടിപ്പോയി' എന്നൊരു സ്ഥിരം പറച്ചില്‍ കേള്‍ക്കാമായിരുന്നു. തകര്‍ന്നുപോയി എന്നര്‍ത്ഥം. അന്ന് ബാങ്കുകള്‍ ദേശീയവല്‍ക്കരിച്ചിട്ടില്ല. ഫോര്‍വേഡ് ബാങ്ക്, ക്വയിലോണ്‍ ബാങ്ക്, പാലാ സെന്‍ട്രല്‍ ബാങ്ക് ഇതൊക്കെ അന്ന് 'പൊട്ടിപ്പോയ'വയാണ്. ഇന്ദിരാഗാന്ധി പിന്നീട് ബാങ്കുകള്‍ ദേശവല്‍ക്കരിച്ചശേഷമാണ് ബാങ്കുകള്‍ക്ക് ഒരു സ്ഥിരത വന്നത്. പൊട്ടിയ ബാങ്കുകളുടെ കൂട്ടത്തില്‍ ചേച്ചിയുടെ അച്ഛന്‍ ശ്രീരാമചന്ദ്ര ഷേണായി ജോലി ചെയ്തിരുന്ന ബാങ്കും ഉണ്ടായിരുന്നു. അങ്ങനെ കോയമ്പത്തൂരില്‍ ഒരു തടിക്കമ്പനിയില്‍ മാനേജരായി പോകേണ്ടി വന്നു. അവിടെ കൂടെ ജോലി ചെയ്തിരുന്ന ഒരാള്‍ ആരുമറിയാതെ വലിയൊരു തുകയെടുത്ത് മറ്റൊരാളിനു കൊടുത്ത് ആ കമ്പനി പൂട്ടേണ്ട അവസ്ഥയായി. ശമ്പളവും ജോലിയുമില്ലാതെ അദ്ദേഹം തിരിച്ചുവീട്ടിലെത്തി. ചേച്ചി കോളേജില്‍. ഇളയ കുട്ടികളൊക്കെ സ്‌കൂളിലും മറ്റും. അമ്മാവന്മാരൊക്കെ സഹായിച്ചാണ് ചേച്ചി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഒരു പ്രൈവറ്റ് സ്‌കൂളില്‍ ജോലിയുമായി.
നേരത്തെ നിശ്ചയിച്ച കാര്യമായതിനാല്‍ ചേച്ചിയുടെയും ചേട്ടന്റെയും വിവാഹത്തിന് ഒരു തീയതി കുറിച്ചു. ബന്ധുക്കളെയൊക്കെ ക്ഷണിക്കാന്‍ സ്വന്തം തറവാട്ടില്‍ പോയതാണ് അച്ഛനും അമ്മയും. അവിടെ വെച്ച് പെട്ടെന്ന് ഒരു വല്ലാഴിക വന്ന് ഇരുന്ന കസേരയില്‍ ചാരി അച്ഛന്‍ ലോകം വിട്ടുപോയി. കല്യാണം മാറ്റിവെക്കേണ്ട, ഇപ്പോഴാകുമ്പോള്‍ ബന്ധുക്കളെല്ലാമുണ്ട് എന്ന തീരുമാനത്തില്‍ അച്ഛന്റെ ചടങ്ങുകള്‍ പെട്ടെന്ന് തീര്‍ത്ത് നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ കല്യാണം നടന്നു. ആ ചേട്ടന്‍ സ്ത്രീധനമോ ഷെയറോ ഒന്നും വേണ്ടെന്നു പറഞ്ഞതു കൂടാതെ കല്യാണ ചെലവുകളും ഏറ്റെടുത്തു നടത്തി. അങ്ങനെ കൊല്ലത്തെത്തിയ ചേച്ചിയാണ് ഇപ്പോള്‍ പതിനാലു വര്‍ഷത്തെ സ്വര്‍ഗ തുല്യമായ ദാമ്പത്യത്തിനുശേഷം വിധിയുടെ ക്രൂരമായ ഒരു മുഖം കണ്ടത്.
ചേച്ചിയുടെ നേരെ താഴെയുള്ള സഹോദരന് മാത്രമാണ് ജോലിയുണ്ടായിരുന്നത്. വിവാഹം കഴിഞ്ഞ ശേഷവും ചേച്ചിയുടെ ശമ്പളം അമ്മയ്ക്ക് അയക്കുമായിരുന്നു. ചേട്ടന്റെ മരണം സ്വതവേ രോഗിയായ അനിയനെ മാനസികമായി വല്ലാതെ ബാധിച്ചു. അവരെല്ലാവരും ചേച്ചിയുടെ കൂടെ ആ വീട്ടിലേക്ക് പോന്നു. അവിടെ തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിന്റെ അമ്മയും ജോലി ഒന്നുമില്ലാത്ത അച്ഛനും ഇവരെല്ലാവരും ചേച്ചിയുടെ രണ്ട് കുട്ടികളും! ഭര്‍ത്താവ് മരിക്കുമ്പോള്‍ വീടിന്റെ ലോണ്‍ അടച്ചുതീര്‍ന്നിരുന്നില്ല. അതേതായാലും മരണാനന്തരം കിട്ടിയ തുക കൊണ്ട് ചെയ്യാന്‍ പറ്റി. എല്ലാ ഭാരവും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കൂടി ചേച്ചി ഒരു ഭ്രാന്തിയെപ്പോലെയായി. കുടുംബ ഡോക്ടര്‍ പറഞ്ഞു. 'നിങ്ങള്‍ മനസ്സിനെ വഴി തിരിച്ചുവിട്ടില്ലെങ്കില്‍ എന്തും സംഭവിക്കാം' എന്ന്. ഉറക്ക ഗുളികകള്‍ പരാജയപ്പെട്ട ഒരു രാത്രിയിലാണ് ചേച്ചിയുടെ കാതില്‍ അക്ഷരാര്‍ത്ഥത്തില്‍ ആ 'അശരീരി' വന്നുവീണത്. 'നിനക്ക് നല്ല ലളിതസുന്ദരമായ ഒരു ഭാഷയുണ്ടല്ലോ- എന്തെങ്കിലും എഴുതിക്കൂടേ'. ചേച്ചി ഞെട്ടിപ്പോയി. ചേച്ചിയുടെ എഴുത്തുകള്‍ വായിക്കുമ്പോഴൊക്കെ- പ്രണയം തുളുമ്പുന്ന എഴുത്തുകള്‍- ചേട്ടന്‍ പറയുമായിരുന്ന വാചകം. അതെ! ഒന്നു ശ്രമിക്കാം. ഒരു പിടിവള്ളി കിട്ടിയ പോലെയായി ചേച്ചിക്ക്. സ്വന്തം അനുഭവങ്ങളെ സാക്ഷിയാക്കി 'കുങ്കുമപ്പൊട്ടഴിഞ്ഞു' എന്നൊരു ലേഖനമെഴുതി 'വനിത'യ്ക്ക് അയച്ചുകൊടുത്തു. അത് ഒരുപാട് വായനക്കാരെ ആകര്‍ഷിച്ചു. അന്നത്തെ എഡിറ്ററായിരുന്ന പിഷാരടി സാര്‍ എഴുതി. 'നല്ല ഭാഷാ സ്വാധീനമുണ്ട്. എഴുത്തു നന്നായിരിക്കുന്നു. തുടര്‍ന്നും കഥയോ നോവലോ ലേഖനങ്ങളോ എഴുതണം- മാതൃഭാഷയല്ലാഞ്ഞും മലയാളം നന്നായിട്ടുണ്ട്'.
'അതെനിക്കൊരു ധൈര്യം തന്നു. പിന്നെ ചെറുകഥകള്‍, നോവല്‍ ഒക്കെ ശ്രമിച്ചു. അതൊക്കെ പ്രസിദ്ധീകരിച്ചിരുന്നത് മനോരാജ്യം, കുങ്കുമം, വനിത അങ്ങനെയുള്ള ബുക്കുകളിലാണ്. അതുകൊണ്ട് തന്നെ സ്ത്രീകളുടെ എഴുത്തുകാരി, പൈങ്കിളി എഴുത്ത് എന്നൊക്കെ കേട്ടിരുന്നു. എനിക്കു തന്നെ അറിയാമായിരുന്നു ഞാന്‍ മേലെക്കിടയിലുള്ള ഒരെഴുത്തുകാരി അല്ലെന്ന്. എനിക്ക് ആ സമയത്ത് ആവശ്യം പണമായിരുന്നു'.
ആളിനെ പരിചയപ്പെടുത്താന്‍ സമയമായി. 80 കളിലും 90 കളിലുമൊക്കെ നിറയെ കഥകളും നോവലുകളുമെല്ലാം എഴുതി സ്ത്രീ മനസ്സുകളില്‍ ഇടംപിടിച്ചിരുന്ന ചന്ദ്രകല എസ്. കമ്മത്ത്. മാതൃഭാഷ അല്ലാതിരുന്നിട്ട് കൂടി നല്ല ഒഴുക്കോടെ മലയാളത്തിലെഴുതാന്‍ കഴിഞ്ഞിരുന്നു ചേച്ചിക്ക്. അനിയന്മാരെയും അനിയത്തിമാരെയും എല്ലാം പഠിപ്പിച്ചു. വിവാഹം കഴിപ്പിച്ചു. നേരെ താഴെയുള്ള അനിയന്‍ ആദ്യം മുതലേ ആസ്തമാ രോഗിയായിരുന്നു. രാത്രി കാലങ്ങളിലൊക്കെ ഹോസ്പിറ്റലിലേക്ക് കൊണ്ടോടും. അധികം താമസിയാതെ അനിയന്‍ യാത്ര പറഞ്ഞു. ഏറ്റവുമിളയ അനിയത്തിയെ വിവാഹം കഴിപ്പിച്ചയച്ചെങ്കിലും പരാജയ ദാമ്പത്യവും ഒരു മകനുമായി അവള്‍ ചേച്ചിയുടെയടുത്തെത്തി.
ഇതിനിടെ സ്വന്തം മക്കള്‍ വളര്‍ന്നു, ഉദ്യോഗസ്ഥരായി. മരിച്ചുപോയ അനിയന്റെ ഭാര്യയും മക്കളും ചേച്ചിയ്ക്കൊപ്പം തന്നെ. ആ മക്കളെ വളര്‍ത്തി മൂത്ത മകളെ മകനു തന്നെ വിവാഹം കഴിപ്പിച്ചു കൊടുത്തു. (ചരിത്രത്തിന്റെ ആവര്‍ത്തനം). പ്രതാപ് എസ്. കമ്മത്ത് (മകന്‍) കോളേജ് പ്രൊഫസറാണ്. ഇടയ്ക്കിടെ എഴുത്തുകാരനുമായിട്ടുണ്ട്. മകള്‍ വിദ്യയെ കൊല്ലത്തു തന്നെ ഡോക്ടര്‍ ബാലചന്ദ്രന്‍ വിവാഹം കഴിച്ചു. എല്ലാവരും സുഖമായി ജീവിക്കുന്നു. വീട്ടില്‍ കൂടെ നില്‍ക്കുന്ന അനിയത്തിയുടെ മകനും ജോലിയായി. ഇതൊക്കെ ആയപ്പോഴേക്കും ചേച്ചി എഴുത്തുനിര്‍ത്തി. 'എനിക്ക് അന്നത്തെ സാഹചര്യത്തില്‍ പണം അത്യന്താപേക്ഷിതമായിരുന്നു. ആവശ്യങ്ങള്‍ ഒന്നൊതുങ്ങിയപ്പോള്‍ എഴുതാനുള്ള താല്പര്യം പോയി രാജീ'.
ചേച്ചിയുടെ ആദ്യത്തെ നോവല്‍ 'രുഗ്മ' അതേ പേരില്‍ തന്നെ സിനിമയായി. സീമയായിരുന്നു നായിക. 'ഭിക്ഷ' എന്ന നോവല്‍ 'അക്ഷയപാത്രം' എന്ന പേരില്‍ തമ്പി സാര്‍ സീരിയലാക്കി. വളരെ വലിയ ഹിറ്റായിരുന്നു അത്. 'സപത്നി' എന്ന നോവലും സാര്‍ തന്നെ സീരിയലാക്കി. ചേച്ചിയുടെ ചേട്ടന്‍ ലോകം വിട്ടുപോകുമ്പോള്‍ വീടിന് പുറത്തു ചേച്ചിക്കറിയാവുന്ന ഒരേ ഒരു ലോകം സ്‌കൂളായിരുന്നു. ഒരു കാര്യത്തിനും ചേച്ചിക്ക് പോകേണ്ടി വന്നിട്ടില്ല. എല്ലാം അദ്ദേഹം (സഞ്ജയ് കമ്മത്ത്) നോക്കിക്കോളും. പോയിക്കഴിഞ്ഞപ്പോള്‍ കണ്ണുകെട്ടി കാട്ടില്‍ വിട്ട പോലെയായിരുന്നു സ്ഥിതി എന്നു പറയും ചേച്ചി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തിന്റെ തട്ടില്‍ ദുഃഖം കൂടുതലും സുഖം കുറവും! എല്ലാവരും ഞാന്‍ കൊടുത്ത- കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ചുതരുന്നു എന്നൊരു സംതൃപ്തിയുണ്ടെനിക്ക്.
ഇതിനിടയില്‍ ഒരത്ഭുതം! ചേച്ചി എഴുത്തുനിര്‍ത്തി ഏറെക്കുറെ മനുഷ്യരുടെ ശ്രദ്ധയില്‍ നിന്ന് അകന്ന് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ സാഹിത്യ അക്കാദമിയുടെ 'ലൈഫ് ടൈം അച്ചീവ്മെന്റ്' അവാര്‍ഡ് ചേച്ചിയെ തേടിയെത്തി. ഒട്ടും പ്രതീക്ഷിക്കാതെ. തൃശൂര്‍ പോയി അത് സ്വീകരിച്ചത് അഭിമാനത്തോടെ ഓര്‍ക്കുന്നു ചേച്ചി. ആര് പാചകം ചെയ്താലും വിളമ്പിക്കൊടുക്കുന്നവരുടെ മുഖത്തെ സന്തോഷമാണ് കഴിക്കുന്നവരുടെ തൃപ്തി എന്ന് പറയാറുണ്ട്. ഇവിടെ വിതയ്ക്കുന്നത് ചേച്ചി, കൊയ്യുന്നത് ചേച്ചി, പാചകം ചെയ്യുന്നത് ചേച്ചി, വിളമ്പുന്നതും ചേച്ചി. ഇതിനിടയില്‍ ഒരു നിമിഷം പോലും ആ സുന്ദരമായ മുഖത്തെ മന്ദസ്മിതം മായാറില്ല. ഇത്രയും പരീക്ഷിച്ച വിധിയോടുപോലും പരിഭവമില്ല.
മക്കള്‍ക്ക് അമ്മ.സഹോദരങ്ങള്‍ക്ക് ചേച്ചിയമ്മ.ശിഷ്യഗണങ്ങള്‍ക്ക് ടീച്ചറമ്മ. പരിചയപ്പെടുന്നവര്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, ബന്ധുക്കള്‍ക്ക് എല്ലാവര്‍ക്കും എപ്പോഴും തെളിഞ്ഞു പ്രകാശിക്കുന്ന 'ചന്ദ്രക്കല'.
Content Highlights: Raji Thampi share memories about Chandrakala S. Kamath mukhangal mudrakal