ലീലചേച്ചിയെ ഓർക്കുമ്പോൾ എനിക്കാദ്യം മനസ്സിൽ വരുന്നത് രണ്ടു കാര്യങ്ങളാണ്. 'നീലവിരിയിട്ട നീരാളമെത്തയിൽ...' എന്ന പാട്ട്. പല വർണങ്ങളിലുള്ള കുപ്പിവളകളാണ് മറ്റൊന്ന്! തെന്നിന്ത്യയിലെ നാല് ഭാഷകളിലുമായി ചേച്ചി പാടിയിരിക്കുന്ന പാട്ടുകൾ എത്രയെന്ന് എണ്ണിത്തീർക്കാനാവില്ല. പിന്നെന്തേ ഈ പാട്ട്, അറിയില്ല. എന്നെക്കൊണ്ട് പാട്ട് പാടിച്ചിട്ടുള്ളവർക്കറിയാം, ഞാനിതായിരിക്കും പാടുക. പാട്ട് എന്തെന്ന് മനസ്സിലാകാത്ത പ്രായം മുതൽ ഞാൻ കേൾക്കുന്നു ആ ശബ്ദം. നല്ല തങ്കയിൽ എന്റെ അച്ഛൻ വൈക്കം എം.പി. മണിയും ലീലചേച്ചിയും ചേർന്നുപാടിയ 'ഇമ്പമേറും ഇതളാം മിഴികളാൽ' എന്ന പാട്ടും ചേച്ചി തന്നെ പാടിയ 'അമ്മതൻ പ്രേമ സൗഭാഗ്യത്തിടമ്പേ' എന്ന പാട്ടുമൊക്കെ മലയാളികൾ കേൾക്കുമ്പോൾ എനിക്ക് രണ്ട് വയസ്സ്. ഒരുപക്ഷേ അന്നേ തുടങ്ങിയ ആത്മബന്ധം എന്ന് പറയാം. അച്ഛനോടുള്ള സ്നേഹബഹുമാനങ്ങൾ ചേച്ചി അവസാനം വരെ കാത്തുസൂക്ഷിച്ചിരുന്നു. അമ്മയുമായും അങ്ങിനെ ഒരടുപ്പം വരാൻ അവസരമുണ്ടായി. നല്ല തങ്ക റിലീസായി അധികം താമസിയാതെ അച്ഛനും അമ്മയ്ക്കും ഒരു റെക്കോർഡിംഗിനായി മദ്രാസിൽ വരേണ്ടിവന്നു. (ഇടയ്ക്ക് പറയട്ടെ അമ്മയും കർണാടക സംഗീത പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള രണ്ട് ഫസ്റ്റ് ക്ലാസുകാരിൽ ഒരാളായിരുന്നു) അന്നത്തെ റെക്കോഡിംഗിന്റെ ഒരു വിശദവിവരവും എനിക്കറിയില്ല. പിന്നീട് പ്രസിദ്ധ സംഗീത സംവിധായകനായി മാറിയ കെ.വി. മഹാദേവനും അതിന്റെ ഭാഗമായിരുന്നു എന്നറിയാം. ഫോട്ടോ കണ്ടിട്ടുണ്ട്. അപ്പോ അമ്മയെ ചേച്ചി നിർബന്ധിച്ച് സ്വന്തം വീട്ടിലാണ് താമസിപ്പിച്ചത്. ചെറുപ്പത്തിൽ അവർക്ക് രണ്ടുപേർക്കും നല്ല ഛായയായിരുന്നു. അവിടെ കണ്ട പലരും സഹോദരികൾ എന്നാണ് വിചാരിച്ചത്. പട്ടുസാരിയൊക്കെ ഉടുപ്പിച്ച് തലനിറയെ പൂവും വയ്പിച്ച് അമ്മയെ സ്ഥലമൊക്കെ കൊണ്ടുകാണിച്ചിട്ടുള്ളതൊക്കെ അമ്മ പലപ്രാവശ്യം പറഞ്ഞതോർക്കുന്നു. പിന്നീട് അവർ തമ്മിൽ വല്ലപ്പോഴുമെങ്കിലും കത്തുകളയച്ചിരുന്നു.

സത്യത്തിൽ എന്റെ മനസ്സിൽ ആദ്യം കയറിക്കൂടിയ പാട്ട് 'സ്നേഹസീമ'യിലെ 'കണ്ണും പൂട്ടി ഉറങ്ങുക നീയെൻ' എന്ന അനശ്വരമായ താരാട്ടാണ്. അതിലെ എല്ലാ ഗാനങ്ങളും സുന്ദരമാണ്. എടുത്തുപറയേണ്ട ഒന്നാണ് യേശുദേവനെപ്പറ്റിയുള്ള 'കനിവോലും കമനീയ ഹൃദയം' എന്ന അർദ്ധശാസ്ത്രീയ ഗാനം.

പാലക്കാട് ചിറ്റൂരിൽ വി.കെ. കുഞ്ഞൻ മേനോന്റെയും പൊറയത്ത് മീനാക്ഷിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായാണ് ലീലയുടെ ജനനം. 1934 ൽ. മൂന്നുപേർക്കും സംഗീത വാസനയുള്ളതിനാൽ മേനോൻ എല്ലാവരെയും ശാസ്ത്രീയ സംഗീതം പഠിപ്പിച്ചു. പക്ഷേ ആ അച്ഛന് മനസ്സിലായി തിളങ്ങാൻ പോകുന്നത് ഇളയ മകളായ ലീലയാണെന്ന്. പിന്നെ അതായി സംഗീതഭ്രാന്തനായ ആ അച്ഛന്റെ ലക്ഷ്യം. രാമവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു അദ്ദേഹം. ജോലി രാജിവെച്ച് മകളുമായി മദ്രാസിലേക്ക് യാത്ര തിരിച്ചു. അന്ന് മദ്രാസിലായിരുന്ന വടക്കാഞ്ചേരി രാമഭാഗവതരുടെ വീട്ടിൽ താമസമായി അച്ഛനും 10 വയസ്സുകാരി മകളും, തികച്ചും ഗുരുകുല വിദ്യാഭ്യാസം. വെളുപ്പിനെ വിളിച്ചുച്ചുണർത്തി 'സാധകം' ചെയ്യിക്കുന്നതിലൊന്നും അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്തിരുന്നില്ല. പിന്നീട് ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ദക്ഷിണാമൂർത്തി തുടങ്ങിയ എല്ലാവരിൽ നിന്നും കർണാടക സംഗീതം അഭ്യസിച്ചു അവർ. 13 വയസ്സിൽ ആദ്യത്തെ കച്ചേരി. എം.എൽ. വസന്തകുമാരി, എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടാംബാൾ ഇവരൊക്കെ വേദികളിൽ നിറഞ്ഞുനിൽക്കുന്ന സമയത്താണ് ഈ കൊച്ചുപെൺകുട്ടിയുടെ അരങ്ങേറ്റം. പിന്നെയുള്ളത് ചരിത്രമാണ്.

മദ്രാസിലായതിനാൽ വിദ്വാന്മാരായ ജി.എൻ. ബാലസുബ്രഹ്മണ്യം, അരിയക്കുടി രാമാനുജയ്യാങ്കാർ, എസ്. രാമനാഥൻ, ചെമ്പൈ തുടങ്ങിയവരുടെ കച്ചേരികൾ കേൾക്കാൻ പറ്റി. ആ കേൾവിജ്ഞാനം തന്നിലെ ഗായികയെ തേച്ചുമിനുക്കിയെടുക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് പറയുമായിരുന്നു അവർ. ഒരുപാട് കച്ചേരികൾ ചെറുപ്രായത്തിൽ തന്നെ നടത്തി. കൊളംബിയാ റെക്കോർഡിംഗ് കമ്പനിയുടെ ഗായികയായി മാറുന്നതോടെയാണ് സിനിമാപ്രവേശനത്തിന് വഴി തുറന്നത്.

'നടികൾ തന്നെ അവരുടെ പാട്ടുകൾ പാടിയിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു എന്റെ പിന്നണിഗാനരംഗത്തേക്കുള്ള പ്രവേശം' ലീലയുടെ വാക്കുകൾ. 'കങ്കണം' എന്ന തമിഴ് ചിത്രത്തിലെ 'ശ്രീവരലക്ഷ്മി' എന്ന പാട്ടാണ് ലീലയുടെ ആദ്യ സിനിമാഗാനം. അതേ വർഷം തന്നെ 'നിർമല' എന്ന മലയാള സിനിമയിൽ ജി. ശങ്കരക്കുറുപ്പിന്റെ രചനയിലുള്ള 'പാടുക പൂങ്കുയിലേ' എന്ന ഗാനവും പാടാനായി. പി.എസ്. ദിവാകറിന്റെ സംഗീതത്തിൽ.

P.Leela
പി.ലീലയ്ക്ക് നല്‍കിയ ഒരു സ്വീകരണചടങ്ങില്‍

അവിടെ നിന്നാരംഭിച്ച 'ലീലായുഗം' തമിഴ്, തെലുങ്ക്, കന്നട, മലയാള ചിത്രങ്ങളിലൂടെ നടത്തിയ ജൈത്രയാത്ര അവിശ്വസനീയമാണ്. ഹിന്ദിയിൽ ലതാമങ്കേഷ്ക്കറിന് പോലും ഇത്ര തിരക്കില്ലായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. വിശ്രമമില്ലാതെ സ്റ്റുഡിയോയിൽ നിന്ന് സ്റ്റുഡിയോയിലേക്ക് ആ പൂങ്കുയിൽ പാടിപറക്കുകയായിരുന്നു. ഒരു ബംഗാളി ചിത്രത്തിലും ഒരു സിംഹള ചിത്രത്തിലും പാടിയിട്ടുണ്ട്.

ഞാൻ ലീലചേച്ചിയെ ആദ്യമായി കാണുന്നത് തിരുവനന്തപുരത്ത് കോളേജിൽ പഠിക്കുമ്പോഴാണ്. അമ്മയുമായി ചേച്ചിക്ക് കത്ത് വഴി ഇടയ്ക്കിടെ ഒരു ബന്ധം പുതുക്കലുണ്ടായിരുന്നു. അങ്ങിനെ അവിടെ ഒരു കച്ചേരിക്ക് വരുന്ന കാര്യം അറിയിച്ചു. ഒരു വീട്ടിലായിരുന്നു താമസം. ഞങ്ങൾ അവിടെ പോയി കണ്ടു. അതിനകം എത്രയോ പ്രിയപ്പെട്ട പാട്ടുകളുടെ അവകാശിയായിക്കഴിഞ്ഞു ചേച്ചി. കുറെ നേരം ഞാൻ വെറുതെ നോക്കിനിന്നു. അകത്തുപോയി ഒരു പായ്ക്കറ്റ് എടുത്തുകൊണ്ടു വന്ന് എനിക്ക് തന്നു കൊണ്ട് പറഞ്ഞു. 'ഇത് ഈ സുന്ദരിക്കുട്ടിക്ക്, കോളേജിലൊക്കെയല്ലേ, മാറി മാറി ഇടാമല്ലോ' ഞാൻ കയ്യിൽ വാങ്ങിയിട്ട് കാലിൽ തൊട്ടുതൊഴുതു. 'തുറന്നു നോക്കൂ, ഇഷ്ടമായോന്ന്'. ഞാൻ പായ്ക്കറ്റ് പൊട്ടിച്ചു. അതിശയം തോന്നി. ഒരു പെട്ടി നിറയെ പലവർണങ്ങളിലുള്ള കുപ്പിവളകൾ. അന്നത്തെ എന്റെ ഏറ്റവും പ്രിയപ്പെട്ട 'ആഭരണം'. ഇന്നും എനിക്കതിന്റെ ഡിസൈൻ പോലും ഓർമയുണ്ട്. എന്റെ സന്തോഷം കണ്ടപ്പോൾ ചേച്ചിയ്ക്കും മുഖം വിടർന്നു. വീണ്ടും ഒരിക്കൽ കൂടി അങ്ങനെ കൊണ്ടുവന്നിട്ടുണ്ട്.

മദ്രാസിൽ എത്തിക്കഴിഞ്ഞ് ചേട്ടനും ലീലചേച്ചിയുടെ വീടുമായി നല്ല ബന്ധമായിരുന്നു. അവിടെപ്പോയി ചേച്ചിയുടെ അച്ഛനുമായി സംസാരിച്ചിരിക്കുമായിരുന്നു. ഞാൻ വിവാഹം കഴിഞ്ഞിവിടെ എത്തിയശേഷം കാണാനുള്ള അവസരങ്ങൾ ധാരാളമായി. ഞങ്ങൾക്ക് മക്കളുണ്ടായപ്പോഴുമൊക്കെ ചേച്ചി സമ്മാനങ്ങളുമായി എത്തിയിരുന്നു. മകളുടെ വിവാഹത്തിനുമൊക്കെ വന്നിരുന്നു.

ചേച്ചിയുടെ ശബ്ദവും പാട്ടും ആർക്കും അനുകരിക്കാൻ പറ്റുന്നതായിരുന്നില്ല. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറയും പാട്ടിലെ ഭാവവും അവരെ വേറിട്ടുനിർത്തിയിരുന്നു. കച്ചേരികളും സിനിമാ സംഗീതവും ഒരുപോലെ കൈകാര്യം ചെയ്തിട്ടുള്ളത് (അതും വിജയകരമായി) ദാസേട്ടനും ലീലചേച്ചിയും മാത്രമാണെന്ന് തോന്നുന്നു.

P.Leela
ബാബുരാജ്, അഭയദേവ്, പി.ലീല

എല്ലാ ശൈലിയിലുള്ള പാട്ടുകളും ഭംഗിയായി പാടാൻ ഭാഗ്യം സിദ്ധിച്ച വേറെ ഗായികമാരുണ്ടോ എന്ന് സംശയമാണ്. വാത്സല്യം, ഭക്തി, തത്വചിന്ത, പ്രണയം, വിരഹം, കോമഡി, എല്ലാ വികാരങ്ങളും ആ ശബ്ദത്തിൽ ഭദ്രം. ഒരു പട്ടികയെടുക്കാൻ മുതിരുന്നില്ല. അതിന് ഈ കുറിപ്പ് മതിയാവില്ല. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം ആരുടെ കൂടെ യുഗ്മഗാനങ്ങൾ പാടിയാലും ആ ശബ്ദമാണ് ചേച്ചിക്ക് ചേരുക എന്ന് നമുക്ക് തോന്നും, അങ്ങനെയാണ് അവർ പാടുക. ഉദയഭാനുവിന്റെ കൂടെയുള്ള 'താരമേ താരമേ' ആയിക്കോട്ടെ, കമുകറയുടെ കൂടെയള്ള 'പൂവിന് മണമില്ലാ' ആയിക്കോട്ടെ, പി.ബി. ശ്രീനിവാസിന്റെ കൂടെയുള്ള 'പടിഞ്ഞാറെ മാനത്തുള്ള' ആയിക്കോട്ടെ എല്ലാം ഒരേ പോലെ മനോഹരങ്ങൾ. എ.എം. രാജയുടെ കൂടെ കണ്ണും പൂട്ടിയുറങ്ങുക ഉൾപ്പെടെ വിരലിലെണ്ണാവുന്ന ഗാനങ്ങളേ മലയാളത്തിൽ പാടിയിട്ടുള്ളൂ. പക്ഷേ അവയ്ക്കെല്ലാം വേറൊരു വശ്യതയാണ്.

എം.എൽ. വസന്തകുമാരിയ്ക്കൊപ്പം അതിപ്രശസ്തമായ രണ്ട് യുഗ്മ ഗാനങ്ങൾ അവർ പാടിയിട്ടുണ്ട്. 'എല്ലാം ഇൻപമയം' 'ജനനീജയിക്ക നീണാൾ മലയാളമേ' ഇവയാണത്. ജിക്കിയുമായി ചേർന്നുപാടിയ 'കണ്ണും കണ്ണും കലന്ത്' അനശ്വരമായ ഒരു ഗാനം. വൈജയന്തിമാല, പത്മിനി മത്സരനൃത്തത്തിന്റെ അകമ്പടിയോടെ ഒരിക്കലും മറക്കാൻ പറ്റാത്ത രംഗം. എം.പി. കോമളയുമായി ചേർന്ന് പാടിയതാണ് 'സിന്ധുഭൈരവീരാഗരസം' ഇതൊന്നും പൂർണമായ പട്ടികയല്ല.

1969 ൽ കേരള ഗവൺമെന്റ് സിനിമാ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയപ്പോൾ പിന്നണി ഗായികയ്ക്കുള്ള ആദ്യത്തെ അവാർഡ് ലീലയുടെ 'ഉജ്ജയിനിയിലെ ഗായിക' യ്ക്കായിരുന്നു. ഒട്ടും അതിശയം അതിലില്ല താനും. 1994 ൽ കലൈമാമണി പുരസ്കാരം! ജ്ഞാനപ്പാന, നാരായണീയം, ഹരിനാമകീർത്തനം ഇവയെല്ലാം ഭക്തി തുളുമ്പുന്ന സ്വരത്തിൽ ആലപിച്ച് അനശ്വരമാക്കിയതിന് 2003 ൽ 'ജന്മാഷ്ടമി' പുരസ്കാരം ലഭിക്കുകയുണ്ടായി.

1968 ൽ 'ചിന്നാരിപാപ്പുലു' എന്നൊരു തെലുങ്ക് സിനിമയിലൂടെ അവർ മ്യൂസിക്ക് ഡയറക്ടറുമായി. മഹാനടി സാവിത്രിയായിരുന്നു ആ ചിത്രത്തിന്റെ സംവിധായിക.ഗുരുവായൂരമ്പലത്തിലേക്ക് നാരായണീയം പാടി റെക്കോർഡ് ചെയ്യാൻ പല ഗായികമാരുടെയും പേരുകൾ പരിഗണനയിൽ വന്നെങ്കിലും നറുക്ക് വീണത് തികഞ്ഞ കൃഷ്ണഭക്തയായ ലീലയ്ക്കാണ്. ഇന്നും ആ ശബ്ദം കണ്ണനേയും ഗുരുവായൂരെത്തുന്ന ഭക്തരേയും നിർവൃതിയിലാക്കി കൊണ്ട് അവിടെ ഒഴുകുന്നു.

ചേച്ചിയുമൊത്ത് ഒരിക്കലും മറക്കാനാവാത്ത ഒരു സംഗീത യാത്രയുണ്ട് എന്റെ ജീവിതത്തിൽ. 1994 ൽ മലയാള സിനിമാ ഗാനങ്ങളുടെ അൻപതാമത്തെ പിറന്നാളാഘോഷം ദേവരാജൻ മാസ്റ്ററുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെനറ്റ് ഹാളിൽ മൂന്നു ദിവസങ്ങളിലായി നടക്കുകയുണ്ടായി. പാട്ടുകളുടെ വർഷമനുസരിച്ച് തരംതിരിച്ച് മൂന്നു ദിവസങ്ങളിലായി ജാനമ്മ ഡേവിഡ് മുതൽ ഇങ്ങോട്ടുള്ള എല്ലാ പാട്ടുകാരും പങ്കെടുത്ത ഒരു മനോഹരമായ പരിപാടി. അതിൽ ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ആദ്യകാല പിന്നണിഗായകൻ എന്ന നിലയിൽ എന്റെ അച്ഛന്റെ പേരും ഉണ്ടായിരുന്നു. അത് വാങ്ങാനുള്ള ഭാഗ്യം എനിക്കും! അതും നൗഷാദിന്റെ കയ്യിൽ നിന്ന്. ചേട്ടൻ ആ സമയത്ത് ഒരു അമേരിക്കൻ യാത്രയിൽ അകപ്പെട്ടുപോയതിനാൽ ആ അവാർഡ് എന്റെ മകനും വാങ്ങി. മദ്രാസിൽ നിന്ന് പാട്ടുകാർ, മ്യൂസിക്ക് ഡയറക്ടേഴ്സ് എല്ലാവരുമായി ഒരു സംഘം തന്നെ ഉണ്ടായിരുന്നു. ലീലചേച്ചിയുടെയടുത്തായിരുന്നു എന്റെ സീറ്റ്. മനസ്സ് നിറയെ വർത്തമാനങ്ങൾ പറഞ്ഞു. കുറെ പാടി. 'നീലവിരിയിട്ട നീരാളമെത്തയിൽ' എന്റെ ഇഷ്ടഗാനമെന്ന് പറഞ്ഞപ്പോൾ ചേച്ചിക്കും അതൊരുപാട് പ്രിയപ്പെട്ടതാണെന്ന് പറഞ്ഞു. സാഹിത്യം മറന്നിരുന്നു. ഞാൻ പാടിക്കൊടുത്തു. അങ്ങനെ ഒരു ഭാഗ്യവും! പിന്നെ കുറെ പാട്ടുകൾ പാടി ചേച്ചി എന്റെ അച്ഛനെ പറ്റി പറഞ്ഞു. അമ്മയെപ്പറ്റി പറഞ്ഞു. ആ പ്രോഗ്രാമിനെക്കുറിച്ച് പറയുമ്പോൾ ഒരാളെ മറക്കാൻ പറ്റില്ല. മൂന്നു ദിവസം തുടർച്ചയായി പാടിയ പാട്ടുകൾ (വിവിധ പാട്ടുകാർ) മുഴുവൻ സ്റ്റേജിൽ നിന്ന് വിശ്രമമില്ലാതെ കണ്ടക്ട് ചെയ്തത് ജോൺസൺ മാസ്റ്ററായിരുന്നു. ആ അർപ്പണബോധത്തിനു മുന്നിൽ തൊഴുകയ്യോടെ മാത്രമേ നിൽക്കാൻ പറ്റൂ. പ്രണാമം ജോൺസൺ! ജീവിതത്തിൽ ഒരിക്കലും മറക്കാത്ത സംഗീതത്തിന്റെ മാത്രമായ ആ മൂന്നു ദിവസങ്ങളിൽ പങ്കാളിയാകാൻ കാരണമായ ദേവരാജൻ മാസ്റ്ററേയും ഈ സമയം ഓർക്കുന്നു!

നമ്മുടെ ആദ്യത്തെ പൂങ്കുയിൽ ലീലചേച്ചിയും ഇപ്പോഴുള്ള സ്വന്തം ചിന്നക്കുയിൽ ചിത്രയും തമ്മിലുള്ള കുറെ സാമ്യതകൾ ഞാനോർത്തിട്ടുണ്ട്. രണ്ടുപേരും സ്വന്തം അച്ഛന്റെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും സൃഷ്ടികൾ. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒരേ സമയം കത്തിപ്പടർന്നവർ. ആദ്യകാലങ്ങളിൽ എല്ലാ ഭാഷാഗാനങ്ങളും മലയാളത്തിൽ എഴുതിയെടുത്ത് പാടിയവർ. പിന്നീട് ആ ഭാഷകളെല്ലാം സ്വായത്തമാക്കി എഴുതി വായിച്ച് പാടിയവർ. രണ്ടുപേരും പറയുന്ന ഒരു സ്ഥിരം വാചകം. 'പാടാൻ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ അച്ഛന്റെ മുഖം ഓർമ വരും. അച്ഛനില്ലായിരുന്നെങ്കിൽ ഈ ഞാനില്ല'.

അവസാന കാലങ്ങളിൽ മറ്റ് ഗായികമാരുടെ തിരത്തള്ളലിൽ സ്വാഭാവികമായും ലീലചേച്ചിക്ക് പുറകിലേക്ക് പോകേണ്ടി വന്നു. 'പാടുക പൂങ്കയിലേ' എന്ന ഗാനവുമായി രംഗപ്രവേശം ചെയ്ത ചേച്ചി 'പാടാൻ കൊതിക്കുന്ന പൂങ്കുയിലായി' മാറി. ഉദയഭാനുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓൾഡ് ഈസ് ഗോൾഡ്' പരിപാടിയിലെ സജീവസാന്നിധ്യമായി. അപൂർവമായി ലഭിച്ചിരുന്ന കച്ചേരികളും!

കയ്പേറിയ ഓർമകൾ മാത്രം സമ്മാനിച്ച ഒരു ഹ്രസ്വ ദാമ്പത്യമായിരുന്നു ലീലയുടെത്. എത്രയോ സുന്ദരമായ താരാട്ടുപാട്ടുകൾ മലയാളിക്ക് സമ്മാനിച്ച അവരുടെ താരാട്ടുകൾ കേട്ടുറങ്ങാൻ ഭാഗ്യം സിദ്ധിച്ചത് ചേച്ചിമാരുടെ മക്കൾക്കും അവരുടെ കുട്ടികൾക്കുമാണ്. അവരായിരുന്നു ലീലയുടെ ലോകം.

2005 ഒക്ടോബർ 31 -ാം തീയതി അവർ ആഗ്രഹിച്ചപോലെ ഉറക്കത്തിൽ മരണം അവരെ ശാന്തമായി കൂട്ടിക്കൊണ്ടുപോയി. 2006 ൽ രാഷ്ട്രം അവർക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിച്ചു. അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ശുപാർശ ഒന്ന് കൊണ്ട് മാത്രം. ഇത് കുറച്ച് മുമ്പ് കൊടുത്തിരുന്നെങ്കിൽ അവർ എത്ര സന്തോഷിച്ചേനെ. മലയാളികളുടെ ഒരു കാലഘട്ടം പറയത്തക്ക എതിരാളികളൊന്നുമില്ലാതെ ഒറ്റയ്ക്ക് പാടി സന്തോഷിപ്പിച്ച പൂങ്കുയിലായിരുന്നു പി. ലീല. ആര് മറന്നാലും ദിവസവും ആ ശബ്ദം 'നാരായണീയ'ത്തിലൂടെ കേട്ട് സന്തോഷിക്കുന്ന ഗുരുവായൂരപ്പൻ അവരെ മറക്കില്ല.

Content Highlights:Raji Thampi share her memories about singer P.Leela