നശ്വര പ്രേമകഥകള്‍ക്ക് ഒരു നാട്ടിലും ഒരു കാലത്തും ക്ഷാമമുണ്ടായിട്ടില്ല. ഷേക്സ്പിയറിയന്‍ യുഗത്തിലെ ആന്റണിയും ക്ലിയോപാട്രയും റോമിയോ ആന്റ് ജൂലിയറ്റും ബംഗാളി എഴുത്തുകാരന്‍ ശരത്ചന്ദ്ര ചതോപാദ്ധ്യായയുടെ ദേവദാസ്, അറേബ്യന്‍ കഥയായ ലൈലാ-മജ്നുവും സ്നേഹിച്ച കുറ്റത്തിന് ജീവനോടെ കല്ലറയില്‍ അടയ്ക്കപ്പെട്ട അനാര്‍ക്കലിയും തോഴനായിരുന്ന സലിം രാജകുമാരനും എല്ലാവരും തലമുറകളിലൂടെ കടന്നുപോന്ന പ്രണയ സ്മാരകങ്ങള്‍ തന്നെ! ഇവരുടെയെല്ലാം കഥകള്‍ അഭ്രപാളിയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുമുണ്ട്. ദേവദാസിന്റെയും പാര്‍വതിയുടെയും കഥ പല ഭാഷകളിലും സിനിമയായിട്ടുണ്ട്. ഇതെല്ലാം തന്നെ അവയുടെ ശോകാന്ത്യം കൊണ്ട് അനശ്വരമായവയെന്ന് വേണമെങ്കില്‍ പറയാം. പണം-ജാതി-പദവി-സാമൂഹിക പശ്ചാത്തലം- മാതാപിതാക്കള്‍ ഇങ്ങനെ പല കാരണങ്ങള്‍ പല രൂപത്തില്‍ അകറ്റിയ കമിതാക്കള്‍!

നമ്മുടെ കൊച്ചു കേരളത്തില്‍ നമുക്കുമുണ്ടൊരു പവിത്രമായ പ്രണയകഥ. നായിക ഇന്നും ജീവനോടെ നമ്മുടെയിടയില്‍ തന്നെ ജീവിക്കുന്നു. നായകന്‍ അകാലത്തില്‍ യാത്രയായി. അവരുടെ കഥയും സിനിമയായി- 'എന്ന് നിന്റെ മൊയ്തീന്‍'. ചെറിയ ഒരു പ്രദേശത്ത് ഒതുങ്ങിപ്പോകുമായിരുന്ന ഈ പ്രണയം പുറംലോകമറിഞ്ഞത് തീര്‍ച്ചയായും ആ സിനിമ വഴിയാണ്. എന്നാല്‍ സിനിമ നിര്‍മിക്കണമെന്ന തോന്നല്‍ നിര്‍മാതാക്കള്‍ക്ക് ഉണ്ടായത് കഥാനായിക ജീവനോടെ ഉള്ളതുകൊണ്ടാവുമല്ലോ! ആ ജീവന്‍ നിലനിര്‍ത്തിയ ഒരാളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.

women
കാഞ്ചനമാല മൊയ്തീന്റെ ഉമ്മ ഫാത്തിമയ്‌ക്കൊപ്പം

മൊയ്തീന്‍ - കാഞ്ചനമാല ചെറുപ്പത്തിലേ പ്രണയികള്‍ ആയവര്‍. പേരുകള്‍ സൂചിപ്പിക്കുംപോലെ രണ്ട് മതങ്ങളില്‍ പെട്ടവര്‍. മുക്കം എന്ന കൊച്ചുസ്ഥലത്തെ രണ്ട് ജന്മിമാരുടെ മക്കള്‍. രണ്ടുപേരുടെയും പിതാക്കന്മാര്‍ ആത്മസുഹൃത്തുക്കള്‍. എങ്കിലും ഇരുവരും ഒന്നിക്കുന്നതിനോട് സ്വാഭാവികമായും എതിര്‍പ്പ്. കാഞ്ചനമാലയ്ക്ക് വീട്ടുതടങ്കല്‍! 10 വര്‍ഷം അവര്‍ പരസ്പരം കണ്ടിട്ടില്ലെന്നു പറഞ്ഞാല്‍ തികച്ചും അവിശ്വസനീയം! അല്ലേ. ഒരിക്കലും തങ്ങളുടെ ബന്ധം വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് തീര്‍ത്തും മനസ്സിലായതോടെ കൂട്ടുകാര്‍ വഴി വിവരങ്ങള്‍ കൈമാറി പാസ്പോര്‍ട്ട് എടുത്തു- സ്ഥലം വിടാന്‍ തന്നെ! ഒരുമിച്ച്. 

ഒരു ശപിക്കപ്പെട്ട ദിവസം! മൊയ്തീന്‍ എവിടെയോ പോകാന്‍ തോണിയില്‍ കയറി. നിറയെ കുട്ടികളും മറ്റ് ആള്‍ക്കാരുമെല്ലാമുണ്ട് തോണിയില്‍. മൊയ്തീന്‍ നീന്തല്‍ പഠിച്ച ഇരുവഞ്ഞിപ്പുഴയിലൂടെ നീങ്ങിയ തോണിയുടെ വിധം മാറിയത് പെട്ടെന്നാണ്. ആടിയുലഞ്ഞ് അത് മനുഷ്യരുമായി ഒരു വശത്തേക്ക് മറിയുന്നു. നല്ലോണം നീന്തലറിയാവുന്ന മൊയ്തീന്‍ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലായി. കുറേയധികം പേരെ കരയ്ക്കെത്തിച്ചിട്ട് വീണ്ടും പോയ മൊയ്തീനെ, തന്റെ മടിത്തട്ടില്‍ വളര്‍ന്ന മൊയ്തീനെ ഇരുവഞ്ഞിപ്പുഴ ചതിച്ചു കളഞ്ഞു.

B.P Moideen
ബി.പി മൊയ്തീന്‍

മൊയ്തീന്‍ പോയി എന്ന വാര്‍ത്ത കാഞ്ചനയുടെ ചെവികളില്‍ എത്തിയപ്പോഴും വേറെ ഏതോ മൊയ്തീന്‍ എന്നേ അവള്‍ക്കു തോന്നിയുള്ളൂ. അത്രമാത്രം വിശ്വാസം മൊയ്തീന്റെ നീന്തല്‍ വൈദഗ്ദ്ധ്യത്തില്‍ കാഞ്ചനയ്ക്കുണ്ട്. യാഥാര്‍ഥ്യം അറിഞ്ഞുകഴിഞ്ഞപ്പോള്‍ കൂടെയുള്ളവര്‍ ചുറ്റിനും മാറാതെ നിന്ന് കാഞ്ചനയെ സൂക്ഷിച്ചു. അവിവേകം കാണിക്കുമെന്ന് ഉറപ്പായിരുന്നു അവര്‍ക്കെല്ലാം. എന്നിട്ടും എങ്ങനെയോ ശ്രമം നടത്തി ആശുപത്രിയിലായി. അവിടെ ഭക്ഷണം ഉപക്ഷേിക്കുക എന്ന മാര്‍ഗ്ഗം കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും സ്ഥിതി വഷളായി. ഒരു ദിവസം അപ്രതീക്ഷിതമായി ഒരാള്‍ ആ മുറിയിലേക്ക് കടന്നുവന്നു. കാഞ്ചനയുടെ കിടയ്ക്കകരികിലെത്തി. കണ്ണടച്ച് കിടക്കുകയാണ് കാഞ്ചന. 'മോളേ'- ആ ശബ്ദം വിദൂരതയിലെന്നപോലെ കേട്ട കാഞ്ചന മെല്ലെ കണ്ണുതുറന്നു. വാടിയ കണ്ണുകളിലേക്ക് പെട്ടെന്ന് ഒരു പ്രകാശം പരന്നതുപോലെ. വന്നയാള്‍ മെല്ലെ ആ കൈകള്‍ സ്വന്തം കയ്യിലെടുത്തു. 'നീ എന്താ ഈ കാണിച്ചത്. നീ പോയെന്നറിഞ്ഞാല്‍ ഓന്‍ സഹിക്ക്വോ?' കാഞ്ചനയുടെ മുഖത്തുനിന്നും പുറത്തു വരാത്ത ഒരു വിളി വന്നു- 'ഉമ്മാ'. ഒരേയൊരു മകന്‍ നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ ആകുന്നേയുള്ളൂ. അവന്റെ ജീവനായിരുന്ന പെണ്ണിനെ രക്ഷിക്കാന്‍ വന്നിരിക്കയാണ് ആ ഉമ്മ. 'ഞാന്‍ സഹിക്കണില്ലേ, നീയും സഹിക്കണം. അതാവും അവനിഷ്ടം. എന്തോരം കാര്യങ്ങള്‍ നമുക്കായി ബാക്കിവെച്ചിട്ടാണ് അവന്‍ പോയത്. നമുക്കതൊക്കെ ചെയ്യണ്ടേ. നീ ആഹാരം കഴിക്ക്'. മെല്ലെ കാഞ്ചനയെ എണീപ്പിച്ചിരുത്തി എന്തോ ഒന്ന് കുടിപ്പിച്ചിട്ടാണ് ഉമ്മ മടങ്ങിയത്. അതിനുശേഷം കാഞ്ചന ആഹാരം കഴിച്ചുതുടങ്ങി.

വീട്ടിലേക്ക് മടങ്ങിയ കാഞ്ചന മെല്ലെ ജീവിത (വേണമെങ്കില്‍ അങ്ങനെ പറയാം) ത്തിലേക്ക് പിച്ചവെച്ചു തുടങ്ങി. നാലഞ്ച് മാസം കഴിഞ്ഞപ്പോള്‍ മൊയ്തീന്റെ ഉമ്മ രണ്ട് സ്ത്രീകളുമായി ചെന്ന് കാഞ്ചനയെ- തന്റെ മരുമകളെ- തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. അപ്പോഴേക്കും മൊയ്തീന്റെ പിതാവ് മരിച്ചിരുന്നു. പിന്നെ ആ വീട്ടിലാണ് കാഞ്ചന താമസിച്ചത്. എല്ലാവര്‍ക്കുമറിയാമെങ്കിലും  ചില കാര്യങ്ങള്‍ മൊയ്തീനെപ്പറ്റി പറഞ്ഞോട്ടെ. എങ്ങനെയുള്ള മകനെ-തോഴനെ ആണ് അവര്‍ക്ക് നഷ്ടപ്പെട്ടതെന്ന് അറിയിക്കാന്‍ മാത്രം.

മൊയ്തീന്‍ 'മുക്ക'ത്തിന്റെ കണ്ണിലുണ്ണിയായിരുന്നു. തികഞ്ഞ 'സോഷ്യലിസ്റ്റ്'. സ്നേഹമാണ് മൊയ്തീന്റെ മതം. സേവനമാണ് ജന്മലക്ഷ്യം. പണക്കാരനെന്നില്ല, പാവപ്പെട്ടവനെന്നില്ല, പഠിച്ചവനെന്നോ പഠിക്കാത്തവനെന്നോ ഇല്ല, ആരുടെ വീട്ടിലും പോവും. എവിടെ നിന്നും ആഹാരം കഴിക്കും. എവിടെ വേണമെങ്കിലും കിടന്നുറങ്ങും. ഒരു ജന്മികുമാരന് ഒട്ടും ചേരാത്ത സ്വഭാവം! സ്ത്രീ വിമോചനത്തിനുവേണ്ടി ആ കാലത്തു തന്നെ 'മോചന' എന്നൊരു സംഘടന ഉണ്ടാക്കി. ഇപ്പോള്‍ ഓരോ ജംഗ്ഷനിലും ഓരോ 'ലേഡീസ് സെന്റര്‍' ഉണ്ട്. സ്ത്രീകളുടെ ഉപയോഗ സാധനങ്ങള്‍ മാത്രം ലഭിക്കുന്ന കട. അത് അന്ന് തന്നെ മൊയ്തീന്‍ തുടങ്ങി. നല്ല സ്പോര്‍ട്സ്മാന്‍. മൂന്നോ നാലോ ലക്കമേ ഇറങ്ങിയുള്ളൂവെങ്കിലും 'സ്പോര്‍ട്സ് ഹെറാള്‍ഡ്' എന്നൊരു ബുക്ക് പബ്ലിഷ് ചെയ്തു. അത് ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധി. കലാമന്ദിര്‍ എന്നൊരു ക്ലബ് തുടങ്ങി. നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ചു. സിനിമാ നിര്‍മാണത്തിലേക്ക് തിരിഞ്ഞു. അങ്ങനെ പറഞ്ഞാല്‍ തീരാത്ത കഴിവുകളും സേവന സന്നദ്ധതയുമുള്ള ഒരു വ്യക്തിത്വമായിരുന്നു മൊയ്തീന്‍! ഒരമ്മയും ഹൃദയം കൊടുത്ത പെണ്ണും എങ്ങനെ സഹിക്കും!

Women
ജാഥയുടെ മുന്നിൽ വെള്ള സാരിയുമായി നിൽക്കുന്ന കാഞ്ചനമാല. ഫയൽ ചിത്രം

ആ വീട് 'മൊയ്തീന്‍ സ്മാരക മന്ദിരം' എന്ന് പേരിട്ട് മൊയ്തീന്‍ വിഭാവന ചെയ്ത ഓരോ കാര്യങ്ങളും അവിടെയിരുന്ന് ഉമ്മയുടെ പിന്തുണയോടെ കാഞ്ചന നിര്‍വഹിക്കുന്നു. ഇന്ന് ഇപ്പോഴും. ആ കെട്ടിടം 'താജ്മഹല്‍' പോലെ ഒരു സ്മാരകമായി കാണാനായിരുന്നു കാഞ്ചനയുടെ ആഗ്രഹം. ഉമ്മ ആ സ്ഥലവും വീടും നേരത്തെ തന്നെ ഒരു ബന്ധുവിന് എഴുതികൊടുത്തിരുന്നു. അവര്‍ അതൊഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് കേസിനു പോയി. ഉമ്മയും കാഞ്ചനയും അപേക്ഷിച്ചിട്ടും വഴങ്ങിയില്ല. അവരും തിരികെ കേസ് കൊടുത്തു. ഹൃദയത്തിന്റെ വ്യവഹാരങ്ങള്‍ക്ക് വിധി  കല്പിക്കാനുള്ള കോടതി ഇനിയുമുണ്ടായിട്ടില്ലല്ലോ. ഒടുവില്‍ സുപ്രീം കോടതി ആ കെട്ടിടത്തിനു പുറകിലായി കുറച്ച് സ്ഥലം ഇവര്‍ക്ക് കൊടുക്കാന്‍ വിധിച്ചു. അവിടെയാണ് ഇപ്പോഴുള്ള 'സ്മാരക മന്ദിരം'. അവര്‍ അവിടെയിരുന്ന് നേടിയെടുത്തതെല്ലാം നേരില്‍ കണ്ടറിയാനുള്ളതാണ്. അനിതാ ചില്‍ഡ്രന്‍സ് ക്ലബ്, അനിതാ ടെയ്ലറിംഗ് യൂണിറ്റ്, റീഡിംഗ് സെന്റര്‍, മോചന വിമന്‍സ് ക്ലബ്... അങ്ങനെ അങ്ങനെ.

ഇതിനിടയില്‍ ഒരു ബന്ധു വന്ന് ഉമ്മയെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നെ അധികകാലം ഉമ്മ ജീവനോടെയിരുന്നില്ല. കാഞ്ചനമാല വിശ്രമമില്ലാതെ മൊയ്തീന്റെ ലക്ഷ്യങ്ങള്‍ ഓരോന്നായി സാക്ഷാത്കരിക്കാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു. ഈ വയസ്സിലും. അതിലൂടെ തന്റെ പ്രണയസാഫല്യം നേടുന്നു. പുതിയ തലമുറയ്ക്ക് ഒരു അത്ഭുതമായി! ഈ കാണുന്ന നേട്ടങ്ങളുടെയെല്ലാം പുണ്യം, വര്‍ഷങ്ങള്‍ക്ക് മുമ്പ് മകന്റെ നഷ്ടം ഉണ്ടാക്കിയ മുറിവില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവന്റെ പെണ്ണിന് ധൈര്യം കൊടുത്ത്, സ്നേഹം കൊടുത്ത് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഉമ്മയ്ക്കുള്ളതാണ്. ഫാത്തിമ എന്ന വലിയ മനസ്സുള്ള ഉമ്മായ്ക്ക്!

Content Highlights: Raji Thampi share about the life of Kanjanamala