സുഖദമായ ഒരു സ്വപ്നത്തിലായിരുന്നു ഞാൻ. ശീതികരിച്ച ഒരു മുറി. അവിടെ മൃദുവായ ഒരു മെത്തയിൽ കിടക്കുന്നു ഞാൻ. ദൂരെയെങ്ങോ നിന്ന് ഒരു മനോഹരഗാനത്തിന്റെ നേർത്ത ശബ്ദം ഒഴുകിവരുന്നു. പെട്ടെന്നാണ് ഞാൻ കണ്ണ് തുറന്നത്. ഇത് സ്വപ്നമല്ലല്ലോ. ഞാൻ ശീതികരിച്ച മുറിയിൽ തന്നെ. മെത്തയിൽ കിടക്കുകയുമാണ്. ഒരു നിമിഷമെടുത്തു എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടാൻ. ഞാൻ എന്റെ വീട്ടിലോ നാട്ടിലോ ഒന്നുമല്ല എന്ന് മനസ്സിലായി. എല്ലാം വ്യക്തമായപ്പോൾ ഞാൻ ചാടീയെണീറ്റ് കൂടെയുണ്ടായിരുന്ന ആളിനെ തിരഞ്ഞു. മുറിയിലില്ല. ആ മുറിയ്ക്ക് ഒരു അറ്റാച്ച്ഡ് ബാത്ത് റൂമേയുള്ളൂ. നോക്കുമ്പോൾ അത് ചാരിയിട്ടേ ഉള്ളൂ. ഞാൻ മെല്ലെ തുറന്നു. അപ്പോൾ കണ്ട കാഴ്ച. കൂടെ വന്ന ആൾ ഒരു കൊച്ച് ടേപ്പ് റെക്കോർഡർ വാഷ്ബേസിനോട് ചേർന്നുള്ള വിശാലമായ സ്ഥലത്തുവെച്ചിട്ടുണ്ട്. കാതിൽ രണ്ട് വയറുകൾ ഘടിപ്പിച്ച് പാട്ട് കേൾക്കുന്നു. ഞാൻ ശരിക്കും സ്തബ്ധയായിപ്പോയി. 'മോൾ ഇതെന്തു പണിയാ കാണിച്ചത്. ഇതെന്തിനാണിവിടെ വന്നിരിക്കുന്നത്' മനോഹരമായ ഒരു ചിരി (എപ്പോഴുമുള്ളത്) ആയിരുന്നു ആദ്യത്തെ മറുപടി. 'നോക്കുമ്പോ ചേച്ചി നല്ല ഉറക്കം. ചേച്ചിക്കില്ലാത്തതല്ലേ അത്. ഉണർത്തണ്ടാ എന്ന് കരുതി ഇവിടിരുന്ന് പാട്ട് പഠിക്കുകയായിരുന്നു. നല്ല സൗകര്യമാണല്ലോ ഇവിടെ'. കാര്യം ശരി തന്നെ. ഫൈവ്സ്റ്റാർ ഹോട്ടലിലെ ബാത്ത് റൂം ആണ്. ഒരു റൂം പോലെ തന്നെയാണ്. എന്നാലോ. ഇനി ആളെ പറയാം. യാതൊരു വിശേഷണങ്ങളുടെയും അകമ്പടി വേണ്ടാത്ത കെ.എസ്. ചിത്ര.

ആ നിമിഷം എനിക്ക് തോന്നിയത് കുറ്റബോധമാണോ സങ്കടമാണോ അഭിമാനമാണോ, അറിയില്ല; ഇന്നും! ഒരു കാര്യം തറപ്പിച്ചുപറയാം. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ എനിക്ക് പരിചയമുള്ള ഒരാള് പോലും ചെയ്യുന്ന കാര്യമല്ല ചിത്ര ചെയ്തത്. മറ്റുള്ളവർ കൂടിവന്നാൽ ശബ്ദം കുറച്ചു വെച്ചിട്ട് മുറിയിൽ തന്നെയിരുന്നു കേൾക്കും. അതൊരു തെറ്റല്ല താനും!

അനശ്വര സംഗീതസംവിധായകനായ ആർ.ഡി. ബർമ്മന് ആദരവ് കൊടുക്കുന്നതിനായി എസ്.പി. ബാലസുബ്രഹ്മണ്യം നടത്തുന്ന ഹിന്ദി പാട്ടുകളുടെ മാത്രമായ ഒരു സംഗീതരാവിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു ചിത്ര. പാട്ടിനോടുള്ള എന്റെ ഭ്രാന്തറിയാവുന്നതുകൊണ്ട് എന്നെ കൂടെ കൂട്ടിയതാണ്. ചിത്രയുടെ ചേച്ചി ബീനയുമുണ്ട്. ബീന അടുത്ത ദിവസമേ എത്തുകയുള്ളൂ. 1998 ആണെന്നാണ് എന്റെ ഓർമ. ഉറപ്പില്ല. ഞങ്ങൾ രാവിലെ എത്തിയതാണ്. ചിത്രയുടെ മാനേജർ കുട്ടി സാറും ഉണ്ടായിരുന്നു. പിറ്റേദിവസം സ്റ്റേജ് റിഹേഴ്സലുമുണ്ട്. അതിനുവേണ്ടി ചിത്രയ്ക്ക് പാടാനുള്ള പാട്ടുകൾ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ബീനയെത്താത്തതിന്റെ അസ്വസ്ഥതയുണ്ട് ചിത്രയ്ക്ക്. ഹിന്ദി പാട്ടുകൾ ബീനയോടും കൂടി അഭിപ്രായങ്ങൾ ചോദിക്കാറുണ്ട് ചിത്ര.

'എന്നാലും ഇത് കഷ്ടമായിപ്പോയി മോളേ'. 'സാരമില്ല ചേച്ചീ, വീട്ട്ചുമതലകളൊന്നുമില്ലാതെ ചേച്ചി അറിയാതെ ഉറങ്ങിപ്പോയതാണ്. ചെറിയ ശബ്ദം കേട്ടാലും ഉണരുന്ന ആളാണെന്നുമറിയാം. അതാണ് അവിടെയിരിക്കാത്തത്'. എന്നെ ഞാൻ പോലും ഇത്ര മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സംശയം തോന്നിപ്പോയി.

വർഷങ്ങളായുള്ള ഞങ്ങളുടെ ബന്ധം അമ്മ-മകൾ സ്നേഹത്തിൽ അധിഷ്ഠിതമാണ്. ചിത്ര തന്നെ പല സ്ഥലത്തും അത് പറഞ്ഞിട്ടുള്ളതിനാൽ ഞാൻ അതിലേക്ക് കടക്കുന്നില്ല.

raji thampi

അടുത്ത ദിവസം ബീനയെത്തി. ബീനയോടും തിരിച്ചിങ്ങോട്ടും കറകളഞ്ഞ സ്നേഹം എനിക്കുണ്ട്. പാടാനുള്ള പാട്ടുകൾ ഓരോന്നായി ചിത്ര ബീനയെ പാടികേൾപ്പിച്ചു. ചിത്രയെ വീട്ടിൽ വിളിക്കുന്നത് ബേബിയെന്നാണ്. ഓരോ പാട്ടിനും ചില്ലറ അഭിപ്രായങ്ങൾ ബീന പറയുന്നതും ചേച്ചിയുടെ കഴിവിൽ എന്നും അഭിമാനിയ്ക്കുന്ന ചിത്ര 'ബേബി'യായി തന്നെ അതെല്ലാം സ്വീകരിക്കുന്നതും ഞാൻ കൗതുകത്തോടെ കണ്ടിരുന്നു. വാത്സല്യവും പരസ്പര ബഹുമാനവും അനുസരണയും എല്ലാം കൂടിച്ചേർന്ന ഒരു അപൂർവ്വ സാഹോദര്യത്തിന്റെ മനോഹരമായ നേർക്കാഴ്ച.

ബാലു സാറിന്റെ അനിയത്തി എസ്.പി. ശൈലജയും പാടാനുണ്ട്. റൂമിലേക്ക് വന്ന ശൈലജ എന്നോടായി പറഞ്ഞു: 'അക്കാ (ബാലു സാറിന്റെ ഭാര്യ സാവിത്രി) ചേച്ചിയെ അന്വേഷിച്ചു. അടുത്ത റൂമിലുണ്ട്.' ഞങ്ങൾ കുറേ വർഷം മുമ്പേ പരിചയക്കാരാണ്. ഞങ്ങളുടെ കവിതയും ബാലുസാറിന്റെ മകൾ പല്ലവിയും ഒരേ കോൺവെന്റിലാണ് യു.കെ.ജി., എൽ.കെ.ജി. ഒക്കെ പഠിച്ചത്. വൈകുന്നേരം പരസ്പരം കണ്ടപ്പോഴും കുശലമൊക്കെ പറഞ്ഞു. വളരെ നല്ലൊരു വ്യക്തിത്വത്തിനുടമയാണ് ശൈലജ.

അങ്ങനെ കാത്തിരുന്ന നിമിഷത്തിന് തിരശ്ശീല ഉയർന്നു. 'യേ ശാം മസ്താനി' എന്ന് പേരിട്ട ആർ.ഡി. ബർമ്മന്റെ മാത്രം പാട്ടുകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഓർമയ്ക്കുള്ള ആദരവിനായി ഒരുക്കിയ പ്രോഗ്രാം. നിറഞ്ഞ് കവിഞ്ഞ സദസ്സ്. ആ കാലത്തെ ഹിന്ദി സിനിമയിലെ നടനും ടി.വി. അവതാരകനും അഭിമുഖകാരനും ഒക്കെയായ ശേഖർ സുമനായിരുന്നു പ്രോഗ്രാം അവതരിപ്പിച്ചത്. ബർമ്മൻ സാബിനെപ്പറ്റി ഒരു ചെറിയ വിവരണവും സദസ്സിന് സ്വാഗതം പറഞ്ഞ ശേഷം അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ച വ്യക്തി മറ്റാരുമായിരുന്നില്ല. സാക്ഷാൽ രാജേഷ് ഖന്ന.

ആർ.ഡി. ബർമ്മന്റെ ഈണത്തിലുള്ള പാട്ടുകൾക്ക് ഒരുപക്ഷേ ഏറ്റവുമധികം തവണ ചുണ്ടുകൾ ചലിപ്പിക്കാൻ ഭാഗ്യം കിട്ടിയ നടൻ. അദ്ദേഹം വളരെ വികാരനിർഭരമായി തന്നെ സംസാരിച്ചു. 'ബാലസുബ്രഹ്മണ്യ'ത്തിനെ പാടാൻ വേദിയിലേക്ക് ആനയിച്ചശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി.

പിന്നെ അവിടെ ഒരു സംഗീതമഴയായിരുന്നു. 'രൈനാബീത്തി ജായേ', തേരേ ബിനാ സിന്ദഗീ', 'നാഗും ജായേഗാ' തുടങ്ങിയ സോളോ ഗാനങ്ങളുടെയും 'ചുനരി സംഭാല് ഗോരീ' തുടങ്ങിയ ഡ്യുവറ്റുകളിലൂടെയുമെല്ലാം ലതാ മങ്കേഷ്കർ ചിത്രയിലൂടെ ഒഴുകുകയായിരുന്നു. അഭിമാനവും സന്തോഷവുമെല്ലാം ചേർന്ന പ്രത്യേക ഒരനുഭൂതിയായിരുന്നു ആ നിമിഷത്തിൽ ഞാൻ അനുഭവിച്ചത്. എല്ലാമൊന്നും ഓർമയില്ല. ആശാ ഭോസ്ലെയുടെ പാട്ടുകൾ ശൈലജ പാടി. നല്ല പാട്ടുകാരിയാണ് ആ കുട്ടിയും. ആ കാലത്തെ ഒരു നല്ല ഗായകനായിരുന്നു സുദേശ് ഭോസ്ലെ. ബാലു സാറും സുദേശ് ഭോസ്ലെയും മാറിമാറി 'ചിങ്കാരീ കോയി ദഡ് കേ', 'ഹേ ഹേ ശിവശങ്കർ', 'മുസാഫിർ ഹും യാരോം', 'മേരേ നയ്നാ സാവന് ഭാദോം' അങ്ങനെ അങ്ങനെ ആർ.ഡി. ബർമ്മന്റെ സംഗീതം നിറഞ്ഞൊഴുകിയ ഒരു രാത്രി. സദസ്സ്യരുടെ മുൻനിരയിലിരുന്നവരിൽ ചിലർ ആർ.ഡി.യ്ക്കുവേണ്ടി ഒരുപാട് തവണ തൂലിക ചലിപ്പിച്ച ഗുൽസാർ, രാജേഷ് ഖന്ന, തെലുങ്കുനടൻ വെങ്കടേഷ് അങ്ങനെ പ്രസിദ്ധരും അപ്രസിദ്ധരുമായ ഒരുപാട് പ്രതിഭകൾ! അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ച ഒരു രാത്രി.

ഈ തിരക്കിന്റെയും ചുമതലകളുടെയുമിടയ്ക്ക് കൂട്ടുകാരനായ ശ്രീകുമാരൻതമ്പിയുടെ ഭാര്യയുടെ സുഖസൗകര്യങ്ങൾ അന്വേഷിക്കാൻ ബാലുസാർ കാണിച്ച താല്പര്യം മറക്കാൻ പറ്റില്ല. ലോകത്ത് വല്ലപ്പോഴും ജനിക്കുന്ന 'സ്വഭാവം'.

എന്റെ കുട്ടികളെപ്പോലെ ഞാൻ സ്നേഹിക്കുന്നത് ഒന്നേയുള്ളൂ ഈ ലോകത്ത്. സംഗീതം. വായ്പാട്ടായാലും ഉപകരണ സംഗീതമായാലും ഒരേപോലെയിഷ്ടം. സിനിമാഗാനങ്ങളോട് സ്വാഭാവികമായും ലേശം താല്പര്യം കൂടുമല്ലോ. നമുക്ക് പ്രാപ്യമായത് എന്ന നിലയിൽ. വളരെ ചെറുപ്പത്തിൽ എനിക്കൊരു മോഹമുണ്ടായിരുന്നു. ആരോടും പറഞ്ഞിട്ടില്ലാത്ത മോഹം. മലയാള സിനിമകളിൽ ഇറങ്ങിയിട്ടുള്ള എല്ലാ പാട്ടുകളും കണ്ടുപിടിച്ച് (എഴുതിയതും സംഗീതം നൽകിയതും പാടിയതും) എഴുതി വയ്ക്കണമെന്ന്. വെറുതെ ഒരു കൗതുകത്തിന്. പിന്നെ ആ ചിന്ത എവിടെയോ നഷ്ടപ്പെട്ടു. വീണ്ടും രവിമേനോന്റെ ചില പുസ്തകങ്ങൾ വായിച്ചപ്പോൾ എന്റെ ചിന്ത എത്ര ബാലിശമായിരുന്നു എന്നും തോന്നി. ഓരോ പാട്ടിന്റെയും ജീവചരിത്രം മുഴുവൻ പ്രതിപാദിക്കുന്ന ലേഖനങ്ങൾ. അതിനായി മാറ്റിവയ്ക്കേണ്ടിവരുന്ന സമയവും ക്ഷമയും കഷ്ടപ്പാടുമെല്ലാം അപ്പോൾ മനസ്സിലായി.

chithra
റെയ്ന ഭീത്തി ജായെ എന്ന ഗാനം ചിത്ര ആലപിക്കുന്നു

ഞാൻ ആദ്യം പറഞ്ഞ സംഭവം ചിത്രയുടെ ഒരു ചെറിയ കാര്യം മാത്രമാണ്. ആർക്കും ചിത്രയാകാൻ സാധ്യമല്ല. ശ്രമിച്ചാലും. ചിത്ര ഒന്നേയുള്ളൂ. ഒരു മനുഷ്യജന്മത്തിന് ഏറ്റവും വേണ്ട ഗുണം 'നന്ദി' യാണ്. മറ്റുള്ളവരോടുള്ള കരുതലും. സ്നേഹത്തിന്റെ അർത്ഥം തന്നെ (എന്നെ സംബന്ധിച്ച്) കരുതലാണ്. ഇതൊന്നും അനുകരിക്കാൻ പറ്റില്ല. ശ്രമിക്കാം അത്രമാത്രം.

കഴിഞ്ഞയാഴ്ച നടന്ന ഒരു സംഭവം പറയാം. ചിത്ര എന്റെ മകൾ കവിതയ്ക്കയച്ച ഒരു മെസേജ് തെറ്റി എന്റെ കൊച്ചുമക്കളുടെ മൊബൈലിൽ വന്നു. (കുട്ടികൾക്കും ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണമല്ലോ) മോൾ തിരിച്ച് 'ചിത്താപ്പൂ, ഇത് ഞങ്ങളുടെ നമ്പരാണ്' എന്ന് മെസേജയച്ചു. എന്നെ വിളിച്ച് നമ്പർ (കവിതയുടെ) ഒന്നുകൂടെ സ്ഥിരപ്പെടുത്തിയിട്ട് ഈ കൊച്ചുമോൾക്ക് വോയ്സ് മെസേജിട്ടിരിക്കുന്നു. 'മോളേ ചിത്താപ്പൂവിന് നമ്പര് മാറിയതാണ് കേട്ടോ' എന്നു പറഞ്ഞു. മറ്റാരെങ്കിലുമാണെങ്കിൽ എന്നോട് വിശദീകരിക്കുന്നതോടെ അത് തീരും. ഇത്രയും കരുതലോടെയാണ് ഒരു കൊച്ചുകുട്ടിയോട് പോലും പെരുമാറുന്നത്.

പല ദുഃഖങ്ങളും നിരാശകളുമെല്ലാം വിധിക്കുന്ന ദൈവം ചിലപ്പോൾ നമുക്ക് വിലമതിക്കാൻ പറ്റാത്ത ഭാഗ്യവും തരും. അത് മനസ്സിലാക്കാതെ ജീവിച്ചാൽ അതാണ് ഏറ്റവും വലിയ മഹാപരാധം. എന്റെ ജീവിതത്തിൽ അങ്ങനെ ദൈവം തന്ന അപൂർവ്വ ഭാഗ്യമാണ് എന്റെ ചിത്ര. ഒരുപാട് വിലപിടിപ്പുള്ള പേജുകൾ നിറഞ്ഞ 'ചിത്രപുസ്തക'ത്തിന്റെ ഒരു ചെറിയ പേജ് മാത്രമേ ഇവിടെ തുറന്നിട്ടുള്ളൂ. ബാക്കിയും പുറകേയുണ്ടാവും!

ഏകദേശം അരനൂറ്റാണ്ടോളമായി സംഗീതാസ്വാദകരുടെയും അല്ലാതെയുമുള്ള മനുഷ്യർക്കിടയിൽ ഒരു മാറ്റവുമില്ലാതെ സ്നേഹ ബഹുമാനങ്ങൾ സ്വീകരിച്ച് വിനയാന്വിതയായി നിൽക്കുന്ന മലയാളത്തിന്റെ 'മഹാഗായിക' തന്നെയാണ് ചിത്ര. അങ്ങനെയുള്ള ചിത്ര എന്റെ ഉറക്കം തടസ്സപ്പെടാതിരിക്കാനായി കുറച്ചുനേരത്തേക്കെങ്കിലും ഒരു 'ബാത്ത് റൂം സിംഗർ' ആയി മാറിയത് എന്റെ മരണം വരെ എന്നിൽ നിന്ന് മായാത്ത ഓർമ്മയാണ്. എന്നോടൊപ്പം ചിതയിൽ എരിയാനുള്ള ഓർമ്മ!

Content Hignlights:Raji Thampi share about soul relationship with Singer K.S Chithra Mukhangal Mudrakal