Beauty lies in the eyes of the beholder -
സൗന്ദര്യം കാണുന്ന ആളിന്റെ കണ്ണിലാണ് എന്നാണ് പറയാറ്. അതാണ് സത്യവും! ഒരാളിന് വളരെ ഭംഗിയായി തോന്നുന്ന ഒരു കാര്യം മറ്റൊരാളിന് തീരെ ഇഷ്ടമില്ലാത്തതാവാം. അത് ഒരു പൂവാകട്ടെ, ചിത്രമാകട്ടെ അഥവാ മനുഷ്യരാകട്ടെ - ഓരോരുത്തരുടെയും അഭിരുചികള്‍ തികച്ചും വ്യത്യസ്തമല്ലേ. ഞാനെപ്പോഴും ചിന്തിക്കാറുണ്ട് ഈ 'മിസ് ഇന്ത്യ', 'മിസ് വേള്‍ഡ്' തുടങ്ങിയ മത്സരങ്ങളെപ്പറ്റി, എണ്ണത്തില്‍ വളരെ കുറവുള്ള ഏതാനും വിധികര്‍ത്താക്കള്‍ ചേര്‍ന്ന് ഏതാനും യുവതികളില്‍ നിന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സുന്ദരിയെ തിരഞ്ഞെടുക്കുന്നതിലുള്ള അനൗചിത്യത്തെപ്പറ്റി. ലോകത്തെ തന്നെ വാണിജ്യരംഗത്തെ ഏറ്റവും വലിയ ഒരു ഘടകമായി മാറിയ ആ വിഷയത്തിലേക്ക് ആഴത്തില്‍ കടക്കുന്നില്ല.

ഐശ്വര്യ റായ്, സുസ്മിതാ സെന്‍, റീത്താ ഫെരിയ തുടങ്ങിയവരൊക്കെ മേല്‍പ്പറഞ്ഞ പട്ടങ്ങള്‍ ചൂടുന്നതിനൊക്കെ വളരെ മുമ്പ് നമ്മുടെ ഈ കൊച്ചുകേരളത്തില്‍ ഒരു സൗന്ദര്യ മത്സരം നടക്കുകയുണ്ടായി. 1965 ലോ 66 ലോ ആണെന്നാണ് ഓര്‍മ. അന്ന് കൗമാരം കടന്ന് യൗവ്വനത്തിലേക്ക് കടന്ന ഒരു പെണ്‍കുട്ടിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കോളേജിലേക്ക് കാലെടുത്ത് വയ്ക്കാന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ, ആ കുട്ടി. തൃശൂരില്‍ വെച്ച് നടന്ന ആ ഒരു മത്സരത്തിനുശേഷം മറ്റൊന്നു കൂടി നടന്നോ എന്നു തന്നെയറിയില്ല. തങ്ങള്‍ പുതുതായി എടുക്കുന്ന സിനിമയിലേക്ക് ഒരു പുതുമുഖത്തെ കണ്ടെത്താന്‍ അതിന്റെ നിര്‍മാതാക്കള്‍ നടത്തിയ ഒരു മത്സരമായിരുന്നു എന്നും അന്ന് ഒരു പറച്ചിലുണ്ടായിരുന്നു. ഏതായാലും തിരഞ്ഞെടുക്കപ്പെട്ട പെണ്‍കുട്ടിക്ക് 'മിസ് കേരളാ' എന്നൊരു പട്ടവും 'ഗോള്‍ഡന്‍ ക്രൗണ്‍' സമ്മാനവും കിട്ടി. റാണി ചന്ദ്ര എന്നായിരുന്നു ആ 'മിസ് കേരള'യുടെ പേര്.

എന്തുകൊണ്ടോ പ്ലാന്‍ ചെയ്ത പോലെ ആ പടം നടന്നില്ല. പക്ഷേ ആ തരത്തിലുള്ള ഒരു മത്സരത്തിലെ ആദ്യ വിജയി എന്ന നിലയിലും സിനിമയിലെ പുതുമുഖമാകാന്‍ പോകുന്നു എന്ന വാര്‍ത്തകൊണ്ടും റാണി പെട്ടെന്ന് പ്രസിദ്ധയായി. മാസികകളും ന്യൂസ് പേപ്പറുകളും ധാരാളം പടങ്ങള്‍ കവര്‍ ചിത്രമായും മറ്റും കൊടുക്കുകയും 'മിസ് കേരള' എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. ചെറിയ പ്രായം. പെട്ടെന്ന് കിട്ടിയ അപ്രതീക്ഷിത ശ്രദ്ധ, എല്ലാമായപ്പോള്‍ റാണിയിലും അഭിനയമോഹം കാര്യമായി തലപൊക്കാന്‍ തുടങ്ങി. ചെറുപ്രായം മുതല്‍ പഠിച്ചു തുടങ്ങിയ ഡാന്‍സ് റാണിയ്ക്ക് ഒരു വലിയ അനുഗ്രഹമായിരുന്നു.

ഏതായാലും അധികം വൈകാതെ ഒരു പടത്തില്‍ അഭിനയിക്കാന്‍ ആ കുട്ടിക്ക് അവസരമുണ്ടായി. പി.എ. തോമസിന്റെ 'പാവപ്പെട്ടവള്‍' എന്ന ചിത്രം. സത്യന്‍, കമലാദേവി, സുകുമാരി, അടൂര്‍ ഭാസി തുടങ്ങിയവരായിരുന്നു അഭിനേതാക്കള്‍. പിന്നീട് പ്രസിദ്ധ നടിയായി മാറിയ നമ്മുടെ സ്വന്തം വിധുബാല അതില്‍ ഒരു ബാലികയായി നല്ല റോളില്‍ അഭിനയിച്ചിട്ടുണ്ടെന്നത് കൗതുകകരമായ കാര്യമാണ്. പടത്തില്‍ അഭിനയിച്ചുവെങ്കിലും റാണിയുടെ പേര് ടൈറ്റിലില്‍ വന്നത് 'മിസ് കേരള' എന്നാണ്. സ്വന്തം പേരല്ല. 

റാണി ചന്ദ്ര

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷം കിട്ടിയ അവസരം പ്രസിദ്ധ സംവിധായകനായിരുന്ന എം. കൃഷ്ണന്‍നായരുടെ 'അഞ്ചുസുന്ദരികള്‍' എന്ന ചിത്രത്തിലായിരുന്നു. പ്രേംനസീര്‍, ജയഭാരതി, അടൂര്‍ ഭാസി അങ്ങനെ അന്നത്തെ പ്രസിദ്ധരെല്ലാം അഭിനയിച്ച ചിത്രം. ആദ്യമായി 'റാണിചന്ദ്ര' എന്ന പേര് ടൈറ്റിലില്‍ വന്നതും അതിലൂടെയാണ്. പിന്നീട് ചെറുതും വലുതുമായ നിരവധി റോളുകള്‍ റാണിയെ തേടിയെത്തി. വിടര്‍ന്ന കണ്ണുകളും നിറഞ്ഞ ചിരിയും റാണിയുടെ പ്രത്യേകതയായിരുന്നു.

ചന്ദ്രന്‍-കാന്തിമതി ദമ്പതികളുടെ രണ്ടാമത്തെ മകളായി ആലപ്പുഴയില്‍ ജനിച്ച റാണി നാല് സഹോദരികളും ഒരു സഹോദരനുമടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ അംഗമായിരുന്നു. അച്ഛന് ബിസിനസ്. കുടുംബം കൊച്ചിയിലേക്ക് താമസം മാറിയ സമയം റാണി ഡാന്‍സില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും കോളേജില്‍ ചേര്‍ന്ന സമയമായപ്പോഴേക്കും നല്ലൊരു ഡാന്‍സറായി മാറുകയും ചെയ്തിരുന്നു. അനിയത്തിമാരെയും ചേര്‍ത്ത് സ്വന്തം ട്രൂപ്പും ഉണ്ടാക്കി. 

ആ കാലത്ത് ചലച്ചിത്ര നിര്‍മാണം പൂര്‍ണമായും മദ്രാസിലായിരുന്നു. (ഇന്നത്തെ ചെന്നൈ) റാണിക്ക് തിരക്ക് കൂടിയപ്പോള്‍ സ്വാഭാവികമായും കുടുംബം മദ്രാസിലേക്ക് താമസം മാറ്റി. റാണിയുടെ തുടക്കകാല ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരും ചൂണ്ടിക്കാട്ടാത്ത ഒരു സിനിമയുണ്ട്. ചേട്ടന്‍ (ശ്രീകുമാരന്‍ തമ്പി) സംവിധാനം ചെയ്ത 'ഭൂഗോളം തിരിയുന്നു'. ഞങ്ങളുടെ സ്വന്തം ചിത്രവും കൂടിയാണത്. 'അച്ചുതണ്ട്' എന്ന പേരില്‍ ചേട്ടനെഴുതിയ ബുക്കിന്റെ അഭ്രാവിഷ്‌കരണമായിരന്നു അത്. നല്ലൊരു കുടുംബ കഥ. വ്യത്യസ്ത സ്വഭാവങ്ങളുള്ള മൂന്നു സഹോദരന്മാരുടെയും അവരുടെ കുഞ്ഞനുജത്തിയുടെയും കഥ പറയുന്ന ചിത്രം. ജനാര്‍ദ്ദനന്‍, വിന്‍സന്റ്, രാഘവന്‍ എന്നിവരാണ് സഹോദരന്മാരായത്. റോജാ രമണി (അന്നത്തെ ശോഭന) അനുജത്തിയും. ഇളയ സഹോദരനായി അഭിനയിച്ച രാഘവന്റെ നായികയുടെ റോളായിരുന്നു റാണിക്ക്. നന്നായി അഭിനയിക്കുകയും ചെയ്തു. ഒരു സാധാരണ കുടുംബത്തിലെ പ്രശ്നങ്ങള്‍ പറയുന്ന നല്ലൊരു ചിത്രമായിരുന്നെങ്കിലും ബോക്സ് ഓഫീസ് വിജയമാകാത്തതുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി. ശോഭനയെ വിവാഹം കഴിക്കുന്ന കഥാപാത്രമായി എം.ജി. സോമനുമുണ്ടായിരുന്നു. സുകുമാരി, കെ.പി.എ.സി. ലളിത, ടി.ആര്‍. ഓമന, ബഹദൂര്‍ അങ്ങനെ താരനിബിഡമായിരുന്നു. ജനാര്‍ദ്ദനന്റെയും സുകുമാരിയുടെയും മകനായി ഞങ്ങളുടെ കുഞ്ഞുകണ്ണനും ഉണ്ടായിരുന്നു.

കന്യാകുമാരിക്ക് പോകുന്ന വഴിയ്ക്കുള്ള 'തിരുവട്ടാര്‍' എന്ന സ്ഥലത്തായിരുന്നു അതിന്റെ ഷൂട്ടിംഗ്. (കമുകറ പുരുഷോത്തമന്റെ ജന്മസ്ഥലം). മോനുള്ളതിനാല്‍ ഞാനും പോയിരുന്നു. അവിടെവെച്ചാണ് റാണിയെ ഞാന്‍ അടുത്ത് പരിചയപ്പെടുന്നതും മനസ്സിലാക്കുന്നതും. നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയെപ്പോലെ ഒരു സാധാരണ പെണ്‍കുട്ടി. തുറന്ന പെരുമാറ്റം. അങ്ങേയറ്റം വിനയം. ആരും ഇഷ്ടപ്പെടുന്ന സ്വഭാവം. എന്റെ കുഞ്ഞുങ്ങളുമായി റാണി വേഗം അടുത്തു. ഒരു ദിവസം ഞാന്‍ സാരിയുടുക്കുന്നതു കണ്ട റാണി ആകെപ്പാടെ എന്നെയൊന്നു നോക്കി. 
''എന്റെ ചേച്ചീ, കോളേജിലൊക്കെ പഠിച്ച് ഇങ്ങനെയാണോ സാരി ഉടുക്കുന്നത്''. നേരെ വന്ന് അത് പിടിച്ചഴിച്ചു. 
''അവിടെ സാരിയുടുക്കാനാണോ പഠിപ്പിക്കുന്നത് റാണീ'' 
ഞാന്‍ ചിരിച്ചു.
''അതല്ല, മറ്റുള്ളവരൊക്കെ ചെയ്യുന്നതു കണ്ട് പഠിക്കാമല്ലോ''
എന്റെ അമ്മയും കസിന്‍സുമൊക്കെ ഉടുക്കുന്നതുപോലെ ഒരു സ്‌റ്റൈലായിരുന്നു എന്റേത്. അന്ന് ഇന്നത്തെപ്പോലെ ഞൊറിയിട്ട് പിന്‍ചെയ്ത് 'ലോവേസ്റ്റ്' രീതിയില്‍ ഒന്നും അവരാരും ഉടുക്കാറില്ല. അതു തന്നെ ഞാനും പിന്‍തുടര്‍ന്നു. അത്തരം കാര്യങ്ങളില്‍ അന്നും ഇന്നും അത്ര ശ്രദ്ധ ഇല്ലാത്ത ആളുമാണ് ഞാന്‍. അന്ന് റാണി എന്നെ വളരെ ഭംഗിയായി സാരി ഉടുപ്പിച്ചു. എനിക്ക് തന്നെ നല്ല മതിപ്പ് തോന്നുകയും ചെയ്തു. അതേ പോലെ തന്നെ തുടരാന്‍ എനിക്ക് പറ്റിയിട്ടില്ല. ചെറിയ മാറ്റം വരുത്തീന്ന് മാത്രം. എന്നാലും ആ മുഖവും ആ വര്‍ത്തമാനവും എന്നെ സാരി ഉടുപ്പിച്ചതുമൊന്നും ഒരിക്കലും മറന്നിട്ടില്ല ഞാന്‍. മറക്കുകയുമില്ല.

മദ്രാസിലെത്തിക്കഴിഞ്ഞു. കുഞ്ഞുങ്ങളെ കാണാന്‍ വരുമായിരുന്നു റാണി. അവരെ വലിയ ജീവനായിരുന്നു. ഇതിനിടെ റാണിയുടെ അച്ഛന്റെ ബിസിനസ് തകര്‍ന്നു. ചുരുക്കം അച്ഛനുമമ്മയും സഹോദരങ്ങളും അടക്കം ഒരു വലിയ കുടുംബം പോറ്റേണ്ട ചുമതല റാണിയുടെ 'ചുമലി'ലായി. നാത്തൂന്‍, ചെമ്പരത്തി, നെല്ല് തുടങ്ങിയ നല്ല ചിത്രങ്ങളില്‍ ചെറുതാണെങ്കിലും റാണിക്ക് വേഷങ്ങള്‍ ഉണ്ടായിരുന്നു. 'പ്രതിദ്ധ്വനി', 'അംബ, അംബിക, അംബാലിക', 'അനാവരണം', 'കാപാലിക', 'ഹലോ ഡാര്‍ലിംഗ്', 'സ്വപ്നം' അങ്ങനെ നിറയെ ചിത്രങ്ങള്‍ റാണിയെ തേടിയെത്തിയിരുന്നു. നല്ല സിനിമയുടെ ഭാഗമാകാന്‍ കൊതിച്ചിരുന്ന റാണിക്ക് 'ചൂസി' ആകാന്‍ അവകാശമില്ലായിരുന്നു. അങ്ങനെ ചിന്തിക്കുമ്പോള്‍ തന്നെ ആശ്രയിച്ച് ജീവിക്കുന്ന ചില മുഖങ്ങള്‍ മനസ്സിലേക്കോടിയെത്തും. അന്നത്തെ ഏതാണ്ട് എല്ലാ നടികളുടെയും അവസ്ഥ അതു തന്നെയായിരുന്നു. കൊമേഴ്സ്യല്‍ സിനിമയുടെ ഭാഗമായതിന് നിറയെ വിമര്‍ശനങ്ങളും റാണി കേട്ടിരുന്നു.

ഇതിനിടയിലാണ് കെ.ജി. ജോര്‍ജിന്റെ 'സ്വപ്നാടന'ത്തിലെ നായികാവേഷം റാണിയെ തേടിയെത്തിയത്. ഡോക്ടര്‍ മോഹന്‍ദാസായിരുന്നു നായകന്‍. റാണിയിലെ നടിയെ പുറത്തുകൊണ്ടുവന്ന ആ നല്ല ചിത്രം ആ വര്‍ഷത്തെ നല്ല നടിക്കുള്ള കേരളാ സ്റ്റേറ്റ് അവാര്‍ഡും റാണിക്ക് നേടി കൊടുത്തു. ഐ.വി. ശശിയുടെ ആദ്യ ചിത്രമായ 'ഉത്സവ'ത്തില്‍ നല്ലൊരു വേഷം റാണിക്കുണ്ടായിരുന്നു. തുടര്‍ന്നും അദ്ദേഹത്തിന്റെ ചില ചിത്രങ്ങളില്‍ വേഷമിട്ടു. ഒരു വര്‍ഷം 13 ചിത്രങ്ങളില്‍ വരെ അഭിനയിച്ചിട്ടുണ്ട് റാണി ചന്ദ്ര.

ഇതിനിടെ റാണിയുടെ ഡാന്‍സ് പ്രോഗ്രാം കാണാനിടയായ എ.വി. ഫ്രാന്‍സിസ് എന്നൊരു സംവിധായകന്‍ 'പൊര്‍ച്ചിലൈ' എന്നൊരു തമിഴ് ചിത്രത്തില്‍ നായികാവേഷം നല്‍കുകയുണ്ടായി. തുടര്‍ന്നും അവസരങ്ങള്‍ വന്നെങ്കിലും മലയാളത്തിലെ തിരക്കും നൃത്തപരിപാടികളും തിരക്കും എല്ലാം കൂടി ഒത്തൊരുമിച്ച് കൊണ്ടുപോകാനുള്ള സമയക്കുറവുകൊണ്ട് റാണി അതെല്ലാം ഉപേക്ഷിക്കുകയാണുണ്ടായത്.

എങ്കിലും 1976 ല്‍ അന്നത്തെ പ്രസിദ്ധ തമിഴ് സംവിധായകനായിരുന്ന എ.സി. ത്രിലോക് ചന്ദര്‍ മഹര്‍ഷി എന്ന എഴുത്തുകാരന്‍ 'ഭദ്രകാളി' എന്ന പേരില്‍ എഴുതിയ ഒരു നോവല്‍ അതേ പേരില്‍ സിനിമയാക്കിയപ്പോള്‍ ശിവകുമാറിനോടൊപ്പം നായികയായി റാണി ചന്ദ്രയെ ആണ് നിശ്ചയിച്ചത്. ഒരു പ്രത്യേകതരം മാനസിക വിഭ്രാന്തിക്ക് അടിമപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥ. ആ ചിത്രത്തിന്റെ അവസാന ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കുമ്പോഴാണ് വിധി ആ ജീവിതം തട്ടിയെടുത്തത്. ഏതാണ്ടൊരു രൂപസാദൃശ്യം ഉള്ള 'പുഷ്പ' എന്നൊരു നടിയെ വെച്ചാണ് പിന്നീട് അദ്ദേഹം ചിത്രം പൂര്‍ത്തിയാക്കിയത്. എങ്കില്‍ പോലും ചിത്രത്തെ അതൊട്ടും ബാധിച്ചില്ല. എക്കാലത്തെയും ഹിറ്റായി അത് മാറി. 'കണ്ണന്‍ ഒരു കൈക്കുഴന്തൈ' എന്ന യേശുദാസും പി. സുശീലയും ചേര്‍ന്ന് പാടിയ ഇളയരാജാ ഗാനം ഇന്നും എന്നും അനശ്വരമായി നില്‍ക്കും. റാണിയുടെ നായകനായി അഭിനയിച്ച ശിവകുമാര്‍ പറഞ്ഞിരുന്നു റാണിയുടെ സ്വഭാവത്തിലെ വിനയത്തെപ്പറ്റിയും, അഭിനയ മികവിനെപ്പറ്റിയും, തമിഴില്‍ വളരെ വലിയ ഉയരങ്ങളില്‍ എത്തുമായിരുന്നു എന്ന സത്യവും എല്ലാം.

അക്കാലത്ത് രാവിലെ പോയി വൈകീട്ടത്തെ ഫ്ളൈറ്റിന് തിരിച്ചെത്താവുന്ന സ്ഥലങ്ങളായിരുന്നില്ല കലാകാരന്മാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍. നല്ലൊരു നൃത്തപരിപാടി ഒത്തുവന്നപ്പോള്‍ അതിനായി ഗള്‍ഫിലേക്ക് പോയതായിരുന്നു റാണിയും ട്രൂപ്പും. ട്രൂപ്പെന്നു പറയുമ്പോള്‍ റാണിയുടെ അനുജത്തിമാരും അതിലെ നര്‍ത്തകികളായിരുന്നു. റാണിയും അമ്മയും അനുജത്തിമാരും മറ്റ് ട്രൂപ്പിലെ ആളുകളും എല്ലാം ചേര്‍ന്നൊരു സംഘമായിരുന്നു.

തിരികെയെത്തുന്ന അടുത്ത ദിവസം തന്നെ മദ്രാസില്‍ നിന്ന് കുറെയധികം നടീനടന്മാരുമായി ഒരു അമേരിക്കന്‍ യാത്രയും റാണിയുടെ ഷെഡ്യൂളിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പറഞ്ഞ ദിവസം തന്നെ എത്തേണ്ടത് ആവശ്യമായിരുന്നു. ബോംബെയിലെത്തി അവിടെ നിന്ന് വേണം മദിരാശിയിലെത്താന്‍. ബോംബെയിലെത്തിയപ്പോള്‍ ടിക്കറ്റെടുത്തിരുന്ന വിമാനത്തിന് എന്തോ തകരാറ്. പെട്ടെന്നു തന്നെ വേറൊരു പ്ലെയിനില്‍ റാണിയും കുടുംബവും ടിക്കറ്റെടുക്കുകയായിരുന്നു. ഉയര്‍ന്നു പൊങ്ങിയ ആ വിമാനം നിമിഷങ്ങള്‍ക്കകം കത്തിയമരുന്ന ദാരുണമായ കാഴ്ചയാണ് എയര്‍പോര്‍ട്ടിലുണ്ടായിരുന്നവര്‍ കണ്ടത്. ക്രൂരമായ വിധി.

സ്നേഹിക്കുന്നവര്‍ക്ക്, കൂട്ടുകാര്‍ക്ക് ഒക്കെ സമ്മാനങ്ങള്‍ കൊടുക്കാന്‍ റാണി ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. പോകുന്നതിനു മുമ്പ് ഓരോരുത്തര്‍ക്കും ആവശ്യമുള്ളതെല്ലാം ചോദിച്ച് ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടാണ് യാത്ര തിരിച്ചത്. ഒപ്പം കൊണ്ടുവന്നിരുന്ന പെട്ടികളിലെല്ലാം മറ്റുള്ളവര്‍ക്കുള്ള സമ്മാനപ്പൊതികളായിരുന്നിരിക്കും.

മരണത്തിലും അമ്മയേയും കൂടപ്പിറപ്പുകളേയും ചിറകിന്‍കീഴില്‍ തന്നെ നിര്‍ത്തികൊണ്ടുപോകാന്‍ റാണി മറന്നില്ല. നിഷ്‌കളങ്കമായ വിടര്‍ന്ന കണ്ണുകളും ചിരിയും, അടിമുടി വിനയം നിറഞ്ഞ പെരുമാറ്റം, നമ്മുടെ വീട്ടിലെ ഒരു കുട്ടി എന്നു മാത്രം തോന്നിപ്പിക്കുന്ന പ്രകൃതം. സെറ്റില്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സഹകരിക്കുന്ന നടി, തികഞ്ഞ ആത്മവിശ്വാസം, അഭിനയശേഷി, ഇതെല്ലാം തികഞ്ഞ വ്യക്തിത്വം- റാണി ചന്ദ്ര.

സിനിമയുടെ, കലയുടെ ആകാശത്തില്‍ തിളങ്ങുന്ന ഒരു നക്ഷത്രമാകാന്‍ തനിക്ക് കഴിയും എന്ന ഉത്തമബോധ്യത്തോടെ അതിനായി ആശിച്ചു, പരിശ്രമിച്ചു, രാപ്പകലില്ലാതെ. എന്നാല്‍, ഒരു വാല്‍നക്ഷത്രമായി ഉല്‍ക്കയായി മറയാനായിരുന്നു സ്നേഹനിധിയായിരുന്ന പ്രിയപ്പെട്ട റാണിയുടെ നിയോഗം.

Content Highlights: Raji Thampi Remembering about actress Rani Chandra