രനൂറ്റാണ്ടോളം ചെന്നൈയിലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ഫോട്ടോഗ്രാഫറായും റിപ്പോര്‍ട്ടറായും ചലച്ചിത്ര വാര്‍ത്തകള്‍ കേരളത്തിലെ സിനിമാപ്രേമികള്‍ക്കെത്തിക്കുന്ന ലേഖകനായുമെല്ലാം നിറഞ്ഞുനിന്നിരുന്ന ഹരി നീണ്ടകര ഓര്‍മയായി മാറിക്കഴിഞ്ഞു. എഴുപതുകള്‍ മുതലിങ്ങോട്ടുള്ള ഒരു കാലഘട്ടത്തില്‍ നിന്ന് മലയാള സിനിമയ്ക്ക് ഹരിയെ മാറ്റിനിര്‍ത്തുക സാധ്യമല്ല. ഇന്നത്തെ സാങ്കേതിക സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് സിനിമാ വാര്‍ത്തകള്‍ മലയാളികളിലേക്കെത്തിക്കാന്‍ ഹരി സഹിച്ച കഷ്ടപ്പാടുകള്‍ അന്നത്തെ തലമുറയ്ക്ക് മാത്രമേ അറിയൂ. മുതുകുളം രാഘവന്‍പിള്ള മുതല്‍ ഇങ്ങോട്ടുള്ള സത്യന്‍, നസീര്‍, ഷീല, ജയഭാരതി അങ്ങനെയങ്ങനെ എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായിരുന്നു അദ്ദേഹം.

ഒരു ഒറ്റമുണ്ടും ഷര്‍ട്ടും ധരിച്ച് ഒരു തോളില്‍ ഒരു തുണി സഞ്ചിയും മറു തോളില്‍ ഒരു പഴയ ക്യാമറയുമായി ഷൂട്ടിംഗ് ലോക്കേഷനുകളില്‍ അലഞ്ഞിരുന്ന ഹരിയുടെ രൂപം (അതും ഒരു സൈക്കിളില്‍) അത് കണ്ടിട്ടുള്ളവരില്‍ നിന്ന് അത്രപെട്ടൊന്നൊന്നും മാഞ്ഞുപോവില്ല. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസമായിരുന്നു ഹരിയുടെ കൈമുതല്‍. ഏതു വാര്‍ത്ത എഴുതുമ്പോഴും ചിത്രങ്ങള്‍ സഹിതം വേണമെന്ന് ഹരിക്ക് നിര്‍ബന്ധമായിരുന്നു. അതും തന്റെ ക്യാമറയില്‍ എടുത്തത്!

ഹരി നീണ്ടകര
ഹരി നീണ്ടകര കോടമ്പാക്കം പാലത്തില്‍ (ഫയല്‍ ചിത്രം)

വിമര്‍ശനങ്ങള്‍ക്ക് വലിയവനെന്നോ, ചെറിയവനെന്നോ വേര്‍തിരിവ് കൊടുത്തിരുന്നില്ല. സെറ്റിലെ ചെറിയ തമാശകള്‍, കൗതുകങ്ങള്‍ എല്ലാം തന്റേതായ മനോഹര ശൈലിയില്‍ ഹരി വായനക്കാരിലെത്തിച്ചു. കേരളത്തിലെ സിനിമാപ്രേമികള്‍ ഫിലിം വാരികകളിലൂടെ വരുന്ന ഹരിയുടെ ഇത്തരം വാര്‍ത്തകള്‍ക്കായി നോക്കിയിരുന്നിട്ടുണ്ട്. ഇന്നത്തെപ്പോലെ വിരല്‍തൊട്ടാല്‍ അതൊന്നും ലഭ്യമല്ലായിരുന്നല്ലോ. അപവാദ വാര്‍ത്തകള്‍ മാത്രം (ഗോസ്സിപ്പ് കോളം) ഹരിയുടെ തുണി സഞ്ചിയില്‍ ഉണ്ടായിരുന്നില്ല.

കല്പാക്കത്തെ ആണവ നിലയത്തില്‍ ഇലക്ട്രീഷ്യനായിട്ടാണ് ഹരിയുടെ തമിഴ്നാട്ടിലെ ജീവിതം തുടങ്ങിയത്. പിന്നീട് എഴുപതുകളുടെ തുടക്കത്തില്‍ കോടമ്പാക്കത്തെത്തി സിനിമാ പത്രപ്രവര്‍ത്തനം തൊഴിലാക്കുകയായിരുന്നു. അതായിരുന്നു ഹരിയുടെ ലക്ഷ്യം. ഹരി എന്‍, ഹരി നീണ്ടകര, കെ.പി. ഹരി എന്നീ പല പേരുകളില്‍ എഴുതിയിട്ടുണ്ടെങ്കിലും 'ഹരി നീണ്ടകര' എന്ന പേര് തന്നെയാണ് നിലനിന്നത്.

ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും അവരുടെ തുടക്കകാലത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട് ഹരി. കല-കല്പന-ഉര്‍വ്വശി സഹോദരിമാരെ അക്കൂട്ടത്തില്‍ പെടുത്താം. അഭിനയമോഹവും നിര്‍മാണ മോഹവുമൊക്കെയായി വരുന്നവരെ അതിന് പറ്റാത്തവരെന്നു തോന്നിയാല്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്.

തമിഴ് നടന്മാരായ കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരുമായും ഹരിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. കമലിന്റെ മലയാള പടങ്ങളെക്കുറിച്ചും മലയാളികളോടുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ തമിഴിന് പരിചയപ്പെടുത്തിക്കൊടുത്തത് ഹരിയുടെ എഴുത്തുകളാണ്. എവിടെ കണ്ടാലും 'ഹരിയേട്ടാ' എന്ന് പറഞ്ഞ് കമലഹാസന്‍ ഓടി വരുമായിരുന്നു എന്ന് പറയുമായിരുന്നു ഹരി.

സാമ്പത്തിക ബുദ്ധിമുട്ട് നല്ലപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കില്‍പ്പോലും ആരുടെയും ഒരു സൂപ്പാര്‍സ്റ്റാറിന്റെയും മുന്‍പില്‍ കൈനീട്ടിയിട്ടില്ല. ജോലി ചെയ്ത് തന്നെ ഭാര്യയെയും മക്കളെയും പുലര്‍ത്തി. മുഖം നോക്കാതെ സിനിമാരംഗത്തെ അവശത അനുഭവിക്കുന്നവര്‍ക്കുവേണ്ടി സംസാരിച്ചിരുന്നു.

വ്യക്തിപരമായി പറഞ്ഞാല്‍ ഞങ്ങളുടെ കുടുംബവുമായി ഹരിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ ചെറുതും വലുതുമായ എല്ലാ ചടങ്ങുകള്‍ക്കും ഹരിയുടെയും ഹരിയുടെ ക്യാമറയുടെയും സാന്നിധ്യമുണ്ടായിരുന്നു. കണ്ണന് (എന്റെ മകന്‍) ഹരിയോടും ഹരിയ്ക്ക് തിരിച്ചും വലിയ സ്നേഹമായിരുന്നു. അവന്റെ നഷ്ടത്തില്‍ ഞങ്ങള്‍ക്കൊപ്പം വേദനിച്ചയാളാണ് ഹരി.

ഹരി നീണ്ടകര
രാജ്കുമാരന്‍ തമ്പിയുടെ (രാജ് ആദിത്യ) മക്കള്‍ക്കൊപ്പം നാല് വര്‍ഷം മുമ്പ്

മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റില്‍ നിന്നും കളറിലേക്ക് മാറിയപ്പോഴും സാങ്കേതികമായി വളരെ ഔന്നത്യത്തിലെത്തിയപ്പോഴും ഒക്കെ ഒരു മാറ്റവുമില്ലാതെ വെറും സാധാരണക്കാരനായി ആരോടും ജീവിതത്തോടുപോലും ഒരു പരിഭവവുമില്ലാതെ ജീവിച്ച വ്യക്തിയായിരുന്നു ഹരി. ഉര്‍വ്വശി ഭാരതി, മരം തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഭാര്യയുടെ മരണം ഹരിയെ ഒരുപാട് തളര്‍ത്തിയിരുന്നു. ഒരു മകനും മകളുമാണുള്ളത്. മൂന്നു നാലു വര്‍ഷമായി കൊച്ചിയിലായിരുന്നു താമസം. മക്കള്‍ രണ്ടുപേരും മാറി മാറി കൂടെ നില്‍ക്കുമായിരുന്നു. അനാരോഗ്യം കാരണം ചെന്നൈ യാത്ര കുറവായിരുന്നു. അഥവാ വന്നാല്‍ ഇവിടെ വരാതെ പോവില്ലായിരുന്നു. കപട വിനയം അഭിനയിക്കുന്നവര്‍ക്കിടയില്‍ ഒരപവാദമായിരുന്ന ഹരിക്ക് അതുകൊണ്ട് തന്നെ ചില ശത്രുക്കളുമുണ്ടായിരുന്നു.

ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ സി.കെ. സോമന്‍ പുരസ്‌കാരം, 2007 ല്‍ നിശ്ചല ഛായാഗ്രാഹക സംഘടനയുടെ ആദരം, ജേസി ഫൗണ്ടേഷന്റെ ബഹുമതി തുടങ്ങിയവയൊക്കെ ലഭിച്ചിട്ടുണ്ട്.

ഒറ്റമുണ്ട് മടക്കിക്കുത്തി ഷര്‍ട്ടും ധരിച്ച് പൊരിവെയിലില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്ന ഹരിയെ പരിചയപ്പെട്ടവരാരും മറക്കില്ല. അവകാശവാദങ്ങളൊന്നും ഉന്നയിക്കാതെ,  എന്നാല്‍ ഒരു തലമുറയ്ക്ക് സിനിമയുടെ എല്ലാ അറിവുകളും പകര്‍ന്നു കൊടുത്തിരുന്ന ഹരി സ്വന്തം സമ്പാദ്യമായി കരുതിയിരുന്നതു അന്‍പതു വര്‍ഷങ്ങളിലെ മലയാള സിനിമയുടെ ചരിത്രം പറയുന്ന നിശ്ചല ചിത്രങ്ങളാണ്. തന്റെ ക്യാമറയുടെ സന്തതികള്‍. ആദരാഞ്ജലികള്‍ ഹരീ. ഞങ്ങളുടെ കുടുംബം ഒരിക്കലും മറക്കില്ല നിങ്ങളെ!

Content Highlights: Raji Thampi remember  journalist and still photographer Hari Neendakara