ശ്വരന്‍ ചിലപ്പോള്‍ തികച്ചും നീതിരഹിതമായി വിധി പറയുന്ന ഒരു ന്യായാധിപനാകാറുണ്ട്. ശിക്ഷ വിധിക്കപ്പെട്ടവരുടെ വക്കീലന്മാര്‍ എത്ര തെളിവ് നിരത്തിയാലും അതൊക്കെ നിഷ്‌കരുണം തള്ളിക്കളയുകയും ചെയ്യും. അങ്ങനെ വിധിക്കപ്പെട്ട ഒരു ജീവിതാന്ത്യമായിരുന്നു പ്രസിദ്ധ നടിയും നര്‍ത്തകിയുമായിരുന്ന സുകുമാരിയമ്മയ്ക്ക് കാലം കരുതിവെച്ചത്. തികഞ്ഞ ഈശ്വരഭക്തയായിരുന്ന ചേച്ചി വെളുപ്പിനെ കുളിച്ച് പൂജാമുറിയില്‍ വിളക്ക് തെളിയിക്കാന്‍ കയറിയതായിരുന്നു. കത്തിച്ചുവെച്ച അതേ നിലവിളിക്കല്‍ നിന്ന് ഉടുത്തിരുന്ന വസ്ത്രത്തിന് തീപിടിച്ച് ആളിക്കത്തുകയും കുറെയധികം പൊള്ളലേറ്റ് ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ചേച്ചി ഒരിക്കലും അര്‍ഹിക്കാത്ത ഒരു മരണം. ദൈവത്തെ ചോദ്യം ചെയ്യാനാവില്ലല്ലോ. അപ്പോഴാണ് ഹിന്ദുമതത്തിന്റെ പ്രാധാന്യത്തിലേക്ക് നമ്മള്‍ എത്തിപ്പെടുന്നത്. അവിടെ എല്ലാത്തിനും ഉത്തരമുണ്ട്. മരണത്തോടെ ശരീരം മാത്രമേ നഷ്ടമാവുന്നുള്ളൂ. ഓര്‍മ്മകളും. ആത്മാവിന് ശരീരം ഒരാവരണം മാത്രമാണ്. അതിന് മരണമില്ല. മറ്റൊരു ജീവനിലേക്ക് പ്രവേശിക്കുമ്പോള്‍ പുനര്‍ജന്മമായി. ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ 'കര്‍മ്മഫലം അല്ലാതെന്താ...' എന്ന് പറയാറില്ലേ നാം. എന്നാല്‍ ആ കര്‍മ്മം ഈ ജന്മത്തേതല്ലെന്ന് മാത്രം. ഒരു ജന്മത്തിലെ നമ്മുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളുടെ ഫലങ്ങള്‍ ബാങ്കിലിടുന്ന ഫിക്സ്ഡ് ഡെപ്പോസിറ്റ് പോലെയാണ്. നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അടുത്ത ജന്മത്തില്‍ അതു തന്നെ തിരിച്ചുകിട്ടും. മറിച്ചും അങ്ങനെ തന്നെ. അല്ലാതെ ഈ ജന്മത്തെ പ്രവൃത്തികളുടെ ഫലമല്ല ഉടനെ കിട്ടുന്നത്. അതുകൊണ്ടാണ് വളരെ നല്ലവര്‍ കഷ്ടപ്പെടുന്നതും ചതിയും വഞ്ചനയും വ്രതമാക്കിയവര്‍ സുഖമായി ജീവിക്കുന്നതും. ഇതാണ് ഹിന്ദുമതം ഗ്രന്ഥങ്ങളിലൂടെ പറഞ്ഞിരിക്കുന്നത്.

women
സുകുമാരി

സുകുമാരി ചേച്ചിയുടെ അഭിനയ ജീവിതം ഈ ചെറുകുറിപ്പില്‍ ഒതുക്കാവുന്നതല്ല. കാലഘട്ടങ്ങളുടെ അഭിനേത്രിയായിരുന്നു അവര്‍. എത്രയോ തലമുറകളുടെ കൂടെ, എത്രയോ മഹാരഥന്മാരുടെ കൂടെ, എത്രയോ ഭാഷകളില്‍! ഒന്നും എണ്ണിത്തീര്‍ക്കാവുന്നവയല്ല. ഒരു സകലാകലാവല്ലഭ എന്ന് വിശേഷിപ്പിക്കാം.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ലളിതാ-പത്മിനി-രാഗിണിമാരുടെ അമ്മയായ സരസ്വതിയമ്മയുടെ സഹോദരന്‍ മാധവന്‍ നായരുടെ നാലു പെണ്‍മക്കളില്‍ ഒരാളായിരുന്നു പാര്‍വ്വതിയമ്മ എന്ന സുകുമാരി. സുകുമാരി എന്ന പേര് പിന്നീട് സരസ്വതിയമ്മയിട്ടതാണ്. എല്ലാവരും ഒരു കൂട്ടുകുടുംബം പോലെ കഴിഞ്ഞുവന്നിരുന്നു. സരസ്വതിയമ്മയും കുടുംബവും മക്കളുടെ കലാജീവിതത്തിന്റെ ഭാവിക്കായി മദ്രാസിലേക്ക് താമസം മാറ്റിയപ്പോള്‍ എല്ലാവരിലും ചെറിയ കുട്ടിയായിരുന്ന സുകുമാരിയേയും കൂടെകൂട്ടി. അന്നുമുതല്‍ സുകുമാരിയും ആ അമ്മയ്ക്ക് മറ്റൊരു മകളായി.

''സത്യത്തില്‍ സുക്കുമ്മ (കുടുംബത്തില്‍ എല്ലാവരും അങ്ങനെ വിളിക്കുമായിരുന്നു സുകുമാരിയെ) യും രാഗി കുഞ്ഞമ്മയും മുറപ്രകാരം ഒരു ഗുരുവിന്റെയടുത്ത് നിന്ന് ഡാന്‍സ് പഠിച്ചിട്ടില്ല'' ലളിതയുടെ മകള്‍ ലക്ഷ്മിയുടെ വാക്കുകള്‍. ''അമ്മയും പപ്പിക്കുഞ്ഞമ്മയും പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും കണ്ട് പഠിച്ചതാണവര്‍''.

''രണ്ടുപേരും വലിയ പ്രായവ്യത്യാസമില്ലാത്തതിനാല്‍ അവരായിരുന്നു കൂട്ടുകാര്‍. ഒന്നാന്തരം കുറുമ്പികള്‍. എല്ലാവരെയും മിമിക്രി കാണിക്കുക, എന്തെങ്കിലും കുസൃതി ഒപ്പിക്കുക ഇതൊക്കെയായിരുന്നു അവരുടെ പണി. അമ്മ പറഞ്ഞുകേട്ടിട്ടുള്ളതാണ്'' ലക്ഷ്മി തുടരുന്നു. ''അമ്മൂമ്മയെ എല്ലാവര്‍ക്കും തീ പോലെ പേടിയായിരുന്നു. വളരെ കര്‍ക്കശക്കാരി''.

sukumari
ലളിത, പദ്മിനി, രാഗിണി, അംബിക ഇവര്‍ക്കൊപ്പം സുകുമാരി

താമസിയാതെ സംഘത്തില്‍ ഒരാള്‍ കൂടി എത്തുന്നു. സരസ്വതിയമ്മയുടെ സഹോദരീ പുത്രി അംബിക. ഇവര്‍ അഞ്ചുപേരും കൂടി ഡാന്‍സ് പ്രോഗ്രാമിനായി പോകാത്ത നാടുകളില്ല. അക്കാലത്താണ് 'ട്രാവര്‍കൂര്‍ സിസ്റ്റേഴ്സ്' എന്ന പേര് അവര്‍ക്ക് മൂന്നുപേര്‍ക്കും പതിച്ചുകിട്ടുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ (ഏതാണ്ട് 10 വയസ്സ്) സുകുമാരി ഒരു തമിഴ് പടത്തില്‍ അഭിനയിച്ചിട്ടുണ്ട്. അധികവും നൃത്തസീനുകളായിരുന്നു അപ്പോഴൊക്കെ കിട്ടിക്കൊണ്ടിരുന്നത്.

മലയാളത്തില്‍ എസ്.പി. പിള്ള മുതല്‍ ഉള്ളവരുമായി സുകുമാരി ചേച്ചി അഭിനയിച്ചിട്ടുണ്ട്. പിന്നെയിങ്ങോട്ട് എത്ര തലമുറ. സത്യന്‍, പ്രേംനസീര്‍, മധു, സോമന്‍, സുകുമാരന്‍, ജയന്‍, പിന്നെ മോഹന്‍ലാല്‍, മമ്മൂട്ടി അങ്ങനെ ഇപ്പോഴുള്ള തലമുറ വരെ (ഏകദേശം എല്ലാവരുമായി) കോമഡി റോളുകളാവട്ടെ, കുശുമ്പത്തിയുടെ വേഷമാവട്ടെ, ദുഷ്ടയായ അമ്മായിയമ്മയാവട്ടെ, ഭര്‍ത്താവിനെ നിലയ്ക്കുനിര്‍ത്തുന്ന പൊങ്ങച്ചക്കാരിയാവട്ടെ, അങ്ങേയറ്റം സാധ്വിയായ ഒരു സ്ത്രീയാവട്ടെ എല്ലാം ചേച്ചിയുടെ കൈയില്‍ ഒരു പോലെ ഭദ്രം. വന്ദനം, പൂച്ചയ്ക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ് ഇവയിലെയൊക്കെ കോമഡി കഥാപാത്രങ്ങളെ മറക്കാന്‍ പറ്റുമോ. ഞങ്ങളുടെ കുറേ സിനിമകളില്‍ ചേച്ചി അഭിനയിച്ചിട്ടുണ്ട്. അതില്‍ 'ജീവിതം ഒരു ഗാനം', 'വിളിച്ചു വിളി കേട്ടു' 'യുവജനോത്സവം' ഇവയിലെയൊക്കെ കഥാപാത്രങ്ങള്‍ എടുത്തുപറയണം. പ്രത്യേകിച്ച് 'വിളിച്ചു വിളികേട്ടു' വിലെ മാനസിക വിഭ്രാന്തിയുള്ള അമ്മ (മകന്‍ മമ്മൂട്ടി). അവസാന കാലത്ത് ചെറിയ ചില നൃത്തമുദ്രകളൊക്കെ കാട്ടി അഭിനയിച്ച ഒരു നല്ല കഥാപാത്രമായിരുന്നു വിനീതനൊപ്പമുള്ള 'മിഴികള്‍ സാക്ഷി' എന്ന ചിത്രത്തില്‍. ഒരു ചെറിയ ലേഖനത്തില്‍ ഒതുക്കാനുള്ളതല്ല ചേച്ചിയുടെ കഥാപാത്രങ്ങള്‍.

sukumari
(വലത്തുനിന്ന്) സുകുമാരി, പദ്മിനി,നിമ്മി രാഗിണി 

തമിഴില്‍ ശിവാജി ഗണേശന്‍, എം.ജി.ആര്‍. പിന്നീട് കമലഹാസന്‍, രജനീകാന്ത്, അതിനടുത്ത തലമുറ. തെലുങ്കില്‍ നാഗേശ്വരറാവു, എന്‍.ടി. രാമറാവു, കന്നടത്തില്‍ രാജ്കുമാര്‍. അങ്ങനെ വിവിധ ഭാഷകളിലായി എത്രയോ ചിത്രങ്ങള്‍. ചേച്ചിക്ക് സഹനടിക്കുള്ള ഒരു നാഷണല്‍ അവാര്‍ഡ് കിട്ടുന്നതും തമിഴ് സിനിമയ്ക്കാണ്. 'നമ്മ ഗ്രാമം' എന്ന പടം. തമിഴിലെ ഏറ്റവും പ്രധാന ബഹുമതിയായ 'കലൈമാമണി' പട്ടവും ചേച്ചിക്ക് കിട്ടി. തമിഴ്നാട് മുഖ്യമന്ത്രിയായി തീര്‍ന്ന പ്രസിദ്ധ നടി ജയലളിതയ്ക്ക് ചേച്ചിയുമായി വളരെയടുത്ത ആത്മബന്ധമുണ്ടായിരുന്നു. തമിഴ് നാടകസ്റ്റേജിലും ചേച്ചി വളരെ പ്രസിദ്ധയായിരുന്നു. ചോ രാമസ്വാമിയുടെ നാടകഗ്രൂപ്പിലെ പ്രധാന നടിയായിരുന്നു അവര്‍ വര്‍ഷങ്ങളോളം. വൈ.ജി. പാര്‍ത്ഥസാരഥി തുടങ്ങിയവരുടെ സ്റ്റേജിലും സജീവമായിരുന്നു.

ചേച്ചിയുടെ പ്രൊഫഷണല്‍ വശം ഒട്ടും പൂര്‍ണമായല്ല എഴുതിയിരിക്കുന്നത്. അത് ഇങ്ങനെയൊരു കുറിപ്പില്‍ ഒതുങ്ങുകയുമില്ല. ഇതിനിടെ വളരെ ചെറുപ്പത്തില്‍ തന്നെ തമിഴ് സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ അന്നത്തെ ഏറ്റവും പ്രസിദ്ധനായ ഡറയക്ടര്‍ എ. ഭീം സിംഗിനെ വിവാഹം കഴിക്കുകയുണ്ടായി. പാശമലര്‍, പാലും പഴവും, പടിക്കാത മേതൈ അങ്ങനെ അന്നത്തെ ഹിറ്റ് പടങ്ങളുടെ സംവിധായകനായിരുന്നു അദ്ദേഹം. അധികം പടങ്ങളുടെ പേരുകളും 'പ' എന്ന അക്ഷരത്തില്‍ തുടങ്ങിയിരുന്നതിനാല്‍ അദ്ദേഹത്തെ 'പ' ഭീം സിംഗ് എന്നു പറയുമായിരുന്നു. എന്നാല്‍ ചേച്ചിക്ക് അധികം പ്രായമാകുന്നതിന് മുമ്പ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞു. ഒരു മകനാണ് സുകുമാരി ചേച്ചിക്ക് ജനിച്ചത്. സുരേഷ്. ഡോക്ടറായെങ്കിലും അഭിനയമോഹം സുരേഷിന് നന്നായി ഉണ്ടായിരുന്നു.  ഞങ്ങളോടാണ് ചേച്ചിയത് ആദ്യം പറഞ്ഞത്. 'യുവജനോത്സവം' എന്ന ചിത്രത്തില്‍ വളരെ ഭംഗിയായി ഒരു വേഷം സുരേഷ് അവതരിപ്പിച്ചു. 'അമ്മേ ഭഗവതി' എന്ന സിനിമയിലും. രണ്ടും ചേട്ടന്റെ സംവിധാനത്തില്‍. ക്രമേണ സുരേഷ് സ്വന്തം തൊഴിലിലേക്ക് മടങ്ങി. വിവാഹിതനായി. 'വിഘ്നേഷ്' എന്ന സുരേഷിന്റെ മകനായിരുന്നു സുകുമാരി ചേച്ചിയുടെ സര്‍വ്വസ്വവും. (ഇന്നിപ്പോള്‍ ആ കൊച്ചുമകന്‍ വളര്‍ന്ന് ആര്‍ക്കിടെക്ടായി വിവാഹവും കഴിഞ്ഞു) കാണാന്‍ പ്രിയപ്പെട്ട അമ്മൂമ്മ ഇല്ലായിരുന്നെങ്കിലും.

women
ചിത്രം- ഇവിടം സ്വര്‍ഗമാണ്‌

ഏറ്റവും എടുത്തു പറയേണ്ടത് സുകുമാരി ചേച്ചിയുടെ സ്വഭാവത്തെക്കുറിച്ചാണ്. ഒരു സിനിമാസെറ്റില്‍ ചേച്ചി എത്തിക്കഴിഞ്ഞാല്‍ പിന്നെ ചേച്ചിക്കത് സ്വന്തം കുടുംബമാണ്. എല്ലാ കാര്യത്തിലും സഹകരിക്കും. ഭക്ഷണം വിളമ്പാനൊക്കെ പ്രൊഡക്ഷനിലെ ജോലിക്കാരുടെ കൂടെ കൂടും. ആദ്യത്തെ ദിവസം സെറ്റിലെത്തുന്നത് തന്നെ ഒരു 'ബേക്കറി' മുഴുവന്‍ വാങ്ങിക്കൊണ്ടാവും. എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കുന്നതില്‍ ചേച്ചി പ്രത്യേകം ഒരു ആനന്ദം അനുഭവിച്ചിരുന്നു. 'പണ'ത്തിന് (പ്രതിഫല തുക) കണക്ക് പറഞ്ഞിരുന്നില്ല. ഔട്ട് ഡോര്‍ ഷൂട്ടിംഗിന് സ്ഥലത്തെത്തിയാലുടനെ അടുത്തെവിടെയെങ്കിലും ക്ഷേത്രങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കും.  രാവിലെ എണീറ്റ് കുളിച്ച് പ്രൊഡ്യൂസറെയൊന്നും ബുദ്ധിമുട്ടിക്കാതെ ചേച്ചി ഒരു ഓട്ടോ പിടിച്ച് പോകും. താമസിക്കുന്ന മുറിയിലും വിളക്ക് വെച്ച് പൂജ നടത്തും. ഞങ്ങളുടെ രണ്ടാമത്തെ ചിത്രമായ 'ഭൂഗോളം തിരിയുന്നു' മുതല്‍ ചേച്ചി കൂടെയുണ്ട്. എന്റെ മകനോട് പ്രത്യേക ഒരു വാത്സല്യമായിരുന്നു. അവന്റെ വിവാഹം നടക്കുന്നതിന് മുമ്പ് പല ആലോചനകളും ചേച്ചി കൊണ്ടുവന്നിരുന്നു. ജാതകപ്രശ്നവും ഒക്കെയായി നടന്നില്ലെന്നേയുള്ളൂ. അവന്‍ യാത്രയായ ശേഷവും എന്നെ പരിചയപ്പെട്ടിട്ടുള്ള നിരവധി പേര്‍ പറഞ്ഞിട്ടുണ്ട് 'സുകുമാരിയമ്മ പറഞ്ഞാണ് മോനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞിട്ടുള്ളത്' എന്ന്.

sukumari
ചിത്രം- ഗോളാന്തര വാര്‍ത്ത

ഞങ്ങളുടെ സീരിയലുകളിലും ചേച്ചി സജീവമായിരുന്നു. തിരുവനന്തപുരത്താവും എപ്പോഴും ഷൂട്ടിംഗ്. അനിയത്തിമാരൊക്കെ അവിടെയാണ്. അതിനാല്‍ ചേച്ചി അവിടെയാവും താമസം. വീട്ടില്‍ നിന്ന് കറികളൊക്കെ കൊണ്ടുവരീക്കും. സെറ്റിലുള്ളവര്‍ക്കായി തേങ്ങ, ചക്ക, മാങ്ങ ഒക്കെ കൊണ്ടുവന്ന് പാചകം ചെയ്യുന്നവരെ ഏല്പിക്കും. മുണ്ടും നേര്യതും സ്ത്രീകള്‍ക്ക്, മുണ്ട് പുരുഷന്മാര്‍ക്ക് (കരാല്‍ കടയില്‍നിന്ന്) ഒക്കെ കെട്ടായി വരുത്തി കൊടുക്കും. ഒരു ചെറിയ  കാര്യത്തിന് പോലും ചേച്ചി നിര്‍മാതാവിനെ ബുദ്ധിമുട്ടിച്ച ചരിത്രമില്ല. 'പരാതി' എന്നൊന്ന് ആ നിഘണ്ടുവിലില്ല. പുതുമുഖങ്ങള്‍ക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും ചേച്ചിയുടെ പക്കല്‍ നിന്നുണ്ടാവും. അവര്‍ അവരുടെ സംശയങ്ങളും ആവശ്യങ്ങളുമൊക്കെ ചേച്ചിയോടാണ് പങ്കുവെച്ചിരുന്നത്. 'സ്വാര്‍ത്ഥത' എന്ന വാക്ക് പോലും സുകുമാരി ചേച്ചിക്കറിയില്ല. ഇടയ്ക്ക് ഹൃദയത്തിനൊരു പ്രശ്നം വന്നിരുന്നു. ഓപ്പറേഷന്‍ വേണ്ടിവന്നു. ഡോക്ടര്‍ വിശ്രമം പറഞ്ഞിരുന്ന ദിവസങ്ങള്‍ തീരും മുമ്പേ ചേച്ചി സിനിമാസെറ്റിലെത്തി. 

ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒരു വിമാനയാത്രയിലാണ് സുകുമാരി ചേച്ചിയെ അവസാനമായി കണ്ടത്. ഞാനും എന്റെ മകള്‍ കവിതയും ഭര്‍ത്താവ് രവിയും കൊച്ചുമകള്‍ വരദയും ഉണ്ടായിരുന്നു. അന്നും നല്ല ക്ഷീണമുണ്ട് ചേച്ചിക്ക്. അവിടെയിറങ്ങി നടക്കുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു. ലഗേജ് ഞങ്ങളെടുത്ത് കാറില്‍ കൊണ്ടുത്തരാം എന്ന്. 'വേണ്ടമ്മാ അത്രയ്ക്കൊന്നുമില്ല' മറുപടി. ആരെയും ഒരു കാര്യത്തിനും ആശ്രയിക്കുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നില്ല. അന്ന് യാത്രപറഞ്ഞ് പിരിഞ്ഞശേഷം കാണാനിടയായിട്ടില്ല. മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന സുകുമാരി ചേച്ചിയെ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എല്ലാവര്‍ക്കും തന്നെ എന്തെങ്കിലും ഒരു നല്ലയോര്‍മ്മ അവരെക്കുറിച്ച് മനസ്സിലുണ്ടാവും. ചരമവാര്‍ഷികങ്ങളൊക്കെ ആരുമറിയാതെ കടന്നുപോകുന്നു. ആരെങ്കിലും തങ്ങളുടെ 'മുഖപുസ്തക'ത്തില്‍ എഴുതാറുണ്ടോ എന്നെനിക്കറിയില്ല. കാരണം എനിക്കതില്ല. അതിലൊതുക്കേണ്ട ആളല്ല ചേച്ചി, പക്ഷേ!

2013 മാര്‍ച്ച് 26 നാണ് ചേച്ചി ഈ ലോകം വിട്ടത്. 73 വയസ്സ് അപ്പോള്‍. ഈ മാസം എട്ടാമത്തെ വര്‍ഷം. കൂടെയുണ്ട് എന്ന് ഉറപ്പുള്ള ഒരേയൊരു വസ്തുത മരണമാണ്. ആര് പോയാലും സൂര്യന്‍ അടുത്ത ദിവസവും കിഴക്ക് തന്നെ ഉദിക്കും. വിട്ടുപോകുമ്പോള്‍ ശേഷിക്കുന്നവരുടെ മനസ്സില്‍ നല്ല ഓര്‍മ്മകള്‍ ബാക്കിവെച്ചിട്ട് പോകാന്‍ കഴിയുന്നവര്‍ ഭാഗ്യശാലികള്‍. സുകുമാരി ചേച്ചി ആ കാര്യത്തില്‍ തികഞ്ഞ ഭാഗ്യവതി ആയിരുന്നു. പ്രതിഭാശാലിയായിരുന്ന നടിക്ക്‌, മനുഷ്യത്വവും കരുതലും കൈമുതലായിരുന്ന, ആര്‍ക്കും ഒരു പരാതിയും പറയാനില്ലാതിരുന്ന, ഒരിക്കലും നമ്മള്‍ മറക്കാന്‍ പാടില്ലാത്ത ഒരു ഗുണം 'നന്ദി'യാണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രിയപ്പെട്ട സുകുമാരി ചേച്ചിക്ക്, എന്റെ പ്രണാമം. ഒരിക്കലും മറക്കില്ല ചേച്ചീ നിങ്ങളെ.

Content Highlights: Raji Thampi remember about Life of actress Sukumari Mukhangal mudrakal