ഞാനും അച്ഛനും അമ്മയും കൂടി വീടിന്റെ ഹാളില്‍ ഇരുന്ന് സംസാരിക്കുകയായിരുന്നു. അരനൂറ്റാണ്ടിനും അപ്പുറമുള്ള ഒരു പ്രഭാതം! ജനാലയിലൂടെ പുറത്തേക്ക് നോക്കിയ അച്ഛന്‍ റോഡിലെ വളവ് തിരിഞ്ഞ് നടന്നുവരുന്ന ആളെ നോക്കി പറഞ്ഞു- 'ദക്ഷിണാമൂര്‍ത്തിയെപ്പോലെ ഒരാള്‍'. എത്തി നോക്കിയിട്ട് അമ്മ- 'പോലെയല്ല, അദ്ദേഹം തന്നെ'. അപ്പോഴേക്ക് ഗേറ്റ് തുറന്ന് അകത്തു കയറിയിരുന്നു വന്ന ആള്‍. ഒരു സാധാരണ ഡബിള്‍ മുണ്ട്. ഒരു വലിയ തോര്‍ത്ത് മടക്കി തോളിലിട്ടിട്ടുണ്ട്. തീര്‍ന്നു വസ്ത്രധാരണം. കുട്ടിക്കാലത്ത് കണ്ടതിനുശേഷം ഞാന്‍ ആദ്യമായി കാണുകയായിരുന്നു. മെലിഞ്ഞ് നീണ്ട ശരീരം. എല്ലാവര്‍ക്കും സന്തോഷമായി. ഞാന്‍ ജനിച്ചുവളര്‍ന്ന കൈപ്പട്ടൂര്‍ എന്ന ഗ്രാമത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയിട്ട് ഒരു വര്‍ഷമാകുന്നതേ ഉണ്ടായിരുന്നുള്ളൂ. കോളേജ് പഠനത്തിന്റെ സമയം.

അന്ന് വൈകുന്നതുവരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. സിനിമയില്‍ തിരക്ക് തുടങ്ങിയിരുന്നു അദ്ദേഹത്തിന്. ബസ്സിറങ്ങി കുറെ നടക്കണമായിരുന്നു ഞങ്ങളുടെ വീട്ടിലേക്ക്. എന്നിട്ടാണ് തൊട്ടടുത്ത വീട്ടിലെക്കെന്നപോലെയുള്ള വരവ്. അന്നും എന്നും ദക്ഷിണാമൂര്‍ത്തി സ്വാമി അങ്ങനെയായിരുന്നു. ലാളിത്യത്തിന്റെ മുഖമുദ്ര!

V. Dakshinamoorthy
ദക്ഷിണാമൂര്‍ത്തി സ്വാമിക്കൊപ്പം ശ്രീകുമാരന്‍ തമ്പി

അച്ഛനും അദ്ദേഹവും കൂടി പൂര്‍വ്വകാലത്തിലേക്ക് യാത്രതിരിച്ചു. ഞാനൊക്കെ ജനിക്കും മുമ്പേയുള്ള ആത്മബന്ധമാണ് അവരുടേത്. അന്ന് എന്നെക്കൊണ്ട് രണ്ടുമൂന്നു പാട്ടുകള്‍ പാടിപ്പിച്ചു. അച്ഛനും അമ്മയ്ക്കും നല്ല വഴക്കും കിട്ടി. ശാസ്ത്രീയമായി എന്നെ പഠിപ്പിക്കാത്തതിന്. പിന്നീട് ഇങ്ങനെയുള്ള അപ്രതീക്ഷിത വരവുകള്‍ ഇടയ്ക്കിടെ ഉണ്ടാകുമായിരുന്നു. അച്ഛനും വൈക്കവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ഒന്ന് സൂചിപ്പിക്കാതെ ഇതെഴുന്നത് ഉചിതമല്ല. പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം വൈക്കത്തെത്തിയതായാണ് അറിവ്. എന്റെ അച്ഛന്‍ അന്നു തന്നെ നാടകാഭിനയവും പാട്ടും എല്ലാം തുടങ്ങിയിരുന്നു. അന്ന് അദ്ദേഹം 'സ്വാമി' ആയിട്ടില്ല. പഠിത്തവും പഠിപ്പിക്കലും ഒന്നിച്ച് കൊണ്ടുപോയിരുന്നു. എന്റെ അച്ഛന്റെ സഹോദരിയെ പഠിപ്പിച്ചിരുന്നു. അമ്മൂമ്മയുമായി നല്ല അടുപ്പം. മിക്കവാറും അവിടെ നിന്നാണ് ആഹാരം. (കഴിഞ്ഞ വര്‍ഷം നൂറ്റിരണ്ടാമത്തെ വയസ്സില്‍ നിര്യാതയായ എന്റെ ആ അപ്പച്ചിക്ക്  സ്വാമിയെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു)

വിവാഹിതയായി മദ്രാസിലെത്തിയശേഷം സ്വാമിയെ കാണാനുള്ള അവസരങ്ങള്‍ ധാരാളമായി. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതല്‍ മലയാളം പാട്ടുകള്‍ പുറത്തുവന്നിട്ടുള്ളത് ചേട്ടനുമായിട്ടുള്ള കൂട്ടുകെട്ടിലാണ്. സ്വാഭാവികമായും കണ്ടുമുട്ടാനുള്ള സന്ദര്‍ഭങ്ങള്‍ അനവധിയായിരുന്നിരിക്കുമല്ലോ. സ്വാമിയെ നന്നായി മനസ്സിലാക്കിയിരുന്നു ചേട്ടന്‍.

V. Dakshinamoorthy
ഭാര്യ കല്യാണി അമ്മാള്‍ക്കൊപ്പം/ ഫോട്ടോ- സി. ബിജു

വീണ്ടും വൈക്കത്തേക്ക് ഒന്നു തിരികെ പോകാം. വൈക്കത്തമ്പലത്തിലെ പ്രതിഷ്ഠ ശിവനാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന മഹാക്ഷേത്രം! സ്വാമിയുടെ ജനനം ആലപ്പുഴയാണ്. ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വെങ്കിടേശ്വരന്റെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി. രണ്ട് സഹോദരന്മാരും നാല് സഹോദരികളും. 'ജനിച്ചത് തന്നെ സപ്തസ്വരങ്ങളില്‍ ഒന്നായിട്ടാണ്' എന്ന് തമാശയായി പറയുമായിരുന്നു അദ്ദേഹം. അമ്മ നല്ല സംഗീതജ്ഞയായിരുന്നു. അവര്‍ പാടുന്നത് കേട്ട് കുട്ടിക്കാലത്തു തന്നെ രാഗങ്ങളൊക്കെ തെറ്റാതെ പറയുമായിരുന്നു. 13-ാമത്തെ വയസ്സില്‍ ആദ്യത്തെ സംഗീതകച്ചേരി. എസ്.എസ്.എല്‍.സി. കഴിഞ്ഞ് ശാസ്ത്രീയ സംഗീതപഠനത്തിലേക്ക് തിരിഞ്ഞു. കച്ചേരികളും നടത്തുമായിരുന്നു. ഒരു കച്ചേരിക്കായി വൈക്കത്തെത്തിയ അദ്ദേഹം പിന്നെ അവിടെയായി താമസം. വൈകുന്നേരങ്ങളില്‍ അമ്പലത്തിലിരുന്ന് ഭജന്‍സ് പാടും.

41 ദിവസം മുടങ്ങാതെ വൈക്കത്തമ്പലത്തില്‍ നിര്‍മ്മാല്യം തൊഴാനായാല്‍ ജീവിതത്തില്‍ പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല എന്നൊരു പറച്ചിലുണ്ട്. സ്വാമി വര്‍ഷങ്ങളോളം അവിടെ നിര്‍മാല്യം തൊഴുതു. സ്വയം പഠിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് സംഗീതം പഠിപ്പിക്കലും ഉണ്ടായിരുന്നു. ഒരു തംബുരു ഇല്ലാത്ത വിഷമം പറഞ്ഞപ്പോള്‍ എന്റെ അച്ഛന്‍ മുന്‍കൈ എടുത്ത് അത് വാങ്ങിക്കൊടുക്കുകയുണ്ടായി. 1948 ല്‍ വിവാഹം. ആ അമ്മയുടെ- കല്യാണി അമ്മാള്‍ - ഐശ്വര്യമാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം എന്ന് നിസ്സംശയം പറയും ഞാന്‍. മദിരാശിയിലേക്ക് താമസവും മാറ്റി.

'നല്ലതങ്കയ്ക്ക്‌ സംഗീതം ചെയ്യാനായി സ്വാമിയുടെ പേര് നിര്‍മാതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയവരില്‍ പ്രധാനിയും എന്റെ അച്ഛനായിരുന്നു. അവകാശവാദങ്ങളുമായി പോകാതെ ഒതുങ്ങിയ ഒരു ജീവിതം നയിച്ചിരുന്ന അച്ഛന്‍ അതൊന്നും പറഞ്ഞിരുന്നില്ല. 'നല്ലതങ്ക'യിലെ രണ്ട് നായകന്മാര്‍ വൈക്കം മണിയും (എന്റെ അച്ഛന്‍) അഗസ്റ്റിന്‍ ജോസഫും (ദാസേട്ടന്റെ അച്ഛന്‍) ആണ്. അവരുടെ പാട്ടുകള്‍ എല്ലാം അവര്‍ തന്നെ പാടി. പിന്നെയുണ്ടായിരുന്ന പ്രധാന പാട്ടുകാരി ലീലചേച്ചി (പി. ലീല). സ്വാമിയും അതില്‍ ഒരു നാലുവരി ശ്ലോകം പാടിയിട്ടുണ്ട്. പിന്നീടിങ്ങോട്ടുള്ള സ്വാമിയുടെ സംഗീതജീവിതം ചരിത്രമാണ്. അവസാന ശ്വാസം വരെ എല്ലാം വൈക്കത്തപ്പനില്‍ അര്‍പ്പിച്ച ജീവിതം!

പി. സുശീല എന്ന അനുഗ്രഹീത ഗായികയെ മലയാളത്തിന് പരിചയപ്പെടുത്തിയത് ദക്ഷിണാമൂര്‍ത്തി സ്വാമിയാണ്. 'പാട്ടുപാടി ഉറക്കാം ഞാന്‍ താമരപ്പൂം പൈതലേ' എന്ന അനശ്വര ഗാനം ഇന്നും കുട്ടികള്‍ 'റിയാലിറ്റി ഷോ'കളില്‍ പാടുന്നു. അതേ പുതുമയോടെ. രാവിലെ എഴുന്നേറ്റാല്‍ ഒരു മണിക്കൂര്‍ പൂജ നിര്‍ബന്ധം! പൂജാമുറി ഒന്നു കാണേണ്ടതാണ്. തടികൊണ്ട് 18 പടികള്‍ കെട്ടി അതിനുമുകളിലാണ് അയ്യപ്പന്റെ ചെറിയ വിഗ്രഹം വെച്ചിരുന്നത്. പിന്നെ വൈക്കത്തപ്പന്‍, ഹനുമാന്‍, മുരുകന്‍ എല്ലാവരും. പൂജ കഴിഞ്ഞിട്ടേ ജലപാനമുള്ളൂ. നിരുപാധികം ഈശ്വരനില്‍ എല്ലാം സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തനിയെ ചില സിദ്ധികള്‍ വരും എന്നതിന്റെ ഉത്തമഉദാഹരണമാണ് ദക്ഷിണാമൂര്‍ത്തി സ്വാമി. പല കാര്യങ്ങളും ഭഗവാന്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട്. ഞങ്ങളോട് പറയുമായിരുന്നു. ശബരിമലയില്‍ മുടങ്ങാതെ പോകുമായിരുന്നു. ഇടയ്ക്ക് എന്തോ കാരണത്താല്‍ ഒന്നുരണ്ട് വര്‍ഷം മുടങ്ങിപ്പോയി. 'ഞാന്‍ എല്ലായിടുത്തുമുണ്ട്. ഇനി മുതല്‍ നീ തകഴിയില്‍ വന്ന് എന്നെ കണ്ടാല്‍ മതി' എന്ന് അയ്യപ്പന്‍ സ്വപ്നത്തില്‍ വന്ന് പറഞ്ഞത്രേ. (ഇന്നത്തെ ദൈവം എന്നൊരു ശക്തി തന്നെ ഇല്ലെന്ന് പറയുന്ന തലമുറയോട് ക്ഷമ ചോദിക്കുന്നു). പിന്നീട് അതായി പതിവ്.

V. Dakshinamoorthy
പി.ജയചന്ദ്രനൊപ്പം

തന്റെ സംഗീതത്തിന് വിലയിടാന്‍ ശ്രമിക്കുന്നവരുമായി ചേര്‍ന്ന് പോകുക അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. സംഗീതസംവിധായകനായി നിശ്ചയിക്കുന്നത് കഴിവ് കണ്ടിട്ടാവുമല്ലോ. പിന്നീടതിനെ ചോദ്യം ചെയ്യുന്നത് ഒട്ടും സഹിക്കാന്‍ പറ്റില്ലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ഉണ്ടെങ്കിലും അങ്ങനെയുള്ള നിര്‍മാതാക്കളുമായി സഹകരിക്കാന്‍ കൂട്ടാക്കിയിരുന്നില്ല അദ്ദേഹം. അസാധ്യ നര്‍മബോധമുള്ളയാളായിരുന്നു സ്വാമി. തലേദിവസം കേട്ട നാദസ്വര കച്ചേരിയെക്കുറിച്ച് ഒരാള്‍ - 'സ്വാമി എങ്ങനെയുണ്ടായിരുന്നു ഇന്നലത്തെ പരിപാടി'. 'നാദസ്വരം ഒട്ടും നന്നായില്ല. അപസ്വരം തന്നെ. പക്ഷേ തകില്' കൈകൊണ്ട് അസ്സലായി എന്നൊരു ആംഗ്യം - പിന്നാലെ 'അറുബോറ്!' ഇതാണ് സംസാരരീതി.

ചെറുപ്പം മുതലേ ആഹാരപ്രിയനായിരുന്നു. ശുദ്ധ സസ്യഭുക്ക്. അച്ഛന്‍ പറയുന്നത് കേട്ടിട്ടുണ്ട്. വൈക്കത്തു താമസിക്കുമ്പോള്‍ കൂട്ടുകാരുമായി പന്തയം വെച്ച് വിശ്വസിക്കാന്‍ പ്രയാസമുള്ളത്രയും ഇഡ്ഡലി കഴിച്ചിട്ടുണ്ടത്രെ. ഊണിന് അധികം വിഭവങ്ങളൊന്നും വേണ്ട. പക്ഷേ നെയ് നിര്‍ബന്ധം. ഒരു പ്രായം വരെ ഒരു വലിയ തവി നെയ്യൊഴിക്കുമായിരുന്നു ചോറിലേക്ക്. അതെ പോലെ രാവിലെയും വൈകീട്ടുമുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ കോഫി. ഒരിക്കല്‍ കുടിച്ചിട്ടുള്ളവര്‍ മറക്കില്ല. ഇന്നത്തെ ഫാഷനായി മാറിയ മോണിംഗ് വാക്ക് സമയഭേദമൊന്നുമില്ലാതെ ജീവിതം മുഴുവന്‍ പാലിച്ചിരുന്ന ആളാണ്. 94 വയസ്സ് വരെയുള്ള ജീവിതത്തില്‍ വാഹനങ്ങളില്‍ കയറിയിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ അദ്ദേഹം നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ തടിവെക്കുകയോ കാര്യമായ അസുഖങ്ങള്‍ ബാധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. 'ദേ, ഇവിടെയടുത്താണ് നമുക്ക് നടക്കാം' എന്ന് സ്വാമി പറയുന്നത് കേട്ട് കൂടെപ്പോയാല്‍ പെട്ടതു തന്നെ. കിലോമീറ്ററുകളായിരിക്കും ഈ 'അടുത്ത്'.

V. Dakshinamoorthy
യേശുദാസിനൊപ്പം/ ഫോട്ടോ- ലതീഷ് പൂവത്തൂര്‍

സ്വാമി ഏല്പിക്കുന്ന പണം കൊണ്ട് കുടുംബം കൈകാര്യം ചെയ്ത് മൂന്നു മക്കളെ ഭംഗിയായി വളര്‍ത്തി നല്ലനിലയില്‍ എത്തിച്ച ആ അമ്മയെ ഞാന്‍ നമസ്‌കരിക്കയാണ്. പരസ്പര പൂരിതമായ ഒരു ദാമ്പത്യം. സ്വാമി പോയതോടെ അമ്മയ്ക്ക് ജീവിതം ശൂന്യമായിപ്പോയി. ഇപ്പോള്‍ ഓര്‍മശക്തി നന്നേ കുറഞ്ഞിട്ടുണ്ട്. ഇളയ മകള്‍ ഗോമതിക്കാണ് സംഗീത വാസന കിട്ടിയത്. സ്വാമിക്ക് ഏറ്റവും വാത്സല്യവും ഗോമതിയോടായിരുന്നു. ഗോമതി ഒരു ചെറിയ സംഗീത വിദ്യാലയം നടത്തുന്നുണ്ട്. അവരുടെ മകന്‍ സ്വാമിയെ കുറിച്ച് ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.

പി. ലീല മുതല്‍ നീണ്ടുകിടക്കുന്ന ശിഷ്യ സമ്പത്താണ് സ്വാമിക്കുള്ളത്. കവിയൂര്‍ രേവമ്മ, അമ്പിളി, കല്യാണി മേനോന്‍ ഇവരൊക്കെ ചിലര്‍ മാത്രം. ഇളയരാജയും എ.ആര്‍. റഹ്മാനും സ്വാമിയുടെ അടുത്തുനിന്നും സംഗീതം പഠിച്ചിരുന്നു എന്നത് മറ്റൊരു ചരിത്രം. ആര്‍.കെ. ശേഖറുമായുള്ള അഭേദ്യമായ ബന്ധം കാരണം ദിലീപിനെ (റഹ്മാന്‍) ജനിച്ചപ്പോള്‍ മുതല്‍ സ്വാമിക്കറിയാമല്ലോ. ഇളയരാജ സ്വതന്ത്രസംഗീത സംവിധായകനാകും മുമ്പ് സ്വാമിയുടെ റെക്കോഡിംഗുകളില്‍ സഹകരിച്ചിട്ടുണ്ട്.

ഇളയരാജയ്‌ക്കൊപ്പം/ ഫോട്ടോ- മധുരാജ്‌
ഇളയരാജയ്‌ക്കൊപ്പം/ ഫോട്ടോ- മധുരാജ്‌

ശിഷ്യരെ വീട്ടില്‍ വരുത്തി പഠിപ്പിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. ആരായാലും വാഹനം കൊണ്ടുവന്ന് അദ്ദേഹത്തെ കൊണ്ടുപോകണം. പഠിപ്പിക്കുന്നതിന് പ്രത്യേക സമയവുമില്ല. മണിക്കൂറുകളോളം പഠിപ്പിച്ചെന്നിരിക്കും ചിലപ്പോള്‍. അദ്ദേഹത്തിന് ഒഴിവുള്ളപ്പോള്‍ വിളിച്ചുപറയും. അപ്പോള്‍ ചെന്ന് കൊണ്ടുപോകണം. ദൂരദേശത്താണെങ്കില്‍ അവിടെ പോയി താമസിച്ച് പഠിപ്പിക്കും. എന്ത് ത്യാഗം സഹിച്ചും സ്വാമിയെ ഗുരുവായി കിട്ടുന്നത് അനുഗ്രഹമായി കരുതിയിരുന്നവര്‍ അതിനെല്ലാം തയ്യാറായിരുന്നു.

സ്വാമി പാടികൊടുക്കുന്നതുപോലെ പാടാന്‍ അധികമാര്‍ക്കും പറ്റില്ല. പാട്ടിന്റെ രാഗഭാവം സ്വാമി പാടുമ്പോള്‍ നമ്മള്‍ ലയിച്ചിരുന്നുപോകും. ദാസേട്ടനൊക്കെ ആ ഭാവം നഷ്ടപ്പെടാതെ അതിനെ മിനുക്കിയെടുത്ത് പാടും. സ്വാമിയുടെ ശബ്ദത്തില്‍ ചില പാട്ടുകളൊക്കെ ഞാന്‍ സൂക്ഷിച്ചുവെച്ചിരുന്നു. എവിടെയോ നഷ്ടപ്പെട്ടുപോയി. അദ്ദേഹത്തിന്റെ പാട്ടുകള്‍ എണ്ണിയാലോ എഴുതിയാലോ തീരില്ല. ഒന്നുപോലും പാഴായിപോയിട്ടുമില്ല. തമാശപ്പാട്ടുകള്‍ വരെ. പെട്ടെന്ന് മനസ്സില്‍ വന്ന എന്റെ ചില പ്രിയ പാട്ടുകള്‍ ഇവയൊക്കെയാണ്.
  
'പകല്‍ സ്വപ്നത്തില്‍ പവനുരുക്കും...'
'സുഖമെവിടെ ദുഃഖമെവിടെ...'
'ഈ ലോകഗോളത്തില്‍ ഒരുസിരാസന്ധിയില്‍...'
'ആലാപനം....'
'പുലയനാര്‍ മണിയമ്മ....'
കാക്കക്കുയിലേ ചൊല്ലൂ...
'കാവ്യപുസ്തകമല്ലോ ജീവിതം...'
'ചിത്രശിലാപാളികള്‍ കൊണ്ടൊരു...'

ഒരു ഓര്‍മിക്കല്‍ മാത്രം. ഈ കുറിപ്പ് മുഴുവനായും എഴുതി നിറച്ചാലും തീരില്ല.

സ്വാമി പാടികൊടുക്കുന്നത് ജയചന്ദ്രന്‍ അതേപോലെ അനുകരിച്ച് കാണിക്കും. 'എല്ലാം വൈക്കത്തപ്പന്‍ നോക്കിക്കോളും' എന്ന് അടിയുറച്ച് വിശ്വസിച്ചിരുന്ന അദ്ദേഹത്തെ ഒരിക്കലും വൈക്കത്തപ്പന്‍ കൈവിട്ടുമില്ല. 60, 70, 80, 90 നാഴികക്കല്ലുകളായ എല്ലാ ജന്മനാളുകളും വൈക്കത്തപ്പന് സഹസ്രകലശവും അന്നദാനവുമായി ചെലവഴിച്ചു അദ്ദേഹം. സാധാരണ ജന്മനാളുകളിലും അന്നദാനം പതിവായിരുന്നു.

മലയാളത്തിലും തമിഴിലുമായി ത്യാഗബ്രഹ്മം, ആത്മദീപം, സത്യമിത്രം തുടങ്ങി കുറെ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം എഴുതിയ 108 കീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'രാഗാഭരണം' എന്ന പേരില്‍ ഒരു പുസ്തകം ആദ്യത്തെ ചരമവാര്‍ഷികത്തിന് പ്രസിദ്ധീകരിക്കുകയുണ്ടായി.എവിടെയെങ്കിലും രണ്ടു വാക്കുകള്‍ സംസാരിക്കേണ്ടി വന്നാല്‍ അത് തുടങ്ങുന്നത് ഇങ്ങനെയാവും. 'സര്‍വ്വചരാചരങ്ങള്‍ക്കും നമസ്‌കാരം. ചരാചര ഗുരുവിനും നമസ്‌കാരം'.സംഗീതം- വൈക്കത്തപ്പന്‍, ഇത് വിട്ടൊരു ചിന്ത അദ്ദേഹത്തിന്റെ ജീവിത്തിലുണ്ടായിട്ടില്ല.

അവസാന കാലത്ത് അദ്ദേഹം 'മക്രേരി' എന്നൊരു സ്ഥലത്ത് എത്തിപ്പെട്ടതിന്റെ പിന്നിലും ഈശ്വരന്റെ കൈകള്‍ തന്നെ. കണ്ണൂര്‍ ജില്ലയിലുള്ള ഒരു ചെറിയ സ്ഥലമാണ് മക്രേരി. അതിനടുത്തുള്ള ഒരു സ്ഥലത്ത് മിഥുന്‍ എന്ന ഒരു ശിഷ്യനെ പഠിപ്പിക്കാന്‍ അദ്ദേഹം അവരുടെ വീട്ടില്‍ കുറച്ചുകാലം താമസിക്കുകയുണ്ടായി. ഇടയ്ക്ക് ഒരു ദിവസം അദ്ദേഹം മക്രേരിയിലുള്ള ഒരു ചെറിയ മുരുകന്‍ കോവിലില്‍  തൊഴാന്‍ പോയി. അവിടുത്തെ ഉപപ്രതിഷ്ഠ ഹനുമാന്‍ ആണ്. അദ്ദേഹം കാല് കുത്തിയ നിമിഷം തന്നെ 'ഇനി ഇവിടെയാണ് നീ താമസിക്കേണ്ടത്, നിന്റെ സ്ഥലമാണിത്' എന്ന് ഹനുമാന്‍ സ്വാമിയുടെ സന്നിധിയില്‍ നിന്ന് കേട്ടതായാണ് അദ്ദേഹം പിന്നീട് പറഞ്ഞത്. അതിനടുത്തുള്ള പെരളശ്ശേരി എന്ന സ്ഥലത്ത് വളരെ പ്രസിദ്ധമായ ഒരു സുബ്രഹ്മണ്യക്ഷേത്രം ഉണ്ട്. അതിനാല്‍ ഇവിടെ അധികമാരും വരാറുണ്ടായിരുന്നില്ല. സ്വാമി അവിടെ സ്ഥിരമായി വരാന്‍ തുടങ്ങിയപ്പോള്‍ ഭക്തരുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. നാട്ടിലെ ചില പ്രമാണികള്‍ ചേര്‍ന്ന് സ്വാമിക്ക് താമസിക്കാനായി ഒരു മുറി കെട്ടി സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. പിന്നീട് 6 മാസം അവിടെയും 6 മാസം ചെന്നൈയിലുമായി താമസം. സ്വാമി സ്വന്തം ചെലവില്‍ അവിടെ ഒരു സരസ്വതീ മണ്ഡപവും കെട്ടി. വിജയ ദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്താനും തുടങ്ങി. അദ്ദേഹത്തിന് കിട്ടിയിട്ടുള്ള എല്ലാ പുരസ്‌കാരങ്ങളും അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. തിരുവയ്യാറില്‍ വര്‍ഷംതോറും നടക്കാറുള്ള ത്യാഗരാജാരാധന പോലെ 'ത്യാഗരാജ അഖണ്ഡം' എന്നൊരു ആരാധന അദ്ദേഹവും തുടങ്ങി. എല്ലാ വര്‍ഷവും ഡിസംബറില്‍ നടത്തുമായിരുന്നു. ഇളയരാജ മുതലുള്ള പ്രസിദ്ധരെല്ലാം അവിടെവന്ന് പാടിയിട്ടുണ്ട്.

2012 ലെ വിജയദശമി കഴിഞ്ഞ് പോരാന്‍ നേരം ഭാരവാഹികളോട് പറഞ്ഞു. 'ഒരു പക്ഷേ എനിക്ക്  അടുത്ത വര്‍ഷം വരാന്‍ കഴിഞ്ഞു എന്ന് വരില്ല. പകരം തമ്പി വരും (ശ്രീകുമാരന്‍ തമ്പി)'. ഏതു ശക്തിയാണ് അങ്ങനെ പറയിച്ചതെന്നറിയില്ല. 2013 ല്‍ അദ്ദേഹം നിത്യതയില്‍ ലയിച്ചു. അതിനുശേഷം ഒരു മകന്‍ ഏറ്റെടുക്കുന്നതുപോലെ ആ ദൗത്യം ചേട്ടന്‍ നിര്‍വഹിക്കുന്നു മുടങ്ങാതെ.

തമിഴ് പടമായ മങ്കയാര്‍ തിലകം ഉള്‍പ്പെടെ ചില തമിഴ് ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നിര്‍വ്വഹിച്ചിട്ടുണ്ട്. നല്ല മനം വാഴ്ക, നന്ദാ നീ എന്‍നിലാ തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹത്തിനവകാശപ്പെട്ടതാണ്. ഭക്തിയും സംഗീതവും ഇഴചേര്‍ന്നു കിടക്കുന്നു. സംഗീതത്തിലൂടെ ഭക്തിയിലെത്തിച്ചേര്‍ന്ന വ്യക്തിയാണ് ദക്ഷിണാമൂര്‍ത്തി സ്വാമി. ജെ.സി. ഡാനിയേല്‍ അവാര്‍ഡുള്‍പ്പെടെ പുരസ്‌കാരങ്ങളുടെ ഒരു നീണ്ടപട്ടിക സ്വാമിയുടെ ശേഖരത്തിലുണ്ട്. അതിലേക്ക് കടക്കുന്നില്ല.

ഒരു മകള്‍ക്കൊപ്പം താമസിക്കുമ്പോള്‍ മറ്റേ മകളുടെ വീട്ടിലേക്ക് ഒരു സന്ദര്‍ശനത്തിന് വന്നതായിരുന്നു അന്ന് സ്വാമിയും അമ്മയും. പതിവായി എല്ലായിടത്തും കൊണ്ടുപോയിരുന്ന ഒരു കാറും ഡ്രൈവറും ഉണ്ടായിരുന്നു. തിരിച്ചുപോകാന്‍ അയാളെ അന്വേഷിച്ചപ്പോള്‍ വരാന്‍ രണ്ടു മണിക്കൂര്‍ താമസം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ ഒന്ന് മയങ്ങാം എന്ന് പറഞ്ഞ് അദ്ദേഹം അവിടെ കിടന്ന ദിവാനിലേക്ക് കിടന്നു. കാര്‍ വന്നപ്പോള്‍ മകള്‍ ചെന്നുവിളിച്ചു. അദ്ദേഹം വൈക്കത്തപ്പന്റെയടുത്തേക്ക് യാത്രയായിക്കഴിഞ്ഞു എന്ന സത്യം ഉള്‍ക്കൊള്ളാനാകാതെ അവരെല്ലാം സ്തബ്ധരായിപ്പോയി. 94 വയസ്സുവരെ സംഗീതത്തിന്റെ കുലപതിയായി ജീവിച്ച മഹദ് വ്യക്തി. മരണവും പക്ഷാഭേദം കാണിക്കാറുണ്ട് ചിലപ്പോള്‍. ആ സംഗീതത്തില്‍ ലയിച്ചിട്ടാവാം.

ഞങ്ങളെ സംബന്ധിച്ച് വി. ദക്ഷിണാമൂര്‍ത്തി ഒരു സംഗീത സംവിധായകനോ വൈക്കത്തപ്പന്റെ ദാസനോ ഒന്നുമല്ല. കുടുംബകാരണവര്‍. അതായിരുന്നു. സ്വാമിയെ ഓര്‍ക്കുമ്പോള്‍ അച്ഛനെയും ഓര്‍ക്കും ഞാന്‍. കൊടുത്തിരിക്കുന്നത് ആ സ്ഥാനമായതു കൊണ്ടാവാം! ലഭിച്ചത് ആ വാത്സല്യവും.

Content Highlights: Raji thampi open up about the memories of V. Dakshinamoorthy