ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍

നിക്ക് ഓര്‍മ വരുന്നത് വിടര്‍ന്ന വലിയ കണ്ണുകളും ചുരുണ്ട് നീണ്ടമുടിയും തുമ്പപ്പല്ലുകള്‍ കാട്ടിയുള്ള സുന്ദരമായ ചിരിയും മനോഹരമായ നീണ്ട കൈവിരലുകളും എല്ലാം ചേര്‍ന്നിണങ്ങിയ കെ.ആര്‍. വിജയയെ ആണ്. ഞങ്ങളുടെ തലമുറയുടെ ആ കാലത്തെ സൗന്ദര്യസങ്കല്പം അങ്ങനെ തന്നെ ആകാരം പൂണ്ടതായിരുന്നു ആ ശകുന്തള! കാലില്‍ ദര്‍ഭമുന കൊണ്ടിട്ട് ഒക്കത്ത് കുടവുമായിതിരിഞ്ഞുനില്‍ക്കുന്ന ആ രൂപം കണ്ടിട്ടുള്ളവര്‍ക്ക് വേറൊരു ശകുന്തളയെ സങ്കല്പിക്കാനാവില്ല. കോളേജില്‍ പഠിക്കുന്ന കാലം. തികഞ്ഞ ആരാധനയോടെ നോക്കിക്കണ്ട ആ 'സൗന്ദര്യം' നേരില്‍ കാണാന്‍ പറ്റുമെന്നോ ഇപ്പോഴുള്ള ഒരു സ്നേഹബന്ധം തമ്മില്‍ ഉണ്ടാവുമെന്നോ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല ഞാന്‍.

വിജയയുടെ അമ്മ തികഞ്ഞ മലയാളി- തൃശൂര്‍ സ്വദേശി. അച്ഛന്‍ ആന്ധ്രയിലെ തിരുപ്പൂര്‍ നിന്ന്. കല്യാണിക്കുട്ടിയമ്മയും രാമചന്ദ്രനും. തെറ്റിദ്ധരിക്കണ്ട. പ്രണയവിവാഹം ഒന്നുമല്ല. കല്യാണിക്കുട്ടിയമ്മയ്ക്ക് ആങ്ങളമാര്‍ അഞ്ച്. അഞ്ച് പേരും മിലിട്ടറിയില്‍. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാമചന്ദ്രന്റെ സ്വഭാവവും സൗന്ദര്യവും ഒക്കെ ഇഷ്ടപ്പെട്ട ഏട്ടന്മാര്‍ അനിയത്തിയുടെ വരനെ അദ്ദേഹത്തില്‍ കണ്ടെത്തുകയായിരുന്നു. വിവാഹ സമയത്തു തന്നെ അവരെല്ലാവരും സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞ് നാട്ടിലെത്തിയിരുന്നു.  'ഞങ്ങള്‍ നാലഞ്ച് പെണ്‍കുട്ടികള്‍ക്ക് ശേഷം ഒരനിയനും ഉണ്ടായി' വിജയയുടെ വാക്കുകള്‍. 'രണ്ടനിയത്തിമാര്‍ കുഞ്ഞിലേ തന്നെ മരിച്ചുപോയി'.

അച്ഛനും അമ്മയും സഹോദരങ്ങളും പഴനിയില്‍ താമസമായി. രണ്ടുപേര്‍ക്കും അവിടെ സ്‌കൂളില്‍ ജോലിയായിരുന്നു. എന്നെ അമ്മൂമ്മ തൃശൂര്‍ക്ക് കൊണ്ടുപോയി. ഞാന്‍ ഒരു 10 വയസ്സുവരെ അവിടെയാണ് വളര്‍ന്നത്. ഇതിനിടെ അച്ഛന്‍ എം.കെ. രാധയുടെ നാടകട്രൂപ്പുമൊക്കെയായി നല്ല അടുപ്പമായി. എന്നെ അഭിനയിപ്പിക്കണം എന്ന മോഹത്തോടെ അമ്മൂമ്മയുടെയടുത്തുനിന്നും പഴനിയിലേക്ക് കൊണ്ടുപോന്നു. എനിക്കും അമ്മൂമ്മയ്ക്കും ഇഷ്ടമുണ്ടായിരുന്നില്ല. കൊച്ചുകുട്ടിയല്ലേ. ഇന്നത്തെ 10 വയസ്സല്ല അന്നത്തെ 10 വയസ്സ്. പറയുന്നത് അനുസരിക്കാനേ അറിയുമായിരുന്നുള്ളൂ. നാടകങ്ങള്‍ക്കൊപ്പം ഞാനും വളര്‍ന്നു. കൗമാരക്കാരിയായ എന്റെ ഏതോ നാടകം കണ്ട ഒരാള്‍ തന്റെ ചിത്രത്തിന് പുതിയ ഒരു നായികയെ അന്വേഷിച്ചുകൊണ്ടിരുന്ന കെ.എസ്. ഗോപാലകൃഷ്ണനോട് എന്നെപ്പറ്റി പറഞ്ഞു.

അദ്ദേഹവുമായുള്ള കണ്ടുമുട്ടലും സ്‌ക്രീന്‍ ടെസ്റ്റുമെല്ലാം കഴിഞ്ഞ് ആ ചിത്രത്തിലെ നായികയാവുന്നു- ദൈവനായകി! അതായിരുന്നു അച്ഛനമ്മമാര്‍ ഇട്ട പേര്. ഷൂട്ടിംഗ് സമയത്തെപ്പോഴോ അന്നത്തെ പ്രസിദ്ധ നടനായ (വില്ലന്‍, കൊമേഡിയന്‍, സ്വഭാവ നടന്‍ എല്ലാമായിരുന്നു) എം.ആര്‍. രാധ ദൈവനായകിയോട് പേര് ചോദിച്ചു.'ദൈവനായകി' മറുപടി. 'എന്നാ പേരിത്. ഏതാവത് വിജയാ കിജയാ മാതിരി നല്ല പേര് പോട്' അദ്ദേഹത്തിന്റെതായ രീതിയില്‍ ഉള്ള ആ ഒരു നിര്‍ദ്ദേശമാണ് 'വിജയ' എന്ന നടിയുടെ ജനനത്തില്‍ കലാശിച്ചത്. കല്യാണിക്കുട്ടിയമ്മ രാമചന്ദ്രന്‍ വിജയ. അങ്ങനെ 'കര്‍പ്പകം' എന്ന സിനിമയിലെ നായികയാകുന്നു. അന്നത്തെ പ്രസിദ്ധ നടനായ 'കാതല്‍മന്നന്‍' ജമിനി ഗണേശന്റെ കൂടെ. ആ ചിത്രത്തിന്റെ വിജയം സമ്മാനിച്ച തുക കൊണ്ട് കെ.എസ്. ഗോപാലകൃഷ്ണന്‍ 'കര്‍പ്പകം' എന്ന പേരില്‍ ഒരു സ്റ്റുഡിയോ തന്നെ നിര്‍മിച്ചു എന്ന് പറയുമ്പോള്‍ കൂടുതലായി ഒന്നും പറയേണ്ടതില്ലല്ലോ. അന്നത്തെ അതുല്യ നടിയായ സാവിത്രി, അന്ന് താരതമ്യേന തമിഴില്‍ പുതുമുഖമായിരുന്ന നമ്മുടെ ഷീല ഇവരൊക്കെ ആ ചിത്രത്തിലുണ്ടായിരുന്നു. പിന്നീട് സിനിമാ ജീവിതത്തില്‍ ഒരിക്കല്‍പോലും വിജയയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

KR vijaya
ആധിപത്യം എന്ന സിനിമയുടെ സെറ്റില്‍ കെ.ആര്‍ വിജയക്കും, ലക്ഷ്മിക്കുമൊപ്പം രാജി തമ്പി, കെ.ആര്‍ വിജയുടെ നിര്‍ബന്ധപ്രകാരം എടുത്ത ചിത്രം

തമിഴില്‍ ഒരു നല്ല നിലയിലെത്തിക്കഴിഞ്ഞാണ് മലയാളത്തിലേക്കുള്ള വരവ്. 'മണവാട്ടി' എന്ന ചിത്രത്തിലൂടെ. കെ.എസ്. സേതുമാധവന്റെ സംവിധാനത്തില്‍. പിന്നീടങ്ങോട്ട് മലയാളത്തിലും തിരക്കുള്ള നായികയാകുന്നു. സത്യന്‍, പ്രേംനസീര്‍, മധു എല്ലാവര്‍ക്കുമൊപ്പം.

'ആധിപത്യം' എന്ന ഞങ്ങളുടെ സ്വന്തം പടത്തിലും ഹേം നാഗ് പ്രൊഡക്ഷന്‍സിന് വേണ്ടി ചേട്ടന്‍ ഡയറക്ട് ചെയ്ത 'ഇരട്ടിമധുര'ത്തിലുമാണ് വിജയചേച്ചി ഞങ്ങള്‍ക്ക് വേണ്ടി അഭിനയിച്ചത്. 'ഇരട്ടിമധുരം' ഹിന്ദി സിനിമയായ 'കട്ടാമീഠാ'യുടെ മലയാളം പതിപ്പായിരുന്നു. പങ്കാളികളെ നഷ്ടപ്പെട്ട പ്രേംനസീറും വിജയയും അവരുടെ രണ്ടുപേരുടെയും ആദ്യ വിവാഹത്തിലെ കുട്ടികളും കൂടിയുള്ള ചിരിയും കണ്ണുനീരും സ്നേഹബന്ധങ്ങളും എല്ലാം ഇടകലര്‍ന്ന ഒരു നല്ല ചിത്രം. ഏഴ് മക്കളെ നിയന്ത്രിച്ചുകൊണ്ടുപോകുന്ന അമ്മയായി വിജയചേച്ചി തകര്‍ത്തഭിനയിച്ച പടം!

ആ പടത്തിന്റെ ഷൂട്ടിംഗിനിടയിലാണ് ഞാന്‍ ചേച്ചിയുമായി അടുക്കുന്നത്. അതില്‍ ഏറ്റവും ഇളയമകന്റെ ഭാഗം അഭിനയിച്ചത് ഞങ്ങളുടെ മകനായിരുന്നു. അവന്‍ ഞാനില്ലാതെ എങ്ങോട്ടും പോകുമായിരുന്നില്ല. അങ്ങനെയാണ് ഞാനും സെറ്റില്‍ പോകാനിടയായത്. അന്ന് ഞങ്ങള്‍ ഒരുപാട് വര്‍ത്തമാനം പറഞ്ഞു. ഒരുപാട് അടുത്തു. ഇന്നും അതങ്ങിനെ തന്നെ നിലനില്‍ക്കുന്നു, വര്‍ഷങ്ങളായി നേരില്‍ കണ്ടിട്ടെങ്കിലും.

പടമൊക്കെ ഇറങ്ങി. വര്‍ഷങ്ങള്‍ കടന്നുപൊയ്ക്കൊേണ്ടയിരുന്നു. എന്റെ മകനെ എവിടെവെച്ചെങ്കിലും കാണാനിടയായാല്‍ ചേച്ചി ചോദിക്കും. 'അമ്മ എന്നെ അങ്ങ് മറന്നോ മോനേ' എന്ന്. അവന്‍ വന്ന് വഴക്ക് പറയും. 'അമ്മ എന്താ ആന്റിയെ വിളിക്കാത്തത്' എന്ന്. തെല്ലൊരു കുറ്റബോധത്തോടെ ഉടനെ വിളിക്കും. ചേച്ചിയുടെ വര്‍ത്തമാനം കേള്‍ക്കാന്‍ നല്ല രസമാണ്.

ഒരു ബിസിനസ്മാനായ വേലായുധനെയാണ് ചേച്ചി വിവാഹം കഴിച്ചത്. സുദര്‍ശന്‍ ചിട്ടി ഫണ്ട്, സുദര്‍ശന്‍ ഹോട്ടല്‍ അങ്ങനെ അനവധി സ്ഥാപനങ്ങളുടെ ഉടമ. സ്വന്തമായി ഒരു ചെറിയ വിമാനം പോലും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ ചേച്ചി അപ്പോഴും വീട്ടിനുള്ളില്‍ സാധാരണ മലയാളി സ്ത്രീ മാത്രം. രാത്രി കഞ്ഞിയും പയറും. ജോലിക്കാരുണ്ടെങ്കിലും അടുക്കളയിലെ പാചകം ചേച്ചി തന്നെ. ടിപ്പിക്കല്‍ മലയാളം ഫുഡ്. ആരുടെയും വീട്ടില്‍ പോകുന്ന പതിവില്ല. എന്തെങ്കിലും ചടങ്ങുകളായാലും വളരെയധികം ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണെങ്കില്‍ മാത്രം!

ഒരു മകളാണ്- ഹേമ. അപ്പോളോ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ പ്രേം ആണ് ഭര്‍ത്താവ്. ഹേമയുടെ രണ്ടാണ്‍കുട്ടികളും പഠിച്ച് മിടുക്കരായി വിവാഹവും കഴിഞ്ഞു. ടി നഗറില്‍ വളരെ വലിയ ഒരു വീടുണ്ടായിരുന്നു. ഭര്‍ത്താവിന് തീരെ സുഖമില്ലാതെയായപ്പോള്‍ ബിസിനസ്മാന്റെ അതേ കൂര്‍മ്മബുദ്ധിയോടെ ആ വീട് വിറ്റ് ഒരു ഫ്ളാറ്റ് വാങ്ങി, ചേച്ചി ഒറ്റയ്ക്കായാല്‍ എന്ന ചിന്തയില്‍. അദ്ദേഹം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രയായി. ചേച്ചി ഒറ്റയ്ക്ക് ആ ഫ്ളാറ്റില്‍! ഹേമ എല്ലാ ദിവസവും വന്ന് വേണ്ടതൊക്കെ അന്വേഷിച്ചിട്ട് പോകും.

ചേച്ചിക്ക് കൂടെ അഭിനയിച്ചതില്‍ ഏറ്റവുമിഷ്ടപ്പെട്ട ഹീറോ ആരാണ്- ഒരിക്കല്‍ ഞാനൊരു കുസൃതി ചോദ്യം ചോദിച്ചു. 'ഹീറോ ആയാലും മറ്റ് നടീനടന്മാരായാലും എല്ലാവരും എനിക്കൊരുപോലെ തന്നെ. എല്ലാവരില്‍ നിന്നും നല്ല പെരുമാറ്റവും സ്നേഹവുമേ എനിക്ക് കിട്ടിയിട്ടുള്ളൂ. എന്നെ സംബന്ധിച്ച് ഡയറക്ടറാണ് ദൈവം, ഗുരു. അദ്ദേഹം പറയുന്നത് അനുസരിക്കുക. വേറൊന്നിലും ഞാന്‍ ഇടപെടാറില്ല.'

ഷീല, ശാരദ, ജയഭാരതി ഒക്കെ വല്ലപ്പോഴും വിളിക്കാറുണ്ട്. സരോജാദേവിയുമായി നല്ല സുഹൃത്ബന്ധമായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട് ചേച്ചി. സുകുമാരിയമ്മയായിരുന്നു മറ്റൊരു അടുപ്പമുണ്ടായിരുന്ന ആള്‍.
 
ചേച്ചിയുടെ ആ വലിയ വീട്ടില്‍ പല പ്രാവശ്യം പോയിട്ടുണ്ട് ഞാന്‍. അധികവും മോന്റെ കൂടെ. എന്തെങ്കിലുമൊക്കെ ഉണ്ടാക്കിത്തരാന്‍ വലിയ ഇഷ്ടമാണ്. ഒരു ക്യാരറ്റ് പിക്കിള്‍ ചേച്ചിയുടെ മാസ്റ്റര്‍പീസാണ്. ഉണ്ടാക്കി കൊടുത്തു വിടുമായിരുന്നു എനിക്ക്.

അധികം ചടങ്ങുകള്‍ക്കൊന്നും പോകാത്തയാള്‍ ഞങ്ങളുടെ രണ്ട് മക്കളുടെയും വിവാഹ സ്വീകരണച്ചടങ്ങിന് വന്നിട്ടുണ്ട് എന്നല്ല എ.വി.എം. രാജേശ്വരി കല്യാണമണ്ഡപത്തില്‍ നടന്ന മകള്‍ കവിതയുടെ വിവാഹസല്‍ക്കാരത്തിന് ആദ്യം വന്ന വ്യക്തി ചേച്ചിയായിരുന്നു. മറക്കാന്‍ പറ്റില്ലത്.

തമിഴിലായാലും മലയാളത്തിലായാലും ഒരുപാട് മനോഹരമായ പാട്ടുകളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് അവര്‍ക്ക്. തമിഴില്‍ ശിവാജിക്കൊപ്പം - 'പൂമാലൈയില്‍ ഓര്‍ മല്ലികൈ', മുത്തുരാമനൊപ്പം- മല്ലികൈ എന്‍ മന്നന്‍ മയങ്കും', മലയാളത്തില്‍ 'പ്രിയതമാ പ്രിയതമാ', 'പതിവായി പൗര്‍ണമി തോറും', 'നിലവിളക്കിന്‍ തിരി നാളമായ് വിടര്‍ന്നു', 'ഓമനത്തിങ്കള്‍ക്കിടാവോ  പാടി പാടി', 'പൂവിട്ടു പൂവിട്ടു പൂവിട്ടുനില്‍ക്കുന്നു' ഇവയൊക്കെ ചിലത് മാത്രം. 'അതെ ഒരുപാട് നല്ല ഗാനങ്ങളില്‍ അഭിനയിക്കുവാന്‍ എനിക്കൊരു ഭാഗ്യം കിട്ടിയിട്ടുണ്ട്'- വിജയയുടെ വാക്കുകള്‍.

തമിഴില്‍ ചേച്ചിക്ക് ഒരു പേരുണ്ട്. 'പുന്നകൈ അരശി' - ചിരിയുടെ രാജ്ഞി എന്നര്‍ത്ഥം! യൗവ്വനം കഴിഞ്ഞിട്ടും ആ ചിരിയുടെ ഭംഗി തെല്ലും മങ്ങിയിട്ടില്ല. ഒരു ദൈവീകതയുണ്ട് അവരുടെ മുഖത്തിന്. അതാവും, കുറെയധികം പുരാണകഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് വിജയ.

രണ്ട് അനുജത്തിമാര്‍ - കെ.ആര്‍. സാവിത്രി, കെ.ആര്‍. വത്സല. ചുരുക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നല്ലനിലയിലെത്തിക്കഴിഞ്ഞാല്‍ പട്ടുമെത്തയില്‍ കിടക്കാമെങ്കിലും അവിടെ വരെ എത്തിച്ചേരാനുള്ള വഴി കഠിനാധ്വാനത്തിന്റെ കല്ലും മുള്ളും നിറഞ്ഞതാണെന്ന് അറിയാവുന്ന വിജയചേച്ചി അവരെ നിരുത്സാഹപ്പെടുത്തിയിട്ടേയുള്ളൂ. ചേച്ചിയുടെ കഴിവോ അത്രയും സൗന്ദര്യമോ അവര്‍ക്ക് ഉണ്ടായിരുന്നുമില്ല.

എപ്പോഴോ ഒരിക്കല്‍ വര്‍ത്തമാനത്തിനിടെ ചേച്ചിയുടെ ഇഷ്ടദൈവം ആരെന്ന് ഞാന്‍ ചോദിക്കുകയുണ്ടായി. ' എല്ലാ ദൈവങ്ങളും എന്റെ പൂജാമുറിയില്‍ ഉണ്ട്. എങ്കിലും പഴനിയില്‍ താമസിച്ചിരുന്ന ദൈവനായികയ്ക്ക്, വേലായുധനെ ഭര്‍ത്താവായി കിട്ടിയ ദൈവനായികയ്ക്ക് മുരുകനോട് ലേശം ഇഷ്ടം കൂടുതല്‍ തന്നെ.' മനോഹരമായി ചിരിക്കുന്ന ചേച്ചി. ' എന്തൊരു ഭംഗിയാണ് ചേച്ചിക്ക്.' ഞാന്‍ പറയും. അപ്പോള്‍ ആ മുഖത്ത് ഒരു പതിനേഴുകാരിയുടെ ലജ്ജ വിടരും. ' നിങ്ങള്‍ വെറുതേയിരിക്കൂ, നല്ലയൊരു ക്യാമറാ ഫേസ് കിട്ടി. അതുകൊണ്ട് സിനിമയില്‍ വിജയിച്ചു, അല്ലാതെന്തു സൗന്ദര്യം?' എന്നാവും മറുപടി. വിനയവും ലാളിത്യവും കൈമുതലായി സൂക്ഷിക്കുന്ന ഒരാള്‍ വേറെന്തു പറയും.

ചേച്ചിയുടെ മകള്‍ ഹേമയുടെ കല്യാണം പോലെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. വടപളനിയില്‍ അന്ന്  'വിജയശേഷമഹല്‍' എന്നൊരു കല്യാണ മണ്ഡപം ഉണ്ടായിരുന്നു. (ഇന്നത് ഒരു ഷോപ്പിംഗ് മാള്‍ ആയി മാറിക്കഴിഞ്ഞു) അവിടെയായിരുന്നു ചടങ്ങ്. എം.ജി.ആര്‍., ശിവാജി മുതല്‍ എല്ലാ നടീനടന്മാരും പാട്ടുകാരും മറ്റ് സിനിമാ പ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ് സൂചികുത്താനിടമില്ലാത്ത ആള്‍ക്കൂട്ടം. പലര്‍ക്കും വധൂവരന്മാരുടെയടുത്തെത്താന്‍ പോലും പറ്റിയില്ല. ഞാനും മക്കളും കൂടിയാണ് പോയത്. ഞങ്ങള്‍ക്ക് അവരെ കാണാന്‍പറ്റി. ഊണ് കഴിച്ചിട്ടേ പോകാവൂ എന്ന് ചേച്ചി നിര്‍ബന്ധിച്ചെങ്കിലും പുറത്തെ കോലാഹലം ചേച്ചി അറിയുന്നുണ്ടായിരുന്നില്ല. ഞങ്ങള്‍ പുറത്തുവന്നപ്പോള്‍ പി. സുശീലാമ്മ എന്തു വേണം എന്നറിയതെ നില്‍ക്കുന്നു. ചുരുക്കം, ഞങ്ങളൊരുമിച്ച് കാറ് കിടക്കുന്ന സ്ഥലത്തേക്ക് പോന്നു. ആഹാരം വീട്ടില്‍ പോയി കഴിച്ചു. ക്ഷണിക്കാതെ താരങ്ങളെ കാണാന്‍ വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു.

ഇടയ്ക്കൊന്നുപറയട്ടെ- 'കര്‍പ്പക'ത്തില്‍ അഭിനയിക്കുമ്പോഴുള്ള ഒരു സംഭവം ഒരിക്കല്‍ ചേച്ചിയുടെ സംസാരത്തില്‍ കടന്നുവന്നു. 'ആയിരം ഇരവുകള്‍ വരുവതുണ്ട് - ആനാല്‍ ഇതു താന്‍ മുതലിരവ്' എന്നൊരു മനോഹര ഗാനമുണ്ട് ആ ചിത്രത്തില്‍. അന്നത്തെ ഏറ്റവും പ്രസിദ്ധ നടിയായ സാവിത്രിയമ്മ പാടുന്നു. വിജയയെ (കര്‍പ്പകത്തെ) കളിയാക്കി. ജമിനി ഗണേശനും ഉണ്ട് ആ പാട്ടില്‍. അവര് രണ്ടുപേരും കൂടി ഒരു അഭിപ്രായം പറഞ്ഞു- 'വിജയാ നീ കുറച്ചുകൂടി മുടി കൊണ്ട് ചെവി മറച്ചാല്‍ നന്നായിരിക്കും' എന്ന്. 'ഇന്നും ചില സീനുകളില്‍ ഞാനത് ചെയ്യാറുണ്ട്' അവരുടെ വാക്കുകള്‍. അന്നത്തെ നടീനടന്മാര്‍ പുതുതായി വരുന്നവരെ എത്ര കരുതലോടെ ശ്രദ്ധിച്ചിരുന്നു എന്നതിനൊരു തെളിവല്ലേ ഇത്.

ആരെക്കുറിച്ചും ഒരു കുറ്റവും പറയാത്ത ഒരു വിവാദങ്ങളിലും അകപ്പെട്ടിട്ടില്ലാത്ത വ്യക്തിത്വമാണ് വിജയയുടേത്. വര്‍ഷങ്ങളോളം കണ്ടില്ലെങ്കിലും മിണ്ടിയില്ലെങ്കിലും ഉള്ളിലെ സ്നേഹം ഒട്ടും ക്ലാവ് പിടിക്കാതെ സ്വര്‍ണം പോലെ തന്നെ തിളങ്ങിക്കൊണ്ടിരിക്കുമെന്നതിന് ഒരു ഉദാഹരണമാണ് എന്റെയും ചേച്ചിയുടെയും സ്നേഹം. ഒരിക്കല്‍ ഒന്നു കാണാന്‍ കൊതിച്ച എനിക്ക് ഇത്രയും സ്നേഹം തന്ന വിജയചേച്ചിയെ എങ്ങനെ മറക്കാന്‍ പറ്റും. അവര്‍ക്ക് ഈശ്വരന്‍ ആയുരാരോഗ്യ സൗഖ്യങ്ങള്‍ കൊടുക്കട്ടെ. ഞങ്ങളുടെ നിസ്വാര്‍ത്ഥമായ ഈ സ്നേഹം, ആത്മാര്‍ത്ഥത ജന്മങ്ങളിലൂടെ തുടരാനിടയാവട്ടെ- അതാണെന്റെ പ്രാര്‍ത്ഥന!

Content Highlights: Raji Thampi open up about her friendship with actress K R vijaya