കാരണങ്ങള്‍ എന്തായാലും സ്വന്തം വിശദീകരണങ്ങള്‍ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാമെങ്കിലും ഇപ്പോഴുള്ള ഒരു വിഭാഗം യുവദമ്പതികള്‍ക്ക് കുട്ടികള്‍ വേണ്ടാ എന്ന തീരുമാനമാണ്, അതൊരു സാധാരണ കാര്യമായി മാറിക്കഴിഞ്ഞു. വിമര്‍ശിക്കാന്‍ സമുദായത്തിന് അവകാശമില്ല. അതവരുടെ തീരുമാനമാണ്.

1995 നവംബര്‍ മാസത്തില്‍ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ഒരു പ്രസവം നടന്നു. അഞ്ച് കുട്ടികളാണ് ആ പ്രസവത്തില്‍ ജനിച്ചത്. നാല് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും. പോത്തന്‍കോടിനടുത്തുള്ള നന്നാട്ട്കാവില്‍ താമസമാക്കിയ രമാദേവിയാണ് വാര്‍ത്തകളില്‍ നിറഞ്ഞ ഈ കുട്ടികള്‍ക്ക് ജന്മം കൊടുത്ത അമ്മ. അച്ഛന്‍ പ്രേംകുമാറും. ഒരു സാധാരണ കുടുംബമായിരുന്നു അവരുടേത്. രണ്ടുകയ്യും നീട്ടി ആ അച്ഛനമ്മമാര്‍ ആ കുരുന്നുകളെ സ്വാഗതം ചെയ്തു ജീവിതത്തിലേക്ക്. ഒരു കുഞ്ഞുപോലും ഭാരമെന്ന് വിചാരിക്കുന്നവരുടെ ഇടയിലേക്ക് എങ്ങനെ വളര്‍ത്തുമെന്നുപോലും അറിയാതെയാണ് അവര്‍ നിറഞ്ഞ മനസ്സോടെ ആ പൊന്നോമനകളെ വീട്ടിലേക്ക് കൊണ്ടുപോയത്. സ്വാമി അയ്യപ്പന്റെ നക്ഷത്രമായ 'ഉത്രം' ആയിരുന്നു അവരുടെ ജനനദിവസം. അതുകൊണ്ടുതന്നെ ഉത്രജ, ഉത്ര, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെ അവര്‍ക്ക് പേരിട്ടു.

ജനനം മുതല്‍ ദാ 2020 ല്‍ അതില്‍ മൂന്നുപേരുടെ വിവാഹം ഗുരുവായൂര്‍ നടയില്‍ വെച്ച് നടന്നതുവരെയുള്ള എല്ലാ വിവരങ്ങളും എത്ര ചെറിയ കാര്യമായാലും മീഡിയ വഴി കേരളത്തില്‍ എല്ലാവരും അറിയുന്നുണ്ടായിരുന്നു. 'പഞ്ചരത്‌നങ്ങള്‍' എന്ന ഓമനപ്പേരും ചാര്‍ത്തികൊടുത്തിരുന്നു.

ഇങ്ങനെയൊരു പ്രസവത്തില്‍ ജനിച്ചതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ ശക്തി തീരെ കുറവായിരുന്നു. എന്നും എന്തെങ്കിലുമൊക്കെ അസുഖം വരും. അവര്‍ക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു പ്രേംകുമാറിന്റെ ബിസിനസ് വലിയൊരു നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. അഞ്ച് ചെറിയ കുഞ്ഞുങ്ങളും ഭാര്യയും. പകച്ചപോയ പ്രേംകുമാര്‍ സ്വയം ജീവിതം അവസാനിപ്പിക്കുക എന്ന പരിഹാരമാണ് കണ്ടുപിടിച്ചത്. ആ ദുരന്തത്തിന് മുമ്പില്‍ രമാദേവിക്ക് ജീവിതം ഒരു വലിയ ചോദ്യചിഹ്നമായി. നല്ല ചില മനസ്സുകള്‍ ഒപ്പമെത്തി. ഹൃദയത്തിന് ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ടായിരുന്നു ആ അമ്മയ്ക്ക്. അന്നത്തെ ഗവണ്‍മെന്റ് പോത്തന്‍കോട് കോ.ഓപ്പറേറ്റീവ് ബാങ്കില്‍ ഒരു ജോലി തരമാക്കി കൊടുത്തു. ഒരു പ്രൈവറ്റ് സ്‌കൂളുകാര്‍ പന്ത്രണ്ടാംക്ലാസുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുത്തു. എല്ലാമറിയുന്ന ആ മക്കള്‍ അഞ്ചുപേരും കഷ്ടപ്പെട്ട് പഠിച്ച് ഉയര്‍ന്ന മാര്‍ക്കുകളോടെ പന്ത്രണ്ടാം ക്ലാസ് പാസായി. അമ്മയ്ക്ക് അങ്ങനെയൊരു വാഗ്ദാനവും അവര്‍ കൊടുത്തിരുന്നു. അതിനുശേഷമുള്ള വിദ്യാഭ്യാസത്തിനും എന്തെങ്കിലും തരത്തിലുള്ള പിന്‍തുണകള്‍ ഉണ്ടായിരുന്നിരിക്കാം. 

ഇപ്പോള്‍ ഉത്ര ഫാഷന്‍ ഡിസൈനര്‍, ഉത്തര  വെബ് ജേര്‍ണലിസ്റ്റ്, ഉത്രജയും ഉത്തമയും  അനസ്തീഷ്യ ടെക്‌നീഷ്യന്‍സ്, ഉത്രജന്‍  ബി.ബി.എ. ഗ്രാജുവേറ്റ്

പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞു. തത്തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ തന്നെ അവരുടെ കൈപിടിച്ചു. രണ്ടുപേര്‍ക്ക് വിദേശത്തുള്ള വരന്മാര്‍. പരസ്പരം പിരിയേണ്ടിവരുമെന്ന സങ്കടം മാത്രം അവര്‍ക്ക്. പ്രത്യേകിച്ച് അമ്മയേയും സഹോദരനേയും. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലുകളില്‍ താമസിച്ചപ്പോള്‍ പിരിഞ്ഞ് നിന്ന് ശീലമുണ്ട്.

ഇനി ഉത്രജന്റെ ഊഴം ബാക്കി! ആ അമ്മ നന്നായി ഒന്നുറങ്ങുന്നത് ഇപ്പോഴാവും! ആ അമ്മയുടെ ത്യാഗത്തെയും സേവനത്തെയും മാനിച്ച് എസ്.എന്‍.എസ്. (സമസ്ത കേരള നായര്‍ സമാജം) 'മാതൃശ്രീ' അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്. ഇതെല്ലാം കേരളത്തിലുള്ളവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍.

ഒരമ്മ എന്ന നിലയിലും ഒരു അമ്മൂമ്മ എന്ന നിലയിലും ചിലത് പറഞ്ഞോട്ടെ. വലിയ പ്രായവ്യത്യാസമില്ലാത്ത രണ്ട് മക്കളെ ഞാന്‍ വളര്‍ത്തി. കൊച്ചുമക്കള്‍ വളരുന്നത് കണ്ടു. രണ്ടുപേര്‍ എന്റെ കൂടെ തന്നെ ഉള്ളതിനാല്‍ അവരുടെ കാര്യത്തില്‍ എന്റെ പങ്കും തീര്‍ച്ചയായും ഉണ്ട്. ഞങ്ങള്‍ വളര്‍ത്തിയ ഒരു മകള്‍ (എന്റെ സഹോദരന്റെ മകള്‍) ഇപ്പോള്‍ മാസം തികയും മുന്‍പ് പ്രസവിച്ച ഇരട്ടക്കുട്ടികളെ വളര്‍ത്തുന്നത് കാണുന്നു. രമാദേവി അനുഭവിച്ച മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാഞ്ഞിട്ടും കുട്ടികളെ വളര്‍ത്തുന്നത് എത്ര ശ്രമകരമെന്ന് നന്നായി അറിയാം. എന്റെ മക്കള്‍ വളരുന്ന കാലത്ത് ഇപ്പോഴുള്ള Pampers  ഒന്നും ഉണ്ടായിരുന്നില്ല. അവര്‍ ഓരോ പ്രാവശ്യവും മൂത്രമൊഴിക്കുകയോ അപ്പിയിടുകയോ ഒക്കെ ചെയ്യുമ്പോള്‍ തുണികള്‍ മാറ്റിക്കൊണ്ടേയിരിക്കണം. വൈകുന്നേരമാകുമ്പോഴേയ്ക്ക് ഒരു ബക്കറ്റ് നിറയെ കഴുകാന്‍ തുണികളുണ്ടാവും. രമാദേവിയുടെ കാര്യത്തില്‍ എന്തായാലും അവര്‍ക്ക് അതൊന്നും വാങ്ങാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടായിരുന്നില്ല. 5 പേര്‍ ഞാനെഴുതിയപോലെ ചെയ്യുമ്പോള്‍ എന്തായിരിക്കും ആ അമ്മയുടെ സ്ഥിതി. അല്ലാതെ യൂണിഫോമും മറ്റ് വസ്ത്രങ്ങളും അതെല്ലാം വേറെ. അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഉറങ്ങിയിട്ടുണ്ടാവില്ല, കുട്ടികള്‍ തെല്ലൊന്നു വളരുന്നതുവരെ. ഒരാള്‍ ഉറങ്ങുമ്പോള്‍ അടുത്ത രണ്ടുപേര്‍ ചിലപ്പോള്‍ ഉണരും. 

സ്‌കൂളില്‍ വിടുന്നതും പഠിത്ത കാര്യങ്ങള്‍ നോക്കുന്നതും ഭക്ഷണം ഇത്രയും പേര്‍ക്ക് റെഡിയാക്കി കൊടുത്തയക്കുന്നതും എല്ലാം ഒന്നോര്‍ത്തുനോക്കൂ. ബാങ്കിലെ ജോലിക്ക് പോകണം. ഹൃദയത്തിന് തകരാറുണ്ട്. കൗതുകമുള്ള വാര്‍ത്തകള്‍ മാത്രം പുറംലോകമറിഞ്ഞു. അഭിനന്ദിച്ചു. ഇത്തരം കഷ്ടപ്പാടുകള്‍ ആരും ചിന്തിച്ചിട്ടുണ്ടാവില്ല. അതിനെല്ലാം ഈശ്വരന്‍ പ്രതിഫലം കൊടുത്തു എന്നത് സന്തോഷവും സംതൃപ്തിയും തരുന്ന കാര്യം തന്നെ. നമുക്ക് പോലും. ആ കുഞ്ഞുങ്ങളെ തേച്ചുമിനുക്കി അഞ്ച് രത്‌നങ്ങളായി തന്നെ കാലം ആ അമ്മയ്ക്ക് സമ്മാനിച്ചു. ആജീവനാന്ത നേട്ടത്തിന് (Life time achievement) ഉള്ള അംഗീകാരമായി!

-------------

ഒരു സാധാരണ വീട്ടമ്മയുടെ സാധാരണമല്ലാത്ത ഹൃദയം

ഒരു സാധാരണ വീട്ടമ്മയുടെ സാധാരണമല്ലാത്ത ഹൃദയത്തെക്കുറിച്ചാണ് ഈ കുറിപ്പ്. ഭര്‍ത്താവും നാല് മക്കളുമടങ്ങുന്ന കുടുംബം. ആ അമ്മയുടെ ഒരമ്മാവന്‍ പരാജയപ്പെട്ട ഒരു വിവാഹബന്ധത്തില്‍ നിന്ന് മോചിതനായി അവര്‍ക്കൊപ്പമുണ്ട്. ഒരു മിഡില്‍ ക്ലാസ് കുടുംബം. ഭര്‍ത്താവിന്റെ വരുമാനം കൊണ്ട് ആ അമ്മ ഭംഗിയായി കുടുംബം നടത്തുന്നു.

പണ്ടൊക്കെ നായര്‍ കുടുംബങ്ങളില്‍ ഒരു സ്ഥിരം പതിവായിരുന്നു മാറ്റക്കല്ല്യാണം. ഒരു വീട്ടില്‍ വിവാഹ പ്രായമായ ഒരു പെണ്ണും ചെറുക്കനുമുണ്ടെങ്കില്‍ അതേ പോലെ രണ്ടുപേരുള്ള വീട്ടില്‍ നിന്നും അങ്ങോട്ടുമിങ്ങോട്ടും ചെറുക്കനെയും പെണ്ണിനെയും വിവാഹത്തിന് തിരഞ്ഞെടുക്കും. അങ്ങനെ നടന്ന കല്ല്യാണമായിരുന്നു ഈ അമ്മയുടെ സഹോദരന്റേത്. അമ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയെത്തന്നെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. അവര്‍ക്കും നാല് മക്കള്‍. ആ നാത്തൂന്റെ അമ്മയും അവരുടെ കൂടെ. രണ്ടു കുടുംബങ്ങളും സന്തോഷമായി കഴിയുന്നതിനിടയില്‍ പെട്ടെന്നൊരു ദിവസം അമ്മയുടെ സഹോദരന്‍ ഈ ലോകം വിട്ടുപോകുന്നു. അമ്മ ഒന്നുമാലോചിച്ചില്ല, നേരെ പോയി 
അവരെയെല്ലാവരെയും സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കുട്ടികള്‍ എല്ലാവരും ശൈശവത്തിലും ബാല്യത്തിലുമൊക്കെയാണ് (രണ്ട് വീടുകളിലെയും). ആളുകള്‍ കൂടിയെങ്കിലും മറ്റൊന്നും അവിടെ കൂടുന്നില്ല എന്നും ഓര്‍ക്കണം! കുറച്ചു ദിവസം കഴിഞ്ഞപ്പോ നാത്തൂനും രണ്ട് കുട്ടികളും അവരുടെ അമ്മയേയും കൂട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങി. മൂത്ത രണ്ടുപേര്‍ (ഒരു മകളും ഒരു മകനും) ഇവിടെത്തന്നെ തങ്ങി. ഒന്‍പത് പാത്രങ്ങളില്‍ ആ അമ്മ ഒരേ പോലെ ഭക്ഷണം വിളമ്പി. സ്വന്തം മക്കള്‍ക്കൊപ്പം അവരെയും പഠിക്കാന്‍ വിട്ടു. ആ മകള്‍ക്ക് ഡാന്‍സില്‍ താല്പര്യമെന്നു കണ്ടപ്പോള്‍ അതും പഠിപ്പിച്ചു. ഇതിനിടെ തിരിച്ചുപോയവരുടെ കൂട്ടത്തില്‍ നിന്ന് ആ അമ്മ ഇങ്ങോട്ടു തന്നെ പോന്നു. അപ്പോ അംഗ സംഖ്യ 10. എല്ലാവരും വളര്‍ന്നുകൊണ്ടേയിരുന്നു. വിവാഹ പ്രായമായപ്പോള്‍ അമ്മ ആദ്യം ആങ്ങളയുടെ മകളെ യോജിച്ചൊരാളിന് വിവാഹം ചെയ്തുകൊടുത്തു. കൂടെ കൊണ്ടുപോന്ന മകനെയും പഠിപ്പിച്ച് വേറൊരു സഹോദരനോട് പറഞ്ഞ് ജോലിയും വാങ്ങിക്കൊടുത്തു.

ഇതിനിടെ അമ്മ കൂടെ കൂട്ടിയിരുന്ന അമ്മയുടെ അമ്മാവന്‍ ഒരു 'ഒളിച്ചോട്ടം' നടത്തി. അമ്മ നാനാദിക്കിലേക്കും അന്വേഷണത്തിന് ആളെ അയച്ചു. നിരാശായിരുന്നു ഫലം. നാളുകള്‍ കുറൊയപ്പോള്‍ നമ്മള്‍ സിനിമകളിലൊക്കെ കാണുമ്പോലെ തീര്‍ത്തും അവശനായൊരാള്‍ ആ പടി കടന്നുവന്നു. കാണാതായ അമ്മാവാനാണെന്ന് പറയണ്ടല്ലോ. സുഖമില്ലാതെയാണ് വന്നത്. രണ്ടോ മൂന്നോ ദിവസം പിന്നിട്ടിരിക്കും. ഒരു ദിവസം ആഹാരം കഴിച്ചിട്ട് തൊട്ടടുത്തിരുന്നിരുന്ന അനന്തിരവളുടെ മടിയിലേക്ക് കിടന്നു. അന്ത്യയാത്രയും പറഞ്ഞു! അന്വേഷിക്കാന്‍ ആളെ വിടേണ്ടാത്ത യാത്ര.

ഇതെല്ലാം നടക്കുന്നത് 1948-50 കളിലാണെന്നോര്‍ക്കണം. ഇന്നത്തെ തലമുറയ്ക്ക്  ഇതൊന്നും ഒരു കാര്യമായി തോന്നില്ല. ബന്ധങ്ങളുടെ വില തീരെയില്ലാതായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ജീവിക്കുന്നവരാണവര്‍. എത്ര ഉറ്റവര്‍ യാത്രപറഞ്ഞുപോയാലും അവിടെ വരെ പോയി (അതു തന്നെ ചെയ്താലായി) 'ആദരാഞ്ജലികള്‍' അര്‍പ്പിച്ച് തിരിച്ച് പോരും. പിന്നെ അവിടെ ശേഷിക്കുന്നവര്‍ എങ്ങനെ ജീവിക്കുന്നു എന്നത് അവരുടെ മാത്രം പ്രശ്‌നമാണ്. ഈ അവസ്ഥ ചിന്തിക്കുമ്പോഴാണ് അന്ന് ആ അമ്മ ചെയ്ത പ്രവര്‍ത്തിയുടെ മഹത്വം മനസ്സിലാകുന്നത്.

mother
രാജാമണിയമ്മ

'രാജാമണിയമ്മ' എന്ന അമ്മ മറ്റാരുമല്ല. എന്റെ മരുമകന്‍ രവിയുടെ അമ്മൂമ്മയാണ് (അമ്മയുടെ അമ്മ). എന്റെ മകള്‍ക്ക് വിവാഹം കഴിഞ്ഞ് കുട്ടികളുണ്ടാവാന്‍ സ്വല്‍പം വൈകി. അവളെ കണ്ടാലുടന്‍ വാത്സല്യത്തോടെ കൈപിടിച്ച് ആശ്വസിപ്പിക്കും. 'സാരമില്ല, സമയമാകുമ്പോള്‍ അതെല്ലാം ശരിയായിക്കോളും മോളേ'. ആ അനുഗ്രഹം അങ്ങനെ തന്നെ നടക്കുകയും ചെയ്തു. എന്റെ മകള്‍ ഇന്ന് ഒരു പതിമൂന്നുകാരിയുടെ അമ്മയാണ്. സംസ്‌കാരമില്ലാത്ത ഒരു വാക്കുപോലും ആ അമ്മയുടെ നാവില്‍നിന്നു വന്നു കണ്ടിട്ടില്ല.

അമ്മ വളര്‍ത്തിയ രണ്ട് മക്കളും അമ്മ പ്രസവിച്ച നാലുമക്കളും ഓരോ സ്ഥലങ്ങളില്‍ അവരുടെ മക്കളും ചെറുമക്കളും ഒക്കെയായി സുഖമായി സന്തോഷമായി കഴിയുന്നു. ഒരു സാധാരണ കുടുംബത്തിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ഇത്രയും അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് തീരെ എളുപ്പമല്ല. അതും ഇന്നുള്ള ആധുനിക സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത കാലം. അമ്മയുടെ ജീവിതപങ്കാളിയെ ഈയവസരത്തില്‍ ഓര്‍ക്കാതെ വയ്യ. അങ്ങനെയൊരു പിന്‍തുണയില്ലാതെ ഇത്രയും നന്നായി കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പറ്റുമായിരുന്നോ എന്നറിയില്ല. എങ്കിലും ആ മനസ്സിന്റെ നന്മയ്ക്കും നിശ്ചയദാര്‍ഢ്യത്തിനും മുമ്പില്‍ ഞാന്‍ നമസ്‌കരിക്കുന്നു. അമ്മ ഇപ്പോള്‍ ഈ ലോകത്തിലില്ലയെങ്കിലും.

Content Highlights: Raji Thambi coloum on Pancharatnangal's mother Ramadevi