ഹുമതികൾ ആദരിക്കപ്പെടുന്ന ചില അവസരങ്ങളുണ്ട്. അതിലൊന്നാണ് ചിത്രയ്ക്ക് ലഭിച്ച പത്മഭൂഷൺ. 101 ശതമാനം അർഹതയുള്ള ഒരാളിലേക്ക് അത് എത്തിച്ചേരുമ്പോഴുള്ള ആദരവ്. അവാർഡുകളായാലും പദ്മ പുരസ്കാരങ്ങളായാലും പ്രഖ്യാപനത്തിന്റെ പുറകേ വിവാദങ്ങളും ഉണ്ടാവും. 'അയ്യോ ഈ ആൾക്കോ-ഇവർക്കോ-എന്തിന് കൊടുത്തോ ആവോ- ഇങ്ങനെ- ഇങ്ങനെ.. 'എന്നാൽ ഈ ഒരു പത്മഭൂഷൺ പുരസ്കാരം തികഞ്ഞ അഭിമാനത്തോടെയാണ് ഓരോ മലയാളിയും നെഞ്ചിലേറ്റിയത്. നമ്മുടെ സ്വന്തം ചിത്രയ്ക്ക് അതായിരുന്നു എല്ലാവരുടെയും വികാരം. 

ചിത്രയെ ശാന്തമായ ഒരു കടലിനോട് ഉപമിക്കാനാണ് എനിക്കിഷ്ടം. എത്ര കോരിയെടുത്താലും തീരാത്ത കടൽ. പാട്ടിന്റെ മാത്രമല്ല, സ്നേഹത്തിന്റെ, വിനയത്തിന്റെ, കടപ്പാടിന്റെ, ​ഗുരുത്വത്തിന്റെ, ചിരിയുടെ അങ്ങനെ എല്ലാറ്റിന്റെയും വറ്റാത്ത കടൽ. പാട്ടിന്റെ മധുരിമ മാത്രമല്ല തീർച്ചയായും ഇത്രയധികം വർഷങ്ങൾ  ചിത്ര മലയാളിയുടെ മറ്റ് ഭാഷക്കാരുടെ ഹൃദയത്തിൽ ഇടംനേടിയത്. സുതാര്യമായ ആ വ്യക്തിത്വം. അതുകൂടിയാണ് ചിത്രയെ വ്യത്യസ്തയാക്കുന്നത്. അനുകരണീയമല്ലാത്ത സ്വഭാവത്തിനുടമ. ഈ കാലമത്രയും കൂടെനിന്നവരോ‌ടുള്ള നന്ദി, സം​ഗീതജീവിതത്തിന് വഴി തെളിച്ചവരോടുള്ള കടപ്പാട്-ഒരുനിമിഷം പോലും ചിത്ര അതുമറന്നു പെരുമാറിയിട്ടില്ല. 

റിക്കോർഡിങ്ങിനാവട്ടെ, സ്റ്റേജ് പ്രോ​ഗ്രാമുകൾക്കാവട്ടെ എത്രനന്നായി പാടിയാലും ചിത്രയ്ക്ക് തൃപ്തി വരില്ല. സ്റ്റേജ് പ്രോ​ഗ്രാമുള്ളപ്പോൾ ''എങ്ങനെയിരുന്നു മോളേ'' എന്ന് ചോദിച്ചാൽ ''തരക്കേടില്ലായിരുന്നു, ആ പാട്ട് തുടങ്ങിയപ്പോൾ ശരിയായില്ല, ഈ പാട്ട് ഇങ്ങനെയായിപ്പോയി''- എന്നൊക്കെയാവും മറുപടി. എല്ലാവരും ഇഷ്ടപ്പെട്ട ഒരു പരിപാടിയെക്കുറിച്ചാവും ഇതെന്നോർക്കണം. 'ഇന്ന് നന്നായിരുന്നു' എന്ന് ചിത്ര പറഞ്ഞെങ്കിൽ ​ഗംഭീരമായിരുന്നു എന്ന് നമ്മൾ കരുതിക്കോണം. 

chitra
കൊച്ചുമക്കൾ അവരുടെ ചിത്താപ്പുവിനൊപ്പം(ഫയൽചിത്രം)

നേ‌ടാനും അറിയാനും ഇനി എത്രയോ എന്ന തോന്നലാണ് എപ്പോഴും ആ കുട്ടിക്ക്. അഭിനന്ദനങ്ങളോ, പ്രശസ്തിയോ ഒന്നും ആ സ്വഭാവത്തിന് മാറ്റം വരുത്തിയിട്ടില്ല. കാലുകൾ ഭൂമിയിൽത്തന്നെ. 

ക്ലിഷെ ആയി മാറിയതാണെങ്കിലും പറയട്ടെ ഇത്രയും വേ​ഗത്തിൽ പുതിയ പാട്ടുപഠിക്കുന്ന ആരെയും എനിക്ക് കേട്ടറിവുപോലുമില്ല. ഒരുമണിക്കൂറിനകം പഠിച്ച് പാടിപ്പോയ ചരിത്രമുണ്ട്, ഞാൻ സാക്ഷിയാണ്. ‌‌‌

ചിത്രയെക്കുറിച്ച് ഞാൻ എന്തുപറഞ്ഞാലും വീട്ടിലെ സ്വന്തം കുട്ടിയെക്കുറിച്ച് എന്നപോലെയായിപ്പോവും. ജന്മം കൊടുക്കാത്ത മകളാണ് എനിക്ക് ചിത്ര. തിരിച്ചും അങ്ങനെ തന്നെ എന്ന് എത്രയോ വേദികളിൽ ചിത്ര പറഞ്ഞിട്ടുണ്ട്. ഞാൻ ഓർത്തോർത്ത് അഭിമാനിക്കുന്ന, ആഹ്ലാദിക്കുന്ന കാര്യം നമുക്ക് കിട്ടിയതിന്റെ വില മനസ്സിലാക്കാത്തത് ഒരു പാപമായിട്ടാണ് ഞാൻ കരുതുന്നത്. ചിത്രയെ ഒന്നു കാണാൻ, ഒരു വാക്കുമിണ്ടാൻ, കൂടെനിന്നൊരു ചിത്രമെടുക്കാൻ കാത്തിരിക്കുന്ന വിവിധ ഭാഷക്കാരായ പതിനായിരങ്ങളുള്ളപ്പോൾ വേണമെങ്കിൽ ഒന്നു വഴക്കുപറയാൻവണ്ണം സ്വാതന്ത്ര്യമുള്ള എന്റെ ഭാ​ഗ്യം ഞാൻ മനസ്സിലാക്കുന്നു. ഒരുപാടുപേരുണ്ട് എന്നോട് ശുപാർശയുമായി വരുന്നവർ. ''ഒന്നു കാണാൻ പറ്റുമോ ചേച്ചീ'' എന്ന്. കഴിഞ്ഞൊരുദിവസം ഞാൻ ചിത്രയോട് പറഞ്ഞു, ''മോളെ കാണിച്ചുകൊടുക്കാൻ ഞാൻ ഇനി കമ്മീഷൻ വാങ്ങാൻ പോകുന്നു''. ''ചേച്ചി വാങ്ങിച്ചോളൂ, കൊണ്ടുവരുന്നവരെ കാണാൻ ഞാൻ റെഡി''- ചിത്രയുടെ ചിരിയുത്തരം. ‌

എന്റെ മകൾക്ക് മരുമക്കൾക്ക് സ്വന്തം ചേച്ചി. മകൾക്ക് ചേട്ടത്തിയമ്മ കൂടിയാണ്. വിജയന്റെ കസിൻ ആണ് മരുമകൻ രവി. ചിത്രയുമായുള്ള ബന്ധത്തിന് പക്ഷേ വർഷങ്ങളുടെ പഴക്കമുണ്ട്. കൊച്ചുമക്കൾ ചിത്ര അപ്പച്ചീന്ന് വിളിക്കാൻ ശ്രമിച്ച് അവരുടെയെല്ലാം ചിത്താപ്പൂ ആയി. ഈ വീട്ടിലെ സുഖദുഃഖങ്ങളിലെല്ലാം ചിത്രയുണ്ടാവും. ചിത്രയുടെ സാന്നിധ്യമില്ലാത്ത ഒരു ചടങ്ങും ഇവിടെ നടന്നിട്ടില്ല. 

ഏതുപാതിരാത്രിയിൽ വിളിച്ചാലും റിയാലിറ്റി ഷോകളിലെ കുട്ടികൾക്കും അല്ലാതെ സം​ഗീതം പഠിക്കുന്ന കുട്ടികൾക്കും സംശയം തീർത്തുകൊടുക്കാനും വാത്സല്യം പകർന്നു കൊടുക്കാനും ചിത്രാമ്മയുണ്ട്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോയെന്നറിയില്ല മത്സരവേദികളിൽ പങ്കെടുക്കുന്ന കുട്ടികളോട് പാട്ടിനെക്കുറിച്ച് അഭിപ്രായങ്ങൾ പറയുമ്പോൾ ആ മുഖത്തെ സ്നേഹം, വാത്സല്യം... എത്രയോ കുട്ടികളെ സാമ്പത്തികമായി സഹായിക്കുന്നു. മാനസികവൈകല്യം ഉള്ള കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. സമയത്തിന്റെ വില ചിത്രയിൽ നിന്ന് പഠിക്കണം. ഒരുനിമിഷം പാഴാക്കുന്നത് ഞാൻ കണ്ടിട്ടില്ല. മടി എന്ന വാക്കിന്റെ അർഥംപോലും ആ കുട്ടിക്ക് അറിയാമെന്ന് തോന്നുന്നില്ല. 

2000-ഏപ്രിൽ 6ന് ചിത്രയും വിജയനും കൂടി ചെന്നൈ സാലി ​ഗ്രാമത്തിൽ തുടങ്ങിയ കൃഷ്ണാ ഡിജി ജിസൈൻ എന്ന റെക്കോഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനദിവസം എടുത്ത ചിത്രമാണ് ഇതിനൊപ്പമുള്ളത്. (ഈശ്വരതുല്യനായി ചിത്ര കാണുന്ന അച്ഛൻ ശ്രീകൃഷ്ണൻ നായരുട‌െ ഓർമയിലാണ് ആ പേര് സ്റ്റുഡിയോക്ക് ഇട്ടിരിക്കുന്നത്.) ഈ ഫോട്ടോ കണ്ടാലുടൻ വരും ചിത്രയുടെ പരിഭവം- ''അയ്യോ ചേച്ചി നിൽക്കുന്നു, ഞാനിരിക്കുന്നു എന്തിനാണീ ഫോട്ടോ കൊടുത്തത്'' എന്ന്, ആ ദിവസത്തിന്റെ ഓർമയ്ക്കാണീ ചിത്രം. ‌

ഇത്രയും വർഷത്തെ ഓർമകൾ, സംഭവങ്ങൾ, ഞങ്ങളുടെ ജീവിതത്തിലെ ദുഃഖങ്ങൾ, സ്നേഹകഥകൾ എല്ലാം പറയാനാണെങ്കിൽ അതുമൊരു കടലാണ്. ഇതൊരു ചെറിയ കുറിപ്പ്.. എന്റെ അഭിമാനത്തിന്റെ.. സന്തോഷത്തിന്റെ.. വാത്സല്യത്തിന്റെ..

പത്മവിഭൂഷൺ കിട്ടുമ്പോ എഴുതാൻ ബാക്കി വേണ്ട ? എന്റെ ചിത്രയ്ക്ക്.. !

Content Highlights: Raji Thambi about singer KS Chithra Padma Bhushan award