നാഥമന്ദിരത്തിലെ  വൈകുന്നേരം..
ഒരുമിച്ചിരുന്ന് ചായകുടിയ്ക്കുകയായിരുന്നു അവര്‍. എല്ലാവരും കൗമാരക്കാര്‍. കൂട്ടത്തിലൊരാളിന്റെ അമ്മ കാണാന്‍ വന്നത് കേട്ടതും അമ്പിളിയുടെ മുഖം വാടി. അവളങ്ങനെയാണ്. അതിനു കാരണം ചോദിച്ചാല്‍ അവള്‍ പറയും,'ഫോട്ടോ മാത്രമാണ് എനിക്കമ്മ,അമ്മയെ,ഞാന്‍ കണ്ടിട്ടില്ല,'''പിന്നെ വാവിട്ടു കരയും..

അമ്പിളി ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു, പ്രശസ്തമായ ഒരു സ്‌കൂളില്‍. പ്രത്യേക സാഹചര്യത്തിലുള്ള കുട്ടിയായതിനാല്‍ അവിടുത്തെ പഠനം സൗജന്യമാണ്, പഠനത്തില്‍ മിടുമടുക്കി..

അടുത്ത കൂട്ടുകാരോട് അമ്മയെ പറ്റി അവള്‍ പറയാറുണ്ട്. കേരളത്തെ ഇളക്കി മറിച്ച ഒരു പീഡനക്കേസിലെ ഇരയായിരുന്നു അവളുടെ അമ്മ.

'എന്റമ്മ നന്നായി പാടുമായിരുന്നു,ഡാന്‍സ് ചെയ്യുമായിരുന്നു.. കൂലിപ്പണിക്കാരനാണ് അപ്പൂപ്പന്‍.
പാവങ്ങളായിട്ടും വീട്ടുകാര്‍ അമ്മയെ ഡാന്‍സൊക്കെ പഠിപ്പിച്ചു, പക്ഷേ...അമ്മ ചതിക്കപ്പെടുകയായിരുന്നു.''

സിനിമയില്‍ ചാന്‍സ് നല്‍കാം, മോഡലാക്കാം എന്നൊക്കെപ്പറഞ്ഞാണ് അയാള്‍ കബളിപ്പിച്ചത്. വീട്ടുകാര്‍ക്ക് അമ്മയെപ്പറ്റി വലിയ പ്രതീക്ഷയായിരുന്നു.''

അവള്‍ രക്ഷപ്പെട്ടാല്‍ തങ്ങളുടെ ദാരിദ്ര്യം മാറുമെന്നവര്‍ സ്വപ്നം കണ്ടു. സ്‌ക്രീനിംഗ് എന്നൊക്കെപ്പറഞ്ഞ് അവളെ പലയിടത്തും കൊണ്ടുപോയി, പലരെ പരിചയപ്പെടുത്തി. ഷോര്‍ട്ട്ഫിലിമിന്റെ പേരില്‍ എന്തൊക്കെയോ ഷൂട്ട് ചെയ്തു. അതിനിടയില്‍ പലതും സംഭവിച്ചു... ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞപ്പോഴേക്കും വൈകിപ്പോയി. നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും കാര്യങ്ങല്‍ അറിഞ്ഞു. ആകെ നാണംകേടായി.

പ്രസവിച്ചതിനടുത്ത ദിവസം അവള്‍ കുഞ്ഞിനെ ഏറെനേരം നോക്കിക്കിടന്നിട്ട് അമ്മയോടു പറഞ്ഞു. 'ഒന്നുമറിയാത്ത ഈ കുഞ്ഞ് എന്തു പിഴച്ചു, തെറ്റുകാരി ഞാനാ, അമ്മയും അച്ഛനും എന്നെ ശപിക്കരുത്. മോള് വലുതാവുമ്പോള്‍ അമ്മ അവളോടു പറയണം, എനിക്കു പറ്റിയതു പോലെ അവള്‍ക്കു പറ്റരുതെന്ന്,ഒരാളേം കണ്ണടച്ച് വിശ്വസിക്കരുതെന്ന്..'അമ്മയ്ക്ക് പന്തികേടു തോന്നി, അവരും കരഞ്ഞുപോയി. പിഴച്ചു പ്രസവിച്ച മകള്‍, വീടിനുണ്ടായ നാണക്കേട്..അയല്‍ക്കാരുടെ പരിഹാസച്ചിരി, മരണവീടിനു തുല്യമായിരുന്നു അന്നൊക്കെ  വീടിന്റെ അവസ്ഥ. എന്നിട്ടും ആ അമ്മ മകളെ ശാസിച്ചില്ല, പക്ഷേ സ്വയം കുറ്റപ്പെടുത്തി.
'എന്റെ തെറ്റാണ് മോളെ ,ഞാനായിരുന്നു നിന്നെ ശ്രദ്ധിക്കേണ്ടത്, പ്രായമായ പെണ്‍കുട്ടിയുടെ മേല്‍ എപ്പോഴും ഒരു കണ്ണുവേണമെന്ന് അമ്മയാണ് മറന്നത്.'ഇതൊക്കെ ഞാന്‍ വളര്‍ന്നപ്പോള്‍  മുത്തശ്ശി തന്നെയാണ് എന്നോട് പറഞ്ഞത്.

അതിനടുത്ത ദിവസം പുലര്‍ച്ചെ മുത്തശ്ശി കാണുന്നത് കഴുക്കോലില്‍ തൂങ്ങിയാടുന്ന എന്റമ്മയെ..'പാലില്‍ തിരി നനച്ചാണത്രേ, മുത്തശ്ശി എന്റെ നാവില്‍ വച്ച് കരച്ചില്‍ നിര്‍ത്തിയത്. നാട്ടുകാരും അയല്‍ക്കാരും എന്നെക്കാണുമ്പോള്‍ കുത്തുവാക്കു പറയുന്നത് കേട്ട് മടുത്ത മുത്തശ്ശിയാണ് ആ ചുറ്റുവട്ടത്തുനിന്ന് എന്നെ  അനാഥര്‍ക്കുള്ള സ്ഥാപനത്തിലേക്കു മാറ്റിയത്.'

പീഡനവും അതിന്റെ തെളിവുകളും അവളുടെ മരണത്തോടെ കുഴിച്ചുമൂടപ്പെട്ടു. അവളുടെ അനുഭവം കേട്ടിരുന്ന കൂട്ടുകാരും നിശബ്ദരായി.പലവിധത്തില്‍ ജീവിതത്തില്‍  മുറിവേറ്റവരാണവരും .അവരവളെ കെട്ടിപ്പിടിച്ചു,ആ സ്‌നേഹക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു, 'വിശ്വസിക്കരുത്,ആരെയും വിശ്വസിക്കരുത്, ചതിക്കപ്പെടും,നമ്മളൊക്കെ പാവങ്ങളാ.'ആരുടെയും പേര് പുറത്തുവന്നില്ല.അവളുടെ മരണത്തോടെ പ്രതികള്‍  രക്ഷപ്പെട്ടു.

വീട്ടിലേക്ക് പോകാന്‍ അമ്പിളിക്ക് ഇഷ്ടമല്ല, അവളുടെ സാന്നിദ്ധ്യം മുത്തശ്ശിയുടെയും മുത്തശ്ശന്റെയും  ഓര്‍മകളെ കുത്തിയിളക്കും. ഭിത്തിയില്‍ വച്ചിരിക്കുന്ന വലിയ ഫോട്ടോയില്‍ നോക്കി മുത്തശ്ശി പറയും അവളുണ്ടായിരുന്നെങ്കില്‍ ഈ മകരത്തില്‍ 31 വയസ്സ് തികയുമായിരുന്നു.' അയല്‍ക്കാരും നാട്ടുകാരും അവളെ കണ്ടാലുടന്‍ പറയും 'അമ്മയേപ്പോലെ കാണാന്‍ മിടുക്കിയാ പെണ്ണ്''അതോടെ അവള്‍ നിശബ്ദയാവും. അത് പരിഹാസമാണോ അഭിനന്ദനമാണോ എന്ന് അവള്‍ക്ക് തിരിച്ചറിയാനാവുന്നില്ല..

മുത്തശ്ശി അവള്‍ക്കു ചുറ്റും ആധിയോടെ സദാ റോന്തു ചുറ്റും,'ഇനി ഒരു ദുരന്തംകൂടി താങ്ങാന്‍ കെല്‍പ്പില്ലെന്ന് ഇടയ്ക്കിടെ പറയും. എല്ലാ വേദനകളും ഉള്ളിലൊതുക്കി അമ്പിളി കൂട്ടുകാരോട് ഉറപ്പോടെ പറഞ്ഞു,''എനിക്കു പഠിച്ച് ഐ.പി.എസ് കാരിയാകണം, എന്നിട്ട് പാവപ്പെട്ട പെണ്ണുങ്ങളെ ചതിച്ചിട്ട് രക്ഷപ്പെടുന്ന എല്ലാവരേം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. എന്റമ്മയെ ചതിച്ചിട്ട് രക്ഷപ്പെട്ടപോലെ ഒരാളും രക്ഷപ്പെടരുത്. അമ്മയ്ക്ക് ഞാന്‍ കൊടുക്കുന്ന വാക്കാ അത്'. ചതിക്കുഴിയില്‍ വീണതിന്റെ ബാക്കിപത്രമാണ് താനെന്ന വലിയ തിരിച്ചറിവിനെ എന്തും നേരിടാനുള്ള ആത്മധൈര്യമായി വളര്‍ത്തെടുക്കുകയാണവള്‍.

Content Highlights:The life of the girl who wants to rise from suffering